Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദൃശ്യം കോപ്പിയടിയാണെന്ന് എസ്എംഎസ് അയച്ചു പ്രചരിപ്പിക്കുന്നത് സിനിമാലോകത്തെ ഒരു പ്രമുഖൻ; മലയാളസിനിമയിൽ ലാഭത്തിന് റെക്കോഡ് ഇട്ട ജിത്തു ജോസഫ് മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

ദൃശ്യം കോപ്പിയടിയാണെന്ന് എസ്എംഎസ് അയച്ചു പ്രചരിപ്പിക്കുന്നത് സിനിമാലോകത്തെ ഒരു പ്രമുഖൻ; മലയാളസിനിമയിൽ ലാഭത്തിന് റെക്കോഡ് ഇട്ട ജിത്തു ജോസഫ് മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

മലയാളസിനിമയ്ക്ക് പരിചിതമല്ലാത്ത വേറിട്ട സിനിമാ അനുഭവമായിരുന്നു ദൃശ്യം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. ഡിറ്റക്ടീവിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച ജിത്തു ജോസഫ് എന്ന സംവിധായകൻ പിന്നീട് മമ്മി ആന്റ് മി എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. തുടർന്ന് മൈ ബോസിലൂടെ തമാശച്ചിത്രങ്ങളെ എങ്ങനെ തന്മയത്വത്തോടെ അവതരിപ്പിക്കാം എന്നദ്ദേഹം പറഞ്ഞു. ഒരു പൊലീസ് ഓഫീസറുടെ ഹൃദയസ്പർശിയായ ജീവിത കഥ പറഞ്ഞ മെമ്മറീസ് എന്ന സസ്‌പെൻസ് ത്രില്ലറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പൃഥ്വിരാജ് എന്ന അഭിനയപ്രതിഭയെ ഇത്രമനോഹരമായി ഒരു കഥാപാത്രത്തിലേക്ക് ആവാഹിക്കാമെന്ന് കാണിച്ചു തന്നു, ഈ സംവിധായകൻ.

പിന്നീട് മലയാളത്തിന് ലഭിച്ച പകരം വയ്ക്കാനാകാത്ത ദൃശ്യവിരുന്നായിരുന്നു, ദൃശ്യം എന്ന സിനിമ. എന്നാൽ സിനിമയ്ക്ക് മഹാ വിജയത്തിനൊപ്പം പല തലങ്ങളിൽ പല വിമർശനങ്ങളും തുടക്കം മുതലേ നേരിടേണ്ടി വന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. ദൃശ്യം എന്ന കഥയ്ക്കു പിന്നിൽ യഥാർത്ഥത്തിൽ വന്ന വിവാദങ്ങൾ എന്തായിരുന്നു? അതിന്റെ സത്യമെന്ത്? കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണോ ദൃശ്യം? എഡിജിപി സെൻകുമാറിന്റെ പരാമർശം? വിവാദങ്ങളെക്കുറിച്ച് മറുനാടൻ മലയാളിയോട് ജിത്തു ജോസഫ് മനസ്സു തുറക്കുകയാണ്...

  • ദൃശ്യം എന്ന സിനിമ ചരിത്ര വിജയത്തിലേക്ക് എഴുതപ്പെട്ടു കഴിഞ്ഞു. വിജയത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഒറ്റവാക്കിൽ പറഞ്ഞാൽ അപ്രതീക്ഷിതമായിരുന്നു. പടം ഹിറ്റാകുമെന്നറിയാമായിരുന്നു. പക്ഷെ, ഇതുപോലെ ഒരു റെസ്‌പോൺസ് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിൽ മാത്രമല്ല, മറ്റുഭാഷകളിലെ ഓഡിയൻസും കൂടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായിട്ടും വലിയ സന്തോഷമുണ്ട്. അതിന്റെ സബ്‌ടൈറ്റിൽ വെർഷൻ പോലും നമ്മൾ പുറത്തിറക്കിയിരുന്നു. അതൊന്നും ഇല്ലാതെ തന്നെ മറ്റുഭാഷകളിൽ ഓഡിയൻസ് ഈ സിനിമയെ സ്വീകരിച്ചു എന്നുളളതിൽ വലിയ സന്തോഷം. നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ലെവലിലേക്ക് ഈ സിനിമ പോയി. മലയാള സിനിമയിൽ ഒരു ചരിത്രമായി ദൃശ്യം മാറിയെന്നതാണ് സത്യം.

  • ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ മുതൽ നിരവധി വിവാദങ്ങളുംഉയർന്നുകേട്ടു. കഥയെക്കുറിച്ചായിരുന്നു അവയിൽ ആദ്യം വിവാദം വന്നത്?

അത് വളരെ സിംപിൾ ആണ്. സ്വാഭാവികമായും ഒരു നല്ല സിനിമ വരികയും അത് ആളുകൾ ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ വിവാദങ്ങളും ഉണ്ടാകും. അധികം ഓടാത്ത, ആരും ശ്രദ്ധിക്കാത്ത ഒരു സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉണ്ടാകില്ല. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. എന്റെ 'മൈ ബോസ്‌' എന്ന ചിത്രം ഞാൻ മറ്റൊരു സിനിമയിൽ നിന്ന് തന്നെ ഇൻസ്പയേഡ് ആയി ചെയ്ത ഒരു സിനിമയായിരുന്നു. അത് ഞാൻ തുറന്നു സമ്മതിച്ചതുമാണ്. എന്നാൽ ദൃശ്യം അഞ്ചെട്ടു വർഷമായി മനസ്സിൽ ഇട്ട് രൂപാന്തരപ്പെടുത്തിയ സിനിമയാണ്.

എന്റെ ഒരു അസോസിയേറ്റ് ഡയറക്ടർക്ക് വേണ്ടി ഞാൻ മുൻപ് എഴുതിയ തിരക്കഥയാണിത്. അതയാൾ രണ്ടുകൊല്ലം കൊണ്ടുനടന്നിട്ടും സിനിമയാക്കാൻ കഴിഞ്ഞില്ല. പിന്നീട് എനിക്ക് സ്വീകരിക്കാൻ കഴിയാത്ത ചില മാറ്റങ്ങൾ ആ കഥയിൽ അയാൾ നിർദ്ദേശിച്ചു. അയാൾക്ക് ആ സ്‌ക്രിപ്റ്റിൽ വിശ്വാസമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, എനിക്ക് വിശ്വാസമുണ്ട് അത് ഞാൻ സിനിമയാക്കാം, എനിക്കു തന്നേക്കൂ എന്ന്. അങ്ങനെ ഞാനാസിനിമ ചെയ്യാൻ തീരുമാനിക്കുകയും അതുമായി മുന്നോട്ട് പോകുകയും ചെയ്തു. അങ്ങനെ എന്റെയൊരു സുഹൃത്ത് കൂടിയായ സുരേഷ് ബാലാജിക്ക് ഈ സ്‌ക്രിപ്റ്റിന്റെ ഇംഗ്ലീഷ് വെർഷൻ ഞാനയച്ചു കൊടുത്തു. അത് വായിച്ചതിനു ശേഷം, ഇതിനു സമാനമായ ഒരു കഥയുണ്ട് ഒരു നോവൽ ഉണ്ട് അത് സിനിമയാക്കിയതാണ് അതിനെക്കുറിച്ച് ബോംബേ ബേസ്ഡ് ടീമുമായി ഡിസ്‌കഷൻ നടത്താൻ അദ്ദേഹം തീരുമാനിച്ചിരുന്നതായി എന്നോട് പറഞ്ഞു. അതിനെക്കുറിച്ച് അനേ്വഷിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു.

പിന്നീട് ആ സിനിമ കണ്ടിട്ട് എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. 'ടോട്ടൽ ഔട്ട് ലൈൻ നോക്കിയാൽ ഒരു മർഡർ കവർ അപ്പ് ആണ്. ഒത്തിരി ആളുകൾ ത്രികോണപ്രണയകഥകൾ സിനിമയാക്കിയിട്ടുണ്ട്. കഥ പറയുന്ന രീതിയിലും കഥയുടെ വിശദാംശങ്ങളിലുമാണ് വ്യത്യാസം വരുന്നത്. അത് പോലെയുള്ള സാമ്യം മാത്രമാണ് ഇതിലുള്ളത്‌ന' എന്നാണ്. അതിനു ശേഷം ചിത്രീകരണം തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് മലയാളത്തിലെ ഒരു സിനിമ ചെയ്ത ഒരു സംവിധായകൻ (പേരു പറയുന്നില്ല) എന്നെ വിളിച്ചു പറഞ്ഞു, അദ്ദേഹം വർഷങ്ങൾക്കു മുൻപ് ഒരു സ്‌ക്രിപ്റ്റ് എഴുതി വച്ചിട്ടുണ്ട്, അതിൽ അദ്ദേഹത്തിന് കോപ്പീ റൈറ്റ് ഉള്ളതാണ്. ജിത്തു ചെയ്യാൻ പോകുന്ന സിനിമയുമായി ആ കഥയ്ക്ക് നല്ല സാമ്യമുണ്ടെന്ന്. അങ്ങനെ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ടെൻഷനായി. അദ്ദേഹവും ഞാനുമായി ഇരുന്നു സംസാരിച്ചു. അദ്ദേഹത്തിന്റെയും ഒരു മർഡർ കവർ അപ്പ് ആണ്.

കഥ വളരെ വ്യത്യാസമുണ്ട്. അന്ന് ഞാനൊരു സത്യം മനസ്സിലാക്കി ലോകത്തിൽ ഒരുപോലെ പലർക്കും ചിന്തിക്കാം. അതുകൊണ്ട് തന്നെ, പലരും സിനിമയിറങ്ങുമ്പോൾ അത് കൊറിയനിൽ നിന്നെടുത്തതാണ്, ജപ്പാനിൽ നിന്നെടുത്തതാണ്, ഫ്രഞ്ചിൽ നിന്നെടുത്തതാണ് എന്നൊക്കെ പറയുമ്പോൾ ഞാൻ വിലകൊടുക്കാറില്ല. കാരണം ഒരുപോലെ ചിന്തിക്കുന്ന പല ആളുകൾ ഉള്ളതു കൊണ്ടാകാം. പിന്നെ, എനിക്കിതൊന്നും ആരെയും ബോധിപ്പിക്കേണ്ട. എന്റെ മനസ്സാക്ഷിയെ മാത്രം ബോധിപ്പിച്ചാൽ മതി.

  • താങ്കളുടെ ഏതു ചിത്രങ്ങൾ തിയേറ്ററിൽ വരുമ്പോഴും അതിനെക്കുറിച്ച് തുടർച്ചയായി വിവാദങ്ങൾ വരുന്നുണ്ടല്ലോ? അതിനു പിന്നിൽ നിക്ഷിപ്തതാത്പര്യം ആർക്കെങ്കിലും ഉണ്ടെന്നു തോന്നുന്നുണ്ടോ?

ഞാനെനെ്റെ ആദ്യ സിനിമ ഡിറ്റക്ടീവ് ഉണ്ടാക്കാൻ തന്നെ കാരണം ഒരു ജെയിംസ് ബോണ്ട് സിനിമയാണ്. 'യു ലീവ് ഒൺലി ടൈ്വസ്' എന്ന സിനിമയിൽ വളരെ അപ്രസക്തമായ ഒരു ചെറിയ വിഷ്വൽ ഉണ്ട്. ഒരാൾ മുകളിൽ ഇരുന്ന് ഒരു നൂല് ഇടതു കൈയിൽ പിടിച്ച് വലതു കൈകൊണ്ട് പോയിസൺ അതിലേക്കൊഴുക്കി മുകളിലിരുന്ന് ഒരു കൊലപാതകം ചെയ്യുന്ന ഒരു സീനുണ്ട്. അത് മാത്രമേ ഞാൻ അതിൽനിന്നെടുത്തിട്ടുള്ളു. അതിനകത്ത് വളരെ വ്യത്യസ്തമായ ഒരു കഥയുണ്ടാക്കി സ്‌പൈസ് ആഡ് ചെയ്ത് ഞാനൊരു സിനിമയുണ്ടാക്കി. ആ സിനിമ അന്ന് ചെറുപ്പക്കാർ കുറച്ചു പേര് ശ്രദ്ധിച്ചു. പിന്നിതുപോലെ സോഷ്യൽ മീഡിയയൊന്നും അന്നത്ര സജീവമായിരുന്നില്ല. എങ്കിലും പടം നഷ്ടമായിരുന്നില്ല.

ഒരു പുതുമുഖ സംവിധായകൻ സുരേഷ് ഗോപിയെ വച്ച് ഒരു ഡിറ്റക്ടീവ് പടം ചെയ്യുന്നു. ഇടിപ്പടമായിരിക്കും എന്നു കരുതി കുടുംബപ്രേക്ഷകർ വന്നില്ല. അത് കഴിഞ്ഞ് മമ്മി ആന്റ് മി വന്നു. അതിനു ശേഷം മൈ ബോസ് ചെയ്തു. അപ്പോൾ അതൊരു ഇംഗ്ലീഷ് സിനിമയുടെ പകർപ്പാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അതെ, ഒരു സിനിമ എടുത്ത് അതേപടി ചെയ്തു വയ്ക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ഞാൻ പറയുന്ന ന്യായീകരണം ഇത്രയേ ഉള്ളു, നമ്മുടെ ഒരു പരിശ്രമം അതിലുണ്ടായിരിക്കണം. അത് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്കൊത്ത് മാറ്റി എഴുതി, റീ വർക്ക് ചെയ്ത് അതിനുവേണ്ടി ശരിക്കും എഫർട്ട് എടുത്ത് ചെയ്യണം.

അത് കഴിഞ്ഞ് മെമ്മറീസ് വന്നപ്പോൾ അതൊരു കൊറിയൻ സിനിമയുടെ പതിപ്പാണെന്നു പറഞ്ഞു. ആ സിനിമ ഓടില്ലെന്നു കരുതിയവർ പലരും, സിനിമ ഹിറ്റായപ്പോൾ ഞെട്ടി. ശരിക്കും ഞങ്ങളും ഞെട്ടി. ഫാമിലി അടക്കം വന്നിട്ടാ സിനിമ കണ്ടു. 60 ഉം 65 ഉം 70 ഉം വയസ്സുള്ള സ്ത്രീകളും ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഒരു 70 വയസ്സുള്ള ഒരു സ്ത്രീ ചോദിച്ചു, ഇങ്ങനെയും സിനിമയുണ്ടോ. ഇത്രയും നല്ല സിനിമ അവർ കണ്ടിട്ടില്ല എന്നു പറഞ്ഞു. അവർ പോലും സിനിമ എൻജോയ് ചെയ്തു എന്നുള്ളതാണ് ആ സിനിമയുടെ വിജയം എന്നു പറയുന്നത്.

പിന്നെ ദൃശ്യത്തിന്റെ കാര്യമെടുത്താൽ വളരെ ചുരുക്കം ചില ആൾക്കാർക്ക് സിനിമയുടെ വിജയം പിടിക്കാതെ വന്നിട്ടുണ്ട്. അവരുടെ ആരുടെയും പേര് ഞാൻ പറയുന്നില്ല. വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞാൻ ഒരുക്കമല്ല, അത് കൊണ്ടാണ്. അതിലൊരാൾ ഇന്റസ്ട്രിയിലെ ഒരു പ്രധാനപ്പെട്ട ആളാണ്. അയാൾ സിനിമയിലെ നമ്മുടെ സുഹൃത്തുക്കൾക്ക് എസ് എം എസ് അയക്കും. എസ് എം എസ് അയച്ചിട്ട് റിപ്ലേ ഒന്നും വന്നില്ലെങ്കിൽ അയാൾ വിളിക്കും എന്നിട്ടു പറയുംന' ആ സിനിമ കണ്ടില്ലേ...അത് മുഴുവൻ കോപ്പിയടിയാ... ഇപ്പോൾ കേസ് വരും..ന' എന്ന്. ഈ സിനിമയെ എങ്ങനെങ്കിലും തകർക്കണം എന്നു കരുതിയ ആളുകളുണ്ട്. പക്ഷെ അത് സാധാരണ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതാണ് ദൃശ്യത്തിന്റെ വിജയം.

  • അപ്പോൾ ഇന്റസ്ട്രിയിലെ പലരും ഇങ്ങനെ സിനിമയെ നശിപ്പിക്കാൻ ഗൂഢശ്രമങ്ങൾ നടത്തുന്നു എന്നാണോ?

ഞാൻ വിശ്വസിക്കുന്നത് സിനിമ എന്ന് പറയുന്ന ഇന്റസ്ട്രി നന്നാകുന്നത് എല്ലാ സിനിമകളും ഓടുമ്പോഴാണ്. ഞാൻ ദൃശ്യത്തിന്റെ ഷൂട്ടിങ്ങിലായിരുന്നപ്പോഴാണ് മങ്കിപെൻ എന്ന സിനിമ ഇറങ്ങുന്നത്. എന്റെ മോൾ എന്നെ വിളിച്ച് അത് നല്ല സിനിമയാണ്, കാണണം എന്നു പറഞ്ഞു. ഷി ഈസ് എ ഗുഡ് ക്രിറ്റിക്. നല്ല സിനിമയല്ലെങ്കിൽ അവൾ മുഖത്തുനോക്കി പറയും. ഞാനും പോയി കണ്ടു. ഞാനവരെ വിളിച്ചഭിനന്ദിച്ചു. എന്തു സഹായം വേണമെങ്കിലും ചെയ്തു തരാമെന്നു പറഞ്ഞു.

കഴിഞ്ഞ ദിവസം ഞാൻ പോയി 1983 കണ്ടു, എനിക്കിഷ്ടമായി. ഞാൻ നിവിൻ പോളിയെ വിളിച്ചു, അതിന്റെ ഡയറക്ടറെയും പ്രൊഡ്യൂസറെയും വിളിച്ചു. ഞാൻ പറഞ്ഞു, ഞാനെനെ്തെങ്കിലും രീതിയിൽ നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ അത് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഞാൻ കൂടെയുണ്ട്. ഞാനെനെ്തു സഹായവും ചെയ്യും, കാരണം നല്ല സിനിമകൾ ഓടേണ്ടത്, ഞാനെനെ്നു പറയുന്ന ഒരു സംവിധായകന് മാത്രമല്ല, മലയാള സിനിമാ ലോകത്തിന് മുഴുവൻ ആവശ്യമാണ്. അല്ലാതെ തന്റെ പടങ്ങളെ ഓടാവൂ, മറ്റുള്ളവരുടെ പടങ്ങൾ ഓടരുത് എന്നൊക്കെയുള്ള ആറ്റിറ്റിയൂഡ് മാറണം. അങ്ങനെ കാണുന്നവർ കുറവാണ്.

  • എഡിജിപി സെൻകുമാർ ഉൾപ്പെടെയുള്ളവർ ഈ സിനിമയെ വിമർശിച്ചുസംസാരിച്ചല്ലോ? പിന്നീട് നടന്ന പല സംഭവങ്ങളും ഇതുമായി താരതമ്യം ചെയ്യാനും അത് വഴിവച്ചില്ലേ?

നമ്മുടെ ഇന്ത്യാ മഹാ രാജ്യത്ത് എല്ലാവർക്കും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അത് മാത്രമാണ് അദ്ദേഹവും ചെയ്തത്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. അദ്ദേഹം അത്തരമൊരു പരാമർശം നടത്തി എന്ന് ചാനലുകാർ എന്നെ വിളിച്ചു പറഞ്ഞപ്പോഴെ ഞാൻ തിരുത്തിയിരുന്നു, അത് വിമർശനമല്ല എന്ന്. പല ആളുകളും നല്ലതും മോശവുമായ അഭിപ്രായങ്ങൾ ഈ സിനിമയെക്കുറിച്ച് എന്നോട് നേരിട്ട് പറഞ്ഞിരുന്നു. ദൃശ്യം ഇഷ്ടപ്പെട്ടു എന്നു പറയുമ്പോഴും അതിനേക്കാൾ മെമ്മറീസ് ആണ് ഇഷ്ടമായത് എന്നു പറഞ്ഞവരുണ്ട്. മൈ ബോസ് ആണ് എന്റെ ഏറ്റവും നല്ല സിനിമ എന്നു പറയുന്നവരുണ്ട്. അതൊക്കെ അവരുടെ അഭിപ്രായം മാത്രമാണ്. പിന്നെ ഒരു സിനിമ കണ്ടിട്ട് അത് ജീവിതത്തിലേക്ക് പകർത്തുന്നവരാണ് എല്ലാവരും എന്നു ഞാൻ കരുതുന്നില്ല. നമ്മളുടെ കാഴ്ചപ്പാടാണ് സിനിമയിലെ നല്ലതും ചീത്തതും ആയ കാര്യങ്ങളെ വേർതിരിച്ചെടുക്കുന്നത്.

രണ്ടു പെൺമക്കൾ ഉള്ള ഒരമ്മ സിനിമ കണ്ടിട്ട് എന്നെ വിളിച്ചു, എന്നിട്ടു പറഞ്ഞു, ഈ സിനിമയിൽ മൂന്നു മെസേജ് ഉണ്ട്. ഒന്ന് പെൺകുട്ടികൾ പുറത്തു പോകുമ്പോഴൊക്കെ വളരെ സൂക്ഷിക്കണം. രണ്ട് ഏതു പ്രശ്‌നങ്ങൾ വന്നാലും അത് മാതാപിതാക്കളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യണം. മൂന്നാമത്തെ മെസേജ് കേട്ട് ഞാൻ ചിരിച്ചു, ആൺമക്കളുള്ളവർ അവരെ നന്നായി വളർത്തണം, അല്ലെങ്കിൽ നാട്ടുകാർ പെരുമാറും..!

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞു, അതിലെ ഒരു സീനിൽ സ്വന്തം മകന്റെ ഡെഡ്‌ബോഡി തിരയുന്ന സമയം ആശാ ശരത് അവതരിപ്പിക്കുന്ന ഡി ജി പി യുടെ കഥാപാത്രം ഇരുന്നു കരയുന്ന സീനുണ്ട്, അവന്റെ മുന്നിലത്തെ സീറ്റിലിരുന്ന് ഒരു സ്ത്രീ പറയുന്നുവെന്ന് മക്കളെയൊക്കെ വളർത്തുമ്പോൾ ആലോചിക്കണം ഇനി ഇരുന്ന് കരഞ്ഞിട്ടെന്താ കാര്യമെന്ന്.

അപ്പോൾ ഞാൻ പറയുന്നത് അതൊരു റിയാക്ഷൻ ആണ്. ആൺ മക്കൾ ഉള്ള ഒരച്ഛനും അമ്മയും വിചാരിക്കും, നാളെ നമ്മുടെ മക്കളെ നന്നായി വളർത്തിയില്ലെങ്കിൽ നമുക്കും ഈ ഗതി വരാം. അത് ആ സിനിമയിലുള്ള ഒരു നല്ല മെസേജ് ആയിട്ടും എടുക്കാം. മുൻപും മലയാള സിനിമയിൽ നിരവധി കൊലപാതകങ്ങൾ പ്രമേയമായി വന്നിട്ടുണ്ട്. ആളുകൾ സിനിമ കണ്ടിട്ടാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന വാദം ശരിയല്ല. പിന്നെ നമ്മുടെ നാട്ടിൽ അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ? വിമർശനവും ഞാൻ സ്വാഗതം ചെയ്യുന്നു. നമുക്ക് കേൾക്കുമ്പോൾ തന്നെ അറിയാം, കുറ്റം പറയാനായി പറയുന്നതാണോ അതോ ജെനുവിൻ ആയിട്ടുള്ളതാണോ എന്ന്. പിന്നെ സിനിമയെ നശിപ്പിക്കാൻ തക്കം നോക്കി ഇരിക്കുന്നവരാണ് അതിനെ വളച്ചൊടിച്ച് വിവാദമാക്കുന്നത്.

  • മലയാളികൾക്കാണോ അത്തരത്തിലുള്ള കാഴ്ചപ്പാട് കൂടുതൽ!?

എനിക്കു തോന്നുന്നത് അതെ എന്നാണ്. അവരാണ് സിനിമയെ കൂടുതൽ ഡീറ്റെയിൽഡ് ആയിട്ട് കാണുന്നത് എന്ന് തോന്നുന്നു. ചിലർ പറയുന്നത് കേൾക്കാറുണ്ട്, അതിന്റെ എഡിറ്റിങ് ശരിയായില്ല, ക്യാമറ ശരിയായില്ല എന്നൊക്കെ. പക്ഷെ ഞാൻ സിനിമയെ അതിന്റെ പൂർണ്ണതയിലാണ് കാണുന്നത്. ഇപ്പോൾ ഉദാഹരണത്തിന് മങ്കി പെൻ, അത് പുതിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമമാണ്. അതിനകത്ത് ഊർന്നിറങ്ങി നോക്കിയാൽ ചിലപ്പോൾ സാങ്കേതികമായി ചെറിയ കുഴപ്പങ്ങളൊക്കെ കണ്ടു പിടിക്കാൻ കഴിയുമായിരിക്കാം. നമ്മൾ എന്തിനാണ് അങ്ങനെ നോക്കുന്നത്? അങ്ങനെയൊരു കുറ്റമറ്റ സിനിമ ആരും ഇവിടെ ഉണ്ടാക്കുന്നില്ല. ആ സിനിമ നമ്മുടെ വികാരങ്ങളെ തൊടുന്നുണ്ടോ എന്നു നോക്കിയാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP