Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ സൗന്ദര്യമാണ് എന്റെ ശാപം; ഇതുവരെ നായിക ആകാൻ കഴിയാത്തതിന്റെ വേദനയുമായി സജിത

എന്റെ സൗന്ദര്യമാണ് എന്റെ ശാപം; ഇതുവരെ നായിക ആകാൻ കഴിയാത്തതിന്റെ വേദനയുമായി സജിത

കുഞ്ഞുന്നാൾ മുതലേ ബിഗ്‌സ്‌ക്രീൻ അപരിചിതമല്ല സജിതാ ബേട്ടിക്ക്. 'മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സജിത ചെറുതും വലുതുമായി നൂറിലധികം ചിത്രങ്ങൾ പൂർത്തിയാക്കി. മിനിസ്‌ക്രീനിൽ 40 ഓളം സീരിയലുകളും. സജിതയെയല്ലാതെ മറ്റാരെയും നായികയായി സങ്കൽപ്പിക്കാൻ പോലും കഴിയാതെ സീരിയൽ ലോകം കാത്തിരുന്ന തിരക്കിന്റെ കാലവും വിദൂരമായിരുന്നില്ല.

പന്ത്രണ്ടുവർഷത്തിലധികമായി അഭിനയരംഗത്ത് തുടരുന്ന സജിതാ ബേട്ടി താൻ സീരിയൽ സിനിമാ നടിയല്ല, സിനിമാ സീരിയൽ നടിയാണെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. സൗന്ദര്യവും അഭിനയശേഷിയുമുണ്ടായിട്ടും എന്തുകൊണ്ട് നല്ല വേഷങ്ങളിലേക്ക് പരിഗണിക്കുന്നില്ലെന്ന സജിതയുടെ രോഷവും വേദനയും നിറഞ്ഞ ചോദ്യം മലയാളസിനിമ കേൾക്കേണ്ടതുണ്ട്. നേട്ടങ്ങളും അഭിന്ന്ദനങ്ങളും അവഗണനകളും വേദനകളും നിറഞ്ഞ അഭിനയരംഗത്തെ കുറിച്ചും ജീവിതത്തെകുറിച്ചും സജിത സംസാരിക്കുന്നു.

  • സീരിയൽ താരങ്ങൾ സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നത് പതിവാണിപ്പോൾ. എന്നാൽ സജിത സീരിയലിൽ നായികയും സിനിമയിൽ രണ്ടു സീൻ റോളുകളിലും ഒതുങ്ങുന്നു?

സുന്ദരിയാണെന്നതും കഴിവുണ്ടെന്നതും എന്റെ സ്വകാര്യ അഹങ്കാരമാണെന്ന് വേണമെങ്കിൽ നിങ്ങൾക്ക് പറയാം. എന്നാൽ എനിക്കത് അഭിമാനമാണ്. ഡാൻസ് ചെയ്യും, പാട്ടുപാടും, കോംസ്റ്റ്യൂസ് ഏതും ചേരും. ഇതൊക്കെ എന്റെ അഭിമാനമാകുമ്പോൾ തന്നെ നായികയായി പരിഗണിക്കാൻ പലർക്കും മടിയാണ്. എന്തുകൊണ്ട് നായികയാകുന്നില്ലെന്നും നല്ല വേഷങ്ങൾ നൽകുന്നില്ല എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് ഞാനല്ല. നായികയാകുന്നതിന് എന്തെങ്കിലും കുറുക്കു വഴികളുണ്ടോ എന്നറിയില്ല. എന്നെ ആരും പുഷ് ചെയ്യാനുമില്ല, ഒറ്റയ്ക്കാണ്.

അഭിനയമെന്താണെന്ന് അറിയാത്ത അന്യഭാഷയിലെ നടിമാർക്കായി ക്യൂ നിൽക്കുമ്പോൾ സിനിമ കാണിക്കുന്നത് അവഗണന തന്നെയല്ലേ? ഒട്ടേറെ സഹിച്ചിട്ടുണ്ട്, ക്ഷമിച്ചിട്ടുണ്ട്. അപമാനിക്കപ്പെടുന്ന, വേദനിപ്പിക്കുന്ന അനുഭവങ്ങളുമുണ്ട്. പരാതികൾ പറയുന്നത് കുറ്റമാകുന്നതിനാൽ പ്രതികരിക്കാൻ പോകാറില്ല. എല്ലാം കേട്ടു മിണ്ടാതെ നിൽക്കാറേയുള്ളൂ. നായികയാകണമെന്ന് ആഗ്രഹിക്കുന്നത് സാമ്പത്തിക നേട്ടത്തിനല്ല. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ് ഞാൻ. ആ ഒരു ഇമേജ് സിനിമയിൽ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എത്ര തീവ്രമായി ആഗ്രഹിച്ചിട്ടും സിനിമ എന്നിലെത്താത്തത് മാനസികാവസ്ഥയെ തന്നെ ബാധിക്കാറുണ്ട്. അഭിനയത്തിൽ പ്രായത്തിന് പ്രാധാന്യമുണ്ട്. ഇനിയും ഈ കാത്തിരിപ്പ് നീളുമോ എന്ന സങ്കടമുണ്ട്. സെക്കന്റ് ഹീറോയിൻ വേഷമെങ്കിലും തരാനുള്ള സന്മനസ്സ് ആരും കാണിച്ചിട്ടില്ല.

  • ബാലതാരമായാണ് സിനിമയിലെത്തിയതെങ്കിലും സജിതയെ തിരിച്ചറിഞ്ഞു തുടങ്ങിയത് ജനപ്രിയ സീരിയലുകളിലൂടെയാണ്. സീരിയൽ താരമെന്ന അവഗണന എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടോ?

ചില സെറ്റുകളിൽ ക്രൂരമായ രണ്ടാംതരം പെരുമാറ്റമുണ്ടായിട്ടുണ്ട്. ഇതു സീരിയലൊന്നുമല്ല, പെട്ടെന്നു ഡയലോഗ് പറയണമെന്ന പരിഹാസം നിറഞ്ഞ കമന്റുകൾ വരും. ഇവിടെയുള്ള പല നായികമാരും സിനിമയെന്ന് കേൾക്കുന്നതിന് മുമ്പേ സിനിമയിൽ ബാലതാരമായിരുന്നു ഞാൻ. എങ്കിലും ചിലരുടെയെങ്കിലും പെരുമാറ്റം ഓർത്തു പിന്നീട് കരയേണ്ടി വന്നിട്ടുണ്ട്. എന്നെ അറിയുന്ന നേരത്തെയുള്ള അഭിനേതാക്കൾക്കല്ല ഈ പ്രശ്‌നം. മാറ്റി നിർത്തുന്നതും വേദനിപ്പിക്കുന്നതും പുതിയ താര ങ്ങളാണ്. വർഷങ്ങൾക്ക് മുമ്പ് തന്നെ 'അമ്മക്ക സംഘടനയിൽ അംഗമാണ്. മമ്മൂട്ടി സാറിന്റെയും ലാൽ സാറിന്റെയുമുൾപ്പെടെ പടങ്ങൾ ചെയ്തിട്ടുണ്ട്. അവരൊന്നും കാണിക്കാത്ത അപരിചിതത്വമാണ് ഇന്നലെ വന്നവരിൽ നിന്നുണ്ടാകുന്നത്. നായികയെ കൂടുതൽ വെളുപ്പിക്കേണ്ടി വന്നതിനാൽ വെളുത്ത എന്നെ കറുപ്പിച്ചതും അത്ര സൗന്ദര്യം വേണ്ടെന്നു പറഞ്ഞു മേക്കപ്പ് കുറച്ചതു മുൾപ്പെടെയുള്ള അനുഭവങ്ങൾ വേറെയുമുണ്ട്. പല മുൻ താരങ്ങൾക്കും വീണ്ടും ലൈഫ് നൽകിയത് സീരിയലാണ്. ഒരിക്കലും സീരിയലിനെ ഞാൻ തള്ളി പറയില്ല. സജിതാ ബേട്ടിയുണ്ടായത് സീരിയലുകളിൽ കൂടിയാണ്.

  • ഇതുവരെ നായികയായി ആരും വിളിച്ചിട്ടില്ലേ? ഓഫർ ലഭിച്ച ശേഷം മാറ്റി നിർത്തിയ തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങൾ?

പല സിനിമകളിലും വിളിച്ചിട്ട് കാരണങ്ങൾ പലതും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്. അത്തരം മുറിവുകളൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. നേരത്തെ ഒരു സിനിമയിൽ നായികയ്‌ക്കൊപ്പം തന്നെയുള്ള ഒരു റോളിന് ഓഫർ ലഭിച്ചിരുന്നു. ഏറെ സന്തോഷിച്ചു. എന്റെ വേദനകൾ പടച്ചവൻ കണ്ടിരിക്കുമെന്നു കരുതി. എന്നാൽ ഷൂട്ടിങ് തുടങ്ങിയിട്ടും വിളിയൊന്നുമില്ല. ഒടുവിൽ സംവിധായകനോട് തിരക്കിയപ്പോഴാണ് ഒഴിവാക്കിയെന്ന് അറിയുന്നത്. സത്യത്തിൽ ഞെട്ടിയില്ല. ഒരൊറ്റ കാര്യമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ട് എന്ന്? സജിതയുണ്ടെങ്കിൽ നായികയാകാൻ ഇല്ലെന്ന് ഇപ്പോൾ മുൻനിരയിലുള്ള ഒരു നടിയുടെ വാശിയിൽ ഞാൻ ഔട്ടായി. ഈ വർഷം വലിയപ്രതീക്ഷയുണ്ട്. ഒരു ചിത്രത്തിൽ നായികാപ്രാധാന്യമുള്ള ഒരു റോളിനായി ഓഫർ ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം.

  • സജിതയെ ഒഴിവാക്കണം എന്ന് ആഗ്രഹിക്കുന്നവർ സീരിയൽ രംഗത്തുണ്ടോ?

അഭിന്ന്ദനങ്ങളേക്കാളും അംഗീകാരങ്ങളേക്കാളും എന്നും ലഭിച്ചിട്ടുള്ളത് കുപ്പിച്ചില്ലുകളാണ്. സൗന്ദര്യം ശാപമാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു എനിക്കെതിരെയുള്ള നീക്കങ്ങൾ. കുശുമ്പും കുന്നായ്മയും പരദൂഷണവും പതിവാക്കിയ പലരും എന്നെ ഒഴിവാക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. സത്യത്തിൽ പേടിയാണ്. ഒന്നും നല്ല വഴിക്ക് വരുന്നില്ല എന്ന നിരാശയും ചിലപ്പോൾ അലട്ടും. ഏതുരംഗത്തായാലും ന്ന്മയും തിന്മയുമുണ്ട്. അതിന് സിനിമയിലോ സീരിയലിലോ വരണമെന്നില്ല. ഇപ്പോൾ തന്നെ ചുറ്റിലും നടക്കുന്ന ഞെട്ടിപ്പിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. എല്ലാം നടക്കുന്നത് ഈ മേഖലയിലല്ലല്ലോ? എന്നിട്ടും ഞാൻ മാത്രം മോശക്കാരിയാണെന്ന് പലരും പറഞ്ഞു നടന്നു. ഇന്ന് സീരിയലിലുള്ള ഏതൊരു നായികയേക്കാളും സീനിയോറിട്ടിയുണ്ട് എനിക്ക്. അതിനാൽ മറ്റുള്ളവരോടു കുശുമ്പു കാണിക്കേണ്ട കാര്യമില്ല. എന്നാൽ എനിക്ക് മാത്രം ഇത്തരം വേദനകളെന്തുകൊണ്ടെന്ന് അറിയില്ല. എല്ലാം പടച്ചവനോടു പറഞ്ഞു പ്രാർത്ഥിച്ചു കരയും.

  • സിനിമകളിൽ പതിവു ചെറിയ വേഷങ്ങൾ മാത്രമാകുമ്പോൾ നായികാപദം സ്വപ്നം കാണുന്നതിന് പരിമിതിയില്ലേ?

സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നത് വേദനിപ്പിക്കുന്നതാണ്. പലരും കരുതുന്നത് പോലെ ചില നായികമാരെ പോലെ സീരിയലുകളിൽ നിന്നും സിനിമയിലേക്കായിരുന്നില്ല യാത്ര. സിനിമയിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടതിന് ശേഷമാണ് സീരിയലിലെത്തുന്നത്. എന്നാൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളെല്ലാം സീരിയലുകളിലായിരുന്നു. സജിത കുഴപ്പമില്ലെന്ന് ലോകമറിഞ്ഞതും പലരും പൈങ്കിളി എന്നു പറഞ്ഞ് ആക്ഷേപിക്കുന്ന സീരിയലുകളിലാണ്. ചെറിയ വേഷങ്ങളിലൂടെ മുൻനിരയിലെത്തിയ എത്രയോ താരങ്ങളുണ്ട്. വേഷം ചെറുതാണെങ്കിലും എന്റേതായ രീതിയിൽ ന്ന്നാക്കാൻ ശ്രമിക്കാറുണ്ട്. എന്റേതായ ഒരു ദിവസമുണ്ടാകുമെന്നാണ് സ്വപ്നം കാണാറുള്ളത്. ചെറിയ വേഷങ്ങൾ ഒഴിവാക്കി നായികാപദവി കാത്തിരിക്കുന്നത് മണ്ടത്തരമാണ്. സജിതാ ബേട്ടിയെന്ന നടി ജീവനോടെയുണ്ടെന്ന് എല്ലാവരും ഓർക്കണം. സീരിയലുകൾ ഇല്ലാത്തതിനാലാണ് സിനിമയിൽ ചുമ്മാ അഭിനയിക്കുന്നതെന്ന പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട്. ഫെബ്രുവരിയിയിൽ റിലീസാകാനിരിക്കുന്ന കലാഭവൻ മണിയുടെ 'ഒരു കുടുംബചിത്രംക്ക എന്ന ചിത്രത്തിൽ നല്ല വേഷമാണ്.

  • സജിത വിവാഹിതയായെന്ന് ഇടയ്ക്ക് വാർത്തയുണ്ടായിരുന്നു.?

വിവാഹവാർത്ത വന്നാലെങ്കിലും തോറ്റു പിന്മാറുമെന്ന് കരുതിയ ചിലർ ആസൂത്രിതമായി ഉണ്ടാക്കിയതായിരുന്നു ആ വാർത്ത. ഒരു പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് വീട്ടുകാരാണെന്നാണ് എന്റെ വിശ്വാസം. അവർ അങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഇത്തരം വാർത്തകളോടു മറുപടി പറയേണ്ട കാര്യമില്ല. ആ സമയത്ത് മൗനം പാലിച്ചതിനും മറ്റൊരു കാരണമില്ല. ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇല്ലാകഥകൾ പറയുന്നതെന്ന ദയ പോലും ലഭിച്ചിരുന്നില്ല. ക്രൂരമായ രീതിയിലായിരുന്നു എന്നെ ചവിട്ടിമുറിവേൽപ്പിക്കാൻ പലരും താത്പര്യം കാണിച്ചത്.

  • അതേ പോലെ ഇന്റർനെറ്റുകൾ വഴി ഏറെ ഗോസിപ്പുകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു?

ആ പടങ്ങളൊന്നും എന്റേതല്ലെന്ന് പറയാൻ യാതൊരു മടിയുമില്ല. എന്റെ മുഖം മാത്രമുപയോഗിച്ച് വ്യാജമായി മോർഫ് ചെയ്തതാണ്. ഇങ്ങനെ ഒരാൾക്കും അനുഭവങ്ങളുണ്ടാകരുതെന്ന് കരുതി നേരത്തെ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് വീണ്ടും വാർത്തയാകുകയും കൂടുതൽ പ്രചാരണം കിട്ടുമെന്നും ഭയന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സിനിമാ നടികൾ ചീത്തയാൾക്കാരാണെന്ന് പൊതുവേ ധാരണയുണ്ട്. എന്നാൽ അത് ശരിയല്ല. എന്നെ തോൽപ്പിക്കാൻ നോക്കുന്ന ചിലരാണ് ഇതിന് പിറകിൽ. തെറ്റു ചെയ്യാതെ നാറേണ്ട കാര്യമില്ല. എനിക്കായി പല കെണികളും ഒരുങ്ങിയിട്ടുണ്ട്. എന്നാൽ ഒന്നിലും ഞാൻ വീണിട്ടില്ല. തെറ്റു ചെയ്യാത്തതിനാൽ തല കുനിച്ചു നടക്കുന്നവളല്ല ഞാൻ.

  • സീരിയലുകളിൽ ഇന്നും മുൻനിരയിലുള്ള നായികയാണ്. സിനിമയിൽ ചെറിയ റോളുകളിലും തിരക്കിലാകുമ്പോൾ സീരിയലുകൾ ഒഴിവാക്കാറുണ്ടോ?

ഒരിക്കലുമില്ല. പലരും ഇടപെട്ട് നായികാപ്രാധാന്യമുള്ള സീരിയലുകളിൽ നിന്നൊക്കെ മാറ്റി നിർത്തിയിട്ടുണ്ട്. അതല്ലാതെ ഒരു റോൾ പോലും ഒഴിവാക്കിയിട്ടില്ല. സീരിയൽ മാറ്റി നിർത്തിയുള്ള സിിമയല്ല എനിക്ക് വേണ്ടത്. അതിന്റെ ആവശ്യവുമില്ല. പലരും പറഞ്ഞിട്ടുണ്ട് രണ്ടു വർഷം സീരിയലുകളിൽ നിന്നും ഗ്യാപ്പ് എടുക്കുകയാണെങ്കിൽ ല്ല റോൾ സിിമയിൽ ലഭിക്കുമെന്ന്. അത് ശുദ്ധ തട്ടിപ്പാണ്. സീരിയലുകളിൽ നിന്നും എന്നെ ഒഴിവാക്കാനുള്ള തന്ത്രം. സീരിയലുകൾ ഒഴിവാക്കിയാൽ സിനിമ വരുമെന്നോ, അതല്ല സിനിമ ഒഴിവാക്കിയാൽ സീരിയൽ വരുമെന്നോ വിശ്വസിക്കുന്നില്ല. രണ്ടിലും കഥാപാത്രങ്ങൾക്കും കഥയ്ക്കും മാത്രമേ പ്രാധാന്യമുള്ളൂ. അതല്ലാതെ ബിഗ് സ്‌ക്രീനെനെ്നോ, മിനിസ്‌ക്രീനെനെ്നോ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.

ഇടയ്ക്ക് അന്യഭാഷാ ചിത്രങ്ങളിലും ഭാഗ്യം പരീക്ഷിച്ചല്ലോ?

'ശ്രീശൈലംക്ക, 'ഡയറിക്ക എന്നീ രണ്ടു തെലുങ്ക് ചിത്രങ്ങളും നാലു തമിഴ്ചിത്രങ്ങളും ചെയ്തിട്ടുണ്ട്. അന്യഭാഷകളിൽ നിന്ന് ഓഫറുകൾ ലഭിക്കാറുണ്ട്. എന്നാൽ നമ്മുടെ രീതികൾക്കനുസരിച്ചുള്ള ചിത്രങ്ങൾ മാത്രമേ ഇപ്പോൾ തിരഞ്ഞെടുക്കാറുള്ളൂ. മോഡേൺ ഡ്രസുകൾ കുഴപ്പമില്ല, എന്നാൽ ഗ്‌ളാമർ റോളുകളോട് വലിയ യോജിപ്പില്ല. ബംഗാളിയിലും മറാഠിയിലും ഓരോ ചിത്രങ്ങളും പൂർത്തിയാക്കി. ദുബായ്യിലെ ഒരു ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരു അറബിക് സീരിയലിലും മുഖ്യവേഷമുണ്ട്. ഷൂട്ടിംഗിനായി കുറേ നാൾ ദുബായിയിലായിരുന്നു.

പുതിയ സിനിമകൾ?

'വീണ്ടും കണ്ണൂർ എന്ന ചിത്രമാണ് ഒടുവിലത്തേത്. കാസർകോട്ടായിരുന്നു ഷൂട്ടിങ്. സുന്ദരിയായ വില്ലത്തി കഥാപാത്രമാണതിൽ. ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ്. മിസ്റ്റർ മരുമകൻ, മായാമോഹിനി എന്നിവ ഉടൻ റിലീസാകും. 'രാസലീല എന്ന പഴയ സിനിമയുടെ റീമേക്ക് ചിത്രത്തിൽ കൃഷ്ണകുമാറിന്റെ നായികയായി ഓഫർ ലഭിച്ചിട്ടുണ്ട്.

നായികയാകണമെന്ന തീവ്രമായ മോഹവുമായി കാത്തിരിക്കുമ്പോൾ വിവാഹത്തെ കുറിച്ചുള്ള ചിന്തയെന്താണ്?

വിവാഹിതയായാലും അഭിനയിക്കും എന്നതു മാത്രമാണ് ഈ കാര്യത്തിൽ ഇപ്പോഴുള്ള ഉറച്ച തീരുമാനം. നേരത്തെ അങ്ങനെയായിരുന്നില്ല. കുടുംബമൊക്കെയായാൽ സിനിമയും സീരിയലുമൊക്കെ ഉപേക്ഷിച്ച് സെറ്റിലാകാനായിരുന്നു താത്പര്യം. എന്നാൽ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു. എന്റെ ലക്ഷ്യത്തോടൊപ്പം കൂടെയുണ്ടാകുന്ന ഒരു സുഹൃത്തായിരിക്കണം ജീവിതപങ്കാളി എന്ന മോഹമാണ് ഇപ്പോൾ. അത്രയധികം കരഞ്ഞിട്ടുണ്ട് ഞാൻ. സജിതാ ബേട്ടിയെന്ന സങ്കൽപ്പവുമായി വരുന്ന ഒരാളേക്കാൾ എന്നെയും എന്റെ കുസൃതികളെയും പിണക്കങ്ങളെയും കുടുംബത്തെയും മനസ്സിലാക്കാൻ സാധിക്കുന്ന ഒരാളെയാണ് കാത്തിരിക്കുന്നത്. ജീവിതം ഉപേക്ഷിച്ച് അഭിനയത്തിന് ജീവിതം സമർപ്പിക്കാനും ഞാനില്ല. ദു:ഖിപ്പിച്ച അവഗണനകളോടെല്ലാം കണക്കുതീർക്കണമെന്നുണ്ട്. സമയമാകുമ്പോൾ എനിക്കുള്ളയാളെ പടച്ചവൻ മുന്നിൽ കൊണ്ടു നിർത്തും.

കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?

ഉറുദു മുസ്‌ളിം പഠാണി കുടുംബമാണ്. ഹൈദരബാദിലായിരുന്നു ഞാൻ ജനിച്ചത്. പിന്നീട് ആലപ്പുഴയിലേക്ക് വന്നതിനാൽ മലയാളിയായി തന്നെയാണ് വളർന്നത്. ബാപ്പ സെയ്ദ് അബ്ദുൾ ഗഫൂർ സാഹിബ് എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. ഉമ്മ പ്യാരി ഗഫൂർ. ഞങ്ങൾ അഞ്ചുമക്കളാണ്. ഏറ്റവും ഇളയയാളാണ് ഞാൻ. വഹീദാ സക്കീർ ഹുസൈൻ, ഷാഹിദാ അജ്മൽ എന്നീ സഹോദരികളും മോത്തിലാൽ, ഹീരാലാൽ എന്നീ സഹോദരന്മാരുമുണ്ട്. ഇവരുടെ മക്കളായ നിഹയും കരിഷ്മയും റിസ്വാനാ പർവീനും അൽത്താഷ് ഖാനും ഹംനയുമാണ് വീട്ടിലെ എന്റെ കൂട്ടുകാർ..

കടപ്പാട് കേരള കൗമുദി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP