Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബി ഹൗസ് കൈവിട്ടതിൽ നിരാശ; പ്രണയമുണ്ടെങ്കിലും ഒളിച്ചോടാനില്ല; സംഗീതാ മോഹൻ മനസ്സുതുറക്കുന്നു

പഞ്ചാബി ഹൗസ് കൈവിട്ടതിൽ നിരാശ; പ്രണയമുണ്ടെങ്കിലും ഒളിച്ചോടാനില്ല;  സംഗീതാ മോഹൻ മനസ്സുതുറക്കുന്നു

രു കാലത്ത് മിനിസ്‌ക്രീനിന്റെ രാജ്ഞിയായി വിലസിയ താരമാണ് സംഗീതാ മോഹൻ. പഴയപോലെ അവസങ്ങളില്ലെങ്കിലും ഇപ്പോഴും മിനിസ്‌ക്രീനിൽ സംഗീതയ്ക്ക് കൃത്യമായ ഇടമുണ്ട്. തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗോസിപ്പുകളും ഉയർന്നെങ്കിലും ഇതിനെയൊന്നും മൈൻഡ് ചെയ്യാൻ സംഗീതക്ക് താൽപ്പര്യമില്ല. മിനിസ്‌ക്രീനിൽ ഇപ്പോഴുള്ള തിരക്കുകൾക്കിടയിലൂം പതിയെ സിനിമാ രംഗത്തും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. മീരാ ജാസ്മിൻ നായികയായ ബാബു ജനാർദ്ധനൻ സംവിധാനം ചെയ്യുന്ന ലിസമ്മയുടെ വീട് എന്ന ചിത്രത്തിൽ മികച്ചൊരു വേഷം സംഗീതയ്ക്കുണ്ട്.

സിനിമയിലേക്ക് ഇത് രണ്ടാം വരവാണെങ്കിലും പണ്ട് കൈവിട്ട അവസരങ്ങളെ ഓർത്ത് സംഗീതയിപ്പോൾ ദുഖിക്കുന്നുണ്ട്. ദേശാഭിമാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംഗീത ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. പഞ്ചാബി ഹൗസ് എന്ന സിനിമയിൽ നായികാവേഷത്തിൽ അഭിനയിക്കാൻ ഒത്തുവന്ന അവസരം തട്ടിത്തെറിപ്പിച്ചതാണ് സംഗീതക്ക് നിരാശ പകരുന്നത്. പ്രണയത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ സംഗീത ദേശാഭിമാനി ലേഖകൻ ദാസ് മാട്ടുമന്തയോട് പറഞ്ഞു.

''തുടക്കംമുതൽക്കേ സിനിമയിലായാലും സീരിയലിലായാലും ശ്രദ്ധിക്കപ്പെടുന്ന നല്ല കഥാപാത്രങ്ങളെമാത്രമേ അവതരിപ്പിക്കുകയുള്ളൂവെന്ന് ഞാൻ നിശ്ചയിച്ചിരുന്നു. സിനിമയിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. അത് കൊണ്ടുതന്നെ സിനിമയിൽ ക്യാരക്ടർ കംഫർട്ടബിൾ ആവണമെന്ന് നിർബന്ധമുണ്ടായിരുന്നു. പിന്നെ, സിനിമയിൽ സജീവമാവാൻ എന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. തുടക്കംമുതൽക്കേ ഞാൻ അങ്ങനെയായിരുന്നു. നല്ല വേഷം വേണമെന്ന് പറഞ്ഞ് സംവിധായകരെയൊന്നും സമീപിച്ചിരുന്നില്ല.''സംഗീത പറയുന്നു.


ലിസമ്മയുടെ വീട്ടിൽ സലിംകുമാറിന്റെ മകൾ ട്രീസയായാണ് അഭിനയിക്കുന്നത്. മൂന്ന് പെൺമക്കളിൽ മൂത്തയാളാണ് ട്രീസ. ഒട്ടേറെ മാനസിക സംഘർഷങ്ങൾക്കിടയിലും അതിജീവനത്തോടെ ജീവിതത്തെ സമീപിക്കുന്ന കഥാപാത്രമാണിത്. സംവിധായകൻ ബാബു ജനാർദനാണ് ട്രീസയെന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും മാനറിസങ്ങളെക്കുറിച്ചും എനിക്ക് പറഞ്ഞുതന്നത്. യഥാർഥത്തിൽ സംതൃപ്തി നൽകിയ കഥാപാത്രമാണ് ട്രീസ. സീരിയലുകളിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നതുകൊണ്ടാണ് സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടാവുന്നത്. എന്നാൽ, അടുത്ത കാലത്തായി സീരിയൽ താരങ്ങളും സിനിമയിൽ ധാരാളമായി അഭിനയിക്കുന്നു. സീരിയലുകളിൽ തിരക്കുള്ളവർതന്നെയാണവർ.

സീരിയലുകളിൽതന്നെ തുടക്കംമുതൽ അഭിനയിച്ചു തുടങ്ങിയ എന്നെ സംബന്ധിച്ചിടത്തോളം അവസരം ലഭിച്ചാൽമാത്രം സിനിമയിൽ അഭിനയിക്കുകയെന്ന രീതിയാണ് അനുവർത്തിച്ചത്. മിക്ക സീരിയലുകളിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ കുടുംബപ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. ജ്വാലയായ് എന്ന സീരിയലിലെ കഥാപാത്രം ഏറെ പ്രശംസ നേടിത്തന്നിരുന്നു.

പഞ്ചാബിഹൗസിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ സിനിമയിൽ സജീവമായിട്ടുണ്ടാവാം. എല്ലാം ഒരു തരം നിയോഗമാണ്. മലയാളത്തിൽ ഹിറ്റായ പഞ്ചാബിഹൗസിൽ മോഹിനി അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് എനിക്ക് ഓഫറുണ്ടായത്. പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ഷൺമുഖണ്ണനാണ് പഞ്ചാബി ഹൗസിലേക്ക് എന്നെ വിളിച്ചത്. സീരിയലുകളിലെ തിരക്കുമൂലം എനിക്ക് പഞ്ചാബിഹൗസിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞെങ്കിലും പഞ്ചാബിഹൗസിൽ അഭിനയിക്കാൻ കഴിയാതെ പോയത് ഇന്നും എന്റെ മനസ്സിൽ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ടി എൻ ഗോപകുമാറിന്റെ 'ജീവന്മശായി' എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്. പിന്നെ, 'സായ്വർ തിരുമേനി'യെന്ന ചിത്രത്തിലും അഭിനയിച്ചു.


ഈ ഘട്ടത്തിലും കൈനിറയെ സീരിയലുകൾ ഉണ്ടായപ്പോൾ സിനിമയിൽ നിന്നു വന്ന ഓഫറുകൾ ഞാൻ വേണ്ടെന്ന് വച്ചിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് മുഖംകൊടുത്താൽ ആദ്യചോദ്യം സംഗീതയുണ്ടാക്കിയ വിവാദങ്ങളെ കുറിച്ചായിരിക്കും. പറഞ്ഞുമടുത്തകാര്യങ്ങളാണ് അവ. വാസ്തവത്തിൽ, ആരോപണങ്ങളെ ഞാൻ കാര്യമാക്കാറില്ല. മനസ്സിൽ സ്വാർഥതയില്ലാതെ നാം ചെയ്യുന്ന പ്രവൃത്തി സത്യവും ശരിയുമാണ്. തനിക്ക് ശരിയെന്ന് ഉറപ്പുള്ള നിലപാടുമായി മുന്നോട്ടു പോയാൽ ഏതു തരത്തിലുള്ള ആരോപണങ്ങളെയും അതിജീവിക്കാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ദുരിതമനുഭവിക്കുന്നവരോടൊക്കെ സ്‌നേഹവും സഹാനുഭൂതിയുമുണ്ടെങ്കിലും വലിയ പ്രഖ്യാപനങ്ങൾ നടത്തി എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിത്തീർക്കൻ താൽപര്യമില്ല. എനിക്ക് എന്റേതായ സാമൂഹ്യബോധമുണ്ട്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നു. പട്ടിണികിടക്കുന്നവരെയും രോഗബാധിതരെയും ഒക്കെ. ജീവിതയാത്രയിൽ വിവാഹത്തിന് പ്രഥമപരിഗണന നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സമയമാവുമ്പോൾ എല്ലാം നടക്കുമെന്നാണ് വിശ്വാസം.

യഥാർഥത്തിൽ പ്രണയം ജീവിതത്തിന്റെ ഭാഗംതന്നെയാണ്. എനിക്കും പ്രണയമുണ്ടായിട്ടുണ്ട്. ഒരാളെ പ്രണയിച്ചുവെന്ന് കരുതി വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെ മനസ്സിനെ വേദനിപ്പിച്ച് ഒളിച്ചോടുന്ന രീതിയോടൊന്നും ഞാൻ ഒട്ടും യോജിക്കുന്നില്ല. മനസ്സിലുണ്ടാവുന്ന പ്രണയം സത്യമാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ ഒന്നിക്കുന്ന രീതിയാണ് ഏറെ അഭികാമ്യം.

വായനയാണ് എന്റെ ചിന്തകളെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് മാധവിക്കുട്ടിയുടെ രചനകളാണ്. അച്ഛൻ ഗോപിമോഹൻ കെഎസ്ആർടിസിയിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചു. അമ്മ ജയകുമാരി പബ്ലിക് സർവീസ് കമീഷനിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. സഹോദരി സരിത അഗ്രികൾച്ചർ ഓഫീസറാണ്.

കടപ്പാട്: ദേശാഭിമാനി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP