Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

നാല് പേർ ഇറങ്ങി പുറപ്പെട്ടാൽ ഏത് മാന്യനും തട്ടിപ്പുകാർ ആണെന്ന് ജനം പറയും; ഒത്താശ ചെയ്യാൻ മാദ്ധ്യമങ്ങളും ഓശാന പാടാൻ ഫേസ്‌ബുക്കും: ശ്രീജിത്ത് ഐപിഎസ് മറുനാടനോട് പറഞ്ഞത്

നാല് പേർ ഇറങ്ങി പുറപ്പെട്ടാൽ ഏത് മാന്യനും തട്ടിപ്പുകാർ ആണെന്ന് ജനം പറയും; ഒത്താശ ചെയ്യാൻ മാദ്ധ്യമങ്ങളും ഓശാന പാടാൻ ഫേസ്‌ബുക്കും: ശ്രീജിത്ത് ഐപിഎസ് മറുനാടനോട് പറഞ്ഞത്

പ്രത്യേക ലേഖകൻ

ശ്രീജിത്ത് ഐപിഎസ് എന്ന് കേട്ടാൽ സാധാരണക്കാരായ പല മലയാളികളുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഒരു പൊലീസ് ഉഗ്യോഗസ്ഥൻ എന്നാണ്. ശ്രീജിത്തിന്റെ പേരിൽ ധാരാളം ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ഇതിന് മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശത്ത് വ്യാജ ബാങ്ക് അക്കൗണ്ട്, മനുഷ്യക്കടത്ത്, പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകൽ, പണം തട്ടി എടുക്കൽ, വഞ്ചന തുടങ്ങി അനേകം ആരോപണങ്ങൾ ശ്രീജിത്തിനെതിരെ പലപ്പോഴായി ഉയർന്നു. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ അളിയൻ റൗഫുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പേരിൽ ശ്രീജിത്തിനെതിരെ അച്ചടക്ക നടപടിയും ഉണ്ടായി. മുക്കം അനാഥാലയ പ്രസ്ഥാനത്തിന്റെ പേരിൽ ആണ് ഏറ്റവും ഒടുവിൽ ശ്രീജിത്ത് വിവാദത്തിൽ പെട്ടത്.   ഇല്ലാത്ത വിദേശ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് കാണിച്ച പരാതി; ഡിഐജി ശ്രീജിത്തിനെ വിജിലൻസ് കോടതി കുറ്റവിമുക്തനാക്കി; കുറ്റവാളിയായി മുദ്രകുത്തപ്പെട്ട നല്ല ഉദ്യോഗസ്ഥന് ശാപമോക്ഷം   എന്നാൽ ഇന്നലെ പെടുന്നനെ പത്രങ്ങളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. വ്യാജ ബാങ്ക് അക്കൗണ്ട് കേസിൽ ശ്രീജിത്ത് നിരപരാധി ആണ് എന്ന് കണ്ടെത്തി വിജിലൻസ് കോടതി വെറുതെ വിട്ടു എന്നായിരുന്നു ആ റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ ഡിഐജി ശ്രീജിത്തുമായി മറുനാടൻ മലയാളി പ്രതിനിധി നടത്തിയ സംഭാഷണം ശ്രദ്ധേയമായ ഒരു സാമൂഹ്യ തിന്മയുടെ പൊരുളഴിക്കുന്നതായി മാറി. മുഖ്യധാരാ മാദ്ധ്യമങ്ങളും നവ മാദ്ധ്യമങ്ങളും മത്സരിച്ച് സ്വാധീനിക്കുന്ന സാമൂഹ്യ വ്യവസ്ഥയിൽ ഒരാളെ പുണ്യാളനാക്കാനും ക്രിമിനലാക്കാനും മാദ്ധ്യമങ്ങൾക്ക് സാധിക്കുന്നത് പോലെ മറ്റാർക്കും സാധിക്കില്ല എന്ന ആരോപണം ശരി വയ്ക്കുകയാണ് ശ്രീജിത്തിന്റെ അനുഭവവും.
  • ഐപിഎസ് ഓഫീസർ എന്ന നിലയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എടുത്തിട്ടുള്ള ശ്രീജിത്തിന് എങ്ങനെ ആണ് ഒരു ഗുണ്ട ഇമേജ് ഉണ്ടായത്? വിജിലൻസ് കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ എന്ത് തോന്നുന്നു? ഡിഐജി ശ്രീജിത്ത് തന്നെ പറയട്ടെ:
'മുൻപ് എന്റെ സുഹൃത്തായിരുന്ന ഒരാൾ വലിയ ശത്രുവായി മാറിയതോടെയാണ് എനിക്കെതിരെയുള്ള വ്യാജ പ്രചാരണം ശക്തി പ്രാപിച്ചത്. അയാളും അയാളെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരുമുണ്ട്. അവർ നിരന്തരമായി വ്യാജ പരാതികൾ അയച്ചു കൊണ്ടിരുന്നു. ഈ രാജ്യത്തെ ആര് ആർക്കെതിരെ പരാതി കൊടുത്താലും പ്രഥമികാന്വേഷണം എങ്കിലും നടത്തിയേ പറ്റൂ. പരാതിയുടെ പുറത്ത് അന്വേഷണം ആരംഭിച്ചാൽ ഉടൻ അത് പത്രങ്ങളിൽ വരാൻ വേണ്ടി പരാതിക്കാരൻ വേണ്ടത് ചെയ്യും. ആ അന്വേഷണം പൂർത്തിയാക്കുന്നതിനിടയിൽ രണ്ടോ മൂന്നോ തവണ എങ്കിലും വാർത്തകൾ വരും. അന്വേഷണത്തിൽ കുഴപ്പമില്ലെന്ന് കണ്ടാൽ വാർത്ത വരുകയുമില്ല. അപ്പോഴേയ്ക്കും അടുത്ത ഏജൻസിക്ക് പരാതി നൽകും. അല്ലെങ്കിൽ മറ്റൊരു ആരോപണം ഉന്നയിച്ച് പരാതി നൽകും. ഇങ്ങനെ നിരന്തരമായി പരാതികൾ അയക്കുകയും അതിന്റെ പേരിൽ വാർത്തകൾ കൊടുക്കുകയും ചെയ്യുന്നത് ശീലമാക്കിയിരിക്കുകയാണ് എന്റെ ആ പഴയ സുഹൃത്ത്. അതെല്ലാം ഇങ്ങനെ വാർത്തകളിൽ വരുമ്പോൾ ഞാൻ ഒരു തട്ടിപ്പുകാരൻ ആണ് എന്ന് സ്വാഭാവികമായും ആളുകൾ കരുതും. അത് മാത്രമാണ് പരാതി അയക്കുന്ന ആളുടെ ലക്ഷ്യം.'
  • എങ്ങനെയാണ് അയാൾ ശത്രു ആയത്? ഒരു സാധാരണക്കാരന് നിങ്ങളെപ്പോലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാളെപോലും ഇങ്ങനെ ഉപദ്രവിക്കാൻ കഴിയുമെങ്കിൽ അധികാരത്തിന്റെ പരിച പോലുമില്ലാത്ത വെറും സാധാരണക്കാരുടെ അവസ്ഥ എന്താണ്?
ഉപദ്രവം എന്ന് പറയാൻ കഴിയില്ല. ശല്യം എന്ന് പറയാം. ഇത് വഴി എനിക്കുണ്ടായ ഏക നഷ്ടം റെപ്യുറ്റേഷൻ ലോസ് ആണ്. നിയമപരമായി ഞാൻ തെറ്റുകാരൻ അല്ല. ഒരിക്കൽ മാത്രം ആണ് രാഷ്ട്രീയ നേതൃത്വം പോലും തെറ്റിദ്ധരിച്ചത്. അന്ന് പക്ഷെ അക്കാലത്തെ ആഭ്യന്തര മന്ത്രിക്ക് കാര്യങ്ങൾ മനസ്സിലായതുകൊണ്ട് കുഴപ്പങ്ങൾ ഇല്ലാതെ പോയി. ഈ രാജ്യത്തുള്ള ആരുടെയും റെപ്യുറ്റേഷൻ കളയാൻ ഒന്നോ രണ്ടോ പേർ ഇറങ്ങി പുറപ്പെട്ടാൽ മതി. ഒരു പരാതി കൊടുക്കുകയോ ഒരു സ്റ്റേറ്റ്‌മെന്റ് നൽകയോ ചെയ്താൽ അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ വാർത്തകൾ വരും. പൊലീസ് അന്വേഷണം ആരംഭിച്ചാൽ പറയുകയേ വേണ്ട. തുടർച്ചയായി മോശം വാർത്തകൾ വരുമ്പോൾ എന്ത് കാരണം എന്ന് ആളുകൾക്ക് അറിയില്ലെങ്കിലും എന്തോ ഒരു കുഴപ്പക്കാരൻ ആണ് എന്ന തോന്നൽ ശക്തമാകും.
  • മേലുദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ഇതിൽ പങ്കുണ്ടെന്ന് കരുതുന്നോ?
രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ നിരപരാധികളാണ്. എനിക്കിതുവരെ ഒരു രാഷ്ട്രീയ നേതാവും വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്നതായി തോന്നിയിട്ടില്ല. എന്നാൽ ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടാവാം. ആരും ഒന്നും പറയാറില്ല. എല്ലാവരും ചിരിച്ച് കാണിക്കും. എന്നാൽ പലരുടെയും മനസ്സിൽ വിഷമാണ്. അത് മനസ്സിലാക്കാൻ ഞാൻ പലപ്പോഴും മറന്ന് പോകുന്നു. ഞാൻ കർമ്മത്തിൽ മാത്രം വിശ്വസിക്കുന്ന ആളാണ്. അതുകൊണ്ട് സത്യം പറഞ്ഞാൽ ഇതൊന്നും എന്നെ ബാധിക്കുകയുമില്ല.
  • ഇപ്പോൾ കുറ്റവിമുക്തനാക്കപ്പെട്ട കേസ് എങ്ങനെയാണ് ഉണ്ടാകുന്നത്?
നാളുകളായി എനിക്കെതിരെ പരാതി നൽകുന്ന മൂവർ സംഘം തന്നെയാണ് ഈ കേസിലെയും പരാതിക്കാരൻ. അവരെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ഒന്നുമല്ല പരാതിയിൽ ഉള്ളത്. ഞാൻ അഴിമതിക്കാരൻ ആണ് എന്ന് സ്ഥാപിക്കാൻ വേണ്ടി കുറെ വ്യാജ രേഖകൾ സമർപ്പിച്ചു. എനിക്കും ബന്ധുക്കൾക്കും വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതായിരുന്നു പ്രധാന പരാതി. അതിന് വേണ്ടി എന്റെ പേരിൽ ഒരു ബാങ്ക് സ്റ്റേറ്റ്‌മെന്റും നൽകി. കൂടെ എന്റെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഒക്കെ പേരിൽ അക്കൗണ്ട് നൽകി. ഇതൊക്കെ വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് വ്യക്തമായിരുന്നെങ്കിലും അന്വേഷണം കഴിയാതെ എങ്ങനെ വ്യാജമെന്ന് തെളിയിക്കും എന്നതാണ് പ്രശ്‌നം. ഈ ബാങ്ക് പോലും നിലവിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ആദ്യം ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിച്ച് പരാതി വ്യാജം ആണ് എന്ന് റിപ്പോർട്ട് നൽകിയതാണ്. പക്ഷെ അതിന്റെ മേൽ വീണ്ടും പരാതിയുമായി പോയി.
  • നേരത്തെ അന്വേഷണ റിപ്പോർട്ട് നൽകിയതാണെങ്കിൽ ഇത്രയും നാൾ എങ്ങനെ നീണ്ടു?
ഏതാണ്ട് ഒരു വർഷം എടുത്തു, അന്വേഷണം പൂർത്തിയാക്കാൻ. അത് കഴിഞ്ഞ് ആ റിപ്പോർട്ട് പരിഗണിച്ച് തീരുമാനം എടുക്കാൻ മറ്റൊരു വർഷം കൂടി എടുത്തു. ഇതിനിടയിൽ കോടതി കേസ് എടുത്തപ്പോഴും അന്വേഷണം നടക്കുമ്പോഴും ഒക്കെ എനിക്കെതിരെ വലിയ വാർത്തകൾ പത്രങ്ങളിൽ വന്നു. ഡിഐജി ശ്രീജിത്തിന് വിദേശത്ത് സമ്പാദ്യം എന്ന രീതിയിൽ വാർത്ത വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. പരാതിക്കാരുടെ ലക്ഷ്യം തന്നെ ഇത് മാത്രമാണ്. ഈ കേസ് വിജയിച്ചതുകൊണ്ട് പരാതിക്കാർ പിന്മാറുമെന്ന് ഞാൻ കരുതുന്നില്ല. അനേകം പരാതികളും കേസുകളുമായി ശല്യം ചെയ്യാൻ ഒപ്പം കൂടി ഇരിക്കുകയാണ് അവർ. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ഇതല്ലാത്ത മറ്റൊരു മാർഗ്ഗവും എനിക്കില്ല.
  • താങ്കൾ ഒരു ഉന്നത പൊലീസ് ഓഫീസർ ആണെന്ന് ഓർക്കണം. താങ്കൾ നിസ്സഹായനായാൽ സാധാരണക്കാരുടെ സ്ഥിതി എന്താണ്?
ഇവിടുത്തെ സ്ഥിതി ഇങ്ങനെ ഒക്കെ തന്നെയാണ്. ഒരാൾ പരാതി നൽകിയാൽ അത് അന്വേഷിച്ചേ മതിയാകൂ. ആ പരാതി വെറുതെ ആണെന്ന് കണ്ടെത്തിയാൽ അടുത്ത പരാതി നൽകാം. അടുത്ത ഏജൻസിക്ക് അന്വേഷിക്കാം. എത്രകാലം വേണമെങ്കിലും ഇങ്ങനെ പരാതി കൊടുത്ത് നീട്ടാം. ഇതൊക്കെ എഴുതാൻ പത്രങ്ങളും പ്രചചരിപ്പിക്കാൻ സേഷ്യൽ മീഡിയയും കാത്തുകെട്ടിക്കിടക്കുന്നു. കോടതി കയറുന്നവരുടെ ഒക്കെ അവസ്ഥ ഇതായതിനാലാണ് പലരും കേസിനും മറ്റും പോകാത്തത്. എന്നെ അപമാനിക്കാൻ മനഃപൂർവ്വം രണ്ട് മൂന്ന് പേർ ചേർന്ന് പരിശ്രമിക്കുന്നു എന്നാരോപിച്ച് ഞാനും കേസ് കൊടുത്തിട്ടുണ്ട്.
  • താങ്കളുടെ പേരിൽ പല ആരോപണങ്ങളും ഉയർന്ന് കേട്ടിട്ടുണ്ടല്ലോ? ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി എന്നും മറ്റും അവരുടെ അമ്മ പരാതിപ്പെട്ടിരുന്നു.
ഒരു പൊലീസ് ഓഫീസർ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ഒരു കുടുടംബ പ്രശനത്തിൽ ഞാൻ ഇടപെട്ടതിന്റെ പരിണിതഫലമാണിത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. തട്ടിക്കൊണ്ട് പോയി ഞാൻ പാർപ്പിച്ചു എന്നാരോപിക്കുന്ന പെൺകുട്ടിക്കും അവരുടെ ഭർത്താവിനും ഒരു പരാതിയുമില്ല. അവർ സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്നു. ആ പെൺകുട്ടിയെ കൈ വിട്ട് പോയത് അമ്മ ഉണ്ടാക്കിയ പ്രശ്‌നമാണ്. ഇത് സംബന്ധിച്ച് എന്നെ കുറിച്ച് നുണപ്രചാരണം നടത്തിയതിന് ഞാൻ കൊടുത്ത മാനനഷ്ട കേസ് നിലവിൽ ഉണ്ട്. ഒരു സിപിഐ(എം) എംപിയുടെ ചേട്ടന്റെ മകൾ ആണ് ഈ തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന പെൺകുട്ടി. ആ എംപിക്ക് പോലും ഇക്കാര്യത്തിൽ പരാതി ഇല്ല.
  • താങ്കൾ വളരെ മാന്യനായ ഒരു പൊലീസ് ഓഫീസർ ആണെന്നാണോ അവകാശപ്പെടുന്നത്?
അത് ഞാൻ അല്ല പറയേണ്ടത്. എന്നാൽ നിയമം വിട്ട് പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കാറില്ല. ഏറ്റെടുത്ത ഏത് കേസിന്റെ കാര്യത്തിലും ആ സത്യസന്ധത ഞാൻ പുലർത്തിയിട്ടുണ്ട്. മുക്കം സംഭവം ആണ് ഏറ്റവും ഒടുവിലത്തെ സംഭവം. റൗഫ് പ്രശ്‌നത്തിന്റെ പേരിൽ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടപ്പോൾ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടീ, ഞാൻ. കടുത്ത ഈശ്വര വിശ്വാസിയാണ് ഞാൻ. മൂകാംബികാ ദേവിയിൽ ഞാൻ വല്ലാതെ ആശ്രയിക്കുന്നു. ഈശ്വര വചനം രണ്ട് പേർക്ക് പറഞ്ഞ് കൊടുക്കാൻ സാധിച്ചാൽ അതാണ് എനിക്കേറ്റവും സന്തോഷം നൽകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP