Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാറ്റിനും കാരണക്കാരൻ ടി കെ രാജീവ് കുമാർ; നന്മനിറഞ്ഞവൻ മോഹൻലാൽ; കുഴിയിൽ ചാടിക്കുന്നത് സ്തുതിപാഠകർ; 1987ലെ ദേശീയ ഗെയിംസ് ഉദ്ഘാടനം ഗംഭീരമാക്കി ബാക്കിവന്ന ഒരു ലക്ഷം തിരികെ നൽകിയ സൂര്യ കൃഷ്ണമൂർത്തി മറുനാടൻ മലയാളിയോട്‌

എല്ലാറ്റിനും കാരണക്കാരൻ ടി കെ രാജീവ് കുമാർ; നന്മനിറഞ്ഞവൻ മോഹൻലാൽ; കുഴിയിൽ ചാടിക്കുന്നത് സ്തുതിപാഠകർ; 1987ലെ ദേശീയ ഗെയിംസ് ഉദ്ഘാടനം ഗംഭീരമാക്കി ബാക്കിവന്ന ഒരു ലക്ഷം തിരികെ നൽകിയ സൂര്യ കൃഷ്ണമൂർത്തി മറുനാടൻ മലയാളിയോട്‌

തിരുവനന്തപുരം: 1987-ലെ ദേശീയ ഗെയിംസ് ഉദ്ഘാടന-സമാപനച്ചടങ്ങുകൾ മനോഹരവും വിവാദരഹിതവുമായി അവതരിപ്പിച്ച ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സൂര്യാ കൃഷ്ണമൂർത്തി അന്നു സർക്കാരിൽനിന്നു വാങ്ങിയത് വെറും ആറു ലക്ഷം രൂപയാണ്. അധികം വന്ന ഒരു ലക്ഷം രൂപ സർക്കാരിനു തിരിച്ചുകൊടുക്കുകയും ചെയ്തു. ഇരുപത്തെട്ടു വർഷത്തിനുശേഷം കേരളത്തെ നാണം കെടുത്തി 15 കോടി രൂപയുമായി പുതിയ ദേശീയ ഗെയിംസ് ഉദ്ഘാടന- അഴിമതി മാമാങ്കം അരങ്ങുതകർത്ത സാഹചര്യത്തിൽ അദ്ദേഹം മറുനാടൻ മലയാളിയുമായി പഴയ ഓർമകൾ പങ്കുവയ്ക്കുന്നു.

  • 1987 ൽ നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപനച്ചടങ്ങുകളുടെ സംവിധായകനായിരുന്നു താങ്കൾ. 27 വർഷത്തിനു ശേഷം ഗെയിംസ് വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നു. ഒപ്പം വിവാദങ്ങളും. എങ്ങനെയായിരുന്നു 1987ലെ ദേശീയ ഗെയിംസ് ചടങ്ങുകൾ?

ഏഴു ലക്ഷം രൂപയാണ് സർക്കാർ ഉദ്ഘാടന-സമാപന ചടങ്ങുകൾക്കായി അനുവദിച്ചിരുന്നത്. ഞാനായിരുന്നു ഉദ്ഘാടന-സമാപനചടങ്ങുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളുടെ സംവിധായകൻ. 12,000 കലാകാരന്മാര ഉൾപ്പെടുത്തിയുള്ള കലാപരിപാടികളാണ് അന്ന് ഉൾപ്പെടുത്തിയിരുന്നത്. എം.ബി.ശ്രീനിവാസൻ ആയിരുന്നു സംഗീത സംവിധായകൻ. 3000 ലോ കോളജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഗീതശിൽപവും ഒരുക്കിയിരുന്നു. ദിവസങ്ങളോളം നീണ്ട റിഹേഴ്‌സലിനു ശേഷമാണ് വേദിയിലെത്തിയത്. ഇതിനു ചെലവായത് 6 ലക്ഷം രൂപയാണ്. അധികം വന്ന ഒരു ലക്ഷം രൂപ സർക്കാരിനു തിരിച്ചു നൽകുകയും ചെയ്തു.

  • ഇപ്പോഴത്തെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകളിൽ ഉയർന്നുവന്ന വിവാദങ്ങളെക്കുറിച്ച് ?

ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട പുറത്തുവരുന്ന കണക്കുകൾ വിശ്വസനീയമല്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്കുമാത്രം 15 കോടി ചെലവായെന്ന് ആണയിട്ടു പറയുന്നു. ഇതിനെക്കാൾ വലിയ സാംസ്കാരിക പരിപാടികൾക്ക് വേദിയായ കേരളത്തിന്റെ മണ്ണിലാണെന്ന് ഓർമ വേണം. വെടിക്കെട്ടിനു മാത്രം ഒന്നേ കാൽ കോടി! ആരു വിശ്വസിക്കും ഇതൊക്കെ. ലൈറ്റ് ആൻഡ് സൗണ്ട് ഷോ യുടെ ഉപകരണങ്ങളുടെ വാടക മാത്രം അഞ്ചു കോടി! ഇത്രയും പണയും ഉണ്ടെങ്കിൽ ലൈറ്റ് ആൻഡ് സൗണ്ടിനായി ഉപകരണങ്ങളൊക്കെ സംസ്ഥാനത്തിന് സ്വന്തമായി വാങ്ങിക്കാം.

  • തുടക്കം മുതൽ തന്നെ ഓരോ പരിപാടിക്കായി വൻതുകകളാണ് ചെലവഴിച്ചത്. സാംസ്കാരിക പരിപാടികളടക്കമുള്ളവയ്ക്ക് ഇത്രയധികം ചെലവുണ്ടാകുമോ ? കലാരംഗങ്ങളിൽ ഒട്ടേറെ പരീക്ഷണങ്ങൾക്ക് മുതിരുകയും അതു വിജയിപ്പിക്കുകയും ചെയ്ത താങ്കൾക്ക് എന്തു തോന്നുന്നു ?

ശരാശരി 20,000 രൂപ പ്രതിഫലം വാങ്ങുന്ന ഒരു കലാകാരന് ഈ പരിപാടിയുടെ സംഘാടകർ ഓഫർ ചെയ്തത് 2 ലക്ഷം രൂപയാണ്. ഈ തുക ആ വ്യക്തിക്ക് തന്നെ കിട്ടിയോ എന്ന കാര്യത്തിൽ സംശയമാണ്. ഇങ്ങനെ വൻതുകകൾ ഓഫർ ചെയ്തതിന്റെ പിന്നിലെന്താണ് ? ഉദ്ഘാടനച്ചടങ്ങിൽ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിച്ചരുന്നു. ഇതിലൂടെയെല്ലാം വൻ അഴിമതിയാണു നടന്നിരിക്കുന്നത്. കലയെ കച്ചവടമാക്കുന്നതിന്റെ തൽസമയദൃശ്യങ്ങളാണ് അന്നു കണ്ടത്.

  • ആരാണ് ഇതിന് ഉത്തരവാദി ?

ദേശീയ ഗെയിംസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നപ്പോൾ മോഹൻലാലിനെയാണ് മാദ്ധ്യമങ്ങൾ അടക്കമുള്ളവർ കുരിശിലേറ്റിയത്. ഈ പരിപാടി സംവിധാനം ചെയ്ത ഒരു സംവിധായകൻ ഉണ്ടല്ലോ. ടി.കെ. രാജീവ് കുമാർ. അദ്ദേഹം എവിടെ പോയി ? ഈ പരിപാടിയുടെ പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ടി.കെ.രാജീവ് കുമാറിനാണ്. അല്ലാതെ മോഹൻ ലാലിനല്ല, അദ്ദേഹം ഒരു കലാകാരൻ മാത്രമാണ്. 45 ലക്ഷം രൂപ പ്രതിഫലം പറ്റി ഈ ചടങ്ങിന്റെ അമരത്തിരുന്ന ടി.കെ.രാജീവ് കുമാർ മുന്നോട്ടുവന്ന് നിലപാട് വ്യക്തമാക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാ കുറ്റങ്ങളും മോഹൻലാലിന്റെ മുകളിൽ കെട്ടിവച്ച് കൈകഴുകാനുള്ള ശ്രമം ചിലരുടെ ഗൂഢനീക്കം മാത്രമാണ്.

  • ലാലിസത്തെക്കുറിച്ച് ?

ഗാന്ധിസം, ബുദ്ധിസം, കമ്മ്യൂണിസം എന്നതുകൊണ്ട്് അർഥമാക്കുന്നത് എന്താണെന്ന് എനിക്കറിയാം. എന്നാൽ ഈ പുതിയ ഇസം എന്താണെന്നു മനസിലാകുന്നില്ല. ഇന്ത്യയിലെ മികച്ച പത്തു നടന്മാരെയെടുത്താൽ അതിലൊരാളാണ് മോഹൻലാൽ. മലയാള സിനിമാരംഗത്തെ നന്മനിറഞ്ഞ മനുഷ്യനും. എന്നാൽ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളാണ് ലാലിനെ കുഴിയിൽ ചാടിക്കുന്നത്. മോഹൻലാലിന് പാട്ടു പാടാൻ അറിയില്ല എന്നാണ് എന്റെ വിശ്വാസം. നല്ല സുഹൃത്തുക്കളുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അതു പറഞ്ഞു മനസിലാക്കിയേനെ. എന്നാൽ സ്തുതിപാഠകന്മാരായ ചില സുഹൃത്തുക്കളുടെ വാക്കുകളെ വിശ്വസിക്കുന്നതാണ് മോഹൻലാലിന് പറ്റുന്ന അബദ്ധം. ഇവിടെയും അതാണ് മോഹൻലാലിനു വിനയായത് . വിവാദങ്ങളിൽ മോഹൻലാലിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മനസിന്റെ നന്മ കൊണ്ടാണ് ചെലവാക്കിയ പണം തിരിച്ചു കൊടുക്കാൻ തയ്യാറായത്.

  • കേരളത്തിലെ എല്ലാ മേഖലകളിലും സിനിമാപ്രവർത്തരുടെ മേധാവിത്വം ഉള്ളതായി തോന്നുണ്ടോ ?

യഥാർഥത്തിൽ കേരളത്തിൽ നടക്കുന്നത് ചലച്ചിത്ര പ്രവർത്തകരുടെ മേധാവിത്വം ആണ്. ക്ഷേത്രങ്ങളിൽ പൊങ്കാല മഹോൽവം ഉദ്ഘാടനം ചെയ്യുന്നതു പോലും ഇപ്പോൾ നടീ-നടന്മാരാണ്. ഇത്തരത്തിൽ എല്ലാ മേഖലകളിലും അവർ കൈകടത്തുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ചടങ്ങുകളിലും സഹകരിക്കുന്നതാണ് ഭൂഷണം. ജീവിതത്തിൽ ഒരിക്കൽ പോലും കലോൽസവത്തിൽ പങ്കെടുത്തിട്ടില്ലാത്ത നടീ-നടന്മാരെ കലോൽസവ വേദികളിലെ മുഖ്യാതിഥിയായി എഴുന്നെള്ളിക്കലാണ് ഇപ്പോൾ സ്ഥിരമായി നടക്കുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ഉദ്ഘാടന -സമാപന ചടങ്ങുകൾ താൻ ഏറ്റെടുക്കാമെന്ന ആവശ്യവുമായി ടി.കെ.രാജീവ് കുമാറാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. അല്ലെങ്കിൽ തന്നെ നാഷണൽ ഗെയിംസും സിനിമാചരിത്രവുമായി എന്തു ബന്ധം ?

  • ഫെബ്രുവരി 14നു നടക്കുന്ന സമാപനച്ചടങ്ങിനെക്കുറിച്ച് ?

-സമാപനച്ചടങ്ങ് സംവിധാനം ചെയ്യുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചിരുന്നു. കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരാൾ തുടങ്ങിവച്ചതിന്റെ ഇടയിൽ കയറാനോ, ആ വ്യക്തിയെ വേദനിപ്പിക്കാനോ എനിക്ക് സാധ്യമല്ല. അതു തന്നെയുമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെയധികം പേടിയോടെയാണ് ഇതിനെ നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം നടി ശോഭനയുമായി സംസാരിച്ചപ്പോൾ അവരും ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തീർച്ചയായും പങ്കെടുക്കണമെന്ന് ഞാൻ നിർബന്ധിക്കുകയും പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ഗെയിംസിൽ നേരിട്ട അനുഭവം കേരളത്തിന് ഒരു പാഠമാകണം. ഇതിൽനിന്നു പാഠം ഉൾക്കൊണ്ടു വേണം മുന്നോട്ടു പോകാൻ. കലാകാരനെ കച്ചവടവസ്തുവായി കാണാതെ കലാകാരന്മാരായി കാണാനുള്ള സമീപനം ഇതിന്റെയൊക്ക അമരത്തിരിക്കുന്നവർക്കും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP