Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

സോളാറില്‍ പത്തുപൈസയുടെ ചായയോ വടയോ ഉമ്മന്‍ചാണ്ടിയുടെ കണക്കില്ല; ജയലക്ഷ്മിയുടെ നോട്ടം ഹിപ്പൊപ്പൊട്ടാമസ് ചാവുന്നുണ്ടോയെന്ന്; മന്ത്രിമാരെ വിലയിരുത്തി ഡി ബാബുപോള്‍ മറുനാടനോട്

സോളാറില്‍ പത്തുപൈസയുടെ ചായയോ വടയോ ഉമ്മന്‍ചാണ്ടിയുടെ കണക്കില്ല; ജയലക്ഷ്മിയുടെ നോട്ടം ഹിപ്പൊപ്പൊട്ടാമസ് ചാവുന്നുണ്ടോയെന്ന്; മന്ത്രിമാരെ വിലയിരുത്തി ഡി ബാബുപോള്‍ മറുനാടനോട്

സുനിത ദേവദാസ്

രാഷ്ട്രീയത്തിലും സാംസ്‌കാരിക കാര്യങ്ങളിലും കേരളം ഗൗരവത്തോടെ കേട്ടിരുന്ന സ്വരമാണ് ഡോ. ഡി ബാബുപോളിന്റെത്. ഭരണകര്‍ത്താവ്, എഴുത്തുകാന്‍, വാഗ്മി... കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ബാബുപോള്‍. കേരളത്തിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം. സെക്രട്ടേറിയറ്റിലെ ജീവിതം. ഇന്നത്തെ കേരളത്തെക്കുറിച്ചു വിലയിരുത്താന്‍ മതിയായ വ്യക്തിത്വമാണ് അദ്ദേഹം. മറുനാടന്‍ മലയാളി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ... സോളാറും സരിതോര്‍ജവും കേരളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ കേരളത്തിന്റെ സമകാലിക ജീവിതത്തെയും ഭരണാധികാരികളെയും കുറിച്ചു ബാബു പോളിനു പറയാനുണ്ടായിരുന്നു ഒരുപാട്. ഓരോ മന്ത്രിമാരെയും വിലയിരുത്താനും. ഇന്നത്തെ കേരളത്തെക്കുറിച്ചു ഡി ബാബുപോള്‍ മറുനാടന്‍ മലയാളിയോട്

ഉമ്മന്‍ചാണ്ടിക്കു തെറ്റുപറ്റി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്ന കാര്യങ്ങളിലല്ല. വ്യത്യസ്തമായ മറ്റു ചില കാര്യങ്ങളിലാണ്. പഴ്‌സണല്‍ സ്റ്റാഫിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴയാതെ വന്നതാണ് ഒന്നാമത്തെ തെറ്റ്. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മ, പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ എന്നൂ മൂന്നുപേരെയും അവിടുത്തെ ക്ലര്‍ക്ക് ജോപ്പനെയും ശിപായി തുപ്പനെയും ഒരു പോലെ കണ്ടതിലാണ് ഉമ്മന്‍ ചാണ്ടിക്ക് പിഴച്ചത്. ആ തെറ്റ് പുറത്തുവരാന്‍ സോളാര്‍ വിവാദം കാരണമായി. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്തു പൈസയുടെ ചായയോ വടയോ പോലും ഉമ്മന്‍ചാണ്ടിയുടെ കണക്കിലില്ല എന്ന്.

Stories you may Like

പണ്ട് അരിയന്നൂര്‍ തീവണ്ടി അപകടമുണ്ടായപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജി വച്ചത് പോലെയുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ് ഇപ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ഉമ്മന്‍ ചാണ്ടി പ്രധാനപ്പെട്ട ഒരു കാര്യത്തിലും ആശ്രയിക്കുന്നില്ല. എന്നാല്‍ ഇവരാണ് അദ്ദേഹത്തെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്നത് എന്ന ഒരു ധാരണ പൊതു ജനങ്ങള്‍ക്കുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ സംവിധാനം കൊണ്ട് ഉമ്മന്‍ചാണ്ടി ഓഫീസിലിരുന്ന് ഫയലുകള്‍ നോക്കുന്നില്ല എന്നു ജനങ്ങളെ അറിയിക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. ദിനേശ് ശര്‍മ്മക്കാവട്ടെ തന്റെ ഉത്തരവാദിത്വം നിറവേറ്റുവാനും അധികാരം പ്രയോഗിക്കാനും അവസരവും ലഭിച്ചില്ല.

ജോപ്പന്‍ ഉമ്മന്‍ചാണ്ടിയുടെ അത്ര വിശ്വസ്തനായ പി എ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജോപ്പന്റെ പേര് പേഴ്‌സണല്‍ സ്റ്റാഫിന്റെ പേരിനു പരിഗണിച്ചവരുടെ കൂട്ടത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ഏതോ ചില സ്വാധീനമുപയോഗിച്ച് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥ ജോപ്പന്‍ സൃഷ്ടിക്കുകയായിരുന്നു. വോട്ടു ബാങ്കിനെ നിയന്ത്രിക്കുന്ന ഒരു സാമുദായിക നേതാവിന്റെ നിര്‍ബന്ധം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് ഉമ്മന്‍ചാണ്ടി ജോപ്പനെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. രാഷ്ട്രീയ ദൗര്‍ബല്യങ്ങള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കത് ചെയ്യേണ്ടി വന്നു.

അങ്ങനെയൊരാളെ മനസ്സില്ലാമനസ്സോടെ ഉള്‍പ്പെടുത്തേണ്ടി വന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കില്‍ അയാളെ മന്ത്രി പി. കെ. ജയലക്ഷ്മിയുടെ സ്റ്റാഫില്‍ വച്ച് കൊടുത്തേനെ. അവിടെ കാര്യമായ ഇടപാടൊന്നും നടക്കുന്നില്ലല്ലോ? ഹിപ്പോപ്പൊട്ടാമസ് ചാവുന്നുണ്ടോ എന്ന് നോക്കിയിരുന്നാല്‍ മതിയല്ലോ. അതിനുമപ്പുറം സ്വാധീനം വന്ന് സ്വന്തം ഓഫീസില്‍ തന്നെ ഇരുത്തേണ്ടി വന്നിരുന്നെങ്കില്‍ ഓഫീസിലെ തപാലുകള്‍ തരം തിരിക്കുന്നിടത്തോ മറ്റോ ഒതുക്കി ഒരു മൂലയ്ക്കിരുത്തുമായിരുന്നു.

ഇവിടെയും ഉമ്മന്‍ചാണ്ടിക്ക് തെറ്റ് പറ്റി സ്വന്തം സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയും പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുത്തുകയും ചെയ്തു. 40 വര്‍ഷത്തെ പൊതു ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ആരോപണം കേള്‍ക്കേണ്ടി വരാത്ത ഉമ്മന്‍ ചാണ്ടിക്ക് ജോപ്പന്റെ കാര്യത്തിലെടുത്ത തീരുമാനം തെറ്റിപ്പോയത് കൊണ്ട് പഴി കേള്‍ക്കേണ്ടതായും വന്നു. എഡിജിപി ടി പി സെന്‍കുമാര്‍ ജോപ്പനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് രണ്ട് റിപ്പോര്‍ട്ടുകള്‍ മുഖ്യ മന്ത്രിക്കയച്ചെങ്കിലും അതും ജോപ്പന്റെ കയ്യിലാണ് കിട്ടിയത്. ഏതോ കാണരുതാത്ത സ്ഥലത്ത് കാണരുതാത്ത രീതിയില്‍ മദ്യപിച്ച് മദോന്‍മത്തനായി ജോപ്പനിരിക്കുന്ന പടവും ആറിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നത്രേ. അതും ജോപ്പന്‍ ബ്ലോക്ക് ചെയ്തു.

ചിലയാളുകള്‍ ഉമ്മന്‍ ചാണ്ടിയുടെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നു, തിരക്കോട് തിരക്ക്, എപ്പോഴും ജനങ്ങള്‍ക്കിടയില്‍ തുടങ്ങിയ പെരുമാറ്റ ശൈലി ശരിയല്ല എന്ന് പലരും ഉപദേശിച്ചിട്ടും ഉമ്മന്‍ ചാണ്ടി അത് കേട്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശൈലി സംബന്ധമായ മര്‍ക്കടമുഷ്ടി കൊണ്ട് സ്വയം കുഴി കുഴിക്കുകയും ആ കുഴിയില്‍ ചാടുകയും ചെയ്തിരിക്കുന്നു.

ഞാനായിരുന്നു മുഖ്യമന്ത്രിയുടെ സ്ഥാനത്തെങ്കില്‍ കൃത്യമായി ഫയല്‍ നോക്കും. ആവശ്യത്തിന് വിശ്രമിക്കും. ആളുകളെക്കാണും. എന്നാല്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നോട്ടെഴുതാനും ഉത്തരവിടാനും പോകില്ല. ഇത് പാലോട് രവി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സ്ഥലമനുവദിക്കണം എന്നൊരു അപേക്ഷ കൊടുത്താലും ഉടന്‍ അതിന്റെ അരുകില്‍ 10000 രൂപ അനുവദിച്ചിരിക്കുന്നു എന്നെഴുതുന്ന അവസ്ഥയിലേക്ക് ഉമ്മന്‍ ചാണ്ടിയെത്തി.

രണ്ടാമത് തെറ്റുപറ്റിയത് രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോഴാണ്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് ധൈര്യത്തോടെ പറയണമായിരുന്നു. ലീഗിനെയും മാണിയെയും ഞാന്‍ പറഞ്ഞ് നിര്‍ത്തിക്കൊള്ളാം. രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം എന്ന്. ആ ധൈര്യം ഉമ്മന്‍ചാണ്ടി കാണിച്ചില്ല. ഹൈക്കമാന്റിനെക്കൊണ്ട് ലീഗിനോടും മാണിയോടും പറയിപ്പിക്കാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല ആരേയും വെറുപ്പിക്കാതെ എല്ലാവരുടെയും മുന്നില്‍ നല്ല പിള്ള ചമയാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങളാണ് ഇവിടെ പാളിപ്പോയത്.

ഉമ്മന്‍ ചാണ്ടിക്ക് നോ പറയാന്‍ അറിയില്ല എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. എന്റെ അഭിപ്രായത്തില്‍ നോ എന്ന് പറയാന്‍ പറ്റാത്തത് കൊണ്ട് സ്ത്രീയായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി എല്ലാ ദിവസും ഗര്‍ഭിണിയായേനെ! നോ പറയാന്‍ അറിയാത്തതിന്റെ പോരായ്മകളും വീഴ്ചകളുമാണ് ഉമ്മന്‍ചാണ്ടിയെ വിടാതെ പിന്തുടരുന്നത്.

ഉമ്മന്‍ ചാണ്ടിയോട് രാജിവയ്ക്കാന്‍ പറയാന്‍ പ്രതിപക്ഷത്തിന് എന്ത് ധാര്‍മ്മികമായ അവകാശമാണുള്ളത്? ഹൈക്കോടതി സിറ്റിംഗ് ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രിയുടെ വകുപ്പ് പോലും മാറ്റാന്‍ തയ്യാറാകാത്ത ഇടതുപക്ഷമാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്. രാപ്പകല്‍ സമരം അവസാനിപ്പിച്ച് കഴിഞ്ഞു.

പിണറായി വിജയനെ പോലെ പ്രഗത്ഭനായ ഒരു രാഷ്ട്രീയ നേതാവ് എന്നിങ്ങനെയൊരു തീരുമാനമെടുത്തു എന്നതിന് ഒരേയൊരു മറുപടിയേയുള്ളൂ. നിര്‍ഭാഗ്യകരം. നാളെ മുഖ്യമന്ത്രിയായാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയാകേണ്ട ആളാണ് പിണറായി.
എ.കെ.ജിക്കു മിച്ചഭൂമി സമരത്തില്‍ പറ്റിയ തോല്‍വി പിണറായിക്കും സംഭവിക്കാന്‍ പോവുകയാണ് എന്നാല്‍ അതറിഞ്ഞിട്ടും പിണറായി എന്തിനിതിനു തയാറായി എന്നതിന്റെ ഉത്തരം പണ്ട് യേശുക്രിസ്തു പറഞ്ഞതാണ് ''ശിശുക്കള്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും പിണറായി മിണ്ടാതിരുന്നാല്‍ അച്യുതാനന്ദന്‍ ആര്‍ത്തുവിളിക്കും എന്നറിയാവുന്നതു കൊണ്ടാണു പിണറായി ആര്‍ത്തുവിളിച്ചത്.

എലിയെ തേല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു. പിണറായിയെയും പാര്‍ട്ടിയും ഇടപെട്ടിട്ടില്ലായിരുന്നെങ്കില്‍ അച്യുതാനന്ദന്‍ സോളാര്‍ വിഷയം ആഘോഷിച്ചേനെ. വാസ്തവത്തില്‍ പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല. അച്യുതാനന്ദന്‍ സോളാര്‍വിഷയം ആഘോഷിച്ചേനെ. പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല, അച്യുതാനന്ദനാണ്.ദുര്‍ബലമായ രാഷ്ട്രീയ വിഷയങ്ങളാണെന്നറിഞ്ഞിട്ടും വിഎസിനെ വെട്ടിക്കാന്‍ വേണ്ടി പിണറായിയും പാര്‍ട്ടിയും സമരപ്രഖ്യാപനം നടത്തി. അഥവാ ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല വന്നാല്‍ അതു ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആയുധമാക്കാം എന്നും കരുതി. ഇതോടെ സോളാര്‍ വിഷയം വിഎസിന് കൈവിട്ട് പോയി. 14 ജില്ലകളിലെ പാര്‍ട്ടിയും കീശയിലൊതുക്കിയ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ അതിബുദ്ധി മാത്രമാണ് എല്‍ഡിഎഫിന്റെ സമരപ്രഖ്യാപനത്തിന് പിന്നില്‍ ഈച്ചയെ കൊല്ലാന്‍ കൊട്ടുവടി എടുക്കേണ്ട കാര്യമൊന്നുമില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പിണറായി രാഷ്ട്രീയം കളിക്കുന്നത്.

(തുടരും)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP