Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സാണ്..യാചകരാണ് എന്നൊക്കെയാണ് സമൂഹത്തിലെ പലരും ഇപ്പോളും ചിന്തിക്കുന്നത്; ഒരുപെണ്ണാകണം എന്ന് സ്വപ്നം കണ്ട് എന്റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അവൾ സ്വരുക്കൂട്ടിയിരുന്ന പണം പോലും പൊലീസുകാർ കൊണ്ടുപോയി; ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക, ഒന്ന് പുഞ്ചിരിക്കുക; കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം അവസാന ഭാഗം

ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സാണ്..യാചകരാണ് എന്നൊക്കെയാണ് സമൂഹത്തിലെ പലരും ഇപ്പോളും ചിന്തിക്കുന്നത്; ഒരുപെണ്ണാകണം എന്ന് സ്വപ്നം കണ്ട് എന്റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അവൾ സ്വരുക്കൂട്ടിയിരുന്ന പണം പോലും പൊലീസുകാർ കൊണ്ടുപോയി; ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക, ഒന്ന് പുഞ്ചിരിക്കുക; കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം അവസാന ഭാഗം

സുവർണ്ണ പി എസ്

ക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് രഞ്ജു ഇന്ന് കാണുന്ന നിലയിലെത്തിയത്. ഇപ്പോൾ ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല രഞ്ജു ധ്വയ ട്രാൻസ് ജെൻഡേഴ്‌സ് ആർട്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടെയാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷനിലെയും വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രഞ്ജു. രഞ്ജുവുമായി മറുനാടൻ മലയാളി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ അവസാനഭാഗം

പ്രണയം, വിവാഹം?

പ്രണയം, വിവാഹം, ഇതൊക്കെ ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഈ ലോകത്ത് ഉണ്ടാവില്ല. പ്രണയം ഇഷ്ടമല്ല എന്ന പറയുമ്പോഴും, പ്രണയം ഇല്ല എന്ന പറയുമ്പോഴും. പ്രണയിച്ചിട്ട് ഇല്ല എന്ന് പറയുമ്പോഴും അതിനെ പൂർണ്ണമായി ഉൾക്കൊള്ളാൻ മലയാളികളായ നമുക്ക് കഴിയുകയുമില്ല. പിന്നെ വിവാഹം, വിവാഹത്തിലേക്ക് വരുന്നൊരു കാര്യം പറയുകയാണെങ്കിൽ വിവാഹം ഏതൊരു സ്ത്രീയുടെയും ഏതൊരു പുരുഷന്റെയും സ്വപ്നം തന്നെയാണ്. ഞാൻ പ്രണയിച്ചിട്ടുണ്ട്. പ്രണയ നൈരാശ്യം ഉണ്ട്. എന്ന് കരുതി എന്റെ പ്രണയം എനിക്ക് നഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ട് ഞാൻ മരണത്തെ മുഖാമുഖം കാണാനോ. അല്ലെങ്കിൽ അതിനെപറ്റി ആധികാരികമായി ചിന്തിച്ച് സമയം നഷ്ടപ്പെടുത്താനോ എനിക്ക് താൽപര്യമില്ല. അന്നും ഇന്നും ഞാൻ ആ ഒരു നിലപാടിൽ തന്നെയാണ് പോവുന്നത്. കാരണം പ്രണയിച്ച് വേർപ്പെട്ട ഒരുപാട് ആളുകളെ എനിക്ക് പരിചയമുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച് ബന്ധം ഒഴിഞ്ഞ ഒരുപാട് പേരെ എനിക്ക് പരിചയമുണ്ട്. അപ്പോൾ അതുകൊണ്ട് തന്നെ ഒരു പ്രണയം നമ്മളിലേയ്ക്ക് വരുമ്പോൾ ഇത് എത്രത്തോളം സക്സസ് ആകുമെന്നോ അല്ലെങ്കിൽ ഇത് നാളെ നമ്മളെ വിട്ട് പോകുമെന്ന് ഉള്ള മുൻധാരണ എനിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ പൂർണ്ണമായിട്ട് എന്റെ ഹൃദയത്തിന്റെ നൂറ് ശതമാനവും ഞാൻ അർപ്പിക്കാറില്ല. അതുകൊണ്ട് എനിക്ക് ആ വീഴ്‌ച്ച അത്രത്തോളം കാഠിന്യമായി തോന്നാറില്ല.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷം?

ജീവിതത്തിൽ സന്തോഷം തോന്നിയ ഒരുപാട് നിമിഷങ്ങൾ ഉണ്ട്. കാറ്റെഗറൈസ് ചെയ്ത് നോക്കുവാണേൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇപ്പോൾ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് ധ്വയ എന്ന് പറയുന്ന ഒരു സംഘടന ഞങ്ങൾ ഫോം ചെയ്തു. നാല് വർഷത്തോളമായി അതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ചർച്ച ചെയ്യുന്ന ഒരു സംഘടനയായി അത് മാറി. അതിന്റെ കീഴിൽ മഴവിൽ ധ്വനി എന്ന പേരിൽ ഒരു നാടക ട്രൂപ്പും. കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡേഴ്സിന്റെ തീയറ്റർ ട്രൂപ്പായ മഴവിൽ ധ്വനി രൂപീകരിക്കാൻ സാധിച്ചു. അതിൽ നിന്ന് പറയാൻ മറന്ന കഥകൾ. അതായത് ഞങ്ങൾ, ഞങ്ങളുടെ ജീവിതം എവിടെ നിന്ന് ഉത്ഭവിച്ചോ, ഒരു കുടുംബത്തിൽ ഒരു അമ്മയുടെ ഗർഭപാത്രത്തിൽ ഞങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവിടെ നിന്ന് പ്രസവിച്ചു അവിടെ നിന്ന് നമ്മുടെ കുടുംബം, നമ്മുടെ സ്‌ക്കൂൾ, തൊഴിൽ മേഖല, സൊസൈറ്റി അങ്ങനെ ഒരു വ്യക്തി ജീവിതത്തിൽ ഫെയിസ് ചെയ്യേണ്ട ഏതൊക്കെ മേഖലകൾ ഉണ്ടോ ഈ മേഖലകളിലെല്ലാം ഞങ്ങൾ അനുഭവിച്ച വേദനകൾ. അതെല്ലാം കൂടെ കോർത്തിണക്കി കൊണ്ട് പറയാൻ മറന്ന കഥകൾ എന്ന് പറഞ്ഞ ഒരു ഡ്രാമ ഞങ്ങൾ ചെയ്യുന്നുണ്ട്. അത് വളരെ സക്സസ് ആയി കേരളത്തിന് അകത്തും പുറത്തും, ഇന്ത്യ്ക്ക് ആകത്തും പുറത്തും ഒക്കെയായിട്ട് ഞങ്ങൾ ട്രാവൽ ചെയ്ത് അവതരിപ്പിക്കുന്നുണ്ട്.

അതൊരു വലിയ സന്തോഷത്തിന്റെ നിമിഷമാണ്. ലോകത്ത് ആദ്യമായിട്ട് ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് വേണ്ടി മാത്രമായിട്ട് കേരള സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ഒരു ബ്യൂട്ടി അക്കാദമി ചെയ്യാൻ പറ്റി. അത് വളരെ വിജയമായി. മുപ്പത്തിയഞ്ചോളം ട്രാൻസ് ജെൻഡർ വ്യക്തിത്വങ്ങൾക്ക് മൂന്ന് മാസത്തെ കോഴ്സ് കൊടുക്കാൻ പറ്റി. അതിന് ചുക്കാൻ പിടിച്ചത് കേരള സർക്കാരാണ്. കേരള സർക്കാരുമായി ചേർന്ന് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാൻ പറ്റി. അതിന്റെയൊക്കെ സന്തോഷം ഉണ്ട്. അങ്ങനെ അങ്ങനെ ഒരുപാട്. ഇപ്പോൾ ട്രാൻസ് ജെൻഡേഴ്സിന് വേണ്ടിയിട്ട് ആദ്യമായി കലോത്സവം തന്നെ വരുന്നു. സംസ്ഥാന സ്‌ക്കൂൾ കലോത്സവം പോലെ ട്രാൻസ് ജെൻഡേഴ്സ് കലോത്സവം വരുന്നുണ്ട്. അങ്ങനെ സന്തോഷങ്ങൾ അസ്ഥമിക്കുന്നില്ല . സന്തോഷങ്ങൾ ഒരുപാട് ഒരുപാട് ഇങ്ങനെ വരുന്നുണ്ട്. പക്ഷെ അതേ സമയം കുറെ തിക്താനുഭവങ്ങളും ഞങ്ങളുടെ ജീവിതത്തിൽ വരുന്നുണ്ട്. കുറെ മരണങ്ങൾ , പൊലീസിന്റെ ഭാഗത്ത് നിന്നുള്ള മർദനങ്ങൾ, സൊസൈറ്റിയുടെ ഭാഗത്ത് നിന്നുള്ള കല്ലെറിയലുകൾ. ഇതെല്ലാം ഒരു ഭാഗത്ത് നടക്കുമ്പോൾ ഒരു ഭാഗത്ത് അച്ചീവ്മെൻസുകളും നടക്കുന്നുണ്ട്. ഞങ്ങളുടെ തന്നെ കമ്മ്യൂണിറ്റിയിൽ നിന്ന് ആദം ഹാരി എന്ന മോൻ. അവൻ ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് എടുക്കാൻ പോവുകയാണ്. കേരള ഗവൺമെന്റാണ് അതിന് ഫണ്ട് കൊടുക്കുന്നത്. അങ്ങനെ പോവുന്നു. അങ്ങനെ ഒരുപാട് നല്ല നല്ല കാര്യങ്ങളും വരുന്നുണ്ട്. കുറച്ച് വിഷമമുള്ള കാര്യങ്ങളും വരുന്നുണ്ട്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ച നിമിഷം?

ഒരുപാട് ഉണ്ട്. ഇപ്പോൾ ദയ ഗായത്രി എന്ന് പറയുന്ന എന്റെ മകളാണ്. അവൾ മഹാരാജാസിൽ പഠിക്കുകയാണ്. ഡിഗ്രിക്ക് പഠിക്കുന്നു. അവൾ ഒരു പെണ്ണാവണം എന്നുള്ള ആഗ്രഹത്തോട് കൂടി വീട് വിട്ട് ഇറങ്ങി. കിട്ടുന്ന നാണയത്തുട്ടുകൾ അവൾ സ്വരുക്കൂട്ടി വെച്ചു, അവളുടെ സർജറിക്ക് വേണ്ടി. ഒരു സുപ്രഭാതത്തിൽ എറണാകുളം ജില്ലയിൽ ഒരു കൂട്ട അറസ്റ്റ് നടന്നു. ട്രാന്സ് ജെൻഡേഴ്സിന് വീട് കിട്ടില്ല. അവർ എവിടെ ജീവിക്കണം എന്നുള്ള ഒരു അവസ്ഥ നിലനിൽക്കുമ്പോഴാണ്, മെട്രോയിൽ ജോലി ചെയ്യുന്നവരുണ്ട് കുറെ പേർ എന്ന് അറിയുന്നത്. വീട് കിട്ടാത്ത സാഹചര്യത്തിൽ ഇവരെല്ലാവരും കൂടെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ലോഡ്ജിൽ റെയിഡ് നടക്കുന്നത് വേറൊരു കാരണത്താലാണ്. കൂട്ടത്തിൽ ഇവരെയും കൂടെ പിടിക്കുകയും ചെയ്യുന്നു. അപ്പോൾ ദയ സർജറിക്ക് വേണ്ടി സ്വരുക്കൂട്ടി വെച്ചിരുന്ന പൈസ പൊലീസുകാർ എടുത്തുകൊണ്ട് പോവുകയും, ആ പൈസ തിരിച്ച് കിട്ടിയിട്ടുമില്ല.

അവളുടെ ഒരു സ്വപ്നമായിരുന്നു ആ സർജറി എന്നുള്ളത്. ആ സ്വപ്നത്തിന് വേണ്ടിയിട്ട് സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ എടുത്തുകൊണ്ട് പോവാൻ മനസ് കാണിച്ച പൊലീസ് ഏമാന്മാരുടെ മനസ്ഥിതിയെ ഏത് ത്രാസിലാണ് അളക്കേണ്ടതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് മനസിലേറ്റ ഏറ്റവും വലിയൊരു ഷോക്കായിരുന്നു. അവൾ പറഞ്ഞു ഞാൻ സർജറിക്ക് വേണ്ടിയിട്ട് സ്വരുക്കൂട്ടിയ കുറച്ച് പണം ഉണ്ടായിരുന്നു അത് എനിക്ക് തിരിച്ചിറങ്ങുമ്പോൾ കിട്ടുമോ എന്നുള്ളത്. അത് തിരിച്ച് കിട്ടാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു പക്ഷെ ആ പിച്ചകാശ് തട്ടിയെടുത്ത പൊലീസുകാരോട് എനിക്ക് തീർത്താൽ തീരാത്ത വെറുപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചെയ്ത കുറ്റം എന്താണെന്ന് പോലും പൊലീസിന് അറിയില്ല. ഇവരെന്താണ് തെറ്റ് ചെയ്തത് എന്നത് പോലും അറിയാതെ അവർക്ക് പ്രതികളുടെ ലിസ്റ്റ് തയ്യാറാക്കണം. അത് ട്രാൻസോ, ആണോ പെണ്ണോ എന്നൊന്നും ഇല്ല. അവർ കിട്ടിയവരെ കൊണ്ടുപോയി പൊലീസ് കേസ് ചാർജ് ചെയ്യുന്നു. ഇങ്ങനെയുള്ള പ്രവണതകൾ കാണുമ്പോൾ വലിയ വിഷമം ഉണ്ട്.

പിന്നെ മനസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ചിരിക്കുന്ന ഒരു സംഭവം വാളയാർ സ്ത്രീ പീഡനം. സ്ത്രീ പീഡനം എന്ന് പറയാൻ പറ്റില്ല ബാല പീഡനം എന്ന് പറയാം. പതിനൊന്ന് വയസും ഒമ്പത് വയസും പ്രായമുള്ള പെൺകുട്ടികൾ. അത് ചിന്തിക്കുമ്പോൾ ഞാൻ ഒരു പെൺകുട്ടിയെ എടുത്ത് വളർത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. പ്രസവിക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ ഒരു പെൺകുട്ടിയെ എനിക്ക് എടുത്ത് വളർത്തണം. സൊസൈറ്റിയിൽ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയായി അതിനെ വളർത്തണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ ഒരു സംഭവം കേട്ടതിന് ശേഷം ഞാൻ ഇങ്ങനെ നിസ്സഹായ അവസ്ഥയിലായിരുന്നു. ഒരു പെൺകുട്ടിയെ ഞാൻ എന്ത് ഉറപ്പിന്മേൽ എടുത്ത് വളർത്തും. സമൂഹം ചിന്തിക്കുന്നത്് ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സ് ആണ്് യാചകരാണ് എന്നൊക്കെയാണ്. ആ ഒരു സമയം ഞാൻ ഒരു പെൺകുട്ടിയെ കൂടി എടുത്ത് വളർത്തിയാൽ ആ സൊസൈറ്റി ആ കാഴ്‌ച്ചപ്പാടിലായിരിക്കും അവളെ കാണുക. അവളെ പിച്ചി ചീന്താനായിട്ട് വരും. അത് പാർട്ടി നോക്കിയോ മറ്റൊന്നും നോക്കിയോ അല്ല ഞാൻ പറയുന്നത്. മനുഷ്യത്വത്തിന്റെ ഒരു കടമ ഉള്ളതുകൊണ്ടാണ്. നീതിപാലകർ കണ്ണടയ്ക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചിന്തിക്കാൻ പറ്റുന്നില്ല. വെറും ഒമ്പത് വയസ് മാത്രം പ്രായമുള്ള മാങ്ങാ കടിച്ച് തിന്ന് നടക്കുന്ന പ്രായത്തിലുള്ള പെൺകുട്ടി. അവൾ കഴുക്കോലിൽ തുണികെട്ടി ആത്മഹത്യചെയ്യുമെന്ന് പറയാൻ അത്രയും വിശ്വസിക്കാനായിട്ടുള്ള പൊട്ടന്മാരാണോ ഈ കേരളത്തിൽ ജീവിക്കുന്ന നിയമപാലകർ. ചിന്തിക്കാൻ പോലും പറ്റുന്നില്ല. എന്റെ ഒക്കെ അവസ്ഥയിലാണെങ്കിൽ, ഞാനാണ് ആ പ്രതികളെ നേരിട്ട് കണ്ടിട്ടുള്ളതെങ്കിൽ കൊന്നുകളയും.

സൗന്ദര്യം, വ്യായാമം..

ഫുഡ്ഡിന്റെ കാര്യത്തിൽ കുറച്ച് കൺട്രോൾഡ് ആണ്. അങ്ങനെ വാരിവലിച്ച് ഞാൻ കഴിക്കാറില്ല. വാരിവലിച്ച് എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഇപ്പോൾ ചില ഫുഡ്ഡുകൾ ഇഷ്ടം തോന്നിയാൽ കഴിക്കും. പിന്നെ ഞാൻ അതിന് പരിധി വെക്കും. ഒരാഴ്‌ച്ച കൃത്യ സമയം കുറച്ച് കുറച്ച് ഭക്ഷണം കഴിച്ച് പോവുകയാണെങ്കിൽ ഒരു ദിവസം ഞാൻ കൈവിട്ട് കുറെ ഭക്ഷണം കഴിക്കും. അങ്ങനെയാണ് എന്റെ ഡയറ്റ് പോകുന്നത്. പിന്നെ വെള്ളം കുടിക്കും. കുറച്ച് അധികം വെള്ളം കുടിക്കും. പിന്നെ പോസിറ്റീവ് കാര്യങ്ങൾ മാത്രം ചിന്തിക്കും.

വിജയ കാരണങ്ങൾ?

ജീവിതം വിജയിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വേണം പറയാൻ. വിജയിച്ച് കഴിഞ്ഞാൽ നമ്മുടെ മരണമാണ്. ഒരു പേഴ്‌സൺന്റെ സക്‌സസ് എന്ന് പറഞ്ഞാൽ മരണത്തിൽ എത്തുമ്പോഴാണ്. അപ്പോൾ എന്റെ ഒരു ലൈഫ് കുറച്ച് നല്ല രീതിയിൽ പോകുന്നത് ഞാൻ കോടുക്കുന്ന നൂറ് ശതമാനം ജെനുവിനിറ്റി തന്നെയാണ്. ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ആണെങ്കിലും ഒരു മോഡലിന്റെയടുത്ത് ആണെങ്കിലും ഒരു ബ്രൈഡിന്റെയടുത്ത് ആണെങ്കിലും സാധാരണക്കാരുടെ അടുത്താണെങ്കിലും, ഞാൻ എന്താണോ എന്നിൽ ഒന്നും ഏച്ച് വെച്ച് കെട്ടാതെ ഞാൻ ഒരു പേഴ്‌സണായിട്ട് നിന്ന് തന്നെയാണ് ഞാൻ അവരോട് ഇടപെടുന്നത്. അപ്പോൾ സത്യസന്ധമായിട്ട് നമ്മൾ ഇടപെടുക. ബിസിനസിന്റെ കാര്യത്തിലാണെങ്കിലും വ്യക്തിജീവിതത്തിന്റെ കാര്യത്തിലാണെങ്കിലും നമ്മൾ നൂറ് ശതമാനം സത്യസന്ധമായിട്ട് ജീവിക്കുക. പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ ചിന്തിക്കുക. ഞാൻ നെഗറ്റീവ് ചിന്തിക്കാറില്ല. ഞാൻ അവരെ വിളിച്ച് ചീത്ത പറയാറില്ല. ഓക്കെ ഈ വർക്കിന് നമ്മൾ ആപ്റ്റല്ല. അടുത്ത വർക്കിനായിരിക്കും നമ്മൾ ആപ്റ്റ്. അതുകൊണ്ട് അവർ വേറെയൊരു ആളെ വിളിച്ചു. എല്ലാ വർക്കിനും ഞാൻ തന്നെ വരണം എന്ന് വാശിപിടിക്കാൻ ഞാൻ അത്രയ്ക്ക് വലുതല്ല. അങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ എന്നെ ഒരിക്കലും അത് ബാധിക്കാറില്ല. ഞാൻ അത് പോസിറ്റീവായിട്ടെ എടുക്കാറുള്ളൂ.

പെണ്ണായി മാറിക്കഴിഞ്ഞാലുള്ള ചടങ്ങുകൾ?

പണ്ട് കാലങ്ങളിൽ ഇവിടെ നിന്ന് ട്രാൻസ് ജെൻഡേഴ്‌സ് കുടിയേറി പോയിരുന്നത് ബാംഗ്ലൂരിലേക്കും, മദ്രാസിലേയ്ക്കും, ബോംബേയിലേയ്ക്കും, കോയമ്പത്തൂരിലേക്ക് ഒക്കെയാണ്. അപ്പോൾ അവിടെയൊക്കെ ആചരിച്ച് പോന്നിരുന്നത് ഹിജഡ കൾച്ചറാണ്. അപ്പോൾ ആ ഹിജഡ കൾച്ചറിലേയ്ക്ക് നമ്മൾ പോയിപ്പെടുമ്പോൾ നമ്മുടെ സർജറി കഴിയുമ്പോൾ വളരെ ആചാരപ്രകാരമായിട്ടാണ് അതുകൊണ്ടുപോകുന്നത്. ഒരു പതിനൊന്ന് വയസ് പന്ത്രണ്ട് വയസാവുമ്പോൾ സാധാരണ പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ അവരെ ഒരു ഏഴു ദിവസം വീടിന് അകത്ത് സൂര്യദേവനെയൊന്നും കാണിക്കാതെ ഇരുത്തി...

അങ്ങനെയൊക്കെയുള്ള ഒരു ആചാരം. അപ്പോൾ അത് ഞങ്ങളുടെ ഒരു കൾച്ചറിലേയ്ക്ക് വരുമ്പോൾ നമ്മളൊരു പരിപൂർണ്ണ സ്ത്രീയായി മാറുന്ന ഒരു കാലഘട്ടമാണ് സർജറിയിലൂടെ. നമ്മുടെ ഒരു ജെൻഡർ ഫോം കറക്റ്റ് ചെയ്യുന്ന ഒരു സമയം. നമ്മൾ നമ്മുടെ സെക്‌സ് ചെയിഞ്ച് ചെയ്തിട്ട് നമ്മളൊരു ഫീമെയിൽ സെക്‌സിലേയ്ക്ക് വരുന്ന ഒരു സിറ്റുവേഷനാണ് എസ്ആർഎസ് എന്ന് പറയുന്നത്. ആ ഒരു സർജറി കഴിയുമ്പോൾ നമ്മൾ സ്ത്രീയായി മാറി. നമ്മളിലുള്ള ആ ബയോളജിക്കലി ഉള്ള ഒരു ഇത് മാറി. നമ്മുടെ സെക്‌സ് മാറി നമ്മളൊരു ഫീമെയിൽ സെക്‌സായിട്ട് മാറുന്നു. അപ്പോൾ അത് നമ്മൾ ആചാരപ്രകാരം ഇരുത്തി 41 ദിവസം സൂര്യദേവനെയൊന്നും കാണാതെ പുറത്ത് പോവാതെ നമ്മൾ മുഖത്ത് പൗഡറുകളോ ഒന്നും പൂശാതെ സാധാരണ രീതിയിൽ തന്നെ വീടിന് അകത്ത് തന്നെ വിഷ്രമിച്ച് നാൽപ്പത്തിയൊന്നാമത്തെ ദിവസം ഈ ഒരു വലിയ ആഘോഷത്തോടെ നടത്തുന്ന ഒരു ജെൽസാ ചടങ്ങെന്ന് പറയും അതിനെ. ഈ ഒരു ചടങ്ങുകൾ കേരളത്തിലും വന്ന് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. അത് ഹിജഡ കൾച്ചറിനെ മുൻനിർത്തി കൊണ്ട് ചെയ്യുന്നതല്ല. അത് ഒരു സ്ത്രീയായി മാറിയതിന്റെ ആഘോഷം കാണിക്കുന്നതാണ്.

നടിമാരുമായുള്ള സൗഹൃദങ്ങൾ?

ഞാൻ എന്റെ വിഷമങ്ങളാണെങ്കിലും എല്ലാ കാര്യങ്ങളും ഞാൻ ആർട്ടിസ്റ്റുകളുമായി ഞാനുമായി ചേർന്ന് നിൽക്കുന്ന ആളുകളുമായിട്ട് ഷെയർ ചെയ്യാറുണ്ട്. മംമ്ത മോഹൻദാസിന്റെയടുത്ത് ഷെയർ ചെയ്യാറുണ്ട്. പ്രിയാമണിയുടെ അടുത്ത് ഷെയർ ചെയ്യാറുണ്ട്. ഭാവനയുടെ അടുത്ത് ഷെയർ ചെയ്യാറുണ്ട്. അപ്പോൾ ഭാവനയുടെ അടുത്ത് ഞാൻ ഒരു വിഷയം പറഞ്ഞ് കഴിഞ്ഞാൻ വിത്തിൻ സെക്കന്റിൽ അവിടെ നിന്ന് എനിക്ക് ഒരു സൊലൂഷൻ കിട്ടും. എനിക്ക് ഒരു അഭിപ്രായം വരും. മംമ്തയും പ്രീയാമണിയുമൊക്കെയാണെങ്കിൽ കുറച്ചു കൂടെ ലേറ്റായിട്ടായിരിക്കും എനിക്ക് മറുപടി കരുന്നത്.

ലേറ്റ് എന്നുവെച്ച് കഴിഞ്ഞാൽ അവർ അതിനെ കുറിച്ച് പഠിച്ചതിന് ശേഷമായിരിക്കും എനിക്കൊരു മറുപടി തരുന്നത്. എല്ലാവരുമായിട്ടും ഞാൻ ചേർന്ന് നിൽക്കുന്ന ഒരാളാണ്. രമ്യ നമ്പീശനായിട്ട് ആണെങ്കിലും വളരെ അടുത്ത് ഇടപെടുന്നൊരു സ്വഭാവമാണ് രമ്യയുടേത്. രമ്യയുടെ വീട്ടിലും രമ്യയുടെ അച്ഛനുമായിട്ട് ആണെങ്കിലും അമ്മയുമായിട്ട് ആണെങ്കിലും സഹോദരനുമായിട്ട് ആണെങ്കിലും ഒരു മാനസികമായിട്ട് ബന്ധമുള്ളൊരു ഫാമിലിയാണ് അവർ. അതുപോലെയാണ് ഭാവനയുടെ വീട്ടിലും. ഭാവനയുടെ അമ്മയാണെങ്കിൽ അച്ചാർ ഇട്ട് തരികയും. അങ്ങനെയുള്ള കുറെ കാര്യങ്ങളൊക്കെ ചെയ്യുന്ന, എന്തെങ്കിലും സ്‌പെഷ്യൽ മെഡിസിൻ ഒക്കെ പറഞ്ഞ് തരികയും അങ്ങനെയൊക്കെയുള്ള ഒരു എല്ലാവരുമായി ഉണ്ട്.

ട്രാൻസ് കുടുംബം?

എനിക്ക് തോന്നുന്നു ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് കപ്പിളാണ് എന്റെ മകൾ സൂര്യയും ഇഷാനും. അവരുടെ ഒരു ജീവിതവും, വിവാഹവുമൊക്കെ കേരളത്തിലല്ല ലോകവ്യാപകമായി ചർച്ചചെയ്യപ്പെട്ടതാണ്. ഞങ്ങൾ സെക്‌സ് വർക്കിന് വേണ്ടി ജീവിക്കുന്നവരാണെന്ന് ധരിച്ച് വെച്ചിരിക്കുന്ന ജനങ്ങളോടാണ് പറയുന്നത്. ഞങ്ങൾക്കും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്. കുട്ടികളെ ദത്തെടുത്ത് വളർത്താൻ ആഗ്രഹമുണ്ട്. അപ്പോൾ ഈ ഒരു സൊസൈറ്റിയിൽ ഞങ്ങൾക്ക് ഇതെല്ലാം ആസ്വദിച്ച് ജീവിക്കാൻ ആഗ്രഹമുള്ള വിഭാഗങ്ങൾ തന്നെയാണ് ഞങ്ങൾ. അപ്പോൾ ഇനി വരുന്ന തലമുറക്ക് ഒരു പ്രചോദനം തന്നെയാണ്. ഇപ്പോൾ തന്നെ ഹൃദ്ദിക്കും, തൃപ്തി ഷെട്ടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. ഇനി ഹെയ്ദി സാദിയയും, അഥർവും തമ്മിലുള്ള വിവാഹം വരുന്നുണ്ട്. അങ്ങനെ ഒരുപാട് പേര് . മിയയുടെ വിവാഹം വരുന്നുണ്ട്. ദയ ഗായത്രിയുടെ വിവാഹം വരുന്നുണ്ട്. അങ്ങനെ ഒരുപാട് പേരുടെ വിവാഹങ്ങൾ വരുന്നുണ്ട്.

എന്തുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുന്നു എന്നൊരു ചോദ്യം പൊതുജനങ്ങളിൽ നിന്ന് വരുന്നുണ്ട്. അതെന്തുകൊണ്ടെന്ന് വെച്ച് കഴിഞ്ഞാൽ പലപ്പോഴും സാധാരണ ആണുങ്ങളിൽ നിന്ന് ഞങ്ങൾക്ക് പ്രൊപ്പോസലുകൾ വരാറുണ്ട്. പക്ഷെ അതിന്റെ ഒരു ആയുസ് മൂന്ന് മാസമോ ആറ് മാസമോ ആയിരിക്കും. അവർക്കൊരു ക്യൂരിയോസിറ്റിയാണ്.ഞങ്ങൾ എന്താണെന്ന് അറിയാൻ മാത്രം. ഞങ്ങൾ പൂർണ്ണമായി സ്ത്രീയായി മാറിയോ. ഞങ്ങളുടെ സെക്ഷ്വാലിറ്റി ഫീൽ എങ്ങനെയാണ്. എന്നുള്ളതും പിന്നെ ഒരു സഹതാപത്തിന്റെ പുറത്ത് വന്ന് ചേരും. പിന്നെ അവർ പേടി കൊണ്ടും സമൂഹത്തിന്റെ കളിയാക്കലുകൊണ്ടുമൊക്കെ എന്തോ എനിക്ക് അറിയില്ല. അങ്ങനെയൊക്കെ ഞങ്ങളിൽ നിന്നും വിട്ട് മാറി പോകും. പക്ഷെ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് അറിയാം ഞങ്ങൾ എന്താണെന്ന്.

എന്നതുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നു ഇന്ന് ട്രാൻസ് ജെൻഡർ വ്യക്തിത്വങ്ങളിൽ നിന്ന് കൂടുതൽ വിവാഹങ്ങൾ വരുന്നത്. എന്റെ മകൻ വിഹാൻ പീതാംബർ വിവാഹം കഴിച്ചത് ഒരു സാധാരണ പെൺകുട്ടിയെയാണ്.. രാജശ്രീ. അപ്പോൾ അങ്ങനെയൊക്കെ മെന്റാലിറ്റിയുള്ള ഒരുപാട് പേര് ഉണ്ടെങ്കിൽ പോലും നമ്മളിലേയ്ക്ക് ഒരു ജീവിതം തരാൻ വരാനായിട്ട് കുറച്ച് മടി കാണിക്കുന്നുണ്ട്. പക്ഷെ ഒരു കാര്യം നിങ്ങൾ മനുഷ്യരാണെങ്കിൽ ചിന്തിക്കണം. ഞങ്ങൾക്കും സ്വപ്നങ്ങളുണ്ട്, മോഹങ്ങളുണ്ട്, ആഗ്രഹങ്ങളുണ്ട്. ഇതെല്ലാം സഫലമാക്കണമെങ്കിൽ നമ്മളെല്ലാം ഒരേ മനസാണ്. ഒരേ വ്യക്തിത്വങ്ങളാണ് ചിന്തിച്ചാൽ മാത്രമേ ആ മാറ്റങ്ങൾ നമുക്ക് കൊണ്ടുവരാൻ പറ്റുകയുള്ളൂ.

പ്രേക്ഷകരോട് പറയാനുള്ളത്?

ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക. ഒന്ന് പുഞ്ചിരിക്കുക. ആ പുഞ്ചിരി ഒരുപക്ഷേ നാളത്തെ ഞങ്ങൾക്കൊരു മോട്ടിവേഷനായിരിക്കും. ഞങ്ങൾക്കൊരു പ്രചോദനമായിരിക്കും. ഞങ്ങൾക്കൊരു ഊർജമായിരിക്കും...

( അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP