Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കഥയില്ലാത്ത സിനിമയെന്ന ആരോപണം എന്റെ വിജയമാകുന്നു; ജനങ്ങൾ കളിമണ്ണിനെ വിജയിപ്പിക്കും; കോളിളക്കങ്ങൾക്കൊടുവിൽ സംവിധായകൻ ബ്ലെസി മറുനാടൻ മലയാളിയോടു മനസുതുറക്കുന്നു

കഥയില്ലാത്ത സിനിമയെന്ന ആരോപണം എന്റെ വിജയമാകുന്നു; ജനങ്ങൾ കളിമണ്ണിനെ വിജയിപ്പിക്കും; കോളിളക്കങ്ങൾക്കൊടുവിൽ സംവിധായകൻ ബ്ലെസി മറുനാടൻ മലയാളിയോടു മനസുതുറക്കുന്നു

ഷാജൻ സ്‌കറിയ

രു വ്യക്തിയെക്കുറിച്ചുള്ള അത്യാവശ്യം എല്ലാ വിവരങ്ങളും അറിയാൻ ഒരാളുടെ പേരിന് കഴിയും. പലരും മതമേതെന്ന് ചോദിക്കാൻ മടിച്ച് ചോദിക്കുക പേരാണ്. ഷാജിയെന്നും സജിയെന്നും ബിജുവെന്നും ഒക്കെയാണ് പേരെങ്കിൽ ഇൻഷ്യൽ എന്ത് എന്ന് ചോദിക്കുമ്പോൾ അറിയാം ലക്ഷ്യം. ജാതിയും മതവും തിരിച്ചറിയാൻ കഴിയില്ലെങ്കിലും ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കഴിയുന്നവയാണ് മിക്ക പേരുകളും. അങ്ങനെ നോക്കിയാൽ ബ്ലെസി ഒരു സ്ത്രീയുടെ പേരാണ്. എന്നിട്ടും മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരിൽ ഒരാളുടെ പേര് ബ്ലെസി എന്നാണ്. കളിമണ്ണ് എന്ന തന്റെ ഏഴാമത്തെ ചിത്രം തിയേറ്ററുകളിൽ ഓടുമ്പോൾ ഇപ്പോഴും ഒരു നവസംവിധായകന്റെ ടെൻഷനും അസ്വസ്ഥതകളുമാണ് ബ്ലസിക്ക്. മറുനാടൻ മലയാളിക്ക് വേണ്ടി കളിമണ്ണിനെക്കുറിച്ച് ബ്ലെസി മനസ്സ് തുറക്കുമ്പോൾ ഈ അവസ്ഥ മുഖത്തും സംസാരത്തിലും ഉണ്ടായിരുന്നു.

പത്ത് വർഷം കൊണ്ട് ഏഴ് സിനിമകൾ മാത്രം എടുക്കുകയും അതിൽ അഞ്ചും സാമാന്യം ഭേദപ്പെട്ട പ്രതികരണം ഉണ്ടാക്കുകയും ചെയ്തിട്ടും ബ്ലെസി ഇപ്പോഴും സംസാരിക്കുന്നത് നവാഗത സംവിധായകന്റെ ആശങ്കയോടും പേടിയോടും എളിമയോടും കൂടിയാണ്. വിജയത്തെക്കുറിച്ച് അമിതാഹ്ലാദമോ പരാജയത്തെക്കുറിച്ചോർത്ത് നിരാശ്ശയോ ബ്ലെസിക്കില്ല. ഒരു കലാകാരൻ താൻ ആഗ്രഹിക്കുന്നത് സിനിമയാക്കി വയ്ക്കുക എന്നതിനപ്പുറം മറ്റൊന്നും കണക്കിലെടുത്ത് കൂട എന്ന് ബ്ലെസി പറയുന്നു. ഭൂതപ്പാട്ട് കവിതകൾ മാത്രം നിറച്ചൊരു സിനിമയെടുക്കണമെന്ന് മോഹിക്കുന്ന മാർക്കറ്റിലെ തരംഗം നോക്കി സിനിമ എടുക്കാൻ മനസ്സില്ല. ബ്ലെസിയുമായുള്ള അഭിമുഖത്തിന്റെ രത്‌നച്ചുരുക്കം:

  •  ഒരു വർഷത്തിൽ അധികമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കളിമണ്ണ് തിയേറ്ററിൽ എത്തി. എങ്ങനെയുണ്ട് പ്രതികരണം? ഇപ്പോൾ എന്ത് തോന്നുന്നു?

തികച്ചും പ്രതീക്ഷാ നിർഭരമാണ് പ്രതികരണം. ഈ സിനിമ സ്ത്രീകൾക്കുള്ളതാണ് എന്ന് അവർ തന്നെ തിരിച്ചറിയുന്നു. കുടുംബ പ്രേക്ഷകർ തന്നെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നു. അനേകം സ്ത്രീകൾ എന്നെ വിളിച്ച് പറയുന്നു- ഒരു അമ്മയായതിൽ തികച്ചും അഭിമാനം തോന്നുന്നത് ഇപ്പോഴാണെന്ന്. അനേകം യുവതികൾ പറയുന്നു ഈ സിനിമ കണ്ടതിന് ശേഷം അമ്മയോട് കൂടുതൽ ഇഷ്ടം തോന്നിയെന്ന്. കളിമണ്ണ് മാതൃത്വത്തിനുള്ള അംഗീകാരമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നത് ആ സിനിമ എടുക്കുന്ന ആളെ സംബന്ധിച്ചിടത്തോളം സ്ത്രീക്ക് കുഞ്ഞ് പിറക്കുന്നത് പോലെയാണ്. അത് പിറന്ന് കഴിയുമ്പോൾ ആശ്വാസം തോന്നും. ആ ആശ്വാസത്തിലാണ് ഞാൻ.

  • സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ കുടുംബ പ്രേക്ഷകരെ മാറ്റി നിർത്തും എന്ന ആശങ്ക ഇല്ലേ? ഒരു തരം അശ്ലീല ചിത്രം എന്നൊരു തോന്നൽ പടർന്നതുകൊണ്ട് കുട്ടികളെക്കൊണ്ട് വരാതിരിക്കാനുള്ള സാധ്യത ഇല്ലേ?

ഈ ആശങ്ക ആദ്യം മുതൽ എനിക്കുണ്ട്. കുറച്ച് പേരെങ്കിലും അങ്ങനെ മാറി നിൽക്കുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ കണ്ടവർ ആവർത്തിച്ച് പറയുന്നു ഇതാണ് യഥാർത്ഥ കുടുംബ ചിത്രം എന്ന്. ഇത്തരം പ്രചാരണങ്ങൾ വഴി ആളുകളുടെ തെറ്റിദ്ധാരണ മാറുകയും അവർ വരികയും ചെയ്യും. വരും ദിവസങ്ങളിൽ കളിമണ്ണ് കൂടുതൽ ശ്രദ്ധ നേടുമെന്നാണ് എന്റെ പ്രതീക്ഷ. അത്തരത്തിലുള്ള ഒരു മാർക്കറ്റിങ്ങ് രീതി തന്നെയാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഒരു സമ്പൂർണ്ണ സ്ത്രീ സിനിമയാണ്. മാതൃത്വത്തിൽ കൂടുതൽ അഭിമാനിക്കാൻ സ്ത്രീകൾക്ക് കഴിയാനും അമ്മമാരെ കൂടുതൽ സ്‌നേഹിക്കാൻ മക്കളെ പ്രേരിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിയും. മക്കൾ ഉന്നതരായിട്ടും ഒരു അമ്മ ഒരു മാസം വീട്ടിൽ മരിച്ച് പുഴുവരിച്ച് കിടന്ന നാടാണ് ഇതെന്ന് മറക്കരുത്. നമ്മുടെ ജീവൻ പറിച്ച് തന്നയാളാണ് അമ്മയെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

  • എല്ലാ ബ്ലെസി സിനിമകളും പ്രവചിക്കാൻ കഴിയുന്ന അതുല്യമായ സ്‌നേഹസ്പർശം കാണാം. അതിഭാവുകത്വം എന്നൊക്കെ വിമർശകർ പറയുമെങ്കിലും അപൂർവ്വമാണ് ഈ സ്‌നേഹം. എന്തുകൊണ്ടാണ് അത്തരം ഒരു ഭാവം എല്ലാ സിനിമയിലും കടന്നു വരുന്നത്?

 മൂന്നാം വയസ്സിൽ അച്ഛനെ നഷ്ടമായ മകനാണ് ഞാൻ. അച്ഛന്റെ കുറവ് കാണിക്കാതെ സ്‌നേഹിച്ച് വളർത്തിയ അമ്മ എന്റെ പതിനാറാം വയസ്സിൽ മരിച്ചു. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഒന്നും എനിക്കില്ല. എന്നാൽ അതെനിക്ക് സങ്കല്പിക്കാൻ സാധിക്കുന്നുമുണ്ട്. എന്റെ മനസ്സിൽ പക്ഷേ, ഞാൻ തന്നെ കോറിയിട്ട ചില ചിത്രങ്ങൾ ഉണ്ട്. അമ്മയാണെങ്കിൽ എനിക്ക് ജീവവായു പോലെയാണ്. ഞാൻ എന്റെ ഭാര്യയോട് പറയാറുണ്ട്- അമ്മ കഴിഞ്ഞേ ഉള്ളൂ എനിക്കെല്ലാം എന്ന്. സ്വാഭാവികമായും അനുഭവിച്ചതും നഷ്ടപ്പെട്ടതുമായ ആ സ്‌നേഹം എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. ആ സ്‌നേഹം കലാകാരൻ എന്ന എന്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. ആ സ്‌നേഹം കലാകാരൻ എന്നഎന്റെ മീഡിയത്തിലൂടെ പ്രതിഫലിപ്പിക്കുന്നു.

  • കളിമണ്ണ് പിറന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?

ആദ്യത്തെ ദൃശ്യം നിറവയറാണ്. വയറ്റിൽ കിടക്കുന്ന കുഞ്ഞുമായി അമ്മയ്ക്ക് സംവദിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയപ്പോൾ അതിന്റെ കൗതുകം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ആദ്യത്തെ ഫ്രെയിമിൽ അഭിമന്യുവിന്റെ ജീവിതം പറയുന്നുണ്ട്. വയറ്റിൽ വച്ചുതന്നെ അമ്മ പറഞ്ഞുകൊടുത്ത പ്രതിരോധ വഴികൾ. ഇത് ബൈബിളും ആവർത്തിക്കുന്നുണ്ട്. മറിയം കാണാൻ എത്തിയപ്പോൾ എലിസബത്തിന്റെ വയറ്റിൽ കിടന്ന് യോഹന്നാൻ തുള്ളിച്ചാടി എന്നു പറയുന്നു. ഒരു കുഞ്ഞിന്റെ സ്വഭാവം അഞ്ചാം വയസ്സിന് മുമ്പ് രൂപീകരിക്കപ്പെടുന്നു എന്ന് ന്യൂറോ ബയോളജിസ്റ്റുകൾ എല്ലാം ഒരുപോലെ സമ്മതിക്കുന്നു. ഈ കണ്ടെത്തലും അനേ്വഷണവും ജീവിതത്തെക്കുറിച്ചുള്ള ഒരു വെളിപാട് കൂടിയാണ്. നമ്മൾ ഒരുപാട്‌പേരുടെ ജീവിത കഥകൾ കേൾക്കുന്നു. എന്നാൽ നമ്മൾ എങ്ങനെ നാമായെന്നു മാത്രം അറിയുന്നില്ല. അല്ലെങ്കിൽ ചിന്തിക്കുന്നുമില്ല.

ഇത്തരം സന്ദേശങ്ങൾ വളരെ ഫിലോസഫിക്കായി തന്നെ കളിമണ്ണിൽ പറയുന്നുണ്ട്. ഇതിനുവേണ്ടി ബോധപൂർവ്വം സൃഷ്ടിച്ച കഥാപാത്രമാണോ സുഹാസിനിയുടേത്? സുഹാസിനി ഫിലോസഫി പറയുമ്പോൾ ഒന്നും പറയാത്ത ശ്വേത അത് പ്രാവർത്തികമാക്കുന്നു.
ശ്വേതയുടെയും സുഹാസിനിയുടേയും ക്യാരക്ടറുകൾ രണ്ട് തരം സിനിമയുടെ പൂർണ്ണതയ്ക്ക് അത്യാവശ്യം ആണ്. ഒരു ബോളീവുഡ് നടിയാകാൻ മോഹിക്കുന്ന ഐറ്റം ഡാൻസുകാരിയാണ് ശ്വേത. ശ്വേതയുടെ ചിത്രങ്ങൾ അത്തരത്തിൽ നിയന്ത്രിക്കപ്പെടണം. എന്നാൽ ഈ സിനിമ ശ്വേതയുടെ കഥാപാത്രത്തിലൂടെ മുമ്പോട്ട് വയ്ക്കുന്ന വലിയൊരു സന്ദേശമുണ്ട്. അതിന് ഉപോൽബലകമായ ചില സംഭാഷണങ്ങളും അറിവുകളും പ്രേക്ഷകന് നൽകണം. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഡോക്ടറേറ്റ് ഉള്ള സുഹാസിനിയുടെ ക്യാരക്ടർ സൃഷ്ടിക്കപ്പെടുന്നത്. അത്തരം ഒരു ക്യാരക്ടർ പറയുമ്പോൾ ആധികാരികതയുണ്ടാകുന്നു. മനുഷ്യനെക്കാൾ നന്നായി പ്രണയിക്കുന്നത് മൃഗങ്ങൾ ആണ് എന്ന് സുഹാസിന് പറയുന്നുണ്ട്. മീനുകളുടെ ജീവിതരീതിയിലൂടെ അത് വ്യക്തമാക്കുന്നുണ്ട്. ഇതിനാണ് കൂടുതൽ വിശ്വാസ്യത.

  • ബ്ലസിയുടെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് ശ്വേതയുടെ രണ്ട് ഐറ്റം ഡാൻസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സിനിമയുടെ കൊമേഴ്‌സ്യൽ വിജയം ലക്ഷ്യമാക്കി മനപൂർവ്വം തിരുകിക്കയറ്റിയതല്ലേ?

ഈ ഐറ്റം ഡാൻസുകളെ എങ്ങനെ തിരുകിക്കയറ്റൽ എന്നു പറയാൻ പറ്റും.ഐറ്റം ഡാൻസുകാരിയുടെ ജീവിതകഥയാണ് ഞാൻ പറയുന്നത്. രണ്ട് ഡാൻസുകളും സിനിമയുടെ ഭാഗമല്ല, ആദ്യത്തേത് ഐറ്റം ഡാൻസ് ഷൂട്ടിങ്ങിന്റെ ചിത്രീകരണമാണ്. രണ്ടാമത്തേത് ശ്വേതയുടെ സിനിമയുടെ നൃത്തരംഗവും. ഇത് രണ്ടും മറ്റ് രണ്ട് സംവിധായകരിലൂടെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എന്റെ സിനിമയുടെ ജീവിത സാഹചര്യത്തിൽ സ്വാഭാവികമായി എത്തപ്പെട്ട രണ്ട് സംഭവങ്ങൾ മാത്രമാണ് ഇത്.

  •  സിനിമ ഇറങ്ങിക്കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയോ?

എന്തിന്? വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഈ ഐറ്റം ഡാൻസുകൾ ഈ സിനിമയുടെ ഭാഗം ആയിരുന്നു. ഒരു സിനിമ സ്വാഭാവികമായി പിറക്കുന്നതാണ്. അല്ലാതെ മനപൂർവ്വം കെട്ടി ഒരുക്കുന്നതല്ല. അപ്പോൾ ആ സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടത് എല്ലാം ഉണ്ടാകാം. അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല.

  • എല്ലാം മികച്ചതായിരുന്നു എന്ന് പറയുമ്പോഴും ഈ സിനിമയ്ക്ക് ഒരു കഥയില്ല എന്ന് വിമർശനം ഉണ്ടല്ലോ? ഒരുതരം ഡോക്യുഫിലിം എന്ന് ഇതിനെ വിളിക്കാൻ സാധിക്കില്ലേ?

കഥയില്ലാത്ത ഒരു സിനിമയാണ് ഞാൻ എടുത്തത്. എല്ലാ സിനിമകൾക്കും കഥകൾ ഉണ്ട്. എനിക്ക് വേണമെങ്കിൽ പൂർവ്വ കാമുകനെക്കൊണ്ട് വന്ന് പുതിയ ജീവിതം നൽകാമായിരുന്നു. അതായിരുന്നില്ല ഈ സിനിമയുടെ ലക്ഷ്യം. ഈ ആരോപണം എന്റെ സിനിമയുടെ വിജയമായി കരുതാനാണ് എനിക്കിഷ്ടം. ഡോക്യുഫിലിം ആണെങ്കിൽ എന്താണ് പ്രശ്‌നം. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ.

  • ബ്ലെസിയുടെ സിനിമകളിൽ എല്ലാം തന്നെ ഒരു ലോഹിതദാസ് ടച്ച് കാണാറുണ്ട്. ലോഹിയുടെ കൂടെ ദീർഘകാലം ജോലി ചെയ്തതുകൊണ്ട് ഉണ്ടാകുന്ന സ്വാധീനമാണോ? അതോ ലോഹിയുടെ സിനിമകൾ ബ്ലെസി ടച്ചിൽ ഇറങ്ങിയതാണോ?

എനിക്കറിയില്ല. ഞാൻ സ്വയം സിനിമ ചെയ്യുന്ന ആളാണ്. അതിൽ മറ്റാരുടെയെങ്കിലും സ്വാധീനം ഉണ്ടെങ്കെിൽ എന്റെ പരാജയം ആയിരിക്കാം. എന്തായാലും ലോഹിസാറിന്റെ സിനിമകളിൽ എന്റെ സ്വാധീനം എന്ന് പറയുന്നത് മണ്ടത്തരമാണ്. അദ്ദേഹത്തെ പോലെമഹാനായ ഒരു സിനിമാക്കാരനെ ചെറുതായി കാണുന്നവർക്കെ ഇങ്ങനെ പറയാൻ സാധിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP