Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ

സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ

ബി എസ് ജോയ്

റക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ  പെരുമ്പടവം ശ്രീധരൻ.

നാല് വയസ്സുള്ളപ്പോൾ അച്ഛൻ നാരായണൻ മരിച്ചു. അമ്മ ലക്ഷ്മി മക്കളെ വളർത്താൻ നന്നെ പാടുപെട്ടു. അമ്മയുടെ കഷ്ടതകൾ കണ്ടും കേട്ടും വളർന്ന ശ്രീധരൻ കുട്ടിക്കാലത്തെ പുസ്തക വായന, എഴുത്ത് എന്നിവയുടെ ഇഷ്ടക്കാരനായി. സ്‌കൂളിൽ വരുത്തിയിരുന്ന ദിനപത്രം വായിച്ച് തുടങ്ങി, പിന്നെ സാധനങ്ങളൊക്കെ പൊതിഞ്ഞ് കിട്ടുന്ന കടലാസുകൾ വായിച്ച് തുടങ്ങി.1938 ൽ നിന്ന് 2022 ൽ നവതിയുടെ നിറവിൽ നിൽക്കുന്ന പെരുമ്പടവത്തിന് കൂട്ട് ഇപ്പോഴും വായന തന്നെയാണ്. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് നിന്ന് അക്ഷരങ്ങളെ കൂട്ട് പിടിച്ച് പ്രതിസന്ധികളെ മറികടന്ന പെരുമ്പടവം ഓർമ പറയുമ്പോൾ കവിതയുടെ മാധുര്യം അനുഭവിക്കാനാകും.

പഴയ മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങുന്നത്. ആഴമുള്ള സ്‌നേഹവും കരുതലുമായിരുന്നു ലൈല എന്ന് ഒറ്റവാക്കിൽ പറയാം. മരണമോളം ഒരു മുണ്ടോ സാരിയോ ആഭരണങ്ങളോ വേണമെന്ന് ആവശ്യപ്പെടാതിരുന്ന ജീവിത സഖി. ലൈല പോയതോടെ പോയത് ഞാനോ അവളോ എന്നറിയാതെ ഏകാന്തത്തിൽ ആയത് എഴുത്തുകാരൻ പെരുമ്പടവം.

ലൈലയാണ് അഭയം എന്ന നോവൽ നല്ല കൈപ്പടയിൽ പകർത്തിയെഴുതി കുങ്കുമം വാരികയുടെ നോവൽ മത്സരത്തിന് അയച്ചത്. ഒറ്റമുറി വീട്ടിലേക്ക് കുങ്കുമം പത്രാധിപരായിരുന്ന കെ എസ് ചന്ദ്രന്റെ കത്ത് വന്നത് ശരിക്കും ഭാഗ്യവും കൊണ്ടായിരുന്നു. അന്നത്തെ ആയിരം രൂപയ്ക്ക് ഇന്നത്തെ ലക്ഷങ്ങളോ കോടികളോ മതിപ്പുണ്ട്. 25 രൂപയ്ക്കും താഴെ പ്രതിമാസ വരുമാനമുള്ള ഒരു പത്രക്കാരന് ആയിരം രൂപയുടെ സമ്മാനം ലഭിക്കുക. അത് ജനിപ്പിച്ച ആഹ്‌ളാദവും അത്ഭുതവും ഇന്നും മറക്കാനായിട്ടില്ല. അന്ന് സന്തോഷം കൊണ്ട് ലൈലയെ എടുത്ത് വട്ടം ചുറ്റിച്ചതൊക്കെ പറയുമ്പോൾ പെരുമ്പടവത്തിന്റെ മുഖത്ത് സ്‌നേഹ നക്ഷത്രം ഉദിച്ചു.

'അഭയം' മാറ്റി മറിച്ച ജീവിതം

അഭയം കുങ്കുമത്തിൽ അച്ചടിച്ച് വന്നതോടെ കാര്യങ്ങൾ മാറി, ജീവിത സാഹചര്യവും മാറിയെന്ന് പെരുമ്പടവം പറഞ്ഞു. അഭയം സിനിമ ആക്കിയത് രാമുകര്യാട്ടും ശോഭന പരമേശ്വരൻ നായരുമാണ്. അതിലെ കഥാപത്രത്തിന് പാടാൻ കവിത മതിയെന്ന് പറഞ്ഞത് പെരുമ്പടവമായിരുന്നു. ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും ബാലാമണിയമ്മയും സുഗതകുമാരിയും വയലാറുമൊക്കെ എഴുതിയ കവിതകളാണ് സിനിമയിൽ ഉപയോഗിച്ചത്. സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി ആദ്യമൊക്കെ കവിത ചിട്ടപ്പെടുത്താൻ വിമൂഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതിന് തയ്യാറായി. യേശുദാസിന്റെ ശബ്ദത്തിൽ പാട്ട് പുറത്ത് വന്നതോടെ സിനിമയുടെ ജനപ്രിയത ഉറപ്പിച്ചു.

സിനിമയിലെ വഞ്ചനകൾ

പിന്നീട് നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. ചിലർ പേര് എഴുതിക്കാണിച്ചു, ഒരാൾ അതും ചെയ്തില്ല, ചിലർ തുച്ഛമായ പ്രതിഫലം തന്നു. ചിലരാകട്ടെ അതും തന്നില്ല. അതുകൊണ്ട് സിനിമ വേണ്ടെന്ന് തീരുമാനിച്ചു. പേരുമില്ല, പ്രതിഫലവുമില്ലാത്ത ഇടത്ത് ജോലി ചെയ്യേണ്ടതില്ലെന്ന നിലപാടിലെത്തിയെന്ന് പെരുമ്പടവം പറഞ്ഞു.

എഴുത്തിൽ ഉറപ്പിച്ച 'സങ്കീർത്തനം'

1993 ലാണ് മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ദീപികയുടെ വാർഷിക പതിപ്പിൽ അച്ചടിച്ചു വന്നത്. അഭയം വായിക്കപ്പെട്ടതിന്റെ എത്രയോ മടങ്ങ് അധികം വായനക്കാർ സങ്കീർത്തനത്തിന് ഉണ്ടായി. ഇതുവരെ 124 പതിപ്പുകൾ, എത്രയോ ലക്ഷം കോപ്പികൾ. ഇന്ത്യൻ ഭാഷയിൽ മറ്റൊന്നിനും അവകാശപ്പെടാൻ ഇല്ലത്ത വിജയം. സങ്കീർത്തനം ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു. അതുവരെ എത്താൻ അനുഭവിച്ച വേദനകളും ത്യാഗങ്ങളും ധ്യാനസമാനമായ ഏകാന്തതയും ഇപ്പോൾ സന്തോഷം തരുന്ന അനുഭവമായിരുന്നുവെന്നും പെരുമ്പടവം ഓർത്തു.

ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവം ഇല്ല. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ സാഹിത്യ അക്കാദമി പ്രസിഡന്റായി നിയമിച്ചു.അതിൽ സന്തോഷമുണ്ട്. രാഷ്ടീയത്തിന്റെ ലേബലിൽ അറിയപ്പെടാൻ ആഗ്രഹമില്ല.

സമുദായം മതം എന്നീവക കാര്യങ്ങളോടും താൽപര്യമില്ല.ക്രിസ്തുവിനോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതുകൊണ്ടാവാം ബൈബിളിനോടും അടുപ്പം കൂടി. ബൈബിൾ ഭാഷയും അതിലെ ബിംബങ്ങളും ഇമേജുകളും എന്നും കൂട്ടായി.

ആഴമുള്ള സ്‌നേഹവും കരുതലുമായി ലൈല

പെരുമ്പടവത്ത് സ്വന്തമായി ഭൂമി വാങ്ങിയതും വീട് വച്ചതും ഈ അടുത്ത കാലത്താണ്. അതൊക്കെ ലൈലയുടെ കഴിവാണ്. അതിനെക്കുറിച്ച് രസകരമായ അനുഭവമുണ്ട് പെരുമ്പടവത്തിന്. തനിക്ക് വൈക്കം മുഹമ്മദ് ബഷീർ കത്തെഴുതുമ്പോൾ രണ്ടെണ്ണം അദ്ദേഹം ലൈലയ്ക്കും എഴുതും. വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ബഷീർ ലൈലയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കം ഇതായിരുന്നു. മണിയോഡർ വരുമ്പോൾ ലൈല കൈപ്പറ്റണം, എഴുത്തുകാരന്റെ കയ്യിൽ കാശ് കിട്ടിയാൽ നിൽക്കില്ല. ലൈല അത് അതേ പടി അനുസരിച്ചു. അതുകൊണ്ടാണ് തമലത്തും പെരുമ്പടവത്തും വീടായതും അല്ലലില്ലാതെ ജീവിക്കാനുള്ള അവസ്ഥ കൈവന്നതും. ഇത് പറഞ്ഞ് പെരുമ്പടവം ചിരിച്ചു. തമലത്ത് തമലം തങ്കപ്പനെന്ന സുഹൃത്താണ് വാടക വീടൊക്കെ തരപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ കുടുംബ വീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഇപ്പോൾ താമസിക്കുന്ന സ്ഥലം വാങ്ങി വീടുവച്ചു.

ബഷീർ മുതൽ എം ടി വരെ

ബഷീറും സിജെ തോമസും അയൽനാട്ടുകാരാണ് . ബഷീർ ദൈവമാണ്. അദ്ദേഹത്തിന് മുന്നിൽ ഇരുന്നാൽ നമ്മൾ സ്വയം അലിഞ്ഞ് തീരുന്നതായി തോന്നും. അത്രയ്ക്ക് പ്രതിഭാശാലിയാണ് ബഷീറെന്നും പെരുമ്പടവം പറഞ്ഞു. എം ടി വാസുദേവൻ നായരുമൊത്ത് നിരന്തരം സംസാരിക്കുന്നില്ലെങ്കിലും പേന എടുത്താൽ അദ്ദേഹം മനസ്സിൽ നിറയും. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ അത്രത്തോളം വലുതാണ്. അദ്ദേഹത്തിന്റെ പുത്തൻ തലമുറയോടുള്ള വാത്സല്യം ശരിക്കും അനുഭവിച്ച വ്യക്തി കൂടിയാണ് താനെന്നും പെരുമ്പടവം പറഞ്ഞു. പുതിയ കഥാകൃത്തുകളിൽ നിരവധി പേരുടെ രചനകൾ ഇഷ്ടമാണ്. നല്ല പ്രതിഭയുള്ള ധാരാളം പുതിയ എഴുത്തുകാർ മലയാളിത്തിലുണ്ടെന്നും പെരുമ്പടവം കൂട്ടിച്ചേർത്തു.

കവിയാകണമെന്ന് ആഗ്രഹിച്ച് എഴുതി തുടങ്ങിയ ആളാണെങ്കിലും കവിത എഴുത്ത് വഴങ്ങാത്തതിലുള്ള സങ്കടവും പെരുമ്പടവത്തിനുണ്ട്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP