Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

മറ്റുള്ളവരുടെ കാശ് വിഴുങ്ങേണ്ട കാര്യം എനിക്കും ഭർത്താവിനുമില്ല; നികേഷ് റാം പറഞ്ഞത് പച്ചക്കള്ളം; അതിഥിയിൽ അഭിനയിച്ചതിനാൽ എനിക്കുണ്ടായത് ധനനഷ്ടവും മാനഹാനിയും: ആരോപണങ്ങൾക്ക് മറുപടിയുമായി അനന്യ

മറ്റുള്ളവരുടെ കാശ് വിഴുങ്ങേണ്ട കാര്യം എനിക്കും ഭർത്താവിനുമില്ല; നികേഷ് റാം പറഞ്ഞത് പച്ചക്കള്ളം; അതിഥിയിൽ അഭിനയിച്ചതിനാൽ എനിക്കുണ്ടായത് ധനനഷ്ടവും മാനഹാനിയും: ആരോപണങ്ങൾക്ക് മറുപടിയുമായി അനന്യ

കഴിഞ്ഞ ദിവസങ്ങളിൽ മലയാളം-തമിഴ് നടി അനന്യയ്‌ക്കെതിരെ അവർ അഭിനയിച്ച അതിഥി എന്ന ചിത്രത്തിന്റെ നിർമ്മാതാവും നായകനുമായ നികേഷ് റാം നടത്തിയ ആരോപണങ്ങൾ വൻ വിവാദത്തിനിടയാക്കിയിരുന്നു. കോക്‌ടെയ്ൽ സിനിമയുടെ തമിഴ് റീമേക്കായ അതിഥിയിൽ അഭിനയിക്കുന്നതിനിടെ അനന്യയുടെ നിസ്സഹകരണം മൂലം തനിക്ക് ധനനഷ്ടമുണ്ടായെന്നായിരുന്നു നിർമ്മാതാവായ നികേഷ് റാം ആരോപിച്ചത്. 22 ലക്ഷം പ്രതിഫലം നൽകിയ അനന്യക്ക് വേണ്ടി 55 ലക്ഷം ചെലവാക്കേണ്ടി വന്നുവെന്നായിരുന്നു നികേഷ് റാമിന്റെ ആരോപണം. ഇതോടെ തമിഴ് ചലച്ചിത്ര മേഖലയിൽ പല നിർമ്മാണ കമ്പനികളും അനന്യയെ ഉൾപ്പെടുത്തിയ പ്രോജക്ടുകളെക്കുറിച്ച് ആശങ്കകളോടെ പ്രതികരിച്ചിരുന്നു. എന്നാൽ അതിഥിയുടെ നിർമ്മാതാവ് നികേഷ് റാം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് അനന്യ വ്യക്തമാക്കി.

  • ആരോപണം വല്ലാതെ വേദനപ്പെടുത്തി

Stories you may Like

തമിഴിൽ ഞാനൊരു പുതുമുഖം അല്ല. എന്റെ നാൽപ്പത്തി അഞ്ചാമത്തെ പടമാണ് അതിഥി. എന്നാൽ അതിഥിയുടെ ലൊക്കേഷൻ പോലും ശരിയാക്കാതെയായിരുന്നു ഇതിന്റെ അണിയറക്കാർ ചിത്രം ആരംഭിച്ചത്. ഷൂട്ടിംഗിന് രണ്ടുനാൾ മുമ്പേ ഡിസ്‌കസ് ചെയ്യേണ്ട കോസ്റ്റ്യൂം, മേക്കപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് കാത്തിരുന്നത് ഒരാഴ്ചയാണ്. എന്ത് ആവശ്യപ്പെട്ടാലും അതില്ല, ഇതില്ല എന്ന് മറുപടി പറയും. തുടക്കത്തിലേതന്നെ ശരിയായ പ്ലാനിങ് ചെയ്യാതെയാണ് ഇവരുടെ ആരംഭം എന്ന് മനസ്സിലായി. എന്നിട്ടും ക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ ചെയ്തത്. എന്നിട്ടും ഞാൻ തെറ്റുകാരിയെന്ന രീതിയിൽ ആരോപണം ഉന്നയിച്ചത് എന്നെ വല്ലാതെ വേദനപ്പെടുത്തി.

  • ഹോട്ടൽ മാറിയത് എന്തിനായിരുന്നു?

ശരിയാണ്, വടപഴനിയിലെ ഹോട്ടൽ മാറ്റി ആവശ്യപ്പെട്ടത് നേരാണ്. അണ്ണാശാലയിലെ ഹോട്ടലിലായിരുന്നു, മുൻപ് അഭിനയിച്ച പുലിവാൽ പടത്തിന് താമസിച്ചത്. അതിന് വാടക കൂടുതൽ ആണ് എന്ന് പറഞ്ഞപ്പോൾ, ആ അധിക വാടക എന്റെ പേമെന്റിൽ നിന്നും മൈനസ് ചെയ്യാനാണ് പറഞ്ഞത്. എന്റെ ചെലവുകൾ ഞാൻ തന്നെയാണ് നോക്കിയിരുന്നത്. എന്തിനധികം, ഷൂട്ടിംഗിന് പോകാനും വരാനും സ്വന്തം കാറാണ് ഞാൻ ഉപയോഗിച്ചു കൊണ്ടിരുന്നത്.

  • മറ്റൊരാളുടെ പണം എനിക്കെന്തിന്?

കാൾഷീറ്റ് സൈൻ ചെയ്യുമ്പോഴെ ഞാൻ കെനിയയിലുള്ള എന്റെ പ്രോഗ്രാമിനെപ്പറ്റി പറഞ്ഞിരുന്നു. ശരിയായ നേരത്ത് ഷൂട്ടിങ് തീർത്തുവിടാനും പറഞ്ഞു. എന്നാൽ മുപ്പത്തി അഞ്ചുനാൾ കൊടുത്ത ഡേറ്റുകൾ മാറി മാറി അമ്പത്തി നാലുദിവസമെടുത്തു ഷൂട്ടിങ് തീർക്കാൻ. ഇതിനെപ്പറ്റി പറഞ്ഞപ്പോൾ നിർമ്മാതാവ് തന്നെയാണ് ടിക്കറ്റ് കാശ് തന്നേക്കാമെന്ന് ഇങ്ങോട്ടു പറഞ്ഞത്. പക്ഷെ ആ വകയിൽ ഒരു രൂപാ പോലും ഞാൻ വാങ്ങിയിട്ടില്ലെന്നതാണ് സത്യം. മറ്റുള്ളവരുടെ കാശ് വിഴുങ്ങി എനിക്ക് ജീവിക്കേണ്ട ആവശ്യമില്ല, ഞാൻ സമ്പാദിക്കുന്നുണ്ട്, എന്റെ ഭർത്താവും സമ്പാദിക്കുന്നുണ്ട്. മറ്റൊരാളുടെ കാശ് അടിച്ച്മാറ്റിയിട്ട് സമാധാനത്തോടെ ഉറങ്ങാൻ ആർക്കാണ് സാധിക്കുക? സത്യം ഇങ്ങനെയായിരിക്കേ ഈ നിർമ്മാതാവ് കള്ളം പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല.

പണം പോയി, ഇപ്പോ മാനവും

ഇത്തരം പ്രശ്‌നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ അപ്പോ പറയാതെ ഷൂട്ടിംഗും കഴിഞ്ഞ് പടം റിലീസ് ആയി ഇത്രയും നാൾ കഴിഞ്ഞ് പറയുന്നതിന്റെ ഇദ്ദേശം എന്താണ്? ഫോൺ ചെയ്താൽ എടുക്കുന്നില്ല, പണവും പോയി ഇപ്പോ മാനവും പോയി എന്ന അവസ്ഥയിലാണ് ഞാൻ. ഒരു നടിയായാൽ പല കമ്മിറ്റ്‌മെന്റുകളും ഉണ്ടാകും. എല്ലാത്തിനും പരാതി പറഞ്ഞാൽ എങ്ങിനെയാണ്? ഓഡിയോ റിലീസിന് രണ്ട് ദിവസം മുമ്പാണ് വിളിച്ച് പറയുന്നത് അപ്പോ ഞാൻ മലയാളം പടത്തിന്റെ ഷൂട്ടിംഗിന് ദുബായിലായിരുന്നു. ഇത് നേരത്തേ കൊടുത്ത ഡേറ്റാണ്. പടം വിട്ടുപോരാൻ കഴിയുമോ? ഒടുവിൽ പടം റിലീസാണെന്ന് രണ്ട് നാൾ മുമ്പ് മാത്രം വിളിച്ചു പറഞ്ഞു. അപ്പോൾ ഒരു ബന്ധുവിന്റെ കല്യാണത്തിനു നാട്ടിലായിരുന്നു. ഞാൻ എങ്ങനെ ഇതൊക്കെ ഇട്ടെറിഞ്ഞു പോകും? ഇതുപോലെ അവനവന്റെ ഭാഗത്തുള്ള തെറ്റുകൾ മറ്റുള്ളവരുടെ മേൽ ചാരി രക്ഷപെടുന്നതെന്തിനാണ്?

  • എനിക്കു നേരിട്ട് പറയാനേ അറിയൂ

ചിത്രത്തിന്റെ ഷൂട്ടിംഗിൽ ഞാനനുഭവിച്ച വേദന പറയാതിരിക്കുന്നതാണ് ഭേദം. ഈ ചിത്രത്തിന്റെ കഥ ഇഷ്ടമായതുകൊണ്ട് മാത്രമാണ് അഭിനയിക്കാം എന്നേറ്റത്. മലയാളത്തിൽ വിജയിച്ച പടം, സംവിധായകനും നല്ല മനുഷ്യൻ. ഇതിൽ നിർമ്മാതാവ് തന്നെയാണ് വില്ലൻ റോളിൽ അഭിനയിക്കുന്നതെന്ന് അവസാനം വരെ വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. ഒരു പുതുമുഖം വന്ന് അഭിനയിക്കും എന്നാണ് പറഞ്ഞത്. ഈ നിർമ്മാതാവ് തന്നെയാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞാൽ ഞാൻ പിന്മാറുമോ എന്ന പേടിയായിരുന്നു അയാൾക്ക്. ഞാൻ അഭിനയിക്കുമ്പോ എപ്പോഴും എന്തെങ്കിലും ഒരു കുറ്റം കണ്ടുപിടിച്ചു പറയും. ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞാൽ ഞാൻ കേൾക്കും. ഇയാളാരാണ് എനിക്ക് അഭിനയം പഠിപ്പിച്ചു തരാൻ? ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ധൈര്യമായിട്ട് പറയുകയാണ്. സിനിമ എന്റെ തൊഴിലാണ്. നാളെയും എനിക്ക് ഇവിടെ നിൽക്കണം. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി എനിക്ക് ആരും ഉണ്ടാക്കിത്തരേണ്ട. എന്തുണ്ടെങ്കിലും നേരിട്ട് പറയാനേ എനിക്കറിയൂ. അല്ലാതെ ഒളിച്ചിരുന്ന് കുറ്റം കണ്ടുപിടിക്കാൻ എന്നെ കിട്ടില്ല. അനന്യ ദേഷ്യത്തോടെയും നിരാശയോടെയും പറഞ്ഞു നിർത്തി.

 

 

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP