Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഗർഭശ്രീമാൻ' താൻ എഴുതിയ കഥയാണെന്ന് സുരാജ് വെഞ്ഞാന്മൂടിനും അറിയാമായിരുന്നു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അപമാനിക്കാൻ ശ്രമിച്ചു: വിവാദങ്ങളെ കുറിച്ച് സുധീഷ് കുമാർ മറുനാടനോട്

'ഗർഭശ്രീമാൻ' താൻ എഴുതിയ കഥയാണെന്ന് സുരാജ് വെഞ്ഞാന്മൂടിനും അറിയാമായിരുന്നു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അപമാനിക്കാൻ ശ്രമിച്ചു: വിവാദങ്ങളെ കുറിച്ച് സുധീഷ് കുമാർ മറുനാടനോട്

ന്നെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തെത്തുമെന്നും താനുമൊരു അറിയപ്പെടുന്ന എഴുത്തുകാരനായി മാറുന്നതുമായിരുന്നു ഉദയഭാനുവിന്റെ സ്വപ്നം. ഇതിനായി അവൻ രാവും പകലും ഉറക്കമിളച്ചിരുന്ന് ഒരു സ്‌ക്രിപ്റ്റ് എഴുതി. അതിനിടയിൽ ആശിച്ച് സ്വന്തമാക്കിയ പെണ്ണുപോലും കൈവിട്ടുപോയി. ഇതിനിടയിലായിരുന്നു ഉദയന്റെ കൂട്ടുകാരൻ രാജപ്പന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. അതും ഉദയന്റെ ജീവവായുവായ സിനിമയുടെ സ്‌ക്രിപറ്റുമായി... ഇത് 2002- ൽ പുറത്തിറങ്ങിയ റോഷൻ റോഷൻ ചിത്രമായ 'ഉദയനാണ് താരം' സിനിമയിലെ കഥാ തന്തു. ഈ സിനിമയ്ക്ക് സമാനമായ ഒരു സംഭവം എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സുധീഷ് കുമാറെന്ന യുവ എഴുത്തുകാരന്റെ ജീവിതത്തിലുമുണ്ടായി.

എയർക്രാഫ്റ്റ് എൻജിനീയറിങ്ങ് കഴിഞ്ഞിട്ടും ആകാശത്തേക്ക് പറക്കാതെ അവൻ കാത്തിരുന്നു വെള്ളിത്തിരയിൽ എന്തെങ്കിലും ആയി തീരണമെന്നുള്ള മോഹവുമായി... അതിനായി പല കഥകളും അവന്റെ മനസിലൂടെ കടന്നുപോയി... ഏതു കഥയുടെ ത്രെഡ് കിട്ടിയാലും അതു കൂട്ടുകാരുമായി പങ്കുവയ്ക്കുന്നയാരുന്നു സുധീഷിന്റെ ശീലം. അതിൽ ഏറ്റവും മനോഹരമായി അഭ്രപാളികളിലേക്ക് എന്നെങ്കിലും ആവാഹിക്കാൻ കാത്തുവച്ചിരിക്കുന്ന ഒരു കഥ, അതും സുധീഷ് കൂട്ടുകാരുമായി പങ്കുവച്ചു. ഓരോ കഥയുമായി കൂട്ടുകാരുടെ മുൻപിലെത്തുമ്പോഴും പ്രതികരണങ്ങൾ അറിയാനായിരുന്നു സുധീഷ് കുമാറിനു തിടുക്കം. അതുവഴി പ്രേക്ഷകരുടെ മനസ്സറിയാം. ഒപ്പം ആത്മാർഥ സുഹൃത്തുക്കൾ ചതിക്കില്ലെന്ന വിശ്വാസവും. എന്നാൽ സുധീഷിന് അത് എല്ലാവരോടുമായി പറയേണ്ടി വന്നില്ല. അതിനുമുൻപേ പ്രേക്ഷകർ അറിഞ്ഞു, 'ഗർഭശ്രീമാൻ' എന്ന ചിത്രത്തിലൂടെ. ഇനിയുള്ള കാര്യങ്ങൾ സുധീഷിന്റെ വാക്കിൽനിന്നും അറിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. അതിനാൽ സുധീഷുമായി നടത്തിയ ഇന്റർവ്യു ചുവടെ കൊടുക്കുന്നു.

  •  'ഗർഭശ്രീമാൻ' ചിത്രം റിലീസാകുന്നതിന് മുൻപ് തന്നെ കേൾക്കുന്നതാണ് ഈ സിനിമയുടെ കഥാതന്തു മറ്റൊരിടത്തു നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന്. എന്താണ് ഇത്തരമൊരു ആരോപണത്തിനുള്ള കാരണം?


ഈ സിനിമയുടെ കഥ അവർ ആലോചിക്കുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞതായിരുന്നു ഇതിന്റെ കഥ. അതു ഞാൻ വൺലൈൻ സ്റ്റോറിയാക്കി 2008 ൽ എന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. (സ്വന്തം പേരിൽ കേന്ദ്ര ഗവൺമെന്റിന്റെ സീലോടു കൂടി രജിസ്റ്റർ ചെയ്യുന്നത്). അതിനുശേഷം ഞാൻ ഈ സ്റ്റോറി എന്റെ സുഹൃത്തായിരുന്ന സനീഷ് പവിത്രനോട് പറഞ്ഞു. അപ്പോൾ സനീഷ് അവനറിയാവുന്ന സംവിധായകരുമായി കഥ ചർച്ചചെയ്ത് അറിയിക്കാമെന്നു പറഞ്ഞു. പിന്നീട് അവനോട് ചോദിച്ചപ്പോൾ അത് ആർക്കും സിനിമയാക്കാൻ ഇഷ്ടമല്ലെന്നാണ് പറഞ്ഞത്.

  • പിന്നെ എങ്ങനെ ഈ കഥ വിവാദത്തിൽപ്പെട്ടു?

സനീഷ് കഥ സിനിമയാക്കാൻ താൽപര്യമില്ലെന്നു പറഞ്ഞപ്പോൾതന്നെ ആ കഥയുടെ ചർച്ച അവിടെ അവസാനിച്ചതാണ്. പിന്നീട് 'ഗർഭശ്രീമാൻ' സിനിമയുടെ ഷൂട്ടിങ് വാർത്തകൾ പുറത്തുവന്നപ്പോഴും ഞാൻ സനീഷിനോടും സിനിമയുടെ സംവിധായകൻ അനിൽ ഗോപിനാഥിനോടും സംസാരിച്ചിരുന്നെങ്കിലും എന്റെ കഥയല്ല ഇത് വേറൊരു കഥയാണ് എന്നായിരുന്നു മറുപടി. എന്നാൽ പിന്നീടാണ് മനസിലായത് എന്റെ കഥ തന്നെയാണ് സിനിമയാക്കിയതെന്ന്. തുടർന്ന് ഞാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി 500000 രൂപയുടെ ബോണ്ടിന്റെ ബാങ്ക് ഗ്യാരണ്ടിയിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കുകയായിരുന്നു.

  • 'ഗർഭശ്രീമാൻ' സിനിമയെപ്പറ്റി ഇത്തരമൊരു ആരോപണം വന്നപ്പോൾ ഫെഫ്ക്കയിൽ പരാതിപ്പെട്ടില്ലെ?

ഫെഫ്കയിൽ പരാതിപ്പെടുകയും അവർ എകെ സാജൻ അംഗമായ ഒരു കമ്മിറ്റിയെ 'ഗർഭശ്രീമാന്റെയും എന്റെയും സ്‌ക്രിപറ്റ് വായിച്ച് ആരുടെ ഭാഗത്താണ് ശരിയെന്ന് കണ്ടെത്താൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ സിനിമയുടെ സംവിധായകൻ അനിൽ ഗോപിനാഥിന്റെ ഭാഗത്ത് നിന്നും നിസ്സകരണമാണ് ഉണ്ടായത്. അയാൾ സാജന് സ്‌ക്രിപ്റ്റ് വായിക്കാൻ നൽകിയില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കഥയുടെ അവകാശവാദത്തിൽ ജില്ലാ കോടതിക്ക് തീർപ്പ് കൽപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുവായിരുന്നു. ഇപ്പോൾ എറണാകുളം ജില്ലാ കോടതിയിൽ കേസ് നടക്കുകയാണ്.

  • എന്തെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നോ?

എന്റെ വക്കീലിന്റെ സാന്നിദ്ധ്യത്തിൽ നിർമ്മാതാക്കളുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും നഷ്ട പരിഹാരമായി ഒരു ലക്ഷം രൂപ നൽകാമെന്നാണ് പറഞ്ഞത്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ ആ ഒത്തുതീർപ്പ് ശ്രമം അലസിപോകുകയായിരുന്നു. ജില്ലാ കോടതിയിൽ ഞാൻ 20 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസുകൊടുത്തിരിക്കുമ്പോഴാണ് ഒരു ലക്ഷം രൂപയുടെ ഒത്തുതീർപ്പിന് അവർ ശ്രമിച്ചത്. ഇപ്പോൾതന്നെ അതിനിരട്ടി ചെലവാകുകയും ചെയ്തു.

  • താങ്കൾ സ്റ്റോറി പറഞ്ഞത് സനീഷിയോടാണ്. എന്നാൽ സിനിമയിൽ അയാളുടെ പേര് ഇല്ലല്ലോ?

ആദ്യം നടന്ന ഇന്റർവ്യൂവിലൊക്കെ സനീഷിന്റെ പേര് പരാമർശിച്ചിരുന്നെങ്കിലും തുടർന്ന് കാര്യങ്ങൾ കേസിലേക്ക് നീങ്ങിയതോടെ സനീഷിന്റെ പേര് ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു.

  • സിനിമയിലെ നായകനായ സുരാജ് വെഞ്ഞാറമൂടിനും അറിയാമായിരുന്നോ?

സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഈ കഥയുടെ ഉദ്ഭവം അറിയാമായിരുന്നു. എന്നിട്ടും അവർ ഈ പ്രൊജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു.

  • 'ഗർഭശ്രീമാൻ' കണ്ടിട്ട് താങ്കൾക്ക് എങ്ങനെ തോന്നി?

മനോഹരമായി ചിത്രീകരിക്കാവുന്ന ഒരു ചത്രം എങ്ങനെ വികലമാക്കാമെന്നുള്ളതിനുള്ള ഉദാഹരണമാണ് ആ ചിത്രം. ഈ ചിത്രം കണ്ടിട്ട് പലരും എന്നോടു ചോദിച്ചു ഇത്തരമൊരു സിനിമയുടെ കഥയ്ക്ക് വേണ്ടിയാണോ കോടതി കയറുന്നതെന്ന്. എന്നാൽ അവർക്ക് മറുപടിയായി ഞാൻ ഈ കഥ പുസ്തകമാക്കുവാനുള്ള ശ്രമത്തിലാണ്. അതിനായുള്ള ചർച്ചകൾ നടക്കുകയാണ്.

  • എങ്ങനെയാണ് സിനിമയിൽ എത്തിയത്?

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സിനിമയിൽ അറിയപ്പെടുന്ന ഒരാളാകണമെന്ന്. പഠനം പൂർത്തിയായതോടെ സിനിമയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. എയർക്രാഫ്റ്റ് എൻജിനീയറിങ്ങ് കഴിഞ്ഞത്. എന്നാൽ സിനിമയോടുള്ള അമിത ആവേശം കാരണം പഠിച്ച തൊഴിൽ വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടർന്നാണ് സിനിമയിൽ അസോസിയറ്റായി വർക്ക് ചെയ്യാൻ തുടങ്ങിയത്.

  • എത്ര സിനിമകളിൽ താങ്കൾ അസോസിയറ്റായി വർക്ക് ചെയ്തിട്ടുണ്ട്?

സിനിമയിൽ എത്തിയ ശേഷം ഏഴ് സംവിധായകരുടെ കൂടെ അസോസിയറ്റായി വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴും സ്വന്തമായൊരു പ്രൊജക്ടായിരുന്നു മനസ്സിൽ. ഒന്നു രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നീട് ഓരോ കാരണങ്ങളാൽ നിന്നുപോവുകയായിരുന്നു. ഇതിനിടയിൽ കൈരളി ചാനലിനുവേണ്ടി ടെലിഫിലിം, ഡിവോഷണൽ ആൽബങ്ങൾ എന്നിവ ചെയ്തിരുന്നു.

  • വെളിച്ചം കാണേണ്ട ആദ്യ സംരംഭം തന്നെ ഇങ്ങനെയായി, ഇനി എന്തൊക്കെയാണ് മറ്റു പ്രൊജക്ടുകൾ?

ഇപ്പോൾ രണ്ട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. ഇതിൽ ഒന്ന് ഒരേ സമയത്ത് മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുഞ്ചേക്കോ ബോബൻ നായകനായുള്ള മറ്റൊരു പ്രൊജക്ടും ചർച്ചയിലുണ്ട്. ഈ സിനിമ ചെയ്യുന്നത് എകെ രജിലേഷ് അത്തോളിയാണ്. ഇതിൽ കുഞ്ചേക്കോ ബോബനോടൊപ്പം മറ്റ് രണ്ട് നായകന്മാർ കൂടിയുണ്ടാകും.

  • എഴുത്തല്ലാതെ മറ്റെന്തൊക്കെയാണ് ഹോബികൾ?

എഴുത്തില്ലാത്ത സമയത്ത് കൂടുതൽ സമയവും കൃഷിക്കുവേണ്ടി നീക്കി വയ്ക്കും. വീടിനോടടുത്തുള്ള 2.5 ഏക്കറിൽ നിറയെ പച്ചക്കറി കൃഷിയുണ്ട്. ഇവിടെ കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, വിവിധ തരം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. പൂർണമായും നാച്ചുറൽ ഫുഡ്ഡിലേക്ക് വരികയെന്ന ലക്ഷ്യത്തോടെയാണ് കൃഷിയിലേക്ക് മടങ്ങിയത്. കൂടാതെ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയായതിനാൽ അതിന്റെ വർക്ക് കൂടിയുണ്ട് ഇപ്പോൾ.

  • എഴുത്തും കൃഷിയും എങ്ങനെ കൊണ്ടുപോകുന്നു?

ആദ്യന്തികമായി ഞാനൊരു കർഷകനാണ്. മുൻപ് ഫാം ഉണ്ടായിരുന്നു. അവിടെ പശു, ആട്, കോഴി, കാട, പക്ഷികൾ, മുയൽ എന്നിവയെല്ലാം വളർത്തിയിരുന്നു. പിന്നീട് സിനിമയിൽ വർക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് പശു വളർത്തലും വീട്ട് ആവശ്യത്തുനുള്ള പച്ചക്കറി കൃഷിയിലേക്കുമായി ഒതുങ്ങിയത്. എങ്കിലും ഇപ്പോഴും പുറത്ത് പച്ചക്കറികൾ കൊടുക്കാറുണ്ട്.

  • കുടുംബം?

ഭാര്യ സുനിതാ ദേവി. മക്കൾ മൂന്നുപേരാണ്. മൂത്തയാൾ അരുൺ കുമാർ ഓട്ടോ മൊബൈൽ പഠിക്കുന്നു. രണ്ടാമത്തെയാൾ ആകാശ് കുമാർ. ഒന്നാംക്ലാസിലാണ്. ഏറ്റവും ഇളയയാൾ അക്ഷയ് കുമാർ യുകെജിയിലാണ് പഠിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP