Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളീലച്ചന്മാരെ കള്ളന്മാരാക്കിയതല്ല കള്ളന്മാർ അച്ചന്മാരുടെ വേഷം കെട്ടിയതാണ്: റോമൻസ് വിവാദകാലത്ത് ഉറക്കം നഷ്ടപ്പെട്ട കഥ മറുനാടൻ മലയാളിയോട് പറഞ്ഞ് ബോബൻ സാമുവൽ

പള്ളീലച്ചന്മാരെ കള്ളന്മാരാക്കിയതല്ല കള്ളന്മാർ അച്ചന്മാരുടെ വേഷം കെട്ടിയതാണ്: റോമൻസ് വിവാദകാലത്ത് ഉറക്കം നഷ്ടപ്പെട്ട കഥ മറുനാടൻ മലയാളിയോട് പറഞ്ഞ് ബോബൻ സാമുവൽ

കെ ആർ ഷൈജുമോൻ

''നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിൽ പല പ്രയാസങ്ങളും കടന്നു വരും. ഏറ്റവും അധികം സന്തോഷം തോന്നേണ്ട സമയത്ത് തന്നെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ദിവസങ്ങളും തള്ളി നീക്കേണ്ട ദുരവസ്ഥയാണ് റോമൻസ് എനിക്ക് സമ്മാനിച്ചത്. കരഞ്ഞും തളർന്നും ഉറക്കം പോലും നഷ്ട്ടപ്പെട്ട ദിവസങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെ സംഭവിച്ച വിവാദം എങ്ങനെ നേരിടും എന്നറിയാതെ ശൂന്യതയിൽ ചിലവഴിച്ച നിമിഷങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഭവം ആയി അത് മാറുക ആയിരുന്നു. പക്ഷെ സത്യത്തിലും നീതിയിലും വിശ്വസിക്കുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകാതെ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാനെ ഇപ്പോൾ കഴിയൂ.'' റോമൻസ് സിനിമയിൽ വൈദികരെ മോശമായി ചിത്രീകരിച്ചു എന്ന് വിവാദം ഉണ്ടാക്കി ചിലർ കോടതിയിൽ വരെ പോയ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് പ്രശസ്ത സംവിധയകാൻ ബോബൻ സാമുവൽ.

ഒറ്റ കൈവിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ട് തന്നെ ജനപ്രിയ സംവിധായകൻ എന്ന സ്ഥാനം കരസ്ഥമാക്കുക എന്നത് ഏതു സിനിമാക്കാരനും ആഗ്രഹിക്കുന്നതാണ്. എന്നാൽ സംഭവിക്കുന്നത് പലപ്പോഴും മറിച്ചാകും. വർഷങ്ങളുടെ തപസ്യ കൊണ്ട് മാത്രം ജനപ്രിയ സ്ഥാനം കണ്ടെത്താൻ കഴിയുന്നവരിൽ ഭാഗ്യശാലി ആയി മാറുകയാണ് ബോബൻ. ആദ്യ സിനിമ വിജയം ആകുകയും രണ്ടാമത്തെ സിനിമ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തതോടെ ബോബൻ സാമുവൽ എന്ന സംവിധയകാൻ മലയാള സിനിമയുടെ സ്‌ക്രീനിൽ സ്വന്തം പേരും എഴുതി ചേർക്കുക ആയിരുന്നു. ബോബന്റെ സിനിമ ചെയ്യാൻ മമ്മൂട്ടി പോലും തയാറായി കാത്തിരിക്കുന്ന വിശേഷങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ ബ്രിട്ടനിൽ ടൂറിലുള്ള ബോബൻ. അവധിക്കാലം ആസ്വദിക്കുന്ന ബോബൻ സാമുവലുമായി മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോൻ, നടത്തിയ സംഭാഷണത്തിലൂടെ:

  •  വളരെ ശ്രദ്ധാപൂർവ്വം സിനിമ ചെയ്യുന്ന സംവിധായകൻ എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള അപൂർവ്വം ചിലരിൽ ഒരാൾ. ഓരോ പടവും വ്യത്യസ്ഥ പ്രമേയങ്ങൾ ആണ് പ്രേക്ഷകരുമായി സംവദിക്കുന്നത്. ഇത് മനപൂർവം സംഭവിക്കുന്നതാണോ?

തീർച്ചയായും. വേണമെങ്കിൽ ട്രെന്റിനെ പിന്തുടരാം. റോമൻസ് പോലെ ഒരെണ്ണം കൂടി ചെയ്യാം, ചാക്കോച്ചന്റെയോ ബിജു മേനോന്റെയോ ഡേറ്റ് പോലും പ്രശനം ആകില്ലായിരുന്നു. പക്ഷെ അങ്ങനെ വേണ്ട എന്ന തീരുമാനം ആണ് വത്യസ്ഥമായ പ്രമേയം തേടി പോകാൻ കാരണം. ഒരു പടം കഴിഞ്ഞു അടുത്തതിലേക്ക് നമുക്ക് സ്വയം സെറ്റ് ചെയ്യാൻ സമയം എടുക്കും. പണ്ടത്തെ പോലെ രണ്ടു മാസം കൂടുമ്പോൾ ഓരോ പടം ചെയ്യുന്ന രീതിയൊന്നും ഇനി നടക്കില്ല. ഏറെ സൂക്ഷ്മതയോടെ തന്നെ സിനിമയെ സമീപിച്ചാലെ നല്ല സിനിമകൾ സൃഷ്ട്ടിക്കാൻ കഴിയൂ.

  • ഇത്തരം ശ്രദ്ധ ഇല്ലാതെ പോകുന്നതാണോ പല പടങ്ങളും പരാജയപ്പെടാൻ കാരണം

അങ്ങനെ പറയാൻ പറ്റില്ല. എത്രയോ നല്ല പടങ്ങൾ പൊളിഞ്ഞിരിക്കുന്നു. പല സാഹചര്യങ്ങളെ ആശ്രയിച്ചാണ് ഒരു പടം വിജയിക്കുന്നത്. അതിൽ സംവിധായകന്റെ മേന്മ എന്നോ നടന്റെ മേന്മ എന്നോ ഒക്കെ പറയാൻ പറ്റില്ല. അങ്ങനെ ആണെങ്കിൽ ഒരു സംവിധയകാനോ നടനോ ചെയ്യുന്ന എല്ലാ പടങ്ങളും വിജയിക്കേണ്ടേ ? റിലീസിങ്ങ് ഡേറ്റ് മുതൽ ട്രെന്റ് വരെ ഇപ്പോൾ പടങ്ങൾ വിജയിക്കാനും പരാജയപ്പെടനും കാരണം ആകുകയാണ്. ഒരു പക്ഷെ ഒരു നടൻ പ്രത്യേക റോളിൽ ഇല്ലാതെ പോകുന്നത് മുതൽ പരസ്യത്തിനായി ഇറക്കുന്ന പോസ്‌റർ പോലും വിജയപരാജയ ഘടകങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്നു. ഇതിനൊക്കെ പുറമേ ജനത്തിന്റെ മനോഭാവം മാറി എന്നതും പ്രധാന കാരണം ആയി പരിഗണിക്കേണ്ടി വരും.

  • എന്താണ് ഇപ്പോൾ ജനം സിനിമയിൽ നിന്നും ആഗ്രഹിക്കുന്നത്?

എനിക്ക് തോന്നുന്നത് സിനിമ ശരിക്കും എന്റർറ്റൈനർ ആയി മാത്രമാണ് ജനം ഇപ്പോൾ കരുതുന്നത്. ഈ ട്രെന്റ് എപ്പോൾ വേണമെങ്കിലും മാറാം. ജീവിതത്തിലെ പ്രയാസങ്ങൾ മാറ്റി വച്ച് രണ്ടു മണിക്കൂർ സർവ്വതും മറന്ന് ആസ്വദിക്കാൻ ഉള്ള ഒരു ഫോർമുല തയ്യാറാക്കിയാൽ ജനം സ്വീകരിക്കും. അറിവ് നേടാനായി ഇപ്പോൾ സിനിമ കാണേണ്ട കാര്യം ഇല്ല. ടി വി യും ഇന്റെർനെറ്റും ആ ജോലി ഏറ്റെടുത്തിട്ടുണ്ട്.

  • പക്ഷെ സാമൂഹ്യ സന്ദേശങ്ങൾ ഉള്ള സിനിമകളും ജനം സ്വീകരിക്കുന്നുണ്ടല്ലോ?

തീർച്ചയായും, അത്തരം സിനിമകൾ വേണ്ടന്നല്ല പറഞ്ഞതിനർത്ഥം. അവ കാണാൻ ജനം തയ്യാറാകും, നന്നായി ചെയ്താൽ.

  • എന്റർറ്റൈനർ എന്ന് വിശേഷിപ്പിച്ചു സിനിമയെ സമീപിച്ചാൽ നമുക്ക് ഇനിയൊരു ആകാശദൂതും ആട്ടക്കലാശവും ഉണ്ടാകില്ല എന്നാണോ

സിനിമയിൽ സെന്റിമെന്റ്‌സ് വർക്ക് ഔട്ട് ആകും, സംശയം ഇല്ല. പക്ഷെ ഇപ്പോഴത്തെ മൂഡ് ചിരിക്കും വിനോദത്തിനും പ്രാധാന്യം നല്കുന്ന തരത്തിലാണ്. നേരത്തെ പറഞ്ഞ പോലുള്ള സിനിമകൾ ഇനിയും ഉണ്ടാകാം. പക്ഷെ ജനത്തിന്റെ മൂഡ് അതിവേഗം മാറുന്ന സ്ഥിതിയിൽ റിസ്‌ക് എടുക്കാൻ എത്ര പേർ തയ്യാറാകും എന്നതാണ് പ്രധാനം.

  • റോമൻസ് വിവാദം ബോധപൂർവം സൃഷ്ട്ടിക്കപ്പെടുക ആയിരുന്നു എന്ന് പോലും ആരോപണം ഉയർന്നിരുന്നു

എന്നെപോലെ ഒരാളെ കുറിച്ച് അങ്ങനെ പറയാൻ പറ്റുമോ? എനിക്ക് അന്നമാണ് സിനിമ. വേറെ ജോലിയോ സൈഡ് ബിസിനസ്സോ ഉള്ള ആളല്ല ഞാൻ. ഒരു തുടക്കക്കാരാൻ എന്ന നിലയിൽ ആ വിവാദം എന്നെ തകർത്തു കളഞ്ഞേനെ. ഉണ്ണാതെ, ഉറങ്ങാതെ, കരഞ്ഞു തളർന്ന ദിവസങ്ങൾ ആയിരുന്നു അത്. ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല, അത്തരം ഘട്ടത്തിലൂടെ കടന്നു പോയവർക്ക് ഇത് പറയുമ്പോൾ വ്യക്തമാകും. എന്തെങ്കിലും സംഭവിച്ചാൽ എന്റെ ജീവിതം തന്നെ തകർന്നു പോയേനെ. വേറെ ജോലി കിട്ടാൻ സാഹചര്യം ഉണ്ടായിട്ടും സിനിമയെ പ്രണയിച്ചു വന്ന ആളാണ് ഞാൻ (സർക്കാർ സർവീസിൽ ഇരിക്കെ പിതാവ് മരിച്ചതിനാൽ ആശ്രിത നിയമനത്തിന് ഉള്ള അർഹത തേടി പോകാതെ സിനിമക്ക് പുറമേ കൂടുക ആയിരുന്നു ബോബൻ).

തിയ്യറ്ററിൽ ജനം എത്തണം എന്നാഗ്രഹിച്ച് നമ്മൾ ഒരു പടം ചെയ്യുമ്പോൾ ഒരിക്കലും അത്തരം കുതന്ത്രങ്ങൾ പ്രയോഗിക്കാൻ കഴിയില്ല. അല്ലെങ്കിലും, എന്തിനു വേണ്ടി അങ്ങനെ വിവാദം ഉണ്ടാക്കണം? എന്നിട്ടെന്തു നേട്ടം? എത്രയോ മനുഷ്യരുടെ ജീവിതം യാതൊരു അടിസ്ഥാനവും ഇല്ലാത്ത വിവാദങ്ങൾ വഴി തകർന്നു പോയിരിക്കുന്നു. വഴി തെറ്റി മറിഞ്ഞു വീഴുമ്പോൾ നമുക്ക് വേദനിക്കും. എന്നാൽ കുറേക്കാലം കഴിഞ്ഞു പലതും നമുക്ക് ഒരു തമാശ ആയെ തോന്നൂ. പല വേദനകളും കാലം മായ്ക്കും. പള്ളിയിലെ അച്ചന്മാരെ കള്ളന്മാരയല്ല ആ സിനിമ ചിത്രീകരിച്ചത്. കള്ളന്മാരാണ് അച്ചന്മാരായി വേഷം കെട്ടിയത്. അപ്പോൾ അതിൽ വിവാദത്തിന്റെ കാര്യം എന്താണ് ? എന്ത് കുതന്ത്രവും ഒപ്പിക്കുന്നവരെ അല്ലെ കള്ളന്മാർ എന്ന് നാം വിളിക്കുന്നത്?

  • പുതുതലമുറ രാഷ്ട്രീയത്തിൽ നിന്ന് അകലുന്നു എന്ന് കേൾക്കുന്നത് കൊണ്ടാണോ രാഷ്ട്രീയ സിനിമകൾ ഉണ്ടാകാത്തത്. താങ്കൾ രാഷ്ട്രീയ പ്രമേയം അടിസ്ഥാനമാക്കി സിനിമ ചെയ്യുമോ

രാഷ്ട്രീയം ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ അതിനു പുതുതലമുറയെ കുറ്റം പറയാൻ ആകില്ല. നല്ലത് ഒന്നും ലഭിക്കുന്നില്ല എന്ന തോന്നലാകും അവരെ രാഷ്ട്രീയത്തിൽ നിന്നും അകറ്റുന്നത്. രാഷ്ട്രീയ സിനിമകൾ ഇനിയും ഉണ്ടാകും. അതിനു പ്രേഷകരെയും കിട്ടും. എന്നാൽ എനിക്ക് വഴങ്ങാത്ത സബ്ജക്റ്റ് ആയതിനാൽ തല്ക്കാലം ആ വഴിക്ക് ചിന്തിക്കുന്നില്ല.

  • ഈ യാത്രയിൽ ആകർഷിച്ച പ്രധാന കാര്യമെന്ത്

ഞാൻ ഇവിടുത്തെ ഓരോ ചലനവും നോക്കി കാണുകയാണ്. എയർ പോർട്ടിൽ ഇറങ്ങിയത് മുതൽ ശ്രദ്ധിക്കുന്നു. ഇവിടെ റോഡ് ട്രാഫിക്കിൽ കാണിക്കുന്ന ഡീസൻസി നമ്മുടെ നാട്ടിൽ നിന്ന് വരുന്ന ഒരാളുടെ കണ്ണിൽ പെടാതെ പോകുന്നില്ല. റോഡ് മുറിച്ചു കടക്കാൻ ആൾ നിൽക്കവെ എത്ര വേഗത്തിൽ വരുന്ന വാഹനവും നിർതിക്കൊടുക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ എന്നുണ്ടാകും എന്നാണ് ഞാൻ ആലോചിക്കുന്നത്. വലതോട്ട് പോകാൻ ഇൻടിക്കേറ്റർ ഇട്ട വാഹനം കടന്നു പോകാൻ കാത്തു നിൽക്കുന്ന വാഹന നിരയും ഒക്കെ മര്യാദയുടെ പാഠങ്ങൾ ആണ് പഠിപ്പിക്കുന്നത്. സത്യത്തിൽ എൺപതുകളിൽ ഐ വി ശശി ചെയ്ത ഇനിയെങ്കിലും എന്ന സിനിമയിൽ ഇതൊക്കെ പറയുന്നുണ്ട്. ആ സിനിമയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണ്.

  • സൂപ്പർ സ്റ്റാറുകളെ ഒഴിവാക്കുകയാണോ?

ഒരിക്കലും അല്ല. എന്റെ ജനറേഷനിൽ പെട്ടവരുടെ ഒക്കെ ആഗ്രഹമായിരിക്കും മമ്മൂക്കയെയും ലാലേട്ടനെയും വച്ച് ഒരു സിനിമ എങ്കിലും ചെയ്യുക എന്നത്. ഇപ്പോൾ മനസ്സിൽ ഉള്ള സെവാൻ ആർട്‌സ് പ്രൊജക്റ്റ് കഴിഞ്ഞാൽ മമ്മൂക്കക്കു വേണ്ടിയുള്ള ചിത്രമായിരിക്കും. ഓം ശാന്തി ഓശാന ചെയ്ത മിഥുൻ മാനുവൽ തോമസ് ആണ് കഥ തയ്യാറാക്കുന്നത്.

  • അനേക വർഷം മറ്റുള്ളവരുടെ കൂടെ ജോലി ചെയ്തിട്ടും എന്തെ സ്വന്തമായി ഒരു പടം ചെയ്യാൻ പലർക്കും കഴിയുന്നില്ല?

ഞാൻ 1991 മുതൽ സിനിമ രംഗത്ത് ഉള്ള ആളാണ്. പക്ഷെ ആദ്യ പടം ചെയ്തത് 2011 ലാണ്. എല്ലാം ഒത്തു വരാൻ സമയം എടുക്കും. എല്ലാം ഒത്തു വന്നാലും ചിലപ്പോൾ ദൈര്യം കാണില്ല. അല്ലെങ്കിൽ നല്ല പ്രോജക്ടിനായി കാത്തിരിപ്പ്..... ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി തടസ്സങ്ങൾ വരുമ്പോൾ ആണ് സ്വന്തമായുള്ള പടം അനന്തമായി നീളുന്നത്.

  • സിനിമ ഒരു സ്ഥിരം വരുമാനം ഉള്ള തൊഴിൽ എന്ന് ഉറപ്പു പറയാൻ പറ്റില്ല....... പടം ഇല്ലാതിരിക്കുമ്പോൾ നാളെ എന്ത് എന്ന പേടി തോന്നിയിട്ടുണ്ടോ?

ശരിക്കും. പടം വിജയിക്കും മുൻപ് വരെ അടുപ്പമുള്ളവരും മറ്റും പെരുമാറിയ രീതികൾ മനസ്സിൽ ഉണ്ട്. എന്നാൽ പടം വിജയിച്ചു കഴിഞ്ഞാൽ പൊടുന്നനെ ഇതക്കെ മാറുകയും ചെയ്യും. വിജയം ഉള്ളവന്റെ കൂടെ ആളും ഉണ്ടാകും. കഴിവ് തെളിയിച്ചവരെ ഏതു ഫീൽടിലും ആർക്കും മാറ്റിനിർത്താൻ കഴിയില്ല. മിടുക്കരായ ഡോക്ടർമാരുടെ പേരിൽ തന്നെ അറിയപ്പെടുന്ന എത്രയോ ആശുപത്രികൾ ഉണ്ട്. എന്തായാലും ഇപ്പോൾ നാളെയെ കുറിച്ച് എനിക്ക് ഭയം ഇല്ല. രണ്ടു ദിവസം വൈകിയാലും എന്റെ പ്രോജക്ടുകൾ പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസമാണ് ഇപ്പോൾ എന്റെ ശക്തി.

സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിധ്യം ആയ രേശ്മിയാണ് ബോബന്റെ ഭാര്യ. എറണാകുളം മാർത്തോമ സ്‌കൂളിൽ എട്ടിലും നാലിലും പഠിക്കുന്ന നിതീഷ് ബോബൻ, ആകാശ് ബോബൻ എന്നിവരാണ് മക്കൾ. അചന്റെ കലാഹൃദയം പകർന്നു കിട്ടിയിരിക്കുന്നത് മൂത്ത മകനാണ്. നിതീഷ് മങ്കി പെനിലും ഹാപ്പി ജെണിയിലും അഭിനയിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP