Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവനിരയിൽ ചുവടുറപ്പിക്കാൻ മല്ലുസിംഗുമായി ഉണ്ണി മുകുന്ദൻ

യുവനിരയിൽ ചുവടുറപ്പിക്കാൻ മല്ലുസിംഗുമായി ഉണ്ണി മുകുന്ദൻ

ലയാള സിനിമ സൂപ്പർതാരങ്ങളുടെ പരിവേഷത്തിൽ നിന്ന് അകന്നുതുടങ്ങുകയാണ്. സിനിമ സ്വപ്നം കാണുകയും വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്ന യുവാക്കളുടെ കടന്നുവരവ് മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു. വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ യുവതാരങ്ങൾ ഇന്ന് മലയാളസിനിമയ്ക്ക് വാഗ്ദാനമാവുമ്പോൾ ആ നിരയിലേക്ക് ഒരാൾ കൂടിയെത്തുകയാണ്. അഭിനയിച്ച നാലു സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങൾക്ക് അഭിനയമികവു കൊണ്ട് പൂർണതയുടെ വേഷപ്പകർച്ച നൽകിയ ഉണ്ണിമുകുന്ദനാണ് ആ താരം. ശീടൻ, ബോംബെ മാർച്ച് 12, ബാങ്കോക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച ഉണ്ണിമുകുന്ദൻ നായകനാകുന്ന മല്ലുസിംഗും ഏഴാം സൂര്യനും മേയ് മാസത്തിൽ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ആദ്യചിത്രമായ നന്ദനത്തിന്റെ തമിഴ്പതിപ്പായ ശീടനിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് തുടക്കമിട്ട ഉണ്ണിമുകുന്ദനെ മല്ലുസിംഗിൽ പൃഥ്വിരാജിനുവേണ്ടി തയ്യാറാക്കിയ കഥാപാത്രം തേടിയെത്തിയത് യാദൃശ്ചികം. ഉണ്ണി മുകുന്ദൻ സംസാരിക്കുന്നു.

  • മല്ലുസിംഗിന്റെ വിശേഷങ്ങൾ

പഞ്ചാബിന്റെ പശ്ചാത്തലത്തിൽ സേതുവിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് മല്ലുസിങ്. നാടുവിട്ടുപോയ കസിനായ ഹരിയെ തേടിയെത്തുന്ന ചാക്കോച്ചന്റെ കഥാപാത്രം ഞാൻ അവതരിപ്പിക്കുന്ന ഹരീന്ദർസിംഗിനെ കണ്ടുമുട്ടുന്നതും അത് ഹരിയാണോ എന്ന് തിരിച്ചറിയുന്നതിനു നടത്തുന്ന അനേ്വഷണങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ബിജുമേനോൻ, മനോജ് കെ.ജയൻ, സംവൃതാ സുനിൽ, മീരാനന്ദൻ, അപർണ, രൂപാസിങ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പൃഥ്വിരാജിനെ ആയിരുന്നു ആദ്യം ചിത്രത്തിലേക്ക് നിശ്ചയിച്ചിരുന്നത്. സംവിധായകൻ വൈശാഖ് ആ റോളിലേക്ക് വിളിച്ചപ്പോൾ കിട്ടിയ അവസരം എത്രയും നന്നായി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ബിജുമേനോൻ, മനോജ് കെ.ജയൻ, ചാക്കോച്ചൻ തുടങ്ങിയവരുടെ ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയുണ്ടായിരുന്നു. ടേക്ക് കൂടുതൽ എടുക്കുമ്പോഴും ക്ഷമയോടെ നല്ല ഷോട്ട് വരുന്നതിനു വേണ്ടി കാത്തിരിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരനുണ്ടാവുന്ന ടെൻഷനുകൾ ഒഴിവായി കിട്ടാൻ ഇത് സഹായിച്ചു.

പഞ്ചാബിൽ 45 ദിവസത്തെ ഷൂട്ടിംഗായിരുന്നു. പട്യാല, ചണ്ഡീഗഡ്, അമൃത്സർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. എന്റെ വേഷം കണ്ട് പല പഞ്ചാബികളും തെറ്റിദ്ധരിച്ചത് മലയാള സിനിമയിൽ ഏതോ പഞ്ചാബി അഭിനയിക്കുന്നുവെന്നാണ്. പഞ്ചാബിലെ രണ്ട് മാസം പുതിയ അനുഭവങ്ങളാണ് തന്നത്. വളരെ ആത്മാർഥതയുള്ള കൃത്യനിഷ്ഠ പാലിക്കുന്നവരാണ് പഞ്ചാബികൾ. തങ്ങളുടെ വികാരങ്ങൾ അങ്ങേയറ്റത്തെ തലത്തിൽ അവർ പ്രകടിപ്പിക്കുകയും ചെയ്യും. പഞ്ചാബിന്റെ സൗന്ദര്യം സിനിമയിൽ കാണാനാകും. ഒരു ഹീറോ പരിവേഷമുള്ള കഥാപാത്രം മല്ലുസിംഗിലാണ് ലഭിക്കുന്നത്. ആൻ മെഗാ മീഡിയ നിർമിക്കുന്ന ചിത്രം മെയ് 3 ന് തീയേറ്ററുകളിലെത്തും.

  • ഏഴാം സൂര്യന്റെ വിശേഷങ്ങൾ

മല്ലുസിംഗിന്റെ റിലീസിനുശേഷമാവും ഏഴാം സൂര്യൻ തീയേറ്ററുകളിലെത്തുക. ഒരു അച്ഛന്റെയും മകന്റെയും കഥപറയുന്ന സസ്‌പെൻസും ദുരൂഹതയും നിറഞ്ഞ ചിത്രമാണ് ഏഴാംസൂര്യൻ. ജ്ഞാനശീലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രഭാനു പുതിയ തലമുറയുടെ പ്രതിനിധിയാണ്. സായികുമാറാണ് ചിത്രഭാനുവിന്റെ അച്ഛൻ വാഴക്കോട് ഉണ്ണിനാരായണപണിക്കരായി വേഷമിടുന്നത്.

  • സംവിധായകനാവാനെത്തിയ ഉണ്ണി അഭിനേതാവായത്

തൃശൂർ വില്ലടത്തായിരുന്നു കുടുംബം. അച്ഛൻ ബിസിനസ്സ് രംഗത്തായിരുന്നു. നാട്ടിൽ വലിയ മെച്ചമൊന്നുമില്ലാതായതോടെ അഹമ്മദാബാദിലേക്ക് താമസമായി. പഠിച്ചതും വളർന്നതും അഹമ്മദാബാദിലായിരുന്നു. പ്രഗതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠനം. കോളേജ് വിദ്യാഭ്യാസം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നും. അതിനുശേഷം ബി.പി.ഒ ഇൻഡസ്ട്രിയിൽ ജോലി നോക്കുമ്പോഴാണ് സിനിമയെന്ന ലക്ഷ്യത്തിലേക്കു യാത്ര തുടങ്ങിയത്. 19-ാം വയസ്സിൽ സിനിമ എന്ന ലക്ഷ്യവുമായി കേരളത്തിലേക്കു വണ്ടി കയറി. സൂര്യ ടിവിയിലെ സെൻസേഷൻ എന്ന പരിപാടിയാണ് വഴിത്തിരിവായത്. 146-ാം എപ്പിസോഡിൽ മോഡൽ ഓഫ് ദി വീക്കായിരുന്നു. അത് കണ്ട ലോഹിതദാസ് സാർ മാസങ്ങൾ കഴിഞ്ഞ് ബന്ധപ്പെടുകയായിരുന്നു. സംവിധാന സ്വപ്നവും മനസിൽ പേറിയാണ് അദ്ദേഹത്തോടൊപ്പം കൂടിയത്. ഒന്നരവർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞാൻ സിനിമ പഠിക്കാനാണ് എത്തിയതെങ്കിൽ ലോഹിതദാസ് സാറിന്റെ കണക്കുകൂട്ടൽ വേറെയായിരുന്നു. നിനക്ക് അഭിനയം വഴങ്ങുമെന്നും ചെയ്യാൻ പോകുന്ന ഭീഷ്മർ എന്ന സിനിമയിൽ അഭിനയിക്കണമെന്നും പറഞ്ഞു. സിനിമയിൽ എന്തെങ്കിലും ആകാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ടാക്കി തന്നത് ലോഹിതദാസ് ആണ്. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിൽ തുടക്കം കുറിക്കാനുള്ള ഭാഗ്യമുണ്ടായില്ല. നന്ദനത്തിന്റെ തമിഴ് റീമേക്കായ ശീടൻ ആയിരുന്നു ആദ്യചിത്രം.

  • അഭിനയജീവിതത്തിൽ വഴിത്തിരിവായത്

ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ബോംബെ മാർച്ച് 12ൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനായതാണ്. സിനിമയിലെ ഷാജഹാൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെപോലൊരു നടനോടൊപ്പം അഭിനയിച്ചു എന്നതും പ്ലസ് പോയിന്റായി. അഭിനയത്തെ ഗൗരവത്തോടെ സമീപിക്കുന്ന അച്ചടക്കം പുലർത്തുന്ന മികവുറ്റ നടനാണ് അദ്ദേഹം. ഒരു നല്ല സുഹൃത്തിനെ പോലെയാണ് അദ്ദേഹം പെരുമാറിയത്. ടെൻഷനില്ലാതെ ഷാജഹാനെ അവതരിപ്പിക്കാൻ പറ്റിയത് അതിനാലാണ്. നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മറ്റുള്ളവരോട് നല്ല പയ്യനാണെന്ന് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെയാണ് മല്ലുസിങ് പോലുള്ള നല്ല പ്രോജക്ടുകൾ ലഭിക്കാൻ കാരണമെന്ന് കരുതുന്നു.

  • ക്യാരക്ടർ റോൾ, വില്ലൻ, ഹീറോ

ശീടനിൽ വളരെ സോഫ്റ്റായ കഥാപാത്രമായിരുന്നു. ബാങ്കോക്ക് സമ്മറിൽ വില്ലൻ വേഷമായിരുന്നു. ബോംബെ മാർച്ച് 12ലും തത്സമയം പെൺകുട്ടിയിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു. മല്ലുസിംഗിലും ഏഴാം സൂര്യനിലും ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളാണ് എന്നതിൽ സന്തോഷമുണ്ട്. അഭിനേതാവെന്ന നിലയിൽ ഏതു വേഷവും തന്നാലും ചെയ്യാൻ കഴിയണം. നിർമാതാവിന് ഒരു മിനിമം ഗ്യാരന്റി നൽകാൻ കഴിയുന്ന നടനാവണം

  • ക്രിക്കറ്റ്

കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കൂടെയുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ സ്ഥിരമായി കളിക്കുമായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവസരം ലഭിച്ചത് ഭാഗ്യമായി. ബോംബെ മാർച്ച് 12ൽ മമ്മൂട്ടിയെ അടുത്തറിയാനായെങ്കിൽ ക്രിക്കറ്റ് ലീഗിൽ ലാലേട്ടനൊപ്പം അവസരം ലഭിച്ചു.

  • ഉണ്ണികൃഷ്ണൻ മുകുന്ദൻ ഉണ്ണി മുകുന്ദനായപ്പോൾ

വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. ജീവിതശൈലി മാറുന്നത് തിരിച്ചറിയുന്നുണ്ട്. പണ്ടത്തെപ്പോലെ സിമ്പിൾ പയ്യൻ തന്നെയാണിപ്പോഴും. സിനിമ ഒരു പ്രൊഫഷനാണ്. അതിൽ നന്നായി പ്രവർത്തിക്കുക എന്നതാണ്. മുമ്പുണ്ടായിരുന്ന ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കൾ, അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം ഇതാണ്. നമ്മുടെ ലോകം. ഇന്ന് ഞാൻ സിനിമയിലെത്തിയെന്നറിഞ്ഞപ്പോൾ സ്‌കൂളിലും കോളേജിലും പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക് ആശ്ചര്യമായിരുന്നു. ഒരു നാണം കുണുങ്ങിയായിട്ടായിരുന്നു അവർ എന്നെ കണ്ടിരുന്നത്. വല്ല സി.എക്കോ എം.ബി.എക്കോ പോകുമെന്നായിരുന്നു എല്ലാവരുടെയും ധാരണ.

  • വിനോദങ്ങൾ

ആരോഗ്യസംരക്ഷണവും കവിതയെഴുത്തും. പത്താം ക്ലാസ് മുതൽ ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള കലാപരിപാടികൾ തുടങ്ങിയിരുന്നു. ശരീരം സംരക്ഷിക്കുന്നതിനുവേണ്ട വ്യായാമങ്ങൾക്കായി സമയം നീക്കിവയ്ക്കുന്നുണ്ട്.

സംഗീതവും സിനിമയും ഇഷ്ടമാണ്. ഇംഗ്ലീഷ് കവിതകൾ എഴുതുന്ന ശീലം പണ്ടേയുണ്ട്. 33 എണ്ണം എഴുതിവച്ചിട്ടുണ്ട്. കുറെയേറെ എഴുതിയശേഷം ഭേദപ്പെട്ടത് എന്ന് തോന്നുന്നവ തിരഞ്ഞെടുത്ത് പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹമുണ്ട്.

  • സംവിധായക സ്വപ്നം

സംവിധാനമുണ്ടാവും. നല്ലൊരു അഭിനേതാവിന് നല്ലൊരു സംവിധായകനാകാൻ കഴിയും. ഭാവിയിൽ നടനെനെ്ന നിലയിൽ വിജയിച്ചാൽ സംവിധാനരംഗത്ത് തീർച്ചയായും ഒരു കൈനോക്കും.

  • കുടുംബം

അച്ഛൻ മുകുന്ദൻ, അമ്മ റോജി മുകുന്ദൻ, സഹോദരി കാർത്തിക മുകുന്ദൻ, സഹോദരീ ഭർത്താവ് ഉമേഷ്, മകൾ അക്ഷര.

  • പുതിയ പ്രോജക്ടുകൾ

എം.പത്മകുമാറിന്റെ പാതിരാമണൽ.

കടപ്പാട് ജന്മഭൂമി വാരന്ത്യപതിപ്പ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP