യേശുവിനെ 'ക്രിസ്തു' ആക്കിയത് ആര്, എന്തിന് ?'കുരിശും യുദ്ധവും സമാധാനവും' എഴുതിയ ജോസ് ടി. തോമസ് സംസാരിക്കുന്നു

ജയ അനിത ഏബ്രഹാം
മാർക്സിസ്റ്റ് ബുദ്ധിജീവികൾ മുതൽ ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശാരദന്മാർ വരെ, സോഷ്യലിസ്റ്റ് ചിന്തകർ മുതൽ ദൈവശാസ്ത്ര പണ്ഡിതർ വരെ, കവികൾ മുതൽ യുവമാതാക്കൾ വരെ ഒരു പുസ്തകത്തെ ശ്രദ്ധയമായ ആലോചനാപുസ്തകമായി വിലയിരുത്തുന്നു. മലയാള പുസ്തകപ്രസാധനത്തിൽ അതൊരു വാർത്ത തന്നെ. വാർത്തയുടെ ലോകത്തുനിന്ന് കാൽനൂറ്റാണ്ടുകാലം അവധിയെടുത്തു മാനവചരിത്ര പരിശോധനയ്ക്കായി തപസ്സിരുന്ന ജോസ് ടി. തോമസിന്റെ 'കുരിശും യുദ്ധവും സമാധാനവും' വിവാദംകൂടാതെ സംവാദങ്ങളിലൂടെ മലയാളത്തിന്റെ മതബോധത്തെയും രാഷ്ട്രീയബോധത്തെയും ഉണർത്തുകയാണ്. 'മറുനാടൻ മലയാളി' വായനക്കാർക്കുവേണ്ടി അദ്ദേഹം തന്റെ ഭാവിവിചാരലോകം ഇവിടെ തുറന്നുവയ്ക്കുന്നു:
1. കാക്കനാടൻ പഠനഗവേഷണകേന്ദ്രത്തിന്റെ അഞ്ചാമതു കാക്കനാടൻ പുരസ്കാരം 'കുരിശും യുദ്ധവും സമാധാനവും' എന്ന അങ്ങയുടെ പുസ്തകത്തിനു ലഭിച്ചതിൽ അഭിനന്ദനങ്ങൾ. ഈ പുരസ്കാരം പുസ്തകത്തിന്റെ സ്വീകാര്യതയെ എങ്ങനെ സ്വാധീനിക്കും എന്നാണു താങ്കൾ കരുതുന്നത്.
* ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ രാജ്യാന്തര പഠനവിഭാഗത്തിൽ പ്രഫസറും സെന്റർ ഫോർ അമേരിക്കൻ ആൻഡ് വെസ്റ്റ് യൂറോപ്യൻ സ്റ്റഡീസ് അധ്യക്ഷനുമായിരുന്ന ഡോ. ബി. വിവേകാനന്ദൻ, മലയാളത്തിന്റെ പ്രിയ കഥാകൃത്തും സാമൂഹിക നിരീക്ഷകനുമായ സക്കറിയ, ട്യുബിങ്ങൻ സർവകലാശാലാ ഹെർമൻ ഗുണ്ടർട്ട് ചെയർ എമിരിറ്റസ് പ്രഫസർ ഡോ. സ്കറിയാ സക്കറിയ എന്നിവർ അച്ചടിക്കുമുമ്പ് പുസ്തകം സൂക്ഷ്മമായി വായിച്ചു നൽകിയ അഭിനന്ദനം ഏതു പുരസ്കാരത്തെക്കാളും വിലയും മാധുര്യവുമുള്ളതായിരുന്നു. എന്നാൽ കാക്കനാടൻ പുരസ്കാര സമർപ്പണവേളയിൽ പന്ന്യൻ രവീന്ദ്രൻ നടത്തിയ നിരീക്ഷണങ്ങളും പുസ്തകത്തെ അധികരിച്ചു ബാലചന്ദ്രൻ ചുള്ളിക്കാടു നടത്തിയ കാക്കനാടൻ സ്മാരകപ്രഭാഷണവും മലയാളി വായനക്കാർക്ക് ഇടയിൽ സാമാന്യത്തിൽ കവിഞ്ഞ ചലനമുണ്ടാക്കി. ബാലചന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ വഴി മൂന്നാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലേറെ പേരിലേക്കു പുസ്തകസാരം ചെന്നു. പരിഷ്കരിച്ചു വിപുലീകരിച്ച രണ്ടാം പതിപ്പ് വിറ്റുതീരുകയും ചെയ്തു.
2. കാലാകാലങ്ങളായി ചരിത്രം, ശാസ്ത്രം, വിശ്വാസം എന്നിവ തമ്മിൽ നിലനിൽക്കുന്ന വിടവു നികത്താൻ വ്യവസ്ഥാപിത മതങ്ങൾ ശ്രമിക്കുകയും അതിൽ ഏറെക്കുറെ പരാജയപ്പെടുകയും ചെയ്യുന്നു. ഇതു സംഭവിക്കുന്നതെന്തുകൊണ്ടാണ്?
* ജനങ്ങൾ അകലുന്നു എന്നതിനാലാണു വിടവടയ്ക്കാൻ ശ്രമിക്കുന്നത്. അടപ്പുകൾ പഴയ വാർപ്പിൽത്തന്നെ ഉള്ളവ ആയതിനാൽ ആ ശ്രമം ഫലിക്കാതെ പോകുന്നു. പുതിയ ശാസ്ത്രം പഴയ ചരിത്രത്തിന്റെ ഭാരം താങ്ങുന്നില്ല. അതുകൊണ്ട് ശാസ്ത്രവും ചരിത്രവും കലഹിച്ചുകഴിയുന്ന ഒരു കാലം നമുക്കു സങ്കല്പിക്കേണ്ടിവരുന്നില്ല. എന്നാൽ പഴയ വിശ്വാസപദ്ധതികൾക്കു പുതിയ ശാസ്ത്രത്തോടോ വർത്തമാനചരിത്രത്തോടോ നിരപ്പാവാൻ കഴിയില്ല. അതു പഴയ വിചാരമാതൃകകൾ (പാരഡൈമുകൾ) വച്ചുകൊണ്ടു തന്നെ ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും വാചാലമായിക്കൊണ്ടേയിരിക്കും; ഗോത്രകാലത്തെ ബലിക്കല്ലുകൾതന്നെ പ്ളാസ്റ്റിക് പുതപ്പിച്ചു നാട്ടിക്കൊണ്ടിരിക്കും; ക്ളാസിക്പൂർവകാലത്തെ വേദമഹാസാഹിത്യത്തെ അങ്ങനെ കണ്ടു വായിക്കാൻ അനുവാചകരെ അനുവദിക്കാതെ 'വേദം വേദവ്യാഖ്യാനത്തിനുവേണ്ടി' എന്നു ശഠിക്കും. ആ വ്യാഖ്യാനം തന്നെ മതോദ്യോഗസ്ഥ നിയന്ത്രണത്തിലുമാക്കും.
ഇതിനെല്ലാം പുറമെ, മനുഷ്യരെ സിവിൽ സാമൂഹിക സംഘാടനങ്ങൾക്കു പുറത്തു വിഭാഗീയമായി പിടിച്ചുകെട്ടുന്ന പണി തുടരുകയും ചെയ്യും. ശാസ്ത്രം, കല, സാഹിത്യം, രാഷ്ട്രീയം എന്നിങ്ങനെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു മാനത്തോടും ഇതു ചേർന്നുപോവില്ല എന്നു വ്യക്തമാണല്ലോ. മതം ഇതുവരെ ഇങ്ങനെയൊക്കെ ഇവിടെ തുടർന്നല്ലോ എന്ന് ചോദിക്കാം. ഭാഷ, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം എന്നിവയും അങ്ങനെ തുടർന്നുവരികയായിരുന്നല്ലോ, ഇപ്പോൾ വിപ്ളവകരമായി മാറുന്നില്ലേ എന്ന മറുചോദ്യമാണ് അതിനുള്ളത്. മനുഷ്യന്റെ അടിസ്ഥാന വിശ്വാസത്തെക്കുറിച്ചല്ല, അധികാരികൾ നിർമ്മിച്ച വിശ്വാസപദ്ധതികളെക്കുറിച്ചാണു നാം പറയുന്നത് എന്നോർക്കണം. പുതിയ ലോകത്തിന്റെ അധികാരവ്യാകരണം മാറുമ്പോൾ 'ആധികാരിക' വിശ്വാസപദ്ധതികൾക്കും മാറാതിരിക്കാനാവില്ല. പുരോഹിതാധികാരം നിലനിർത്തിക്കൊണ്ടു ഫലപ്രദമായ ഒരു മാറ്റം, ഒരു വിടവടയ്ക്കൽ, എന്നത് അചിന്തനീയമാവുന്ന ഒരു കാലത്തേക്കു ലോകം വന്നിരിക്കുന്നു. പുരോഹിത മുൻകൈയിലുള്ള പരിഷ്കരണങ്ങളും നവീകരണങ്ങളും ഫലം ചൂടാത്തത് ഈ പശ്ചാത്തലത്തിലാണ്. പ്രശ്നം വിശ്വാസത്തിന്റേതല്ല, അധികാരത്തിന്റേതാണ്; മതരാഷ്ട്രീയത്തിന്റേതാണ്. വിശ്വാസികളും നിഷേധികളും ഇത് ഒരുപോലെ മറന്നുകാണാറുണ്ട്.
3. ചരിത്രത്തിൽ യേശു / ക്രിസ്തു എന്നിങ്ങനെ ഒരേ വ്യക്തിത്വത്തിൽ ദ്വന്ദം ഉടലെടുത്തത് എങ്ങനെയാണ്? ഇതു 'കുരിശും യുദ്ധവും സമാധാനവും 'എങ്ങനെ കൈകാര്യം ചെയ്യുന്നു?
* ഒരേ വ്യക്തിത്വം എന്നു പറയരുത്. യേശു എന്ന ചരിത്രവ്യക്തിത്വവും 'ക്രിസ്തു' എന്ന രാഷ്ട്രീയ ദൈവശാസ്ത്ര സങ്കല്പനവുമാണുള്ളത്. അപ്പോൾ, യേശു എന്ന ചരിത്രപുരുഷനെ ക്രിസ്തു എന്ന സങ്കല്പനത്തിലേക്ക് ആര്, എങ്ങനെ, എപ്പോൾ വെട്ടിയിട്ടു എന്നതാണു ചോദ്യം. ആ ഒരൊറ്റ ചോദ്യം മാത്രം അക്കാദമിക് ആയി പരിശോധിക്കുക ആയിരുന്നില്ല പുസ്തകത്തിന്റെ മുഖ്യോദ്ദേശ്യം. എങ്കിലും, പ്രതിപാദനത്തിൽ അതൊരു പ്രധാന പ്രമേയം തന്നെ ആണ്. അഭിഷിക്തൻ എന്നു മാത്രമേ 'ക്രിസ്തോസ് ' (ലത്തീൻ) അല്ലെങ്കിൽ 'മിശിഹ' (സുറിയാനി) എന്ന വിശേഷണത്തിന് അർത്ഥമുള്ളൂ എന്ന ഭാഷാപരമായ പ്രാഥമിക വിവരം പോലും നമ്മുടെ നാട്ടിൽ ഗൂഢമായിരിക്കുന്നതുകൊണ്ട് ആദ്യവായനയിൽ പലർക്കും അപരിചിതത്വം അനുഭവപ്പെട്ടു. ദൈവശാസ്ത്ര കൈപ്പുസ്തകം എന്നു കരുതി താഴെ വച്ചവരുമുണ്ട്. ക്രിസ്തു എന്നതിനർത്ഥം ദൈവം എന്നാണ് എന്നു കരുതിയിരുന്ന ചിലർ 'യേശുവിനെ ദൈവമല്ലാതാക്കുന്ന പുസ്തകം' എന്നു നിലവിളിച്ചു. കർത്ത(ൻ), ഈശ(ൻ) എന്നിങ്ങനെ ആണു പഴന്തമിഴകത്തിൽ യേശു അറിയപ്പെട്ടത്.
നാലാം നൂറ്റാണ്ടോടെ പേർഷ്യൻ കുടിയേറ്റത്തെത്തുടർന്ന് മിശിഹ എന്ന വിശേഷണം ഇറക്കുമതി ചെയ്യപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടിനുശേഷം കോളനിവത്കരണത്തോടെ ഗ്രീക്ക് ക്രിസ്തുവും ക്രിസ്ത്യനും വന്നു. യഹൂദ പാരമ്പര്യത്തിൽ രാജാവും പുരോഹിതനുമാണ് അഭിഷിക്തനാവുക; അതായതു ക്രിസ്തു അല്ലെങ്കിൽ മിശിഹ ആവുക. ദാവീദുമാതൃകയിൽ അങ്ങനെയൊരാളെ യഹൂദരിൽ ഒരു വിഭാഗം കാത്തിരുന്ന കാലത്താണു യേശു വരുന്നത്. പലരും അവനെ ക്രിസ്തുവാക്കാൻ ശ്രമിച്ചെങ്കിലും അവൻ അതിൽനിന്ന് ഓടിയകലുന്നതായി ബൈബിളിലെ സുവിശേഷങ്ങൾ തന്നെ പറയുന്നുണ്ട്. പിന്നീട് യേശുവിന്റെ മരണത്തിനും സ്ത്രീകൾ പ്രഘോഷിച്ച ഉത്ഥാനാനുഭവത്തിനുംശേഷം വളരെ കഴിഞ്ഞാണ്, യേശുവിനെ കണ്ടിട്ടില്ലാത്ത പൗലോസ് യേശുവിനെ ക്രിസ്തുവാക്കി പ്രതിഷ്ഠിക്കുകയും എഴുതുമ്പോഴെല്ലാം 'യേശുക്രിസ്തു' എന്ന ചേർത്തെഴുത്ത് പ്രചാരത്തിലാക്കുകയും ചെയ്തത്. നൂറുകണക്കിനു ചെറു യേശുസമാജങ്ങളിൽ വളരെ ചെറിയ ശതമാനമേ ഈ ക്രിസ്തുവിളി നടത്തിയിരുന്നുള്ളൂ എന്ന് ഇന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ, നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഹിതാനുസരണം ക്രിസ്ത്യൻ ബൈബിളിലെ പുസ്തകങ്ങൾ നിർണയിച്ചപ്പോൾ, പൗലോസിന്റെ ചുവടുപിടിച്ചു യേശുവിനെ ക്രിസ്തുവായി അവതരിപ്പിച്ച സുവിശേഷങ്ങൾ മാത്രം ഉൾപ്പെടുത്തി; യേശു എന്നു മാത്രം പറയുന്ന തോമസിന്റെ സുവിശേഷം പോലെയുള്ളവ ഒഴിവാക്കപ്പെട്ടു. (റോമാ സാമ്രാജ്യത്തിനകത്തും പുറത്തുമായി ഏറ്റവും കൂടുതൽ യേശുസമാജങ്ങളിൽ വായിച്ചിരുന്ന സുവിശേഷം ആണത് എന്നോർക്കണം). ഒരു പേരിലെന്തിരിക്കുന്നു, യേശു യേശുക്രിസ്തു ആയാൽ എന്തു പ്രശ്നം എന്നു ചോദിച്ച വായനക്കാരുണ്ട്. അല്പം അതിശയോക്തി കലർത്തിയാൽ, ചരിത്രത്തിൽ ക്രിസ്തുമതത്തിന്റെ മുഴുവൻ പ്രശ്നവും തുടങ്ങുന്നത് ഈ പേരുമാറ്റത്തിൽ ആണ്.
സാമൂഹികമായി, സാമ്പത്തികഘടനാപരമായി, രാഷ്ട്രീയമായി, ഒറ്റ വാക്കിൽ സാംസ്കാരികമായി ക്രിസ്തുമതം മനുഷ്യരാശിയോടു കാണിച്ചുപോരുന്ന യേശുവിരുദ്ധത മുഴുവൻ യേശുവിന്റെ മേലുള്ള ഈ മാമ്മോദീസാമുക്കലിലുണ്ട്. ക്രിസ്തു ആക്കപ്പെടുമ്പോൾ യേശു രാജാവും മഹാപുരോഹിതനുമാവുന്നു. അതു യേശുസമൂഹങ്ങളുടെമേൽ രാജകീയ പൗരോഹിത്യ വാഴ്ചയും ഭരണകൂടവേഴ്ചയും കൊണ്ടുവരുന്നു. അത്രയേയുള്ളൂ. യേശുവിനെ ക്രിസ്തുവും ക്രിസ്ത്യാനിയുമാക്കി കുരിശു വരപ്പിച്ചുകൊണ്ടാണ് പൗരോഹിത്യം ലോകത്തെ 'നേടിയെടുക്കാൻ' അല്ലെങ്കിൽ വെട്ടിപ്പിടിക്കാൻ ഇറങ്ങിയത്. എല്ലാ സഭകളുടെയും ആസ്തി ചേർത്തുവയ്ക്കുമ്പോൾ ക്രിസ്ത്യൻ പുരോഹിതസംഘങ്ങൾ ആണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. ഏറ്റവും വലിയ രാജ്യാന്തര രാഷ്ട്രീയ ലോബിയും. ഈ അധികാരം കൈയൊഴിഞ്ഞു പഴയ വൈദിക ആധാരങ്ങളിലെ തൊഴിൽ കോളത്തിൽ രേഖപ്പെടുത്തിയിരുന്നതുപോലെ 'ദൈവവിചാരം' പണി ആക്കിയാലേ പുരോഹിതസംഘങ്ങൾക്കു പുതിയ കാലത്തോടു നിരപ്പാകാൻ കഴിയൂ. ഒരു സ്ഥാപനം എന്ന നിലയിൽ അവരതിനു തുനിയുക ഇപ്പോൾ അസംഭവ്യം ആണെങ്കിലും അവരിൽ പലരും അതിനു തയ്യാറാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അത്രത്തോളം പൊതുസമൂഹത്തിന് അതു ഗുണകരമാകും.
4. അങ്ങയുടെ പുസ്തകം പലയിടത്തും 'അൻപാണു ദൈവം' എന്ന വിചാരം പങ്കു വയ്ക്കുന്നുണ്ടല്ലോ. ഇതു ക്രിസ്തുമതം അവതരിപ്പിക്കുന്ന ദൈവസങ്കല്പത്തിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
* യേശുവിന്റെ സുവിശേഷസാരം ഇതാണെന്ന്, പുരോഹിതവചനം വേദവാക്യം ആക്കാത്ത സ്വതന്ത്രബുദ്ധിയായ കൊച്ചുകുഞ്ഞുങ്ങൾക്കു തിരിയും. എന്നാൽ യാചിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രം കരുണ കാണിക്കുന്ന ഒരു ദൈവത്തെയാണു ക്രിസ്തുമതം പ്രസംഗിക്കുന്നത് (കത്തോലിക്കാ മുതൽ ആംഗ്ലിക്കൻ വരെ, ഓർത്തഡോക്സ് മുതൽ ഇവാഞ്ചലിക്കൽ വരെ, പെന്തകോസ്ത് മുതൽ സാൽവേഷൻ ആർമി വരെ അതാണു പ്രസംഗിക്കുന്നത്. നിർദ്ദിഷ്ട പ്രാർത്ഥനകളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തിൽ അഭിപ്രായഭേദം ഉണ്ടാവും എന്നേയുള്ളൂ). ക്രിസ്തുമതത്തിൽ ദൈവം സോപാധിക (conditional) സ്നേഹമാണ്. God is love, ദൈവം സ്നേഹമാണ് എന്നൊരു വാക്യം ക്രിസ്ത്യൻ ബൈബിളിൽ ഉണ്ടെങ്കിലും അതു നിരുപാധിക (unconditional) സ്നേഹം ആയി എടുത്തിട്ടില്ല. എന്നാൽ നാലാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ ക്രിസ്തുമതം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുമ്പ് സ്വതന്ത്രമായി പരന്ന യേശുവാർത്തയുടെ സ്വാംശീകരണമാണ്, വേദസാഹിത്യത്തിൽ ഇല്ലാത്ത 'അൻപേ ശിവം' എന്ന ഭാരതീയബോധ്യത്തിലുള്ളത്. ഭാരതത്തിൽപ്പോലും യൂറോവത്കൃത ക്രിസ്തുമതത്തിന് ഈ സുവിശേഷസാരം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. യേശുവിന്റെ ദൈവസങ്കല്പനത്തിലോ അതിന്റെ ദൈവഭരണസങ്കല്പനത്തിലോ അല്ല, രാജകീയ മഹാപുരോഹിത 'ക്രിസ്തു'വിന്റെ ദൈവ'രാജ്യ' സാമ്രാജ്യത്വത്തിലാണ് അതിന്റെ കണ്ണ്. ഭൂമി അടക്കിവാഴാനുള്ള പുരോഹിത രാഷ്ട്രീയപദ്ധതിയുടെ കേന്ദ്രത്തിലാണു 'ക്രിസ്തു'വിനെ നിർത്തിയിരിക്കുന്നത്. അതിന്റെ പ്രത്യയശാസ്ത്ര പ്രയോഗമാണു തിയോളജി.
5. താങ്കളുടെ പത്രപ്രവർത്തനപരിചയം, സഭാജീവിതം / വേദപുസ്തകപരിചയം ഒക്കെ ഈ പുസ്തകം പങ്കുവയ്ക്കുന്ന വിചാരങ്ങളെ രൂപപ്പെടുത്തുന്നതിൽ എങ്ങനെ സഹായിച്ചു എന്നു വിശദീകരിക്കാമോ?
* അതെല്ലാം ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇഴകീറി നോക്കുക ഇപ്പോൾ പ്രയാസമാണ്. വത്തിക്കാൻ രേഖകളുടെയും നിലപാടുകളുടെയും സൂക്ഷ്മനിരീക്ഷണം എന്റെ ദീപികക്കാലംമുതലേ ഉള്ളതാണ്. പിന്നീട് പത്രത്തിലെ ജോലി ഉപേക്ഷിച്ചശേഷം, എഡിറ്റോറിയൽ റിസർച്ചിന്റെ ചെലവുകാശിൽ ഒരു പങ്ക് സമാഹരിക്കാനുള്ള കഷ്ടപ്പാടിൽ, വത്തിക്കാൻ പത്രം ഒസ്സെർവത്തോരെ റൊമാനോയ്ക്കുവേണ്ടി പോപ്പുമാരുടെ പ്രസംഗ ടെക്സ്റ്റുകളും വിളംബരങ്ങളും ചാക്രികലേഖനങ്ങളും പരിഭാഷപ്പെടുത്തുന്ന പണി ചെയ്യാൻ കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തിയതും അനുഗ്രഹമായി. യേശു അറിയിക്കാത്ത ഒരു 'ശിക്ഷിക്കുന്ന ദൈവം' ക്രിസ്ത്യൻ ബൈബിൾ വിജ്ഞാനീയത്തിന്റെയും സെമിനാരിദൈവശാസ്ത്രത്തിന്റെയും മതബോധനത്തിന്റെയും ഏതേതു തലങ്ങളിലൂടെയാണു കടന്നുവരുന്നതെന്ന് ജീവിതപങ്കാളി പ്രഫ. ലീന ജോസ് ടി.യോടു ചേർന്ന് 1995 മുതൽ നടത്തിയ പാർട്ടിസിപ്പേറ്ററി ആക്ഷൻ റിസർച് എന്നു വിളിക്കാവുന്ന അന്വേഷണം ആയിരുന്നു പ്രധാനപ്പെട്ട മറ്റൊരു ഒരുക്കം. പേർഷ്യൻ വരവിനുമുമ്പുള്ള നൂറ്റാണ്ടുകളിലെ ഭാരതത്തിലെ യേശുധർമപ്രചാരത്തെക്കുറിച്ചു നടത്തിയ സ്വതന്ത്ര പഠനവും ഉപകരിച്ചു. മിക്കവാറും എല്ലാ ക്രൈസ്തവ ധാരകളും കേരളത്തിൽ സന്നിഹിതമായതുകൊണ്ടും അവയെല്ലാം അച്ചടിരംഗത്ത് സജീവമായതുകൊണ്ടും ക്രിസ്റ്റ്യാനിറ്റിയുടെ ആകെമൊത്ത കാഴ്ചയ്ക്ക് ഏറ്റവും പറ്റിയ സ്ഥലം കേരളമാണെന്നു തോന്നിയിട്ടുണ്ട്. മറ്റെല്ലാ ലോകമതങ്ങളുമായി പ്രയോഗത്തിൽ തട്ടിച്ചുനോക്കാനും സജീവസാഹചര്യമുണ്ട്. യൂറോപ്പിൽ നിന്നോ അമേരിക്കയിൽനിന്നോ നോക്കിയാൽ കിട്ടാത്ത കാഴ്ച ഈ പുസ്തകത്തിൽ ഉണ്ടെന്നു പല നിരൂപകർക്കും അനുഭവപ്പെട്ടത് അതുകൊണ്ടാവാം.
6. 'കുരിശും യുദ്ധവും സമാധാനവും' മനുഷ്യഭാവിയെക്കുറിച്ച് അവതരിപ്പിക്കുന്ന വിചാരങ്ങൾ ഒന്നു വിശദമാക്കാമോ?
* ചരിത്രത്തിന്റെ ഭാവിദിശ എന്തായിരിക്കും എന്ന അന്വേഷണത്തിനിടയിലാണ് ഈ പുസ്തകം, കഴിഞ്ഞ ഇരുപതു നൂറ്റാണ്ടിന്റെ ലോകചരിത്രത്തിന്റെ മുഖ്യ ചാലകശക്തികളിൽ പ്രധാനമായി നിന്ന ക്രിസ്തീയതയെയും അതു നങ്കൂരമുറപ്പിച്ച ബൈബിളിലെ ക്രിസ്തുവിന്റെയും കുരിശിന്റെയും ദൈവശാസ്ത്രത്തെയും അഭിമുഖീകരിച്ചത്. ക്രിസ്തുമതത്തിന്റെയും ബൈബിളിന്റെയും അടിനിലവറകളിൽ ഒരു യേശു തടങ്കലിൽക്കഴിയുന്നതു കാണാൻ ഇടയായത് അപ്പോഴാണ്. പാശ്ചാത്യ അക്കാദമിക് ഗവേഷണ രീതിശാസ്ത്രങ്ങൾ വച്ച് ആ യേശുവിനു പുറത്തുവരാൻ കഴിയുമോ എന്ന് അറിയില്ല. കാരണം, 'ചരിത്രപുരുഷനായ യേശു' (Jesus of history)വിനെ കണ്ടെത്തുക അസാധ്യമാണ് എന്നതാണ് പാശ്ചാത്യ സ്കോളർഷിപ്പിന്റെ ഇപ്പോഴത്തയും ശാഠ്യം.
എന്നാൽ ഭാരതീയ ദർശനത്തിന്റെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും വിശുദ്ധ കലാ (sacred art) ചരിത്രപരിസരത്തിന്റെയും വെളിച്ചത്തിൽ തോമാസുവിശേഷത്തിന്റെ വായന ഈ അസാധ്യതയെ മറികടക്കുന്നു. ഇസ്ലാമിന്റെ 'ഈസാ ബിൻ മറിയാം' പരികല്പനയും അതോടു ചേർന്നുവരുന്നു. ഈ വിധത്തിൽ നാഗരികാസംയോജനത്തിനു സഹായകമായ വിധം ക്രിസ്തുമത തുറുങ്കു ഭേദിച്ച് ചരിത്രപുരുഷനായ ഒരു യേശുവിന്റെ മതാതീത മായ ഒരു 'രണ്ടാം വരവ് ' പുതുയുഗ തലമുറകളുടെ സൈബർ സ്പേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പുരുഷമേധാവിത്വം, പുരോഹിത ദുഷ്പ്രഭുത്വം, മുതലാളിത്തം, സാംസ്കാരിക കൊളോണിയലിസം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മാനങ്ങളെയും ഉൾക്കൊള്ളുന്നതും 'ക്രിസ്ത്യൻ' എന്നു വിളിക്കാൻ എല്ലാവരും മറന്നുപോകുന്നതുമായ ഇതുവരെയുള്ള ലോകക്രമം കൊഴിഞ്ഞുപോകുന്നതിന്റെ തുടക്കമാണ് അവിടെ ഈ പുസ്തകം മുൻദർശിക്കുന്നത്. ഈ പ്രത്യാശ പലരെയും അമ്പരപ്പിക്കുന്നു. അമ്പരിപ്പിക്കുന്ന ഈ പ്രത്യാശ തന്നെയാണ് ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളി. ഇതു വായനയിലെ വെല്ലുവിളി തന്നെ.
7. ഈ ചിന്തകൾ സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ ഒരു പുതിയ സ്ഥാനം വിഭാവനം ചെയ്യുന്നുണ്ടോ?
* തീർച്ചയായും. ക്രിസ്ത്യൻ വിശ്വാസപദ്ധതിയിലെ 'ക്രിസ്തു'വിന്റെ സ്ഥാനത്ത് മാനവചരിത്രത്തിന്റെ യേശുവും, മതാത്മക ദൈവരാജ്യത്തിന്റെ സ്ഥാനത്ത് നിരുപാധിക സ്നേഹത്തിന്റെ മതാതീതലോകവും വരുമ്പോൾ, സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാർക്കൊപ്പം തുല്യമനുഷ്യമഹത്വത്തിലേക്കു വരുന്നു. പീലാത്തോസ് പറഞ്ഞ 'ഏക്ചേ ഹോമോ' ക്രിസ്തുമതത്തിൽ പ്രായോഗികമായി പരിഭാഷപ്പെടുന്നത് 'ഇതാ പുരുഷൻ' എന്നാണ്. ക്രിസ്തുവിനുപകരം ആ സ്ഥാനത്തു യേശു നില്ക്കുമ്പോഴാണ് അത് 'ഇതാ മനുഷ്യർ' എന്നാകുന്നത്.
8. കോവിഡിൽ ലോകം ഒരർത്ഥത്തിൽ ഒരുമിച്ചു. എന്നാൽ കോവിഡിനുശേഷം ലോകം വീണ്ടും യുദ്ധത്തിലേക്കും സംഘർഷങ്ങളിലേക്കും വീണുപോകുന്ന കാലത്ത് ഇത് അമിതമായ ശുഭാപ്തിവിശ്വാസമല്ലേ? അങ്ങ് എങ്ങനെ ഈ ചിന്തയോടു പ്രതികരിക്കുന്നു?
* എന്റേതു ശുഭാപ്തിവിശ്വാസം (optimism) അല്ല, പ്രത്യാശ (hope) ആണ്. സ്നേഹം എന്നൊരു കാവ്യയുക്തി അല്ലാതെ അതിനൊരു ഗണിതയുക്തി ആവശ്യമില്ല. സ്നേഹം എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു. ഇനി, യുദ്ധത്തിന്റെ കാര്യം. യുദ്ധങ്ങളും യുദ്ധം വഴിയുള്ള നാശങ്ങളും, മനുഷ്യർ ഉണ്ടായ കാലം മുതൽ കുറഞ്ഞുകൊണ്ടേയിരിക്കുന്നു എന്ന് സ്റ്റിവൻ പിങ്കർ എത്ര കടുത്ത സ്ഥിതിവിവരശാസ്ത്ര കണിശതവച്ചു തെളിയിച്ചുകഴിഞ്ഞു! യുദ്ധം മാത്രമല്ല, എല്ലാവിധ അക്രമവും കുറഞ്ഞുവരികയാണ് എന്ന് ആ പഠനം കാണിക്കുന്നു. നമ്മൾ പരിശോധിക്കുന്ന കാലത്തിന്റെ സ്കെയിലിൽ ആണ് പ്രശ്നം. കഴിഞ്ഞ രണ്ടു കൊല്ലം എടുത്താൽ യുദ്ധം അവിടെയുണ്ട്. കഴിഞ്ഞ പത്തുകൊല്ലമോ നൂറു കൊല്ലമോ എടുത്താൽ കൂടുതൽ യുദ്ധങ്ങൾ ഉണ്ട്; സമ്മതിച്ചു. പക്ഷേ, കഴിഞ്ഞ രണ്ടു കൊല്ലത്തിലേതിന് ആനുപാതികമായി പത്തുകൊല്ലമോ അതിന് ആനുപാതികമായി നൂറുകൊല്ലമോ യുദ്ധങ്ങളുടെ എണ്ണവും വണ്ണവും ഉയരുന്നില്ല എന്നതാണു പിങ്കറുടെയും എന്റെയും പോയിന്റ്. ആയിരം കൊല്ലത്തിന്റെ സ്കെയിലിൽ, പതിനായിരം കൊല്ലത്തിന്റെ സ്കെയിലിൽ നോക്കുമ്പോൾ, പിക്സൽ നിരക്ക് മാറുന്നതിനനുസരിച്ച് ചിത്രം മങ്ങുന്നതുപോലെ യുദ്ധദൃശ്യങ്ങൾ മങ്ങിപ്പോവുന്നു. അതെ, നമ്മുടെ ചരിത്രബോധത്തിന്റെ സ്കെയിൽ, അതു തരുന്ന സബ്ജക്ടീവ് പ്രോബബലിറ്റി - അതാണു നമ്മുടെ ആശയെയും പ്രത്യാശയെയും നിരാശയെയും, വലിയ ഒരു പരിധിവരെ നിർണയിക്കുന്നത്. ചരിത്രത്തെ സൂം-ഇൻ ചെയ്തു കാണുന്നതുപോലെ സൂം-ഔട്ട് ചെയ്തു കാണാൻ നമ്മുടെ പാഠശാലകൾ പരിശീലിപ്പിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമാണ്.
9. താങ്കളുടെ കുടുംബം ഈ പുസ്തക രചനയിൽ വഹിച്ച പങ്കു വ്യക്തമാക്കാമോ?
* പതിനഞ്ചു സെന്റും ഒരു വീടും അതിൽ വലിയ കടലാസുകൂമ്പാരവും ഒഴിച്ചാൽ വേറെ ഭൗതിക മൂലധനമോ, ശേഷിച്ച ഒരാളുടെ ശമ്പളം ഒഴിച്ചാൽ വർക്കിങ് കാപ്പിറ്റലോ ഇല്ലാത്ത ഒരു കുടുംബം, ഈ പണിക്കുവേണ്ടി ഒരാളെ ശമ്പളം, പേര്, പദവി, പ്രശസ്തി, സാമൂഹിക മാന്യത എന്നിവ ഉപേക്ഷിച്ചു ജോലി രാജി വയ്ക്കാൻ അനുവദിച്ചു എന്നതിനോടാണ് ഈ പുസ്തകവും ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും മുഖ്യമായി കടപ്പെട്ടിരിക്കുന്നത്. വീട്ടിലെ നിരന്തരമായ സംവാദങ്ങളിലൂടെയാണ് ഇതിലെ പ്രമേയങ്ങൾ വികസിച്ചത്. പുതിയ ലോകത്തിന്റെ ഡൈനാമിക്സിലേക്കു ഞങ്ങളുടെ കണ്ണു തുറപ്പിച്ചതും 'ദൈവം സ്നേഹമാണ് ' എന്നു ഞങ്ങളിലെ ക്രിസ്ത്യൻ തത്തമ്മ പറയുമ്പോൾ അതു നിരുപാധിക സ്നേഹം ആയിരുന്നില്ല എന്ന് ഓർമിപ്പിച്ചതും ഞങ്ങൾക്കിപ്പോൾ മെന്ററും എനിക്കിപ്പോൾ എഡിറ്ററുമായ മകൻ അരവിന്ദ് ആണ്.
10. ഈ രചനയുടെ ഭാവി എന്താണ്? ഇതിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ?
* സ്വതന്ത വാല്യങ്ങളായി ഭാഗങ്ങൾ പലതു വരാനുണ്ട്. സ്ഥലപരിമിതി കൊണ്ട് ഒതുക്കി പ്രതിപാദിക്കേണ്ടിവന്നതും എന്നാൽ വായനക്കാർ കൂടുതൽ താല്പര്യം പ്രദർശിപ്പിച്ചിരിക്കുന്നതുമായ പ്രമേയങ്ങൾ (ഉദാ: തോമയുടെ സുവിശേഷത്തിന്റെ പ്രാധാന്യം) വിപുലപ്പെടുത്താനുണ്ട്. പുതിയൊരു അടുക്കും ചിട്ടയും ഉള്ള സംഗൃഹീത ഇംഗ്ലീഷ് പതിപ്പ്, കിൻഡിൽ എഡിഷൻ എന്നിവ ഒരുങ്ങുകയാണ്.
മതത്തിനു മനുഷ്യജീവിതത്തിനുമേൽ ഉണ്ടെന്നു കരുതിയ ദുർബലമായ നിയന്ത്രണം കൂടി നഷ്ടമാവുന്ന കോവിഡാനന്തരലോക സാഹചര്യങ്ങളിൽ ബൈബിളിന്റേയും യേശുസുവിശേഷത്തിന്റെയും തികച്ചും ആധുനികമായ ഒരു പുനർവായന എന്ന നിലയിൽ കുരിശും യുദ്ധവും സമാധാനവും എന്ന പുസ്തകം സവിശേഷശ്രദ്ധ നേടുന്നു. മതാത്മക ദൈവരാജ്യത്തിന്റെ സ്ഥാനത്ത് നിരുപാധിക സ്നേഹത്തിന്റെ മതാതീതലോകം വരുമ്പോൾ, സ്ത്രീകളും കുഞ്ഞുങ്ങളും പുരുഷന്മാർക്കൊപ്പം തുല്യമനുഷ്യമഹത്വത്തിലേക്കു വരുന്നു. സ്ത്രീകളുടെ ഉയർന്ന ആത്മബോധവും നേതൃത്വഗുണങ്ങളും പുതു തലമുറയ്ക്ക് ഒരു പുതിയ വെളിച്ചം പകരുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ മനുഷ്യസമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രത്യാശാപൂർണ്ണവും യുക്തിഭദ്രവുമായ ഒരു രൂപരേഖ പങ്കുവയ്ക്കുന്ന ഈ പുസ്തകം കൂടുതൽ വായനയ്ക്കും ചർച്ചകൾക്കും ഇടയാക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്