Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളനി ഗുണ്ടയായി പുതിയ ചിത്രത്തിൽ; പുത്തൻ വിശേഷങ്ങളുമായി ഉണ്ടപക്രു

കോളനി ഗുണ്ടയായി പുതിയ ചിത്രത്തിൽ; പുത്തൻ വിശേഷങ്ങളുമായി ഉണ്ടപക്രു

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറെ ഇഷ്ടമാണ് ഉണ്ടപക്രുവിനെ. അത്ഭുത ദ്വീപിലും മൈ ബിഗ് ഫാദറിലും, സ്വന്തം ഭാര്യ സിന്ദാബാദിലും നായകവേഷം ചെയ്തിട്ടുള്ള പക്രു തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അപ്പോൾ മലയാള സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും ഇല്ലെങ്കിലും ടിവി റിയാലിറ്റി ഷോയിൽ സജീവമാണ് ഗിന്നസ് പക്രു. ഓരോ സിനിമകൾ കഴിയുമ്പോഴും തൊട്ടടുത്ത സിനിമയ്ക്ക് വേണ്ടിയുളള നീണ്ട കാത്തിരിപ്പ് പക്രുവിനെ ടെലിവിഷൻ പരിപാടികളുമായി കൂടുതൽ അടുപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ നവാഗതനായ നിഖിൽ സംവിധാനം ചെയ്യുന്ന 'മൈ ഫാൻ രാമുന' എന്ന ചിത്രത്തിൽ നല്ലൊരു വേഷമാണ് പക്രു ചെയ്യുന്നത്. പക്രുവിന്റെ പുത്തൻ വിശേഷങ്ങളിലൂടെ

  • മൈ ഫാൻ രാമുവിലെ പക്രുവിന്റെ കഥാപാത്രം?

പപ്പൻ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. കോളനിയിലെ ഗുണ്ടകളിലൊരാളായ കഥാപാത്രം. തികച്ചും ഹ്യൂമർ ടച്ചുള്ള കഥാപാത്രമാണിത്. ഒരു വിധം കുഴപ്പമില്ലാത്ത കഥപാത്രമായ പപ്പന് അഭിനയ സാധ്യതയുള്ള മുഹൂർത്തങ്ങളുണ്ട്. ഗുണ്ടയായ നടന്റെ ലെഫ്റ്റ് ഹാന്റായാണ് പപ്പൻ മുന്നിൽ നിൽക്കുന്നത്. ഈ കഥാപാത്രത്തെ യാതൊരു ടെൻഷനുമില്ലാതെ വളരെ അനായാസമായാണ് ഞാൻ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്.

  • തമിഴിൽ ഏഴാം അറിവിൽ സൂര്യയോടൊപ്പമുള്ള അഭിനയം?

സൂര്യയുടെ എന്റെ കൂടെയുള്ള അഭിനയം കരിയറിൽ വല്ലാത്തരനുഭവമായിരുന്നു. ഏഴാം അറിവ് പുറത്തിറങ്ങിയ ശേഷം എനിക്ക് നിരവധി ഓഫറുകൾ ഉണ്ടായി. കാര്യമായി അഭിനയിക്കാനില്ലാത്ത ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ പോവുന്നത് ടി. വി. പരിപാടികൾക്ക് തടസമായി മാറിയപ്പോൾ ടെലിവിഷൻ പരിപാടികളിൽ മാത്രം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അത് കൊണ്ട് തന്നെ തമിഴിൽ നിന്നും വന്ന ഓഫറുകൾ വേണ്ടന്ന് വച്ചു.

  • തമിഴ് സിനിമകളിൽ ഇനി അഭിനയിക്കുകയില്ലേ?

അഭിനയിക്കും. എനിക്ക് വേണ്ടി സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും. നല്ല കമ്പനി, ബാനർ, സെറ്റ്അപ്പ് ഇതൊക്കെ മനസിനിണങ്ങിയതാണെങ്കിൽ തമിഴിൽ ഞാൻ കൂടുതൽ സജീവമാകും.

  • റിയാലിറ്റി ഷോകൾ സിനിമാഭിനയത്തിന് തടസ്സമാവുന്നുണ്ടോ?

തീർച്ചയായും. ഒരു സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത സിനിമയ്ക്കായി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നത് കൊണ്ടാണ് ചാനലുകളിലെ റിയാലിറ്റി ഷോകളിൽ ആക്റ്റീവാകാൻ തീരുമാനിച്ചത്. തികച്ചും വ്യത്യസ്തമായ കോമഡി ഷോകളാണ് ഇപ്പോൾ ചെയ്യുന്നത്. ഇത്തരം റിയാലിറ്റി ഷോകൾ എനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

  • മലയാളത്തിലെ പുതിയ സിനിമകൾ?

മലയാള സിനിമയിൽ ടാലന്റുള്ള സംവിധായകരുണ്ട്. എന്നു വച്ച് അറിയപ്പെടുന്ന മലയാളത്തിലെ സംവിധായകർ മോശക്കാരൊന്നുമല്ല. പഴയ സംവിധായകരുടെ സിനിമകൾ കാണുമ്പോഴെല്ലാം ഒരു തരം സുഖമുണ്ട്. ഇപ്പോൾ ഇറങ്ങുന്നത് മാത്രമാണ് മികവുറ്റ സിനിമകൾ എന്ന് വ്യാഖ്യാനിക്കുന്നതും ശരിയല്ല.

  • ദിലീപിനോടൊപ്പം യുകെയിൽ നടത്തിയ സ്റ്റേജ് ഷോ എങ്ങനെയുണ്ടായിരുന്നു?

വല്ലാത്തൊരനുഭവം തന്നെയായിരുന്നു. ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത് കൊണ്ട് യുകെയിൽ നല്ല സ്വീകരണമായിരുന്നു. സത്യം പറഞ്ഞാൽ യുകെയിലെ സ്റ്റേജ് ഷോ എന്നെ സംബന്ധിച്ച് വല്ലാത്തൊരനുഭവം തന്നെയാണ്.

  • അത്ഭുത ദ്വീപും മൈ ബിഗ് ഫാദറും ഹിറ്റായിട്ടും പക്രുവിന് അത്തരത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിച്ചില്ലല്ലോ?

ഒരു പടത്തിൽ അഭിനയിച്ചു കഴിയുമ്പോൾ നല്ല കഥാപാത്രങ്ങൾ ലഭിക്കുമെന്നും വിളി വരുമെന്നും പ്രതീക്ഷിച്ച് ഒരുപാട് കാത്തിരുന്നു. പക്ഷെ ആരും വരാതായപ്പോഴാണ് നമ്മുടെ താൽപ്പര്യത്തിനനുസരിച്ചുള്ള സിനിമകൾ ഉണ്ടാക്കണമെന്ന ചിന്ത മനസിലുണ്ടായത്.

  • സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണോ?

എനിക്ക് എന്റേതായ സിനിമയുണ്ടാകണം. അത്ഭുത ദ്വീപ്, മൈ ബിഗ് ഫാദർ പോലുള്ള സിനിമകളിൽ അഭിനയിക്കണം. ഓഡിയൻസ് ഉണ്ടോ ഇല്ലയോ എന്നതല്ല എനിക്ക് വേണ്ടി സ്‌പേയ്‌സുള്ള സിനിമകളും ഉണ്ടാവണമെന്നുണ്ട്. സംവിധായകനാവുമോ എന്ന് ചോദിച്ചാൽ പെട്ടെന്ന് ഉത്തരം പറയാനാവില്ല. എന്നാൽ അങ്ങനെ സംഭവിച്ചു കൂടൊന്നുമില്ല.

  • അങ്ങനെയെങ്കിൽ പക്രുവിന് അനുയോജ്യമായ കഥകളുണ്ടോ?

ഉണ്ട്, എനിക്ക് വേണ്ടി മാത്രം എഴുതിയ നാലോളം കഥകളുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതിനേക്കാൽ കൂടുതൽ സൗഭാഗ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

  • പക്രുവിന്റെ പുതിയ ഉദ്യമത്തിന് കുടുംബത്തിന്റെ പിന്തുണ?

എന്റെ ഭാര്യ ഗായത്രിയുടെ സപ്പോർട്ടാണ് പ്രധാനം. പിന്നെ എന്റെ മകൾ ദീപ്ത കാർത്തിക. അവൾക്ക് നാലര വയസ്സായി. ഇവർക്ക് പുറമേ എന്റെ അമ്മയുടെയും പിന്തുണയും എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുകയാണ്.

  • പുതിയ ചിത്രങ്ങൾ?

മൈ ഫാൻ രാമു കഴിഞ്ഞാൽ ഉണ്ണിയുടെ ഗുഡ്‌നൈനറ്റ്, ക്യാപ്റ്റൻ രാജുവിന്റെ പവനായി തുടങ്ങിയ ചിത്രങ്ങളിലാണ് ഞാൻ അഭിനയിക്കുന്നത്. പവനായിൽ ക്യാപ്റ്റൻ രാജുവേട്ടന്റെ കൂടെയുള്ള ബ്രോണോ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

അവലംബം- സിനിമാമംഗളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP