Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുമാറേണ്ടി വന്നതിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ തിരികെ എത്തും; യൂണിഫോം ഊരേണ്ടി വരുന്നതിൽ സങ്കടമില്ല; ആത്മകഥ എഴുതിയതിന്റെ പേരിൽ കൊടിയ പീഡനം നൽകിയ ഭരണകൂടവും നിയമങ്ങളുമാണ് ഇവിടുത്തേത്; ബിജെപി ഓഫർ നൽകിയാൽ നിരസിക്കില്ലെന്നും ട്വന്റി-ട്വന്റിയോട് യോജിച്ച് പോകാൻ ആഗ്രഹിക്കുന്നെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്; മറുനാടൻ മലയാളി പ്രത്യേക അഭിമുഖം

മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുമാറേണ്ടി വന്നതിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ തിരികെ എത്തും; യൂണിഫോം ഊരേണ്ടി വരുന്നതിൽ സങ്കടമില്ല; ആത്മകഥ എഴുതിയതിന്റെ പേരിൽ കൊടിയ പീഡനം നൽകിയ ഭരണകൂടവും നിയമങ്ങളുമാണ് ഇവിടുത്തേത്; ബിജെപി ഓഫർ നൽകിയാൽ നിരസിക്കില്ലെന്നും ട്വന്റി-ട്വന്റിയോട് യോജിച്ച് പോകാൻ ആഗ്രഹിക്കുന്നെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്; മറുനാടൻ മലയാളി പ്രത്യേക അഭിമുഖം

എം.എസ്.ശംഭു

കൊച്ചി: ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്റി-ട്വന്റി എന്ന സംഘടനയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തന്റെ രാജി സർക്കാർ സ്വീകരിക്കാൻ തയ്യാറാകാഞ്ഞതോടെ മുൻ വിജലൻസ് ഡയറക്ടർ ജേക്കബ് തോമസ് മത്സര രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ജേക്കബ് തോമസിന്റെ രാഷ്ട്രീയ ചുവട് വെയ്‌പ്പിനെക്കുറിച്ചും ചാലക്കുടിയിലെ പിന്മാറ്റത്തെ കുറിച്ചുമെല്ലാം മറുനാടൻ മലയാളിയോട് മനസു തുറന്നിരിക്കുകയാണ് അദ്ദേഹം.

തന്റെ സ്ഥാനാർത്ഥിത്വത്തിന് തടയിട്ടതിന് പിന്നിൽ ബാഹ്യ ശക്തികളാണെന്നും കേരളത്തിൽ മൂന്നാം മുന്നണിയിൽ നിന്നുള്ള ഓഫറുകൾ വരികയാണെങ്കിൽ നിരസിക്കുകയില്ലെന്നും അദ്ദേഹം മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പിന്മാറ്റം?

ഞാൻ മത്സരിക്കാതെ പിന്മാറിയതല്ല. എന്റെ മത്സരത്തെ തടയിട്ടതാണ് ചിലർ. രാഷ്ട്രീയമായി നടത്തിയ സ്വാധീനങ്ങളുടെ ഫലമാണ് എന്നെ മത്സരിപ്പിക്കാൻ സമ്മതിക്കാതിരുന്നതെന്ന് ഇപ്പോഴും കരുതുന്നത്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നിന് തന്നെ വി.ആർ.എസ് കൊടുത്തതാണ്. പക്ഷേ അതിന് ഉത്തരവ് നൽകിയില്ല. എന്റെ മത്സരത്തെ പേടിയുള്ളവർ തന്നെയാണ് എനിക്കെതിരായി നിൽക്കുന്നതെന്ന് വിശ്വസിക്കുന്നത്. ഞാൻ മത്സരിക്കുന്നതിനെ പേടിക്കുന്നത് പ്രത്യക്ഷത്തിലുള്ള സർക്കാരാണെന്ന് എനിക്ക് തോന്നുന്നില്ല.

സ്ഥാനാർത്ഥിത്വം തള്ളിയതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോ?

ബാഹ്യമായ ഇടപെടലുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.. കാരണം. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഞാൻ മത്സര രംഗത്തുള്ളത് ആർക്കെങ്കിലും ദോഷകരമായി ബാധിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെയാണ് അത്തരത്തിലൊരു നീക്കം നടന്നതെന്ന് വിശ്വസിക്കുന്നത്.

മത്സരിക്കാൻ സാധിച്ചില്ലെന്നത് പ്രതീക്ഷ മങ്ങിയോ?

പാർലമെന്റ് തിരഞ്ഞെടുപ്പ് ചാലക്കുടി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇനിയും വന്നെത്താം. വീണ്ടും രണ്ട് വർഷം കഴിഞ്ഞാൽ ഒരു പക്ഷെ തിരഞ്ഞെടുപ്പ് വന്നേക്കാം എന്നത് ഉൾകൊള്ളാൻ കഴിയുന്ന കാര്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ഇനി അഞ്ചു വർഷം കാത്തിരിക്കണമെന്ന് പോലും ഞാൻ കരുതുന്നില്ല.. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ തന്നെ കടന്നെത്തുന്നുണ്ട്. അതിനാൽ തന്നെ എനിക്ക് മത്സരിക്കാൻ സാധിച്ചാൽ 20-20 ബാനറിൽ തന്നെ ഞാൻ മത്സരിക്കുമെന്ന ആത്മവിശ്വാസമുണ്ട്.

ഞാൻ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി വിജിലൻസ് തലപ്പത്തിരുന്ന ഒരാളാണ്. അഴിമതിയെ പൂർണമായും തുടച്ചു നീക്കാൻ സാധിച്ചില്ലെങ്കിലും അഴിമതിക്കെതിരെ ആയിരിക്കും എന്റെ രാഷ്ട്രീയ നിലപാടുകൾ. അഴിമതി രഹിത കേരളം സ്വപ്നം കണ്ട് അത് പടുത്തുയർത്തുന്നതിനിടയിൽ നിലംപതിച്ച രക്തസാക്ഷിയാണ്് ഞാൻ. ഒരാൾ ഒറ്റയ്ക്ക് പരിശ്രമിച്ചാൽ അത് പരാജയപ്പെടും എന്നതിന്റെ ഉദാഹരണം ഞാൻ എന്നെത്തന്നെയാണ് ചൂണ്ടിക്കാണിക്കാൻ എപ്പോഴും ആഗ്രഹിക്കുന്നത്. അഴിമതിക്കെതിരെ ഒരു ഗ്രൂപ്പിന് ഇടപെടാൻ കഴിയുമെങ്കിൽ അത് തീർച്ചയായും വിജയം കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ട്.

വിജിലൻസ് തലപ്പത്ത് എത്തിയ ശേഷമുള്ള കടന്നാക്രമണങ്ങൾ? 

അഴിമതിക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന സർക്കാരാണ് ആദ്യ ഘട്ടത്തിൽ കേരളത്തിലുണ്ടായിരുന്നത്. അഴിമതി രഹിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി രംഗത്തെത്തിയപ്പോൾ തന്നെ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ദിശമാറി സഞ്ചരിപ്പോഴാണ് ഞാൻ പലർക്കും ശത്രു ആകേണ്ടി വന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ എം.ഡിയായി ഞാൻ പ്രവർത്തിച്ച കാലം മുതൽ അഴിമതിക്കെതിരെ നിലപാടെടുത്താണ് ഞാൻ എന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയത്. ഇ ടെൻഡർ നടപ്പിലാക്കിയ സമയത്ത് കച്ചവടക്കാരുടെ ലോബി എനിക്കെതിരെ തിരിഞ്ഞ് കടന്നാക്രമിക്കാനുള്ള പലവിധ പദ്ധതികളും നടത്തി. ഇതിന്റെ ഭാഗമായി എനിക്കെതിരെ വിജിലൻസ് അന്വേഷണം വരെ എത്തിയിരുന്നു.

2007ലെ വിജിലൻസ് അന്വേഷണം എന്റെ ഡെപ്യൂട്ടേഷനെ അടക്കം ബാധിച്ചു. സിവിൽ സപ്ലൈസ് ബോർഡ് ശുദ്ധി കലശത്തിനിറങ്ങിയ എനിക്ക് വിജിലൻസ് അന്വേഷണമാണ് സർക്കാർ പാരിതോഷികമായി നൽകിയത്. 2004-മുതൽ 2007 വരെ പിന്നീട് 2011 വരെ അന്വേഷിച്ച ശേഷം ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇത്രയും വർഷം എന്റെ കരിയർ നശിപ്പിച്ചത് അന്നത്തെ ഇടത് പക്ഷ സർക്കാരായിരുന്നു.

കോൺഗ്രസിന്റെ ശൈലി?

കോൺഗ്രസുകാർ എന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. സർക്കാർ സംവിധാനം ഉപയോഗിച്ച് കോൺഗ്രസ് സർക്കാർ എന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

ഇടത് സർക്കാരിന്റെ വൈരാഗ്യവും ആത്മകഥയും?

ഞാൻ പാവപ്പെട്ടവരുടെ പക്ഷത്ത് നിന്നാണ് സംസാരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലായി ഓഖീ ദുരന്തം വന്നപ്പോൾ പോലും പാവങ്ങൾക്കായി ഞാൻ സർക്കാരിനോട് സംസാരിച്ചു. വിജിലൻസ് ഡയറക്ടർ പദവിയിൽ ഇരിക്കുമ്പോൾ തന്നെയാണ് ഓഖി ഫണ്ടിലെ തിരിമറിക്കെതിരെ തുറന്ന് സംസാരിച്ചത്. ഇതിന്റെ പേരിലായിരുന്നു എനിക്ക് സസ്‌പെൻഷൻ ലഭിച്ചത്. എന്റെ ആത്മകഥയാണ് സ്രാവുകൾക്കൊപ്പം നീന്തുന്നു എന്നത്. ഞാൻ ജനിച്ചപ്പോൾ മുതൽ പുസ്തകം എഴുതിയത് വരെയുള്ള ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ചാണ് ഞാൻ എഴുതിയത്. ഇത്രയും വർഷത്തിൽ എന്നിലൂടെ കടന്നുപോയ ആളുകൾ, നിമിഷങ്ങൾ എല്ലാം ഞാൻ അടയാളപ്പെടുത്തിയാണ് ആത്മകഥ എഴുതിയത്. കേരള സാഹിത്യ അക്കാദമി ആത്മകഥകൾക്ക് അവാർഡ് വരെ നൽകുന്നുണ്ട്. ഈ ആത്മകഥ എഴുതിയതിന്റെ പേരിൽ എനിക്ക് രണ്ടാമത്തെ സസ്‌പെൻഷൻ നൽകുകയാണ് സർക്കാർ ചെയ്തതത്.

ഒരു ആത്മകഥ പോലും എഴുതാൻ പാടില്ലാത്ത തരത്തിലേക്ക് ഒരു വ്യക്തിയെ തളച്ചിടുന്നത് കേരളത്തിന് പറ്റിയതാണോ? ഏത് പൗരനും അവന്റെ ആഗ്രഹത്തിന് ഫലമായിട്ടാണ് പലതും ചെയ്യുന്നത്. എന്റെ അത്തരത്തിലുള്ള തോന്നലായിരുന്നു ആത്മകഥ.. എനിക്കെതിരെ ചില നീക്കങ്ങൾ നടന്ന സമയത്താണ് ഞാൻ ആത്മകഥ എഴുതിയത്. പത്തു വർഷം കഴിഞ്ഞ് എനിക്ക് എഴുതാൻ കഴിയുമെന്ന ഗ്യാരന്റി എനിക്കില്ലാത്തനിലാണ് ഞാൻ അന്ന് ആത്മകഥ എഴുതാൻ തയ്യാറായത്. മറ്റൊരാൾ എന്റെ കഥയെ ചോദ്യം ചെയ്താലും എനിക്ക് പറയാൻ കഴിയുന്നത് എന്റെ ആത്മകഥയാണ് എന്ന് മാത്രമാണ്.

പൊലീസ് മേധാവിയിൽ നിന്ന് മാറ്റുന്നു.... പിന്നീട് വിജിലൻസ് ഡയറകർ തെറിക്കുന്നു?

നാളെ ഞാൻ ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയാതെയാണ് ജീവിച്ചത് തന്നെ. 2004 മുതൽ സിവിൽ സപ്ലൈസ് അഴിമതിക്കേസുകളുടെ ഫലമായി എനിക്കെതിരെ പലവിധ വേട്ടയാടലുകളുണ്ടായി. അതിന്റെ ഫലമായി എനിക്ക് സുരക്ഷ ആവശ്യപ്പെട്ട കേന്ദ്രത്തിലേക്ക് കത്തയച്ചു. അതിന്റെ പീഡനങ്ങൾ 2007 മുതൽ വിജിലൻസ് എൻക്വയറി എന്ന് രീതിയിൽ സർക്കാർ നടപ്പിലാക്കി. നാളെ ജീവിച്ചിക്കുമോ എന്ന് ഉറപ്പില്ലാത്ത ഞാൻ ജോലി പോയതിനെ ഓർത്ത് വിലപിച്ചിട്ട് എന്ത് കാര്യം. ഒന്നരവർഷകാലം എന്നെ തൊഴിലെടുപ്പിക്കാതെ മാറ്റി നിർത്തി.

ഞാൻ ഇപ്പോൾ ഒരു സർക്കാർ ജീവനക്കാരനായിട്ടല്ല ജീവിക്കുന്നത്. എന്റെ മനസ് പ്രവർത്തിക്കുന്നതും അത്തരത്തിൽ തന്നെ. അതിനാൽ തന്നെ യൂണിഫോം ഇല്ലാത്തത് എന്നെ മാനസിക നില തെറ്റിച്ചിട്ടില്ല. സ്വാതന്ത്ര്യ ബോധം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. കാലിൽ ചങ്ങലയിട്ട് മസ്തിഷ്‌കം പണയപ്പെടുത്തി ഒരു പുസ്തകം പോലും എഴുതാൻ കഴിയാത്ത അവസ്ഥ. ഞാൻ എന്ത് മണ്ടനാണെന്ന് സ്വയം ചിന്തിച്ച് പോയിട്ടുണ്ട്.

സീറോ ടോളറൻസ് കറപ്ഷൻ എന്ന കോളം മാധ്യമം പത്രത്തിലെഴുതിയാണ് അഴിമതിക്കെതിരെ ഞാൻ സംസാരിച്ച് തുടങ്ങിയത്. അഴിമതിക്കെതിരെയുള്ള അസഹിഷ്ണുത തന്നെയാണ് പിന്നിലുണ്ടായിരുന്നത്. ഈ ആശയം പുതിയ സർക്കാർ വന്നപ്പോൾ ഞാൻ അവതരിപ്പിച്ചു. സർക്കാരിന്റെ 2014ൽ പ്രഖ്യാപിച്ച നയത്തിന്റെ അടിസ്ഥാനത്തിൽ അഴിമതിയെ തുടച്ചുമാറ്റാൻ 12 പദ്ധതികൾ ആരംഭിച്ചു. വിജിലൻസിനെ വികേന്ദ്രീകരിച്ചാണ് ആ പദ്ധതി നടപ്പിലാക്കിയത്. അവസാനം എന്നെ അതിൽ നിന്ന് ഒഴിവാക്കുന്ന ഘട്ടമുണ്ടായത് അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചപ്പോഴാണ്.

സ്ഥാനാർത്ഥികൾ ചെലവാക്കുന്ന ഫണ്ടുകൾ പരിശോധനാ വിധേയമോ?

ജനാധിപത്യ പ്രക്രിയയിൽ ഒരു തിരഞ്ഞെടുപ്പ് സമയത്ത് എത്ര ലക്ഷം ഈ എറണാകുളം മണ്ഡലത്തിൽ ചെലവാക്കുന്നുണ്ട് എന്ന് അന്വേഷിച്ചാൽ മനസിലാകും ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന്. സ്ഥാനാർത്ഥികളായി നിൽക്കുന്നവർ ഏതെങ്കിലും തൊഴിൽ മേഖലയിൽ നിന്ന് വരുന്നവരാണോ.. രാഷ്ട്രീയം തന്നെ അല്ലാതെ എന്താണ് അവരുടെ തൊഴിൽ.. ഏതെങ്കിലും ഓഫീസിലെ ക്ലാർക്കായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും തൊഴിൽ മേഖലയിൽ പണി എടുത്തിണ്ടുണ്ടോ. ഇതെല്ലാം ചിന്തിക്കേണ്ട കാര്യമാണ്.

അഴിമതിക്കെതിരെ ഒറ്റയാൾ പോരട്ടമല്ല ഗ്രൂപ്പുകളാണ് വരേണ്ടതെന്ന് വിശ്വസിക്കുന്നുണ്ടാ?

ഒരു വ്യക്തി ആഗ്രഹിച്ചാൽ മാത്രം ഈ ഗ്രൂപ്പുകൾ രൂപം കൊള്ളിക്കാൻ സാധിക്കില്ല. പല മേഖലയിൽ നിന്ന് പല ആളുകൾ ചേർന്നാണ് അഴിമതി രഹിത ഗ്രൂപ്പുകൾ സൃഷ്ടിച്ചെടുക്കേണ്ടത്. കേരളത്തിൽ അത്തരത്തിൽ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കൊപ്പം നിന്ന് ആ പ്രവർത്തനത്തിൽ പങ്കാളിയാകാൻ തയ്യാറാണ്.

ജനപ്രതിനിധിയായി എത്തിയാൽ അഴിമതിക്കെതിരെ എന്ത് നടപ്പിലാക്കാൻ കഴിയും?

ജനപ്രതിനിധിയായി കടന്നെകത്തിയാൽ അഴിമതിക്കെതിരെ ബിൽ കൊണ്ടുവരികയാണ് പ്രാഥമിക കർത്തവ്യം. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി അത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ഏക പോംവഴി. രണ്ടാമതായി വികസന പദ്ധതികൾ നടപ്പാലക്കാൻ ബജറ്റ് തയ്യാറാക്കുക എന്നതാണ് ജന പ്രതിനിധിയുടെ മറ്റൊരു കർത്തവ്യവും. കേരളത്തിലെ 90 ശതമാനം ജനങ്ങളും സാധാരണക്കാരാണ്. വയലുകൾ നികത്തിയും മറ്റ് സ്രോതസുകൾ വഴി അസന്മാർഗമായി പണം സമ്പാദിക്കുന്നത് തടയേണ്ടത്.

ഐ.പി.എസിലേക്ക് എത്താനുള്ള ആഗ്രഹം?

സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ കരാട്ടെ ആഭ്യസിച്ച ആളാണ് ഞാൻ. പിന്നീട് കോളജ് വിദ്യാഭ്യാസത്തിലും ഇത് തുടർന്നു. കായിക ക്ഷമത നിലനിർത്തുന്ന സർക്കാർ സർവീസ് പൊലീസ് ആയതിനാൽ തന്നെ യൂണിഫോമിനോട് കൂടുതൽ ഇഷ്ടം തോന്നി.

ബ്യൂറോക്രസിയെ രാഷ്ട്രീയ മുക്തമാക്കണമെന്ന് അഭിപ്രായമുണ്ടോ?

ഭരണ സംവിധാനത്തേയും ബ്യൂറോ ക്രസിയേയും സ്വതന്ത്രമാക്കണമെന്ന ഒരു തോന്നൽ എനിക്കില്ല. രാഷ്ട്രീയ കക്ഷികളെല്ലാം ചേർന്നതാണ് ഭരണ സംവിധാനം. ജനാധിപതൃത്തിലെ ഒരു ഇൻസ്റ്റിറ്റിയൂഷനാണ് രാഷ്ട്രീയ പാർട്ടികൾ. നിയമ നിർമ്മാണം നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികളുടെ അനിവാര്യത ഏറെയാണ്. നിയമ നിർമ്മാണം ബില്ലുകൾ അവതരിപ്പിക്കാൽ പദ്ധതികൾ ആസൂത്രണം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അതിൽ ഉൾപ്പെടും.

ബിജെപി ടിക്കറ്റിൽ സ്ഥാനാർത്ഥിയായാൽ സ്വീകരിക്കുമോ നിരസിക്കുമോ?

ഏതെങ്കിലും ഒരു പൊളിറ്റിക്കൽ ഇൻസ്റ്റിറ്റിറ്റിയൂഷന് തോന്നുകയാണ് ജനഹിതം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരാളാണ് ജേക്കബ് തോമസ് എന്നും അത്തരത്തിൽ എന്നെ സമീപിക്കുകയാങ്കെിൽ ഒരിക്കലും നോ പറയില്ല. ഏതെങ്കിലും എസ്റ്റാബ്ലിഷിഡായിട്ടുള്ള രാഷ്ട്രീയ സംഘടനയോട് ചേർന്ന് പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നും ഇല്ല. എങ്കിലും ജേക്കബ് തോമസ് എന്ന വ്യക്തിയെ അവർക്ക് യോഗ്യായി തോന്നിയാൽ ഓഫർ നിരസിക്കില്ല എന്നുമാത്രമാണ് പറയാനുള്ളത്.

ട്വന്ററ്റി-ട്വന്ററ്റി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘനയാണ് . അവരുടെ പ്രവർത്തനങ്ങള്ള്ളിൽ ആകൃഷ്ടനായി തന്നൊണ് അതിനോട് ചേർന്ന നിൽക്കാൻ തീരുമാനിച്ചത്. ചാലക്കുടി മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസ് മുതൽ എ എ പി വരെ നാണൽ ലെവലിൻ നിൽക്കുന്ന പൊളിറ്റിക്കൽ പാർട്ടികൾ എന്നെ സമീപിച്ചിരുന്നു.

സിവിൽ സർവീസിൽ നിന്ന് ജനപ്രതിനിധിയിലേക്ക് കടക്കാനൊരുങ്ങുമ്പോൾ പദ്ധതികളെ നോക്കി കാണുന്നത് ?

ജനങ്ങളെ സേവിക്കുന്നത് എന്നത് കഴിഞ്ഞ മുപ്പത്തി രണ്ട് വർഷമായിട്ട് സിവിൽ സർവീസിൽ ചെയ്തുകൊണ്ടിരുന്ന കാര്യം തന്നെയാണ്. ഈ സിവിൽ സർവീസിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. പരിമിതികൾക്കുള്ളിൽ നിന്ന് മാത്രമേ അത് നടപ്പിലാക്കാൻ സാധിക്കുകയുള്ളു.

ഏറ്റവും വലിയ പരിമിതി എത്രമാസം കൊണ്ട് സർക്കാർ മുന്നോട്ടു വെയ്ക്കുന്ന പദ്ധതികൾ നടപ്പിലാക്കുക എന്നതാണ്. ചിലത് വർഷങ്ങൾ വരെ എടുക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം നാല് -അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നവയാണ്. എന്നാൽ സേവന മേഖലയിൽ പലപ്പോഴും പരിമിതികളിൽ നിന്ന് മാത്രമാണ് സേവനപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചത്. 32 വർഷം സിവിൽ സർവീസ് രംഗത്ത് നിന്നിട്ടും ജോലിയിൽ സംതൃപ്തി തോന്നാൻ പല കാര്യങ്ങൾ കൊണ്ട് കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഒരു പത്ര പ്രവർത്തകന് ഒരു ആർട്ടിക്കിൾ എഴുതി ബൈലൈനിൽ പത്രത്തിലെത്തുമ്പോൾ മാത്രമാണ് അയാൾക്ക് സംതൃപ്തിയുണ്ടാകുന്നത്. എന്നാൽ ആ പ്രവർത്തനത്തിന് വിപരീതമായി നടക്കുന്നതെങ്കിൽ ആ പ്രവർത്തനം ഒരിക്കലും വിജയിച്ചെന്നു വരില്ല. പദ്ധതി നിർവഹണത്തിൽ സർക്കാർ സർവീസിലെ പരിമിതികൾ ഇത്തരത്തിൽ തന്നെയാണ് ഞാൻ നോക്കി കണ്ടത്. ജനപ്രതിനിധിയായി ഞാൻ ജനങ്ങളിലേക്ക് എത്തിയാൽ എനിക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP