Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുമിച്ച് പടിച്ചവരെ തേടി സുനിൽ ലണ്ടനിൽ എത്തി; ആമേനിലെ കപ്യാർക്ക് മറുനാടൻ മലയാളി വായനക്കാരോട് പറയാനുള്ളത്

ഒരുമിച്ച് പടിച്ചവരെ തേടി സുനിൽ ലണ്ടനിൽ എത്തി; ആമേനിലെ കപ്യാർക്ക് മറുനാടൻ മലയാളി വായനക്കാരോട് പറയാനുള്ളത്

സുനിൽ സുഗധ എന്നു പറഞ്ഞാൽ മലയാളികൾ മിക്കവരും ചോദിക്കും അത് ആരാണെന്ന്. എന്നാൽ കപ്യാർ കൊച്ചൗസേപ്പ് എന്ന് ചോദിച്ചാൽ ഒരു മലയാളിക്കും സംശയം ഉണ്ടാകില്ല. അടുത്തകാലത്ത് ഏറ്റവും കൂടുതൽ ഓടി റെക്കോർഡ് ഇട്ട ആമേൻ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്ന കപ്യാർ കൊച്ചൗസേപ്പ്. വിനയത്തിന് വിനയം കുടിലബുദ്ധിക്ക് കുടിലബുദ്ധി, വില്ലത്തരത്തിന് വില്ലത്തരം ഇതെല്ലാം ചേർന്ന ഒന്നാന്തരം കഥാപാത്രമായിരുന്നു കൊച്ചൗസേപ്പിന്റേത്.

ഏതാനും വർഷങ്ങളായി മുപ്പതിൽ അധികം സിനിമകളിൽ വളരെ പ്രധാനപ്പെട്ട വേഷം ചെയ്ത സുനിൽ സുഗധ എന്ന ഹാസ്യനടനായ ഈ കൊച്ചൗസേപ്പ് സുനിൽ ഇപ്പോൾ യുകെയിൽ ഉണ്ട്. ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതാണ് സുനിൽ. കഴിഞ്ഞ ദിവസം സുനിൽ ലണ്ടനിൽ നിന്നും കേംബ്രിഡ്ജിൽ എത്തിയിരുന്നു. സുനിലിന്റെ ചില ആത്മമിത്രങ്ങളുമായി ഒരു കൂടിക്കാഴ്ചയ്ക്കായി. പണ്ട് ഒരുമിച്ച് പഠിച്ച് യുകെയിൽ ഇപ്പോൾ ജീവിക്കുന്ന പഴയ അടിപൊളി സംഘത്തെ നേരിട്ട് കാണാൻ.

 അപൂർവ്വമായ ആ കൂടിക്കാഴ്ചയുടെ ആവേശത്തിലാണ് സുനിൽ മറുനാടൻ മലയാളിയുമായി സംസാരിച്ചത്. 1990 കളിൽ ബറോഡയിൽ ഹോട്ടൽമാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ റൂമിൽ താമസിക്കുകയും ചെയ്ത കൂട്ടുകാരുടെ സംഗമമായിരുന്നു കേംബ്രിഡ്ജിൽ നടന്നത്. വെള്ളിയാഴ്ച രാത്രി ഇവർക്ക് ഉറക്കമില്ലായിരുന്നു. കൂടാതെ സിനിമാ താരത്തെ കാണുന്നതിനായി കേംബ്രിഡ്ജ് മലയാളികളും എത്തിചേർന്നു.

കേംബ്രിഡ്ജിൽ ഷോമി ഫിലിപ്പിന്റെ വീട്ടിൽ കൂടിയ സുഹൃത്തുക്കൾക്ക് പറയാൻ കഥകൾ ഏറെയാണ്. 90-കളിലെ കഥകൾ, അന്ന് മുതൽ ഇന്നുവരെയുള്ള ഓരോരുത്തരുടേയും സന്തോഷങ്ങളുടേയും സങ്കടങ്ങളുടേയും കെട്ടുകൾ ഇന്നലെ അഴിച്ച്‌കൊണ്ട് മനസ്സ് തുറന്ന് സംസാരിച്ചു. 90-കളിൽ ജീവിതത്തിന്റെ വിഷമകാലങ്ങളിൽ താങ്ങും തണലുമായി നിന്ന സുഹൃത്തുക്കളെ ഒരുമിച്ച് കണ്ടപ്പോൾ സുനിലിന്റെ കണ്ണ് നിറഞ്ഞു. മറുനാടൻ മലയാളിയിൽ നിന്ന് കാണാൻ ചെന്നപ്പോഴും സുനിലിന്റെ മനസ്സിൽ ഈ കൂടിക്കാഴ്ചയുടെ ഓർമ്മകൾ തന്നെയായിരുന്നു ബാക്കി.

'ഈ സംഗമം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല. ഒരിക്കലും വീണ്ടും കാണാൻ കഴിയുമെന്നും കരുതിയില്ല. ഇവരെല്ലാം എന്റെ മനസ്സിലുണ്ട്. പക്ഷേ, എവിടെയാണ് എന്നറിയില്ലായിരുന്നു. എല്ലാവരും കുടുംബ സമേതം സുഖമായി കഴിയുന്നതിൽ വളരെ സന്തോഷമുണ്ട്‌ന'.

 

അനിൽ സി മേനോൻ സംവിധാനം നിർവ്വഹിക്കുന്ന ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് സുനിൽ ഇപ്പോൾ യുകെയിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, മുകേഷ്, പ്രതാപ് പോത്തൻ, ആൻ റിയ, നന്ദിത ഉൾപ്പടെയുള്ള നടീനടന്മാർ ഇപ്പോൾ യുകെയിലുണ്ട്.

അഭിമുഖത്തിന്റെ ഔപചാരികതകൾ ഒന്നുമില്ലാത്ത ഒരു ലളിത സംഭാഷണം ആയിരുന്നു പിന്നീട് അരങ്ങേറിയത്. കലാകാരൻ എന്ന നിലയിൽ തന്നെ എളിയ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. തൃശൂർ ആണ് വീട്. ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ ജോലിക്ക് വേണ്ടി മുംബൈയ്ക്ക് വണ്ടികയറി. അവിടെ വച്ചാണ് ഈ സുഹൃത്തുക്കളെ പരിചയപ്പെടുന്നത്. മൂന്നാല് വർഷത്തെ മുംബൈ വാസത്തിന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പോയി. പിന്നെ നാട്ടിലേക്കും. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. പിന്നെ ജോലി തേടി ഗൾഫിലേക്കും പോയി.

പിന്നെ നാടകകമ്പം മൂത്ത് ഗൾഫിൽ നിന്നും നാട്ടിലേക്ക് പോന്നു. ഡോക്ടർ വയലാർ വാസുദേവൻ പിള്ളയുടെ തൃശൂർ രംഗചേതനയോടൊപ്പം ചേർന്നു. അതിലെ അഭിനയ മികവ് സംവിധായകൻ മാർട്ടിൻ പറക്കാട്ടിന്റെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണ് ബസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വരുന്നത്.

ചാപ്പാകുരിശ് വളരെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത നാളുകളിൽ ഇറങ്ങിയ ഇമ്മാനുവേൽ, ആമേൻ, റെഡ് വൈൻ, ഉസ്താദ് ഹോട്ടൽ തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഹരികുമാറിന്റെ കാറ്റും മഴയും, പട്ടംപോലെ തുടങ്ങി നിരവധി ചിത്രങ്ങൾ ഉണ്ട്. ലണ്ടനിലും ക്രോയ്‌ഡോണിലും ഉള്ള കടകളിൽ ചെന്നാൽ ഇപ്പോൾ എല്ലായിടത്തും മലയാളികൾ തിരിച്ചറിയുന്നു എന്നത് തന്നെ വലിയ കാര്യം. സുനിൽ എളിമയോടെ പറയുന്നു.

  • സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

നാടകത്തോടുള്ള കമ്പത്തിന്റെ കാര്യം ഞാൻ പറഞ്ഞല്ലോ. വളരെ സീരിയസ്സായിരുന്നു ഞാൻ നാടകത്തിൽ. എന്റെ അഭിനയവും സമീപനവും ഇഷ്ടപ്പെട്ടാണ് ബെസ്റ്റ് ആക്ടറിൽ എത്തപ്പെടുന്നത്. എന്നാൽ അതിന് മുമ്പ് എനിക്ക് സിനിമയുമായി ബന്ധമുണ്ട്. സംവിധായകൻ ആകുക എന്നതായിരുന്നു എന്റെ മോഹം. ലെനിൻ രാജേന്ദ്രന്റെ രാത്രിമഴയിലും മകരമഞ്ഞിലും അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. ഫിലിം ഫെസ്റ്റിവലുകളുമായി അഗാധമായ ബന്ധമാണ് ഉള്ളത്.

  • ഇതുവരെ അഭിനയിച്ചിട്ടുള്ളതിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത് ആമേനിലെയും ഇമ്മാനുവലിലേയും പ്രകടനത്തെപ്പറ്റിയാണ്. ആമേനിൽ അല്പ്പം വക്രബുദ്ധിയും വില്ലത്തരവും ഒരുമിച്ച മുഴുനീള കഥാപാത്രമായിരുന്നു. ചാപ്പാകുരിശിലെ കഥാപാത്രത്തിനും ഒരുപാടു അഭിനന്ദനങ്ങൾ ലഭിച്ചു. ആ ചിത്രമായിരുന്നു എന്റെ ഫസ്റ്റ് ബ്രേക്ക്. ഇമ്മാനുവലിൽ നല്ല കഥാപാത്രം ആയിരുന്നെങ്കിലും ആമേനിലെ അത്രയും ഇൻവോൾവ്‌മെന്റ് ഉണ്ടായില്ല. പൂർണ്ണമായും ആമേൻ ടീമിന്റെ ഭാഗമായിരുന്നു ഞാൻ.

  • കല്യാണം കഴിച്ചോ?

തിരക്ക് മൂലം കഴിഞ്ഞില്ല, പിന്നെ അധികം പ്രായം ഒന്നും ആയിട്ടില്ലല്ലോ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP