Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്ജെന്റർ സ്വത്വം വെളിപ്പെടുത്തിയതോടെ വീടുവിട്ടിറങ്ങേണ്ടി വന്നു; ഒരിക്കൽ തള്ളിപ്പറഞ്ഞ നാട്ടുകാർക്കിടയിൽ ഇന്ന് മുഖ്യാതിഥിയായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നു; തെറ്റാണെന്ന് സമൂഹം മുദ്രകുത്തിയ രീതിയിലൊന്നും ഞാൻ ജീവിച്ചിട്ടില്ല; കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്റർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഹെയ്തി സാദിയ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

ട്രാൻസ്ജെന്റർ സ്വത്വം വെളിപ്പെടുത്തിയതോടെ വീടുവിട്ടിറങ്ങേണ്ടി വന്നു; ഒരിക്കൽ തള്ളിപ്പറഞ്ഞ നാട്ടുകാർക്കിടയിൽ ഇന്ന് മുഖ്യാതിഥിയായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നു; തെറ്റാണെന്ന് സമൂഹം മുദ്രകുത്തിയ രീതിയിലൊന്നും ഞാൻ ജീവിച്ചിട്ടില്ല; കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്റർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഹെയ്തി സാദിയ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു

ജാസിം മൊയ്തീൻ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളിൽ വാർത്താവതാരകാരായും വിവിധ ചാനൽ പ്രോഗ്രാമുകളുടെ അവതാരകരായും നമ്മൾ ട്രാൻസ്‌ജെന്റർ വ്യക്തികളെ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിലെ ആദ്യ മുഴുവൻസമയ ട്രാൻസ്‌ജെന്റർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ് ഹെയ്തി സാദിയ. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് ഒന്നാം ക്ലാസോടെ ജേർണലിസം കോഴ്‌സ് പൂർത്തിയാക്കിയ ഹെയ്തി സാദിയ ഇന്ന് കൈരളി ടിവിയിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ്. താൻ കടന്നു വന്ന വഴികൾ, വെല്ലുവിളികൾ, പ്രതീക്ഷകളെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് ഹെയ്തി സാദിയ.

കുട്ടിക്കാലം.

തൃശൂരിലാണ് ജനിച്ചതെങ്കിലും വളർന്നത് മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ്. ഉമ്മയുടെ വീട്ടിൽ. സകൂൾ വിദ്യാഭ്യാസവും അവിടെയായിരുന്നു. അതുകൊണ്ട് തന്നെ ബാല്യവുമായി ബന്ധപ്പെട്ട ഓർമകളെല്ലാം പൊന്നാനിയിലാണ്. ഉമ്മയുടെ കുടുംബത്തിൽ ഒരുപാട് നാളുകൾക്ക് ശേഷമുണ്ടായ ഒരു കുട്ടി എന്ന നിലയിൽ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു എന്നെ. വെക്കേഷനുകളിൽ മാത്രമാണ് തൃശൂരിലെ സ്വന്തം വീട്ടിലേക്കും ഉപ്പയുടെ വീട്ടിലേക്കുമൊക്കെ പോയിരുന്നത്. കടകശ്ശേരി ഐഡിയൽ പബ്ലിക് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. വളരെ നല്ല അന്തരീക്ഷമായിരുന്നു ആ സ്‌കൂൾ. അതുകൊണ്ട് തന്നെ പഠനത്തിൽ നല്ല മികവ് കാഴചവെക്കാനായി.

പത്താംക്ലാസിന് ശേഷമാണ് തൃശൂരിലേക്ക് വരുന്നത്. ഹയർ സെകണ്ടറി വിദ്യാഭ്യാസം അവിടെയായിരുന്നു. ആ സമയത്തൊക്കെ എനിക്കും ആൺകുട്ടികളുടെ കൂടെ കൂട്ടുകൂടാനുള്ള ആഗ്രഹങ്ങളുണ്ടായിരുന്നു. പക്ഷെ അന്നെ എല്ലാവരും മാറ്റിനിർത്തുകയായിരുന്നു പതിവ്. അവരോടൊപ്പം ക്രിക്കറ്റ് കളിക്കാനൊക്കെ പോയാൽ വല്ലാത്ത വിവേചനമായിരുന്നു നേരിട്ടത്. എന്നെ കൂടെകൂട്ടാനോ, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനോ എല്ലാം അവർക്ക് മടിയായിരുന്നു. അന്നും എന്നെ കൂടെകൂട്ടിയിരുന്നത് പെൺകുട്ടികളുടെ ഗ്രൂപ്പുകളായിരുന്നു. സ്വാഭാവികമായും പെൺകുട്ടികളുമായിട്ടായിരുന്നു ഇടപെടലുകളെല്ലാം. വീട്ടുകാരൊക്കെ ചോദിക്കുമായിരുന്നു നിനക്കെവിടെ ചെന്നാലും പെൺകുട്ടികളായിട്ടാണല്ലോ കൂട്ടെന്ന്. സംസാരവും നടത്തവുമെല്ലാം പെൺകുട്ടികളെ പോലെ തന്നെയാണല്ലോ എന്നൊക്കെ വീട്ടുകാർ പറയുമായിരുന്നു. അവരന്ന് അങ്ങനെയൊക്കെ പറയുമായിരുന്നെങ്കിലും ഇന്ന് ഞാൻ ശരിക്കും പെണ്ണായപ്പോൾ അവരംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

അക്കാലത്ത് എന്റെ ശരീരത്തിന്റെ വളർച്ചയുടെയൊക്കെ ഫലമായി പല തരത്തിലുള്ള ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ആരോടും പരാതി പറയാൻ പറ്റിയിരുന്നില്ല. പരാതി പറഞ്ഞാൽ തന്നെ കിട്ടുന്ന മറുപടി നിന്റെ ഈ സ്വഭാവം മാറ്റിയാൽ മതിയെന്നായിരുന്നു. അവരെപ്പോഴും എന്നെ കണ്ടിരുന്നത് ആൺകുട്ടിയായിട്ടാണ്.അക്കാലത്ത് എന്റെ മനസ്സിനെ ഏറ്റവും മുറിപ്പെടുത്തിയ സംഭവമെന്ന് പറയുന്നത് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്ന കാലത്തുണ്ടായതാണ്. ഒരു ദിവസം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ആൺകുട്ടികൾ വഴിയിൽ വെച്ച് എന്റെ വസ്ത്രം വലിച്ചുകീറിയിട്ടുണ്ട്. അവർക്കറിയേണ്ടത് ഞാൻ ആണാണോ പെണ്ണാണോ എന്നായിരുന്നു. ഇതൊന്നും ആരോടും പറയാൻ പറ്റിയിരുന്നില്ല. അവരന്ന് അങ്ങനെയൊക്കെ ചെയ്തത് ആ പ്രായത്തിന്റെ പ്രശ്നമായിട്ടാണ് ഞാൻ കാണുന്നത്.ഇതൊന്നും തിരിച്ചറിയാനുള്ള പാക്വത ആ പ്രായത്തിലുണ്ടാകില്ലല്ലോ. കുട്ടിക്കാലത്ത് നാട്ടിലെ ഒരു പച്ചക്കറിക്കടയിൽ മാത്രം ഞാൻ പോകാറില്ലായിരുന്നു. ഉമ്മ എപ്പോഴും ചോദിക്കും നീയെന്താ ആ കടയിൽ മാത്രം പോകാത്തതെന്ന്. ആ കടക്കാരന്റെ നോട്ടവും സ്പർശനവുമെല്ലാം എന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അതൊരു കൂട്ടിയോടുള്ള സ്‌നേഹമല്ലെന്ന് മനസ്സിലായിരുന്നു. എന്നാൽ ഇതാണ് ആ കടയിൽ പോകാതിരിക്കാനുള്ള കാരണമെന്ന് ഉമ്മയോട് പറയാൻ എനിക്ക് പറ്റിയിരുന്നില്ല. ഇതൊക്കെ എന്റെ ബാല്യത്തിന്റെ നല്ല ഓർമ്മകളെ ഇല്ലാതാക്കിയിട്ടുണ്ട്.

സ്വത്വം തിരിച്ചറിയുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ഖുറാൻ പഠിക്കാനായി പോയിരുന്നു. അവിടെ മുഴുവൻ ആൺകുട്ടികളായിരുന്നു. അതിലൊരാൾക്ക് എന്നോട് ഭയങ്കര പ്രേമമായിരുന്നു. എനിക്ക് പ്രത്യേക പരിഗണനയൊക്കെ അയാൾ തന്നിരുന്നു. എന്നെ ഉമ്മവെക്കുകയൊക്കെ ചെയ്തിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയത് ഒരു ചെറിയ കുട്ടിയോടുള്ള വാത്സല്യമാണ് എന്നായിരുന്നു. അന്ന് ഞാനെന്റെ സഹോദരനോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അവരത് കാര്യമാക്കിയില്ല. പിന്നീട് എനിക്ക് അങ്ങോട്ട് പോകാൻ പേടിയായിരുന്നു. അന്നൊക്കെ വീട്ടിലാരുമില്ലാത്ത സമയത്ത് ഞാൻ സ്ത്രീകളുടെ വസ്ത്രങ്ങളെടുത്ത് അണിയുമായിരുന്നു. എനിക്കേറ്റവും സൗകര്യപ്രദമായിരുന്നത് ആ വസ്ത്രങ്ങളായിരുന്നു. അന്നേ എനിക്ക് എന്റെ സ്വത്വത്തെ കുറിച്ച് തിരിച്ചറിവ് വന്ന് തുടങ്ങിയിരുന്നു. അതാരോടെങ്കിലും പറയാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല.

പ്ലസ്ടു പഠനത്തിന് ശേഷം ഗ്രാജുവേഷന് വേണ്ടി മംഗലാപുരത്തൊരു സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു ചേർന്നത്. അവിടെ വച്ചാണ് സ്വത്വം വെളിപ്പെടുത്തുന്നത്. അത് തിരിച്ചറിഞ്ഞതോടെ അവിടെയുണ്ടായിരുന്ന സൃഹൃത്തുക്കൾക്കും പ്രശനമായി. അവിടെ സീനിയറായി പഠിക്കുന്ന ഒരാളും എന്നെപോലെയുണ്ടായിരുന്നു. അയാളോട് ഞാൻ മിണ്ടുന്നതും ഇടപഴകുന്നതുമെല്ലാം പ്രശനമായിരുന്നു. അയാളോട് കൂട്ടുകൂടിയാൽ ഞാനും അങ്ങനെയൊക്കെയാകുമെന്നായിരുന്നു അവരുടെ പരാതികൾ. സുഹൃത്തുക്കളും ടീച്ചേഴ്‌സും വീട്ടിൽ വിളിച്ച് വളരെ മോശമായി സംസാരിച്ചു.

അവരന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ കാര്യങ്ങളാണ് വീട്ടുകാർക്ക് ഇപ്പോഴും എന്നെ അംഗീകരിക്കാൻ പറ്റാത്ത തരത്തിലേക്ക് എത്തിച്ചത്. അതിലെനിക്ക് അവരോട് പരാതിയോ പരിഭവങ്ങളോ ഒന്നുമില്ല. അവർക്ക് അവരുടേതായ പരിമിതികളുണ്ട്. അത് ഞാൻ അംഗീകരിക്കുന്നു. എനിക്കവരോട് ഇപ്പോഴും ഇനിയെന്നും സ്‌നേഹം മാത്രമേയൊള്ളൂ. സമൂഹം തെറ്റായ വഴിയെന്ന് പറഞ്ഞ രീതിയിലല്ല ഞാൻ ജീവിക്കുന്നതെന്ന് അവരിപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാകും.ഇങ്ങനെ എന്റെ സ്വതം തിരിച്ചറിഞ്ഞതോടെ ഒരു നിലക്കും വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെയാണ് ബാംഗ്ലൂരിലേക്ക് പോകുന്നത്. അവിടെ വിവിധ ട്രാൻസ് ജെന്റർ കമ്മ്യൂണിറ്റികൾക്കൊപ്പമായിരുന്നു. നല്ല രീതിയിൽ ജീവിക്കുന്ന ഇത്തരത്തിലുള്ള വിവിധ കമ്മ്യൂണിറ്റികളുണ്ട്.

എന്നാൽ നിർഭാഗ്യവശാൽ ഞാൻ എത്തിപ്പെട്ടത് പലപ്പോഴും ചൂഷണങ്ങൾക്ക് നടുവിലായിരുന്നു. മാനസികമായി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു അക്കാലത്ത്. അവിടെ നിന്ന് മലയാളികളായ ട്രാൻസ് സുഹൃത്തുക്കളാണ് എന്നെ രക്ഷപ്പെടുത്തി ഡൽഹിയിലേക്കയക്കുന്നത്. അവിടെ ഒരു പ്രൈവറ്റ് കമ്പനിയിലെ കണ്ടന്റ് റൈറ്ററായി ജോലി ചെയ്തു. അക്കാലത്താണ് മനസ്സിലേറ്റവും സന്തോഷം തോന്നിയ അനുഭവുമുണ്ടായത്. ഒരു ദിവസം ചെറിയ എന്തോ അസുഖം വന്നപ്പോൾ ഡോക്ടറെ കാണാൻ പോയിരുന്നു. പരിശോധനക്കിടയിൽ ഡോക്ടർ ചോദിച്ചത് ആർത്തവുമുണ്ടായിട്ട് എത്ര നാളായി എന്നാണ്. ഒരു ഡോക്ടർക്ക് പോലും ഞാനൊരു സ്ത്രീയാണെന്നതിൽ സംശയം തോന്നാത്ത രീതിയിലേക്ക് ഞാൻ മാറി എന്ന് തോന്നിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

തിരുവനന്തപുരവും ജേർണലിസവും

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ സമയത്താണ് രഞ്ജുമ്മ (മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ) എന്നെ കാണാൻ വരുന്നത്. അവരോട് ഞാൻ എനിക്ക് തുടർന്ന് പഠിക്കാനുള്ള ആഗ്രഹം പങ്കുവെച്ചു. അവരാണ് എനിക്ക് തുടർന്ന് പഠിക്കാനുള്ള വഴിയൊരുക്കിയത്. അങ്ങനെയാണ് തിരുവനന്തപുരത്തെത്തി പ്രസ്‌ക്ലബിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിലെ എൻട്രസ് എഴുതുന്നത്. ഇലക്ട്രോണിക് ജേണലിസം പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് കോഴ്സ് പൂർത്തിയാക്കിയത്. ജേർണലിസം പഠനത്തിനായി 60000 രൂപ സംസ്ഥാന സർക്കാറിന്റെ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു.

ജോലി, കൈരളിയിലെ അനുഭവങ്ങൾ

പഠനം കഴിഞ്ഞ റിസൽട്ട് വരാൻ കാത്തിരിക്കുന്ന സമയത്താണ് ഞാൻ ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നത്. നിരവധി ചാനലുകളിൽ അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പലരും കാരണം പോലും പറയാതെ മടക്കി അയച്ചു. അവസാനം കൈരളി ടിവിയിലാണ് ഇന്റേൺഷിപ്പിന് അവസരം ലഭിച്ചത്. പരിശീലനം പൂർത്തിയാക്കിയതോടെ അവിടെ തന്നെ ജോലിയും ലഭിച്ചു. ഇക്കാലത്ത് നിരവധി പേർ വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാതെ അലയുന്നവരുണ്ട്. അത് ജെന്ററിന്റെ പ്രശ്‌നമല്ല.

പുതിയ കാലത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയൊക്കെ ഭാഗമായാണ്. അങ്ങനെയുള്ളപ്പോൾ എനിക്കീ ലഭിച്ചത് വലിയ ഭാഗ്യമാണ്. ബ്രോഡ്കാസ്റ്റിങ് ജേർണലിസ്റ്റ് എന്നനിലയിൽ മുഴുവൻ സമയ മാധ്യമപ്രവർത്തകയായത് ഞാനാണ്. എന്നാൽ ചാനലുകളിൽ വാർത്തകൾ വായിക്കുന്ന അയിഷ, സ്വീറ്റി, അനന്യ, ശ്യാമ എന്നിവരൊക്കെ നേരത്തെ ഉണ്ട്. കൈരളി ടിവിയിൽ എനിക്ക് നല്ല പരിഗണന ലഭിക്കുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കണം. എത്തിക്സൊന്നും വിടാതെ ജോലി ചെയ്യണം. നല്ലൊരു മാധ്യമപ്രവർത്തകയായി അറിയപ്പെടണം. എന്നെ പോലെ ജീവിക്കാനായി പൊരുതുന്നവർക്ക് വേണ്ടി ശബ്ദിക്കണം. മാധ്യമപ്രവർത്തകരാകാൻ ഈ മേഖലയിൽ നിന്ന് ഇനിയും ആളുകൾ വരണം എന്നാണ ആഗ്രഹം.

മുമ്പ് എന്നെ ഏറെ കുറ്റപ്പെടുത്തിയിരുന്ന നാട്ടുകാരിൽ പലരും എന്നെ ഇപ്പോൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. ഇപ്പോൾ ആ നാട്ടിലെ ഒരു പരിപാടിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. എന്നെ കളിയാക്കിയിരുന്ന എന്റെ കൂട്ടുകാർ എല്ലാവരും എന്നെ കാണാൻ വന്നു. അവർക്ക് എന്നെയോർത്ത് അഭിമാനമുണ്ടെന്ന് പറയുന്നു. അവിടുത്തൊരു പ്രാദേശിക ചാനലിൽ എന്റെ അഭിമുഖം പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ എന്റെ വീട്ടുകാർക്ക് മനസ്സിലാകും അവരുടെ മകൾ സമൂഹം തെറ്റായ വഴിയെന്ന് മുദ്രകുത്തിയ രീതിയിലല്ല ജീവിക്കുന്നതെന്ന്. അവരെന്നെ അംഗീകരിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല. അവർക്ക് അവരുടേതായ പരിമിതികളുണ്ടാകും. അതിനെ ഞാൻ അംഗീകരിക്കുന്നു. എന്നാലും എന്റെയുള്ളിൽ എന്നും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനകളുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP