Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രതി നിർവേദത്തിലെ നായികയാകാൻ ആഗ്രഹിച്ച മായാ വിശ്വനാഥ് മനസുതുറക്കുന്നു

രതി നിർവേദത്തിലെ നായികയാകാൻ ആഗ്രഹിച്ച മായാ വിശ്വനാഥ് മനസുതുറക്കുന്നു

രു ദശാബ്ദത്തിലേറെയായി സിനിമയിലും സീരിയലിലും നിറഞ്ഞുനിൽക്കുന്നു മായാ വിശ്വനാഥ്. മായയ്‌ക്കൊപ്പം ആദ്യകാലത്ത് അഭിനയിച്ചവരിലേറെപ്പേരും ഉത്തമകുടുംബിനികളായി കഴിയുന്നു. എന്നാൽ മായയ്ക്കു മാത്രം മാറ്റമില്ല. അഭിനയത്തിനാണ് മായ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതുകഴിഞ്ഞുമതി കുടുംബജീവിതമെന്നാണ് മായ പറയുന്നത്. വിവാഹജീവിതം ഇതുവരെ സഫലമാകാത്തതിൽ മായയ്ക്ക് നിരാശയൊന്നുമില്ല.


  • ഒറ്റയ്ക്കുള്ള ജീവിതത്തോട് മടുപ്പു തോന്നുന്നില്ലേ?

ഒരുതരത്തിൽ പറഞ്ഞാൽ എല്ലാവരും ഒറ്റയ്ക്കല്ലേ. ഒറ്റയ്ക്ക് ഭൂമിയിൽ ജനിക്കുന്നു, ഒറ്റയ്ക്ക് ജീവിക്കുന്നു. ഒറ്റയ്ക്കു മരിക്കുന്നു. ഇതല്ലേ യാഥാർത്ഥ്യം?

  • വിവാഹം കഴിക്കാത്തതിലുള്ള ദുഃഖംകൊണ്ടാണ് ഈ തത്ത്വചിന്തയെന്നു പറഞ്ഞാൽ?

ശരിയല്ല. വീട്ടിൽ വളർത്തുന്ന വിലകൂടിയ പട്ടിയുടെ കഴുത്തിൽ ഒരു ബോർഡ് കാണും. പട്ടി വീട്ടിൽനിന്ന് പുറത്തിറങ്ങി വഴിതെറ്റിപ്പോയാൽ തിരികെ ഏല്പിക്കാനാണ് ഈ ബോർഡ്. അതുപോലെയാണ് താലിച്ചരടും. താലിച്ചരടിൽ കുരുങ്ങിക്കഴിഞ്ഞാൽ പലതും ത്യജിക്കേണ്ടിവരും. കുട്ടികളെ ഓർത്തുമാത്രമാണ് വിവാഹബന്ധം പലരും തുടർന്നുപോകുന്നത്. എന്റെ ചില കൂട്ടുകാരികൾ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു ബന്ധം മരണത്തിനു തുല്യമാണെന്ന്. കൊട്ടിഘോഷിച്ച് കല്യാണം നടത്തും. മൂന്നാംനാൾ വേർപിരിയും. വിവാഹവും പ്രണയവുമൊക്കെ നിരർത്ഥകമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • വിവാഹത്തിന് അതിന്റേതായ പവിത്രതയില്ലേ. സമൂഹത്തിന്റെ അംഗീകാരത്തോടെ രണ്ടുപേർ വിവാഹിതരാകുന്നത് ഒരാചാരമല്ലേ?

ആണിനും പെണ്ണിനും സെക്‌സ് ചെയ്യാനുള്ള ലൈസൻസാണ് വിവാഹം കൊണ്ടുദ്ദേശിക്കുന്നത്. അതിന് താലിച്ചരട് വേണ്ട. സ്‌നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കുന്നതിന് സമൂഹത്തിന്റെ അനുവാദം വേണ്ടെന്ന അഭിപ്രായമാണെനിക്ക്. അന്യപുരുഷന്റെ മുന്നിൽ, മാതാപിതാക്കളുടെ നിർബന്ധം കാരണം ചായഗ്‌ളാസുമായി ഒരു പെൺകുട്ടി നിൽക്കുന്നു. പിന്നീട് അവനെ വിവാഹം കഴിക്കുന്നു. അതോടെ അവളുടെ ജീവിതസ്വപ്നങ്ങൾ അവന്റെ കാൽക്കീഴിൽ അടിയറ വയ്ക്കുകയാണ്.

  • ആൺതുണ വേണമെന്ന് തോന്നിയിട്ടില്ലേ?

ഇതുവരെ തോന്നിയിട്ടില്ല. കാരണം കരിയറിലാണ് ഞാനിപ്പോൾ ശ്രദ്ധിക്കുന്നത്. എന്റെ അഭിനയജീവിതത്തിൽ അവിസ്മരണീയമായ വേഷങ്ങൾ ലഭിച്ച വർഷമാണിത്. രതിനിർവ്വേദത്തിലെ ഭാരതി ടീച്ചറായി വേഷമിടാൻ സാധിച്ചത് മഹാഭാഗ്യമാണ്. പഴയ രതിനിർവേദത്തിൽ കെ.പി.എ.സി ലളിത മനോഹരമായി ചെയ്ത വേഷമാണിത്. ലളിതച്ചേച്ചി ചെയ്ത വേഷത്തെ പുനരാവിഷ്‌കരിക്കേണ്ടിവന്നപ്പോൾ എത്രമാത്രം അതിനോട് നീതി പുലർത്താനാകുമെന്നതിനോട് സംശയമായിരുന്നു. ചിത്രം പുറത്തുവന്നപ്പോൾ ഒരുപാടുപേർ അഭിനന്ദിച്ചു. ഇപ്പോൾ ധാരാളം ഓഫറുകളുണ്ട്. മാനസവീണ, ചാരുലത എന്നീ സീരിയലുകളിൽ നായികയായി അഭിനയിക്കുന്നുമുണ്ട്.

  • രതിനിർവേദത്തിലെ നായികയാവാൻ മായ ആഗ്രഹിച്ചു എന്നു കേട്ടു?

ശരിയാണ്. രതിചേച്ചിയാകാൻ പലരെയും നോക്കിയതാണ്. അതൊന്നും ശരിയാകാതെ വന്നപ്പോൾ രതിചേച്ചിയെ ഞാനവതരിപ്പിച്ചോട്ടെ എന്ന് സുരേഷേട്ടനോട് ചോദിച്ചു. ആ വേഷം ചെയ്യാൻ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നീടാണ് ശ്വേതയെ ക്ഷണിച്ചത്. രതിചേച്ചിയായി ശ്വേത നന്നായി അഭിനയിച്ചു.

  • ഭാവിയിലെന്നെങ്കിലുമൊരു ആൺതുണ വേണമെന്ന് തോന്നുമ്പോൾ ഇത്തരം സെക്‌സിയായ വേഷങ്ങളിൽ അഭിനയിക്കുന്നത് തടസ്സമാകില്ലേ?


പൊക്കിൾ കാണിക്കുന്നതോ തുട കാണിക്കുന്നതോ അല്ല സെക്‌സിയായ വേഷം. മാദകഭാവത്തിലൂടെ സെക്‌സ് എക്‌സ്പ്രസ് ചെയ്യാം. പഴയ രതിനിർവേദത്തിൽ ജയഭാരതി ഈ വിധം മനോഹരമായി സെക്‌സ് ആവിഷ്‌കരിച്ചിട്ടുണ്ട്. അഭിനയം എന്റെ പ്രൊഫഷനാണ്. അതിനെ അംഗീകരിക്കുന്ന പുരുഷൻ മാത്രമേ എന്റെ ജീവിതത്തിൽ കടന്നുവരികയുള്ളൂ.

  • പ്രണയിച്ചിട്ടുണ്ടോ?

വർഷങ്ങളായി ഞാനൊരാളെ പ്രണയിക്കുന്നു. പക്ഷേ, അത് സഫലമാകുമോ എന്നറിയില്ല. എന്റെ സ്‌നേഹം ആത്മാർത്ഥമാണ്. അദ്ദേഹത്തിനും ആത്മാർതഥയുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്. എന്നാൽ ഭാവിയിൽ ഞങ്ങൾ ഒന്നിച്ചു താമസിക്കുമോ എന്ന് നിശ്ചയമില്ല. ഭാവിയെക്കുറിച്ച് പ്രവചിക്കാനാകില്ലല്ലോ. എല്ലാം ദൈവത്തിന്റെ കൈയിലാണ്.

  • എങ്ങനെയാണ് മായയുടെ പ്രണയം? സ്‌നേഹത്തിനാണോ കാമത്തിനാണോ മുൻതൂക്കം നൽകുന്നത്?

നന്ദനത്തിൽ നവ്യാനായർ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലയാണ് എന്റെ പ്രണയം. അതിൽ കാമത്തിന് സ്ഥാനമില്ല. മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ആത്മാർത്ഥതയുടെ ആർദ്രതയാണ്.

  • പ്രണയത്തിൽ സെക്‌സിന് സ്ഥാനമില്ലെന്നാണോ?

സെക്‌സ് ശരീരത്തിന്റെ ആവശ്യമാണ്. യഥാർത്ഥ പ്രണയത്തിൽ സെക്‌സിന് സ്ഥാനമില്ല. ഞാൻ പുള്ളിക്കാരനുമായി 24 മണിക്കൂറും ഫോണിൽ സംസാരിക്കാറില്ല. എല്ലാ ദിവസവും കോഫീഹൗസിൽ പോയിരിക്കാറുമില്ല. ആ പ്രണയം ഞങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

  • വിവാഹം എന്നാണ്?

എന്റെ ജീവിതത്തിൽ വിവാഹമില്ലെന്ന് ഞാൻ പറഞ്ഞല്ലോ. സമയമാകുമ്പോൾ ഒന്നിച്ചുതാമസിക്കും. ശരിക്കുമൊരു ലിവിങ് ടുഗതർ.

  • മായയുടെ മനസ്സിലെ പുരുഷസങ്കല്പം എന്താണ്?

സ്‌നേഹം അഭിനയിക്കുന്ന വ്യക്തിയാകരുത്. എന്നോട് സ്‌നേഹമുണ്ടെങ്കിൽ അത് പ്രവൃത്തിയിലൂടെ തെളിയിക്കണം. മദ്യപിക്കുന്നതോ പുകവലിക്കുന്നതോ തെറ്റല്ല. എന്നാൽ എല്ലാറ്റിനും പരിധി വേണം. മറ്റുള്ളവരെക്കുറിച്ച് മോശമായി പറയരുത്. സെൽഫ് റെസ്‌പെക്ട് വേണം. ഭാര്യയെ മറ്റൊരു വ്യക്തിയായി കാണരുത്. അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കണം.

  • കാമുകന് ഈ ഗുണങ്ങളുണ്ടോ?

ഉണ്ടെന്നാണ് എന്റെ വിശ്വാസം.

  • നടന്മാരുമായി ഇഴുകിച്ചേർന്നഭിനയിക്കുമ്പോൾ മനസ്സിലുണ്ടാകുന്നതെന്താണ്?

ഇതുവരെ അത്തരം സീനുകളിൽ അഭിനയിക്കേണ്ടിവന്നിട്ടില്ല. പ്രണയരംഗത്തിൽ അഭിനയിക്കുമ്പോൾ ആ നടനുമായി നടിക്ക് പ്രണയം തോന്നുമോ എന്നല്ലേ ഉദ്ദേശിച്ചത്? അങ്ങനെയൊന്നും സംഭവിക്കില്ല. പെണ്ണിന്റെ ശരീരത്തിന്റെ സ്വഭാവം അങ്ങനെയല്ല. ഒന്നു തൊട്ടാലുടൻ പെണ്ണിന് ആണിനോട് താത്പര്യം തോന്നില്ല.

  • ഏറ്റവും ഇഷ്ടമുള്ള നടൻ ആരാണ്?

തമിഴ്‌നടൻ കാർത്തി. അഭിമുഖങ്ങളിലൊക്കെ എത്ര സിമ്പിളായാണ് കാർത്തി സംസാരിക്കുന്നത്. കാർത്തിയെ എവിടെക്കണ്ടാലും ആ കവിളിലൊരുമ്മ കൊടുക്കണം. ഇതു കേൾക്കുമ്പോൾ എനിക്ക് കാർത്തിയോട് ഭയങ്കര പ്രേമമാണെന്ന് വിചാരിക്കരുത്. ഒരു കലാകാരിക്ക് കലാകാരനോടുള്ള ഇഷ്ടം മാത്രമാണത്.

എന്നാൽ ഞാൻ ആരാധിക്കുന്നത് സച്ചിൻ ടെൻഡുൽക്കറെയാണ്. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ് എന്നെ ആകർഷിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP