Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളായി നല്ല തിരക്കഥാകൃത്തായിട്ടും ആരും ശ്രദ്ധിച്ചില്ല; ഒറ്റ സിനിമയിൽ അഭിനയിച്ചപ്പോൾ അംഗീകാരമായി; ഇതാണു യോഗവും തലേലെഴുത്തും: പവിത്രവും ഉള്ളടക്കവും എഴുതിയ നടൻ പി ബാലചന്ദ്രൻ മറുനാടനോട്

വർഷങ്ങളായി നല്ല തിരക്കഥാകൃത്തായിട്ടും ആരും ശ്രദ്ധിച്ചില്ല; ഒറ്റ സിനിമയിൽ അഭിനയിച്ചപ്പോൾ അംഗീകാരമായി; ഇതാണു യോഗവും തലേലെഴുത്തും: പവിത്രവും ഉള്ളടക്കവും എഴുതിയ നടൻ പി ബാലചന്ദ്രൻ മറുനാടനോട്

വിത്രത്തിലെ ചേട്ടച്ഛനെ മലയാളിക്ക് അവതരിപ്പിച്ച തിരക്കഥാകൃത്താണ് പി ബാലചന്ദ്രൻ. ഉള്ളടക്കമെന്ന മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് പിറന്നതും ബാലചന്ദ്രന്റെ പേനയിലാണ്. നാടക രചയിതാവും, നടനും, തിരക്കഥാകൃത്തും, സംവിധായകനുമാണ് പി. ബാലചന്ദ്രൻ. പക്ഷേ മലയാളി തിരിച്ചറിയുന്നത് സിനിമാ നടന്റെ റോളിലും.

അങ്കിൾബൺ എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട്, ഉള്ളടക്കം, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്‌നിദേവൻ, മാനസം, പുനരധിവാസം, പൊലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും എഴുതി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമർമ്മരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ട്രിവാൻഡ്രം ലോഡ്ജിലെ വക്കീൽ കഥാപാത്രത്തിലുടെയാണ് അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായത്. ഇവൻ മേഘരൂപനെന്ന സിനിമയും സംവിധാനം ചെയ്തു. ഏറെ അവാർഡുകൾ നേടിയ ചിത്രമാണ് ഇത്.

മികച്ച നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, സംഗീതനാടക അക്കാദമി അവാർഡ് എന്നിവയ്ക്കും, മികച്ച തിരക്കഥയ്ക്കുള്ള ചലച്ചിത്ര അക്കാദമി അവാർഡിനും അർഹനായിട്ടുണ്ട്. ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച 'ഇവൻ മേഘരൂപൻ' 2011ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. പത്തു വർഷത്തിനുശേഷം 2012ൽ പുനരാരംഭിച്ച ജി ശങ്കരപ്പിള്ള പുരസ്‌കാരത്തിനും ഇദ്ദേഹം അർഹനായി. എം.ജി സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച ബാലചന്ദ്രൻ, റിട്ടയർമെന്റിനു ശേഷം പൂർണ്ണമായും സിനിമനാടക ലോകത്ത് സജീവമാകുന്നു. തന്റെ കലാ ജീവിതത്തെ കുറിച്ച് മറുനാടൻ മലയാളിക്ക് മുന്നിൽ ബാലചന്ദ്രൻ മനസ്സ് തുറക്കുന്നു.

നിരവധി ഹിറ്റ് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുള്ള ആളാണ് താങ്കൾ. ഒരു തിരക്കഥാകൃത്ത് എന്ന നിലയിലാണോ നടൻ എന്ന നിലയിലാണോ കൂടുതൽ അറിയപ്പെടുന്നതായി തോന്നിയിട്ടുള്ളത് ?

ട്രിവാൻഡ്രം ലോഡ്ജിലെ കോര എന്ന കഥാപാത്രം അവതരിപ്പിക്കുന്നതിനു മുൻപുതന്നെ ഞാൻ സിനിമയിൽ ഉണ്ടായിരുന്നു. അങ്കിൾ ബൺ, ഉള്ളടക്കം, പവിത്രം, അഗ്‌നിദേവൻ, തച്ചോളിവർഗീസ് ചേകവർ എന്നീ ചിത്രങ്ങളൊക്കെ ഞാനെഴുതിയതാണെന്ന് സിനിമാരംഗത്തുള്ള കുറച്ചുപെർക്കല്ലാതെ എത്ര പേർക്കറിയാം. സിനിമയിൽ പ്രേക്ഷകൻ കൂടുതൽ ശ്രദ്ധിക്കുന്നത് അഭിനേതാക്കളെ തന്നെയാണ്. ട്രിവാൻഡ്രം ലോഡ്ജിലെ കോര എന്ന കഥാപാത്രം കൊണ്ടുമാത്രം വളരെ പെട്ടെന്നുതന്നെ ഞാൻ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറി.

ഒന്നോർത്തു നോക്കു, നിരവധി വർഷങ്ങൾ സ്വയം സമർപ്പിച്ചു കഠിനാധ്വാനം ചെയ്തു അരങ്ങിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ എത്രയോ ഉണ്ട്. അപാരമായ സാധനയാൽ അരങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഉന്നതാത്മാക്കളായ എത്രയോ കഥകളി നടന്മാർ നമുക്ക് ചുറ്റിലും ഉണ്ട് .അവർക്കൊന്നും കിട്ടാത്ത അംഗീകാരമാണ് എനിക്ക് ഇപ്പോൾ കിട്ടുന്നത്. സത്യത്തിൽ ആ കലാകാരന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ കേവലം ഒരു സിനിമാ നടനായ ഞാൻ ഒരുപാടു താഴെയാണെന്നു തോന്നുന്നു. എന്നാലും ജനങ്ങൾ തിരിച്ചറിയപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. വ്യക്തിയെന്ന നിലയിൽ ഞാനത് ആഘോഷിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ വളരെ പെട്ടെന്ന് പ്രശസ്തി നേടുന്ന ഒരു മാദ്ധ്യമം ആണ് സിനിമ.

ന്യൂ ജനറേഷൻ തിരക്കഥാകൃത്തുക്കളുടെ രചനാരീതിയെ ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു ?

കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ഇപ്പോഴത്തെ ഭൂരിഭാഗം തിരക്കഥകളിലും കാണാൻ കഴിയുന്നുണ്ട്. തൊണ്ണൂറുകൾക്ക് മുൻപേ കണ്ടിരുന്ന ഒരു നാടകീയ സ്വഭാവം മാറി സിനിമാറ്റിക് സ്വഭാവം വന്നിട്ടുണ്ടെന്ന് തോന്നുന്നു. എന്നാൽ നാടകത്തിന്റെ സ്വാധീനം പൂർണമായി മാറിയിട്ടില്ലെന്നും പറയാനാവില്ല. പുതിയ കാലഘട്ടത്തിന്റെ എല്ലാത്തരത്തിലുള്ള മാറ്റങ്ങളും പുതിയ തിരക്കഥകളിൽ ഞാൻ കാണുന്നുണ്ട്. പിന്നെ അശ്ലീലം ധാരാളമായി ഇവരുടെയൊക്കെ തിരക്കഥകളിൽ കടന്നു കൂടാറുണ്ട് എന്നൊരാക്ഷേപം പല കോണിൽനിന്നും ഉയരുന്നുണ്ട്. സത്യത്തിൽ ശ്ലീലാശ്ലീലങ്ങളെക്കുറിച്ചുള്ള ശരിയായ ബോധം പലർക്കും ഇല്ലാത്തതാണ് പ്രധാനപ്രശ്‌നം. തമിഴിൽ പറയുന്ന പല വാക്കുകളും കേരളത്തിൽ പറയുമ്പോൾ അശ്ലീലമായി മാറും. അതുപോലെ വടക്കൻ കേരളത്തിൽ പറയുന്ന പലവാക്കുകളും തെക്കൻ കേരളത്തിലേയ്ക്ക് വരുമ്പോൾ അശ്ലീലമാണ്. കേൾക്കുന്നവന്റെയും കാണുന്നവന്റെയും മനസിലെ അശ്ലീലത്തെ കുറിച്ചുള്ള ബോധമില്ലായ്മ മൂലമാണ് ന്യൂ ജനറേഷൻ സിനിമകളിൽ മുഴുവൻ അശ്ലീലമാണ് എന്നൊക്കെ വിളിച്ചു പറയിക്കുന്നത്. ഇതൊക്കെ എല്ലാക്കാലത്തെ സിനിമകളിലും ഉണ്ടായിരുന്നു. ദ്വയാർത്ഥമുള്ള സംഭാഷണശകലങ്ങൾ വരുന്ന എത്രയോ സിനിമകൾ പണ്ടും ഉണ്ടായിട്ടുണ്ട്. അങ്ങനെ നോക്കിയാൽ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിൽ അശ്ലീലമില്ലേ. പണ്ടത്തെ പല ക്ഷേത്രകലകൾ, ക്ഷേത്ര ശില്പകലകൾ, ചില പൊറാട്ട് നാടകങ്ങൾ ഇവയിലൊന്നും അശ്ലീലം ഇല്ലെന്നാണോ പറയുന്നത്. ഇതിലൊക്കെ അശ്ലീലമുണ്ടെങ്കിൽ എന്തുകൊണ്ട് സിനിമകളിൽ അതായിക്കൂടാ. പണ്ടത്തെ സിനിമകളിൽ മതപരമായും സാംസ്കാരികപരമായും എന്തും എഴുതാനും ആവിഷ്‌ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയില്ലേ. മത വർഗീയ ശക്തികൾ രാജ്യത്തെ നിയന്ത്രിക്കുന്ന ഭീകരമായ ഒരു അവസ്ഥയാണല്ലോ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ അത്യാധുനിക യുഗത്തിലും മനുഷ്യൻ കൂടുതൽ സങ്കുചിത മനോഭാവത്തിലേക്കു കൂപ്പുകുത്തി വീഴുന്ന അവസ്ഥ.

സിനിമയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പുതിയ ചെറുപ്പക്കാർക്ക് നല്കാവുന്ന ഉപദേശമിതാണ്, സിനിമയെന്നു പറയുന്നത് ഒരാളുടെ യോഗമാണ്. ഞാൻ യോഗത്തിൽ വിശ്വാസിക്കുന്നയാളാണ്. ഒരുപാടു വർഷം കഷ്ടപ്പെട്ടു, നിരവധി തിക്താനുഭവങ്ങൾ ഉണ്ടായി. അവസാനം മടുത്ത് ഈ മേഖല എനിക്ക് വേണ്ടെന്നുപറഞ്ഞു പോയ എത്രയോ ചെറുപ്പക്കാരെ എനിക്കറിയാം. പല ചെറുപ്പക്കാരുടെയും തിരക്കഥകൾ മോഷണം പോയിട്ടുള്ളതയും എന്നോട് പറഞ്ഞിട്ടുണ്ട്. നിരവധി വർഷങ്ങളായി സിനിമാ ഫീൽഡിൽ നിന്ന് കഴിവ് തെളിയിച്ച പ്രശസ്തരായവർ വരെ കഥ മോഷണം എന്ന ആരോപണത്തിന്റെ നിഴലിൽ നില്ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. പ്രതിഭാ ദാരിദ്ര്യം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും എനിക്ക് തോന്നുന്നില്ല. അതാണ് ഞാൻ പറഞ്ഞത്, ഇതൊക്കെ ഒരു മനുഷ്യന്റെ തലേലെഴുത്താണെന്ന്. ഒരാൾ ജനിക്കുമ്പോൾ തന്നെ എന്താവണമെന്നെഴുതിവച്ചിട്ടുണ്ട് അതു പോലെയേ നടക്കു. നിരവധി പേർ കഥ പറയാനായി എന്നെ ക്കാണാൻ വരുന്നുണ്ട്. അവരൊക്കെ പറയുന്ന കഥകളിലെ പല കഥാസന്ദർഭങ്ങളും നമ്മുടെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടാവും. എന്നെങ്കിലും ഒരിക്കൽ ഞാനൊരു കഥയെഴുതുമ്പോൾ ചിലപ്പോൾ ഞാൻ പോലും അറിയാതെ ഇവർ പറഞ്ഞ കഥാ സന്ദർഭങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട് .ഇതൊക്കെ ചിലപ്പോൾ അറിയാതെ സംഭവിക്കുന്നതുമാകാം.

മികച്ച നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കദമി അവാർഡ് നേടിയിട്ടുള്ള ആളാണല്ലോ താങ്കൾ. കേരളത്തിലെ നാടകപ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് എന്തു പറയുന്നു ?

സംവിധായകന്റെ അസ്തിത്വം ശക്തമായി ബോധ്യപ്പെടുത്തുന്ന അമച്ച്വർ നാടകങ്ങൾ ഇന്ന് ഉണ്ടാവുന്നുണ്ട്. ഇന്ന് അമ്പലപ്പറമ്പുകളിൽ കളിക്കുന്ന പ്രൊഫഷണൽ നാടകങ്ങളോട് എനിക്കത്ര താല്പര്യം തോന്നിയിട്ടില്ല .വലിയ മാറ്റങ്ങളൊന്നും ആ മേഖലയിൽ വന്നതായി എനിക്ക് തോന്നിയിട്ടില്ല. കാവാലത്തിന്റെ പോലെയുള്ള പെർഫോമൻസ് ഓറിയന്റഡായുള്ള നാടകങ്ങളോടാണ് പണ്ടുമുതലേ കൂടുതൽ താല്പര്യം. പണ്ട് വളരെ കുറച്ചു കാണികൾ മാത്രം ഉണ്ടായിരുന്ന ഇത്തരം നാടകങ്ങൾക്ക് ഇന്ന് നല്ല പ്രേക്ഷക പങ്കാളിത്തമുണ്ട് . തൃശൂരും തിരുവനന്തപുരത്തുമുള്ള ഡ്രാമ ഫെസ്റ്റിവലുകലിൽ സീറ്റു കിട്ടാതെ കാണികൾ മടങ്ങുന്ന ഒരവസ്ഥ കാണുന്നുണ്ട്. പണ്ട് ഇതല്ലായിരുന്നു അവസ്ഥ. എന്നാൽ പ്രൊഫഷണൽ നാടകങ്ങൾ കാണുന്ന കാണികളുടെ എണ്ണം പണ്ടുള്ളതിൽനിന്നും ഒരു പാട് കുറഞ്ഞിട്ടുണ്ട്. പണ്ട് കെ പി എ സി പോലുള്ള നാടക സമിതികളുടെ നാടകങ്ങൾ കാണാൻ വന്നിരുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ട് . അവരൊക്കെ ഇന്ന് ടി വി സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയും മുന്നിലാണ്. അത്തരം പ്രേക്ഷകരെ വീണ്ടും ഇത്തരം ജനകീയനാടകവേദികളിലേയ്ക്കു തിരിച്ചു കൊണ്ടുവരിക എന്നതാണ് കേരളത്തിലെ പ്രഫഷണൽ നാടകസമിതികൾ ചെയ്യേണ്ട ദൗത്യം.

മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിൽ നാടകീയത കൂടുതലാണെന്നും സ്വാഭാവികത കുറവാണെന്നുമൊക്കെയുള്ള ഒരഭിപ്രായം ഇന്ത്യയിലെ പ്രമുഖ സംവിധായകനായ രാം ഗോപാൽ വർമ പറയുകയുണ്ടായി. ഒരു സംവിധായകൻ എന്നനിലയിൽ ഈ അഭിപ്രായത്തെ എങ്ങനെ നോക്കിക്കാണുന്നു ?

ഇതെല്ലാം  പ്രേക്ഷകന്റെ കാഴ്ചപ്പാടിനെ അനുസരിച്ച് തോന്നുന്ന കാര്യങ്ങൾ ആണ്. 35 വർഷത്തിലേറെയായി മമ്മൂട്ടി അഭിനയിക്കാൻ തുടങ്ങിയിട്ട് . ഇപ്പോഴാണോ അദ്ദേഹം നാടകീയമായാണ് അഭിനയിക്കുന്നതെന്ന് തോന്നിയത്. ഇത്തരം ചർച്ചകൾ പോലും വിഡ്ഢിത്തമായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. പണ്ടു നിരവധി സൂപ്പർ ഹിറ്റുകൾ തന്ന പ്രേം നസീറിനെയും സത്യനെയും ജയനെയുമെല്ലാം ഇന്നത്തെ തലമുറ ഏതു രീതിയിലാണ് കാണുന്നത്. അവരുടെ പല അഭിനയ മുഹൂർത്തങ്ങളും കണ്ട് ഇന്നത്തെ തലമുറ പരിഹസിച്ചു ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പണ്ടു സൂപ്പർസ്റ്റാറുകൾ ആയിരുന്നവർ ഇന്ന് പരിഹസിക്കപ്പെടുന്നുണ്ടെങ്കിൽ ഇന്നത്തെ സൂപ്പർ സ്റ്റാറുകളുടെ അഭിനയം കണ്ടു നാളത്തെ തലമുറ പരിഹസിക്കില്ലെന്നതിന് എന്താണുറപ്പ്്? കാലം മാറുന്നതിനനുസരിച്ച് അഭിനയത്തിന്റെ രീതിശസ്ത്രങ്ങളും മാറും . അങ്ങനെ വരുമ്പോൾ ഇന്നത്തെ ദുൽഖർ സൽമാന്റെയും നിവിൻപോളിയുടെയുമെല്ലാം അഭിനയരീതികളെ നാളത്തെ തലമുറ ചോദ്യം ചെയ്‌തേക്കാം .

പുതിയ തിരക്കഥാകൃത്തുക്കളുടെ പല സിനിമകളും വിദേശ സിനിമകളുടെ തനിപ്പകർപ്പാണെന്ന് പറയുന്നുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?

ഇതൊക്കെ ഓരോരുത്തരുടെ കലാപരമായ അറിവിന്റെയും മൂല്യബോധത്തിന്റെയുമൊക്കെ പ്രശ്‌നമാണ്. കല ഒരു ബിസ്സിനസായി കണ്ടുകൊണ്ട് കോടികൾ മുടക്കുന്ന നിർമ്മാതാവിന് ലാഭം തിരിച്ചു കിട്ടുകയെന്ന് മാത്രമേയുള്ളൂ. അങ്ങനെ വരുമ്പോൾ ഇത്തരം ചില കടംകൊള്ളലുകൾ നടത്തുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പക്ഷേ നമ്മളെ വളരെയധികം സ്വാധീനിക്കുന്ന ഒരു സിനിമയിൽനിന്ന് ചില രംഗങ്ങൾ കടം കൊള്ളുന്നതിൽ തെറ്റുപറയാനും കഴിയില്ല. ലോകത്ത് മിക്ക സിനിമക്കാരും അതു ചെയ്തിട്ടുമുണ്ട്. ഒരു സിനിമയെ അതേപടി കോപ്പിയടിക്കുന്നതിനോടാണ് എനിക്ക് എതിർപ്പുള്ളത്. മോഷണം നടത്തുന്നത് അത് കലയിൽ ആയാൽ പോലും നല്ല ഒരേർപ്പാടാണെന്ന് എനിക്ക് തോന്നുന്നില്ല

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണല്ലോ അഭിനയത്തിൽ വീണ്ടും സജീവമാകുന്നത്?

ഞാൻ ട്രിവാൻഡ്രം ലോഡ്ജിൽ അഭിനയിക്കുന്ന സമയം മലയാള സിനിമയുടെ തന്നെ മാറ്റത്തിന്റെ സമയമായിരുന്നു. വി കെ പ്രകാശും അനൂപ് മേനോനും ചേർന്ന് സൃഷ്ടിച്ച എന്റെ കഥാപാത്രം പെട്ടെന്ന് ക്ലിക്കായി. ആ ഒറ്റ കഥാപാത്രത്തിലൂടെയും അതിലെ ചില സംഭാഷണശകലങ്ങളിലൂടെയും ചെറുപ്പക്കാർക്കൊക്കെ എന്നെയങ്ങ് ഇഷ്ടമായി. അങ്ങനെ ഞാൻ ന്യൂ ജനറേഷൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറി. ന്യൂ ജനറേഷൻ സിനിമാക്കാരുടെയെല്ലാം കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ് അവരുടെ സിനിമകളിൽ പ്രവർത്തിക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. അവരുടെ കൂടെകൂടുമ്പോൾ ഉണ്ടാകുന്ന ഒരു എനർജി ലെവൽ ഒന്ന് വേറെയാണ് .

അങ്കിൾബൺ, പവിത്രം, അഗ്‌നിദേവൻ, ഉള്ളടക്കം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ ഹിറ്റ് സിനിമകളുടെയെല്ലാം തിരക്കഥാകൃത്തായ താങ്കൾ എന്താണ് പുതിയ സിനിമകൾക്ക് വേണ്ടി എഴുതാത്തത് ?

ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തതിനുശേഷം ഒരു പാട് സിനിമകൾക്ക് എഴുതാനായി പലരും സമീപിച്ചിരുന്നു . എന്നാൽ ഒരു സബ്ജക്റ്റിനോടും താല്പര്യം തോന്നിയില്ല. രാജീവ് രവിയുമായി ചേർന്ന് ഇപ്പോൾ ഒരു സിനിമയെക്കുറിച്ച് പ്ലാൻ ചെയുന്നുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP