Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതവും പുരോഹിതരും വിമർശനത്തിന് അതീതമെന്ന കാഴ്ചപ്പാടു തെറ്റ്; സാമുദായിക സംഘടന വക്താക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതു പോലെ തിരിച്ചും വിമർശിക്കാൻ അധികാരമുണ്ട്; പുരോഹിതനായാലും രാജ്യത്തെ പൗരനാണെന്നും എം എൻ കാരശേരി മറുനാടനോട്

മതവും പുരോഹിതരും വിമർശനത്തിന് അതീതമെന്ന കാഴ്ചപ്പാടു തെറ്റ്; സാമുദായിക സംഘടന വക്താക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതു പോലെ തിരിച്ചും വിമർശിക്കാൻ അധികാരമുണ്ട്; പുരോഹിതനായാലും രാജ്യത്തെ പൗരനാണെന്നും എം എൻ കാരശേരി മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: മതവും മതപുരോഹിതരും വിമർശനത്തിനതീതമെന്ന കാഴ്‌ച്ചപ്പാട് തെറ്റെന്ന് പ്രശസ്ത സാഹിത്യകാരൻ എം എൻ കാരശ്ശേരി. മതങ്ങളുടേയും സാമുദായിക സംഘടനകളുടേയും വക്താക്കൾ രാഷ്ട്രീയത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് പോലെ തന്നെ സമൂഹത്തിലെ മറ്റു രാഷ്ട്രീയ സാഹിത്യ സംഘടനകൾക്ക് തിരിച്ചും വിമർശിക്കാൻ അധികാരം ഉണ്ടെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പും വിയോജിപ്പുമൊക്കെ സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ മതപുരോഹിതരും മതവും രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നതും ശരിയല്ലെന്നും മതപുരോഹിതർ എന്നതിലുപരി രാജ്യത്തെ ഒരു പൗരൻ എന്ന രീതിയിലായിരിക്കണം നാം അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മതവും മതപുരോഹിതരും വിമർശനത്തിനതീതമാണ് എന്ന കാഴ്ചപ്പാട് തെറ്റാണെന്നും മതം എന്ന വിശുദ്ധമായ സങ്കൽപ്പത്തെ വിമർശിക്കാൻ ആർക്കും അധികാരമില്ല എന്ന രീതി ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത വക്താക്കളേയും രാഷ്ട്രീയക്കാരേയും വിമർശിക്കാൻ കോടതിക്ക് അവകാശമുണ്ടെന്നും കോടതിയെ വിമർശിക്കാൻ സാഹിത്യകാരനും സാഹിത്യകാരനെ മാദ്ധ്യമങ്ങൾക്കും വിമർശിക്കാമെന്നും എന്നാൽ ഇതിലെല്ലാമുപരി പൊതു ജനത്തിന് ഈ സംവിധാനത്തെ മുഴുവൻ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സഹിഷ്ണുതയോടെ പരസ്പരം വിമർശനങ്ങളെ ഉൾക്കൊള്ളുക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കാനും പരിഹസിക്കാനും എന്ത് ആഹാരം കഴിക്കണമെന്നും എന്തിനെ ആരാധിക്കണമെന്നുമുള്ള തീരുമാനം വ്യക്തിപരമാണെന്നും അത്തരം സ്വാതന്ത്ര്യത്തേയും നാം സഹിഷ്ണുതയോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇപ്പോൾ വികസനത്തിന് പിന്നാലെയാണ്. വികസനം എന്നത് രാഷ്ടീയപ്പാർട്ടികളുടെ പ്രത്യേയശാസ്ത്രമായി മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഭൗതികമായ വികസനം മാത്രമാണ് നാം പ്രാപ്തമാക്കികൊണ്ടിരിക്കുന്നത്. വികസനം എന്നത് വോട്ട് നേടാനുള്ള മാന്ത്രികവാക്കായി മാറുമ്പോൾ യഥാർഥ വികസനം നടപ്പിലായോ എന്നാണ് നാം പരിശോധിക്കേണ്ടത്.

നല്ല റോഡുകൾ, വിമാനത്താവളങ്ങൾ, എല്ലായിടത്തും ഇന്റർനെറ്റ്, മറ്റു വൻകിട പദ്ധതികൾ എന്നിവയാണ് നമ്മുടെ വികസന കാഴ്ചപ്പാടുകൾ. ഇതിന്റെ പേരിൽ വൻ അഴിമതിയും അരങ്ങേറുന്നു. എന്നാൽ ഒരു കാർഷിക സംസ്ഥാനമായ നമ്മുടെ കേരളത്തിൽ കാർഷിക മേഖലയിൽ ഒരു വികസനവുമുണ്ടായില്ലെന്നു മാത്രമല്ല വർധിച്ചുവരുന്ന കർഷക ആത്മഹത്യ അനാരോഗ്യ സമൂഹത്തിലേക്കുള്ള നമ്മുടെ പോക്കിന്റെ സൂചനയാണെന്നും കാരശേരി ചൂണ്ടിക്കാട്ടുന്നു.

മികച്ച നിലവാരത്തിലുള്ള റോഡുകളും വിമാനത്താവളങ്ങളുമൊക്കെ വരേണ്ടത് ആവശ്യമാണ് പക്ഷേ നമ്മുടെ കൃഷിയിടങ്ങളും ജല സ്രോതസ്സുകളും പുഴകളും മലകളുമൊക്കെ നശിപ്പിച്ചു കൊണ്ടുവരുന്ന വികസന പാതകൾ കർഷകന്റെ മരണത്തിലേക്കുള്ള പാതയാണ്. അതിലൂടെ കേരളത്തിന്റേയും. സ്ത്രീകളും ദളിതരും ആദിവാസികളും ആക്രമിക്കപ്പെടുന്ന ലിംഗ സമത്വമില്ലാത്ത അന്ധവിശ്വാസങ്ങൾ വർദ്ധിച്ചുവരുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് വികസിത സമൂഹമെന്ന പറയുകയെന്നും അദ്ദേഹം ചോദിക്കുന്നു.

സാമൂഹിക മൂല്യങ്ങൾ നമുക്ക് കൈമോശം വന്നുവെന്നും ഇത് സാംസ്‌കാരിക നിലവാരത്തെ ബാധിച്ചുവെന്നും അദ്ദേഹം തുറന്നു പറയുന്നു. എന്നാൽ നമുക്ക് വേണ്ടത് നല്ല മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന അഴിമതിക്കും അന്ധവിശ്വാസത്തിനും എതിരായതും ലിംഗ സമത്വത്തിനും കൃഷിക്കും ദലിത് ആദിവാസി സംരക്ഷണത്തിനും പ്രാധാന്യം നൽകികൊണ്ടുള്ള വികസനമാണെന്നും കാരശേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP