Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂജറേഷൻ സിനിമകൾ സ്ത്രീകളെ മോശക്കാരാക്കുന്നു; പൊട്ടിപ്പോയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു; ഇന്റർനെറ്റിൽ പ്രചരിക്കുന്നത് മോർഫ് ചെയ്ത ചിത്രം: മറുനാടൻ മലയാളിയോട് നടി റോമ മനസുതുറക്കുന്നു

ന്യൂജറേഷൻ സിനിമകൾ സ്ത്രീകളെ മോശക്കാരാക്കുന്നു; പൊട്ടിപ്പോയ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു; ഇന്റർനെറ്റിൽ പ്രചരിക്കുന്നത് മോർഫ് ചെയ്ത ചിത്രം: മറുനാടൻ മലയാളിയോട് നടി റോമ മനസുതുറക്കുന്നു

ആവണി ഗോപാൽ

ലയാള സിനിമാ പ്രേക്ഷകർക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത നടിയാണ് റോമ. ആറ് വർഷങ്ങൾക്ക് മുമ്പ് അന്യ ദേശത്ത് നിന്നും എത്തി നോട്ട്ബുക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ നടിയാണ് റോമ. അതുകഴിഞ്ഞ് അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റകളും ആയിരുന്നു. നോട്ട്ബുക്ക് പോലെ തന്നെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ചോക്ക്‌ളേറ്റ്. കഴിഞ്ഞ വർഷം ഏതാനും മാസങ്ങളായി സിനിമയിൽ അത്ര സജിവമല്ലാത്ത റോമ ചെന്നുപെട്ടിട്ടുള്ള വിവാദങ്ങൾക്ക് കയ്യും കണക്കുമില്ല. യുകെയിലെ ഒൻപത് സ്ഥലങ്ങളിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി റോമ ഇന്ന് രാവിലെ ലണ്ടനിലേക്ക് വിമാനം കയറി. ലണ്ടനിലേയ്ക്ക് പോകും മുമ്പ് ബാംഗ്ലൂരിലെ വസതിയിൽ വച്ച് റോമ മറുനാടൻ മലയാളിയുമായി മനസ് തുറക്കുന്നു.

  • യുകെയിലേക്കുള്ള ട്രിപ്പിന്റെ ഒരുക്കങ്ങൾ എന്തെല്ലാമായി? ആവേശത്തിലാണോ?

വിസയും ടിക്കറ്റും ഒക്കെ ലഭിച്ചുകഴിഞ്ഞു. ലണ്ടനിലേക്കാണ് യാത്ര. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത ഉള്ള ഒരു ട്രിപ്പാണ് ഇത്. ലോകത്തിന്റെ സർവ്വ കോണിലും ഞാൻ സ്റ്റേജ് ഷോയുമായി പോയിട്ടുണ്ടെങ്കിലും ലണ്ടനിലേക്ക് ഇത് ആദ്യമായാണ്. പലതവണ അവസരം ഒരുങ്ങിയതാണ്. അന്നൊക്കെ സാഹചര്യങ്ങൾ ഒത്തുവന്നില്ല. ലണ്ടനിൽ ഷൂട്ടിങ്ങിനായി പോയിട്ടുണ്ടെങ്കിലും സ്‌റ്റേജ് ഷോ ആദ്യമായിട്ടാണ്. അമേരിക്കയിലും ആസ്‌ട്രേലിയായിലും ഗൾഫിലും ഒക്കെ ലഭിച്ചിട്ടുള്ള സ്വീകരണം വച്ച് നോക്കുമ്പോൾ യുകെയിൽ വലിയ പിന്തുണയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്റെ ജീവിതം മാറ്റിമറിച്ച മലയാളികളെ കാണാനും പരിചയപ്പെടാനും പരമാവധി സൗഹൃദം ഉണ്ടാക്കാനും ഒക്കെ എനിക്ക് വലിയ പ്രിയമാണ്.

  • ഇപ്പോൾ സിനിമയിൽ സജീവം അല്ലല്ലോ. അവസരങ്ങൾ കുറയുന്നത് എന്തുകൊണ്ടാണ്?

അവസരങ്ങൾ കുറയുന്നതല്ല, ഞാൻ വേണ്ടന്ന് വയ്ക്കുന്നതാണ്. ഒരുപാട് ചിത്രങ്ങൾ ചെയ്യുന്നതിൽ എനിക്ക് വിശ്വാസമില്ല. ചെയ്യുന്ന ചിത്രങ്ങൾ ശ്രദ്ധേയം ആകണം എന്നതാണ് എന്റെ തീരുമാനം. ഒട്ടേറെ സ്‌ക്രിപ്റ്റ് വായനക്കെത്താറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു നല്ല സന്ദേശം ഉള്ള ചിത്രമേ ഞാൻ ഇനി എടുക്കൂ. ഇപ്പോൾ ന്യൂജനറേഷൻ സിനിമകളുടെ കാലമാണല്ലോ മലയാളത്തിൽ. ഈ ന്യൂജനറേഷൻ സിനിമകളിൽ എല്ലാം സ്ത്രീകൾ മോശക്കാരായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. അവർ ഒരുപക്ഷേ, ബോൾഡായിരിക്കും. എന്നാൽ വളരെ നെഗറ്റീവായി നായികമാർ ചിത്രീകരിക്കപ്പെടുന്നു. എന്തെങ്കിലും ഒരു പോസിറ്റീവ് ചിന്ത പകരാൻ കഴിയാത്ത സ്ത്രീ കഥാപാത്രങ്ങളെ എനിക്ക് വേണ്ട. അതുകൊണ്ടാണ് ഞാൻ അത്തരം റോളുകൾ തിരസ്‌കരിക്കുന്നത്. നിർഭാഗ്യവശാൽ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് കൂടുതലും എനിക്കും ലഭിക്കുന്നത്. അത് വേണ്ടന്ന് ഞാൻ വച്ചു. അത്തരം കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ ഞാൻ ഇനി അഭിനയിക്കൂ. യുകെയിൽ നിന്ന് വന്നു കഴിഞ്ഞാൽ ഉടൻ വേറെ ചില ചർച്ചകൾ ഉണ്ട്.

  • എന്നാൽ റോമയ്ക്ക് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഉള്ള സ്ഥാനം ഒരു മോഡേൺ പെൺകുട്ടിയുടെ അല്ലേ? അപ്പോൾ ഇതൊക്കെ ഒരു പ്രശ്‌നമാണോ?

അത് എന്റെ എല്ലാ ചിത്രങ്ങളും ഏതാണ്ട് അതേ സ്വഭാവം ഉള്ള ചിത്രങ്ങളായിരുന്നത് കൊണ്ടാണ്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ നിൽക്കുന്ന വേഷങ്ങളാണ് എനിക്ക് വേണ്ടത്. കുടുംബ ഓഡിയൻസിനെയാണ് എനിക്കിഷ്ടം. ഇപ്പോഴും എന്നെ കാണുമ്പോൾ കുട്ടികൾ ഓടി വരുന്നു. അവർക്ക് നോട്ട്ബുക്കിലേയും ചോക്‌ളേറ്റിലേയും റോമയെയാണ് ഇഷ്ം. മറ്റ് പല വഷങ്ങളും ചെയ്ത് കാണുമ്പോൾ അവർ പറയുന്നത് റോമാ ഞങ്ങൾക്ക് ഇത്തരം വേഷങ്ങളിൽ കാണാൻ ഇഷ്ടമില്ല എന്നാണ്.

  • ഇത്തരം ശാഠ്യങ്ങൾ പിടിച്ചാൽ ഇൻഡസ്ട്രിയിൽ നിന്നും ഔട്ടാകാനുള്ള സാധ്യത ഇല്ലേ? വേറെയും ധാരാളം നടിമാരുണ്ടല്ലോ?

ഞാൻ ഉപേക്ഷിച്ച ഒരു കഥാപാത്രത്തേയും കുറിച്ച് എനിക്ക് പിന്നീട് വിഷമിക്കേണ്ടി വന്നിട്ടില്ല. അത്തരം സിനിമകൾ പിന്നീട് കാണുമ്പോൾ എന്റെ തീരുമാനം ഉചിതമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ എന്റെ അഭ്യുദയ കാംക്ഷികളോട് ചോദിക്കാറുണ്ട് ഈ വേഷം ഞാൻ എടുക്കണമായിരുന്നോ എന്ന്. അവരൊക്കെ പറയും നന്നായി അത് വേണ്ടെന്ന് വച്ചതെന്ന്. സമൂഹത്തിന് ഒരു സന്ദേശം നൽകാൻ പറ്റുന്ന ഒരു സിനിമ മതി എനിക്ക്.

  • എന്നാൽ കാസിനോവ അത്ര വലിയ മെസേജ് ഉള്ള ഒരു ചിത്രം ആയിരുന്നില്ലല്ലോ? ഈ അടുത്തകാലത്ത് കേരളം കണ്ട ചിത്രങ്ങളിൽ വച്ച് ഏറ്റവും തല്ലിപ്പൊളി ചിത്രമായിരുന്നില്ലേ കാസിനോവ?

കാസിനോവയുടെ ദുരന്തം എന്നെ ഞെട്ടിച്ചു. റോഷൻ ആൻഡ്രൂസ്സും ബോബി സഞ്ജയും മോഹൻലാലും ചേർന്നൊരുക്കിയ ഒരു ചിത്രത്തിന് ഈ ഗതി വരുമെന്ന് ആരെങ്കിലും കരുതുമോ? തിരക്കഥയായിരുന്നു അതിന്റെ പ്രശ്‌നമെന്നാണ് പിന്നീട് ഞാൻ മനസ്സിലാക്കിയത്. കാസിനോവയിലേക്കുള്ള എന്റെ പ്രവേശനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ഞാൻ തിരക്കഥ പോലും കേൾക്കാതെയാണ് സമ്മതിച്ചത്. എന്നെ മലയാള സിനിമയിൽ അവതരിപ്പിച്ച ആളാണ് റോഷൻ ആൻഡ്രൂസ്. റോഷൻ സാർ ഒരു സിനിമയിലേക്ക് വിളിച്ചാൽ പിന്നെ കൂടുതൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. അതുകൊണ്ട് തന്നെ വിളിച്ചപ്പോൾ തന്നെ എന്ത് റോളായാലും ഓകെ പറഞ്ഞ് സമ്മതിക്കുകയായികരുന്നു.

  • റോമയുടെ സിനിമയിലേക്കുള്ള കടന്ന് വരവ് എങ്ങനെയായാരുന്നു?

ഒരു പരസ്യ മോഡൽ ആയിട്ടാണ് ഞാൻ കരിയർ ആരംഭിക്കുന്നത്. ഡൽഹിയിലെ സിന്ധി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അച്ഛനും അമ്മയും ചെന്നൈയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹോൾസെയിൽ ആഭരണശാലയുടെ ഭാഗമായി ഞാൻ വളർന്നത് ചെന്നൈയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ തമിഴ് എനിക്ക് പരിചയം ഉള്ള ഭാഷയായി മാറി. അങ്ങിനെയാണ് ഞാൻ തെന്നിന്ത്യയിലെ തിരക്കുള്ള മോഡൽ ആയി മാറിയത്. മലയാളത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്നിട്ടും ശീമാട്ടിയുടെ പരസ്യത്തിൽ ഞാൻ അഭിനയിച്ചിരുന്നു. അതിനിടയിലാണ് 2005-ൽ ഞാൻ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. എങ്കിലും സിനിമയാണ് എന്റെ കരിയർ എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. ഞാൻ അതിൽ കൂടുതൽ ശ്രദ്ധിച്ചതുമില്ല.

  • നോട്ട്ബുക്കിലെ അഭിനേത്രിയായി എങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്?

ഒരു ദിവസം നോട്ട് ബുക്ക് ടീമിന്റെ കോർഡിനേറ്റർ എന്നെ വിളിച്ച് കേരളത്തിൽ ഒരു അവാർഡ് ജേതാവായ സംവിധായകന് റോമയുടെ ചിത്രം ഇഷ്ടപ്പെട്ടു. അഭിനയിക്കാൻ താത്പര്യം ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. നോട്ട്ബുക്കിലേക്ക് ക്ഷണം കിട്ടുമ്പോൾ ഞാൻ ഒരു മലയാള സിനിമ കണ്ടിട്ട് പോലും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അതെങ്ങനെ ശരിയാകും എന്നായിരുന്നു എന്റെ ചോദ്യം. എന്നാൽ കഴിഞ്ഞ ഏറെനാളായി റോഷൻ സാർ പറ്റിയ കഥാപാത്രത്തെ തെരഞ്ഞ് നടക്കുകയായിരുന്നെ്നും റോമയുടെ ചിത്രം കണ്ടതോടെ ഏറ്റവും കൃത്യമായി യോജിക്കുന്ന കഥാപാത്രം ആണെന്ന് തോന്നിയെന്നും പറഞ്ഞു. ഏതാണ്ട് 5000 ഫോട്ടോകൾ പരതിയാണ് സാർ എന്നെ കണ്ടെത്തിയതെന്നാണ് കോർഡിനേറ്റർ പറഞ്ഞത്.

  • കോർഡിനേറ്റർ വഴി തന്നെ കരാർ ഉറപ്പിച്ചോ?

പിറ്റേ ദിവസം റോഷൻ സർ വിളിച്ച് കഥ പറഞ്ഞ് കേട്ടു. എനിക്കും തോന്നി ഈ കഥ എനിക്ക് പറ്റിയ ചിത്രമാണെന്ന്. ഞാൻ ഒരു കണ്ടീഷൻ മാത്രം വച്ചു. സാറാ എലിസബത്തിന്റെ കഥാപാത്രം മാത്രമേ ഞാൻ ചെയ്യൂ എന്നായിരുന്നു എന്റെ ഡിമാന്റ്. അതല്ലാതെ മറ്റൊരു കഥാപാത്രത്തെക്കുറിച്ച് പറയുകയേ വേണ്ട എന്ന് ഞാൻ ശഠിച്ചു. റോഷൻ സാർ എനിക്ക് വേണ്ടി കണ്ടുവച്ചിരുന്ന കഥാപാത്രവും അത് തന്നെയായിരുന്നു. മികച്ച പ്രതിഫലവും വാഗ്ദാനം ചെയ്തതോടെ ഞാൻ മലയാളത്തിലെ നടിയായി മാറുകയായിരുന്നു.

  • എങ്ങനെയുണ്ടായിരുന്നു നോട്ട്ബുക്കിലെ സെറ്റും സഹപ്രവർത്തകരും? മലയാളത്തിലെ മുൻനിര നായികയായി മാറിയപ്പോഴത്തെ അനുഭവം ഒന്ന് വിവരിക്കാമോ?

മോഡൽ എന്ന നിലയിൽ തന്നെ സെറ്റും ടീമും എല്ലാം എനിക്ക് സുപരിചിതം ആയിരുന്നതിനാൽ ഏറെ കഷ്ടപ്പാട് ഒന്നും വേണ്ടി വന്നില്ല. ഊട്ടിയിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. വീണ്ടും ഊട്ടിയിലേക്ക് സ്‌കൂൾ യൂണിഫോം ഒക്കെ ഇട്ടുള്ള യാത്ര വല്ലാത്ത അനുഭവം ആയി മാറി. ഞാൻ ശരിക്കും സിനിമ ആസ്വദിച്ചത് അപ്പോഴാണ്. മലയാള സിനിമ അപ്പോൾ ഒരു വല്ലാത്ത അനുഭവം ആയി മാറി. മറ്റു ഭാഷകളിൽ ഒന്നും നായികമാർക്ക് പ്രസക്തി ഇല്ല. മലയാളത്തിൽ പക്ഷേ, നായികമാർക്ക് വലിയ പങ്കുണ്ട്. തിരക്കഥകൾ അവരുടെ കൂടെയാണ്. അതുകഴിഞ്ഞ് വന്ന ചോക്കളേറ്റ് കൂടിയായപ്പോൾ ഞാൻ പെട്ടന്ന് മലയാളത്തിന്റെ ഭാഗമായി മാറി. ഒട്ടേറെ സിനിമകളുടെ ഓഫർ വന്നു. എവിടെ ചെന്നാലും മലയാളികൾ കഥാപാത്രത്തിന്റെ പേരിൽ പരിചയപ്പെടാൻ തുടങ്ങി. ഞാൻ ശരിക്കും കേരളീയ ആയി മാറുകയായിരുന്നു.

  • എന്നിട്ടും ഏറെ വൈകാതെ ബ്രേക്ക് വന്നല്ലോ? മലയാളസിനിമയിൽ നിന്നും തഴയപ്പെട്ടു എന്നു തോന്നിയോ?

പലരും കരുതുന്നതുപോലെ എനിക്ക് അവസരം ലഭിക്കാതെ വന്നതല്ല. ഞാൻ വേണ്ടന്ന് വച്ചതാണ്. ഒന്നു രണ്ട് സിനിമകളിൽ ഗ്രേ കാരക്ടർ എടുത്തതോടെ സംവിധായകർക്ക് പ്രിയം അത്തരം കഥാപാത്രങ്ങളോടായി. എനിക്കതിൽ താത്പര്യം ഇല്ലാതായി. ചെയ്യുകയാണെങ്കിൽ ശ്രദ്ധേയമായ കുടുംബവേഷങ്ങൾ മാത്രം ചെയ്യണം. അങ്ങനെ ഞാൻ മനപൂർവ്വം കുറച്ചതാണ് എന്റെ സിനിമയുടെ എണ്ണം.

  • അക്കാലത്ത് കേട്ട അനേകം വിവാദങ്ങൾ റോമയുടെ കരിയറിനെ തളർത്തിയെന്ന് പറയണോ? ഗോസിപ്പുകളിൽ എന്നും റോമ മുമ്പിൽ ആയിരുന്നല്ലോ?

വിജയത്തിന്റെ ഭാഗമാണ് നുണക്കഥകളുടെ പ്രചാരണവും. അത് ഏത് മേഖലയിലും ഉണ്ട്. നമ്മൾ വിജയിക്കുമ്പോൾ നമുക്കെതിരെ അറിഞ്ഞിട്ടോ കേട്ടിട്ടോ ഇല്ലാത്ത കഥകൾ ഉയർന്നു വരും. അനേകം പേരുമായി ചേർത്ത് ഗോസിപ്പുകൾ കേട്ടു. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പിന്നീട് ഇതിൽ ഒന്നും കാര്യമില്ല എന്നു മനസ്സിലായി. അതോടെ ഞാൻ അവഗണിക്കാനും തുടങ്ങി.

  • ഒരു ചെറുപ്പക്കാരന്റെ നെഞ്ചിൽ ചാരി അല്പവസ്ത്രധാരിയായ റോമ ഒരു ബാറിൽ ഉല്ലസിക്കുന്ന ചിത്രവും വളരെ കുപ്രസിദ്ധി നേടിയിരുന്നില്ലേ?

ഞാനും കണ്ടിരുന്നു ആ ചിത്രം. ആരെടാ ഈ പയ്യൻ എന്നോർത്ത് ഞാൻ മൂക്കത്ത് വിരൽ വച്ചുപോയി. മോർഫ് ചെയ്‌തെടുത്ത ചിത്രമാണ് അത്. അത്തരം ആരേയും എനിക്കറിയില്ല.

  • ഇതേക്കുറിച്ച് പൊലീസിൽ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്?

ഇങ്ങനെ പരാതിയുമായി നടന്നാൽ അതിനല്ലേ നേരം വരൂ. പറയുന്നവർ പറയട്ടെ, എന്നെ അറിയുന്നവർക്കറിയാം ഞാൻ ആരാണെന്ന്. ഞാൻ ഇതൊന്നും ഒട്ടും ഗൗനിക്കുന്ന കൂട്ടത്തിൽ അല്ല.

  • മുത്തൂറ്റ് പോൾ എം ജോർജ്ജ് കൊല ചെയ്യപ്പെടുമ്പോൾ കാറിൽ റോമയും ഉണ്ടായിരുന്നു എന്നും ഗോസിപ്പ് പടർന്നിരുന്നു. അതേക്കുറിച്ച്?

ഞാനും അത് കേട്ടു. ആ സമയത്ത് ഞാൻ ചെന്നൈയിൽ ആയിരുന്നു. പൊലീസ് എന്നെ അറസ്‌ററ് ചെയ്‌തെന്നും ചോദ്യം ചെയ്‌തെന്നും ഒക്കെയാണ് ചില പ്രസിദ്ധീകരണങ്ങൾ അടിച്ച് വിട്ടത്. അത് അവരുടെ വയറ്റിപ്പിഴപ്പിനുള്ള മാർഗ്ഗമല്ലേ. അതവർ തുടരട്ടെ. എന്റെ പരിചയക്കാർ അനേകം പേർ വിളിച്ച് ചോദിച്ചിരുന്നു എന്ത് സംഭവിച്ചു എന്ന്.

  • സിനിമയിലെ ബന്ധങ്ങൾ എങ്ങനെ?

മിക്കവരുമായും നല്ല ബന്ധമാണ് ഉള്ളത്. മീരാ ജാസ്മിൻ എന്റെ അടുത്ത സുഹൃത്താണ്. മിക്കവാറും കാണാറുണ്ട്.

  • മീരയുടെ കാമുകൻ രാജേഷ് വഞ്ചിച്ചു എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?

ഞങ്ങൾ സിനിമയല്ലാതെ മറ്റൊരു കാര്യവും സംസാരിക്കാറില്ല. മാത്രമല്ല, വേറൊരാളുടെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

  • മറ്റ് താരങ്ങളെക്കുറിച്ച്?

മമ്മൂട്ടിയെക്കുറിച്ച് ലെജന്റ് എന്ന വാക്ക് ക്യാപിറ്റൽ ലറ്ററിൽ എഴുതി വിശേഷിപ്പിക്കണം. ഇങ്ങനെ ഒരു നടനുണ്ടോ ഭൂമിയിൽ. ലാലേട്ടനേയും നല്ല ബഹുമാനമാണ്. കാസിനോവയിൽ പ്രണയത്തെക്കുറിച്ച് ലാലേട്ടൻ എന്നോട് പറയുന്ന ഭാഗമുണ്ട്. ഒരുപക്ഷേ, എനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെട്ട സീൻ ആയിരിക്കും അത്. ദിലീപ്, ജയറാം എല്ലാവരുമായും എനിക്ക് നല്ല ബന്ധമാണ്.

  • കാമുകന്മാർ ഉണ്ടായിട്ടുണ്ടോ? വിവാഹത്തെക്കുറിച്ച് വല്ല പ്ലാനും?

ഒരു പൊട്ട പ്രണയം എനിക്കും ഉണ്ടായിരുന്നു. സിനിമയുടെ തുടക്കകാലത്താണ് അത്. പിന്നീട് മനസ്സിലായി അതല്ല എന്റെ പുരുഷൻ എന്ന്. അതങ്ങനെ അങ്ങ് തീർന്നു. മനസ്സിന് പറ്റിയ ഒരാളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അത് കണ്ടെത്തിയാൽ വിവാഹം കഴിക്കാം. ഇപ്പോൾ അത്തരം പദ്ധതിയൊന്നും മനസ്സിൽ ഇല്ല. വിവാഹം അതിമനോഹരമായ ഒരു ഇൻസിറ്റേഷൻ ആണ്. അതിൽ സമർപ്പണം ഉണ്ട്, കൊടുക്കൽ വാങ്ങൽ ഉണ്ട്. വിട്ടുവീഴ്ചകൾ ഉണ്ട്. രണ്ട് പേർ തമ്മിലുള്ള കമ്മിറ്റഡ് കോൺട്രാക്ട് ആണ് അത്. അത് വിശുദ്ധമായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. അത്തരം ഒരാളെ ഇനിയും ജീവിതത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ന്യൂജനറേഷൻ രീതികളോട് എനിക്ക് വെറുപ്പാണ്.

  • സിനിമയിലെ കുടുംബജീവിതം പരാജയം ആണെന്നാണല്ലോ പൊതുവേ കണ്ടുവരുന്നത്? അതേക്കുറിച്ച് ശങ്ക ഉണ്ടോ?

അതാര് പറഞ്ഞു? അതൊരു പുതിയ കണ്ടുപിടിത്തം ആണല്ലോ? അത്തരമൊരു ജനറലൈസേഷൻ വഴി എന്ത് നേടുന്നു. എല്ലാ മേഖലയിലും ഉണ്ട് പ്രശ്‌നങ്ങൾ, അവരുടെ വിവാഹമോചനങ്ങൾ പ്രസക്തി നേടുന്നില്ലെന്ന് മാത്രം. എത്രയോ സിനിമാക്കാരെ എനിക്കറിയാം അസൂയാവഹമായ കുടുംബ ജീവിതം നയിക്കുന്നവരെ. എത്രയോ സാധാരണക്കാരെ എനിക്കറിയാം എന്നും അലമ്പും വഴക്കുമായി കഴിയുന്നത്. ഇക്കാര്യത്തിൽ ജനറലൈസേഷൻ വേണ്ട

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP