Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂജനറേഷൻ തെറികൾ ആദ്യം വിളിച്ചത് ഭരതൻ; ഇപ്പോഴത് എങ്ങനെ അശ്ലീലമായി? സലിം കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്

ന്യൂജനറേഷൻ തെറികൾ ആദ്യം വിളിച്ചത് ഭരതൻ; ഇപ്പോഴത് എങ്ങനെ അശ്ലീലമായി? സലിം കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞത്

കാണാനൊരു ലുക്കില്ലെങ്കിലും ഭയങ്കര ബുദ്ധിയായിരുന്നു സലിം കുമാറിന്. തിരുവിതാംകൂറ് ഭരിച്ചിരുന്ന രാജാവിന് ശശി എന്ന് പേരു നൽകിയാലെന്താണ് എന്നും പ്രേക്ഷകരെ ചിന്തിപ്പിച്ച് ചിരിപ്പിച്ചതും ഈ നടനായിരുന്നു. അച്ചനാണത്രേ അച്ചൻ എന്ന് പറഞ്ഞ് നാടകീയ സംഭാഷണങ്ങളുടെ പരിഹാസ്യതയെയും സലീം കുമാർ അവതരിപ്പിച്ചത് ആർക്കും അനുകരിക്കാനാവാത്ത ശൈലിയിൽ തന്നെയായിരുന്നു. ഒരു ഭാഗത്ത് ചിരിയുടെ മാലപ്പടക്കം തീർക്കുമ്പോൾ തന്നെ അദ്ദേഹം ഗ്രാമഫോണിലൂടെയും അച്ചനുറങ്ങാത്ത വീടിലൂടെയും ബ്രിഡ്ജിലൂടെയും ആദാമിന്റെ മകൻ അബുവിലൂടെയും ചിരിപ്പിച്ച ശബ്ദ്ത്തിലൂടെ തന്നെ കണ്ണീരുമണിയിച്ചു.വിഷാദം നിഴലിക്കുന്ന കണ്ണുമായി മലയാളിയെ ചിരിപ്പിച്ചു ഈ നടൻ. മിമിക്രിക്കാരനെ അയിത്തം കൽപിച്ച് മാറ്റി നിർത്തിയിരുന്ന സംസ്ഥാന ദേശീയ അവാർഡുകളിലേക്കും തല ഉയർത്തി കടന്നു ചെല്ലാൻ ധൈര്യവും കാട്ടി. അവാർഡ് താരമായി മാറിയ സലീം കുമാറിന്റെ ചില തുറന്നു പറച്ചിലുകൾ ചിലരെ ചൊടിപ്പിച്ചു. അധിക പ്രസംഗിയെന്നു വരെ വിളിച്ചു.


എങ്കിലും സലിം കുമാറില്ലാത്ത ഒരു കോമഡി ഫിലിം ഊഹിക്കാനാവുമായിരുന്നില്ല ഒരിടക്ക് മലയാളസിനിമക്ക്. ഇഷ്ടമാണ് നൂറുവട്ടത്തിൽ തുടങ്ങിയ ആ കോമഡിയുടെ വ്യത്യസ്തമുഖം പിന്നീട് തെങ്കാശിപ്പട്ടണത്തിലൂടെയും മീശമാധവനിലൂടെയും നമ്മെ കുടുകുടെ ചിരിപ്പിച്ചു. സ്വതസിദ്ധമായ ചിരിയും സംഭാഷണവും കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ സലിം കുമാർ തമാശകൾ സിനിമയിൽ നിന്ന് മായുകയാണോ. മറുനാടൻ മലയാളിയുമായി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ സലീം കുമാർ നടത്തിയ സംഭാഷണം. സിനിമയെക്കുറിച്ചും സിനിമയിൽ നിന്നുള്ള അനുഭവത്തെക്കുറിച്ചും സലിം കുമാർ മറുനാടൻ മലയാളിയുമായി പങ്കുവക്കുന്നു.

  • സലീം കുമാർ എന്ന ഹാസ്യതാരത്തിന്റെ കാലം കഴിഞ്ഞുവോ?

സിനിമയിൽ ഹാസ്യത്തിന്റെ വസന്തം എന്റെ ഭാഗത്തുനിന്നുള്ളത് അവസാനിച്ചു എന്ന് തുറന്നുപറയാൻ എനിക്ക് മടിയില്ല. കോമഡിയിൽ എന്നിൽ നിന്നുള്ള ഒരു വസന്തം ഇനി പ്രതീക്ഷിക്കേണ്ടതില്ല. കാലഘട്ടത്തിനനുസരിച്ച് വരുന്ന മാറ്റം മാത്രമാണത്. ആർക്കും ആരെയും ഒതുക്കാനാവില്ല. കാലഘട്ടമാണ് നമ്മെ തിരസ്‌കരിക്കുന്നത്. കാലഘട്ടം തന്നെ വിചാരിക്കണം ഒതുക്കാൻ. ഇയാളുടെ അഭിനയം ഒരു കാലഘട്ടത്തിന്റെതാണ്. ഇനി പുതിയ ആളുകൾ വരണം എന്നു പറയാൻ കാലം തന്നെ വിചാരിക്കണം, അല്ലാതെ കുറച്ച് പേർ കൂടി ഒരാളെ ഒതുക്കി എന്നൊക്കെ കുശുമ്പ് പറയാൻ എനിക്ക് താൽപര്യമില്ല. യൂസ് ആൻഡ് ത്രോ എന്നത് എല്ലാത്തിനും ബാധകമാണ്. സൂപ്പർ താരങ്ങളടക്കം എല്ലാവർക്കും ഇത് ബാധകമാണിത്. ഒരുനായകന്റെ കൂട്ടുകാരനാവേണ്ട പ്രായം എനിക്കുകഴിഞ്ഞു. എനിക്ക് 42 വയസ്സായി. നായകന്റെ കൂട്ടുകാരനായി തമാശ പറഞ്ഞു നടക്കുന്ന റോളുകൾ ഇനി ചെയ്താൽ ജനം കല്ലെറിയും.

  • ന്യൂജനറേഷൻ..?

തീയറ്ററിൽ പോയി സിനിമ കാണൽ കുറവാണ്. രണ്ട് വർഷമെങ്കിലുമായിക്കാണും തീയറ്ററിൽ പോയി സിനിമ ചെയ്തിട്ട. തിരക്കഥകളില്ലാതെ പോലും ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. പണ്ട് സിനിമ എന്നത് സാധാരണക്കാരന് അപ്രാപ്യമായ മേഖലയായിരുന്നു. ഒരു സാധാരണ സൗഹൃദക്കൂട്ടായ്മക്കൊന്നും കയറി ച്ചെല്ലാൻ പറ്റാത്ത ഇടമായിരുന്നു അത്. ഇന്ന് പുതുതലമുറ നടത്തിയ ചില പരീക്ഷണങ്ങൾ വിജയമായിരുന്നു. നല്ല സിനിമകളുടെ തള്ളിക്കയറ്റം ശ്രദ്ധേയമായി. താരങ്ങളില്ലാതെ സിനിമ പിടിക്കാം എന്ന ട്രെൻഡ് സൃഷ്ടിക്കാൻ പറ്റി. അസഭ്യത്തിന്റെ തള്ളിക്കയറ്റത്തെയും കുറ്റം പറയാൻ പറ്റില്ല. കൊച്ചു കുട്ടികൾ ഒരു വീഡിയോഗെയിം തോറ്റാൽ പോലും പറയുന്ന വാക്കാണ് ഫക്ക്. അല്ലെങ്കിലും ഈ തെറികളൊന്നും മലയാള സിനിമക്ക് പുതുതായൊന്നും കിട്ടിയതല്ല. പണ്ടും ആവശ്യത്തിനും അനാവശ്യത്തിനും തെറികൾ സിനിമയിൽ ഉപയോഗിച്ചിരുന്നു. ഭരതന്റെ സിനിമയിലൊക്കെ ഇന്ന ന്യൂജനറേഷൻ അശ്ലീല പദങ്ങളെന്ന് വിശേഷിപ്പിക്കുന്നവ നല്ല രീതിയിൽ ഉപയോഗിച്ചിരുന്നു. അന്നൊന്നും ഇത് വൃത്തികേടാണ് എന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഇത് ഒരു ന്യൂജനറേഷന്റെ കണ്ടുപിടിത്തവുമല്ല.

  • പുതിയ പദ്ധതികൾ

ആറ് മാസമായി സിനിമയിൽ സജീവമല്ല ഞാൻ. അതെക്കുറിച്ച് പല കിംവദന്തികളും പ്രചരിക്കുന്നുണ്ടെങ്കിലും അവയൊന്നും യാഥാർഥ്യമല്ല. ഒരു ദിവസം നാല് സിനിമ വരെ ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ഇനിയതിനുള്ള ബാല്യം എനിക്കില്ല. ഞാനില്ലെന്ന് കരുതി മലയാളസിനിമക്ക് ഒന്നും നഷ്ടമാവില്ല. ആദാമിന്റെ മകൻ അബു ഇറങ്ങിയതിന് ശേഷം ശ്രദ്ധിക്കപ്പെടുന്ന ഹാസ്യറോളുകൾ ചെയ്തില്ലെന്നു തന്നെ പറയാം. സിനിമയിൽ തിരക്കായിരുന്ന കാലത്ത് നഷ്ടപ്പെട്ട കുടുംബജീവിതം ആസ്വദിക്കുകയാണിപ്പോൾ. കൃഷിയും വിട്ടിട്ടില്ല. ഞാനൊരു കോടീശ്വരനൊന്നുമില്ല. കഞ്ഞി കുടിച്ചു പോവാനുള്ള വരുമാനമൊക്കെയുണ്ട്. ആഗസ്തിനുശേഷമേ ഇനിയെന്തെങ്കിലും കാര്യമായി ചെയ്യുന്നുള്ളൂ. എനിക്ക് ആരെങ്കിലും വിലക്ക് ഏർപ്പെടുത്തിയതായി എനിക്ക് തോന്നിയിട്ടില്ല. ഞാൻ സിനിമയിൽ ഇല്ലാത്തതിന് കാരണം ഞാൻ തന്നെയായിരിക്കും. പടം എന്നും ഉണ്ടാവും എന്ന് കരുതി സിനിമയിലേക്ക് വന്നവനല്ല ഞാൻ.

  • സീരിയസ് റോളുകളിലേക്ക് മാറുകയാണോ?

നല്ല റോളുകളും നല്ല സംവിധായരും വിളിച്ചാൽ പോവാൻ ഞാൻ തയ്യാറാണ്. ഞാൻ ചെയ്ത നല്ല റോളുകൾക്കൊന്നും പണം മോഹിച്ച് ചെയ്തതല്ല. നല്ല പടങ്ങൾക്ക് ഒന്നിനും കാശ് കിട്ടിയിട്ടില്ല. ബ്രിഡ്ജ് എന്ന സിനിമ വളരെ ബുദ്ധിമുട്ടി ചെയ്തതാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ ബജറ്റിലാണ് അത് അവസാനിച്ചത്. അൻവർ റഷീദ് എനിക്ക് പണം തന്നെങ്കിലും ഞാനത് സ്വീകരിച്ചില്ല. അതുപോലെ ആദാമിന്റെ മകനിലെ വിതരണത്തിന് ആളു പോലുമുണ്ടാവാതിരുന്ന അവസരത്തിൽ ഞാൻ പണമിറക്കിയാണ് പ്രിന്റെടുത്തത്. അതെനിക്ക് സാമ്പത്തികമായി നഷ്ടമായിരുന്നെങ്കിലും അത്തരം സിനിമകളിൽ ഭാഗമാവാൻ ഇനിയും തയ്യാറാണ്. ആദാമിന്റെ മകൻ ഇപ്പോൾ അറബിയിൽ വരെ ഡബ്ബ് ചെയ്തു. സിനിമയിൽ നിന്ന് മാറി നിൽക്കുന്നത് താൽക്കാലികമായാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP