Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്; ഗൾഫ് രാജ്യങ്ങളിൽ റെപ്രസന്റേറ്റീവ് ഓഫീസുകൾ ഉടൻ ആരംഭിക്കുമെന്ന് മിഡിൽ ഈസ്റ്റ് മേധാവി ദീപക് ഗോവിന്ദ്

പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്; ഗൾഫ് രാജ്യങ്ങളിൽ റെപ്രസന്റേറ്റീവ് ഓഫീസുകൾ ഉടൻ ആരംഭിക്കുമെന്ന് മിഡിൽ ഈസ്റ്റ് മേധാവി ദീപക് ഗോവിന്ദ്

ൾഫ് മേഖലയിലെ പ്രവാസികൾക്കായി നിരവധി പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക് പദ്ധതിയിടുന്നതെന്ന് ഫെഡറൽ ബാങ്ക് മിഡിൽ ഈസ്റ്റ് ഹെഡും അസിസ്റ്റന്റ്‌റ് ജനറൽ മാനേജരുമായ ദീപക് ഗോവിന്ദ്. അടുത്തുതന്നെ പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബഹ്‌റൈൻ സന്ദർശിച്ച ദീപക് ഗോവിന്ദ് മറുനാടൻ മലയാളിക്കായി അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാങ്കിന്റെ ഭാവി പരിപാടികളെക്കുറിച്ചു സംസാരിച്ചത്.

പ്രവാസി ഇന്ത്യക്കാർക്കായി എന്തെല്ലാം തരത്തിലുള്ള പുതിയ സേവനങ്ങളാണ് ഫെഡറൽ ബാങ്ക് ലക്ഷ്യമിടുന്നത്?

പ്രവാസി ഇന്ത്യക്കാർക്കായി റമിറ്റൻസ് വിഭാഗത്തിൽ പുതിയ സർവീസ് ആരംഭിക്കും. 10 സെക്കൻഡിനുള്ളിൽ പണം നാട്ടിൽ ക്രെഡിറ്റ് ആകുന്ന 'ഫെഡ് എക്സ്‌പ്രസ്സ് റമിറ്റൻസ്' എന്ന ഈ പദ്ധതി കൂടാതെ കൊച്ചി വിമാനത്താവളത്തിൽ പ്രവാസികളായ യാത്രക്കാർക് വേണ്ടി 'ജമ്പോ ലോക്കേഴ്‌സ്' അടുത്തുതന്നെ ലോഞ്ച് ചെയ്യും. ചെക്ക് ഇൻ കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുന്ന സമയം സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സംവിധാനമാണിത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക കിയോസ്‌ക് സേവനങ്ങളും എയർപോർട്ടിൽ ഏർപ്പെടുത്തും. എല്ലാ പ്രോഡക്റ്റുകളും ഉപയോഗിക്കുവാനുള്ള സൗകര്യവും ഉണ്ടാകും. നിക്ഷേപമേഖലയിൽ കുട്ടികൾക്കുവേണ്ടി പുതിയ ഒരു പദ്ധതിയും ആരംഭിക്കും. 'യങ് ചാമ്പ്' എന്ന ഈ പദ്ധതിയിൽ 10 വയസിനുമുകളിൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് തുടങ്ങുവാനും അവർക്ക് തന്നെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുവാനുമുള്ള സൗകര്യം ലഭിക്കും. ഒരു ദിവസം 2500 രൂപ വരെ കുട്ടികൾക്ക് പിൻവലിക്കാവുന്ന രീതിയിലാണ് യങ് ചാമ്പ് ഒരുക്കിയിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിൽ എങ്ങനെയാണ് ഫെഡറൽ ബാങ്ക് ബിസിനസ് കോർഡിനേറ്റ് ചെയ്യുന്നത്?

ഗൾഫ് മേഖലയിൽ എല്ലാ രാജ്യങ്ങളിലും ഫെഡറൽ ബാങ്കിനു കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർമാരുണ്ട്. 2008-ൽ അബുദാബിയിൽ റെപ്രസെന്റേറ്റീവ് ഓഫീസ് തുടങ്ങി. അവിടെനിന്ന് കോ ഓർഡിനേറ്റ് ചെയ്താണ് ഗൾഫിലെ പ്രവാസികളായ ഉപഭോക്താക്കളുടെ ബാങ്കിങ് സംശയങ്ങൾക്കും ലോൺ, ഡെപോസിറ്റ് തുടങ്ങിയ സേവനങ്ങൾക്കും വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നത്.

മറ്റ് രാജ്യങ്ങളിൽ ഓഫീസ് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ?

ദുബായിൽ ഓഫീസ് തുടങ്ങാനുള്ള നടപടികൾ മുന്നോട്ടുപോകുകയാണ്. അതുപോലെ തന്നെ ബഹ്‌റൈനിലും ഓഫീസ് തുടങ്ങുവാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ബഹ്‌റൈനിൽ റെപ്രസെന്റേറ്റീവ് ഓഫീസാണ് ആദ്യ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കൾക്കു നേരിട്ട് ഫെഡറൽ ബാങ്ക് നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയുവാനും ലോൺ-നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാനും ഈ ഓഫീസുകൾ വഴി സാധിക്കും.

പ്രവാസികൾക്കായി പുതിയ വായ്പാ പദ്ധതികൾ?

പ്രവാസികൾക്ക് പ്രധാനമായും 3 വായ്പകൾ ആണ് ആവശ്യം. പല രീതിയിൽ ഉള്ള വായ്‌പ്പകൾ ഉണ്ടെങ്കിലും പ്രധാനമായും പ്രവാസികൾ ആശ്രയിക്കുന്നതാണ് ഹൗസിങ് ലോൺ. ഇതിന് പ്രവാസികൾക്കാണ് ഫെഡറൽ ബാങ്ക് ഏറ്റവും മുൻഗണന നല്കുന്നത്. പത്തേകാൽ ശതമാനത്തിനുവരെ ലോൺ നല്കുന്നുണ്ട്. മോട്‌ഗേജ് ലോൺ ഏറ്റവും സുതാര്യമായ രീതിയിലാണ് ഫെഡറൽ ബാങ്ക് നല്കുന്നത്. മറ്റൊരു സേവനം വാഹന വായ്പയാണ്. 10 ലക്ഷത്തിൽ താഴെയുള്ള വാഹനവായ്പകൾക്ക് സെക്യുരിറ്റി ആവശ്യമില്ല.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കസ്റ്റമർ കെയറിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടോ?

തീർച്ചയായും. ആധുനിക കാലത്ത് കസ്റ്റമർ കെയറിന് വളരെ അധികം പ്രാധാന്യം ഉണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് ഫെഡറൽ ബാങ്ക് ഇടപാടുകാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. വായ്പ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു അതാത് മേഖലകളിൽ റീട്ടെയിൽ ഹബ്ബുകൾ പ്രവർത്തിക്കുന്നു. ഇതുമൂലം മുൻപുള്ളതിനേക്കാൾ സുതാര്യമായ രീതിയിൽ ഇടപാടുകാർക്ക് ലോൺ കിട്ടുന്നതിനും ബാങ്കിന്റെ കിട്ടാക്കടത്തിന്റെ അളവ് കുറയ്ക്കുവാനും സാധിക്കും.

മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ഫെഡറൽ ബാങ്കിന്റെ പെട്ടെന്നുള്ള വളർച്ചയുടെ പിന്നിൽ?

ഉപഭോക്താക്കളുമായുള്ള വ്യക്തിബന്ധം തന്നെയാണ് ഫെഡറൽ ബാങ്കിന്റെ വിജയത്തിനുപിന്നിൽ. ഇതുമൂലം ഇടപാടുകാരുടെ വിശ്വാസ്യത നേടിയെടുക്കാനായി. എഴുപതുകളുടെ തുടക്കത്തിൽതന്നെ ഫെഡറൽ ബാങ്കിന് ഫോറിൻ എക്‌സ്‌ചേഞ്ച് ലൈസൻസ് ലഭിച്ചിരുന്നു. നാളിതുവരെ പ്രവാസികൾക്ക് വിവിധ തരത്തിലുള്ള കുറ്റമറ്റ സേവനങ്ങളാണ് ബാങ്കിൽ നിന്നു ലഭിക്കുന്നത്. മറ്റൊരു കാരണം റിലേഷൻഷിപ്പ് ബാങ്കിങ്ങാണ്. ഒരു പ്രവാസി നാട്ടിൽ വരുമ്പോൾ അന്ന് തന്നെ ബാങ്കുമാനേജർ ആ ഉപഭോക്താവിനെ കാണുന്നു. അവരുടെ കുടുംബവുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുന്നു. ഇപ്പോൾ രണ്ട് മൂന്ന് വർഷമായി പഴയ ലോയൽട്ടി മെയ്‌ന്റെയ്ൻ ചെയ്തു പുതിയ പുതിയ പ്രോഡക്റ്റ് ഇറക്കി മുന്നോട്ട് പോകുന്നു. ജിസിസിയിൽ ഫെഡറൽ ബാങ്കിന് നല്ല റെപ്യുട്ടെഷനാണുള്ളത്.

ജിസിസിയിൽ ഏത് രാജ്യത്ത് നിന്നാണ് കൂടുതൽ ഫണ്ടിങ്ങും നിക്ഷേപവും വരുന്നത്?

അത് വ്യക്തമായി പറയുവാൻ സാധിക്കില്ല കാരണം ഓരോ രാജ്യത്തും ഇന്ത്യയുടെ പലഭാഗത്ത് നിന്ന് വന്നുതാമസിക്കുന്നവരാണ്. എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. അത് ഓരോ സെഗ്‌മെന്റ് അനുസരിച്ചാണ്. ഇപ്പോൾ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ നോക്കിയാൽ സൗദി അറേബ്യയിൽ നിന്നാണ് കൂടുതലും. യുഎഇ ആകുമ്പോൾ ഒരു മിക്‌സ് ആയാണ് വരുന്നത്. ഖത്തറിലേക്ക് വരുമ്പോൾ വേറൊരു രീതിയാണ്. ബഹ്‌റൈനിലേക്ക് വരുമ്പോൾ മലബാർ-മധ്യ തിരുവിതാംകൂർ മേഖല. എല്ലാ ഭാഗങ്ങളിൽ നിന്നും നോക്കുമ്പോൾ ഫെഡറൽ ബാങ്ക് വഴി വരുന്ന റെമിറ്റൻസിൽ ഗണ്യമായ വർദ്ധനയാണ് കാണുവാൻ സാധിക്കുന്നത്.

എൻആർഇ ഡെപ്പോസിറ്റിൽ പലിശനിരക്കിൽ മാറ്റം വരുവാനുള്ള സാധ്യത കാണുന്നുണ്ടോ?

2015 പകുതിയോടെ ഡെപ്പോസിറ്റ് പലിശ നിരക്കിൽ വ്യത്യാസം വരുവാൻ സാധ്യതയുണ്ട്. എൻആർഐക്ക് മാത്രമല്ല, റസിഡന്റ് പലിശ നിരക്കും കുറയുവാനുള്ള സാധ്യതയുണ്ട്. ഫെഡറൽ ബാങ്കിന്റെ മാത്രമല്ല, ഇത് ഇന്ത്യൻ എക്കോണമിയിൽ വരുന്ന മാറ്റത്തിന്റെയും രാജ്യ പുരോഗതിയുടെയും ഭാഗമായിട്ടായിരിക്കും. പ്രത്യേകിച്ച് ബാങ്കിങ് മേഖല വരുവാനിരിക്കുന്ന നാളുകളിൽ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും.

മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വായ്പ നിരക്ക് ഫെഡറൽ ബാങ്കിന് കൂടുതൽ അല്ലേ?

ഒരിക്കലുമില്ല, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഹൗസിങ് ലോണിനാണ് അത് ഫെഡറൽ ബാങ്ക് കൊടുക്കുന്നത് വളരെ കുറഞ്ഞ പലിശ നിരക്കിലാണ്.

ഭാവിയിൽ പ്രവാസികളിൽ നിന്ന് ഏത് രീതിയിലുള്ള ബിസ്സിനസ്സ് ആണ് പ്രതീക്ഷിക്കുന്നത്?

തീർച്ചയായും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്സ് തന്നെയാണ് അന്നും ഇന്നും ബാങ്കിന്റെ എൻആർഇ ബിസ്സിനസ്സിന്റെ ഏറിയ പങ്കും വഹിക്കുന്നത്. ജിസിസിയിൽ നിന്ന് ഉള്ള ബിസ്സിനസ്സും യുകെ, അമേരിക്ക, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ്സും കുറെ വ്യത്യാസം ഉണ്ട്. ഒരു പ്രവാസി ജിസിസിയിലേക്ക് വരുമ്പോൾ ഒരു താല്ക്കാലിക താമസം എന്ന ലക്ഷ്യവുമായിട്ടാണ് വരുന്നത്. അവരുടെ വേരുകൾ എപ്പോഴും നാട്ടിൽ ഉണ്ടാകും. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ളവരുടെ നിക്ഷേപം ആ രാജ്യങ്ങളിൽ തന്നെ ആയിരിക്കും. ചിലപ്പോൾ തിരിച്ചു വരാം ചിലപ്പോൾ വന്നില്ല എന്നിരിക്കും. എന്നാൽ ഗൾഫിൽ നിന്നും കൂടുതൽ റെമിറ്റൻസ് ആയിരിക്കും. ഇപ്പോൾ എൻആർഇ ചെറിയ ചെറിയ ഡെപ്പോസിറ്റ്, ലോണുകൾ ഈ നിലയിലാണ് പോകുന്നത് എന്നാൽ വരും കാലങ്ങളിൽ പ്രവാസികളിലെ ചെറിയ ചെറിയ ബിസ്സിനസ്സുകൾ, കമ്പനി ഇൻവെസ്റ്റ്‌മെന്റ്റ്റ്‌സ് ഇതെല്ലാം കൂടി കൂടി വരും ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഫെഡറൽ ബാങ്ക് പോസ്റ്റ്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്റ് എന്ന സ്‌കീം തുടങ്ങിയിരിക്കുന്നത്. പ്രവാസികൾക്ക് പല കമ്പനികളിലും ഇൻവെസ്റ്റ് ചെയ്യാം ഷെയർ വാങ്ങാം അതിന് ആർബിഐയുടെ പെർമിഷനുള്ള ഡീലർ ആയിരിക്കണം. ഫെഡറൽ ബാങ്ക് ഒരു ഡീലർ ആണ്. ഫെഡറൽ ബാങ്ക് വഴി കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യാം. അങ്ങനെ ഇൻവെസ്റ്റ്‌മെന്റ് നടത്തുവാൻ വേണ്ടിയുള്ള ഒരു അക്കൗണ്ട് ആണ് പോസ്റ്റ് ഫോളിയോ ഇൻവെസ്റ്റ്‌മെന്റ്റ് സ്‌കീം. ഈ ഇൻവെസ്റ്റ്‌മെന്റ് വരും വർഷങ്ങളിൽ കൂടുതൽ സജീവമാകാനാണ് സാധ്യത.

ബാങ്കിന്റെ പ്രവാസികൾക്കായിട്ടുള്ള റിക്കറിങ് ഡിപ്പോസിറ്റിന്റെ വിജയ രഹസ്യം എന്താണ്?

പേരാണ് അതിന്റെ വിജയരഹസ്യം. 'മില്യനെയർ ഫെഡറൽ സേവിങ്‌സ് ഫണ്ട്' എന്നാണ് പ്രവാസിസൾക്കായിട്ടുള്ള റിക്കറിങ് ഡെപ്പോസിറ്റിന്റെ പേര്. അതാണ് അതിന്റെ വിജയം. ഒരു സാധാരണക്കാരനെ സംബന്ധിച്ചു ഒരു മില്യണയർ ആകുക എന്ന് പറയുന്നത് ഒരു വലിയകാര്യമാണ്. സാധാരണക്കാർക്ക് ഒരു വലിയ തുക ഒന്നിച്ചു ഡെപ്പോസിറ്റ് ചെയ്യുക അല്ലെങ്കിൽ ഒരാവശ്യത്തിന് പെട്ടെന്ന് ഇത്രയും വലിയ തുക ഉണ്ടാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ ഒരു ചെറിയ തുക ഓരോ മാസവും ഡെപ്പോസിറ്റ് ചെയ്തു ഒരു നിശ്ചിത കാലയളവ് കഴിയുമ്പോൾ ഒന്നിച്ചു ലഭിക്കുക. അത് തന്നെയാണ് അതിന്റെ വിജയ രഹസ്യവും. ഒരു സാധാരണ പ്രവാസിക്ക് എപ്പോഴും ആശ്രയിക്കുവാൻ പറ്റിയ ഒരു സമ്പാദ്യ പദ്ധതിയാണിത്.

വരും നാളുകളിൽ ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി, പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളിൽ ഉള്ള വിശ്വാസമാണ് ഫെഡറൽ ബാങ്കിന്റെ വിജയരഹസ്യം എന്ന് ദീപക് ഗോവിന്ദ് പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാലക്കാട് സ്വദേശിയായ ദീപക് ഗോവിന്ദ് ബഹ്‌റൈനിൽ എത്തിയത്. ബഹ്‌റൈനിലെ റിലേഷൻഷിപ്പ് മാനേജർമാരായ ജോബിൻ കെ ജസ്റ്റിനും വിഘ്‌നേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP