Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ വോയിസ് ക്ലിപ്പ് എന്റേതല്ല; മതങ്ങളെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല; എല്ലാ കുഴപ്പവും ഉണ്ടാക്കുന്ന എന്റെ ഫെയ്‌സ് ബുക്ക് പേജ് ഡിലേറ്റ് ചെയ്യാൻപോലും ഞാൻ ആലോചിക്കുന്നു; അൻസിബ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു തുടങ്ങിയ ആരോപണങ്ങൾ ഇനിയെങ്കിലും അവസാനിക്കട്ടേ; തുടർച്ചയായി സൈബർ ആക്രമണത്തിന് വിധേയമാകുന്ന നടി അൻസിബാ ഹസൻ മറുനാടനോട് മനസ്സ് തുറക്കുന്നു

ആ വോയിസ് ക്ലിപ്പ് എന്റേതല്ല; മതങ്ങളെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല; എല്ലാ കുഴപ്പവും ഉണ്ടാക്കുന്ന എന്റെ ഫെയ്‌സ് ബുക്ക് പേജ് ഡിലേറ്റ് ചെയ്യാൻപോലും ഞാൻ ആലോചിക്കുന്നു; അൻസിബ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു തുടങ്ങിയ ആരോപണങ്ങൾ ഇനിയെങ്കിലും അവസാനിക്കട്ടേ; തുടർച്ചയായി സൈബർ ആക്രമണത്തിന് വിധേയമാകുന്ന നടി അൻസിബാ ഹസൻ മറുനാടനോട് മനസ്സ് തുറക്കുന്നു

അർജുൻ സി വനജ്

കൊച്ചി: ജനപ്രിയ മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ മലയാളി കുടുംബങ്ങളിലെ മകളായിമാറിയ അൻസിബ സിനിമ രംഗത്ത് 10 ാം വർഷത്തിലേക്ക് കാൽകുത്തുകയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ സ്‌കൂൾ കുട്ടിയായി രംഗപ്രവേശനം ചെയ്ത ഈ കോഴിക്കോട്ട്കാരി 21 ഓളം മലയാളംതമിഴ് ചിത്രങ്ങളിലായി വേഷമിട്ടു. കഴിഞ്ഞ നാല് വർഷക്കാലം ഏറെ വിവാദങ്ങളിലൂടെയും സഞ്ചരിച്ച വ്യക്തിയാണ് അൻസിബയെന്ന 24 കാരി. കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രമാകുന്ന പരീത് പണ്ടാരിയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പരീത് പണ്ടാരിയുടെ വിശേഷങ്ങളും, വിവാദങ്ങൾക്കുള്ള മറുപടിയുമായി മറുനാടൻ മലയാളിക്കൊപ്പം അൻസിബ ഹസൻ.

സോഷ്യൽ മീഡിയിയിൽ ഏറ്റവും കൂടുതൽ വിമർശന വിധേയമായ നടി അൻസിബ ഹസ്സനായിരിക്കും. നേരത്തെ അഭിനയിച്ചാൽ നരകത്തിൽ പോകില്ല എന്നു പറഞ്ഞെന്നു പറഞ്ഞാണ് ഹൻസിബയെ അടുത്തിടെ കൊല്ലാക്കൊല ചെയ്തിരുന്നത്. അതിന് മുമ്പ് ഗ്ലാമർ വേഷങ്ങളെ ചൊല്ലിയായിരുന്നു ആക്രമണം. തന്റെ ഫേസ്‌ബുക്ക് പേജിൽ ബുദ്ധസന്യാസിമാർക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത നടി അൻസിബ ഹസന് നേരെ വംശീയ അധിക്ഷേപവും തെറിവിളിയും ഉണ്ടായി. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഷീ ടാക്സി എന്ന ചിത്രത്തിൽ നിന്നുള്ള ഫോട്ടോയാണ് ഒരുപറ്റം മതവിശ്വാസികളെന്ന് പറയപ്പെടുന്നവരെ പ്രകോപിപ്പിച്ചത്. നേരത്തെ തട്ടമിടുന്നില്ലെന്ന് ആരോപിച്ച് അൻസിബയുടെ ഫേസ്‌ബുക്ക് പേജിൽ നിരവധി അധിക്ഷേപ കമന്റുകൾ നിറഞ്ഞിരുന്നു.

സീരിയസ് റോളുകളിലേക്ക് വഴിതുറന്ന് പരീത് പണ്ടാരി?

ഗവഫൂർ ഇല്ല്യാസ് എന്ന നവാഗത സംവിധായകന്റേതാണ് പരീത് പണ്ടാരി. ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം വളരെ സീരിയസാണ്. പരീതിന്റേത് ഒരു ഡീഗ്ലാമറൈസെഡ് കുടുംബമാണ്. കാണുബോൾ തന്നെ മനസിലാകാത്ത ഒരു ക്യാരക്ടറാണ് പലരുടേയും. പരീദിന്റെ ഏറ്റവും ഇളയമകളുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. സജിത മഠത്തിലാണ് അമ്മ. ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡ്ക്ഷൻ വർക്കുകൾ ഇപ്പോഴാണ് തീർന്നത്. റിലീസിങ് തിയതി തീരുമാനിച്ചിട്ടില്ല.

നല്ല കഥാപാത്രമെങ്കിൽ അഭിനയിക്കാൻ തയ്യാർ ?

ചെറുപ്പം മുതലേ നന്നായി സിനിമ കാണുന്ന ആളാണ് ഞാൻ. സിനിമ ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും ഇറങ്ങിയ ഉടനെ സിനിമ കാണാൻ ശ്രമിക്കാറുമുണ്ട്. ദൃശ്യം കഴിഞ്ഞ് ശരിക്കും പറഞ്ഞാൽ അത്രയും നല്ല ഒരു ക്യാരക്ടർ എനിക്ക് വേറെ കിട്ടിയിട്ടില്ല. അപ്പോൾ ഞാൻ ചിന്തിച്ചു, എന്തിനാണ്
 പ്രസക്തമല്ലാത്തെ വേഷങ്ങൾ ചെയ്യുന്നതെന്ന്. പ്രസക്തമല്ലാത്ത റോളുകൾ ഉള്ള സിനിമയിൽ അഭിനയിക്കണോ എന്ന്. അതുകൊണ്ടാണ് ഇപ്പോൾ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്യാത്തത്. ഇനി നല്ല റോളുകൾ വരുന്നെങ്കിൽ മാത്രമേ അഭിനയിക്കു എന്ന നിലപാട് എടുത്തത്. പരീത് പണ്ടാരിക്ക് ശേഷം ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. ഫൽവഴ്സ് ചാനലിലെ അവതാരികയുടെ റോളാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മറുനാടനോട് വിശദമായി അൻസിബ സംസാരിച്ചത്.

ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്യും ?

എന്റേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. എന്നെ അടുത്ത് അറിയുന്നവർക്ക് അറിയാം അത് എന്റെ ശബ്ദമല്ലെന്ന. പക്ഷെ എന്നെ നേരിട്ട് അറിയാത്ത ചില വീട്ടമ്മമാരൊക്കെ, ഈ വോയിസ് ക്ലിപ്പ് വാട്ട്സ് ആപ്പിലൂടെ പ്രചരിക്കുമ്പോൾ തെറ്റിദ്ധരിക്കില്ലേ, ഞാൻ ആണ് പറഞ്ഞതെന്ന്. ഇതൊക്കെ കാണുമ്പോൾ വല്ലാതെ സങ്കടം തോന്നാറുണ്ട്. ഒരിക്കലും ഞാൻ മതത്തിനെപറ്റി വിമർശിച്ചിട്ടില്ല. അങ്ങനെ വിമർശിക്കാനുള്ള അറിവ് എനിക്കില്ല. ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. ദൃശ്യം ഇറങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ്, അൻസിബ അങ്ങനെ പറഞ്ഞു, അൻസിബ ഇങ്ങനെ പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ.

പക്ഷെ മതപരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ ആർക്കും സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല ഇതുവരെ
. കൊടുക്കാനും പോകുന്നില്ല. അങ്ങനെയുള്ള എന്നെക്കുറിച്ച് വളരെ മോശം പ്രസ്താവന നടത്തി എന്ന പറയുന്നത് മാനസികമായി വിഷമുണ്ടാക്കുന്നതാണ്. പലരും വന്ന് മോശം കമന്റുകൾ ഫേസ്‌ബുക്ക് പേജിൽ ചെയ്യുന്നത് കാണാറുണ്ട്. അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തിരിക്കുവാ.. ഞാൻ ഒരു തെറ്റ് ചെയ്തു. ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങി, ആ പേജ് ഉള്ളത്കൊണ്ടാണല്ലോ ഇങ്ങനെ പല കമന്റ്സും വരുന്നത്. അതുകൊണ്ട് ഞാൻ വിചാരിക്കുവാ അത് അങ്ങ് ഡിലീറ്റ് ചെയ്താലോ എന്ന്. അത്കൊണ്ട് ഉടനെ പേജ് ഡിലീറ്റ് ചെയ്യാനാണ് എന്റെ തീരുമാനം. പണ്ട് ഫേസ്‌ബുക്ക് ഉള്ളതുകൊണ്ടല്ലല്ലോ സിനിമ താരങ്ങൾക്ക് പ്രമോഷൻ ലഭിച്ചത്.

ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോ വിവാദം ?

+2 വരെ ഇസ്ലാമിക് സ്‌കൂളിൽ പഠിച്ച കുട്ടിയാ ഞാൻ. അത്രയും കാലം ഫർദയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും എല്ലാ പെരുന്നാൾ നമസ്‌ക്കാരത്തിന് പോകുന്ന ആളാണ് ഞാൻ. ഇപ്പോഴും ഞാൻ പർദ ഉപയോഗിക്കാറുണ്ട്. ഞാനും കാവ്യ ചേച്ചിയും ഒക്കെ അഭിനയിച്ച ഷി ടാക്സി എന്ന ചിത്രത്തിന്റെ ലൊക്കേഷൻ കൂർഗിലെ ഒരു ബുദ്ധ സന്ന്യാസി കേന്ദ്രമായിരുന്നു. അവിടെവച്ച് എടുത്ത ഫോട്ടോയാണ് പേജിൽ അപ്ലോഡ് ചെയ്തത്. ഞാൻ അല്ല പേജ് നോക്കുന്നത്. മുമ്പ് അപ് ലോഡ് ചെയ്ത ഫോട്ടോ ഏജൻസി ആയിടക്കാണ് റീ അപലോഡ് ചെയ്യുന്നത്. അതിലാണ് വളരെ മോശം കമന്റ്സുകൾ വരുന്നത്. അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ.. അവരവരുടെ അഭിപ്രായം പറയട്ടെ.

ഇന്റെർവ്യൂന്റെ അവസാനം വളരെ തമാശയ്ക്ക് സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖകൻ ചോദിച്ച ഒരു ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. കിസ്സിങ് സീൻ അൻസിബ ചെയ്യുമോ എന്ന്. അയ്യോ ചേട്ടാ ഞാൻ ചെയ്യില്ല എന്ന് പറഞ്ഞു. അപ്പോൾ ലേഖകൻ.. രൺഭീർ കപൂർ അണെങ്കിലോ..? രൺഭീർ കപൂരാണെങ്കിൽ നോക്കാം. കാരണം ഞാൻ എന്തായാലും രൺഭീറിന്റെ കൂടെ അഭിനയിക്കില്ലല്ലോ.. (ചിരിച്ചുകൊണ്ട്) അത് അവർ തമാശ രീതിയിൽ തന്നെയാണ് എഴുതിയതും. അതിൽ നിന്ന് കിസ്സ് ചെയ്യുക എന്ന സംഭവം മാത്രമെടുത്താണ് ചിലർ വൈറൽ ആക്കിയത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ആരും വായിച്ചതുമില്ല.

അതിൽ എന്തൊക്കെയാ പറഞ്ഞിരിക്കുന്നതെന്ന് ആരു പറഞ്ഞുമില്ല. പല കാര്യങ്ങളും ഇത്രയ്ക്കും വിവാദമാക്കാൻ ഞാൻ അത്രയ്ക്കും വലിയ സംഭവമാണോ..? അതാണ് എനിക്ക് തന്നെ അതിശയം തോന്നുന്നത്. അൻസിബ ഹസൻ എന്ന് ഫേസ്‌ബുക്കിൽ ടൈപ്പ് ചെയ്താൽ ഒരുപാട് പ്രൊഫൈൽ ഉണ്ട്. ഇത്രയും സൈബർ അറ്റാക്ക് ഉണ്ടായിട്ടും ഞാൻ ഇപ്പോളും ഫീൽഡിൽ ഉണ്ട്. ഞാൻ തെറ്റ് ചെയ്യാത്തതുകൊണ്ടാണ് ഇപ്പോഴും ഫീൽഡിൽ തുടരാൻ എനിക്ക് ധൈര്യം തരുന്നത്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ച് മാദ്ധ്യമരംഗത്തേക്ക്?

ഒരു റിയാലിറ്റി ഷോയിലെ വിന്നർ ആയി, അങ്ങനെയിരിക്കുമ്പോൾ വന്ന അവസരമാണ് സിനിമയിലേക്ക്. ഒരുപാട് ആൾക്കൂട്ടത്തിന്റെ നടുക്ക് നിൽക്കാൻ എനിക്ക് പണ്ടേ പേടിയാണ്. ഇപ്പോഴും അങ്ങനെതന്നെയാണ്. ആ പേടി വച്ച് ഞാൻ അഭിനയിക്കുന്നത് എനിക്ക് അത്ഭുതമാണ്. ഇപ്പോഴും എനിക്ക് ചുരിദാറാണ് മോഡേൺ വസ്ത്രങ്ങളേക്കാൾ ഇഷ്ടം. തലയിൽ തട്ടമിട്ടിട്ടാണ് പുറത്ത് പോകാറുള്ളത്. സിനിമയ്ക്ക് വേണ്ടി മാത്രം കഥാപാത്രത്തിന് അനുയോജ്യമായ വേഷങ്ങൾ ഇടുന്നുവെന്നേ ഉള്ളൂ.

ഞാൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. മേക്കപ്പ് പോലും പുറത്ത് പോകുമ്പോൾ ഉപയോഗിക്കാറില്ല. ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസം വഴി ഇപ്പോൾ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിഗ്രി ചെയ്യുകയാണ്. നേരത്തെ ബിഎ ഇഗ്ലീഷ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP