Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാവങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി നൽകിയത് നാല് കോടിയുടെ ഭൂമി; അന്യാധീനപ്പെടരുത് എന്ന നിർബന്ധത്തിൽ പ്രത്യേക ഉടമ്പടിയും വെച്ചു; 25 ഫ്‌ളാറ്റുകൾ അടങ്ങിയ സമുച്ചയത്തിൽ ഒരു ആശുപത്രി, കളിസ്ഥലം, കുളം എന്നിവ നിർമ്മിക്കാൻ പദ്ധതി; ലൈഫ് മിഷനായി വൈദ്യർ ഭൂമി നൽകിയത് അറിഞ്ഞു നേരിട്ട് വിളിച്ചത് മുഖ്യമന്ത്രി പിണറായി; പഴയ സുഹൃത്തുമായി നേരിട്ടു കൂടിക്കാഴ്‌ച്ചക്കും അവസരം; ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുകൾ വരുമെന്ന് ഉറപ്പു വരുത്തുമെന്നും പന്നിയോട് സുകുമാരൻ വൈദ്യർ മറുനാടനോട്

പാവങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി നൽകിയത് നാല് കോടിയുടെ ഭൂമി; അന്യാധീനപ്പെടരുത് എന്ന നിർബന്ധത്തിൽ പ്രത്യേക ഉടമ്പടിയും വെച്ചു; 25 ഫ്‌ളാറ്റുകൾ അടങ്ങിയ സമുച്ചയത്തിൽ ഒരു ആശുപത്രി, കളിസ്ഥലം, കുളം എന്നിവ നിർമ്മിക്കാൻ പദ്ധതി; ലൈഫ് മിഷനായി വൈദ്യർ ഭൂമി നൽകിയത് അറിഞ്ഞു നേരിട്ട് വിളിച്ചത് മുഖ്യമന്ത്രി പിണറായി; പഴയ സുഹൃത്തുമായി നേരിട്ടു കൂടിക്കാഴ്‌ച്ചക്കും അവസരം; ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുകൾ വരുമെന്ന് ഉറപ്പു വരുത്തുമെന്നും പന്നിയോട് സുകുമാരൻ വൈദ്യർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത്  രണ്ടരയേക്കറിലേറെ വരുന്ന നാല് കോടി വിലമതിക്കുന്ന കണ്ണായ ഭൂമി സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് സംഭാവന ചെയ്ത് മാതൃകയായി പന്നിയോട് സുകുമാരൻ വൈദ്യർ. വീടില്ലാത്തവർക്ക് അഞ്ചു സെന്ററിൽ വീട് വെച്ച് നൽകാനുള്ള തന്റെ പദ്ധതി പ്രായാധിക്യം കാരണം നടക്കില്ലെന്ന് സംശയിച്ചാണ് നാല് കോടി രൂപയ്ക്കടുത്ത് വരുന്ന തന്റെ കണ്ണായ സ്ഥലത്തെ തലസ്ഥാനത്തെ പ്രമുഖ വൈദ്യൻ ഈ ഭൂമി സർക്കാർ പദ്ധതിക്കായി നൽകിയത്. ഈ ഭൂമിയിൽ 25 ഫ്‌ളാറ്റ് 75 കുടുംബക്കാർക്ക് സർക്കാർ നിർമ്മിച്ച് നൽകും എന്ന ഉടമ്പടിയിലാണ് ഭൂമി വൈദ്യർ സർക്കാരിനു വിട്ടു നൽകിയിരിക്കുന്നത്. 25 ഫ്‌ളാറ്റ് അടങ്ങിയ ഈ സമുച്ചയത്തിൽ ഒരു ആശുപത്രി, കളിസ്ഥലം, കുളം എല്ലാം വരും. ഈ നിബന്ധനയിലാണ് സ്ഥലം വിട്ടു നൽകിയത്. മുൻപ് വൈദ്യരുടെ അച്ഛന്റെ കാലത്ത് സർക്കാരിനു പല ആവശ്യങ്ങൾക്കായി വിട്ടു നൽകിയ ഭൂമി മുഴുവൻ അന്യാധീനപ്പെട്ടത് മനസിലാക്കിയാണ് ഈ ഭൂമി നിബന്ധനയോടെ കൈമാറിയത് എന്ന് സുകുമാരൻ വൈദ്യർ മറുനാടനു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഉടമ്പടി വെച്ചപ്പോൾ സർക്കാർ ആദ്യം ഇതിനു സമ്മതിച്ചില്ല. അപ്പോൾ വൈദ്യർ ഭൂമി രജിസ്റ്റർ ചെയ്തു നൽകിയുമില്ല. രണ്ടു മാസം ഇങ്ങനെ നീണ്ടുപോയപ്പോൾ സ്ഥലം വൈദ്യർ പറഞ്ഞ നിബന്ധനയോടെ കൈമാറാം എന്ന് സർക്കാർ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് വൈദ്യർ കഴിഞ്ഞ ദിവസം ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയത്. ഈ ഫ്‌ളാറ്റ് പദ്ധതിക്ക് ഉള്ള പ്രോജക്ടിൽ വൈദ്യരുടെ അമ്മ ജാനകി മെമോറിയൽ ട്രസ്റ്റിന്റെ പേരിലുള്ള ഒരു മെമ്പർ കൂടി അംഗമാകും. എന്തെങ്കിലും നിർദ്ദേശമോ എതിർപ്പോ പദ്ധതിയുമായി ബന്ധപ്പെട്ടു വൈദ്യരുടെ ട്രസ്റ്റിനു ഉണ്ടെങ്കിൽ അത് കമ്മറ്റിയിൽ പറയാൻ കൂടി കഴിയും. ഭൂമി വീടില്ലാത്തവർക്ക് വീടിനായി ഉപയുക്തമാകണം എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് നിബന്ധനകളോടെ കണ്ണായ സ്ഥലത്തെ നാല് കോടിക്കടുത്ത് വിലയുള്ള ഭൂമി വൈദ്യർ ലൈഫ് മിഷൻ പദ്ധതിക്ക് നൽകിയത്.

ലൈഫ് മിഷൻ പദ്ധതിക്ക് നാല് കോടി രൂപയുടെ ഭൂമി വൈദ്യർ വിട്ടുകൊടുത്തത് അറിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വൈദ്യരെ വിളിച്ചിരുന്നു. ഈ സംസാരത്തിലാണ് അടിയന്താരാവസ്ഥ കാലത്തേ പഴയ സിപിഐയുടെ താലൂക്ക് സെക്രട്ടറിയാണ് വൈദ്യർ എന്ന കാര്യവും തനിക്ക് വൈദ്യരുമായി നിലനിന്ന സൗഹൃദവും മുഖ്യമന്ത്രി ഓർമ്മിക്കുന്നത്. മുഖ്യമന്ത്രി കാണാൻ താത്പര്യപ്പെട്ടതിനെ തുടർന്ന് ചൊവാഴ്ച സമയം നൽകിയിട്ടുണ്ട്. ചൊവാഴ്ച സെക്രട്ടറിയെറ്റിലെത്തി വൈദ്യർ മുഖ്യമന്ത്രിയെ കാണും. നാല്പത് വർഷമായി നിലനിന്നിരുന്ന സൗഹൃദം ഒന്ന് പുതുക്കാനുള്ള അവസരം കൂടിയാണ് ചൊവാഴ്ച നടത്തുന്ന മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ വൈദ്യർ കാണുന്നത്. ഞാനാണ് ഭൂമി നൽകിയത് എന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ല. ഒരു വൈദ്യർ ഭൂമി നൽകി എന്നേ മുഖ്യമന്ത്രി മനസിലാക്കിയുള്ളൂ. പരിചയപ്പെടുമ്പോൾ ഞാൻ വൈദ്യരും ആയിരുന്നില്ല. ഇപ്പോൾ ഞാൻ അത് പറഞ്ഞിട്ട് പരിചയപ്പെടുകയാണ് ഉണ്ടായത്. അപ്പോൾ മുഖ്യമന്ത്രി ഒകെ പറഞ്ഞു.

ഞാൻ വേറെ ചില വഴികളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുള്ള ആളാണ്. പല വഴിയും സഞ്ചരിച്ചിട്ടാണ് ഇവിടെ എത്തിയത്. സഞ്ചാരത്തിന്നിടയ്ക്കാണ് മുഖ്യമന്ത്രിയെ പരിചയപ്പെട്ടത്. ഇന്ത്യ മുഴുവനും ഞാൻ കറങ്ങിയിരുന്നു. പല സാഹചര്യങ്ങളിലും അങ്ങനെ അകപ്പെട്ടിട്ടുണ്ട്. ആ ഘട്ടത്തിൽ എനിക്ക് രാഷ്ട്രീയമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സിപിഐയുടെ താലൂക്ക് സെക്രട്ടറി ആയിരുന്നു മൂന്നു വർഷക്കാലം. ആ കാലഘട്ടത്തിലാണ് പിണറായി വിജയനെ പരിചയപ്പെട്ടത്. ഇതെല്ലാം മുഖ്യമന്ത്രിക്ക് ഓർമ്മയുണ്ട്. വലിയ ആൾ എന്ന രീതിയിൽ മുഖ്യമന്ത്രിയെ ഞാൻ കാണുന്നില്ല. മനുഷ്യരിൽ വലിപ്പച്ചെറുപ്പങ്ങളില്ല. ആ ചിന്താഗതിയാണ് എന്നെ രാഷ്ട്രീയത്തിൽ നടത്തിയത്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ശത്രുക്കളും മിത്രങ്ങളുമുണ്ട്. ന്യായമായ കാര്യത്തിന് എല്ലാത്തിനോടും സഹകരിക്കും. അതാണ് എന്റെ രീതി വൈദ്യർ പറയുന്നു. ലൈഫ് മിഷന് ഭൂമി നൽകാനുള്ള തീരുമാനത്തെക്കുറിച്ച് വൈദ്യർ മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

ലൈഫ് മിഷൻ മികച്ച പദ്ധതി; വീട് കിട്ടുന്നു എന്ന് ട്രസ്റ്റും ഉറപ്പാക്കും: സുകുമാരൻ വൈദ്യർ

പാവങ്ങളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ ഭൂമി കൈമാറൽ. വേറെ ആരുടെയെങ്കിലും പ്രചോദനമോ നിർദ്ദേശമോ ഇതിനു പിന്നിലില്ല. ഞങ്ങളുടെ വൈദ്യകുടുംബത്തിലെ ഏഴാം തലമുറയാണ് ഞാൻ. മുൻ തലമുറ ചെയ്ത് ശീലിച്ചതാണ് ഈ രീതിയിലുള്ള സഹായം. ഈ കൂട്ടത്തിൽ ഞാനും കൂടി ചെയ്തു എന്നേയുള്ളൂ. ഒട്ടനവധി പേർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. ഇത് മാത്രമല്ല എന്റെ സംരംഭം തുടങ്ങിയത് അഞ്ച് സെന്റ് വീതം തിരിച്ച് വീട് വെച്ച് കൊടുക്കാനാണ് തീരുമാനിച്ചത്. പക്ഷെ ഇനി അത് കഴിയില്ലെന്ന് തോന്നി. സർക്കാരിന്റെ ലൈഫ് മിഷൻ കൊള്ളാം എന്ന് തോന്നി. വെട്ടിപ്പും തട്ടിപ്പുമൊന്നും ലൈഫ് മിഷനില്ല. വളരെ നല്ല രീതിയിൽ പോകുന്ന പദ്ധതിയാണിത്. അതിനാൽ ലൈഫ് മിഷൻ തിരഞ്ഞെടുപ്പ് അവരെ അറിയിച്ചു. അങ്ങിനെ സർക്കാരുമായി ഉടമ്പടിയുണ്ടാക്കി. സർക്കാർ എന്റെ പല നിബന്ധനകളും ആദ്യം വിസമ്മതിച്ചു. അതിനാൽ ഞാനും ചില നിർദ്ദേശങ്ങൾ വെച്ചു. അങ്ങനെ ഭൂമി കൈമാറൽ വൈകി.

പല സ്ഥലങ്ങളിലും സർക്കാർ ഭൂമി കാട് കയറി അന്യാധീനപ്പെടുന്ന അവസ്ഥയുണ്ട്. ഞങ്ങൾ സർക്കാരിനു നൽകിയ ഭൂമിയിൽ തന്നെ ഈ അവസ്ഥ നിലനിൽക്കുന്നുണ്ട്. അതിനാൽ നല്ല രീതിയിൽ ഈ പദ്ധതി പൂർത്തിയാക്കാൻ സർക്കാരുമായി നിബന്ധന വെച്ചു. അങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. എനിക്ക് ഞാൻ ചെയ്ത കാര്യങ്ങൾ പുറത്ത് വരണമെന്നു ഒരു താത്പര്യവുമുണ്ടായിരുന്നില്ല. സഹായപദ്ധതികൾ നടത്തിയിട്ട് ഇന്നുവരെ അങ്ങനെ ചെയ്തിട്ടില്ല. സാധാരണ ഗതിയിൽ പത്ത് ബുക്ക് വാങ്ങി നൽകിയാൽ നാല് രാഷ്ട്രീയ പാർട്ടികളെ വിളിച്ചു വരുത്തി റേഡിയോയിൽ വെച്ച് നൽകുന്നതാണ് രീതി. ഇതൊന്നും ഞാൻ ചെയ്തിട്ടില്ല ഇന്നുവരെ. ഇത് ഞാൻ രഹസ്യമായി ചെയ്യാനാണ് തീരുമാനിച്ചത്. രജിസ്റ്റർ ഓഫീസിൽ നിന്നാണ് ഇത് ചോർന്നത്. അവർ പറഞ്ഞിട്ടാണ് മീഡിയ ഇത് റിപ്പോർട്ട് ചെയ്തത്. പൊതുയോഗം വിളിച്ച് രാഷ്ട്രീയ പാർട്ടികളെ വിളിച്ച് പ്രസംഗം നടത്തി പരസ്യം ചെയ്തിട്ടാണ് സാധാരണ നൽകാറ്. ഞാൻ ഇത് രഹസ്യമായി ചെയ്തു. പക്ഷെ ഇത് രജിസ്റ്റർ ഓഫീസിൽ നിന്നും ചോർന്നു.

ഞാൻ ഇപ്പോഴും ഇത് ആരെയും അറിയിച്ചിട്ടില്ല. ബന്ധുക്കളെയും അറിയിച്ചിട്ടില്ല. അഞ്ച് സെന്ററിൽ വീട് എന്ന എന്റെ പദ്ധതി ആരോഗ്യം അനുവദിക്കാത്തത് കാരണമാണ് ഞാൻ മാറ്റി വെച്ചത്. 25 ഫ്‌ളാറ്റ്, ആശുപത്രി, കളിസ്ഥലം, ഒരു കുളം, ഇത് ചെയ്യാം എന്ന നിബന്ധനയിലാണ് സ്ഥലം വിട്ടു നൽകിയത്. അമ്മയുടെ പേരിലുള്ള ജാനകി മെമോറിയൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ് ഞാൻ. എനിക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചാണ് ട്രസ്റ്റിന്റെ ബൈലോ. ജാനകി മെമോറിയൽ ട്രസ്റ്റിനു ഒരു ദ്രോഹവും ചെയ്യാൻ പാടില്ലെന്ന് ഞാൻ നിബന്ധനവെച്ചിട്ടുണ്ട്. ജാനകി മെമോറിയൽ ട്രസ്റ്റിന്റെ ഒരു മെമ്പർ ആ കമ്മറ്റിയിൽ മെമ്പർ ആയിരിക്കും. അതിനാൽ എന്തെങ്കിലും പ്രശ്‌നം വന്നാൽ ഞങ്ങൾക്ക് അത് ചോദ്യം ചെയ്യാൻ കഴിയും. ഈ ഭൂമി വേറൊരു കാര്യത്തിനും വിനിയോഗിക്കാൻ പാട്ടില്ലെന്നും എഴുതിട്ടുണ്ട്.

അച്ഛൻ സർക്കാരിനു സ്ഥലം കൊടുത്തപ്പോൾ ഇപ്പോൾ അത് ഒരു ക്രിസ്ത്യൻ സംഘടനയുടെ പേരിലാണ് ഉള്ളത്. രജിസ്റ്റർ കച്ചേരിക്ക് സ്ഥലം കൊടുത്തപ്പോൾ ആർട്‌സ് ക്ലബുകാർ അത് മെയിന്റെയിൻ ചെയ്തിട്ട് അവരുടെ പേര് എഴുതിയിട്ടുണ്ട്. ഇൻഡസ്ട്രിയൽ സൊസൈറ്റി നൽകാൻ 80 സെന്റ് സ്ഥലം കൊടുത്തത് ഇപ്പോൾ അത് ഒരു നേതാവിന്റെ പേരിലാണ്. അതിനാൽ ഒരു ഉടമ്പടി ഉണ്ടാക്കി നൽകിയിട്ടാണ് ഭൂമി കൈമാറിയത്. കണ്ണായ സ്ഥലത്തുള്ള ഭൂമിയാണ് സർക്കാരിനു നൽകിയിരിക്കുന്നത്. രണ്ടരയേക്കറിൽ കൂടുതലുണ്ട് ആ ഭൂമി. നാല് കോടി രൂപയ്ക്ക് അടുത്ത വില വരുന്ന ഭൂമിയാണിത്. ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ആൾക്കാണ് കെട്ടിടം വെച്ച് കൊടുക്കുന്നത്. 25 ഫ്‌ളാറ്റ് 75 കുടുംബക്കാർക്ക്. ഞങ്ങൾ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട്. താക്കോൽ കൊടുക്കുമ്പോൾ മാത്രമേ അത് പുറത്ത് വരാറുള്ളൂ. അത് മറ്റുള്ള ആളുകളും അറിയാറില്ല.

കുറെ കുട്ടികളെ ട്രസ്റ്റ് പഠിപ്പിക്കുന്നുണ്ട്. ഭൂമി അന്യാധീനപ്പെടരുത് എന്ന് ഞാൻ നിർബന്ധം പിടിച്ചിരുന്നു. അതാണ് ഉടമ്പടി രണ്ടു മാസം നീണ്ടത്. ഇപ്പോൾ സർക്കാർ അത് സമ്മതിച്ചു. എല്ലാം രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടുകാരുടെ പൂർണ പിന്തുണ ഭൂമി നല്കിയതിനുണ്ട്. ഞാൻ അഞ്ചു രൂപ ധാനം നൽകിയാൽ അവർ പത്ത് രൂപ നൽകും. മൂന്നു മക്കളും മൂന്നു മരുമക്കളും. അങ്ങനെ ആറു മക്കൾ അടങ്ങിയതാണ് കുടുംബം. അവർ എല്ലാം എനിക്ക് ഒപ്പിട്ട് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ എല്ലാ പിന്തുണയും അവർ നൽകിയിട്ടുണ്ട്. ചൊവാഴ്ച മുഖ്യമന്ത്രിയെ കാണും. അടിയന്തരാവസ്ഥ കാലത്ത് സിപിഐയുടെ താലൂക്ക് സെക്രട്ടറി ആയിരുന്നു മൂന്നു വർഷക്കാലം. ആ കാലഘട്ടത്തിലാണ് പിണറായി വിജയനെ പരിചയപ്പെട്ടത്. ഇതെല്ലാം മുഖ്യമന്ത്രിക്ക് ഓർമ്മയുണ്ട്. വലിയ ആൾ എന്ന രീതിയിൽ മുഖ്യമന്ത്രിയെ ഞാൻ കാണുന്നില്ല. മനുഷ്യരിൽ വലിപ്പച്ചെറുപ്പങ്ങളില്ല. ആ ചിന്താഗതിയാണ് എന്നെ രാഷ്ട്രീയത്തിൽ നടത്തിയത്. അതുകൊണ്ട് തന്നെ എനിക്ക് ഒരുപാട് ശത്രുക്കളും മിത്രങ്ങളുമുണ്ട്. ന്യായമായ കാര്യത്തിന് എല്ലാത്തിനോടും സഹകരിക്കും. അതാണ് എന്റെ രീതി-പന്നിയോട് സുകുമാരൻ വൈദ്യർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP