Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാള സിനിമയെ നശിപ്പിച്ചത് താരമൂല്യം നോക്കിയുള്ള സാറ്റലൈറ്റ് റൈറ്റ്; ഉക്രെയിനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥിയെ പിടികൂടാൻ കാത്തിരിക്കുന്നു; ജിത്തുജോസഫ് മറുനാടനോട്

മലയാള സിനിമയെ നശിപ്പിച്ചത് താരമൂല്യം നോക്കിയുള്ള സാറ്റലൈറ്റ് റൈറ്റ്; ഉക്രെയിനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥിയെ പിടികൂടാൻ കാത്തിരിക്കുന്നു; ജിത്തുജോസഫ് മറുനാടനോട്

ദൃശ്യം മലയാള സിനിമയിലെ ഏറ്റവും അധികം സാമ്പത്തിക വിജയം നേടിയ ചിത്രമായി മാറി റെക്കോർഡിട്ടപ്പോൾ കേട്ട ഏറ്റവും വലിയ വിവാദം മമ്മൂട്ടി വേണ്ടെന്നു വച്ച കഥാപാത്രമാണ് പിന്നീട് മോഹൻലാലിന് ലഭിച്ചത് എന്നായിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖൻ ഈ സിനിമയ്‌ക്കെതിരെ പ്രചരണം നടത്തുന്നു എന്നു കൂടി ജിത്തു ജോസഫ് വ്യക്തമാക്കിയതോടെ അത് മമ്മൂട്ടിയായിരിക്കും എന്ന പ്രചരണം ശക്തമായി.

നല്ലത് മാത്രം കേട്ട ദൃശ്യത്തെക്കുറിച്ച് എഡിജിപി സെൻകുമാർ അഴിച്ചുവിട്ട വിമർശനവും അതിന് ശേഷം നടന്ന പല മോഷണങ്ങളും കൊലപാതകങ്ങളും ഒക്കെ ദൃശ്യത്തിന്റെ സ്വാധീനം മൂലമാണ് എന്ന തരത്തിൽ വളർന്ന പത്രവാർത്തകളും ദൃശ്യത്തെക്കുറിച്ചുള്ള ചൂടൻ ചർച്ച തുടരുന്നതിന് കാരണമായി. മറുനാടൻ നലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ അവസാന ഭാഗത്ത് ജിത്തു ജോസഫ് മറുപടി പറയുന്നത് ഈ വിവാദങ്ങളെക്കുറിച്ചാണ്.

  • സാറ്റലൈറ്റ് റൈറ്റ് ആണ് സിനിമയുടെ അവിഭാജ്യഘടകം, സാറ്റലൈറ്റ് റൈറ്റ് ഇല്ലെങ്കിൽ സിനിമയ്ക്ക് നിലനിൽപ്പില്ല എന്ന് പലരും പറയുമ്പോഴുംജിത്തു ജോസഫ് ചിത്രങ്ങൾ തിയേറ്ററിൽ നിന്നുതന്നെ അതിന്റെ ലാഭവും നേടാറുണ്ട്. അപ്പോൾ സാറ്റലൈറ്റ് റൈറ്റ് ഏതു തരത്തിലാണ് സിനിമയെ ബാധിക്കുന്നത്?

സാറ്റലൈറ്റ് റൈറ്റ് ആണ് സിനിമയുടെ അവിഭാജ്യ ഘടകം എന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല. എന്നാൽ ഇതൊരു ബിസിനസ് കൂടിയാണ്. ഒരു നിർമ്മാതാവ് പണമിറക്കുമ്പോൾ അയാളുടെ റിസ്‌ക് ഫാക്ടർ കുറയ്ക്കുന്നതിൽ സാറ്റലൈറ്റ് റൈറ്റിന് വലിയ പങ്കുണ്ട്. സിനിമയ്ക്കിടയിൽ, സിനിമയ്ക്ക് ദോഷകരമല്ലാത്ത ബോഗസ് ആഡ് ഇൻസേർട്ട് ചെയ്ത് പണം വാങ്ങുന്നതിൽ തെറ്റില്ല. ആ കമ്പനിക്ക് അത് ഗുണം നൽകുന്നതോടൊപ്പം അവർ നൽകുന്ന പണം പ്രൊഡ്യൂസറിന്റെ റിസ്‌ക് ഫാക്ടർ കുറയ്ക്കുന്നു. ഇന്ത്യയിൽ ഇറങ്ങുന്ന പത്തിലൊരു സിനിമയേ സാമ്പത്തികവിജയം നേടുന്നുള്ളൂ. അങ്ങനെ ഒരു റിസ്‌ക് ഫാക്ടർ ഉള്ളപ്പോൾ സ്വാഭാവികമായും സാറ്റലൈറ്റ് റൈറ്റ് സിനിമയ്ക്ക് ഗുണം തന്നെയാണ്.

പക്ഷെ, സാറ്റലൈറ്റ് റൈറ്റ് വന്നപ്പോൾ നിർമ്മാതാക്കളിൽ പലരുടെയും മനോഭാവം മാറി. പണ്ടെന്നു പറഞ്ഞാൽ നല്ല കഥകൾ ചെയ്യണമെന്ന ഒരു തീവ്രാഭിലാഷം സിനിമയോടുണ്ട്. ഇത്രയും രൂപ മുതൽമുടക്കുന്നതാണ്, അത് നല്ല രീതിയിൽ ചെയ്യണം എന്ന ഒരു ചിന്തയുണ്ടായിരുന്നു. ഇപ്പോൾ അത് പോയിട്ട് രണ്ടു കോടി രൂപ സാറ്റലൈറ്റ് അവകാശം ലഭിക്കുമെങ്കിൽ എങ്ങനെയെങ്കിലും ഒരു ഒന്നരക്കോടി രൂപയിൽ പടം എടുത്ത് തീർക്കണം, 50 ലക്ഷം രൂപ അപ്പോൾ തന്നെ ലാഭമായി എന്നുള്ള അർത്ഥവിചാരം ആയി. അത്തരമൊരു രീതിയിൽ കുറെ സിനിമകൾ ചാനലുകാർക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടായി. അപ്പോൾ അവർ കുറച്ച് ജാഗ്രത്തായി. അങ്ങനെ അവർ തീരുമാനിച്ചു, ഇനി ജെനുവിൻ
പ്രോജക്റ്റ്‌സിനേ കൊടുക്കുകയുള്ളൂ എന്ന്. ചെറിയ പ്രോജക്ടുകൾ കണ്ടതിനു ശേഷമേ റേറ്റ് തീരുമാനിക്കൂ എന്നൊക്കെയായി. എനിക്ക് പറയാനുള്ളത് സാറ്റലൈറ്റ് റൈറ്റിന്റെ മാനദണ്ഡം അഭിനേതാക്കളുടെയോ സാങ്കേതികപ്രവർത്തകരുടെയോ പേരാകരുത്, പകരം തിരക്കഥയാവണം പ്രമാണം. ഇവിടെ അത്തരമൊരു പ്രൊഫഷണൽ സമീപനം ആണ് ഉണ്ടാകേണ്ടത്.

  • താരങ്ങൾ വിജയഘടകമല്ല എന്നതാണോ സത്യം?

ഇവിടെ സിനിമകളല്ലല്ലോ, പ്രോജക്ടുകളല്ലേ എല്ലാം? ഒരു സിനിമ വരുമ്പോൾ തന്നെ ഒരു സൂപ്പർ നായകൻ അല്ലെങ്കിൽ ഒരു സൂപ്പർ ഡയറക്റ്റർ, ടെക്‌നീഷ്യൻസ് ഇവർക്കെല്ലാം കൂടി ഇത്ര കോടി എന്ന തരമാണ്. പക്ഷെ, സൂപ്പർ സ്റ്റാർ ഉള്ളതുകൊണ്ടോ, ഒരു സൂപ്പർ ഡയറക്ടർ ഉള്ളതുകൊണ്ടോ പ്രേക്ഷകൻ ഒരു സിനിമയെ വിജയിപ്പിക്കില്ല. അവർക്ക് നല്ല കഥയുണ്ടാകണം. അങ്ങനെ നല്ല കഥയുള്ള സിനിമകൾ പരിഗണിക്കുമ്പോഴേ, നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുകയുള്ളൂ. സൗണ്ട് സ്‌ക്രിപ്റ്റ് ആണ് സിനിമയുടെ നട്ടെല്ല്!.


ഇടയ്ക്ക് സിനിമ വിഷ്വൽ മാത്രം എന്ന ആസ്‌പെക്ടിലേക്ക് വന്നിരുന്നു. സിനിമ ഒരു കഥ പറയുകയാണ്. പ്രേക്ഷകൻ അത് നല്ല രീതിയിൽ ആണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളു. അങ്ങനെയാണെങ്കിൽ ഇത്രയും മൂല്യമുള്ള സൂപ്പർ നടൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ഓടണമല്ലോ? സിനിമയ്ക്ക് ഒരു കഥയുണ്ടാകണം, അത് ആളുകളിലേക്ക് ന്ന്നായി അവതരിപ്പിക്കപ്പെടണം, അവർ കഥയുമായി ഇഴുകിച്ചേർന്നഭിനയിക്കണം. അവരെ വൈകാരികമായി അത് ഇളക്കണം. ഒന്നുകിൽ ചിരിപ്പിക്കണം, അല്ലെങ്കിൽ ഭയപ്പെടുത്തണം, അതുമല്ലെങ്കിൽ ത്രില്ലടിപ്പിക്കണം. ഇവരുടെ ഉള്ളിൽ തൊടുമ്പോഴാണ് സിനിമ വിജയമാകുന്നത്.

  • നായകൻ, നായിക എന്ന ലേബലിൽ നിന്നു മാറി നല്ല സിനിമകളെ, നല്ല തിരക്കഥയെ ഒക്കെ നോക്കി സിനിമ കാണുന്ന പ്രേക്ഷകരിലേക്ക് ഇന്ന് ഒരു മാറ്റമുണ്ടായിട്ടില്ലേ?

തീർച്ചയായും. അതിനു നല്ല ഉദാഹരണമാണ് മങ്കിപെൻ, 1983 പോലെയുള്ള സിനിമകളുടെ വിജയം. മമ്മി ആന്റ് മി ഇറങ്ങിയ സമയത്തൊന്നും ഇങ്ങനെ സോഷ്യൽ മീഡിയ സജീവമായിരുന്നില്ല. എന്നിട്ടും ആ ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. ഇപ്പോൾ എന്തൊക്കെ ദോഷമുണ്ടെന്നു പറഞ്ഞാലും സിനിമയെ ജനങ്ങളിലേക്കെത്തിക്കുന്നതിന് സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. 1983 റിലീസായി ഉച്ചയായപ്പോൾ തന്നെ നെറ്റിൽ അതിന്റെ ഫസ്റ്റ് റിപ്പോർട്ട് വന്നു. ഇവിടെ തലയോലപ്പറമ്പ് എന്ന റിമോട്ട് ഏരിയ ആയിട്ടു പോലും ആ സിനിമ ഞങ്ങൾ കാണാൻ ചെല്ലുമ്പോൾ ഹൗസ് ഫുൾ ആയിരുന്നു. ഇന്നത്തെ പ്രേക്ഷകർ സിനിമയെ എങ്ങനെ അപ്രോച്ച് ചെയ്യണം എന്ന് പഠിച്ചു കഴിഞ്ഞു.

  • ഇന്റർനെറ്റ് പൈറസി ദൃശ്യമടക്കമുള്ള ഇന്നത്തെ സിനിമകൾക്ക് വലിയ വെല്ലുവിളിതന്നെയായിമാറിയിട്ടുണ്ട്. അത് തടയാൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് എന്ത് നടപടിയാണ് ശക്തമാക്കാനുള്ളത്?

അവർക്കൊത്തിരി പരിമിതികളുണ്ട്. അതിനു വേണ്ടി നമുക്ക് ഡിപ്പാർട്ട്‌മെന്റൊക്കെ ഉണ്ട് എന്നു പറഞ്ഞാലും ഇവയൊക്കെ കണ്ടു പിടിക്കാൻ നമുക്കുള്ള മാൻ പവർ കുറവാണ്. അവരെ കുറ്റപ്പെടുത്താൻ കഴിയില്ല, പ്രേക്ഷകർ തന്നെ വിചാരിക്കണം, തിയേറ്ററിൽ തന്നെ പോയേ സിനിമ കാണൂ എന്ന്. ആളുകൾ പലപ്പോഴും ഇതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ദൃശ്യം ആദ്യം നെറ്റിൽ അപ്ലോഡ് ചെയ്തത് ഉക്രെയിനിലെ ഒരു മലയാളി വിദ്യാർത്ഥിയാണ്. അവൻ ഇതുവരെ നാട്ടിൽ എത്തിയിട്ടില്ല. നാട്ടിൽ വന്നാൽ അപ്പോൾ അറസ്റ്റ് ചെയ്യാനുള്ള കേസ് ചാർജ് ചെയ്തിട്ടുണ്ട്. മാത്രമല്ല മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയും പിടിക്കപ്പെട്ടു. നഷ്ടപരിഹാരം വരെ വച്ചാണ് നമ്മൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇത്തരം കുറ്റങ്ങൾ ചെയ്താൽ രക്ഷപെടാൻ പഴുതുകളില്ല, പിടിക്കപ്പെടും എന്നതാണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്. മനുഷ്യരെ ന്ന്നാക്കുന്നതിൽ പൊലീസിനും സർക്കാരിനും പരിധിയുണ്ട്. അവനവൻ ന്ന്നാകണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം.

  • മമ്മൂട്ടി വേണ്ടെന്നു വച്ച സിനിമയാണ് ദൃശ്യം, പിന്നീട് മോഹൻലാൽ ചെയ്യുകയായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു. സത്യമെന്താണ്?

മമ്മൂട്ടി വേണ്ടെന്നു വച്ച സിനിമയാണ് എന്നതല്ല, ഞാൻ കഥ അദ്ദേഹത്തിനോടാണ് ആദ്യം പറഞ്ഞത്. പക്ഷെ ഇമ്മാനുവൽ ഉൾപ്പടെ ചില കുടുംബ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു വന്നത്. കുടുംബചിത്രമായതിനാൽ തന്നെ കുറച്ചുനാളത്തെ കാലതാമസം ഉണ്ടാകും എന്നദ്ദേഹം എന്നെ അറിയിച്ചു. ഇത് വളരെ നല്ല ഒരു സിനിമയായിരിക്കും. ഇനിയിപ്പോൾ ഞാനല്ല ഇത് ചെയ്യുന്നതെങ്കിൽ പോലും എന്റെ എല്ലാ പിന്തുണയും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം എന്നെ അറിയിച്ചു. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. മീനയെ ഇതിലേക്ക്
കാസ്റ്റ് ചെയ്യാൻ തീരുമാനിച്ച് കഥയുമായി മീനയുടെ അടുത്തേക്ക് ചെല്ലുന്നത് ബാല്യകാലസഖിയുടെ സെറ്റിൽ വച്ചാണ്.


മമ്മൂക്ക മീനയോട് അതിനു മുൻപേ പറഞ്ഞിരുന്നു ഇങ്ങനെ നല്ല ഒരു സിനിമ ഉണ്ട് മീനയ്ക്കതിൽ ചിലപ്പോൾ ഒരു കോൾ വന്നേക്കാം എന്ന്. പിന്നീട് ഞാൻ മീനയോട് കഥ പറഞ്ഞപ്പോൾ മീനയ്ക്ക് ചില സംശയങ്ങളൊക്കെ വന്നു അപ്പോൾ മമ്മൂക്ക പറഞ്ഞു, അത് കുഴപ്പമില്ല അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തോളാമെന്ന്. അദ്ദേഹം എന്നോട് ചോദിച്ചു, സഹദേവന്റെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന്. ഞാൻ പറഞ്ഞു കലാഭവൻ ഷാജോൺ ആണെന്ന്. കറക്റ്റ് കാസ്റ്റിങ് ആണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ എന്റെ കൂടെ നിന്ന ആളാണ് അദ്ദേഹം. ഒരു നല്ല സിനിമയാണെന്ന് വിശ്വസിച്ച് അദ്ദേഹം അഭിനയിക്കാഞ്ഞിട്ടുപോലും സപ്പോർട്ട് തന്ന് കൂടെ നിന്ന ആളാണദ്ദേഹം. ആ മനസ്ഥിതിയാണ് മലയാള സിനിമയിൽ ഉള്ളവർക്ക് വേണ്ടത്.

  • ഇത്രയധികം വിവാദങ്ങൾ വന്നിട്ടും എങ്ങനെയാണ് എല്ലാത്തിനെയും പോസിറ്റീവ് ആയി എടുക്കാൻ കഴിയുന്നത്

എനിക്കെന്തോ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയത് കൊണ്ട് വിവാദങ്ങൾ വന്നെങ്കിലും എനിക്കനുകൂലമായി കാര്യങ്ങൾ വന്നു. പക്ഷെ നമുക്കനുകൂലമല്ലാതെ പല വിവാദങ്ങളും പ്രതിസന്ധികളും ഇങ്ങനെ തുടർച്ചയായി വരുമ്പോൾ ചിലരെങ്കിലും മനസ്സുമടുത്ത് വേണ്ടെന്നു വയ്ക്കും. അങ്ങനെ ഒരുപാടുപേരുണ്ട്. മലയാളസിനിമയിലെ പലരും എന്നോട് വിളിച്ച് ന്ന്ദി പറഞ്ഞു. മമ്മി ആന്റ് മി ഇറങ്ങിയപ്പോൾ പലരും വിളിച്ചു. മലയാള സിനിമയ്ക്ക് ഒരുണർവ്വാണ് ജിത്തു തന്നത്, വലിയ ആർട്ടിസ്റ്റൊന്നും ഇല്ലെങ്കിലും നല്ല സിനിമകൾ ഓടും എന്ന് ജിത്തു തെളിയിച്ചു എന്നവർ പറഞ്ഞു. പിന്നീട് മെമ്മറീസ് ഇറങ്ങിയപ്പോൾ പലരും പറഞ്ഞു, അപ്പോൾ ഹ്യൂമർ ഇല്ലെങ്കിലും സിനിമ ഓടും. ദൃശ്യം വന്നപ്പോഴും അതാണ് പറയുന്നത്: നല്ല കഥയുണ്ടെങ്കിൽ സിനിമ ഓടും. അല്ലെങ്കിൽ ഇതേവരെ ഇല്ലാത്ത കളക്ഷൻ റെക്കോർഡുമായി
സ്റ്റേറ്റ്‌സിലൊക്കെ ഇപ്പോഴും സിനിമ ഓടിക്കൊണ്ടിരിക്കുന്നു. ഇന്നേവരെ മലയാള സിനിമ റിലീസ് ചെയ്യാത്ത പല സ്ഥലങ്ങളിലും ദൃശ്യം റിലീസ് ചെയ്തു. ദൃശ്യം വന്നപ്പോൾ മലയാള സിനിമയുടെ മാർക്കറ്റ് വലുതായി.

  • മീനയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതത് എങ്ങനെയായിരുന്നു?

ഈ കഥയിൽ ചെറുപ്പക്കാരിയായ ഒരമ്മ എത്ര പ്രധാനപ്പെട്ടതാണ് എന്ന് സിനിമ കണ്ടവർക്കറിയാം. മമ്മി ആന്റ് മി ചെയ്തപ്പോഴും ദൃശ്യം ചെയ്തപ്പോഴും ചെറുപ്പക്കാരികളുടെ അടുത്ത് പ്ലസ് ടു കാരിയുടെ അമ്മയാകാൻ പറയുമ്പോൾ അവർക്ക് ആ റോള് ചെയ്യാൻ വിഷമം. അങ്ങനെയിരിക്കുമ്പോൾ മീന തിരിച്ചു വരുന്നു എന്നു കേട്ടു, ബാല്യകാലസഖിയുടെ സെറ്റിൽ ചെന്ന് അവരോട് പറഞ്ഞു.


മമ്മൂക്കയും ആ കഥാപാത്രം നല്ലതാണെന്നു പറഞ്ഞു, മീനയ്ക്കും കഥ ഇഷ്ടമായി. മീന അതിലേക്ക് വന്നത് അങ്ങനെയാണ്. ശരിക്കും വെറുതെ ഒരമ്മയല്ലല്ലോ... മീനയ്ക്ക് മീനയുടേതായ പെർഫോമൻസിനുള്ള വക ആ സിനിമയിൽ ഉണ്ട്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ പെർഫോമൻസിനുള്ള ഇടം ആ സിനിമയിൽ ഉണ്ട്.

  • ഇനി ഇത്തരം സിനിമകളിറങ്ങുമ്പോൾ വിവാദവുമായി വരുന്നവരോട് എന്താണ് താങ്കൾക്ക് പറയാനുള്ളത്?

അവരിറങ്ങിക്കോട്ടെ. ഇപ്പോൾ ഒരു സിനിമ ഇറങ്ങി, അത് ന്ന്നായി ഓടുന്നു. അതിനെ നശിപ്പിക്കാൻ ഞാനും കുറച്ച് സുഹൃത്തുക്കളുമായി ഇറങ്ങിയാലൊന്നും അതിനെ നശിപ്പിക്കാൻ കഴിയില്ല. സിനിമയ്ക്ക് ക്വാളിറ്റി ഉണ്ടെങ്കിൽ അതിനെ തകർക്കാനാകില്ല. ഇനി, ക്വാളിറ്റി ഇല്ലാത്ത സിനിമ ഇറങ്ങി, വളരെ പ്രമുഖരായ ചിലർ ആ സിനിമയെ രക്ഷിക്കാനിറങ്ങിയാലും നടക്കുമോ? അതുമില്ല. ജനങ്ങൾക്ക് ക്വാളിറ്റിയുള്ള സിനിമകളാണ് വേണ്ടത്. അവർക്ക് എന്റർട്ടെയിന്മെന്റ് വേണം നല്ല കഥ വേണം. പിന്നെ ഈ വിവാദവുമായി ഇറങ്ങുന്നവർ ഓർക്കേണ്ടത് മലയാളി പ്രേക്ഷകർ പൊട്ടന്മാരല്ല, സിനിമയെ എങ്ങനെ വിലയിരുത്തണമെന്ന് പ്രേക്ഷകർക്കറിയാം.

  • സിനിമയിലെ ആരെങ്കിലും നേരിട്ട് പറഞ്ഞിരുന്നോ, ഇത്തരം തെറ്റായ ഇൻഫർമേഷൻ പ്രചരിക്കുന്നതായിട്ട്?

ബി ഉണ്ണി കൃഷ്ണൻ പറഞ്ഞു. ആരോ അദ്ദേഹത്തിനോട് ഇത് കോപ്പിയടിയാണ് എന്നോ മറ്റോ പറഞ്ഞു ചെന്നു എന്ന്. അദ്ദേഹം സിനിമയിൽ തന്നെയുള്ള അയാളോട് ചോദിച്ചത്രെ, നിനക്കിത് നേരത്തെ അറിയാമായിരുന്നെങ്കിൽ നിനക്കിത് ചെയ്യാമായിരുന്നില്ലേ? ഒരുത്തൻ ഒരു സിനിമ ചെയ്തപ്പോൾ കുറ്റം പറയാൻ ഇറങ്ങിയിരിക്കുന്നു എന്ന്. അദ്ദേഹം പറഞ്ഞു, ജിത്തു ഇതൊന്നും കാര്യമാക്കണ്ട, മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്ന്.

  • പ്രശ്‌നങ്ങൾ ഒക്കെ വരുമ്പോൾ കുടുംബത്തിൽ നിന്നുള്ള സപ്പോർട്ട്?

ഇപ്പോഴല്ല എന്റെ സിനിമാ ജീവിതത്തിൽ പ്രശ്‌നങ്ങൾ വന്നത്. ആദ്യ സിനിമ ഇറങ്ങിയപ്പോൾ ആർക്കും എന്നിൽ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നില്ല. വെറുതെ സിനിമാഭ്രാന്തും കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ എന്നാണ് കുടുംബത്തിൽ എല്ലാവരും വിചാരിച്ചത്. കാരണം എന്റെ കുടുംബത്തിലെ ആരും സിനിമാ ഫീൽഡുമായി ബന്ധപ്പെട്ടു നിൽക്കുന്ന ആളുകളല്ല. പക്ഷെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ അവർക്കു മനസ്സിലായി, എനിക്ക് സിനിമ ചെയ്യാൻ അറിയാം എന്ന്.

എന്റെ രണ്ടാമത്തെ ചിത്രമിറങ്ങിയപ്പോൾ ആണ് കൂടുതൽ സ്ട്രഗിൾ ചെയ്തത്. ആദ്യ സിനിമ കഴിഞ്ഞ് ഒന്നു രണ്ട് പ്രൊഡ്യൂസേഴ്‌സ് എന്റെയടുത്ത് വന്ന് ഡിറ്റക്ടീവ് സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ അവരോട് മമ്മി ആന്റ് മിയെക്കുറിച്ച് സംസാരിച്ചു. അവർക്ക് താത്പര്യമുണ്ടായിരുന്നില്ല, കാരണം അതിലെ ആർട്ടിസ്റ്റ് പ്രോബ്ലം തന്നെ. പിന്നീട് ആ സിനിമ ചെയ്യാൻ ഇങ്ങനെ നടക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു തിരക്കഥയുമായി ഒരാൾ എന്നെ സമീപിച്ചു. അതിലേക്ക് ഒരു പ്രമുഖ താരത്തിനെയും നിശ്ചയിച്ചു.

പക്ഷെ അദ്ദേഹം ഞാനാണ് സംവിധായകൻ എന്നറിഞ്ഞ് പിന്മാറി എന്ന് പിന്നീട് അറിഞ്ഞു. കാരണം എന്റെ ആദ്യ സിനിമ ഒരു ഡിറ്റക്ടീവ് സിനിമ ആയതിനാൽ കുടുംബചിത്രം സംവിധാനം ചെയ്യാൻ കഴിയുമോ എന്ന സംശയം പ്രകടിപ്പിച്ചു എന്നു പറഞ്ഞു. അപ്പോഴാണ് മമ്മി ആന്റ് മി ചെയ്യാനുള്ള വാശി എനിക്കുണ്ടായത്. അതു
കൊണ്ടാണ്, മെമ്മറീസിന്റെ തിരക്കഥ ഞാൻ എഴുതി വച്ചിട്ടും എനിക്ക് മമ്മി ആന്റ് മി ചെയ്യണം എന്ന വാശി വന്നത്. എന്റെ എല്ലാ സിനിമകളിലും എല്ലാ സപ്പോർട്ടും തന്ന് എന്റെ ഭാര്യയും മക്കളും അമ്മയും സഹോദരങ്ങളുമെല്ലാം കൂടെയുണ്ട്. വിവാഹം കഴിഞ്ഞ ഒരാൾക്ക് കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കിൽ ഈ മേഖലയിൽ നിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്.

  • അടുത്ത ചിത്രം നായികാപ്രാധാന്യമുള്ള സിനിമയാണെന്നു കേട്ടല്ലോ?

അടുത്ത ചിത്രമല്ല, അടുത്ത മൂന്നു ചിത്രങ്ങളിലൊരെണ്ണം ഫീമെയിൽ ഓറിയന്റഡ് സിനിമയാണ്. കാവ്യ മാധവൻ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രം. മറ്റൊന്നു ദിലീപിനെ വച്ചും ഒന്നു പൃഥ്വിരാജിനെ വച്ചുമാണ് ചെയ്യുന്നത്. പക്ഷെ അതിനു മുൻപ് പൂർത്തിയാക്കുന്നത് കമൽ ഹാസൻ അഭിനയിക്കുന്ന ദൃശ്യം തമിഴ് റീമേക്ക് ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP