Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

വന്നാൽ പാടിപ്പോകും; ആസ്വദിച്ച്: സൂര്യ ചലഞ്ച് എന്ന റിയാലിറ്റി ഷോയിലെ അനുഭവത്തെക്കുറിച്ച് ഗായകൻ വിധു പ്രതാപ് മറുനാടൻ മലയാളിയോട്

വന്നാൽ പാടിപ്പോകും; ആസ്വദിച്ച്: സൂര്യ ചലഞ്ച് എന്ന റിയാലിറ്റി ഷോയിലെ അനുഭവത്തെക്കുറിച്ച് ഗായകൻ വിധു പ്രതാപ് മറുനാടൻ മലയാളിയോട്

പിന്നണി ഗാനരംഗത്തെ വ്യത്യസ്തമായ ശബ്ദം. പ്രണയ ഗാനങ്ങൾ തന്മയത്വത്തോടെ പാടുന്ന വിനയമുള്ള പാട്ടുകാരൻ അങ്ങനെ നിരവധി വിശേഷണങ്ങളാണ് ഗായകൻ വിധുപ്രതാപിന്. സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വിധു പ്രതാപ് വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ എന്റർറ്റെയിന്മെന്റ് ഷോയുമായി മലയാളികളുടെ സ്വീകരണ മുറികളിൽ എത്തിയിരിക്കുകയാണ്. പത്ത് വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴാണ് വിധുപ്രതാപ് സൂര്യ ടിവിയിലൂടെ വീണ്ടും അവതാരകനായി തിളങ്ങുന്നത്. മനസ്സിനിണങ്ങുന്നത് മാത്രം ചെയ്തു ശീലിച്ച ഈ നിഷ്‌കളങ്കനായ പാട്ടുകാരന്റെ പരിപാടിയായത് കൊണ്ടുതന്നെ സാധാരണക്കാരായ പല മലയാളി കുടുംബങ്ങളും സൂര്യ ചലഞ്ച് എന്ന ഷോയെ വളരെയധികം സ്‌നേഹിക്കുകയും പരിപാടിയിൽ പങ്കെടുക്കാൻ മുന്നോട്ട് വരികയും ചെയ്യുകയാണ്. പാട്ടിൽ മാത്രമല്ല, അഭിനയത്തിലും സംവിധാനത്തിലുമെല്ലാം വിധു തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ദേവഗായകനായ സംഗീത ലോകത്തെ അനശ്വര പ്രതിഭയായ ദേവരാജൻ മാഷിന്റെ അരുമ ശിഷ്യൻ കൂടിയായിരുന്നു വിധു. അവതാരകയും നർത്തകിയുമായ ഭാര്യ ദീപ്തിയും പിന്തുണയുമായി ഈ ഗായകനോടൊപ്പം കൂട്ടായുണ്ട്. ക്ഷമയും ശുദ്ധ സംഗീതവും കൈമുതലായ ഈ വ്യത്യസ്ത ഗായകനെ കൂടുതൽ അറിയാം. അവതരണ രംഗത്തെത്തിയ അനുഭവങ്ങളും വ്യക്തി ജീവിതത്തിലെ നല്ല നിമിഷങ്ങളുമെല്ലാം മറുനാടൻ മലയാളിയുമായി പങ്കു വെക്കുകയാണ് മലയാളികളുടെ സ്വന്തം പാട്ടുകാരൻ...

 • ഗായകൻ എന്നതിനപ്പുറം ഒരു ടെലിവിഷൻ അവതാരകൻ എന്ന നിലയിൽ തിളങ്ങാൻ താങ്കൾക്ക് കഴിയുന്നു. എങ്ങനെയാണ് വീണ്ടും ടെലിവിഷനിൽ സജീവമായിത്തുടങ്ങിയത് ?

2004 ൽ ഏഷ്യാനെറ്റിലെ മ്യൂസിക് ലൈവ് എന്ന ഷോയിലൂടെയായിരുന്നു ടെലിവിഷൻ അവതരണ രംഗത്തേക്കുള്ള കടന്നു വരവ്. പിന്നീട് പല അവസരങ്ങളും വന്നു. അവതാരകനായും വിധി കർത്താവായുമൊക്കെ അവസരങ്ങൾ വന്നെങ്കിലും എനിക്ക് മനസ്സിനിണങ്ങിയ ഒരു ഷോയും വന്നില്ല എന്നു തന്നെ പറയാം. പിന്നെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ വിധി കർത്താവായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് മനസ്സിനിഷ്ടമല്ലാത്ത ഒരു കാര്യമാണ്. അവിടെ വന്നു പാടുന്ന ഗായകരെ ജഡ്ജ് ചെയ്യാനുള്ള അത്ര അറിവായിട്ടില്ല; അല്ലെങ്കിൽ ആത്മ വിശ്വാസത്തോടെ അത് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കളിൽ പലരും വളരെ നന്നായി ജഡ്ജ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് ഇതുവരെ അതിലേക്ക് താൽപര്യം തോന്നിയിട്ടില്ല. ഷോയാണെങ്കിലും എനിക്ക് മനസ്സുകൊണ്ട് വളരെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്നതാകണം. എങ്കിലേ എനിക്കതിൽ നന്നായി പെർഫോം ചെയ്യാൻ കഴിയൂ.

സൂര്യ ടിവിയിൽ ഞാനിപ്പോൾ അവതരിപ്പിക്കുന്ന സൂര്യ ചലഞ്ച് എന്ന ഷോയെക്കുറിച്ച് കേട്ടപ്പോൾ തന്നെ എനിക്ക് താൽപര്യം തോന്നി. അതിന്റെ സംവിധായകൻ, കോൺസെപ്റ്റ്, ടെക്‌നിക്കൽ ടീം ഇതൊക്കെ എന്നെ ആകർഷിച്ചു. പിന്നെ എത്ര നല്ല കോൺസെപ്റ്റ് ആണെങ്കിലും അതിൽ നല്ല സെറ്റ്, ടെക്‌നിക്കൽ ടീം ഇതൊക്കെ വളരെ പ്രധാനമാണ്. ഈ ഷോയെ സംബന്ധിച്ചിടത്തോളം സൺ ടി വി പോലെ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ഒരു വലിയ പ്രോജക്ട്, നല്ല സെറ്റ്, ടോട്ടൽ ആമ്പിയൻസ് അങ്ങനെ എല്ലാം വളരെ ഗ്രാന്റ് ആണ്. ഒരു ഷോയെ സംബന്ധിച്ച് എല്ലാം നല്ലതായാൽ മാത്രമേ അത് വിജയിക്കുകയുള്ളു. ദൈവം സഹായിച്ച് എല്ലാം ഒരുമിച്ച് വന്നു. തുടക്കം മുതൽ നല്ല റെയ്റ്റിങ് ഉണ്ട്. കഴിഞ്ഞ ഒരു മാസമായി അത് അങ്ങനെ തന്നെ നന്നായി പോകുന്നു. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

 • ഈ റിയാലിറ്റി ഷോയെ മറ്റു ഷോകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ത് പ്രത്യേകതകളാണ്?

ഇത് കാണുന്നവർക്കിയാം ഇത്തരമൊരു ഷോ മലയാളത്തിൽ ആദ്യമായിട്ടാണ് വരുന്നത്. ഇത് സാധാരണക്കാർക്കും പങ്കെടുക്കാവുന്ന അനായാസമായി വിജയം നേടാവുന്ന ഒരു കംപ്ലീറ്റ് മ്യൂസിക് ഗെയിം എന്റർറ്റെയിന്മെന്റ് റിയാലിറ്റി ഷോയാണ്. ഒരു സമയം രണ്ടു ഫാമിലികൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോ ആയത് കൊണ്ട് തന്നെ ഇവിടെ പങ്കെടുക്കാൻ വരുന്നവർക്ക് ചെറിയ രീതിൽ ഒരു മത്സരത്തിന്റെ വാശി തോന്നുമെങ്കിലും ഗെയിം ഒക്കെ ചെയ്ത് പാട്ടൊക്കെ പാടി കഴിയുമ്പോൾ വളരെ റിലാക്‌സ്ഡ് ആയിട്ടാണ് ഓരോ മത്സരാർത്ഥിയും ഷോയിൽ പങ്കെടുക്കുന്നത്. ഒരു മണിക്കൂർ പങ്കെടുക്കുന്നവർക്കും കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഫുൾ എൻജോയ്‌മെന്റ് ആണ്.

ഒന്നാമത്തെ റൗണ്ട് എന്നു പറയുന്നത് ഓർമ്മയുണ്ടോ ഈണം എന്ന റൗണ്ടാണ്. പാട്ടിന്റെ ഈണം ഓർക്കസ്ട്ര പ്ലേ ചെയ്യും: അത് കേട്ടിട്ട് ഏത് പാട്ടാണ് എന്ന് തിരിച്ചറിയുന്ന റൗണ്ടാണ്. രണ്ടാമത്തേത് ദൃശ്യം കണ്ടിട്ട് ഏത് പാട്ടാണ് എന്ന് പാടുക. മൂന്നാമത്തേത്, വാക്കുകൾ തെറ്റിച്ച് പാടും: അത് അവർ ക്യൂകാർഡിൽ എഴുതണം. നാലാമത്തേത് മൂന്നു ചിത്രങ്ങൾ ഒന്നിച്ചു വച്ച് അതിൽ നിന്ന് പാടണം. പിന്നെ ആളുൾക്ക് ഒരേപോലുള്ള നിരവധി റിയാലിറ്റി ഷോകൾ കണ്ട് കണ്ട് മത്തു പിടിച്ചതുകൊണ്ട് ഇതൊരു ചെയ്ഞ്ച് ആണ്. മധുരമാണെങ്കിലും ഒരുപാട് കഴിച്ചാൽ മത്തുപിടിക്കുമല്ലോ? അപ്പോൾ ഈ ഷോ വ്യത്യസ്തമാകുന്നുണ്ട് എന്ന അഭിപ്രായം കേൾക്കുന്നതിൽ സന്തോഷമുണ്ട്.

 • ആളുകൾ നേരിട്ട് അഭിനന്ദനമറിയിക്കാറുണ്ടോ? ഷോയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറുണ്ടോ?

നേരിട്ട് അഭിനന്ദിക്കുന്നു എന്ന് മാത്രമല്ല, ആളുകൾ എന്നോട് പോലും ഈ ഷോയിൽ എങ്ങനെയാണ് പങ്കെടുക്കേണ്ടത് എന്നറിയാൻ ചോദിക്കാറുണ്ട്. അത്‌കൊണ്ട് ഇപ്പോൾ ഷോയുടെ അവസാനം നമ്മൾ മത്സരാർത്ഥികളാകാൻ പ്രേക്ഷകർ ചെയ്യേണ്ടത് എന്താണെന്ന് അറിയിക്കാറുണ്ട്. എസ് എം എസ് ചെയ്യേണ്ട ഫോർമാറ്റ് നൽകുന്നുണ്ട്. ആളുകൾ ഈ ഷോയെ സ്‌നേഹിക്കുന്നു എന്ന് തന്നെയാണ് അതിന്റെ അർത്ഥം. പിന്നെ ഒരു കുടുംബത്തിലെ അച്ഛൻ, അമ്മ, മക്കൾ എന്നതിനപ്പുറം ബന്ധമുള്ള ആർക്കും ഇതിൽ ഒരു ടീമായി പങ്കെടുക്കാം. മൂന്നു പേർ കുറഞ്ഞത് വേണം. പരമാവധി അഞ്ചു പേർ. പിന്നെ ഗാനമേള ചെയ്യുന്നവർ, ഓട്ടോ ഡ്രെ#െവർമാർ!, കാർപ്പെന്റർമാർ അങ്ങനെ തികച്ചും സാധാരണക്കാരായ, ഉള്ളിൽ സംഗീതം സൂക്ഷിക്കുന്ന, സംഗീതം ആസ്വദിക്കുന്ന, എല്ലാവരും ഇതിൽ പങ്കെടുക്കുന്നു. അവരുടെ മക്കളുടെ കഴിവും ഇവിടെ കാണിക്കാൻ അവസരം നൽകുന്നതൊക്കെ അവർക്ക് വലിയ സന്തോഷമാണ് നൽകുന്നത്.

 • ഒരു ജനകീയ പരിപാടിയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വ്യക്തിപരമായി സന്തോഷം തോന്നാറുണ്ടല്ലോ?

വളരെ അധികം സന്തോഷമുണ്ട്. ഞാനും അവരുടെയൊപ്പം പാടാറുണ്ട്. പലപ്പോഴും അവർ എന്നോട് പറയും, അവർ പാടുമ്പോൾ അവര സപ്പോർട്ട് നൽകണേ എന്ന്. എനിക്ക് സന്തോഷമേ ഉള്ളൂ, അവരെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നതിൽ. അവരെ സംബന്ധിച്ച് ഇത്രയും പേരുടെ മുന്നിൽ പാടാൻ കഴിയുന്നത് തന്നെ വലിയ കാര്യമാണ്.

 • ഇത്തരം ഷോകളിലൂടെ ചാനലുകളിൽ സജീവമാകാൻ പദ്ധതിയുണ്ടോ?

ഞാൻ നേരത്തെ ചെയ്ത മ്യൂസിക് ലൈവ് ഇതുപോലെ നല്ല ഒരു ഷോ ആയിരുന്നു. അതിനു ശേഷം ഈ ഷോ ചെയ്യുന്നത് ഞാൻ പറഞ്ഞല്ലോ മനസ്സിന്റെ ഒരിഷ്ടവും താൽപ്പര്യവുമൊക്കെ കൊണ്ടാണ്. മനസ്സിനിഷ്ടപ്പടാതെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല, കാശുമാത്രം വാങ്ങിച്ചിട്ട് കാര്യമില്ലല്ലോ... ഭക്ഷണം കഴിക്കുകയാണെങ്കിലും അത് വളരെ കുറച്ചേ ഉള്ളെങ്കിൽ പോലും മനസ്സിനിഷ്ടപ്പെട്ട് കഴിക്കാൻ കഴിയണം. വയറു നിറഞ്ഞില്ലെങ്കിലും മനസ്സ് നിറയണം. മറ്റുള്ളവർക്ക് കൊടുക്കുമ്പോഴും അത്‌പോലെ തന്നെ. എന്തു ചെയ്താലും ഒരു സംതൃപ്തിയുണ്ടാകണം. അങ്ങനെ എല്ലാം കൂടി ഒത്തുവന്നാൽ മനസ്സിനിഷ്ടപ്പെട്ടാൽ വീണ്ടും ചെയ്‌തേക്കാം.

 • താങ്കൾ ഉൾപ്പെടുന്ന ഗായകർ പാട്ടുപഠിച്ചുതുടങ്ങിയ കാലഘട്ടത്തിൽ ഇന്നത്തേതുപോലെ റിയാലിറ്റി ഷോകൾ കുറവായിരുന്നു. റിയാലിറ്റി ഷോകളൊക്കെ കാണുമ്പോൾ അന്ന് ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ടോ?


എനിക്ക് ഈ കാലഘട്ടത്തിൽ ഉള്ളത്ര അവസരങ്ങൾ കിട്ടിയില്ലല്ലോ എന്നൊന്നും ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ, വളരെ മുൻപ്, ദേവരാജൻ മാസ്റ്റർ!, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ, ബാബുരാജ് മാസ്റ്റർ തുടങ്ങിയവരുടെ കാലഘട്ടത്തിൽ പാട്ടുകാരനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. എത്ര മനോഹരമായ പാട്ടുകൾ പാടാൻ കഴിയുമായിരുന്നു എന്ന് കരുതിയിട്ടുണ്ട്. എന്നാൽ ആ കാലഘട്ടത്തിൽ ഞാൻ ഒരു പാട്ടുകാരനായിത്തന്നെ ജനിക്കണമെന്നില്ലല്ലോ?

റിയാലിറ്റി ഷോകളുടെ ലോകത്തോട് ഇതുവരെ ക്രെയിസ് തോന്നിയിട്ടില്ല. നമ്മുടെ കാലഘട്ടത്തിലെ എല്ലാ എൻജോയ്‌മെന്റും അറിഞ്ഞ് തന്നെയാണ് ഞാൻ ഇതുവരെ എത്തിയത്. സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ മുതൽ ഇങ്ങോട്ട് ഡിഗ്രി മാർ ഇവാനിയോസിലാണ് ചെയ്തത്. കോളേജിലും സ്‌കൂളിലും പാട്ടും അഭിനയവും, ആർട്‌സ് ക്ലബ് സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലുമുള്ള എൻജോയ്‌മെന്റിലൂടെ വന്നത് കൊണ്ട് ഒന്നിനെക്കുറിച്ചും നഷ്ടബോധം തോന്നിയിട്ടില്ല. ദാസ് സാർ പാടുന്ന ചില പാട്ടൊക്കെ കേൾക്കുമ്പോൾ വിചാരിച്ചിട്ടുണ്ട്, എത്ര മനോഹരമായ കോമ്പോസിഷൻ ആണെന്ന്. പിന്നെ എനിക്കറിയാം പാട്ടുകാരനായിരിക്കുമ്പോഴും ഇന്ന് എന്നെക്കാൾ നന്നായി വളരെ മനോഹരമായി പാട്ടുകൾ പാടുന്ന ഒത്തിരി ഗായകരുണ്ട്. അവരുടെ ഇടയിൽ ഒരു യുണിക് വോയിസ് ആണ് എന്ന് എല്ലാവരും എന്നെക്കുറിച്ച് പറയുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം എന്നാണ് കരുതുന്നത്. എന്റെ ജീവിതം വളരെ ആസ്വദിച്ച് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ നാളെ എങ്ങനെയാണ് എന്ന് അറിയില്ല. 

 • പഴയ സിനിമ പോലെ പഴയ പാട്ടുകളും ഇന്ന് വളരെ മാറി. 1998 മുതൽ പിന്നണി ഗാനരംഗത്ത് നിൽക്കുന്ന ആളെന്ന നിലയിൽ സിനിമാ പിന്നണി ഗാനരംഗത്ത് വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?


വളരെ വ്യത്യാസമുണ്ട്. നാടോടുമ്പോൾ നടുവെ ഓടണമെന്ന പഴഞ്ചൊല്ല് വെറുതെ അല്ല, മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം സിനിമയ്ക്ക് ടെക്‌നിക്കലി ആണെങ്കിലും അല്ലാതെ നോക്കിയാലും വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പിന്നെ ഇപ്പോൾ ആർക്കും പാടാം എന്നു പോലുമായിട്ടുണ്ട്. അത്രയും നമ്മൾ ടെക്‌നിക്കലി അപ് ലിഫ്റ്റഡ് ആയി. നമ്മളുടെ ജീവിത രീതിയും പണ്ടത്തേതിൽ നിന്ന് വളരെ മാറിയല്ലോ. അത് സിനിമയുടെ തിരക്കഥയിലും പ്രകടമാകുന്നുണ്ട്. പണ്ടത്തെ പ്രേമമല്ല ഇപ്പോഴത്തെ പ്രേമം. ഫാസ്റ്റ് മൂവിങ് ആയ ഒരു സിനിമയിൽ 80 കളിലെ ഒരു പ്രണയരംഗം വന്നാൽ ആരായാലും പൈങ്കിളി എന്നു പറഞ്ഞ് കൂവും. പക്ഷെ ഇന്ന് പഴയ രീതിയിലുള്ള കഥകൾ പറയുന്ന നല്ല തിരക്കഥയുള്ള സിനിമകളും ഹിറ്റ് ആകുന്നുണ്ട്. നമുക്ക് മനോഹരമായ മെലഡികളും ഉണ്ട്. ഓലേഞ്ഞാലിക്കുരുവി അത്തരത്തിലുള്ള ഒരു പാട്ടാണ്. 

 • സീരിയലിലും അഭിനയിച്ചല്ലോ? അഭിനയത്തിൽ താൽപ്പര്യമുണ്ടോ? ആദ്യമായി അഭിനയിച്ചപ്പോൾ എങ്ങനെയായിരുന്നു?

അഭിനയം എനിക്ക് പണ്ടുമുതലേ താൽപര്യമുള്ള വിഷയമാണ്. പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ മോണോ ആക്ടിന് ജില്ലാതലത്തിൽ രണ്ടുകൊല്ലം വിജയിയായിരുന്നു. പിന്നെ പ്രൊഡക്ഷനിലും താൽപര്യമുണ്ടായിരുന്നു. ആക്ടിങ് മാത്രമല്ല, അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലെല്ലാം എനിക്ക് താൽപര്യമുണ്ട്. പിന്നെ ശ്രീകുമാരൻ തമ്പി സറിനെപ്പോലെ വലിയ ഒരു ലെജന്റ് വച്ചു നീട്ടിയ ഒരു ചാൻസ് കളയാനും മാത്രം ഞാൻ വളർന്നോ എന്ന് ഞാൻ ആലോചിച്ചു. അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞത് ആ കഥാപാത്രം നിന്നെ കണ്ടിട്ട് എഴുതിയതാണ് എന്നാണ്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അവാർഡ് ആയിരുന്നു. പിന്നെ വനിത ചേച്ചി, കെപിഎസി ലളിത അമ്മ അങ്ങനെ വളരെ കഴിവുള്ള, വളരെ അനുഭവ സമ്പത്തുള്ള, നിരവധി നല്ല അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അഭിനയത്തിൽ താൽപര്യം കൂടിയുള്ളതുകൊണ്ട് ചെയ്ത് നോക്കാം എന്നു ഞാനും കരുതി. പിന്നീട് സിനിമയിൽ അവസരം വന്നിരുന്നു പക്ഷെ ആ സമയത്ത് വിദേശത്തെ കുറെ സ്റ്റേജ് ഷോകൾ വന്നു. ആ ഒരു അവസരത്തിൽ ഞാൻ അതിലേക്ക് പോയി. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഒക്കെ നമ്മളെ ഹെൽപ് ചെയ്യാം ഡെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഏറ്റെടുത്തിട്ട് ചിലപ്പോൾ എനിക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അത് അവരെ ബുദ്ധിമുട്ടിക്കലാകുമല്ലോ എന്നു കരുതി വിട്ടു.

പ്രൊഡക്ഷന്റെ പാടൊക്കെ കുറച്ച് നമ്മളും അറിഞ്ഞിട്ടുണ്ട്. പകൽക്കിനാവിൻ... എന്നു പറയുന്ന ഒരാൽബം വളരെ പണ്ട് ഞാനും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയിരുന്നു. ദീപ്തി അതിൽ അഭിനയിച്ചിരുന്നു. കയ്യിൽ ആയിരം രൂപയും വച്ചാണ് ആദ്യം ഞാനതിലേക്ക് ഇറങ്ങിത്തിരിച്ചത്. പക്ഷെ വളരെ നന്നായി തന്നെ അത് ചിത്രീകരിച്ചു. അന്ന് കുറെ പേരൊക്കെ അത് ശ്രദ്ധിച്ചിരുന്നു. ആൽബം എന്ന കൺസെപ്റ്റ് ഒക്കെ യുവാക്കൾ കൊണ്ടു വന്നു തുടങ്ങിയിട്ടേ ഉള്ളു ആ സമയത്ത്. ക്യാമറമാൻ എസ് കുമാർ സറിന്റെ മകൻ കുഞ്ഞുണ്ണി, എസ് രമേശൻ നായർ സറിന്റെ മകൻ മനു രമേഷ് ഞങ്ങളൊക്കെ കൂടിയാണ് അത് ചെയ്തത്. മനു രമേഷിന്റെ മഴ എന്ന ഞാൻ പാടിയ ഒരു ആൽബം അടുത്തിടെ വളരെ ഹിറ്റ് ആയിരുന്നു.

അന്ന് ഒരാൽബം പുറത്തിറക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു, ഇന്ന് പക്ഷെ നിരവധി ആൽബങ്ങളാണ്. ശരിക്കും വളരെ മോശമായി ചിത്രീകരിക്കുന്നതുവരെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് കാണാറുണ്ട്, എന്നാൽ നല്ല ആൽബം ഗാനങ്ങളും ഉണ്ട്. ശരിക്കും ആൽബം സംപ്രേഷണം ചെയ്യുന്നതിൽ സെൻസറിങ് കൊണ്ടുവരണമെന്നാണ് എന്റെ അഭിപ്രായം.

 • ഭാര്യ ദീപ്തിയും അഭിനേത്രി, നർത്തകി, അവതാരക അങ്ങനെ ടെലിവിഷൻ താരം തന്നെയാണ്. ഭാര്യയുടെ പിന്തുണ എങ്ങനെയാണ്? ആൽബത്തിൽ അഭിനയിച്ചുള്ള പരിചയമാണോ വിവാഹത്തിൽ എത്തിയത്?

ഒരിക്കലുമല്ല, ഞങ്ങൾ ഒരുമിച്ച് വേദികൾ പങ്കിട്ടിട്ടുണ്ട്, ആൽബം ചെയ്തപ്പോൾ പരിചയം പോലും ഇല്ലായിരുന്നു. പക്ഷെ, ഞങ്ങളുടെ വിവാഹം വീട്ടുകാർ തന്നെ പൂർണ്ണമായും ആലോചിച്ച് തീരുമാനം എടുത്തതാണ്. പക്കാ അറെയ്ഞ്ച്ഡ് മാര്യേജ് എന്നു പറയാം. ഞങ്ങൾ ഒരേ ഫീൽഡിൽ ആയത് കൊണ്ട് പലരും ഇത് ചോദിക്കാറുണ്ട്. പക്ഷെ അല്ല. കരിയരിൽ ദീപ്തി വളരെ വലിയ സപ്പോർട്ട് തന്നെയാണ് തരുന്നത്. പാട്ടിലായാലും അവതരണത്തിലായാലും വീട്ടിൽ തന്നെയാണ് ഏറ്റവും വലിയ വിമർശക. ഭാര്യാഭർത്താക്കന്മാർ എന്നതിനപ്പുറം ഞങ്ങൾ കരിയറിൽ അങ്ങോട്ടുമിങ്ങോട്ടും വിമർശകരാണ്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്നു തന്നെ പറയാറുണ്ട്. വിവാഹത്തിനു ശേഷം നിരവധി സ്റ്റേജ് ഷോകളും ഞങ്ങൾ ഒരുമിച്ച് ചെയ്യുന്നു.

 • ദേവരാജൻ മാഷിന്റെ പുതിയ തലമുറയിലെ വളരെ കുറച്ച് ശിഷ്യരിൽ ഒരാളാണ് താങ്കൾ. അദ്ദേഹത്തിനെ പോലെയൊരു വലിയ മനുഷ്യനിൽ നിന്ന് പഠിച്ച പാഠങ്ങൾഎന്തൊക്കെയാണ്? അദ്ദേഹത്തിനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെക്കാമോ?

അദ്ദേഹത്തിനടുത്ത് നിന്ന് പാട്ടു പഠിക്കാൻ എനിക്കും ഗായകൻ സുദീപ് ചേട്ടനുമാണ് ഈ കാലത്തുള്ള ഗായകരിൽ അവസരം ലഭിച്ചിട്ടുള്ളത്. അത് വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. പിന്നെ ഓരോ ദിവസവും അദ്ദേഹത്തിനടുത്തു നിന്ന് പഠിച്ച കാര്യങ്ങളും അനുഭവങ്ങളും ഞാൻ ഓർക്കാറുണ്ട്. പലതവണ എന്നെ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട്, കണ്ണുപൊട്ടുന്ന രീതിയിൽ വഴക്കു പറഞ്ഞിട്ടുണ്ട്, പക്ഷെ തിരിച്ചൊരക്ഷരം പറഞ്ഞിട്ടില്ല പെരുമാറിയിട്ടുമില്ല. എന്തെങ്കിലും പറഞ്ഞ് ഇറക്കി വിട്ടാൽ മൂന്നാം ദിവസം അദ്ദേഹം തിരിച്ചു വീട്ടിലേക്ക് ഫോൺ ചെയ്യും, അവനോടിങ്ങ് വരാൻ പറയൂ എന്ന് പറയും. അത് പോലെ അദ്ദേഹത്തിന്റെ പരിപാടിയിൽ പാടിക്കാൻ എന്നെ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ ഓഡിയോ ലൈബ്രറിയിൽ നിന്ന് പാട്ടുകൾ എടുപ്പിക്കും. ഞാൻ എടുക്കുന്ന അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ അദ്ദേഹം തിരിച്ചു വെപ്പിക്കും എന്നിട്ട് പ്രണയ ഗാനങ്ങൾ എടുത്തുകൊണ്ടുവരാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ ആദ്യമായി അദ്ദേഹമാണ് എന്റെ ശബ്ദം പ്രണയഗാനങ്ങൾക്ക് യോജിച്ചതാണന്നു എനിക്ക് മനസ്സിലാക്കി തന്നത്. ഒരു കവിത എഴുതി കയ്യിൽ കൊടുത്താലും അതിന് ഏറ്റവും മനോഹരമായി സംഗീതം ചിട്ടപ്പെടുത്താൻ അദ്ദേഹത്തിനുള്ള കഴിവ് ഇന്ത്യയിൽ തന്നെ മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ശാസ്ത്രീയ സംഗീതമൊക്കെ ചിട്ടപ്പെടുത്തുന്നത് അത്രയും കണക്കും കാര്യങ്ങളുമൊക്കെ കൃത്യമായി നോക്കിയാണ്. ഒരു അക്ഷരം എങ്ങനെ ഉച്ഛരിക്കണം, എത്ര ഫീൽ കൊടുക്കണം, അങ്ങനെയുള്ള കുറെ കാര്യങ്ങൾ ഒക്കെ മാഷ് തന്നെയാണ് പറഞ്ഞു തന്നത്.

 • പാട്ടുകാരിൽ ഇത്ര വിനയമുള്ള ഒരു ഗായകൻ വിധു പ്രതാപിനെപ്പോലെ വേറെ ഇല്ല എന്നു പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ മറ്റുള്ളവർ ആഹങ്കാരി എന്നു പറയും എന്ന ഒരു ഭയം ഉള്ളിലുള്ളതുകൊണ്ടാണോ?


അങ്ങനെ ഭയമൊന്നും ബോധപൂർവ്വം മനസ്സിൽ ഉണ്ടാക്കിയിട്ടില്ല. ഞാൻ ഇപ്പോൾ എങ്ങനെ സംസാരിക്കുന്നുവോ അത് പോലെ തന്നെയാണ് എപ്പോഴും. വളരെ ശാന്തനായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ക്ഷമ എനിക്ക് കുറച്ച് കൂടുതലാണെന്ന് ഭാര്യയും വീട്ടിലുള്ളവരുമൊക്കെ പറയും. പക്ഷെ ദേഷ്യം വന്നാൽ വല്ലപ്പോഴുമേ വരു, അപ്പോൾ നിയന്ത്രണം വിട്ടു പോകും. പക്ഷെ പൊതുവെ രണ്ട് സ്വഭാവം കാണിക്കുന്ന ആളല്ല ഞാൻ. വീട്ടിലൊരാൾ, പുറത്തൊരാൾ അങ്ങനെയാകാൻ എനിക്കു കഴിയില്ല. ഈ ഷോ കണ്ടിട്ട് പലരും പറയാറുണ്ട്, വിധു നാച്വറൽ ആയിട്ട് ചെയ്യുന്നുണ്ടല്ലോ എന്ന്. ഷോയിൽ സംവിധായകൻ ബോബൻ സാമുവലും കുടുംബവും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹം ആദ്യം വന്നപ്പോഴേ പറഞ്ഞിരുന്നു, ഞാൻ ഒരു പാട്ടുപോലും പാടില്ല എന്ന്. പക്ഷെ എല്ലാ പാട്ടുകളും അദ്ദേഹം പാടി വളരെ എൻജോയ് ചെയ്തു. ഞാൻ ഷോ കഴിഞ്ഞ് അദ്ദേഹത്തോട് പറഞ്ഞു, ചേട്ടൻ തകർത്തു കളഞ്ഞല്ലോ എന്ന്. അപ്പോൾ ഞാൻ ശരിക്കും റിലാക്‌സ്ഡ് ആയിരുന്നു വിധു എന്നാണ് അദ്ദേഹം പറഞ്ഞത്. അവിടെ വന്നാൽ ആരും പാടി പോകും, അങ്ങനെ ആസ്വദിച്ചു പാടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഉള്ളുകുളിർത്തുപോയി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP