Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

ലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽ

ലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി. സർവകലാശാല എന്ന വേണു നാഗവള്ളി ചിത്രത്തിലൂടെ കടന്നുവന്ന് ഏറെക്കാലം മലയാളികളെ ചിരിപ്പിച്ചു അഭിനയ ജീവിതം തുടങ്ങിയ നടൻ. നാല് സുന്ദരികൾ, സ്പിരിറ്റ്, ഡ്രൈവിങ് ലൈസൻസ്, ലൂസിഫർ, അതിരൻ, മരക്കാർ തുടങ്ങി അടുത്ത കാലത്തിറങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹത്തെ തേടി കുടൂതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളെത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിഭാജ്യഘടകമായി നിൽക്കുകയാണ് നന്ദു എന്ന നടൻ.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിലെ ടേബിൾ ടെന്നീസ് പരിശീലകനായ കൃഷ്ണമൂർത്തിയുടെയും ഗായികയായ സുകുമാരിയുടെയും മകനായാണ് ജനനം. ആദ്യകാലത്ത് സ്ഥിരം കോളേജ് വിദ്യാർത്ഥിയായും നായകന്റെ സുഹൃത്തായും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോയ നന്ദുവിലെ പ്രതിഭയെ തിരിച്ചറിയാൻ മൂന്ന് പതിറ്റാണ്ട് വേണ്ടിവന്നു എന്നതാണ് ദുര്യോഗം. ഈ കാലയളവിൽ നൂറ്റി നാൽപതോളം സിനിമകളിലും ഏതാനും സീരിയലുകളിലും ടെലിഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് അടക്കം നിരവധി സിനിമകൾ റിലിസിങിനായി ഒരുങ്ങിയിരിക്കുകയാണ്. തന്റെ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുമായി പങ്കുവെച്ചു.

സുരാജ് വെഞ്ഞാറമൂട് ഉപയോഗിക്കുന്നത് കൃത്യമായ തിരുവനന്തപുരം സ്ലാങ്ങല്ലെന്ന് നന്ദു പറഞ്ഞു. കൃത്യമായ തിരുവനന്തപുരം സ്ലാങ് ഉപയോഗിച്ചിരിക്കുന്നത് മധുപാലിന്റെ ഒഴിമുറി എന്ന് സിനിമയിലാണ്. ധിംതരികിടതോമിൽ ജഗതിയും തിരുവനന്തപുരം സ്ലാങ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. സുരാജ് സംസാരിക്കുന്നത് സ്വരാജിന്റെ സ്വന്തം ശൈലിയാണ്. അതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. ആദ്യകാലത്ത് തിരുവനന്തപുരം ഭാഷ സംസാരിച്ചാൽ കേൾക്കുന്നവർ കളിയാക്കുമോ എന്ന് കരുതി മാറ്റാൻ ശ്രമിച്ചു. അപ്പോൾ സിദ്ദിഖ് ആണ് നിനക്കെന്താ തിരുവനന്തപുരം ഭാഷ സംസാരിച്ചാൽ. നീ ജനിച്ചു വളർന്നത് തിരുവനന്തപുരത്തല്ലേ എന്ന് ചോദിച്ചത്. അത് ഉത്തേജനമായെന്നും പിന്നെ ശൈലി മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

തന്റെ മനസിൽ രാഷ്ട്രീയമുണ്ടെന്ന് നന്ദു പറയുന്നു. പക്ഷെ പരസ്യമായ രാഷ്ട്രീയമില്ല. സുരേഷ് ഗോപിയും കൃഷ്ണകുമാറുമെല്ലാം രാഷ്ട്രീയത്തിൽ വന്നപ്പോൾ ഒരുപാട് പേർ അവരെ തെറിവിളിച്ചു, കുറെപേർ അവരെ സ്നേഹിക്കുന്നുമുണ്ട്. പരസ്യമായി രാഷ്ട്രീയം പറയാതിരുന്നാൽ അത്തരം തെറിവിളികൾ ഒഴിവാക്കാം. അല്ലെങ്കിൽ അത്തരക്കാർ സിനിമ വിട്ടിട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മോഹൻലാലിന്റെ സുഹൃത്തിന്റെ മകളെയാണ് നന്ദു പ്രണയിച്ച് വിവാഹം ചെയ്തത്. ആ പ്രണയത്തിന്റെ പേരിൽ മോഹൻലാലിന് വിഷമമായതിനെ പറ്റിയും അഭിമുഖത്തിന്റെ രണ്ടാംഭാഗത്തിൽ നന്ദു പറയുന്നു. രണ്ട് മാസം മാത്രം പ്രായമുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടയാളാണ് നന്ദു. പലരും അമ്മമാരോട് സ്നേഹിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അതുപോലെ അമ്മമാരെ ഉപദ്രവിക്കുന്നവരെ കൊല്ലാനും തോന്നാറുണ്ട്. അമ്മമാരെ വിഷമിപ്പിക്കുന്നവർക്ക് അതിൽ കുറഞ്ഞൊരു ശിക്ഷ കൊടുക്കാനില്ല, നന്ദു പറയുന്നു.
നന്ദുവിന്റെ അഭിമുഖത്തിന്റെ അവസാന ഭാഗം...

തിരുവനന്തപുരത്ത് ജനിച്ചുവളർന്ന് തനി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നയാളാണ് നന്ദു. പക്ഷെ തിരുവനന്തപുരം ഭാഷയുടെ കുത്തക സുരാജിനായിപ്പോയല്ലോ?

സുരാജ് സംസാരിക്കുന്നത് തിരുവനന്തപുരം ഭാഷയാണോ എന്ന് ചോദിച്ചാൽ ഒരുപരിധി വരെ അല്ലാന്ന് പറയേണ്ടി വരും. അത് സ്വരാജിന്റെ സ്വന്തം ശൈലിയാണ്. അതാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. തിരുവനന്തപുരം തമിഴ്‌നാടുമായി തൊട്ടുകിടക്കുന്നതുകൊണ്ട് തമിഴ് ചുവയാണ് ഇവിടെ കൂടുതൽ. തിരുവനന്തപുരത്തെ പല വാക്കുകളും നോക്കിയാൽ അറിയാം തമിഴിന്റെ സ്വാധീനം. ചേച്ചി എന്ന അർത്ഥത്തിൽ ഇവിടെ വിളിക്കുന്ന അക്ക തമിഴ് വാക്കാണ്. ഇതുപോലെ നൂറ്റിക്കണക്കിന് വാക്കുകൾ ഇന്നും ഇവിടെ കിടക്കുന്നുണ്ട്. കൃത്യമായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന സിനിമ മധുപാലിന്റെ ഒഴിമുറിയാണ്. 'എന്തരടേ' പോലും പൂർണമായും തിരുവനന്തപുരം ശൈലിയാണെന്ന് പറയാൻ പറ്റില്ല.

ആദ്യകാലത്ത് തിരുവനന്തപുരം ഭാഷ സംസാരിച്ചാൽ കേൾക്കുന്നവർ കളിയാക്കുമോ എന്ന് കരുതി 'എന്താണ്, സുഖമാണോ?' എന്നൊക്കെ സംസാരിക്കാനുള്ള ശ്രമം നടത്തിതുടങ്ങി. പക്ഷെ നമ്മളെ കൊണ്ട് സാധിക്കുന്നില്ല. പറഞ്ഞുവരുമ്പോൾ ഈ ഭാഷ തന്നെ വരും. അപ്പോൾ സിദ്ദിഖ് എന്നോട് പറഞ്ഞു, 'നീയെന്തിനാണ് ഇത് മാറ്റാൻ നോക്കുന്നത്? കുതിരവട്ടം പപ്പു ചേട്ടനും മാമുക്കയുമെല്ലാം കോഴിക്കോട് ഭാഷയല്ലേ സംസാരിക്കുന്നത്. ഇന്നസെന്റ് ചേട്ടൻ തൃശൂർ ഭാഷയല്ലേ സംസാരിക്കുന്നത്. പിന്നെ നിനക്കെന്താ തിരുവനന്തപുരം ഭാഷ സംസാരിച്ചാൽ. നീ ജനിച്ചു വളർന്നത് തിരുവനന്തപുരത്തല്ലേ.' അത് കേട്ടപ്പോൾ എനിക്കൊരു ഉത്തേജനം കിട്ടി. പിന്നെ ഞാനിത് മാറ്റാൻ നോക്കിയിട്ടില്ല. പിന്നെ ഓരോ സിനിമയിലും കഥാപാത്രങ്ങൾക്കനുസരിച്ച് സ്ലാങുകൾ മാറ്റേണ്ടി വരുമെന്ന് മാത്രം.

അതിൽ പ്രയാസമുണ്ടായിട്ടുണ്ടോ?

ദൈവം സഹായിച്ച് കാസർഗോഡ് ഭാഷ ഒഴികെ മറ്റൊന്നിനും വലിയ പ്രശ്നമുണ്ടായിട്ടില്ല. ഒരു സിനിമയിൽ കാസർഗോഡ് ഭാഷ പറയേണ്ടി വന്നു. ശരിക്കും വെള്ളം കുടിച്ചുപോയി.

അതുപക്ഷെ ആർക്കും വഴങ്ങില്ലല്ലോ

ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ മനസിലായോ ഞാനെന്തുകൊണ്ടാണ് മമ്മൂട്ടി സാറിനെ സാർ എന്ന് വിളിക്കുന്നതെന്ന്. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന സ്ട്രെയ്ൻ, കാല് തൊട്ടു തൊഴണം. വളരെ വൃത്തിയായിട്ട് എല്ലാ സ്ലാങുകളും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് സമ്മതിച്ചു കൊടുത്തേ പറ്റു. തിരുവനന്തപുരം ഭാഷയിൽ സെന്റിമെന്റ്സ് പറഞ്ഞാൽ ആളുകൾ കൂവും. കോമഡിയാണെന്ന് കരുതും. പക്ഷെ രാജമാണിക്യത്തിൽ അദ്ദേഹം എന്ത് ഗംഭീരമായാണ് ആ സെന്റിമെന്റൽ സീൻ കണ്ണുനിറഞ്ഞ് അഭിനയിച്ചത്. തിരുവനന്തപുരം ഭാഷയിൽ ഇങ്ങനെയും ചെയ്യാൻ പറ്റുമല്ലെ എന്ന് ഞാൻ അപ്പോഴാണ് ചിന്തിച്ചത്.

കോമഡിയൊക്കെ ഇത്ര നന്നായി പറയുന്നതിന് തിരുവനന്തപുരം ഭാഷ സഹായിച്ചിട്ടുണ്ടോ? തിരുവനന്തപുരം ഭാഷ എൻജോയ് ചെയ്യുന്നുണ്ടോ?

ശ്വാസം വിടുന്നത് എൻജോയ് ചെയ്യുന്നുണ്ടോ എന്നതുപോലുള്ള ചോദ്യമാണത്. നമ്മുടെ സംസാരഭാഷയെന്നാൽ നമുക്ക് ശ്വാസം പോലെയല്ലെ. പിന്നെ നമ്മൾ നിരന്തരം ഉപയോഗിക്കുന്ന ഭാഷയായതിനാൽ ഒട്ടും ആയാസപ്പെടുന്നില്ല. മറ്റ് ഭാഷകൾ പറയാൻ നമ്മൾ ആയാസപ്പെടേണ്ടിയും കൂടുതൽ ആലോചിക്കേണ്ടിയും വരും. ഞാനിപ്പോൾ സംസാരിക്കുന്നത് തന്നെയാണ് തിരുവനന്തപുരം ഭാഷ. പക്ഷെ സുരാജ് സിനിമയിലും കോമഡിയിലും ഉപയോഗിക്കുന്നത് ഈ ഭാഷയല്ല. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ശൈലി മാറ്റിയതാണ്. ആ ശൈലി ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതാണ് തിരുവനന്തപുരത്തിന്റെ ഭാഷയെന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചു. തിരുവനന്തപുരത്തിന്റെ ഭാഷ എന്തെന്നറിയണമെങ്കിൽ നിങ്ങൾ ധിംതരികിടതോം സിനിമ കണ്ടാൽ മതി. അതിൽ തിരുവനന്തപുരത്തിന്റെ ഏറെക്കുറെ പ്രയോഗങ്ങളൊക്കെ അമ്പിളിച്ചേട്ടൻ അതിൽ ഉപയോഗിച്ചിട്ടുണ്ട്.

സിനിമയിൽ വന്നപ്പോൾ ഹാസ്യനടനാകുമെന്ന് കരുതിയിരുന്നോ?

അതങ്ങനെ ആയിപ്പോയതാണ്. എനിക്ക് സീരിയസ് വേഷങ്ങൾ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ കിട്ടുന്നതെല്ലാം കോമഡി വേഷങ്ങളായിപ്പോയി. ആദ്യമൊന്നും സിനിമയെ ഞാനൊട്ടും ഗൗരവത്തോടെ കണ്ടിരുന്നില്ല. അഭിനയിച്ചതിൽ പകുതിയിലേറെ സിനിമകളിലും ഞാൻ തൃപ്തനല്ല. കുറേക്കൂടി നന്നായി ചെയ്യാമായിരുന്നെന്ന് പിന്നെ തോന്നാറുണ്ട്. ഹ്യൂമർ ചെയ്യുമ്പോഴുള്ള പ്രധാന പ്രശ്നം മലയാളത്തിൽ കാണിക്കാവുന്ന ഹ്യൂമറിന്റെ 99.9 ശതമാനവും അമ്പിളിച്ചേട്ടൻ ചെയ്തിട്ട് പോയി. ഇനി നമ്മൾ എന്തുകാണിച്ചാലും അതിന്റെ കോപ്പി ആവുകയെ ഉള്ളു.

ജഗതി തന്നെയാണ് ഇതിലെ മാസ്റ്റർ അല്ലെ?

സംശയമുണ്ടോ. സലീംകുമാറും അശോകനും സുരാജും കണാരനുമൊക്കെ ഗംഭീരമായി ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം നമ്മുടെ മനസിലേയ്ക്ക് ഇട്ടിട്ട് പോയ ഒരു സംഭവമുണ്ടല്ലോ, അതിനെ ബ്രേക്ക് ചെയ്യാൻ ആർക്കും സാധിക്കില്ല. അത് അവരും സമ്മതിക്കും.

ഈ കോവിഡ് കാലത്ത് എത്ര സിനിമകളിൽ അഭിനയിച്ചിരുന്നു?

ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ടികെ രാജീവ് കുമാറിന്റെ സിനിമയാണ്. ഇതിന് മുമ്പ് കഴിഞ്ഞ നവംബറിൽ ഷൂട്ടിങിനായി തുറന്ന ശേഷം ആറാട്ട്, പാപ്പൻ അടക്കം അഞ്ചാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ചെയ്തതിൽ ഏറ്റവും വലിയ പടം മരയ്ക്കാറാണ്. അത് തീയറ്റർ തുറക്കാനായി മാറ്റിവച്ചിരിക്കുകയാണ്. കാരണം ആ സിനിമ തീയറ്ററിലേ കാണാവു. അത്രമാത്രം വിഷ്വൽ എഫക്ട്സ് ഒക്കെ ഉള്ള സിനിമയാണത്.

ഇനി ഈ ആളുകളൊക്കെ എങ്ങനെ തീയറ്ററിൽ പോകും?

പോകും. പക്ഷെ എന്ന് പോകും എന്നതാണ് ചോദ്യം. ഈ പ്രശ്നങ്ങളൊക്കെ പൂർണമായും മാറി ആളുകൾക്ക് നിർഭയരായി പുറത്തിറങ്ങി നടക്കാം എന്ന അവസ്ഥ വന്നാൽ മാത്രമെ ആളുകൾ പഴയത് പോലെ തീയറ്ററിലേയ്ക്ക് എത്തു. മുമ്പ് കുറച്ചു ദിവസം തീയറ്റർ തുറന്നിരുന്നല്ലോ. അന്ന് തീയറ്റർ ഉടമകൾ പറഞ്ഞത്, വരുന്നവരിൽ ഫാമിലി ഇല്ല, പെണ്ണുങ്ങൾ ഇല്ല. അവർക്കൊക്കെ പേടിയാണ്. കോവിഡിനെയൊന്നും ഭയക്കാതെ കെയർലെസായി നടക്കാൻ കഴിയുന്ന കാലം ഉണ്ടായാലെ ഇനി ആളുകൾ തീയറ്ററുകളിലേയ്ക്ക് ഇറച്ചുകയറുകയുള്ളു.

സിനിമാ മേഖല വലിയ പ്രതിസന്ധിയിലല്ലേ?

ഭീകര പ്രതിസന്ധിയിലാണ്. അധികാരികളോട് ഇത് പറയുമ്പോൾ സിനിമാക്കാർക്ക് എന്ത് പ്രശ്നം എന്നാണ് ചോദിക്കുന്നത്. അവർ ഒരു മോഹൻലാലിനേയോ മമ്മൂട്ടിയേയോ പൃഥ്വിരാജിനേയോ മാത്രം മനസിൽ കണ്ടാണ് പറയുന്നത്. എന്നാൽ നൂറുപേരെയെടുത്താൽ അതിൽ മൂന്നോ നാലോ പേർ മാത്രമാണ് സൂപ്പർ താരങ്ങളോ സൂപ്പർ സംവിധായകരോ നിർമ്മാതാക്കളോ ഒക്കെ ആയിട്ടുള്ളത്. ബാക്കി പതിനായിരക്കണക്കിന് ആളുകൾ കിടക്കുകയാണ്.

പത്തോ പതിനയ്യായിരമോ ജൂനിയർ ആർട്ടിസ്റ്റുകളുണ്ട് കേരളത്തിൽ. അവരൊക്കെ ഇന്ന് പട്ടിണിയാണ്. പിന്നെ കോസ്റ്റിയൂം അസിസ്റ്റന്റുമാരുണ്ട്. ലൈറ്റ് ബോയിമാരുണ്ട്, ആർട്ടിലെ ആളുകളുണ്ട്, പ്രോഡക്ഷൻ ബോയ്സ് ഉണ്ട്. ഇങ്ങനെ എത്രയോപേർ. ജൂനിയർ ആർട്ടിസ്റ്റായ ഒരു സ്ത്രീയുടെ കാര്യം കുറച്ചുദിവസം മുമ്പ് സീമ ജി നായർ വിളിച്ചുപറഞ്ഞിരുന്നു. സീമ ഇത്തരം കാര്യങ്ങളെകുറിച്ച് അന്വേഷിക്കുകയും കഴിവതും സഹായിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിയാണ്.

എറണാകുളത്തുള്ള ആ സ്ത്രീയുടെ ഭർത്താവ് കോവിഡ് മൂലം മരിച്ചുപോയി. രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ. ഒരു മാരകരോഗം വന്ന അവർക്ക് ഉടനടി ഓപ്പറേഷൻ നടത്തണം. ഒരു കൂരയിലാണ് താമസം. ഒടുവിൽ സീമ ഒരു കാമ്പെയ്ൻ ആരംഭിച്ച്, ഞങ്ങളൊക്കെ ഇടപെട്ട്, ചില സുഹൃത്തുക്കളൊക്കെ സഹായിച്ച് കുറെ പൈസ കൊടുത്ത് അവരുടെ ഒരു ഓപ്പറേഷൻ കഴിഞ്ഞു. ഇനി ഒന്ന് കൂടി നടക്കാനുണ്ട്. അതിനും ഇനി രണ്ട് മൂന്ന് ലക്ഷം രൂപ ചെലവുണ്ട്. ഇത് നമുക്ക് അറിയുന്ന ആളായതുകൊണ്ട് നമ്മൾ സഹായിച്ചു. ഇതുപോലെ നമ്മൾ അറിയാത്ത എത്രയോപേർ ആ വിഭാഗത്തിൽ കാണും. ജൂനിയർ ആർട്ടിസ്റ്റുകൾ 15000 എന്ന് പറഞ്ഞാൽ അവരുടെ കുടുംബാംഗങ്ങളെ കൂടി കണക്കാക്കുമ്പോൾ അമ്പതിനായിരത്തിന് പുറത്ത് ആളുകൾ വരില്ലേ.

അഭിനേതാക്കൾക്ക് അത്യാവശ്യം സമ്പാദ്യമില്ലേ? നല്ല പ്രതിഫലമല്ലേ നിങ്ങൾ വാങ്ങുന്നത്?

ഞാൻ ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞപ്പോൾ ഒരാൾ എന്നോട് ചോദിച്ചു, നീ പിന്നെ ഈ പത്ത് മുപ്പതുകൊല്ലം എന്തുചെയ്യുകയായിരുന്നെന്ന്. മുപ്പത്തഞ്ച് വർഷമായി ഞാൻ സിനിമയിലെത്തിയിട്ട്. അതിൽ ഇരുപത്തിയെട്ട്- മുപ്പതുകൊല്ലത്തോളം വളരെ കുറഞ്ഞ വരുമാനത്തിലാണ് ഞാൻ സിനിമയിൽ വർക്ക് ചെയ്തത്. ഒരു സിനിമ കഴിഞ്ഞ ഒന്നര മാസം കഴിഞ്ഞായിരിക്കും അടുത്ത പടം വരുന്നത്. അപ്പോഴേയ്ക്കും ഈ പൈസ തീരും. സേവിങ്സ് എന്നൊരു സംഭവമേ ഇല്ലായിരുന്നു.

ബാങ്കിൽ കൂടിപ്പോയാൽ അഞ്ഞൂറോ ആയിരമോ പതിനായിരമോ രൂപ ഉണ്ടാകും. ഞാൻ എന്തെങ്കിലും സേവ് ചെയ്ത് തുടങ്ങിയത് തന്നെ സ്പിരിറ്റിന് ശേഷമാണ്. ഇക്കഴിഞ്ഞ ഏഴെട്ട് മാസം ഒരു വരുമാനവുമില്ലാതെ ജീവിച്ചത്, മുമ്പ് ഉണ്ടായിരുന്ന സേവിങ്സ് എടുത്താണ്. അതെല്ലാം വെടി തീർന്ന് കംപ്ലീറ്റ് കാറ്റായപ്പോഴാണ് ദൈവധീനം കൊണ്ട് വീണ്ടും ഷൂട്ട് തുടങ്ങിയത്. അത് അഞ്ചാറ് മാസമായപ്പോൾ ഏപ്രിലിൽ വീണ്ടും പൂട്ടി. ഇപ്പോഴാണ് ശരിക്കും ബുദ്ധിമുട്ട്. കാരണം ഉണ്ടായിരുന്ന സേവിങ്സ് ഒക്കെ കഴിഞ്ഞ ലോക്ക്ഡൗണിൽ തീർന്നു. അക്ഷരാർത്ഥത്തിൽ സമ്പാദ്യം ഏറെക്കുറെ പൂജ്യമായി. ദൈവം നമ്മളെ ബുദ്ധിമുട്ടിക്കില്ല, എന്നൊരു വിശ്വാസത്തിൽ മുന്നോട്ടുപോകുകയാണ്.

നിങ്ങൾ സിനിമാനടനാണ്. എത്ര കഷ്ടപ്പാടിലും ഉയർന്ന ജീവിതനിലവാരവും ജീവിതചെലവും വഹിക്കാൻ നിങ്ങൾ നിർബന്ധിതരാണ്. അത് ഇക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലേ?

തീർച്ചയായും. വരുമാനം നിലച്ചെങ്കിലും ബാങ്ക് ലോൺ, ഇൻഷുറൻസ്, ചിട്ടി, ടാക്സ്, വാടക, ജിഎസ്ടി ഒന്നിലും ഇളവില്ല. വാടക വാങ്ങാൻ പാടില്ലെന്നൊക്കെ സർക്കാർ പറയുന്നുണ്ട്. പക്ഷെ വാടക കൊടുക്കാതിരുന്നാൽ വീട്ടുടമസ്ഥൻ ഇറക്കിവിടും. മോറിട്ടോറിയം പ്രഖ്യാപിച്ചു. പക്ഷെ മൂന്ന് മാസം ലോൺ അടച്ചില്ലെങ്കിൽ പിന്നെ അതിന്റെ പലിശ കൂടി ചേർത്തടയ്ക്കണം. ആകെപ്പാടെ ഇളവ് കിട്ടിയത് കെഎസ്എഫ്ഇ ചിട്ടി മാത്രമാണ്. ജിഎസ്ടി രണ്ടോമൂന്നോ മാസത്തെ അടയ്ക്കാൻ കിടക്കുകയാണ്. അവർ എന്നെ നിരന്തരം വിളിക്കുകയാണ്. അടയ്ക്കാൻ കയ്യിൽ പണം വേണ്ടെ. അതാണെങ്കിൽ സമയത്തിന് അടച്ചില്ലെങ്കിൽ ഓരോ ദിവസത്തിനുമാണ് ഫൈൻ.

അഭിനയിച്ചതിന്റെ കുറേ പണം കിട്ടാനുണ്ട്. പക്ഷെ നമുക്ക് നിർമ്മാതാക്കളെ നിർബന്ധിക്കാൻ പറ്റില്ല. കാരണം അവരും ബുദ്ധിമുട്ടിലാണ്. അവരും നമ്മളെപോലല്ലേ. ചിലർക്ക് മാസം പതിനായിരം രൂപ ഉണ്ടെങ്കിൽ ജീവിക്കാൻ പറ്റും. വേറൊരാൾക്ക് ഒന്നരലക്ഷം ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റൂ. ഓരോരുത്തരുടെയും ജീവിതനിലവാരം അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. എനിക്ക് രണ്ട് കാറുണ്ട്. ചിലർക്ക് പത്തും പതിനഞ്ചും കാറുണ്ട്. ആ വണ്ടികൾ മെയ്ന്റെയ്ൻ ചെയ്യുന്നത് ചെലവല്ലേ.

ലൂസിഫറിൽ ലാലേട്ടൻ ഓടിക്കുന്ന ലാൻഡ് മാസ്റ്റർ എന്റെ കാറാണ്. ഞാൻ ആ കാർ വാങ്ങി കുറെ കാശുമുടക്കി കുട്ടപ്പനാക്കി വച്ചിരിക്കുകയായിരുന്നു. പക്ഷെ വിന്റേജ് കാറുകൾ മെയ്ന്റെയ്ൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്നെക്കൊണ്ട് അത് പറ്റുന്നില്ല. ഇത്തരം വണ്ടികൾ മെയ്ന്റെയ്ൻ ചെയ്യാൻ അതിന്റെ ഒപ്പം എപ്പോഴും ഒരാൾ വേണം. ദിവസവും അതിന്റെ പൊടിയൊക്കെ തുടച്ച്, ഓയിൽ ചെക്ക് ചെയ്ത്, ഓടിച്ചൊക്കെ നോക്കണം. കാരണം ഇത്തരം വണ്ടികൾ പഴയ മെറ്റലൊക്കെ ആയതുകൊണ്ട് ദിവസവും വെള്ളമൊഴിച്ച് കഴുകാൻ പാടില്ല. ഇത്തരം പ്രശ്നങ്ങളൊക്കെ ഉള്ളതുകൊണ്ട് ഞാൻ എന്തുചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സിനിമാസെറ്റിൽ വച്ച് പൃഥ്വിരാജിനെ ഞാൻ വണ്ടിയുടെ ഫോട്ടോ യാദൃശ്ചികമായി കാണിക്കുന്നത്. കണ്ട ഉടൻ രാജു ചാടിവീണു. 'ചേട്ടാ എനിക്ക് ഈ വണ്ടി തരാമോ. എനിക്കിത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് ഇത് സിനിമയ്ക്ക് വേണം' എന്ന് പറഞ്ഞു. ദാ കയ്യോടെ പിടിച്ചോ എന്ന് പറഞ്ഞ് ഞാൻ അപ്പോൾ തന്നെ കൊടുത്തു. ശരിക്കും ഞാൻ നഷ്ടത്തിലാണ് കൊടുത്തത്. എനിക്കിത് പണി ചെയ്യാൻ ഏഴ് ലക്ഷം രൂപയാണ് ചെലവായത്. പക്ഷെ ഞാനത് ആറ് ലക്ഷത്തിന് കൊടുത്തു. ഞാൻ സന്തോഷത്തോടെയാണ് കൊടുത്തത്. കാരണം രാജു വലിയൊരു വാഹനപ്രേമിയാണ്. കാറുകൾ സൂക്ഷിക്കാനറിയുന്ന, ഒരുപാട് വാഹനങ്ങളുള്ള, മെയ്ന്റെയ്ൻ ചെയ്യാൻ പറ്റുന്ന ഒരാളാണ്.

ലൂസിഫർ ഷൂട്ടിങ് തുടങ്ങിയപ്പോൾ രാജു പറഞ്ഞു, 'ചേട്ടന്റെ വണ്ടിയാണ് കേട്ടോ പടത്തിലെ ഹീറോ. ചേട്ടന് ആകെ രണ്ട് സീനെ ഉള്ളു. പക്ഷെ വണ്ടിക്ക് ഒരുപാട് സീനുണ്ട്.'

പൃഥ്വിരാജുമായൊക്കെ നല്ല ബന്ധമാണോ?

രാജു സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത ബന്ധമാണ്. സർവകലാശാല സിനിമയിലാണ് സുകുമാരൻ ചേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. അയിത്തത്തിന്റെ സൈറ്റിൽ ഞങ്ങൾ അടുത്തടുത്ത മുറികളിലായിരുന്നു. അദ്ദേഹത്തിന്റെ ചായക്കടയിൽ ചായയടിക്കുന്ന കഥാപാത്രമായിരുന്നു ഞാൻ. അന്നാണ് ചേട്ടനുമായുള്ള ബന്ധം ദൃഢമായത്. പിന്നെ ചേച്ചിയുമായി ഒരുപാട് സീരിയലുകളിലും ഞങ്ങൾ അഭിനയിച്ചിരുന്നു. സുകുവേട്ടനുമായും മല്ലിക ചേച്ചിയുമായും വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. രാജുവും ഇന്ദ്രനും സിനിമയിൽ വരുന്നതിന് മുമ്പെ ഞങ്ങൾ ആ വീട്ടിൽ പോകുകയും ഇവരുമായി നല്ല സ്നേഹബന്ധം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

അവർക്ക് സിനിമയിൽ വരാൻ പണ്ട് പ്ലാനുണ്ടായിരുന്നതായി അറിയോ?

അഭിനയിക്കാൻ പ്ലാനൊന്നുമുണ്ടായിരുന്നില്ല. രാജുവിന് അന്ന് മുതലെ സംവിധായകനാകാനായിരുന്നു ആഗ്രഹം. അത് മല്ലിക ചേച്ചി പണ്ടെ പറഞ്ഞിട്ടുണ്ട്. നന്ദനത്തിൽ രഞ്ജിയേട്ടന് ആളെ കിട്ടാതായപ്പോൾ ഷാജി കൈലാസാണ് രാജുവിന്റെ പേര് പറഞ്ഞത്.

പൃഥ്വിരാജ് നിങ്ങളോട് ജാഡ കാണിക്കാറുണ്ടോ?

ജാഡ കാണിക്കുന്നതും ജാഡയാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും രണ്ടാണ്. പത്ത് പേർ നിൽക്കുന്നിടത്ത് ഞാനൊക്കെ പോയി നിന്നാൽ ആരും എന്റെ അടുത്തേയ്ക്ക് വരില്ല. എന്നാൽ രാജു പോയി നിന്നാൽ ആ പരിസരത്തെ എല്ലാവരുംകൂടി ഓടി രാജുവിന്റെ അടുത്തേയ്ക്ക് വരും. നമ്മുടെ അടുത്തേയ്ക്ക് വരുന്ന ഒരാളോട് നമുക്ക് സംസാരിക്കാം. പക്ഷെ അമ്പത് പേർ വന്നാൽ നമ്മളെങ്ങനെ സംസാരിക്കും. അപ്പോൾ നമ്മൾ മാറിപ്പോകും. അത്രയെ രാജുവൊക്കെ ചെയ്യുന്നുള്ളു. അപ്പോൾ അവർ പറയും ജാഡയാണെന്ന്.

മാത്രമല്ല സൂപ്പർസ്റ്റാറുകൾ ഒരു ആൾക്കുട്ടത്തിന്റെ നടുക്ക് നിന്നാൽ ആളുകൾ എങ്ങനെയൊക്കെ പെരുമാറുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഞാൻ നേരിട്ടുകണ്ട ഒരു അനുഭവം പറയാം. ഒരിക്കൽ ലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോൾ ഒരാൾ ലാലേട്ടന്റെ വയറ്റിൽ പിച്ചിവലിച്ചു. ലാലേട്ടൻ അമ്മേ എന്ന് വിളിച്ച് ഇരുന്നുപോയി. ലാലേട്ടന്റെ ഷർട്ട് അടക്കം കീറിക്കൊണ്ടാണ് അയാൾ പിച്ചിയത്. സ്വഭാവികമായും ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. അവർ ആൾക്കൂട്ടങ്ങളിൽ നിന്നും മാറിനിൽക്കുന്നതിന് കുറ്റംപറയാൻ പറ്റില്ല.

ഇതുവരെ കിട്ടിയ സിനിമകളിൽ സംതൃപ്തനാണോ?

ഞാൻ സംതൃപ്തനാണ്. എനിക്ക് സംതൃപ്തി ഇല്ലാത്ത കഥാപാത്രങ്ങൾ വളരെ കുറച്ചേ ഉള്ളു.

അർഹതപ്പെട്ടത് കിട്ടിയിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയില്ല. പക്ഷെ ചില ആഗ്രഹമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ പറ്റിയിട്ടില്ല. അതും വരുമായിരിക്കും.

അതേത് കഥാപാത്രങ്ങളാണ്?

എനിക്ക് വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ വളരെ ഇഷ്ടമാണ്. ഞാൻ ഒരുപാട് വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ഹ്യൂമർ പറഞ്ഞുകൊണ്ട് ആളുകളെ കഴുത്തറുത്തുകൊല്ലുന്ന ബാറ്റ്മാനിലെ ജോക്കർ പോലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമാണ്.

രാഷ്ട്രീയമുണ്ടോ?

എന്റെ മനസിൽ രാഷ്ട്രീയമുണ്ട്. പക്ഷെ പരസ്യമായ രാഷ്ട്രീയമില്ല. സുരേഷ് ഗോപിയും കൃഷ്ണകുമാറുമെല്ലാം രാഷ്ട്രീയത്തിൽ വന്നപ്പോൾ ഒരുപാട് പേർ അവരെ തെറിവിളിച്ചു, കുറെപേർ അവരെ സ്നേഹിക്കുന്നുമുണ്ട്. പരസ്യമായി രാഷ്ട്രീയം പറയാതിരുന്നാൽ അത്തരം തെറിവിളികൾ ഒഴിവാക്കാം. അല്ലെങ്കിൽ അത്തരക്കാർ സിനിമ വിട്ടിട്ടുപോകണം. നമ്മുടെ കൈയിൽ ഒരു കലയുണ്ടെങ്കിൽ അതുമായി മുന്നോട്ടുപോകുകയാണ് നല്ലത്. അല്ലെങ്കിൽ വിട്ടിട്ടുപോകുക. രണ്ടുമായി നിൽക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. നസീർ സാർ കേരളമാകെ സ്നേഹിക്കുന്ന കലാകാരനാണ്. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം നാടായ ചിറയിൻകീഴിൽ വച്ച് ഒരാൾ അദ്ദേഹത്തെ കാറിനകത്തുകൂടെ മുഖത്തടിച്ചിട്ട് പോയി. അദ്ദേഹം ഭയങ്കര ദുഃഖിതനും നിരാശനും ആകാൻ തുടങ്ങിയത് അന്നുതൊട്ടാണ്.

സിനിമാക്കാരിൽ എനിക്കേറെ ബഹുമാനമുള്ള ഒരു നടിയാണ് സീമ ജി. നായർ. അവർ അവരുടെ സമയവും സമ്പാദ്യവും പാവങ്ങൾക്കായി ചെലവിടുന്ന ഒരാളാണ്. നിങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളല്ലേ. സിനിമാമേഖലയിൽ അത്തരത്തിൽ കാണാത്ത ഒരു സഹായനുഭൂതി അവരിലുണ്ടാകാൻ കാരണമെന്താണ്?

അവരുടെ സമയം മുഴുവനായും പാവങ്ങൾക്ക് വേണ്ടിതന്നെയാണ് ചെലവഴിക്കുന്നത്. നമുക്കതിന്റെ കാരണം കണ്ടുപിടിക്കാൻ പറ്റില്ല. കാരണം അത് അവരുടെ രക്തത്തിലലിഞ്ഞുചേർന്ന കാര്യമാണ്. അത് മാറ്റിയെടുക്കാനൊന്നും പറ്റില്ല. ഇനി എപ്പോഴാണ് നിനക്ക് വേണ്ടി ജീവിക്കുന്നതെന്ന് ഞാൻ പലപ്പോഴും സീമയോട് ചോദിച്ചിട്ടുണ്ട്. 'എനിക്കറിഞ്ഞൂടെടാ ഞാനിങ്ങനെ ജീവിച്ച് ചാവേ ഉള്ളു.' എന്നാണ് മറുപടി.

മൂന്ന് ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു. അവർ വളരെയധികം സ്നേഹിച്ച്, സഹായിച്ച ഒരു വ്യക്തി അവരെ വളരെ മോശമായി ചീത്തവിളിച്ചെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു. ഇടയ്ക്കിടെ എന്നെ വിളിക്കാറുണ്ട്. രാത്രി പന്ത്രണ്ട് മണിക്കൊക്കെ വിളിച്ചിട്ടായിരിക്കും പറയുന്നത് മറ്റേയാൾക്ക് അസുഖം കൂടുതലാണ് ഒരു അയ്യായിരം രൂപ വേണമെന്നൊക്കെ. സീമ പറഞ്ഞാൽ ഞാൻ എവിടെനിന്നെങ്കിലുമൊക്കെ പൈസ ഒപ്പിച്ച് അയച്ചുകൊടുക്കും. കാരണം അത്രയും ജനുവിനായ കാര്യങ്ങൾക്കെ സീമ വിളിക്കാറുള്ളു.

ശരണ്യയെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ താങ്കളും പങ്കാളിയായിരുന്നോ?

സാമ്പത്തികമായി ഒരുപാട് സഹായങ്ങൾ പലഭാഗങ്ങളിൽ നിന്നും വന്നപ്പോൾ അക്കൂട്ടത്തിൽ നമ്മളെകൊണ്ട് പറ്റുന്ന വളരെ ചെറിയൊരു തുക കൊടുത്ത് സാമ്പത്തികസഹായം ചെയ്തു എന്നല്ലാതെ മറ്റ് പങ്കാളിത്തം ഒന്നും എനിക്കില്ല. പിന്നെ ഇടയ്ക്ക് ശരണ്യയെ കാണാനൊക്കെ പോയിട്ടുണ്ട്. ഒരാൾ ഇത്തരത്തിലൊരു മാരക അസുഖബാധിതയാകുമ്പോൾ പൈസ മാത്രമല്ലല്ലോ മാനദണ്ഡം.

ഇത്തരത്തിൽ സഹായങ്ങൾ ചെയ്ത് തിരിച്ച് പണി കിട്ടിയിട്ടുണ്ടോ?

അങ്ങനെയൊന്നുമില്ല. ഇത്തരത്തിലുള്ളവർക്ക് സഹായങ്ങൾ ചോദിച്ച് ആരെങ്കിലും വിളിച്ചാൽ ആ അക്കൗണ്ടിലേയ്ക്ക് പൈസ അയച്ചുകൊടുക്കുകയോ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്യാറുണ്ട്. താങ്കൾ തന്നെ ചില ആളുകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോകൾ ഇടുമ്പോൾ ഞാൻ അവരുടെ അക്കൗണ്ടിലേയ്ക്ക് പൈസ അയച്ചുകൊടുക്കാറുണ്ട്. ചില അപൂർവ അവസരങ്ങളിൽ വിട്ടുപോയിട്ടുമുണ്ട്. കുറച്ചുദിവസം മുമ്പ് ഒരു സുഹൃത്ത് വിളിച്ച് അവന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിക്ക് കാൻസറാണ്. കീമോ തുടങ്ങിയപ്പോൾ മുടി കൊഴിഞ്ഞ് പോയി. വലിയ വിഷമത്തിലാണ്. ഒരു വിഗ് ഉണ്ടാക്കിക്കാനായി ഏതെങ്കിലും മേക്കപ്പ്മാനേ പരിചയപ്പെടുത്തിക്കൊടുക്കാമോ എന്ന് ചോദിച്ചു. ഞാൻ ഏറ്റെങ്കിലും മറ്റെന്തോ തിരക്കിൽ അത് മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് അത് ഓർത്തത്. എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. അപ്പോൾ തന്നെ ഞാൻ പട്ടണം റഷീദിക്കയെ വിളിച്ച് കാര്യം പറഞ്ഞു. അവരോട് ധൈര്യമായി വിളിച്ചോളാൻ പറയു. വിഗ്ഗുണ്ടാക്കുന്ന ചെലവ് അല്ലാതെ മറ്റൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ ഞാൻ ആ സുഹൃത്തിനെ വിളിച്ച് ഇക്കയുടെ നമ്പർ കൊടുത്തു. അങ്ങനെയൊക്കെയെ നമുക്ക് മറ്റുള്ളവരെ സഹായിക്കാൻ പറ്റൂ. അല്ലാതെ ഒരുകോടി രൂപയൊന്നും കൊടുക്കാൻ എന്റെ കയ്യിലില്ല.

പിന്നെ പണി കിട്ടിയിട്ടുള്ളതെന്ന് പറയാൻ, ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ചില സുഹൃത്തുക്കൾ വന്ന് കടമായി പൈസ വാങ്ങിപോകും. പിന്നെ നമ്മളെ അവരങ്ങ് മറന്നുപോകും. ഇപ്പോൾ എനിക്ക് ബുദ്ധിമുട്ട് വന്നപ്പോൾ ഞാനത് തിരിച്ചുചോദിച്ചു. ഇതാ ഒരാഴ്‌ച്ചയ്ക്കുള്ളിൽ അയയ്ക്കാമെന്നൊക്കെ പറയും. പക്ഷെ ആ ഒരാഴ്‌ച്ച കഴിഞ്ഞിട്ട് നാല് മാസമായി. അങ്ങനെ കിട്ടുന്ന പണികളെ ഉള്ളു.

നന്ദുവിന് അറുപത് ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. അതാണോ നന്ദുവിന്റെ സ്നേഹാർദ്രമായ മാനസികാവസ്ഥയ്ക്ക് കാരണം?

അതറിയില്ല. എനിക്ക് അമ്മയെ ഓർമയില്ല. എന്തോ പോസ്റ്റ് പ്രഗ്‌നൻസി പ്രശ്നം കാരണമാണ് അമ്മ മരിക്കുന്നത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് എന്തോ ഇന്റൂഷൻ പോലെ എന്നെ ചിറ്റയുടെ കയ്യിൽ കൊടുത്തിട്ട് 'ഇനി നീ വേണം ഇവനെ നോക്കാൻ.' എന്ന് അമ്മ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് നടന്ന് ആശുപത്രിയിൽ പോയ അമ്മ പിന്നെ മരിച്ചാണ് തിരിച്ചുവരുന്നത്. ചിറ്റപ്പനും ചിറ്റയുമാണ് പിന്നെ എന്നെ വളർത്തിയത്. ചിറ്റപ്പൻ പൊലീസിലായിരുന്നു. ഡിവൈഎസ്‌പി ആയി റിട്ടയർ ചെയ്തു. പത്ത് വർഷത്തിന് ശേഷം അവർക്കുണ്ടായ കുട്ടിയാണ് എനിക്കൊരു സഹോദരി എന്ന് പറയാൻ ഉള്ളത്. മുപ്പത്തിയഞ്ച് വയസ് വരെ അവർക്കൊപ്പമായിരുന്നു. വിവാഹശേഷം 2000ലാണ് ഞാൻ ഫ്ളാറ്റിലേയ്ക്ക് മാറുന്നത്.

അമ്മ നാല് പാട്ടുകൾ പാടിയിട്ടുണ്ട്. പക്ഷെ അമ്മയുടെ ഒരു പാട്ട് പോലും കേൾക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. അമ്മ പാട്ട് ടീച്ചറുമായിരുന്നു. പലരും അമ്മമാരോട് സ്നേഹിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതുപോലെ അമ്മമാരെ ഉപദ്രവിക്കുന്നവരെ കൊല്ലാനും തോന്നാറുണ്ട്. അമ്മമാരെ വിഷമിപ്പിക്കുന്നവർക്ക് അതിൽ കുറഞ്ഞൊരു ശിക്ഷ കൊടുക്കാനില്ല. അമ്മയെ കാണാത്തവനെ അതിന്റെ വിഷമം മനസിലാകു. എന്റെയൊരു സുഹൃത്തുണ്ട്, സലീം. മോഹൻലാലിന്റെയും കമൽഹാസന്റെയുമൊക്കെ മേക്കപ്പ്മാനായിരുന്നു. അദ്ദേഹവും അമ്മ നഷ്ടപ്പെട്ടയാളാണ്. നാഗർകോവിലിലാണ് വീട്. അദ്ദേഹത്തിന്റെ വീട്ടിൽ അമ്മയുടെ ഒരു ഫോട്ടോയെ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന് രണ്ട് വയസുള്ളപ്പോൾ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ആ ഫോട്ടോ നഷ്ടപ്പെട്ടുപോയി. അദ്ദേഹം അമ്മയെ കണ്ടിട്ട് പോലുമില്ല. എന്റെ വീട്ടിൽ അമ്മയുടെ ഒരുപാട് ഫോട്ടോകളുണ്ട്. എനിക്ക് അങ്ങനെയെങ്കിലും അമ്മയെ കാണാമല്ലോ എന്നോർത്താണ് ഞാനെന്റെ വിഷമം മറക്കുന്നത്. ഈ അടുത്തകാലത്ത് മരിച്ചുപോയ ഒരാളുടെ ഫോട്ടോ ഗ്രാഫിക്സ് ഉപയോഗിച്ച് ചിരിക്കുന്ന രീതിയിലാക്കിയ അമേരിക്കയിലുള്ള കീർത്തിക് ശശിധരൻ എന്നയാളിന്റെ ഒരു പോസ്റ്റ് കണ്ടു. അങ്ങനെ ഞാൻ നമ്പർ തപ്പിപ്പിടിച്ച് വിളിച്ച് എന്റെ അമ്മയുടെ ഫോട്ടോയും കൊടുത്തു. ഇപ്പോൾ എന്റെ കയ്യിലുള്ള ഫോട്ടോയിൽ അമ്മ ചിരിക്കും. ഞാൻ ഇടയ്ക്കിടെ അതെടുത്തുവച്ച് നോക്കും. ആ ഫോട്ടോ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും.

വിവാഹം പ്രണയമായിരുന്നോ?

അതെ. അഹം സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ലാലേട്ടന്റെ സുഹൃത്തായിരുന്ന ഒരു കൃഷ്ണൻ നായർ ഒരു വേഷം അഭിനയിക്കാൻ വന്നിരുന്നു. ഞാനന്ന് ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായിരുന്നു. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമായി. അദ്ദേഹത്തോടൊപ്പം മദ്രാസിൽ കറങ്ങാൻ പോകുകയും അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ഒക്കെ ചെയ്തു. ആ സൗഹൃദം ഒന്നോരണ്ടോ കൊല്ലം കഴിഞ്ഞപ്പോഴാണ് എനിക്ക് അദ്ദേഹത്തിന്റെ മൂത്തമകളോട് സ്നേഹം തോന്നിയത്. ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ല. എന്നെപറ്റി ഒരാൾ അദ്ദേഹത്തോട് വളരെ മോശം അഭിപ്രായങ്ങളാണ് പറഞ്ഞിരുന്നത്. എന്റെ വീട്ടുകാർ ഫുൾസപ്പോർട്ട് ആയിരുന്നു. പക്ഷെ പയ്യെപയ്യെ അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറി. അങ്ങനെയാണ് കല്യാണം നടന്നത്.

ലാലേട്ടന് ദേഷ്യമുണ്ടായിരുന്നോ?

നേരത്തെ എന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞയാൾ ലാലേട്ടനോടും എന്നെ പറ്റി അത്തരത്തിൽ പറഞ്ഞിരുന്നു. നിങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തയാൾ മറ്റെയാളുടെ മകളെ പ്രേമിച്ചു എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വിഷമമുണ്ടായി. പക്ഷെ അവിടെയും മറ്റൊരു വ്യക്തി ലാലേട്ടനോട് സംഭവിച്ചതൊക്കെ വിശദമായി പറഞ്ഞുമനസിലാക്കി. ആ പ്രശ്നം അവിടെ തീർന്നു. എന്റെ കല്യാണത്തിനൊക്കെ ഞാൻ വിളിച്ചിരുന്നു. പിന്നെ ഒരു വിഷമത്തിൽ നിന്നും ഒറ്റയടിക്ക് പിന്മാറാൻ പറ്റില്ലല്ലോ. അതിന് കുറച്ച് സമയം പിടിക്കും. സമയമെടുത്ത് അത് മാറി.

അവശേഷിക്കുന്ന സ്വപ്നം?

അവസാനകാലത്ത് കഴിവതും ആരെയും ബുദ്ധിമുട്ടിക്കാതെ മുകളിലേയ്ക്ക് പോകുക എന്നതാണ് അവശേഷിക്കുന്ന ആഗ്രഹം. പിന്നെ ഒരാഗ്രഹമുള്ളത്, 1997-98 കാലഘട്ടത്തിലാണല്ലോ മൊബൈൽ ഫോണുകൾ വരുന്നത്. അതിന് മുമ്പുള്ള കാലഘട്ടം വീണ്ടും കിട്ടണമെന്നുള്ളതാണ്. അത് ദുരുപയോഗം ചെയ്ത് മതപരമായിട്ടും ജാതിപരമായിട്ടും രാഷ്ട്രീയപരമായിട്ടുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തമ്മിൽതല്ലി എത്രകാലം കൂടി നമ്മുടെ സമൂഹം മുന്നോട്ടുപോകുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. അതിൽ നിന്നും ഇനി ഒരു മോചനമുണ്ടാകുമോ എന്ന് ആലോചിക്കുമ്പോൾ ഭയങ്കര വിഷമമുണ്ടാകാറുണ്ട്. അതിൽ നിന്നൊക്കെ ഒരു മോചനമാണ് ആഗ്രഹിക്കുന്നത്. സമാധാനപരമായി ജീവിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP