Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണ്; ഇപ്പോൾ വേണ്ടത് പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന പ്രാർത്ഥന; കൊറോണ ഭീതി അവസാനിക്കും വരെ ഭവനങ്ങളെ ആരാധാനാലയങ്ങളാക്കി മാറ്റണം; തബ്‌ലീഗ് കൊറോണ എന്നത് വർഗീയ മനസുകളുടെ സൃഷ്ടി മാത്രം; തലസ്ഥാനത്തെ പാളയം പള്ളി തത്ക്കാലം തുറക്കേണ്ട എന്ന തീരുമാനം സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനത്തിലുള്ളത്; ആരാധനാലയങ്ങൾ തുറക്കുന്നത് തത്ക്കാലം നല്ലതല്ലെന്ന് വിശദമാക്കി പള്ളി ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട്

പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണ്; ഇപ്പോൾ വേണ്ടത് പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന പ്രാർത്ഥന; കൊറോണ ഭീതി അവസാനിക്കും വരെ ഭവനങ്ങളെ ആരാധാനാലയങ്ങളാക്കി മാറ്റണം; തബ്‌ലീഗ് കൊറോണ എന്നത് വർഗീയ മനസുകളുടെ സൃഷ്ടി മാത്രം; തലസ്ഥാനത്തെ പാളയം പള്ളി തത്ക്കാലം തുറക്കേണ്ട എന്ന തീരുമാനം സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനത്തിലുള്ളത്; ആരാധനാലയങ്ങൾ തുറക്കുന്നത് തത്ക്കാലം നല്ലതല്ലെന്ന് വിശദമാക്കി പള്ളി ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നു. നിബന്ധനകൾക്ക് അനുസൃതമായി ആരാധനലയങ്ങൾ പ്രവർത്തിക്കാം എന്നാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പള്ളിയിലെത്തി ആരാധന തുടങ്ങാൻ കാത്തിരിക്കുന്ന വിശ്വാസികളെ താത്ക്കാലത്തേക്ക് സ്തബ്ദമാക്കിയാണ് കൊറോണ പടരുന്ന സാഹചര്യത്തിൽ പാളയം മസ്ജിദ് തുറക്കുന്നത് നന്നായിരിക്കില്ലെന്ന തീരുമാനം പാളയം ഇമാമും പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതിയും കൂടി തീരുമാനിച്ചിരിക്കുന്നത്. നഗരഹൃദയങ്ങളിലുള്ള ആരാധനാലയങ്ങൾ തുറന്നാൽ അത് സംസ്ഥാനത്തിനു വിപത്താകും എന്ന തിരിച്ചറിവിൽ നിന്നാണ് പാളയം മസ്ജിദ് താത്ക്കാലത്തേക്ക് തുറക്കേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഒരാൾ കൊറോണയുമായി വന്നാൽ അത് ആരാധനയ്ക്ക് എത്തുന്ന സകലരും രോഗബാധിതരാകുന്ന അവസ്ഥ വരും. ആരൊക്കെ ആരാധനയ്ക്ക് വരുന്നു എന്ന് മുൻകൂട്ടി അറിയാനോ വരുന്നവർ ആരെന്നു തിരിച്ചറിയാനോ കഴിയില്ല. ഇത് അപകടകരമാണ്. അതിനാലാണ് പാളയം മസ്ജിദ് താത്കാലത്തേക്ക് തുറക്കുന്നില്ല എന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പൊടുന്നനെ വന്ന തീരുമാനം വിശ്വാസികളെ അമ്പരപ്പിച്ച സാഹചര്യത്തിൽ മറുനാടനോട് സംസാരിക്കുകയായിരുന്നു പാളയം ഇമാം. ഇന്നു ഞങ്ങൾ എടുത്ത തീരുമാനം ഒരു പക്ഷെ മറ്റു ആരാധനാലയങ്ങൾക്കും സ്വീകരിക്കേണ്ടി വന്നേക്കും. ഒരു ദിവസം നൂറു കടന്നു കൊറോണ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ചൂണ്ടിക്കാട്ടി ആരാധനാലയങ്ങൾ തുറക്കാൻ ഇത് യോജിച്ച സമയമല്ല എന്നാണ് ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട് പറഞ്ഞത്. അഭിമുഖത്തിലേക്ക്

ലോക്ക് ഡൗണിനു അവസാനമായി; പാളയം മസ്ജിദ് തുറക്കുന്നില്ല എന്ന തീരുമാനം വന്നിരിക്കുന്നു?

നഗരഹൃദയത്തിലുള്ള പള്ളി എന്ന അർത്ഥത്തിൽ അപരിചിതരായ പല ആളുകളും മസ്ജിദിൽ ആരാധനയ്ക്ക് വരും എന്ന തികഞ്ഞ ബോധ്യം പള്ളിയുടെ പരിപാലന സമിതിയെ സംബന്ധിച്ചിടത്തോളമുണ്ട്. ആരാധനയ്ക്ക് വരുന്നവർ എവിടെനിന്നു വരുന്നു എന്ന് മനസിലാക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒരു പക്ഷെ രോഗപ്പകർച്ച വലിയ അളവിൽ ഉള്ള സ്ഥലങ്ങളിൽ നിന്നായിരിക്കും വരുന്നത്. ചിലപ്പോൾ അങ്ങനെ ഭീഷണികൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നുമാവാം വിശ്വാസികളുടെ വരവ്. പക്ഷെ അവർ എവിടെ നിന്ന് വരുന്നു എന്ന് അനുമാനിക്കാൻ ഞങ്ങൾക്ക് കഴിയില്ല. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളേണ്ട ആവശ്യമുണ്ട്. നഗരഹൃദയത്തിലെ മസ്ജിദ് എന്ന നിലയിൽ കൂടുതൽ ജാഗ്രത കൈക്കൊള്ളണം എന്ന അടിസ്ഥാനത്തിൽ തന്നെയാണ് ദീർഘമായി ചർച്ച ചെയ്തതിനു ശേഷം മസ്ജിദ് ഉടൻ തുറക്കേണ്ടതില്ലാ എന്ന് പരിപാലന സമിതി തീരുമാനിച്ചത്.

കൊറോണയ്ക്ക് ശേഷം ആരാധനാ രീതിയിൽ മാറ്റം വരുമെന്ന് വിശ്വസിക്കുന്നുണ്ടോ?

ആരാധനാക്രമം നിലവിലെ രീതിയിൽ തന്നെ തുടരും. നമ്മുടെ പ്രാർത്ഥന എന്ന് പറഞ്ഞാൽ പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന് തന്നെയാണ്. ആരാധന രീതികൾ എങ്ങനെയായിരിക്കണം എന്ന് ഓരോ മതങ്ങളും അനുശാസിക്കുന്നുണ്ട്. ആരാധനകൾ ആ രീതിയിൽ തന്നെ തുടരും. അതിനുള്ള പ്രാർത്ഥനയാണ് ഉള്ളത്. നിലവിലെ അവസ്ഥ രോഗഭീതി കൂടിയിരിക്കുന്ന അവസ്ഥയാണ് നിലവിലേത്. ഇന്നലെ മാത്രം കൊറോണ ബാധിച്ചത് കേരളത്തിൽ 111 പേർ എന്ന് പറയുമ്പോൾ വല്ലാത്ത അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്. ഈ സ്ഥിതി അപകടകരമാണ്.

രോഗബാധിതർ വളരെ കുറഞ്ഞ അവസ്ഥയിലേക്ക് കേരളം എത്തേണ്ടതുണ്ട്. അപ്പോൾ ആരാധനാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന അവസ്ഥയാകും. ഇപ്പോൾ നമ്മൾ ആ രീതിയിൽ ചിന്തിക്കാതിരിക്കുന്നതാണ് ഉചിതം. രോഗബാധിതരുടെ എണ്ണം കുറഞ്ഞാൽ വളരെ ധൈര്യപൂർവ്വം സംഘടിതമായി തന്നെ ആരാധനാലയങ്ങൾ തുറക്കാൻ കഴിയും. കൊറോണ ഭീതി ഒഴിഞ്ഞാൽ ആ ഘട്ടം, അതിനു വേണ്ടിയാണ് നമ്മുടെ പ്രയത്‌നം. ആ ഒരു പ്രയത്‌നത്തിൽ നാം വിജയിക്കുകയാണെങ്കിൽ ധൈര്യസമേതം പള്ളികൾ തുറന്നുകൊണ്ട് പ്രാർത്ഥനകൾ സംഘമായി തന്നെ നടത്താനുള്ള അവസ്ഥയുണ്ടാകും. ആരാധനയിൽ നിലവിൽ മാറ്റം വരുത്തേണ്ട അവസ്ഥയുണ്ടെന്നു തോന്നുന്നില്ല. നമ്മുടേതുപോലെ നഗരഹൃദയങ്ങളിൽ വസിക്കുന്നവർ വീട്ടിൽ തന്നെ ആരാധന നടത്തുന്നതാണ് കരണീയമായിട്ടുള്ളത്. ഭവനങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ കുടുംബം ഒരുമിച്ച് തന്നെ പ്രാർത്ഥിക്കുക. വീടുകളെ ആരാധനാലയങ്ങളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുക.

മസ്ജിദിൽ എത്താൻ കാത്തിരിക്കുന്ന വിശ്വാസി സമൂഹത്തോട് എന്താണ് പറയാനുള്ളത്?

അത് നേരത്തെ സൂചിപ്പിച്ച രീതിയിൽ തന്നെയുള്ളതാണ്. നമ്മൾ ഇളവിനെ സ്വാഗതം ചെയ്യുന്നു. ഗ്രാമങ്ങളിൽ ഇപ്പോൾ നൽകിയിരിക്കുന്ന ഇളവിനെ ധൈര്യസമേതം പ്രയോജപ്പെടുത്താം. നഗരങ്ങളിലെ പള്ളികൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തുന്നത് ഉചിതവും നല്ലതുമാണ്. ഗ്രാമങ്ങളിൽ ആരൊക്കെ വരുന്നു എന്ന കാര്യത്തിൽ ഏകദേശ ധാരണ പള്ളികളിൽ എത്തുന്നവർക്കുണ്ടാകും. മഹല്ലിലെ ആളുകൾ, ഇടവകയിലെ ആളുകൾ ആരൊക്കെ. എന്തൊക്കെ എന്ന കാര്യത്തിൽ അവർക്ക് ധാരണയുണ്ടാകും. പക്ഷെ നഗരങ്ങളിൽ ഇത് സാധ്യമല്ല. വിദേശങ്ങളിൽ നിന്നും വന്നവർ ക്വാറന്റൈൻ ലംഘിക്കുന്നു എന്ന് വാർത്തകൾ വരുന്നു. നമ്മൾ അത് അറിയുന്നു. ഒരാൾ അത് ചെയ്താൽ നൂറു പേരെയാണ് അത് ദോഷകരമായി ബാധിക്കുന്നത്. നഗരഹൃദയങ്ങളിൽ താമസിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആരാധനകൾ ഭവനങ്ങളിൽ തന്നെ നിർവഹിക്കാൻ തയ്യാറാകണം. ലൈബ്രറികൾ കൂടി ഭവനങ്ങളിൽ സജ്ജമാക്കി എല്ലാ അർത്ഥത്തിലും ഭവനങ്ങൾ വിശ്വാസികൾ സജീവമാക്കി മാറ്റുക. ഭവനങ്ങൾ മക്കളുടെ പള്ളിയും പള്ളിക്കൂടവുമാക്കി മാറ്റണം. ഇതാണ് വിശ്വാസികളോടുള്ള ആഹ്വാനം.

കൊറോണയുടെ പശ്ചാത്തലത്തിൽ മസ്ജിദുകളിൽ എങ്ങനെ സുരക്ഷിതമായി പ്രാർത്ഥന നടത്താൻ കഴിയും?

നഗരഹൃദയങ്ങളിലെ മസ്ജിദുകളിൽ ആണ് പ്രശ്‌നമുണ്ടാകുന്നത്. മസ്ജിദുകളിൽ മാത്രമല്ല എല്ലാ ആരാധനാലയങ്ങളിലും ഈ പ്രശ്‌നങ്ങൾ വരും. അപരിചിതർ ആരാധനയ്ക്ക് എത്തിയാൽ മസ്ജിദിന്റെ ആളുകൾ ശ്രദ്ധിക്കുക തന്നെ വേണം. കൃത്യമായ പരിശോധന നടത്താനുള്ള സംവിധാനം വേണം. കൃത്യമായ പരിശോധന നടത്തുകയും വേണം. ഇവർ രോഗബാധിതർ അല്ലാ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ആരാധാനാലയങ്ങൾ നിലവിലെ സാഹചര്യത്തിൽ തുറന്നു വയ്ക്കാതിരിക്കുകയാണ് ശ്രേഷ്ടമായ കാര്യം. ഇതാണ് ഉചിതമായ നിലപാട്. ഈ അവസ്ഥ വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ്. പക്ഷെ പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതി ചെയ്തത്‌പോലെ താത്ക്കാലത്തേക്ക് കാത്തിരിക്കുക എന്നതാകും ഉചിതമായ കാര്യം.

പാളയം മസ്ജിദിന്റെ തീരുമാനം പോലെ മറ്റു മതവിശ്വാസികളിൽ നിന്നും തീരുമാനം വരുമോ?

പാളയം മുസ്ലിം ജമാഅത്തിന്റെ പരിപാലന സമിതി ചെയ്തത്‌പോലെ കുറച്ചു കൂടി കാത്തിരിക്കുകയാവും ഉചിത നിലപാട്. ഞങ്ങൾ സ്വീകരിച്ചത് സ്വതന്ത്ര നിലപാടാണ്. ഈ നിലപാട് മറ്റു മതസ്ഥരും സ്വീകരിക്കാൻ സാധ്യതയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്നലെ തന്നെ 111 പേരാണ് കൊറോണ രോഗി ബാധിതർ. ഈ അവസ്ഥയിൽ പുനർ വിചിന്തനം ആവശ്യമാണ്. ഈ തോന്നൽ വ്യാപകമാണ്. മറ്റുള്ള ആരാധനാലയങ്ങൾക്കും ഈ രീതിയിൽ തീരുമാനം എടുക്കേണ്ടി വന്നേക്കും. ഞങ്ങൾ പാളയം മസ്ജിദ് താത്ക്കാലത്തേക്ക് തുറക്കേണ്ട എന്ന് തീരുമാനിച്ചപ്പോൾ പല പണ്ഡിതരും ഈ തീരുമാനം ശരിയെന്നു വിലയിരുത്തി. നഗരഹൃദയങ്ങളിലെ ആരാധനാലയങ്ങൾ തുറക്കാതിരിക്കുകയാണ് ഉചിതം എന്ന അഭിപ്രായമാണ് ഇപ്പോൾ വരുന്നത്. മറ്റുള്ളവരും ഒരുപക്ഷെ ഈ തീരുമാനങ്ങൾ കൈക്കൊണ്ടെക്കും.

ഇന്ത്യയിൽ കൊറോണ വന്നപ്പോൾ അതിനെ തബ് ലീഗ് സമ്മേളനവുമായി ചേർത്തുവെച്ചു?

തബ് ലീഗ് കൊറോണ എന്നത് വളരെ വർഗീയ പരാമർശം. നമ്മുടെ നാട്ടിൽ ഈ രീതിയിൽ ഉള്ള പരാമർശങ്ങൾ വരാൻ പാടില്ലായിരുന്നു. തബ് ലീഗ് കൊറോണ, നിസാമുദ്ദീൻ കൊറോണ എന്നൊക്കെ പറയുന്നത് വർഗീയ മനസുകൾക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന പരാമർശങ്ങളാണ്. ,മതേതര മനസുള്ളവർ അങ്ങനെ ചെയ്യാൻ പാടില്ല എന്നാണ് സഹോദര ബുദ്ധ്യാ ഉപദേശിക്കാൻ കഴിയുന്നത്. എല്ലാ മുസ്ലിം കൂട്ടായ്മകളും നിലവിലെ സാഹചര്യത്തിൽ ജാഗ്രത പുലർത്തണം. പകർച്ചവ്യാധിയാണ് പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. പ്രവാചകൻ തന്നെ പറഞ്ഞത് ഒരു പ്രദേശത്ത് പകർച്ച വ്യാധി വന്നാൽ നിങ്ങൾ അങ്ങോട്ട് പോകരുത് എന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾ താമസിക്കുന്നിടത്ത് പകർച്ചവ്യാധി വന്നാൽ നിങ്ങൾ പുറത്തേക്കും പോകരുത് എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നിയന്ത്രണവും ശ്രദ്ധയും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ ജാഗ്രത കൈക്കൊള്ളണം. താത്കാലത്തേക്ക് എല്ലാം നിയന്ത്രിക്കുക തന്നെയാണ് നല്ലത്-ഇമാം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP