Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ കല്യാണം കഴിഞ്ഞപ്പോൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്വഭാവം മാറി; മനസ് തുറന്ന് സുഹാസിനി

എന്റെ കല്യാണം കഴിഞ്ഞപ്പോൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്വഭാവം മാറി; മനസ് തുറന്ന് സുഹാസിനി

രു കാലത്ത് മലയാളി സിനിമയിൽ വശ്യമായ ചിരിയിൽ, തനി നാട്ടിൻപുറത്തുകാരിക്കുട്ടിയായി നിറഞ്ഞുനിന്ന സുഹാസിനിയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. ഇന്ന് ഈ സുന്ദരി സംവിധായികയും ഛായാഗ്രാഹകയും അവതാരകയും സാമൂഹ്യപ്രവർത്തകയും എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിറസാന്നിധ്യമാണ്. കൃത്യമായ വീക്ഷണങ്ങളും അഭിപ്രായവും തുറന്നു പറയാൻ ഇവർക്ക് യാതൊരു മടിയുമില്ല. മലയാളത്തെ ഏറെ സ്‌നേഹിക്കുന്ന സുഹാസിനി ജീവിതത്തെ കുറിച്ചും സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ചും കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

  • ഒരു മലയാളി സ്ത്രീയെ തന്നെയാണ് സുഹാസിനി?

അടിസ്ഥാനപരമായി ഞാനൊരു നാടൻ പെൺകുട്ടിയാണ്. തമിഴ്‌നാട്ടുകാരിയായ എന്നെ പലരും മലയാളിയായി തെറ്റിദ്ധരിക്കാറുണ്ട്. 1990 കളിൽ നടന്ന ഒരു സംഭവം പറയാം. ഞാൻ വിമാനത്തിൽ യാത്ര ചെയ്യുകയാണ്. അടുത്തിരുന്നയാൾ കുറെ നേരം എന്നെ നോക്കി. പിന്നീട് ചോദിച്ചു രാജൻ നായരുടെ മോളല്ലേ. ഞാൻ അല്ലെന്നു പറഞ്ഞു. അപ്പോ കുറുപ്പിന്റെ അനിയത്തിയാണോ എന്നായി അടുത്ത ചോദ്യം. ഒടുവിൽ ഞാൻ പറഞ്ഞു ചേട്ടാ ഞാൻ സുഹാസിനിയാണ്. സിനിമാ നടിയാണ്, ചാരുഹാസന്റെ മോളാണ് എന്നൊക്കെ. അപ്പോൾ അയാൾ പറഞ്ഞു. ഞാൻ സിനിമയൊന്നും കാണാറില്ല. പക്ഷെ, എന്റെ നാട്ടിലെ കുട്ടിയെപ്പോലെ തോന്നിയെന്ന്.

  • പ്രായത്തെ വെല്ലുന്നുണ്ട് സൗന്ദര്യം. എന്താണ് അതിന്റെ രഹസ്യം?

സൗന്ദര്യം കാണുന്നവരുടെ കണ്ണിലാണെന്നാണ് എന്റെ വിശ്വാസം. മലയാളികൾക്ക് എന്ന വളരെ ഇഷ്ടമായതിനാൽ ഞാനെപ്പോഴും സുന്ദരിയാണെന്നാണ് അവർ പറയുക. പിന്നെ പാരമ്പര്യം. എന്റെ അച്ഛനും അമ്മയും വളരെ സൗന്ദര്യമുള്ളവരായിരുന്നു. അനിയത്തിയും സുന്ദരിയാണ്. പക്ഷെ, അവൾക്കിപ്പോൾ പ്രായം തോന്നിക്കുന്നുണ്ട്. പിന്നെ, എന്റെ മനസ് വളരെ ചെറുപ്പമാണ്. പ്രായം ജസ്റ്റ് എ നമ്പർ. 50 എത്തിയെങ്കിലും ഞാൻ യംഗ് ആണ്.

  • 50 വയസായിട്ടും സുഹാസിനിയുടെ സൗന്ദര്യം നേരെ ഇരട്ടിക്കുകയാണല്ലോ?

അതിനു പിന്നിൽ ഡയറ്റ് കൺട്രോളും ചിട്ടയായ വ്യായാമവുമാണ്. 39-ാമത്തെ വയസിലാണ് ഞാൻ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ബോധവതിയാകുന്നത്. ജീവിതത്തിൽ ഒരു ഡിസിപ്‌ളിൻ വേണമെന്നെനെിക്ക് തോന്നി. ഞാനൊരു പേഴ്‌സണൽ ട്രെയിനറെ വച്ചു. അവർ നമ്മെ ഒരു ഡോക്ടറെ പോലെ നോക്കും. അവരുടെ നിർദ്ദേശപ്രകാരം യോഗ പരിശീലിച്ചു. ഡയറ്റ് കൺട്രോൾ ചെയ്തു. ഇപ്പോൾ പോലും ഞാൻ ഏഴുദിവസത്തെ ലമൺ ഡയറ്റിലാണ്. പിന്നെ ദിവസേന വ്യായാമവും സുംബ ഡാൻസും.

  • സുംബ ഡാൻസോ?

അതെ, ട്രെഡീഷണൽ സൽസ, മിരാൻഗ്വ നൃത്തങ്ങൾ കൂട്ടിച്ചേർത്തുള്ള നൃത്തരീതിയാണത്. അതിവേഗത്തിലും താളത്തിലുമുള്ള സംഗീതത്തിനുസരിച്ച് എയറോബിക്‌സ് ചെയ്യുന്നതുപോലെയാണ്. ഇതിലെ ഓരോ ചലനവും ഗംഭീരമാണ്. ചെന്നൈയിലെ സുംബ ഡാൻസ് ക്‌ളാസിൽ ഒത്തിരി പ്രമുഖർ വരുന്നുണ്ട്. നടികളായ ശാലിനി, ശാമിലി, ജ്യോതിക, ഐശ്വര്യ ധനുഷ്, വിജയ് യേശുദാസിന്റെ ഭാര്യ ദർശന, പൂർണിമ. അങ്ങനെ ഒത്തിരിപ്പേർ.

  • ഒട്ടേറെ ഭാഷകളിൽ അഭിനയിച്ചല്ലോ? ഇഷ്ടഭാഷയേതാണ്?

എനിക്കറിയാവുന്ന നാലുഭാഷകളിൽ ഏറ്റവും പ്രിയം മലയാളത്തോടാണ്. എന്റെ ഹൃദയത്തിൽ മലയാളികൾക്ക് ഒരു പ്രത്യേക ഇടമുണ്ട്. തമിഴ്‌നാട്ടിലെ അയ്യങ്കാർ കുടുംബത്തിൽ ജനിച്ച നാടൻ പെൺകുട്ടിയാണ് ഞാൻ. 16#ാ#ം വയസിലാണ് ഞാൻ ഇംഗ്‌ളീഷ് പഠിക്കുന്നത്. പക്ഷെ, 19-ാം വയസിൽ മലയാളം വായിച്ചു തുടങ്ങി. ഭചർച്ച തീരുന്നില്ലന' എന്നതാണ് മലയാളത്തിൽ ഞാൻ വായിച്ച ആദ്യ വാക്ക്.

  •  മലയാള സിനിമയോട് ഇത്ര പ്രിയം തോന്നാൻ കാരണമെന്താണ്?

തമിഴാണ് എന്റെ ശക്തിയെങ്കിലും കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം എന്നിവ ഏറെ ആകർഷിച്ചിട്ടുണ്ട്. ഇവിടെ സിനിമയോളം വലുതാണ് പ്രേക്ഷകരും. എന്റെ സ്വഭാവത്തിനിണങ്ങിയ വേഷങ്ങളാണ് മലയാള സിനിമ നൽകിയിട്ടുള്ളത്. അന്യഭാഷാ സിനിമകളിൽ സംവിധായകർ പറയുന്നതുപോലെ അഭിനയിക്കുകയായിരുന്നു. എന്നാൽ ഇവിടെ ഞാൻ പെരുമാറുകയായിരുന്നു. അത്ര സ്വാഭാവികമായിരുന്നു കാര്യങ്ങൾ. ഇവിടെ ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. എല്ലാവരും ഇന്റെല്ലെക്ചുവൽ  ആണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എന്റെ മകൻ കേരളത്തിലെ മന്ത്രിമാർ പങ്കെടുത്ത ഒരു പരിപാടിക്ക് പോയി. അന്നവർ ഞങ്ങൾ സുഹാസിനിയുടെ ആരാധകരാണെന്ന് അവനോട് പറഞ്ഞു. അവന് എന്നോട് ബഹുമാനം തോന്നിയ നിമിഷമായിരുന്നു അത്. മലയാള സിനിമയാണ് എനിക്കത് നേടി തന്നത്. എന്റെ ീെരരലളൈൗഹ രമൃലലൃ തെലുങ്കിലാണ്. എങ്കിലും ഞാൻ സിനിമ പഠിച്ചതും അഭിനയിക്കാൻ പഠിച്ചതും മലയാളത്തിലാണ്. പക്ഷേ, തിരിച്ചു കൊടുക്കാൻ കഴിഞ്ഞത് തമിഴ് ഇൻസസ്ട്രിക്കാണ്.

  • കളിമണ്ണിലെ വേഷത്തെക്കുറിച്ച്?

നീണ്ട ഇടവേളയ്ക്കുശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നത്. കളിമണ്ണ് നല്ല സിനിമയാണ്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിക്കുന്നത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് കേട്ടിരുന്നെങ്കിലും ഭകളിമണ്ണാന' ണ് വിവാദ സിനിമയെന്ന് അറിഞ്ഞിരുന്നില്ല. ഇവിടെ എത്തിയ ശേഷമാണ് കാര്യങ്ങൾ അറിഞ്ഞത്.

  • എന്തുതോന്നി?

ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ വിവാദങ്ങൾ അനാവശ്യമാണെന്നു തോന്നി. പ്രസവം ചിത്രീകരിക്കുന്നതിൽ അനുവാദം നൽകേണ്ടതും അക്കാര്യം തീരുമാനിക്കേണ്ടതും ശ്വേതാമേനോനും ഭർത്താവുമാണ്. അവർക്ക് പ്രശ്‌നമില്ലെങ്കിൽ പിന്നെ ആർക്കാണ് കുഴപ്പം. സെൻസർ ബോർഡ് അംഗീകരിച്ച ചിത്രത്തെപ്പറ്റി എന്തിനാണ് വെറുതേ വിവാദങ്ങളുണ്ടാക്കുന്നത്.

  • 2009ലിറങ്ങിയ മകന്റെ അച്ഛൻന' എന്ന സിനിമയ്ക്ക് ശേഷം 2013 ൽ കളിമണ്ണ്? എന്താണിത്ര ഗ്യാപ്?

ചെന്നൈയിലെ കുടുംബത്തെ വിട്ട് നീണ്ട ദിവസങ്ങൾ മാറി നിൽക്കാനുള്ള മടിയായതുകൊണ്ടാണ് പുതിയ പ്രൊജക്ടുകൾ ഏറ്റെടുക്കാത്തത്. പിന്നെ ടെലിവിഷൻ ഷോകളും മറ്റ് ഭാഷകളിലെ സിനിമകളുമൊക്കെയായി തിരക്കായിരുന്നു.

  • അരോമ ഫ്രഷിന്റെ ബ്രാൻഡ് അംബാസിഡറായതെങ്ങനെ?

അരോമ ഫ്രഷിന്റെ ബ്രാൻഡ് അംബാസിഡറാകണമെന്ന് പറഞ്ഞ് സജീവ് എന്നെ സമീപിച്ചിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞുമാറി. പരസ്യത്തിൽ അഭിനയിക്കുമെങ്കിലും എനിക്ക് അറിവില്ലാത്ത കാര്യത്തെക്കുറിച്ച് ജനങ്ങൾക്ക് ഉറപ്പുകൊടുക്കാൻ എനിക്ക് മടിയായിരുന്നു. പക്ഷേ, ബ്‌ളെസി വിളിച്ചു പറഞ്ഞപ്പോഴാണ് എന്റെ ബുദ്ധിയുണർന്നത്. കീടനാശിനികളെക്കുറിച്ചും വിഷം നിറഞ്ഞ പച്ചക്കറി കഴിച്ച് കാൻസർ രോഗികളാകുന്ന മനുഷ്യരെക്കുറിച്ചും ചിന്തിച്ചത്. അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള അരോമ ഹോർട്ടികൾച്ചർ പ്രൊഡക്ട്‌സ് പ്രെ#െവറ്റ് ലിമിറ്റഡ് ആരംഭിച്ച ഭഅരോമ ഫ്രെഷ്‌ന' പച്ചക്കറി ഉത്പാദനകേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് ഞാൻ കരാറിലൊപ്പിടുന്നത്. വിഷമില്ലാത്ത ഭക്ഷണം കഴിക്കുന്നതിലേക്ക് നാം മാറണം. അതിനാണ് അരോമ ശ്രമിക്കുന്നത്.

  • പുതിയ പ്രൊജക്ടുകൾ?

തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി കുറച്ച് സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തമിഴിൽ ശ്രീനിവാസ രാമാനുജനെക്കുറിച്ചുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ അമ്മയുടെ വേഷം ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ തന്നെ മികച്ച വേഷമായിട്ടാണ് ഞാനിതിനെ കരുതുന്നത്. ചലഞ്ചിങ് റോൾ. പക്ഷേ എനിക്കത് വളരെ ഈസി ആണ്. കാരണം അദ്ദേഹവും എന്നെപ്പോലെ പരമ്പരാഗത അയ്യങ്കാർ കുടുംബത്തിലാണ് ജനിച്ചത്. 19001920 കാലഘട്ടമാണ് സിനിമയിൽ. ഷൂട്ടിംഗിനായി കുംഭകോണത്തെ രാമാനുജൻ ജനിച്ച വീട്ടിലും പഠിച്ച സ്‌കൂളിലും പോയി. അദ്ദേഹം കല്യാണം കഴിച്ച് അതേ വീട്ടിൽ വച്ചാണ് കല്യാണം ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന്റേത് പാവപ്പെട്ട ഫാമിലി ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മയുടെ വേഷം ചെയ്യുമ്പോൾ ഞാൻ എന്റെ അമ്മയേയും അമ്മൂമ്മയേയുമാണ് ഓർത്തത്. സുഹാസിനി എന്നൊരാളല്ല ആ വേഷം ചെയ്തത്. പകരം എന്റെ അമ്മ ചെയ്യുന്നതാണ് ഞാൻ ആവർത്തിച്ചത്.

  • പാരമ്പര്യം പിന്തുടർന്ന് മകൻ നന്ദൻ മണിരത്‌നം സിനിമയിലേക്ക് വരുമോ?

അയ്യോ. അവൻ സിനിമയിലേക്ക് വരുമെന്ന് തോന്നുന്നേയില്ല. പക്ഷേ , സിനിമ അവന് ഇഷ്ടമാണ്. അവൻ മറ്റൊരു വഴിക്കാണ്. ആദ്യം ഇടതു രാഷ്ട്രീയത്തോടായിരുന്നു ആഭിമുഖ്യം. പിന്നെ അത് കുറഞ്ഞു. ഇപ്പോൾ പഠനമാണ് ലക്ഷ്യം. എം.എ ഫിലോസഫി കഴിഞ്ഞ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പി.ജി ചെയ്യാനാണ് അവൻ തീരുമാനിച്ചിരിക്കുന്നത്. അവനൊരു പണ്ഡിതനോ രാഷ്ട്രീയക്കാരനോ ആവുമെന്നാണ് എനിക്ക് തോന്നുന്നത്.

  • എങ്ങനെയാണ് സാമൂഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്?

2009ൽ മകൻ ഇംഗ്‌ളണ്ടിൽ പഠിക്കാൻ പോയി. അവനന്ന് 17 വയസ്. ഒരമ്മയെന്ന നിലയിൽ ഞാനാകെ ടെൻഷനായി. ആകെ ഒരു പേടി. അതുമാറ്റാനായി മൂന്നു ദിവസത്തെ ലൈഫ് സ്റ്റൈൽ കോഴ്‌സിനു ചേർന്നു. അതിഷ്ടപ്പെട്ടപ്പോൾ അടുത്ത കോഴ്‌സിനു ചേർന്നു. ഒരു കമ്യൂണിറ്റി വർക്ക് ആയിരുന്നു. ആഴ്ചയിൽ 3 ദിവസം 3 മണിക്കൂറും ഒരു ഞായറാഴ്ച മുഴുവനുമാണ് ക്‌ളാസ്. കോഴ്‌സിന്റെ അവസാനം പ്രോജക്ട് ചെയ്യാനുണ്ടായിരുന്നു. ഞാൻ അഞ്ചുവിഷയങ്ങൾ സ്വന്തമായി തിരഞ്ഞെടുത്തു. ഒറ്റപ്പെട്ട ദളിത്, മുസ്ലീംസ്ത്രീകളുടെ ശാക്തീകരണം, ട്രെയിൻ ആംബുലൻസ് പദ്ധതി, പോണ്ടിബസാർ തെരുവിലെ ട്രാഫിക് നിയന്ത്രണം, സാധാരണ ഗവ. സ്‌കൂൾ വിദ്യാർത്ഥികളെ കർണ്ണാടക സംഗീതം പഠിപ്പിക്കൽ തുടങ്ങിയവ. പക്ഷേ അവർ ട്രെയിൻ ആംബുലൻസ് ആണ് സെലക്ട് ചെയ്തത്. ഞാനത് ചെയ്തു. അപ്പോളോ ആശുപത്രിയുമായി ചേർന്നുള്ള പദ്ധതി അന്നത്തെ റെയിൽവേ മിനിസ്റ്റർ മമതാ ബാനർജിയെ നേരിട്ടുകണ്ട് അവതരിപ്പിച്ചു. അവർക്ക് വളരെ ഇഷ്ടമായി. എന്നെ അഭിനന്ദിച്ചു. പക്ഷേ, അത് ചുവപ്പുനാടയിൽ കുടുങ്ങിപ്പോയി.

  • പിന്നെ എങ്ങനെയാണ് ഒറ്റപ്പെട്ട സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്?

പ്രോജക്ട് വിഷയങ്ങളിൽ എനിക്ക് താത്പര്യമുള്ള സ്ത്രീശാക്തീകരണം അവർ സെലക്ട് ചെയ്യാത്തതിന്റെ വാശിക്ക് സ്വന്തമായി ചെയ്യാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ സൗത്ത് ചെന്നൈയിലെ ദളിത്, മുസ്‌ളീം വിധവകളെ ശാക്തീകരിക്കാനായി 2010 ൽ ഭനാം ഫൗണ്ടേഷൻന' തുടങ്ങി. ഇപ്പോൾ 128 സ്ത്രീകളുണ്ട്. പലവിധ പ്രശ്‌നങ്ങളിലിപ്പെട്ട് കഴിഞ്ഞിരുന്ന ഇവർക്ക് സമൂഹത്തെ നേരിടാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. പരിശീലനത്തിലൂടെ ഞങ്ങൾ അവർക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നൽകി. ഭനാം തോഴികൾന' എന്നറിയപ്പെടുന്ന വോളണ്ടിയർമാർ ഇവർക്ക് പ്രചോദനം നൽകി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തി. ഇന്ന് ചെന്നൈയിലെ സത്യഭാമ യൂണിവേഴ്‌സിറ്റിയിൽ 5 സീറ്റുകൾ ഇവരുടെ കുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ 23 കാരിയുടെ വിവാഹം നടത്തി കൊടുക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകി.

  • കുടുംബത്തിന്റെ സപ്പോർട്ട്?

മണി (മണിരത്‌നം) എപ്പോഴും പറയും രണ്ടു ജോലികളാണ് ഏറ്റവും നല്ലത്. ഒന്ന് ഡോക്ടർ, മറ്റേത് സോഷ്യൽ വർക്കർ. ഡോക്ടറാവുക എന്നത് ഞങ്ങൾ രണ്ടാൾക്കും ഇനി പറ്റില്ല. സാമൂഹ്യപ്രവർത്തകനാകാനുള്ള ക്ഷമ മണിക്കില്ല. അതുകൊണ്ട് ഞാനത് ഏറ്റെടുത്തു. എല്ലാവരും ഫുൾ സപ്പോർട്ടാണ്. പിന്നെ ചെറുപ്പത്തിലേ അന്യരെ സഹായിക്കാൻ മനസു കാട്ടിയിരുന്നതായി വീട്ടുകാർ പറയാറുണ്ട്.

  • വിവാഹശേഷം മലയാളത്തിൽ നിന്ന് വിട്ടുനിന്നത്?

മന:പൂർവ്വമല്ല. വീടുവിട്ട് ആഴ്ചകളോളം മാറി നിൽക്കാൻ മടിയായിരുന്നു. ചെന്നൈയിൽ നിന്ന് കേരളത്തിൽ വന്ന് സിനിമ ചെയ്യാനുള്ളത്രയും ദിവസം കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലല്ലോ?

  • സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയോടും മോഹൻലാലിനോടുമൊപ്പം ശ്രദ്ധേയമായ ഒത്തിരി വേഷങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇവരിൽ ആരോടാണ് നല്ല കെമിസ്ട്രി?

അങ്ങനെ ചോദിച്ചാൽ (ഒരു നിമിഷം ആലോചിച്ചു). സത്യം പറഞ്ഞാൽ മമ്മൂട്ടിയോട് നല്ല അടുപ്പമുണ്ടായിരുന്നു. നീ തമിഴനെ കല്യാണം കഴിച്ചാൽ മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാകുമെന്ന് പറഞ്ഞ് മലയാളി പയ്യനെ ആലോചിച്ചയാളാണ് മമ്മൂട്ടി. മോഹൻലാലും നല്ല സൗഹൃദത്തിലായിരുന്നു. പക്ഷേ, കല്യാണം കഴിഞ്ഞതോടെ മമ്മൂട്ടിയും മോഹൻലാലും എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറല്ലായിരുന്നു. അവർക്ക് ഞങ്ങളേക്കാൾ പ്രായം കുറഞ്ഞ നായികമാരോടായിരുന്നു താത്പര്യം. പക്ഷേ, തെലുങ്കിലെ വിഷ്ണുവർദ്ധൻ അങ്ങനെയല്ല. അദ്ദേഹം വിവാഹത്തിനുശേഷവും എന്നോടൊപ്പം അഭിനയിച്ചു. എല്ലാ വർഷവും 2 പടം ചെയ്തു. അദ്ദേഹത്തിന്റെ മരണം വല്ലാത്തൊരു നഷ്ടമാണ്. അന്ന് മാദ്ധ്യമങ്ങൾ വിഷ്ണുവർദ്ധനനും സുഹാസിനിയും തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്ന് പറയുമായിരുന്നു. അത് ശരിയായിരുന്നുതാനും. പക്ഷേ, അദ്ദേഹം പറയുന്നതിങ്ങനെയാണ് സുഹാസിനി നല്ല നടിയാണ്. ഞാൻ നല്ല നടനും. അല്ലാതെ ഞങ്ങൾക്കിടയിൽ കെമസ്ട്രിയും ഫിസിക്‌സുമൊന്നുമില്ല. പിന്നെ ചിരഞ്ജീവിയും ഞാനും നല്ല ജോടിയായിരുന്നു. അദ്ദേഹമൊരു കോമേഴ്‌സ്യൽ ഹീറോ ആയിരുന്നു. കോംപ്രമൈസ് ചെയ്യാത്ത നടിന' എന്നാണ് എന്നെ കുറിച്ച് അദ്ദേഹം പറയുക. എന്റെ ഏറ്റവും നല്ല കെമിസ്ട്രി വിഷ്ണുവർദ്ധനുമായായിരുന്നു. മലയാളത്തിൽ ഒരു പരിധിവരെ മമ്മൂട്ടിയും.

  • ഭർത്താവും സംവിധായകനുമായ മണിരത്‌നവുമൊന്നിച്ചുള്ള പ്രോജക്ടുകൾ?

ഒട്ടേറെ വർക്കുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. റോജ, തിരുടാ തിരുടാ, ബോംബെ തുടങ്ങി. മണി ഒരു സിറ്റിബോയ് ആണ്. ഇംഗ്‌ളീഷാണ് അദ്ദേഹത്തിന്റെ ഭാഷ. ഞാൻ നേരെ തിരിച്ചാണ്. തമിഴാണ് എന്റെ ശക്തി. അതിനാൽ തമിഴിൽ എഴുതാൻ മണി എന്നെ ഏൽപ്പിക്കും.

  • 'കടൽ' (ഒടുവിൽ ചെയ്ത ചിത്രം) പരാജയമായിരുന്നോ?

'കടൽ' ചെയ്തത് ജയദേവനാണ്. പിന്നെ മണിയോടൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് 25 കൊല്ലമായി. ഇതിനിടയിൽ എത്ര ഉയർച്ചതാഴ്ചകളുണ്ടായി. അതിനാൽ ഫിലിം ഫ്‌ളോപ്പാകുന്നതൊന്നും ബാധിക്കാറില്ല. മുമ്പ് കമൽ അങ്കിൾ വീട്ടിലുണ്ടായിരുന്നതിനാൽ അന്നു മുതലേ ഇതൊക്കെ പരിചിതമാണ്. മണി ഹിന്ദിയിലാണ് പുതിയ പടംചെയ്യുന്നത്.

  • ടെലിവിഷനിലും സജീവമായിരുന്നല്ലോ. അനുഭവങ്ങൾ?

വളരെ നല്ല അനുഭവമായിരുന്നു. ജയ ടി.വിയിൽ നാലു വർഷമായി ഫിലിം റിവ്യൂ ചെയ്യുന്നുണ്ട്. പിന്നെ സെലിബ്രറ്റി ഇന്റർവ്യൂസ്. ഇതിനിടയിൽ കുറച്ച് ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ ആറുമാസമായി ടി.വി പ്രോഗ്രാമിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

  • ന്യൂജനറേഷൻ മലയാള സിനിമകളെപ്പറ്റി?

ന്യൂജനറേഷൻ ഓൾഡ് ജനറേഷൻ അങ്ങനൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ചിന്തകൾ ഫ്രെഷ് ആയാൽ എല്ലാം ഓകെ. പിന്നെ ഞാൻ പുതിയ മലയാളം സിനിമകളൊന്നും ഒന്നും കണ്ടിട്ടില്ല. മണി 22 എഫ്.കെ യും അന്നയും റസൂലും കണ്ടിരുന്നു. പക്ഷെ, സിനിമ മാറുന്നതിൽ ഞാൻ ഹാപ്പിയാണ്. 80കളിലെ മലയാളം സിനിമയ്ക്ക് ഒത്തിരി പ്രത്യേകതകളുണ്ടായിരുന്നു. കൊമേഴ്‌സ്യലി വയബിൾ ആർട്ടിസ്റ്റുകളും ഉണ്ടായിരുന്നു. എന്നാൽ 19902000 കാലഘട്ടത്തിൽ മലയാളം, തമിഴ് തെലുങ്ക് സിനിമകളുടെ കോപ്പിയായി മാറി. ഹീറോകൾ രജനികാന്തിനെപ്പോലെ അഭിനയിക്കാൻ തുടങ്ങി. ന്യൂജനറേഷൻ വന്നതോടെ ആ അനുകരണം മാറിയിട്ടുണ്ട്. എന്റെ അടുത്ത സുഹൃത്ത് പ്രതാപ് പോത്തൻ സെറ്റിൽ നിന്ന് എനിക്ക് മെസേജ് ചെയ്യാറുണ്ട്. ഇവിടെ അടിപൊളിയാണെന്ന്.

  • തമിഴിലെ മാറ്റത്തെ എങ്ങനെ കാണുന്നു?

തമിഴ് സിനിമകളിൽ ഓരോ സമയത്തും ഓരോ രീതികളാണ്. ശെൽവരാജൻ, ബാല തുടങ്ങിയവർ മാറ്റം കൊണ്ടുവന്നിരുന്നു. ഇപ്പോൾ കൊമേഴ്‌സ്യൽ ഫിലിമിന്റെ സമയമാണ്. അതിലെനിക്ക് ഒട്ടും സംതൃപ്തിയില്ല. എങ്കിലും കാര്യങ്ങൾ മാറുമെന്നനിക്കറിയാം.

  • നിലവിലെ അഭിനേതാക്കളെപ്പറ്റി എന്തുതോന്നുന്നു?

ഇന്ന് സിനിമയോട് പലർക്കും ഡെഡിക്കേൻ കുറവാണ്. അദ്ധ്വാനിക്കാൻ ആരും തയ്യാറല്ല. ഇന്നത്തെ ആക്‌ടേഴ്‌സിൽ പലർക്കും ഡയലോഗ് പോലും പഠിക്കാൻ മടിയാണ്. എല്ലാം പ്രോംപ്റ്റിങ് ആണ്. എന്നെപ്പോലുള്ളവർ ഡയലോഗ് കാണാതെ പഠിച്ച് പറയുമ്പോൾ, ഇന്ന് 25 ശതമാനം മാത്രമാണ് അങ്ങനെ ചെയ്യുന്നത്. മാതൃഭാഷ പഠിക്കാൻ ഇത്ര മടിയെന്തിനാണ്? ബേസിക് ഡയലോഗ് പഠിക്കാതെ കാമറയ്ക്കു മുന്നിൽ നിൽക്കാൻ പാടില്ല. ഹലോ എന്നു പോലും ഓർത്ത് പറയാൻ പറ്റാത്തവരാണിപ്പോഴുള്ളത്. ഇത് പാടില്ല. ആക്‌ടേഴ്‌സ് ഹോം വർക്ക് ചെയ്യണം. ഡയലോഗ് വീട്ടിലേക്ക് കൊണ്ടുപോയി കാണാതെ പഠിക്കണം. പുതിയ തലമുറയോട് എന്റെ അപേക്ഷയാണിത്.

  • മലയാള സിനിമ മെച്ചപ്പെടാൻ എന്താണു വഴി?

മുംബയിൽ നിന്നും ഡൽഹിയിൽ നിന്നും നായികമാരെ ഇറക്കുമതി ചെയ്യുന്നത് ആദ്യം നിർത്തണം. അതോടെ മലയാളസിനിമ ഒരുവിധം നന്നാകും. ഭാഷ അറിയാത്ത നായികമാർക്ക് പകരം മലയാളികളായ പെൺകുട്ടികളെ കണ്ടെത്താൻ സംവിധായകർ തയ്യാറാകണം. ഷീല, സീമ, ലക്ഷ്മി, ഗീതുമോഹൻദാസ്, നവ്യനായർ, മീരജാസ്മിൻ, കാവ്യ, നയൻതാര എന്നിങ്ങനെ എത്ര പേരുണ്ട്. അല്ലെങ്കിൽ മലയാളം അറിയാവുന്ന നായികമാരെ കൊണ്ടുവരുന്നതിൽ തെറ്റില്ല. നല്ല കഥയാണെങ്കിൽ പ്രതിഫലം ഒരു പ്രശ്‌നമല്ലെന്നാണ് എനിക്ക് തോന്നുന്നത്.

  • മലയാളിത്തം മനസിലുള്ള സുഹാസിനിയുടെ ഓണം എങ്ങനെയാണ്?

ഓണത്തുമ്പി, ഊഞ്ഞാൽ എന്നിങ്ങനെയുള്ള ക്‌ളീഷേകൾ ഒഴിവാക്കിയാൽ എന്റെ ഓണം ഗംഭീരമാണ്. ഓണം പ്രകൃതിയോടെ ചേർന്നുള്ള ആഘോഷമായതിനാൽ എനിക്ക് പ്രിയപ്പെട്ടതാണ്. പതിവുപോലെ ലിസി പ്രിയദർശന്റെ വീട്ടിലോ, രാജീവ് മേനോന്റെ വീട്ടീലോ ഓണം ആഘോഷിക്കും. ഓണ സദ്യ കഴിക്കും.

  • അപ്പോ, സുഹാസിനിക്ക് പാചകം അറിയില്ലേ?

അങ്ങനെ പറയല്ലേ (പൊട്ടിചിരിക്കുന്നു). എല്ലാ ദീപാവലിക്കും ഇവരെല്ലാം എന്റെ വീട്ടിലാണ് വരിക. വീട്ടിലെ എല്ലാവരും അവധിക്ക് പോകുന്നതിനാൽ ഞാനൊറ്റയ്ക്കാണ് ഭക്ഷണം ഉണ്ടാക്കുക. കഴിഞ്ഞ 15 വർഷമായി ദീപാവലി ലഞ്ച് ഉണ്ടാക്കുന്നു. ആർക്കും നോ പ്രോബ്‌ളം.

  • പിറന്നാൾ അടുത്ത് വരികയാണല്ലോ? എന്താ സ്‌പെഷ്യൽ?

ഓഗസ്റ്റ് 15 ന് ജനിച്ചത് കൊണ്ട് എനിക്ക് മൂന്നു പേരുകളുണ്ട്. സുഹാസിനി, സ്വതന്ത്ര, ഭാരതി. വന്ദേമാതരത്തിലെ വരികളിൽ നിന്നെടുത്താണ് ഈ പേരുകൾ മുത്തച്ഛൻ എനിക്കിട്ടത്. സ്വാതന്ത്ര്യദിനത്തിൽ ജനിച്ചതു കൊണ്ടാണോ എന്നറിയില്ല, എനിക്ക് ദേശഭക്തി കൂടുതലാണ്. എന്റെ അപ്പൂപ്പനെ പോലുള്ളവർ പൊരുതി നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് എനിക്കറിയാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP