Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ആദ്യത്തെ കാമുകൻ മല്ലികയുടേയും സുകുമാരന്റേയും പാചകക്കാരൻ ആയിരുന്നു! അരമീറ്റർ ബ്ലൗസ് തുണി അയച്ച് തന്നും ഫോൺ നമ്പർ സംഘടിപ്പിച്ചു അശ്ലീലം പറഞ്ഞും ശല്യം ചെയ്തവനെ പിടിച്ചത് പൊലീസിനോട് പറഞ്ഞ്: മലയാളത്തിന്റെ സ്വന്തം ഷീലാമ്മ മറുനാടനോട് മനസ്സ് തുറക്കുന്നു

എന്റെ ആദ്യത്തെ കാമുകൻ മല്ലികയുടേയും സുകുമാരന്റേയും പാചകക്കാരൻ ആയിരുന്നു! അരമീറ്റർ ബ്ലൗസ് തുണി അയച്ച് തന്നും ഫോൺ നമ്പർ സംഘടിപ്പിച്ചു അശ്ലീലം പറഞ്ഞും ശല്യം ചെയ്തവനെ പിടിച്ചത് പൊലീസിനോട് പറഞ്ഞ്: മലയാളത്തിന്റെ സ്വന്തം ഷീലാമ്മ മറുനാടനോട് മനസ്സ് തുറക്കുന്നു

ദേവിക

ചെന്നൈ നഗരം...

ഈ നാടിനു തന്നെ സിനിമയുടെ മണമാണ്, ഗന്ധമാണ്, കാറ്റാണ്... സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട സ്ഥലം. ഇന്നത്തെ എന്റെ യാത്ര അങ്ങോട്ടേയ്ക്കാണ്, സിനിമയുടെ ഗന്ധമുള്ള, സിനിമാ പ്രേമികളുള്ള, ചെന്നൈ നഗരത്തിലേക്ക്. മലയാള സിനിമയിലെ ഇതിഹാസ നായികയായ ഷീലയുടെ വീട്ടിലേക്ക്. ഭാവപ്പകർച്ച കൊണ്ടും അഭിനയപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളിക്ക് എന്നും പ്രിയങ്കരിയാണ് ഈ നായിക. ഷീലപ്രേംനസീർ ജോഡി കാണാൻ തിയേറ്ററുകൾ തിങ്ങിനിറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു കേരളത്തിൽ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ ഓർമ്മ തുടങ്ങുന്നതു തന്നെ ഇത്തരം ചില മുങ്ങൾ ഓർത്തുകൊണ്ടാണ്. അതുകൊണ്ട് തന്നെ മലയാളിയുടെ നൊസ്റ്റാൾജിക് മുമാണ് ഷീലയുടേതെന്ന് നമുക്ക് പറയാം.

സിനിമയുടെ തട്ടകമായ ചെന്നൈ നഗരത്തിലെ പോയസ് ഗാർഡനിലാണ് ഷീലാമ്മയുടെ വീട്. രജനീകാന്ത്, ജയലളിത തുടങ്ങിയ പ്രശസ്തരെല്ലാം തന്നെ കൂട് കൂട്ടിയിരിക്കുന്നതും ഇവിടെയാണ്. അവിടെയെത്തിയ എനിക്ക് ഷീലാമ്മയുടെ വീട് കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പെയിന്റടിച്ച ഭംഗിയുള്ള ഒരു വെളുത്ത ബംഗ്ലാവ്, ഷീലാമ്മയെപ്പോലെ. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഒളിപ്പിച്ചുകൊണ്ട് ഞാൻ ആ വാതിൽക്കൽ എത്തി. ബെല്ലടിക്കും മുൻപേ, ആരെയോ പ്രതീക്ഷിച്ച് നിന്നപോലെ ഷീലാമ്മ തന്നെ വന്ന് വാതിൽ തുറന്നു. നീല നിറമുള്ള ദറിന്റെ കുർത്തയും പൈജാമയുമായിരുന്നു വേഷം. വളരെ സിമ്പിൾ ഔട്ട്ഫിറ്റ്. കാണാൻ ആഗ്രഹിച്ച താരസൗന്ദര്യത്തെ ആദ്യമായി നേരിൽ കണ്ടതിന്റെ പരിഭ്രമവും സന്തോഷവുമെന്റെ മുത്തുണ്ടായിരുന്നു. അത് മനസിലാക്കിയെന്നവണ്ണം ഷീലാമ്മ തന്നെ വന്ന് എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

മലയാള സിനിമയുടെ ചരിത്രം ഏറെക്കുറെ ആ വീട്ടിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ഓരോ സിനിമയുടെയും പോസ്റ്ററുകൾ, കിട്ടിയ അവാർഡുകൾ, പെയിന്റിംഗുകൾ എല്ലാം തന്നെ അടുക്കി വൃത്തിയായി വച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, നല്ല വൃത്തിയുള്ള, ആരും കണ്ടാൽ കൊതിക്കുന്ന, ഒരു വെളുത്ത കൊട്ടാരം.

അപ്പോഴേക്കും ഷീലാമ്മ എന്നെ ഗസ്റ്റ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിക്കാൻ പലതരം ജൂസുകൾ, പലഹാരങ്ങൾ. അങ്ങനെ ഞങ്ങൾ പതിയെ സംസാരത്തിലേക്ക് കടന്നു. ഷീലാമ്മ തന്റെ സിനിമാ വിശേഷങ്ങളും ഓർമ്മയും സ്വകാര്യങ്ങളും മറുനാടൻ മലയാളിയുടെ വായനക്കാരോട് യാതൊരു ഒളിമറയുമില്ലാതെ പങ്കുവച്ചു

ഒരു കാലഘട്ടത്തിൽ ഫുൾടൈം ബിസിയായിരുന്ന ഒരാളാണ് ഷീലാമ്മ. ഇപ്പോൾ എങ്ങനെയാണ് ലൈഫ്?
(24 വോൾട്ട് പവറിൽ ചിരിച്ചുകൊണ്ട് ഷീല പറഞ്ഞുതുടങ്ങി) കാലഘട്ടം ഏതായാലും എനിക്ക് മാറ്റം ഒന്നുമില്ല. അന്നും ഇന്നും ഞാൻ ഫുൾ ടൈം ബിസിയാണ്. 24 മണിക്കൂർ പോരാ എനിക്ക് ഇപ്പോഴും. പല പല കാര്യങ്ങളിൽ ബിസിയാണ് ഇപ്പോഴും. ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. ഇപ്പോഴാണ് ശെരിക്കും ഞാൻ സൗഹൃദം ആസ്വദിച്ച് തുടങ്ങിയത്. ആഴ്ചയിൽ ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി ഒരുമിച്ച് കൂടും, പുറത്ത് പോകും, കുക്ക് ചെയ്യും, ചിത്രം വരയ്ക്കും, ഡിസൈൻ ചെയ്യും, പുസ്തകം വായിക്കും, സിനിമ കാണും അങ്ങനെ അങ്ങനെ, ഫുൾ ടൈം ബിസിയാണ്.

സിനിമയിലെ സുഹൃത്തുക്കൾ?
സിനിമയിൽ ആരുമായും സ്ഥിരമായി കോൺടാക്റ്റ് ഇല്ല. ഞങ്ങൾ അന്ന് അഭിനയിക്കുന്ന സമയത്ത് പരസ്പരം സംസാരിക്കാനുള്ള സമയം കൂടി ഇല്ലായിരുന്നു. പിന്നെ, ഇപ്പോഴുള്ള പോലെ വാട്‌സപ്പും ഫെയ്‌സ് ബുക്കുമൊന്നും ഇല്ലാരുന്നല്ലോ. ഇപ്പോൾ ഓരോരുത്തരും ഓരോ സ്ഥലത്താണ്. എല്ലാവർക്കും അവരുടേതായ തിരക്കും കാരണം അങ്ങനെ സ്ഥിരമായി കോൺടാക്റ്റ് ഇല്ല. ജയഭാരതി പുറത്താണ്. ശാരദയും തിരക്കാണ്. വല്ലപ്പോഴും ഫങ്ങ്ഷനുകളിൽ വച്ച് കണ്ടാലായി. സിനിമയിലെ സുഹൃത്തുക്കളെക്കാൾ എനിക്ക് ഇപ്പോൾ കൂടുതൽ ഉള്ളത് എന്റെ യോഗാ, എയറോബിക്‌സ് ഫ്രണ്ട്‌സാണ്.

ജയലളിതയുമായി അടുപ്പമില്ലേ?
പണ്ട്, സിനിമയിൽ സജീവമായിരുന്ന സമയത്ത്, ഞാൻ ചെന്നൈയിൽ വരുമ്പോൾ, കിട്ടുന്ന സമയത്ത് ഞാനും ലളിതയും (തമിഴ്‌നാട് മുഖ്യമന്ത്രിയും മുൻ സിനിമാതാരവുമായ ജയലളിത) കൂടി പർദ്ദയൊക്കെ ഇട്ട് പുറത്ത് ഷെയ്ക്ക് കുടിക്കാൻ പോകുമായിരുന്നു. പക്ഷേ, ഇപ്പോൾ അവർക്ക് ഒരുപാട് തിരക്കുകൾ ഉണ്ട്. അതുകൊണ്ട് ഞാൻ അങ്ങനെ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല. ഇപ്പോഴും കണ്ടാൽ വലിയ കാര്യമാണ്.

നടി അല്ലായിരുന്നെങ്കിൽ ആരാകുമായിരുന്നു ഷീലാമ്മ?
അയ്യോ! എന്നോടാരും ഇതുവരെ ഈ ചോദ്യം ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഞാൻ ചിന്തിച്ചിട്ടില്ലട്ടോ... ആരാകാൻ, വല്ലവരെയും കെട്ടി അവരുടെ പിള്ളാരെ നോക്കി ഇരുന്നേനെ. അല്ലാതെന്താ...

എത്ര സിനിമയിൽ അഭിനയിച്ചു?
അയ്യോ, അങ്ങനൊന്നും ചോദിക്കല്ലേ. അതൊന്നും എനിക്കറിയില്ല. ചിലര് പറയുന്നു 500 എന്ന്, ചിലര് പറയുന്നു 600 എന്ന്. ആര് എന്ത് കണക്ക് പറഞ്ഞാലും ഞാൻ തലയാട്ടും, അത്ര തന്നെ.

കൂടെ അഭിനയിച്ച നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ?
അതെങ്ങനെ തോന്നാനാ... നൂറോളം ആളുകൾ ഉണ്ടാകും സെറ്റിൽ. അവരുടെ മുന്നിൽ നിന്നാണ് നമ്മൾ അഭിനയിക്കുന്നത്. പ്രേമം പോയിട്ട് ഒരു സംഗതിയും തോന്നാറില്ല. നിങ്ങൾക്കാണ് പ്രേമിക്കാൻ സും. നിങ്ങളെയൊന്നും ആരും കാണില്ലല്ലോ. (തെല്ല് കുശുമ്പോടെ ഷീലാമ്മ പറഞ്ഞു)

ഫാമിലി?
ഒരു മകൻ ഉണ്ട്. ഫിനാൻസ് ചെയ്യുന്നു. മകളെപ്പോലൊരു മരുമകൾ ഉണ്ട്, സ്മിത. രണ്ട് കൊച്ചുമക്കൾ ഉണ്ട് അമ്മു, അക്കു. സും... സന്തോഷ ജീവിതം. സ്മിതയ്ക്കും എനിക്കും സ്വഭാവത്തിൽ ഒരുപാട് സാദൃശ്യമുണ്ട്. നല്ല വൃത്തിയാണ്. ഒരു സാധനം പോലും അടുക്കിയല്ലാതെ വെയ്ക്കില്ല. നല്ലൊരു കലാകാരി കൂടിയാണ്. ഫളവേഴ്‌സ് ഉണ്ടാക്കും, പെയിന്റിങ് ചെയ്യും. കൊച്ചുമക്കൾ എന്നെ 'അച്ചു' എന്നാ വിളിക്കുന്നത്. 'അച്ചമ്മാ' എന്നു വിളിക്കാൻ പാടല്ലേ, അതുകൊണ്ട്. ഞാൻ ശെരിക്കും എന്റെ ലൈഫ് എൻജോയ് ചെയ്യുകയാണ്.

ഷീലാമ്മ നന്നായി വരയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പെയിന്റിങ് പഠിച്ചിട്ടുണ്ടോ?
പഠിച്ചിട്ടില്ല. പക്ഷേ, കുഞ്ഞുനാൾ മുതലേ ഞാൻ വരയ്ക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് പെയിന്റിങ് ചെയ്യാൻ. ഈയിടെ കൊച്ചിയിൽ വച്ച് ഞാൻ വരച്ച പടങ്ങളുടെ ഒരു എക്‌സിബിഷൻ നടത്തിയിരുന്നു. മൊത്തം 97 പെയിന്റിങ്‌സ് ഉണ്ടായിരുന്നു. അത് മുഴുവൻ വിറ്റ് പോയി.

ഫാഷൻ ഓറിയന്റഡ് ആണോ?
'ഫാഷൻ' എന്നുവച്ചാൽ, എനിക്ക് എന്നെതന്നെ നന്നായി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളയാളാണ്. അതിനാൽ ഡ്രസ്സിംഗിലൊക്കെ ആ ഒരു ശ്രദ്ധ വെയ്ക്കാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് പാന്റും ഷർട്ടും ആണ്. പക്ഷേ പുറത്തു പോകുമ്പോൾ സാരിയേ ഉടുക്കൂ. അതാണ് എന്റെ ഒരു രീതി

ഷീലാമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്?
കാലത്ത് എഴുന്നേറ്റ ഉടനെ ഒരു പ്രാർത്ഥന ചൊല്ലും. വിരോധികൾ ഉണ്ടെങ്കിൽ അവർക്കും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കും. പിന്നെ കൃത്യം ഒരു മണിക്കൂർ നടക്കും. ചെന്നൈയിലെ അവന്യൂ സ്ട്രീറ്റിൽ ആണ് എന്റെ മോണിങ് വാക്ക്. അവിടെ രണ്ട് സൈഡിലും കുറേ മരങ്ങൾ ഉണ്ട്. അതിനാൽ നല്ല ശുദ്ധവായു ശ്വസിച്ച് നടക്കാം. പിന്നെ പാർക്കിൽ വന്ന് യോഗ ചെയ്യും. അവിടെ സ്ഥിരമായി യോഗക്ക് വരുന്ന സുഹൃത്തുക്കൾ ഒരുപാടുണ്ട് എനിക്ക്. പിന്നീട് നേരേ വീട്ടിലേക്ക്. കുളി കഴിഞ്ഞാൽ സ്ഥിരമായി ടിവി യിൽ വരുന്ന ഒരു ചിത്രം കാണും. പിന്നീട് ഏതെങ്കിലും ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും. അപ്പോഴേക്കും സമയം രാത്രിയായിരിക്കും.

സൗന്ദര്യ സംരക്ഷണത്തിന്റെ രഹസ്യം?
ഇപ്പോഴൊക്കെ ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ. ബ്യൂട്ടി പാർലർ, ക്രീമുകൾ അങ്ങനെ പലവിധം. പണ്ട് ഞാനൊക്കെ ചീവക്കാ പൊടി, ചെറുപയർ, റോസയുടെ ഇതൾ, ഉലുവ പൊടിച്ചത് ഇവയൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. സജീവമായ അഭിനയം നിർത്തുന്നതുവരെ ഞാൻ ബ്യൂട്ടിപാർലറിൽ പോയിട്ടേ ഇല്ലായിരുന്നു. ഈ ബ്യൂട്ടിപാർലർ എന്താണെന്നുകൂടി എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ കാലം മാറി, അതനുസരിച്ച് ആളുകളും മാറി...

നിത്യഹരിത നായികയായ ഷീലാമ്മയ്ക്ക് കിട്ടിയ പ്രേമലേഖനങ്ങളിൽ മറക്കാനാവാത്തതേതാണ്?
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവം ഉണ്ട്. പണ്ട് ദിവസവും ഒരാൾ എനിക്ക് കത്തെഴുതുമായിരുന്നു. അയാൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാം. ചില പടങ്ങളൊക്കെ കണ്ടിട്ട് 'അത് അങ്ങനെ ഷീല അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമല്ല. നസീറിന്റെയും സത്യന്റെയും കൂടെ അത്രയ്ക്ക് ചേർന്ന് അഭിനയിക്കേണ്ട, അതെനിക്ക് ഇഷ്ടമല്ല' അങ്ങനെ വളരെ പേഴ്‌സണൽ ആയ കാര്യം വരെ എഴുതി അയക്കാറുണ്ട്. ഒരു ദിവസം അയാൾ വീട്ടിലോട്ട് വിളിച്ചു പറഞ്ഞു, ഞാൻ ഒരു ഗിഫ്റ്റ് തരുന്നുണ്ട്, അത് നിങ്ങളുടെ ഫ്ളാറ്റിലെ ആൽമരച്ചുവട്ടിൽ വെയ്ക്കും, എടുത്തോണേ എന്ന്. അന്ന് എന്റെ അമ്മയും സഹോദരനും സെക്യൂരിറ്റിയെ ഏൽപ്പിച്ചു, ഇത് ആരാണെന്ന് കണ്ടുപിടിക്കണമെന്നും പറഞ്ഞു. പക്ഷേ സെക്യൂരിറ്റി ഉറങ്ങിപ്പോയി. രാവിലെ ചെന്ന് നോക്കിയപ്പോൾ അരമീറ്റർ ബ്ലൗസിന്റെ തുണി ആയിരുന്നു ഗിഫ്റ്റ്. പിന്നെ അയാളുടെ ആരാധനയുടെ സ്വഭാവം മാറി. അശ്ലീലച്ചുവയുള്ള വാക്കുകൾ പറയാൻ തുടങ്ങി. എങ്ങനെയോ അയാൾ എന്റെ ഫോൺ നമ്പരും തപ്പിപ്പിടിച്ചെടുത്ത് എപ്പോഴും വിളിയും തുടങ്ങി. അങ്ങനെ ഞങ്ങൾ പൊലീസിൽ കംപ്ലൈന്റ് ചെയ്തു. അങ്ങനെ ഐ.ജി വഴി ആളെ പിടിച്ചു. അപ്പോഴാണ് സംഭവം വെളിച്ചത്തായത്. കറുത്ത് മെലിഞ്ഞ് വല്ലാതെ കുള്ളനായ ഒരാളായിരുന്നു താരം. നടൻ സുകുമാരന്റെയും മല്ലികയുടെയും വീട്ടിലെ പാചകക്കാരനായിരുന്നു അയാൾ. ഇതറിഞ്ഞ് അയാളെ അവർ പറഞ്ഞുവിടുകയും ചെയ്തു. പിന്നെ അയാളെപ്പറ്റി യാതൊരു അറിവുമില്ല. അത് വല്ലാത്തൊരു അനുഭവം ആയിരുന്നു.

ഇന്നത്തെ സിനിമാ താരങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടം?
കാവ്യാ മാധവൻ, ലെന, ദുൽർ സൽമാൻ അങ്ങനെ എല്ലാരേം ഇഷ്ടമാ

ഇഷ്ടപ്പെട്ട നിറം?
പിങ്ക്. ആ നിറത്തിലുള്ള നിരവധി സാരികളും എനിക്കുണ്ട്.

എങ്ങനെയുള്ള സിനിമകൾ വന്നാൽ അഭിനയിക്കും?
നല്ല കഥാപാത്രം ആയിരിക്കണം, അത്ര മാത്രം. ഇപ്പോൾ 'ബഷീറിന്റെ പ്രേമലേനം' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വളരെ നല്ലൊരു കഥാപാത്രമാണ് അതിൽ. അത്തരം നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും.

തന്റെ നൈസർഗ്ഗികമായ ചിരി പരത്തിക്കൊണ്ട് മലയാളികളുടെ സ്വന്തം ഷീലാമ്മ പറഞ്ഞു നിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP