Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ ജീവിതം തകർത്തത് കിഷോർ സത്യ; സ്‌നേഹം നടിച്ച് അയാൾ എന്നെ വിവാഹം ചെയ്തത് സിനിമാ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ: ഗർഭിണിയായ എന്നെ അയാൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചു: പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അയാൾക്ക് മറ്റ് ഏഴ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്ന്: നടി ചാർമിള മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

എന്റെ ജീവിതം തകർത്തത് കിഷോർ സത്യ; സ്‌നേഹം നടിച്ച് അയാൾ എന്നെ വിവാഹം ചെയ്തത് സിനിമാ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ: ഗർഭിണിയായ എന്നെ അയാൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചു: പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അയാൾക്ക് മറ്റ് ഏഴ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്ന്: നടി ചാർമിള മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

ദേവിക

ലയാളത്തിന്റെ സ്വന്തം ചാർമിള... നിഷ്‌കളങ്കത നിറഞ്ഞ കണ്ണുകൾ, ആരെയും ആകർഷിക്കുന്ന രൂപഭാവം, അഴകുള്ള പുഞ്ചിരി... തീർത്തും മലയാള തനിമയുള്ള നായിക... ധനം, കാബൂളിവാല, കേളി, അധിവരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി. ചാർമിളയുടെ ജീവിതത്തിലുണ്ടായ വീഴ്ചകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും മനസ്സു തുറക്കുന്നു. മറുനാടൻ മലയാളി വായനക്കാരോട്...

 സിനിമ, ജീവിതം... ഇത് എങ്ങനെ നോക്കിക്കാണുന്നു?

  • സിനിമയിലെ ചാർമിള കഥാപാത്രം മാത്രം. ജീവിതത്തിൽ ചാർമിള എന്നും വിശ്വാസ വഞ്ചനയുടെ ഇരയും.

വിശ്വാസ വഞ്ചന എന്നതുകൊണ്ട് ഉദ്ദേശിച്ചത്?

  • എല്ലാവർക്കും അറിവുള്ളതല്ലേ... സമ്പന്നതയുടെ നടുവിൽ ജനിച്ചു. ഒരുപാട് പേരാൽ പറ്റിക്കപ്പെട്ടു. മനസ് കൊണ്ടും ജീവിതം കൊണ്ടും പണം കൊണ്ടും എല്ലാം...

ആരൊക്കെയാണവർ?

  • ആദ്യം വിവാഹം കഴിച്ചു, കിഷോർ സത്യ. രണ്ടാം ഭർത്താവ് രാജേഷ്. പക്ഷേ, എന്റെ ജീവിതം ഇങ്ങനെ ഇല്ലാണ്ടാക്കിയത് 'കിഷോർ സത്യ' തന്നെയാണ്. ഞാൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് കിഷോറിനെ പരിചയപ്പെടുന്നത്. അന്നയാൾ സഹസംവിധായകനായി പ്രവർത്തിക്കുകയായിരുന്നു. സ്‌നേഹിക്കുകയാണ് എന്ന ഭാവത്തിൽ അയാൾ എന്നെ തീർത്തും പറ്റിക്കുകയായിരുന്നു. അദ്ദേഹത്തിന് ഇൻഡസ്ട്രിയിലേക്ക് കടക്കാനുള്ള ഒരു ചൂണ്ടുപലകയായാണ് ചാർമിളയെ അദ്ദേഹം കണ്ടത്. നിയമപരമായി ഞങ്ങൾ വിവാഹിതരായി. എന്നെ വെച്ച് അദ്ദേഹം ഒരുപാട് ഷോസ് ഗൾഫിൽ ചെയ്തു, ഡാൻസ് ഷോസ്... വിവാഹശേഷം പ്രണയത്തിന്റെ ഒരു നേരിയ അംശം പോലും എനിക്ക് അയാളിൽ നിന്ന് ലഭിച്ചില്ല. മറിച്ച്, ഷോ ചെയ്തും ഡാൻസ് ചെയ്യിപ്പിച്ചും എങ്ങനെ പണമുണ്ടാക്കാം എന്നായിരുന്നു അയാളുടെ ചിന്ത. ഇതിനിടയിൽ ഞാൻ ഗർഭിണിയായി. എന്നെ നിർബന്ധിച്ച് നാട്ടിലേക്ക് അയച്ച് അബോർഷൻ ചെയ്യിച്ചു, ഗൾഫ് രാജ്യങ്ങളിൽ അബോർഷന് നിയമ കുരുക്കുകൾ ഉള്ളതിനാൽ. ഞാൻ ജനിച്ചു വളർന്ന സംസ്‌കാരത്തിൽ അബോർഷൻ എന്നതുകൊലപാതകത്തിനു തുല്യമാണ്. അബോർഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ പിന്നീടാണ് മനസിലാക്കിയത്, കിഷോറിന് ഇതുപോലെ തന്നെ '7' പേരുമായി ബന്ധമുണ്ടായിരുന്നു. അതിനുശേഷം അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിക്കാൻ എനിക്കായില്ല. ഞങ്ങൾ നിയമപരമായിത്തന്നെ വിവാഹബന്ധം വേർപെടുത്തി. അപ്പോഴേക്കും എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കഴിഞ്ഞിരുന്നു. ജീവിതത്തിലേക്കുള്ള ആദ്യചുവട് തന്നെ എനിക്ക് പിഴച്ചു. എന്നാലും എനിക്ക് ഒന്നേ പറയാനുള്ളൂ. കിഷോർ സത്യ എന്ന മനുഷ്യൻ ഇപ്പോൾ വിവാഹിതനാണ്. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് സംഭവിക്കട്ടെ. പക്ഷേ, ഒരു പെൺകുട്ടിയോടും ഇങ്ങനെ പെരുമാറരുത്.

 അതിനുശേഷം രണ്ടാം വിവാഹം... അതും വിവാഹമോചനത്തിലേക്ക്?

  • അതെ. രാജേഷ് നോക്കിയയിൽ എഞ്ചിനീയർ ആയിരുന്നു. എന്നെക്കാൾ 8 വയസിന് ഇളയതാണ്. ആ ബന്ധത്തിനും അധികം ആയുസ്സുണ്ടായില്ല. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് പ്രായമായി എന്ന് രാജേഷിന് തോന്നി. അതിന്റെ ഫലമായി ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ് 'വേർപിരിയൽ' എന്നത്. അതിൽ എനിയ്‌ക്കൊരു മകൻ ഉണ്ട്. അഡോനിഷ് ജൂഡ്... ഇപ്പോൾ അവനാണ് എന്റെ ലോകം.

 താമസം?

  • തിരുനെൽവേലിയിലാണ് താമസം, വാടക വീട്ടിൽ. മുൻപ് സ്വന്തം വീടുണ്ടായിരുന്നു. അത് എന്റെ രണ്ടാമത്തെ ഭർത്താവ് വിറ്റു. ഇപ്പോൾ ഞാനും മോനും അമ്മയും കൂടി വാടക വീട്ടിലാണ് താമസം. ഇപ്പോൾ എന്റെ ഏക മകനാണ്. അവന് എപ്പോഴും ഞാൻ വേണം. ഫുൾ ടൈം അമ്മേ, അമ്മേ വിളിച്ച് പിറകെ കൂടും. അമ്മ കിടപ്പാണ്. സഹായത്തിന് ഒരു സ്ത്രീയുണ്ട്. അവർക്ക് കൊടുക്കണം മാസം 12000 രൂപ. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന ചാർമിളയ്ക്ക് അതൊക്കെ വളരെ വലിയ സംഖ്യയാണ്, ഇപ്പോൾ.

സമ്പന്നതയുടെ നടുവിൽ ജനനം. ഇപ്പോൾ താമസിക്കാൻ സ്വന്തമായി ഒരു വീട് പോലുമില്ല. എന്ത് വൈരുദ്ധ്യമാണ് ചാർമിള ഇത്?

  •  തീർച്ചയായും... വളരെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ജീവിതം തന്നെയാണ്. ജീവിതത്തിലെപ്പോലെ സമ്പത്തിന്റെ കാര്യത്തിലും എല്ലാവരും എന്നെ പറ്റിച്ചു. കിഷോർ സത്യ, ബാബു ആന്റണി... ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാവരും. എല്ലാവർക്കും പണവും, മറ്റു പലതും മാത്രം മതിയായിരുന്നു. എനിക്കാണെങ്കിൽ സ്‌നേഹം മാത്രം മതിയായിരുന്നു. പൈസയുടെ വില അന്നൊന്നും എനിക്കില്ലായിരുന്നു. സ്‌നേഹിക്കപ്പെടണം എന്ന ചിന്ത മാത്രമായിരുന്നു. അതിന്റെ ഫലമാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്.

 സിനിമയിലെ രണ്ടാം വരവിൽ ഈ ഇൻഡസ്ട്രിയിലെ മാറ്റം?

  •  അയ്യോ... മാറ്റമേ ഉള്ളൂ. പണ്ട് സിനിമ ചെയ്യുക, സെറ്റിൽ ഉള്ള സമയം വേഗം ഷൂട്ട് തീർക്കുക, സിനിമ മാക്‌സിമം നന്നാക്കുക, ഇതായിരുന്നു എല്ലാവരുടെയും ചിന്ത. ഇന്ന് ചില ന്യൂ ജെനെറേഷൻ പിള്ളേർ സിനിമ ചെയ്യാനെന്ന് പറഞ്ഞ് വരും. അവർക്ക് വേണ്ടത് മാം, ഒന്ന് ദുബായ്ക്ക് വരുമോ, പ്രൊഡ്യൂസറുടെ കൂടെ, സുഹൃത്തിന്റെ കൂടെ ഒന്ന് കിടക്കുമോ, ഒരു ദിവസം വരുമോ, അര ദിവസം വരുമോ ഇങ്ങനുള്ള ചോദ്യങ്ങളാണ്. അറ്റ് ലീസ്റ്റ് എന്റെ പ്രായം എങ്കിലും അവർ കണക്കിലെടുക്കണ്ടേ... ചാൻസില്ലേലും വേണ്ടില്ല. ഇങ്ങനെ പോകാൻ എന്നെ കിട്ടില്ല. എന്റെ അച്ഛനും അമ്മയും ഞാൻ വളർന്ന സംസ്‌കാരവും എന്നെ അങ്ങനെ പഠിപ്പിച്ചിട്ടില്ല. എനിക്ക് വിധിച്ചത് വരും, അത്ര തന്നെ.

 ന്യൂ ജെനറേഷൻ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടേക്കും. എല്ലാവരും അങ്ങനെയാണെന്നാണോ? അതോ?

  • അയ്യോ, ഒരിക്കലുമല്ല. 'വിക്രമാദിത്യൻ' ഞാൻ ചെയ്തു. പക്കാ ഷെഡ്യൂൾ ആയിരുന്നു. സിനിമ എങ്ങനെ പ്രൊഫഷണൽ ആയി കാണാം എന്ന് അതിൽ വർക്ക് ചെയ്തപ്പോ മനസ്സിലായി. എല്ലാവർക്കും സിനിമ നന്നാവണം എന്ന ഒറ്റ ചിന്ത മാത്രം. ചില പുതിയ ആളുകൾ പടം ചെയ്യാൻ വേണ്ടി വരുന്നവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ തമിഴ്, തെലുങ്ക്, കന്നടയിലും വർക്ക് ചെയ്യുന്നുണ്ട്. പക്ഷേ, അവിടെ നിന്നും എനിക്ക് ഒരിക്കലും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. നമ്മനാട്ടിൽ എന്താണോ ഇങ്ങനെ...!

നല്ല കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ?

  • തീർച്ചയായും പ്രതീക്ഷിക്കുന്നു. വരുമാനത്തിലുപരി അഭിമാനത്തോടെ വർക്ക് ചെയ്യാൻ പറ്റുന്ന സിനിമാ പ്രവർത്തകരോടൊപ്പം നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ സന്തോഷം. കിടക്ക പങ്കിട്ട് ഒരു അവസരം എനിക്ക് വേണ്ട...

'മലയാളത്തിന്റെ മുഖശ്രീ'യുള്ള ചാർമിള എന്ന അഭിനേത്രി തെല്ലൊരു വിഷമത്തോടെയും വിഷമത്തോടെയും അമർഷത്തോടെയും പറഞ്ഞു നിർത്തി...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP