Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202105Friday

സിനിമ ചർച്ച ചെയ്യപ്പെട്ടു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്; സിനിമയെ കുറിച്ചുണ്ടായ പ്രധാനപ്പെട്ട വിമർശനം സദാചാര പൊലീസിങ്ങിനെ സിനിമ മഹത്വവത്കരിക്കുന്നു എന്നാണ്; സിനിമ ഡെവലെപ് ചെയ്യുന്ന സമയത്തോ റോയ് എന്ന കഥാപാത്രത്തെ എഴുതുന്ന സമയത്തോ ഞങ്ങൾ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് അത്; റോയ് എന്ന കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കിയാൽ ഈ വിമർശനം മാറും; കപ്പേള സിനിമയുടെ സംവിധായകൻ മുഹമ്മദ് മുസ്തഫ മറുനാടൻ മലയാളിയോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഐൻ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ നടനാണ് മുഹമ്മദ് മുസ്തഫ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരഭമാണ് കപ്പേള. കപ്പേളയെന്ന കൊച്ചു സിനിമ തിയേറ്ററുകളിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നത്. ഈ ഘട്ടത്തിൽ അടുത്ത അവസരമെന്ന നിലക്ക് നെറ്റ്ഫ്ളിക്സ് വഴി സിനിമ റിലീസ് ചെയ്യുകയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. മികച്ച അഭിയനത്തിന് രാഷ്ട്രപതിയിൽ നിന്ന് ദേശീയപുരസ്‌കാരം ഏറ്റുവാങ്ങിയ ഒരാൾ സംവിധായകനാകുമ്പോൾ ആ സിനിമയിൽ പ്രതിഭയുടെ കരസ്പർശമുണ്ടാകുമെന്ന എല്ലാവരുടെയും പ്രതീക്ഷ പോലെ തന്നെയായിരുന്ന കപ്പേളയും. സമൂഹമാധ്യമങ്ങളിൽ ഇന്നും കപ്പേളയെന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോൾ കപ്പേളയെന്ന സിനിമയിലേക്ക് എത്തിയ വഴികളെയും തന്റെ ആദ്യ സംവിധാന സംരഭത്തെയും വിമർശനങ്ങൾക്കുള്ള മറുപടിയുമെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മുഹമ്മദ് മുസ്തഫ.

കപ്പേളയെന്ന സിനിമയിലേക്ക് എത്തുന്നത്

ഒരു സുഹൃത്താണ് ആദ്യമായി ഈ സിനിമയുടെ ആശയം പങ്കുവെക്കുന്നത്. വാഹിദ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആശയം കേട്ടപ്പോൾ തന്നെ അതിലൊരു സിനിമാറ്റിക് എലമെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് കപ്പേളയുമായി മുന്നോട്ട് പോകാമെന്ന് തിരുമാനിച്ചത്. രണ്ടുമൂന്ന് വർഷം ഗൃഹപാഠം നടത്തിയിട്ടുണ്ട്. ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളൊക്കെ കൂട്ടിച്ചേർത്താണ് കഥ തയ്യാറാക്കിയത്. നല്ല സമയമെടുത്താണ് കപ്പേളയുടെ കഥയും തിരക്കഥയുമെല്ലാം തയ്യാറാക്കിയത്. ജിവിതത്തിലെ പല അനുഭവങ്ങളും കൂട്ടിച്ചേർത്താണ് തിരക്കഥ തയ്യാറാക്കിയത്. ആദ്യ സിനിമയെന്നത് എല്ലാതരം ആളുകൾക്കും ഇഷ്ടപ്പെടുന്ന രിതിയിൽ എടുക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിന്റെയും വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഫലമാണ് കപ്പേളയെന്ന സിനിമ.

നടനായ മുസ്തഫയിൽ നിന്ന് സംവിധായകനെന്ന മുസ്തഫയിലേക്കുള്ള ദൂരവും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും അടിസ്ഥാനപരമായി ഞാനൊരു ഫോട്ടോഗ്രാഫറായതിനാൽ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ക്യാമറക്കു പിറകിലുള്ള കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. ലൈറ്റിംഗിനെ കുറിച്ചും ലെൻസുകളെ കുറിച്ചും എത്ര ഡിസ്റ്റൻസിൽ എവിടെയൊക്കെ എങ്ങനെയൊക്കെ ക്യാമറകൾ ഉപയോഗപ്പെടുത്താമെന്നുമൊക്കെ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലാക്കിയിരുന്നു.

ചെയ്തുകൊണ്ടിരുന്ന നാടകങ്ങൾക്കെല്ലാം മെയ്ക്കപ്പും ലൈറ്റുമെല്ലാം സെറ്റ് ചെയ്തിരുന്നതും ഞാൻ തന്നെയായിരുന്നു. അന്ന് കോസ്റ്റിയൂമിനെ കുറിച്ചും മറ്റുമെല്ലാം മനസ്സിലാക്കിയിരുന്നു. സംശയങ്ങൾ മറ്റുള്ളവരിൽ നിന്ന് ചോദിച്ച് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നെങ്കിലുമൊരിക്കലൊരു സിനിമയെടുക്കുകയാണെങ്കിൽ ഉപകാരപ്പെടുമല്ലോ എന്ന് കരുതിയാണ് ഇതൊക്കെ മനസ്സിലാക്കി വെച്ചിരുന്നത്. അതിനെല്ലാമപ്പുറമാണ് എന്റെ ഗുരുനാഥനായ സംവിധായകൻ രഞ്ജിത് സാറിൽ നിന്നും ലഭിച്ച പാഠങ്ങൾ. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചതിൽ നിന്നാണ് ഞാൻ സിനിമയെ കൂടുതൽ കൂടുതൽ മനസ്സിലാക്കിയത്. ഇതൊക്കെയാണ് ഒരു സിനിമ ചെയ്യാൻ വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ.

ലോക്ഡൗൺ കാരണം തിയേറ്ററുകൾ അടക്കുന്നതും നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തതും

തിയേറ്ററുകളിൽ നല്ല രീതിയിൽ പ്രദർശനം തുടരുന്നതിനിടയിലാണ് പെട്ടെന്ന് ലോക്ഡൗൺ ഉണ്ടാകുന്നത്. നാലോ അഞ്ചോ ദിവസം മാത്രമേ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനായുള്ളൂ. ആളുകളെല്ലാം തിയേറ്ററുകളിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയം കൂടിയായിരുന്നു അത്. പെട്ടെന്ന് ലോക്ഡൗൺ ആകുകയും തിയേറ്ററുകൾ അടക്കുകയും ചെയ്തതോടെ വലിയ നിരാശയിലായിരുന്നു ഞങ്ങളുടെ ടീം മുഴുവൻ. മറ്റെല്ലാ മേഖലകളും പോലെ തന്നെ സിനിമ മേഖലയും പ്രതിസന്ധിയിലായി. വേറെയും ഒരുപാട് സിനിമകൾ തിയേറ്ററുകളിലുണ്ടായിരുന്നു. പണം മുടക്കിയ നിർമ്മാതാക്കളും പ്രതിസന്ധിയിലായ ഒരു ഘട്ടം കൂടിയായിരുന്നു. തിയേറ്ററുകൾ തുറക്കുന്നൊരു സമയത്ത് വീണ്ടും റിലീസ് ചെയ്യാമെന്ന ആലോചനകളൊക്കെയുണ്ടായിരുന്നു.

പക്ഷെ ഇനിയെന്നാണ് തിയേറ്ററുകൾ വീണ്ടും തുറക്കുക എന്ന കാര്യത്തിൽ ആർക്കും ധാരണകളൊന്നുമില്ലാതെ വന്നതോടെയാണ് ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയാണ് നിരവധി ചർച്ചകൾക്ക് ശേഷം സിനിമ നെറ്റ്ഫ്ളിക്സിൽ റീലീസ് ചെയ്യുന്നത്. അതിന് ശേഷമാണ് സിനിമ കുറച്ചുകൂടി വലിയ തോതിൽ ചർച്ചയായത്. ആളുകൾ ഓൺലൈനിലും അല്ലാതെയും നേരിട്ടുമെല്ലാം അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. എല്ലാ അഭിപ്രായങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. വിമർശനങ്ങളെയും ആരോഗ്യപരമായ സംവാദങ്ങളെയുമെല്ലാം ഞാൻ മുഖവിലയ്ക്കെടുത്തിരുന്നു. ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും ഈ ചർച്ചകൾ സഹായിച്ചു. വിമർശിക്കാനായി വിമർശിച്ചവരോട് എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല.

എന്നിരുന്നാലും ആദ്യമായി ചെയ്ത ഒരു ചെറിയ സിനിമ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടതിൽ ഞാൻ സന്തുഷ്ടനാണ്. തിയേറ്ററിൽ സിനിമ വന്നപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയിരുന്ന പലരും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിരുന്നു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമിൽ സിനിമ വന്നതോടെ എല്ലാ തരത്തിലുള്ള ആളുകളും സിനിമയെ ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. പല പ്രായത്തിലുള്ള ആളുകളും എന്നെ വ്യക്തിപരമായി വിളിച്ചും മെസേജ് അയച്ചും ആശംസകളും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളും അറിയിച്ചിട്ടുണ്ട്. സിനിമയിലെ കടൽ കാണിച്ചു തരുമോയെന്നുള്ള രംഗവും ഡയലോഗുമെല്ലാം സ്റ്റാറ്റസുകളാക്കിയിട്ട ഒരുപാട് പേരുണ്ട്. ആ നിലയിലെല്ലാം കപ്പേള ജനങ്ങളുടെ ഹൃദയത്തിലേറി. കൂടുതൽ വിമർശനമുന്നയിച്ചവർ പോലും സിനിമ ഒന്നോ രണ്ടോ ആവർത്തി കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നത്.

നാടകത്തിൽ നിന്നും സിനിമയിലേക്ക്, ഓൺലൈൻ റിലീസിന്റെ സാധ്യതകൾ

നാടകത്തിൽ നിന്നും റിയാലിറ്റി ഷോയിൽ നിന്നുമെല്ലാം ലഭിച്ച അനുഭവങ്ങളാണ് ഒരു സിനിമ ചെയ്യാൻ എനിക്ക് ഊർജ്ജം തന്നത്. അതിലുപരി അസിസ്റ്റ് ചെയ്തതും ഞാൻ അഭിനയിച്ചതുമായ സിനിമകളിൽ നിന്നും ലഭിച്ച അനുഭവങ്ങളും കപ്പേളയെന്ന സിനിമയൊരുക്കുന്നതിൽ എനിക്ക് കരുത്ത് നൽകിയിട്ടുണ്ട്. നാടകത്തിലും സ്റ്റേജിലുമൊക്കെ പെർഫോം ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കളുണ്ടെനിക്ക്. എല്ലാവരെയും ഒരു സിനിമക്കകത്തുകൊണ്ടുവരാൻ കഴിയില്ലെങ്കിലും അവരിൽ പലരും കപ്പേളയിൽ അഭിനയിച്ചു.

അവരെല്ലാം ചെറുതെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറ്റൊന്ന് ശതമാനം നീതി പുലർത്തി. ചെറിയൊരു ഐഡിയ നല്ല രീതിയിൽ അവതരിപ്പിച്ചാൽ അതിന് സാ ധ്യതകളുണ്ടെന്നാണ് കപ്പേള നൽകുന്ന പാഠം. ഓൺലൈൻ റിലീസിന് ശേഷമാണ് കപ്പേള കൂടുതൽ ചർച്ച ചെയ്യപ്പെട്ടതെങ്കിലും ഒരു ഫിലം മെയ്ക്കറെന്ന നിലയിൽ എപ്പോഴും ആഗ്രഹിക്കുന്നത് സിനിമ അതിന്റെ എല്ലാവിധ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ തിയേറ്ററിൽ കാണണമെന്ന നിലയിലാണ്. ഇനിയുള്ള കാലത്ത് സിനിമ രണ്ട് തരത്തിൽ നിർമ്മിക്കേണ്ടി വരുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒന്ന് തിയേറ്ററുകൾക്ക് അനുയോജ്യമായ രീതിയിലും മറ്റൊന്ന് ഒടിടിപ്ലാറ്റ് ഫോമുകൾക്ക് അനുയോജ്യമായ രീതിയിലും

വിമർശനങ്ങളോടുള്ള മറുപടി

സിനിമ ചർച്ച ചെയ്യപ്പെട്ടു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സിനിമയെ കുറിച്ചുണ്ടായ പ്രധാനപ്പെട്ട വിമർശനം എന്നത് സദാചാര പൊലീസിങ്ങിനെ സിനിമ മഹത്വവത്കരിക്കുന്നു എന്നാണ്. എന്നാൽ സിനിമ ഡെവലെപ് ചെയ്യുന്ന സമയത്തോ ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയ് എന്ന കഥാപാത്രത്തെ എഴുതുന്ന സമയത്തോ ഞങ്ങൾ മനസ്സിൽ പോലും കരുതാത്ത കാര്യമാണ് അത്. റോയ് എന്ന കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കിയാൽ ഈ വിമർശനം മാറും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഒരാളുടെയും സ്വകാര്യതയിലേക്ക് കടന്നുകയറുന്നയാളല്ല റോയ് എന്ന കഥാപാത്രം എന്ന് ആ സിനിമയിലെ അമ്പലപ്പറമ്പിൽ നിന്നുള്ള സീനിൽ വ്യക്തമാക്കുന്നുണ്ട്. അയാൾക്ക് ലഭിച്ച ഫോൺകോളുകൾ എന്താണെന്ന് മനസ്സിലാക്കുകയോ സിനിമ ഒരാവർത്തി കൂടി കണ്ടാലോ തീരാവുന്ന വിമർശനമാണത്. ഹൈറേഞ്ചിലെ വിശ്വാസിയായ ജെസി എന്ന നിഷ്‌കളങ്കയായ പെൺകുട്ടിയുടെ കഥയാണ് കപ്പേള. ആ പെൺകുട്ടി സിറ്റിയിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന കുറച്ചു കാര്യങ്ങളാണ് ഈ സിനിമയിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്. അത്തരം പെൺകുട്ടികളും നമുക്ക് ചുറ്റുമുണ്ടെന്ന ബോധ്യമുണ്ടാകുമ്പോൾ ഈ വിമർശനങ്ങൾ മാറിക്കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP