Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയാളുടെ അച്ചനുവേണ്ടി ഞാൻ അയാളുടെ മുമ്പിൽ മുട്ടുകുത്തി പാദം ചുംബിച്ച് മാപ്പ് ചോദിച്ചു; ഭിക്ഷക്കാരെ സുഹൃത്തുക്കളാക്കി വേദനിക്കുന്നവരെ തേടി നടന്ന ആ മനുഷ്യൻ നാടു വിട്ടപ്പോൾ ബാക്കിയാകുന്നത് ആർക്കും മറക്കാനാവാത്ത ചില ഓർമകൾ മാത്രം

അയാളുടെ അച്ചനുവേണ്ടി ഞാൻ അയാളുടെ മുമ്പിൽ മുട്ടുകുത്തി പാദം ചുംബിച്ച് മാപ്പ് ചോദിച്ചു; ഭിക്ഷക്കാരെ സുഹൃത്തുക്കളാക്കി വേദനിക്കുന്നവരെ തേടി നടന്ന ആ മനുഷ്യൻ നാടു വിട്ടപ്പോൾ ബാക്കിയാകുന്നത് ആർക്കും മറക്കാനാവാത്ത ചില ഓർമകൾ മാത്രം

ഇന്നലെ അന്തരിച്ച കുറ്റിക്കൽ അച്ചൻ കാരുണികൻ മാസികയക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ചുവടെ കൊടുക്കുന്നത് - എഡിറ്റർ

ആകാശപ്പറവകളുടെ കൂട്ടുകാർ (FBA Friends of the Birds of the Air)_ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ ആരംഭകനും മുന്നണിപ്പോരാളിയുമാണ് ഫാ. ജോർജ് കുറ്റിക്കൽ എംസിബിഎസ്. 

  • മദർ തെരേസയും ആകാശപ്പറവകളും തമ്മിലുള്ള ബന്ധം?

കാശപ്പറവകളുടെ ആദ്യത്തെ ആശ്രമം ആരംഭിക്കുന്നത് മദർ തെരേസായുടെ ആശീർവാദത്തോടെയാണ്. മദർ കത്തിച്ചു തന്ന തിരി ഏറ്റുവാങ്ങിയാണ് തൃശ്ശൂർ ചെന്നായ്‌പ്പാറ ദിവ്യഹൃദയ ആശ്രമത്തിന് ആരംഭം കുറിച്ചത്. അതൊരു അനുഗൃഹീതമായ തുടക്കമായിരുന്നു.

  • മദർ എങ്ങനെ ചെന്നായ്‌പ്പാറയിൽ വന്നു?

ത് വലിയൊരു അത്ഭുതമായിരുന്നു. ഞാനതുവരെ മദറിനെ അടുത്ത് കണ്ടിട്ടുപോലുമില്ല. ചെന്നൈയിലും ബെംഗലുരുവിലും നടന്ന കരിസ്മാറ്റിക് നാഷണൽ കൺവെൻഷനുകളിൽ മദറിന്റെ പ്രസംഗം അകലെ നിന്ന് കേട്ടിട്ടുണ്ടെന്ന് മാത്രം. അങ്ങനെയിരിക്കെയാണ് മദർ കണ്ണൂരിൽ വരുന്നുണ്ടെന്ന വാർത്ത ഞാൻ പത്രത്തിൽ വായിച്ചത്. മദർ തെരേസ സിസ്റ്റേഴ്‌സിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു അത്.

അപ്പോൾ എന്റെ മനസ്സിൽ ഒരു ആഗ്രഹം. ദരിദ്രർ ക്കായുള്ള ഈ ശുശ്രൂഷയുടെ തുടക്കത്തിന് മദറിനെ ക്ഷണിക്കണമെന്ന്. എന്റെ ഒരു കസിൻ ഫാ. ഗ്രിഗരി കുറ്റിക്കൽ ബീഹാറിലെ ഭഗത്പൂർ രൂപതയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജൂബിലിയായിരുന്നു ആ വർഷം. ഞങ്ങൾ വീട്ടുകാരെല്ലാവരും കൂടി ഭഗത്പൂരിലെ ജൂബിലി ആഘോഷത്തിന് പോകാനിരിക്കുകയായിരുന്നു. എനിക്ക് തോന്നി ഇതു തന്നെയാണ് കൊൽക്കത്തായിൽ പോയി മദറിനെ ക്ഷണിക്കാനുള്ള അവസരമെന്ന്.

പക്ഷേ അപ്പോഴാണ് കേട്ടത് മദറിനെ ഏതൊരു പരിപാടിക്ക് ക്ഷണിക്കണമെങ്കിലും സ്ഥലത്തെ മെത്രാന്റെ കത്ത് വേണമെന്ന്. അന്ന് ജോസഫ് കുണ്ടുകുളം പിതാവായിരുന്നു തൃശൂർ മെത്രാൻ. ഞാൻ പിതാവിനോട് എന്റെ ആഗ്രഹം പറഞ്ഞു. അത് കേട്ടതേ പിതാവ് പറഞ്ഞു: ''അച്ചൻ കൊൽക്കത്തായ്ക്കു പോകണം. മദറിനെ ക്ഷണിക്കണം. മദർ വരും.'' പിതാവിന് നല്ല വിശ്വാസമായിരുന്നു അക്കാര്യത്തിൽ.

അന്നത്തെ ചാൻസലറച്ചൻ എന്റെ സഹപാഠിയായിരുന്നു. കത്ത് തയ്യാറാക്കി കിട്ടാനായി ഞാൻ അച്ചന്റെ അടുത്തു ചെന്നു. പക്ഷേ എന്നോടുള്ള സ്വാതന്ത്ര്യം കൊണ്ട് അദ്ദേഹം മടിച്ചു കുറ്റിക്കലച്ചാ, ഈ കാര്യത്തിന് മദറൊന്നും വരാൻ പോകുന്നില്ല. ഇതുവരെ കെട്ടിടം പോലും പണിതിട്ടില്ല. വെറുതെ കിടക്കുന്ന കുറേസ്ഥലം മാത്രം. ഫലശൂന്യമായൊരു കത്ത് വെറുതെ എന്തിനാ നമ്മൾ തയ്യാറാക്കുന്നേ? ഇങ്ങനെ പറഞ്ഞ് അച്ചൻ എന്നെ നിരുത്സാഹപ്പെടുത്തി.

ഞാൻ പിന്നെയും കുണ്ടുകുളം പിതാവിനെ സമീപിച്ചു കാര്യം പറഞ്ഞു. പിതാവ് ഇന്റർകോമെടുത്ത് അച്ചനോട് പെട്ടെന്ന് കത്ത് തയ്യാറാക്കികൊണ്ടുവരാൻ പറഞ്ഞു. അങ്ങനെയാണ് ക്ഷണക്കത്ത് തയ്യാറാകുന്നത്.

ഞാനീ കാര്യം ഭഗത്പൂരിലെ അച്ചന്മാരോട് പറഞ്ഞപ്പോൾ അവരും എന്നെ നിരുത്സാഹപ്പെടുത്തി, അച്ചന് വട്ടാണ്. മദറല്ലേ ഈ ചെറിയ പരിപാടിക്ക് വരാൻ പോകുന്നത്? അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അപ്പോഴും എന്റെ മനസ്സ് പറഞ്ഞു മദർ വരും.

ഞാൻ കൊൽക്കത്തായിൽ മദറിന്റെ മഠത്തിൽ ചെല്ലുമ്പോൾ മദർ സഞ്ചിയുമെടുത്ത് പുറത്തേക്ക് പോകാൻ ഇറങ്ങുകയായിരുന്നു. അവിടെ കിടന്ന സ്‌കൂൾ ബഞ്ചുപോലെയുള്ള ഒരു ബഞ്ചിലിരുന്നാണ് ഞങ്ങൾ അന്ന് സംസാരിച്ചത്. ഞാൻ ഭിക്ഷക്കാരായ മക്കൾക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയെക്കുറിച്ച് വിശദമായി മദറിനോട് പറഞ്ഞു. എല്ലാം ശ്രദ്ധിച്ച് കേട്ട ശേഷം മദർ പറഞ്ഞു: 'I will come.'' ഞാൻ വരാമെന്നല്ല മദർ പറഞ്ഞത്, മറിച്ച് ഞാൻ (തീർച്ചയായും) വരുമെന്നാണ്. വരുമെന്ന് പറഞ്ഞ് പിതാവിനുള്ള മറുപടിക്കത്തും മദർ തയ്യാറാക്കി എനിക്ക് ഒപ്പിട്ടു തന്നു.

തിരിച്ചെത്തിയപ്പോൾ എനിക്കൊരു ധ്യാനമുണ്ടായിരുന്നു. അതുകൊണ്ട് സ്‌നേഹദാസൻ കല്ലുപുറം ജോസിനെ ഞാൻ കത്തുമായി കുണ്ടുകുളം പിതാവിന്റെ അടുത്തേക്ക് അയച്ചു. കൂടെ പരിഹരിക്കപ്പെടേണ്ട പ്രായോഗികമായ ഒരു പ്രശ്‌നം കൂടി സൂചിപ്പിച്ചു. ചെന്നായ്‌പ്പാറയ്ക്കുള്ള റോഡ് മുഴുവൻ തകർന്നു കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ആ റോഡിൽ കൂടെ മദർ എങ്ങനെ ചെന്നായ്‌പ്പാറയിൽ എത്തും?

അന്ന് ലീഡർ കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ലീഡറും കുണ്ടുകുളം പിതാവും വലിയ സുഹൃത്തുക്കളും. അതിനാൽ റോഡിന്റെ കാര്യത്തിൽ എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ അതിനിടെ ഒരു ഏടാകൂടം സംഭവിച്ചു. അന്ന് മന്ത്രിസഭയിലും കോൺഗ്രസിലും പ്രതിഛായ നന്നാക്കലായിരുന്നു പ്രധാന വിഷയം. കോഴിക്കോട്ടെ ഒരു പരിപാടി കഴിഞ്ഞുവരികയായിരുന്ന ലീഡർ അരമനയിൽ പിതാവിനെ കാണാൻ കയറി. പിതാവ് സ്വാതന്ത്ര്യത്തോടെ കരുണാകരനെ വഴക്കു പറഞ്ഞു അദ്ദേഹമൊരു പത്രമെടുത്തിട്ട് അത് ഇടത്തേക്ക് മടക്കിയിട്ടു പറഞ്ഞു, ഞാൻ ഇങ്ങോട്ടു മാറിയാൽ വോട്ട് ഇങ്ങോട്ടു മറിയും; എന്നിട്ട് മറുവശത്തേക്ക് മടക്കിയിട്ട് അതേ വാചകം തന്നെ ആവർത്തിച്ചു. എന്നിട്ടു പറഞ്ഞു നിന്റെയൊരു പ്രതിഛായ നന്നാക്കൽ. പാവങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ളതിനു പകരം ഒരു പ്രതിഛായയുമായി നടക്കുന്നു.

അങ്ങനെ വഴക്കുപറഞ്ഞു പിതാവ് ലീഡറെ ഇറക്കി വിട്ടിരിക്കുന്ന സമയമാണത്. കുണ്ടുകുളം പിതാവുമായി എങ്ങനെയെങ്കിലും അനുരജ്ഞനപ്പെടണമെന്ന് ലീഡർക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനായി അന്ന് അദ്ദേഹം കൃഷ്ണകുമാറിനെ തൃശൂർക്ക് അയച്ചു.

കൃഷ്ണകുമാർ പിതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ പിതാവ് പറഞ്ഞു, ശരി, എങ്കിൽ ഒരു കാര്യം ചെയ്യ്. ചെന്നായ്‌പ്പാറവരെയുള്ള റോഡ് തകർന്നു കിടക്കുകയാണ്. അതു യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണം. കാരണം, മദർ തെരേസ പാവങ്ങൾക്കുവേണ്ടിയുള്ള സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ വരുകയാണ്.

തിരുവനന്തപുരത്തു ചെന്ന് ലീഡറോട് കാര്യം പറയാമെന്നായി കൃഷ്ണകുമാർ. അതുവേണ്ട, ഇവിടെ ഫോണിരിപ്പുണ്ട്. എടുത്തു വിളിച്ചു സംസാരിക്കണമെന്നായി പിതാവ്. സംസാരിച്ചപ്പോൾ പരിഗണിക്കാമെന്നായി ലീഡർ. പരിഗണനയല്ല വേണ്ടത് ഉടനടി തീരുമാനമാണ് വേണ്ടതെന്ന് പിതാവ്. ഉടനെതന്നെ 33 ലക്ഷം രൂപ ചെന്നായ്‌പ്പാറക്കുള്ള റോഡിനായി ലീഡർ അലോട്ട് ചെയ്തു.

പി.പി ജോർജ് അന്ന് മന്ത്രിയായിരുന്നു. ലീഡർ അദ്ദേഹത്തെ ഒരു മാസത്തേക്ക് തൃശൂർക്ക് നിയോഗിച്ചു. മദർ തെരേസയുടെ പരിപാടികൾ തൃശൂർ നിന്നുകൊണ്ട് മേൽനോട്ടം വഹിക്കാൻ. മദറിനെ സ്റ്റേറ്റ് ഗസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനിടയിൽ മറ്റൊരു പ്രതിസന്ധി ഉണ്ടായി. മദർ തെരേസ വീണ് എല്ലിന് പരിക്കുപറ്റിയിരിക്കുന്നുവെന്ന് പത്രവാർത്ത. അതിനാൽ യാത്രകളെല്ലാം റദ്ദ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നുവെന്നും. ഇത് കേട്ടതേ കുണ്ടുകുളം പിതാവ് എന്നെ വിളിച്ച് ഉടനടി കൊൽക്കത്തായ്ക്കു പോകണമെന്നു പറഞ്ഞു. ആദ്യം എനിക്കൊരു മടിയായിരുന്നു.

പിതാവു പറഞ്ഞു, ഞാനിവിടെ പത്രസമ്മേളനമൊക്കെ നടത്തി മദർ വരുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഇനി മദർ വന്നില്ലെങ്കിൽ ആൾക്കാർ എന്റെ മൊട്ടത്തല എറിഞ്ഞുപൊട്ടിക്കും. അച്ചനു തലേൽ കുറേ മുടിയുള്ളതിനാൽ അത്രയ്ക്കു പരിക്കു പറ്റുകേല പിതാവ് എന്നെ വഴക്കുപറഞ്ഞു കൊൽക്കത്തായ്ക്കു വിട്ടു.

ഇത്തവണ വിമാനത്തിലാണ് പോയത്. ഞാനാദ്യമായാണ് വിമാനത്തിൽ കയറുന്നത്. പിതാവിന്റെ ഒരു ബന്ധു പുതുക്കാടുകാരൻ റാഫിയേയും എന്റെ കൂടെ വിട്ടു. ഞങ്ങൾ ചെല്ലുന്ന കാര്യം മദറിനെ നേരത്തെ അറിയിച്ചിരുന്നു. അതിനാൽ രാവിലത്തെ കുർബാന അർപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. കുർബാനയ്ക്കു മുഴുവൻ മദർ നമ്രശിരസ്‌ക്കയായി നിന്ന് കുർബാനയിൽ ഭക്തിയോടെ പങ്കുകൊണ്ടു. അതിനുശേഷം മദറിന്റെ കൂടെ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചു. അപ്പോൾ അവിടുത്തെ ഭിത്തിയിൽ എഴുതിയിരുന്ന ഒരു വാചകം ഞാൻ ശ്രദ്ധിച്ചു I will fill the Heav-en with Saistn. ഞാൻ വിശുദ്ധരെക്കൊണ്ട് സ്വർഗ്ഗം നിറക്കും. അതെന്നെ ഏറെ ആകർഷിച്ചു.

ഞാൻ മദറിനോട് പറഞ്ഞു, Mother I want to become a saint. മദറിന് അത് സന്തോഷകരമായ അത്ഭുതമായി. കാരണം, ഒരു വൈദികനിൽ നിന്ന് അത്തരമൊരു പ്രസ്താവന മദർ ആദ്യമായി കേൾക്കുകയായിരിക്കണം.

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പറഞ്ഞു: 'Mother, would you pray ov-er me'' അതുപറഞ്ഞിട്ട് ഞാൻ മുട്ടുകുത്തി, കൂടെ റാഫിയും. മദർ ആദ്യം റാഫിയുടെ തലേൽ കൈ വച്ചു പ്രാർത്ഥിച്ചു. എന്റെ തലേൽ കൈ വയ്ക്കാൻ മദറിനൊരു മടി. കാരണം അഭിഷിക്തനല്ലേ. ഞാൻ അവിടെത്തന്നെ മുട്ടുകുത്തി നിന്നു. അവസാനം മദർ എന്റെ തലേലും കൈവച്ചു പ്രാർത്ഥിച്ചു.

അപ്പോൾ എന്റെ ഉള്ളിലൊരു തോന്നൽ വിശുദ്ധിയുടെ രഹസ്യമെന്താണെന്ന് മദറിനോട് ചോദിച്ചറിയണമെന്ന്. കാരണം, മദർ ഒരു ജീവിക്കുന്ന വിശുദ്ധയാണല്ലോ. തോറ്റവരുടെ ഉത്തരക്കടലാസ് നോക്കി പഠിക്കുന്നതിലും നല്ലത് ജയിച്ചവരുടെ ഉത്തരക്കടലാസ് നോക്കി പഠിക്കുകയാണല്ലോ.

ഞാൻ ചോദിച്ചു: 'Mother what is the secret of sancttiy.' ആ ചോദ്യം മദറിന് ഏറെ ഇഷ്ടപ്പെട്ടു. മദർ എന്റെ വലതു കയ്യേൽ പിടിച്ചു. എന്നിട്ട് എന്റെ വിരലുകൾ ഓരോന്നും മടക്കിക്കൊണ്ട് പറയാൻ തുടങ്ങി: 'I will, I want, with God's help be holy' അപ്പോഴേക്കും എന്റെ വലതുകയ്യിലെ അഞ്ചു വിരലുകളും മടങ്ങി കഴിഞ്ഞിരുന്നു. ഉടനെ മദർ എന്റെ ഇടതുകയ്യേൽ പിടിച്ചു. എന്നിട്ട് വിരലുകൾ മടക്കാൻ തുടങ്ങി. കൂടെ പറഞ്ഞു; 'You did it to me' അപ്പോഴത്തേക്കും എന്റെ ഇടതു കയ്യിലെ അഞ്ചു വിരലുകളും മടങ്ങിയിരുന്നു. 

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചു: ''എന്റെ ഡയറിയിൽ ഇതൊന്ന് എഴുതിത്ത്ത്ത്ത്തരാമോ?'' ഞാൻ എന്റെ ഡയറിയുടെ ആദ്യപേജ് തന്നെ തുറന്നുകൊടുത്തു. മദർ ആ വാചകങ്ങൾ എഴുതി. അതിന്റെ ചുവട്ടിൽ God bless you, Mother Teresa M.C എന്ന് കുറിച്ചു. അതിന്നും എന്റെ കൈയിലുണ്ട്.

എന്നിട്ടും ഈ വാചകങ്ങളുടെ അർത്ഥം എനിക്കു മനസ്സിലായില്ല. പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയാണ് ഞാൻ ഡയറിയിലെ കുറിപ്പുമായി തിരികെ പോരുന്നത്.

നാലു വർഷങ്ങൾക്കുശേഷം ഞാൻ കുട്ടനാട്ടിലെ കിഴക്കേ മിത്രക്കരിയിൽ തപസ്സു ധ്യാനം നടത്തുകയായിരുന്നു. ആദ്യമായാണ് അങ്ങനൊരു ധ്യാനം നടത്തുന്നത്. പത്ത് ദിവത്തെ ധ്യാനം. കുറെ യുവാക്കളും എന്റെ കൂടെ ഉണ്ടായിരുന്നു. ദിവ്യകാരുണ്യ സന്നിധിയിൽ മൗനത്തിലായിരിക്കുക മാത്രമായിരുന്നു ധ്യാനരീതി. എന്തെങ്കിലും പറയണമെന്ന് ഈശോ തോന്നിപ്പിക്കുമ്പോൾ മാത്രം മണി അടിക്കും. അപ്പോൾ എല്ലാവരും ഒരുമിച്ചു കൂടും.

സെപ്റ്റംബർ 5ാം തീയതി. സംസാരിക്കണമെന്ന് ഈശോ എന്നെ തോന്നിപ്പിച്ചു. മണിയടിച്ചു. മദർ അന്ന് എഴുതി തന്ന വിശുദ്ധിയുടെ രഹസ്യം എനിക്കു വെളിപ്പെട്ടു കിട്ടി. ഞാനത് വളരെ ലളിതമായി വിശദീകരിച്ചു.

പ്രസംഗം കഴിഞ്ഞു പുറത്തിറങ്ങിയതേ വികാരിയച്ചൻ ഓടിവന്നു. വികാരിയച്ചനും മുറിയിലിരുന്ന് എന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അച്ചാ, ഒരു വാർത്തയുണ്ട്. എന്താണെന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു: ''മദർ തെരേസ മരിച്ചു.''

ചെന്നായ്‌പ്പാറയിൽ വന്നിട്ടുപോയശേഷം കേരളത്തിൽ നിന്ന് ആര് കൊൽക്കത്തായിൽ ചെന്നാലും മദർ എന്റെ കാര്യം അന്വേഷിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സ്വർഗ്ഗത്തിലേക്കുള്ള മദറിന്റെ യാത്രയുടെ സമയത്തും മദറിന്റെ മനസ്സിൽ ഞാനായിരുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്കുമുമ്പ് പറഞ്ഞ വിശുദ്ധിയുടെ രഹസ്യം ലളിതമായി അന്ന് എനിക്ക് വെളിപ്പെടുത്തിതന്നത്.

2003ലായിരുന്നു മദർ തെരേസയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്, റോമിൽ വച്ച്. അതിൽ പങ്കെടുക്കണമെന്ന് എനിക്കാഗ്രഹമുണ്ടായി. എന്റെ സ്വാർ ത്ഥ താൽപര്യമാണോ, ദൈവതിരുമനസ്സാണോ എന്നറിയാൻ ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു. പോകണമെന്ന ദൈവഹിതം തിരിച്ചറിഞ്ഞു. പക്ഷേ വിമാന ടിക്കറ്റിനു കാശില്ല. തെരുവുമക്കളുടെ ഭക്ഷണക്കാശ് എടുത്ത് പോകില്ലെന്ന് ഞാൻ മദറിനോട് പറഞ്ഞു. മദർ തന്നെ വഴി കണ്ടെത്തിത്തരണമെന്ന് ഞാൻ പ്രാർത്ഥിച്ചു.

അങ്ങനെയിരിക്കേ എനിക്ക് ന്യൂയോർക്കിൽ നിന്നും ഒരു കത്ത് വന്നു. അവിടുത്തെ പ്രാർത്ഥനാഗ്രൂപ്പിന്റെ കത്താണ്. അവരിലാരെയും എനിക്കറിയില്ലായിരുന്നു. അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അവർക്ക് ദർശനത്തിൽ കിട്ടിയ നിർദ്ദേശമായിരുന്നു കുറ്റിക്കലച്ചന് പണത്തിന് ആവശ്യമുണ്ടെന്ന്. ഉടനെതന്നെ അവർ ഒരു പിരിവുനടത്തി. അതാണ് ചെക്കായി അയച്ചിരിക്കുന്നത്. നോക്കിയപ്പോൾ കൃത്യം വിമാനക്കൂലിക്കുള്ള പണം!

ഉടനെ ഞാൻ റോമിലുള്ള ആന്റണി കൊല്ലപറമ്പിലച്ചനെ വിളിച്ചു. എന്റെ അവസ്ഥ പറഞ്ഞു. വണ്ടിക്കൂലി മാത്രമേ കൈയിലുള്ളൂ. പച്ചവെള്ളം വാങ്ങികുടിക്കാനുള്ള കാശുപോലും ഇല്ല. ഇങ്ങോട്ടുപോരാൻ അദ്ദേഹം പറഞ്ഞു. ബാക്കിയെല്ലാം അദ്ദേഹം ക്രമീകരിച്ചു. അന്ന് യാത്രയിലുടനീളം മദറിന്റെ പ്രത്യേക സാന്നിധ്യമുണ്ടായിരുന്നത് എനിക്ക് ഏറെ അനുഭവപ്പെട്ട കാര്യമായിരുന്നു.

  • ഗോവിന്ദച്ചാമിയുമായി അച്ചനെ ബന്ധിപ്പിച്ചുള്ള ആരോപണത്തിനു കാരണം അച്ചനും സഹപ്രവർത്തകരും സൗമ്യയുടെ ഭവനം സന്ദർശിച്ചു പ്രാർത്ഥിച്ചതായിരുന്നു. ഇത്തരം ശുശ്രൂഷകൾ ദുർവ്യാഖ്യാനിക്കപ്പെടാനുള്ള അപകടസാധ്യതയില്ലേ?

ദുർവ്യാഖ്യാനത്തിനുള്ള അപകടസാധ്യത ഉണ്ടെന്നത് സത്യമാണ് (ഗോവിന്ദച്ചാമിയും അയാളുടെ വക്കീലുമായും ആരോപിക്കപ്പെട്ട ബന്ധം അച്ചൻ നിഷേധിച്ചു. അവരെയാരെയും കണ്ടിട്ടുപോലുമില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു). ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്ന് കരുതി ചെയ്യേണ്ട നന്മ നമുക്ക് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ ദൈവാത്മാവ് നമ്മെ നിർബന്ധിക്കുന്നു. അപ്പോൾ അതിന് എതിര് നിൽക്കാൻ നമുക്ക് ആവില്ലല്ലോ.

ഒരിക്കൽ ചവറയിൽ ഒരു കുടുംബം കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് പത്രത്തിൽ വായിച്ചു. അപ്പനും അമ്മയും രണ്ടുമക്കളുമായിരുന്നു. അതിൽ ഒരു കുഞ്ഞ് മരിച്ചു. അപ്പനെ കൊലപാതകത്തിനും ആത്മഹത്യാശ്രമത്തിനും അറസ്റ്റ് ചെയ്തു ജയിലിലാക്കി. മറ്റേതൊരു വാർത്തയും പോലെ ആദ്യം ഞാനതു വായിച്ചു. കുറേക്കഴിഞ്ഞപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. തകർന്നിരിക്കുന്ന ആ കുടുംബത്തിന്റെ അവസ്ഥ എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. അങ്ങോട്ടുപോകണമെന്ന് ദൈവാത്മാവ് പ്രേരിപ്പിച്ചു.

ചവറയിലെത്തി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചു. അപ്പൻ കൊല്ലം സബ് ജയിലിലാണ്. അമ്മ അമ്പിളി ശങ്കേഴ്‌സ് ആശുപത്രിയിലും. ആശുപത്രിയിലെത്തി അമ്പിളിയെ ആശ്വസിപ്പിച്ചു; ധൈര്യം പകർന്നുകൊടുത്തു. ഒരു ഇല കൊഴിഞ്ഞാലും പുതിയ ഇലകൾ വരുമല്ലോ. ഇന്ന് സൂര്യൻ അസ്തമിക്കുന്നതുകൊണ്ട് ലോകം അവസാനിക്കുന്നില്ലല്ലോ. നാളെ യും സൂര്യൻ ഉദിക്കുമല്ലോ. അതിനാൽ അമ്പിളി, പ്രത്യാശയുള്ളവളായി ധൈര്യം സംഭരിക്കണമെന്ന് ഞാൻ പറഞ്ഞു.

ജയിലിൽ പോയി ഭർത്താവിനെ ആശ്വസിപ്പിക്കണമെന്ന് അപ്പോൾ അവൾ എന്നോട് ആവശ്യപ്പെട്ടു. ജയിലിൽ ചെന്ന് സംസാരിച്ചപ്പോഴാണ് അയാൾക്ക് സ്വന്തം അച്ഛനോട് പകയും വൈരാഗ്യവുമാണെന്നറിയുന്നത്. അയാളുടെ അച്ഛനുവേണ്ടി ഞാൻ അയാളുടെ മുമ്പിൽ മുട്ടുകുത്തി മാപ്പപേക്ഷിച്ചു, അയാളുടെ പാദം ചുംബിച്ചു.

അതോടെ വീട്ടിൽ പോയി അച്ഛനെയും കാണണമെന്നായി അപേക്ഷ. ഞാനുടനെ തന്നെ ആ ഗ്രാമത്തുള്ള അവരുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അച്ഛൻ വീട്ടിലില്ലായിരുന്നു. കാത്തിരുന്നു കണ്ടു. അദ്ദേഹത്തെയും ധൈര്യപ്പെടുത്തി അവിടുന്ന് ഭക്ഷണവും കഴിച്ചിട്ടാണ് പോന്നത്.

ഒരിക്കൽ ആലപ്പുഴയിൽ ഞാൻ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഒരു കുടുംബം വിഷം കഴിച്ചെന്ന വാർത്ത അറിഞ്ഞത്. ഉടനെ അങ്ങോട്ടുപോകാനായിരുന്നു ദൈവാത്മാവിന്റെ പ്രചോദനം.

അതിനാൽ നമ്മുടെ പ്രവൃത്തികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാമെന്ന് ഭയന്ന്, ചെയ്യാനുള്ള നന്മ നമുക്ക് ചെയ്യാതിരിക്കാനാവില്ലല്ലോ. കാരണം, അപകടത്തിലായിരിക്കുന്ന മനുഷ്യ ജീവനെയാണല്ലോ നമ്മൾ രക്ഷിക്കാൻ പരിശ്രമിക്കുന്നത്.

  • ഈ ശുശ്രൂഷയ്ക്ക് കത്തോലിക്കാ സഭയിൽ നിന്നും അങ്ങ് പ്രതീക്ഷിക്കുന്ന സഹായം എന്താണ്?

മൂന്ന് പ്രധാനപ്പെട്ട സഹായങ്ങളാണ് സഭയുടെ ഭാഗത്തുനിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒന്നാമതായി, ശുശ്രൂഷകർക്ക് പ്രവർത്തിക്കാനുള്ള ശക്തി ലഭിക്കുന്നത് പരിശുദ്ധ കുർബാനയിൽ നിന്നാണ്. അതിനാൽ ഞങ്ങളുടെ സെന്ററുകളിൽ കുർബാന അർപ്പിക്കാനുള്ള അനുവാദവും, പ്രോത്സാഹനവും, സഹായവും ലഭിച്ചാൽ ശുശ്രൂഷ ബലപ്പെടും.

രണ്ടാമതായി, ഇവിടെയുള്ള ദരിദ്രരും മാനസികരോഗികളുമെല്ലാം പരിശുദ്ധാത്മാവിൽ ഞങ്ങളുടെ അപ്പനും അമ്മയും മക്കളുമാണ്. അതിനാൽ അവരിൽ ഒരാൾ മരിക്കുമ്പോൾ എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചിടുന്നത് അവർ മരിക്കുന്നതിനേക്കാൾ വേദനാജനകമാണ് ഞങ്ങൾക്ക്. അതിനാൽ ഇടവക സെമിത്തേരികളിൽ ഇവരെ മാന്യമായി സംസ്‌ക്കരിക്കാൻ സഭ അനുവദിക്കണം. ഈ കാര്യത്തിൽ ഏറ്റവും സന്തോഷകരമായ കാര്യം കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കല്ലേൽ ഇടവക വികാരിയുടെ സമീപനമാണ്. അവിടെ ഇടവക സെമിത്തേരിയിൽ സംസ്‌ക്കരിക്കാനുള്ള സംവിധാനം അദ്ദേഹം ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നാമതായി, സഭാനേതൃത്വത്തിന്റെയും സഭാംഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതായ ഒരു കാര്യമാണ്. തെരുവിൽ നിന്നും കിട്ടുന്ന മക്കളെ കൊണ്ടുവന്ന് മുടിവെട്ടി, ഷേവ് ചെയ്ത്, കുളിപ്പിച്ച് വൃത്തിയാക്കി ഞങ്ങൾ ദിവ്യകാരുണ്യ ഉത്സവം നടത്താറുണ്ട്. അത്തരം ഉത്സവങ്ങളിൽ പലപ്പോഴും അഭിവന്ദ്യ പിതാക്കന്മാർ പലരും വന്ന് മക്കളുടെ കൂടെയിരുന്ന് ഭക്ഷിക്കാറുണ്ട്. അത് സമൂഹത്തിന് വലിയ നന്മയും സാക്ഷ്യവുമാണ്. അതുപോലെ ഈ മക്കളുടെ വിവാഹം നടക്കുമ്പോൾ അത് ആശീർവദിക്കാൻ പിതാക്കന്മാർ വന്നാൽ നന്നായിരിക്കും.

മറ്റൊരു കാര്യം മക്കളെ സന്ദർശിക്കാൻ മുതിർന്ന കുട്ടികളെയുംകൊണ്ട് മതാധ്യാപകർ വരുന്നതാണ്. കുട്ടികൾ പറയാറുണ്ട്, ഞങ്ങൾക്ക് ക്രിസ്തീയതയുടെ തിയറി വേദപാഠക്ലാസിൽ നിന്ന് കിട്ടി. അതിന്റെ പ്രായോഗികാനുഭവം തെരുവുമക്കളെ ശുശ്രൂഷിച്ചപ്പോൾ കിട്ടി. ഇങ്ങനെ മക്കളെ ശുശ്രൂഷിക്കാൻ വരുന്ന സെമിനാരിക്കാരും സന്യാസാർത്ഥികളുമുണ്ട്. അവരൊക്കെ കുറെ ദിവസം ഇവരുടെ കൂടെ താമസിച്ച് ശുശ്രൂഷ ചെയ്യാറുണ്ട്. ഇറങ്ങിവന്ന് തെരുവുമക്കളെ ശുശ്രൂഷിക്കുമ്പോഴാണ് അവരിൽ ഓരോരുത്തരിലും ക്രിസ്തുവിന്റെ മുഖം കാണാനുള്ള ആത്മീയതയിലേക്ക് നമ്മൾ വളരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP