Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സെല്ലുലോയ്ഡ് പാട്ടുജീവിതം മാറ്റി മറിച്ചു; പാട്ടുകാരിയെ സൗന്ദര്യം ഒരു പരിധിവരെയേ സഹായിക്കൂ; ഇഷ്ടം എപ്പോഴും ഹിന്ദുസ്ഥാനിയോട്... ഗായിക സിതാര മറുനാടൻ മലയാളിയോട്

സെല്ലുലോയ്ഡ് പാട്ടുജീവിതം മാറ്റി മറിച്ചു; പാട്ടുകാരിയെ സൗന്ദര്യം ഒരു പരിധിവരെയേ സഹായിക്കൂ; ഇഷ്ടം എപ്പോഴും ഹിന്ദുസ്ഥാനിയോട്... ഗായിക സിതാര മറുനാടൻ മലയാളിയോട്

സെല്ലുലോയ്ഡിലെ ഒറ്റപ്പാട്ടുമതി സിതാര എന്ന ഗായികയെ മലയാളി എന്നു ഓർക്കാൻ. കലയുടെ വഴിയിൽ നിറഞ്ഞൊഴുകിയ പാട്ടുകളുമായാണ് സിതാര എന്ന ഗായിക മലയാള സിനിമയിലേക്കെത്തുന്നത്. സ്‌കൂളിലും കോളദജിലും പഠിക്കുന്ന കാലത്ത് കലോത്സവ വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്ന സിതാര ഹിന്ദുസ്ഥാനി വേദികളിലെ പ്രിയങ്കരിയാണ്. സിനിമയിലെത്തിയ സിതാര അവിടെയും കഴിവു തെളിയിച്ചു. സിനിമയേക്കാൾ സിതാരയ്ക്കിഷ്ടം ശാസ്ത്രീയ സംഗീതമാണ്. സംഗീതലോകത്തു തന്നെ തുടരാനാണ് ആഗ്രഹം. ഒപ്പം സിനിമയും കൊണ്ടുപോകണം. സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളിൽ മികച്ച ഗായികയായി മികവിന്റെ കിരീടം ചൂടിയ സിനിമയെക്കുറിച്ചു, പാട്ടുകളെക്കുറിച്ച് സിതാര മറുനാടൻ മലയാളിയോട്...

  • സിതാര മലയാളിത്തമുള്ള ഗായികയാണ്, മഞ്ജുവാര്യരെപോലെ അടുത്ത വീട്ടിലെ കുട്ടിയാണ്. ഇത് എത്രത്തോളം ആസ്വദിക്കുന്നുണ്ട്?

തീർച്ചയായിട്ടും സന്തോഷമുണ്ട്. എനിക്കു തോന്നുന്നു മലയാളത്തിന്റെ പാട്ട് അല്ലെങ്കിൽ മലയാളത്തിന്റെ മണമുള്ള പാട്ട് എന്നൊരു തലത്തിലേക്ക് വരുന്നത് സെല്ലുലോയിഡിന്റെ പാട്ടിന്റെ പശ്ചാത്തലത്തിലാണ്. ആ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞത് എന്റെ വലിയൊരു ഭാഗ്യമാണ്. പ്രായഭേദമനേ്യ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പാട്ട് പാടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്. അത് ഇങ്ങനെ അംഗീകരിക്കപ്പെടുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു.

  • ഗായത്രി, മഞ്ജരി, സിതാര, എന്നിങ്ങനെ ഒരു ശ്രേണി രൂപപ്പെടുന്നതായി സംഗീത്തെ സ്‌നേഹിക്കുന്നവരിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്... ഇതിനെ എങ്ങനെ കാണുന്നു?

അങ്ങനെ ഞങ്ങളുടെ പേരു പറയുന്നത് ഹിന്ദുസ്ഥാനി സംഗീതം ക്ലാസിക്കലായി പരിശീലിക്കുന്നതിന്റെ ഒരു ഭാഗമായിട്ടാവണം. ഗായത്രി ചേച്ചിയും മഞ്ജരിയും ഹിന്ദുസ്ഥാനി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഞാൻ കർണാട്ടിക് മ്യൂസിക്കാണ് ആദ്യം പഠിച്ചത്. പിന്നീടാണ് ഹിന്ദുസ്ഥാനിയിലേക്ക് മാറിയത്. ഇപ്പോൾ കൂടുതലും ഗസൽ പ്രോഗ്രാമുകളാണ് ചെയ്യുന്നത്. ഇനി ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ ചെയ്തു തുടങ്ങാമെന്ന് വിചാരിക്കുന്നു. നമ്മുടെ ഈ തലമുറയിലെ പ്രശസ്തരായ എല്ലാപാട്ടുകാരും വളരെ ഡെഡിക്കേറ്റഡ് ആയി പാട്ടിനെ കാണുന്നവരും സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവരുമാണ്. അതുകൊണ്ട് തന്നെ പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും ഒക്കെയുള്ള മനസ്സും എല്ലാവർക്കുമുണ്ട്. പിന്നെ ഇതിലാരായാലും പാട്ടുപാടുന്ന ആളുകൾ മാത്രമല്ല അത് ആസ്വദിക്കുന്നവരും കൂടിയാണ്.

  • നാടൻപാട്ടുകൾ മലയാള സിനിമാ സംഗീതത്തിൽ ചുരുങ്ങിയ കാലംകൊണ്ട് ചെറുതല്ലാത്ത സംഭാവന നൽകാൻ സിതാരയ്ക്കു കഴിഞ്ഞിട്ടുണ്ട്. നാടൻ പാട്ടുകളോടു പ്രത്യേക മമത പുലർത്തുന്നുണ്ടോ

നാടൻപാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാരണം അതൊരു സത്യമുള്ള സംഗീതമാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചൊരു ഗ്രാമറിന്റേയും കെട്ടുപാടുകളില്ലാതെ വലിയ സ്വാതന്ത്യമുണ്ട് അതിനകത്ത്. നമ്മുടെയീ ചിട്ടയോടുകൂടിയ സംഗീതമെല്ലാം ഉണ്ടായതുപോലും നാടൻപാട്ടിൽ നിന്നാണല്ലോ.. അതറിയാനുള്ള ശ്രമമെല്ലാം എപ്പോഴും നടത്താറുണ്ട്. അത്തരത്തിലുള്ള പാട്ടുകൾ സിനിമയിലും പാടാൻ അവസരം കിട്ടി. അത് കുറച്ചുകൂടി എളുപ്പമാക്കാൻ ഈ ശ്രമങ്ങളെല്ലാം സഹായിച്ചിട്ടുണ്ട്.

സംഗീതത്തിനു വേണ്ടി എന്ത് അദ്ധ്വാനം ചെയ്താലും അത് എവിടെയെങ്കിലും ഉപകരിക്കും. നാടൻപാട്ടിന്റെ സ്വീകാര്യത ഇപ്പോൾ കുറച്ചുകൂടി കൂടിയിട്ടുണ്ടെന്നു തോന്നുന്നു. പിന്നെ നാടൻപാട്ടു പാടുന്നവർ ഒരിക്കലും അത് സ്റ്റേജിലവതരിപ്പിക്കാനോ, അതിലെ സംഗീതം ജനങ്ങളിലെത്തിക്കാനോ വേണ്ടി പാടുന്നതല്ല. അതവരുടെ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഭാഗമാണ്. അവരുടെ രക്തത്തിൽ അലിഞ്ഞതാണ്. അത്തരമാളുകളുടെ അരികിൽ പോയി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.

  • കർണാടകസംഗീതത്തിൽനിന്ന് പിന്നീട് ഹിന്ദുസ്ഥാനിയിലേക്ക് മാറിയതാണല്ലോ. സിതാര ജനിച്ചു വളർന്നത് കോഴിക്കോടാണ്. കേരളത്തിൽ ഹിന്ദുസ്ഥാനിയുടെ സ്വാധീനമുണ്ടായിരുന്ന സ്ഥലവും കോഴിക്കോടാണ്. ഇതു തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

പ്രദേശത്തിന്റെ സ്വാധീനം തീർച്ചയായിട്ടും ഉണ്ട്. ഞാൻ ജനിച്ചതും ജീവിച്ചതുമെല്ലാം അവിടെയാണ്. മലബാറിലെ ആളുകൾക്ക് ഗസലുകളോടും ഹിന്ദുസ്ഥാനിയോടും ഒരു പ്രത്യേക ആഭിമുഖ്യമാണ്. പിന്നെ ബാബുക്കയുടെ (എം എസ് ബാബുരാജ്) പാട്ടുകളോടുള്ള ഒരിഷ്ടം അവിടെ എല്ലാവർക്കുമുണ്ട്. പിന്നെ സുഹൃത്തുക്കളോടൊപ്പം കൂടുമ്പോളെല്ലാം ഞങ്ങൾക്കിടയിൽ ഇത്തരം ചർച്ചകളാണ് ആദ്യം വരുന്നത്. അങ്ങനെ പാടിതുടങ്ങി നന്നാവുന്നുണ്ടെന്ന് ആളുകൾ പറയാൻ തുടങ്ങിയപ്പോൾ എനിക്കും താല്പര്യം തോന്നി. അങ്ങനെ ഹിന്ദുസ്ഥാനി പഠിക്കാൻ തുടങ്ങി. ഹിന്ദുസ്ഥാനി മ്യൂസിക്കിൽ ഉസ്താദ് ഫയാസ് ഖാൻ ആയിരുന്നു ഗുരു. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നതിൽ മാത്രമല്ല, സംഗീതപഠനത്തോട് മൊത്തത്തിലുള്ള എന്റെ യഥാർത്ഥ കാഴ്ചപ്പാട് രൂപീകരിക്കുന്നതിലും ഫയാസ്ജിയുടെ പങ്ക് വളരെ വലുതാണ്. . കർണ്ണാട്ടിക് മ്യൂസിക്ക് രാമനാട്ടുകര സതീഷ് സാറിന്റെ കീഴിലായിരുന്നു അഭ്യസിച്ചിരുന്നത്. അവരുടെയെല്ലാം അനുഗ്രഹത്തോടെയാണ് ഞാൻ ഹിന്ദുസ്ഥാനിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ കൊൽക്കത്തയിൽ രബീന്ദ്രഭാരതി സർവ്വകലാശാലയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുന്നുമുണ്ട്.

  • മറ്റു പലതാരങ്ങളേയും പോലെ കലോത്സവ വേദികളിൽ നിന്നും സിനിമാ വേദിയിലേക്ക് ചുവടുവച്ച സിത്താര മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സംഗീത പഠനവും കൂടെ കൊണ്ടുപോകുന്നു. ഇത് ഒരു സവിശേഷതയായി വിലയിരുത്തിക്കൂടെ?

പഠനകാലത്തായിരുന്നു യൂത്ത് ഫെസ്റ്റിന്റെ ഭാഗമായിരുന്നത്. ശരിക്കും പറഞ്ഞാൽ അത് തിരിച്ചാണ് സഹായിച്ചത്. പഠിച്ചതും പ്രാക്ടീസ് ചെയ്തതുമെല്ലാം അവതിരപ്പിക്കാനുള്ള വേദികളാണ് യുവജനോത്സവങ്ങൾ ഒരുക്കിയിരുന്നത്. ഞാൻ ആദ്യം പി.ജി ചെയ്തത് എം.എ ലിറ്ററേച്ചറിലായിരുന്നു. ആ സമയത്ത് സംഗീതത്തിൽ നിന്നും വിട്ട് പോകാതിരിക്കാനും മറ്റും ഇത്തരം വേദികളാണ് സഹായിച്ചത്. ഭാഗ്യം കൊണ്ട് ഇത് പ്രഫഷനാക്കാൻ സാധിച്ചു. പിന്നെ സംഗീതത്തിന്റെ അക്കാദമിക് വേർഷൻ നമ്മളെപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം. അതുകൊണ്ടുകൂടിയാണ് ഞാൻ കൊൽക്കത്തയിൽ മ്യൂസിക്ക് പി.ജി ക്ക് ജോയിന്റ് ചെയ്തത്. പിന്നെ സിനിമാ ഗാനങ്ങൾ പെട്ടെന്ന് ആളുകളുടെ സ്‌നേഹം നേടിത്തരുന്നുണ്ട്. അതുമതി എന്ന തോന്നലാണ് പലപ്പോഴും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്.

  • പെർഫോർമർ എന്ന രീതിയിലേക്ക് ഗായകർ മാറുമ്പോൾ അത് സംഗീതത്തെ ഏതുരീതിയിൽ ബാധിക്കും?

സ്വാഭാവികമായി നമ്മുടെ ഉള്ളിൽ നിന്ന് എന്തെല്ലാം വരുന്നുവോ അതെല്ലാം എക്‌സ്പ്രസ് ചെയ്യണം എന്നു വിചാരിക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. പാടുന്ന സമയത്ത് പെർഫോം ചെയ്യാത്തത് എന്റെ നാച്വർ അങ്ങനെ ആയതുകൊണ്ടാണ്. പക്ഷെ പെർഫോം ചെയ്യുന്നവർക്ക് അത് ഭംഗിയായി ചെയ്യാനും ആളുകളുടെ ഇഷ്ടം നേടാനും കഴിയുന്നുണ്ടെങ്കിൽ അതു തന്നെയാണ് ശരി. അങ്ങനെ ഒരു സ്വാതന്ത്ര്യം കിട്ടുമ്പോൾ നമുക്ക് ശരീരത്തിനേയും മനസ്സിനേയും ഫ്രീ ആക്കാൻ സാധിക്കും. പക്ഷെ അതൊരു പ്രത്യേക രീതിയിൽ ഫോർമാറ്റ് ചെയ്യപ്പെടുമ്പോൾ ബുദ്ധിമുട്ടാണ്. അപ്പോളത് നെഗറ്റീവായി ബാധിക്കും.

  • ബാന്റുകളുടേയും റീമിക്‌സുകളുടേയും അതിപ്രസരം മലയാളത്തിന്റെ ശുദ്ധസംഗീതത്തിനു വെല്ലുവിളിയാകുമോ?

ഒരിക്കലുമില്ല. ശൂദ്ധസംഗീതത്തിന്റെ നിലനില്പിനെ ഇതൊന്നും ഒരിക്കലും ബാധിക്കില്ല. അത് വേറൊരു ട്രാക്കിലാണ് പോകുന്നത്. ശുദ്ധസംഗീതത്തിനു ആസ്വാദകർ കൂടിയിട്ടേയുള്ളു... മാത്രമല്ല നമ്മൾ കേൾക്കാതെ പോയ പലപാട്ടുകളും നാടൻപാട്ടുകളുമൊക്കെ ആളുകളിലെത്തിക്കാൻ റീമിക്‌സിനു കഴിയുന്നുണ്ടെന്നാണ് തോന്നുന്നത്. ഒരു പാട്ടിന്റെ ഒറിജിനൽ ക്രിയേഷനെ വൃത്തികേടാക്കുമ്പോഴാണ് ഇതൊക്കെ ബുദ്ധിമുട്ടാകുന്നത്... ഏതു തരത്തിലുള്ള സംഗീതമായാലും അതിന്റെ ക്വാളിറ്റി അനുസരിച്ച് നല്ലതാണോ ചീത്തയാണോ എന്നു പറയാനാകു...

  • സ്വന്തം നാട് സിതാരയെ എങ്ങനെയാണു സംഗീതവഴിയിൽ സ്വാധീനിച്ചത്?

കോഴിക്കോടിന്റെ വേദികളിൽ പാടുക എന്നത് ഏറ്റവുമധികം സന്തോഷം തരുന്ന കാര്യമാണ്. അവിടെ ഞാനൊരിക്കലും പുറമെ നിന്നുള്ള ഒരാളല്ല. നമ്മുടെ സ്വന്തം നാട്ടിലും വീട്ടിലും സ്ഥലത്തുമെല്ലാം പാടുന്നതുപോലെയാണ്. അവിടുത്തെ ആളുകൾ നിസ്വാർത്ഥമായി സ്‌നേഹിക്കുന്നവരാണ്. അഭിപ്രായങ്ങൾ അതാത് സമയത്ത് നേരിട്ട് അറിയിക്കാറുണ്ട്. വിമർശനങ്ങളാണെങ്കിൽ പോലും അത് വേദനിപ്പിക്കാതെ പറയാൻ അവർക്കറിയാം. കോഴിക്കോട്ട് ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ ഭയങ്കര സന്തോഷവും സമാധാനവുമെല്ലാം തോന്നും. പിന്നീടുള്ള ഒരുപാട് വേദികളിലേക്ക് വലിയ ഊർജ്ജമാകും.. മനസ്സു തുറന്നാണ് അവർ സംഗീതം ആസ്വദിക്കുക. അതുപോലെ തന്നെ കോഴിക്കോട് ഒരു വേദിയിലും ആളുകൾ കുറഞ്ഞുപോയി എന്നൊരു പരാതിയും കേൾക്കാൻ പറ്റില്ല.

  • കോഴിക്കോടിന്റെ ഈയൊരു പ്രത്യേകത സിതാര എന്ന ഗായികയുടെ ഉയർച്ചയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ടോ?

തീർച്ചയായിട്ടും. അവിടുന്ന് വരുന്നതുകൊണ്ട്, ആർട്ടിസ്റ്റ് എന്ന രീതിയിൽ മാത്രമല്ല ആസ്വാദക എന്ന രീതിയിലും ഒരു പാട് സഹായിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും അവയെ അംഗീകരിക്കാനുമുള്ള ഒരു നേച്ചർ ആ മണ്ണിൽ നിന്ന് കൂടിയാതാവണം. പിന്നെ നമ്മുടെ നാട്ടുകാർ കലയെ ഒരുപാട് സ്‌നേഹിക്കുന്നവരാണ്. എവിടെപോയാലും ഞാനൊരു കോഴിക്കോട്ടുകാരിയാണെന്ന് അഭിമാനത്തോടെ പറയാം. പിന്നെ ഞാൻ ആദ്യമായി പാടിയത് കോഴിക്കോട് ടൗൺഹാളിലായിരുന്നു. രാഘവൻ മാസ്റ്ററുടെ പാട്ട്.

  • ചെറുപ്പത്തിൽ രാഘവൻ മാസ്റ്ററുടെ പാട്ടുകൾ വേദികളിൽ പാടി. ഇപ്പോൾ അദ്ദേഹത്തിന്റെ സംഗീതത്തിൽ ബാല്യകാലസഖിയിൽ പാടാൻ പോകുന്നു. എന്തുതോന്നുന്നു?

ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ചെറുപ്പത്തിൽ ഇവരുടെയെല്ലാം പാട്ടു കേട്ടാണ് വളർന്നത്. അവരുടെ കൂടെ പാടാൻ കഴിയുമെന്നത്, അതൊരു വലിയ ഭാഗ്യമെന്നതിലുപരി പ്രാർത്ഥനപോലെയാണ്. മലയാളത്തിൽ സ്വതന്ത്ര സംഗീതം തുടങ്ങിയ കാലം തൊട്ടേയുള്ള ആളാണ് രാഘവൻ മാസ്റ്ററൊക്കെ. ഈ 98-ാം വയസ്സിലും വലിയ സന്തോഷത്തോടെയും സംതൃപ്തിയോടെയും അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു. പിന്നെ നമ്മളോടു കാണിക്കുന്ന പരിഗണന..ഇതെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ശക്തിയിൽ നിന്നുണ്ടാകുന്നതാണ്. ഒരു ടെൻഷനുമില്ലാതെ സന്തോഷത്തോടെ ഇരിക്കാം മാഷിന്റെ മുന്നിൽ. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അഹങ്കാരങ്ങൾ നമ്മുടെയുള്ളിലേക്ക് വരാതിരിക്കാൻ മാഷെപോലുള്ളവരെ ഇടക്ക് കാണുന്നത് നല്ലതാണ്.

  • 'സെല്ലുലോയ്ഡി'ന്റെ തമിഴ് പതിപ്പായ 'ജെ.സി.ഡാനിയേലി'ലും സിതാരതന്നെയല്ലേ പാടിയത്, എങ്ങനെയായിരുന്നു ആ അനുഭവം?

സെല്ലുലോയ്ഡിലെ പാട്ടുപോലെ തന്നെയാണ്, ട്യൂണിലൊന്നും വ്യത്യാസമില്ല. ഞാനും വിജയലക്ഷ്മിയും, ശ്രീറാമേട്ടനും തന്നെയാണ് പാടിയിരിക്കുന്നത്. വരികളെഴുതിയത് പഴനിഭാരതി സാറാണ്. അദ്ദേഹം അവിടുത്തെ വളരെ സീനിയറായ ഗാനരചയിതാവാണ്. മലയാളത്തിൽ വരികൾകൂടിയായിരുന്നു ആ പാട്ടിന്റെ പ്രത്യേകത. അതുപോലെ തന്നെയാണ് തമിഴിലും. വളരെ മനോഹരമായ വരികളാണ്.

  • 'മുപ്പുഴുതും ഉൻ കർപ്പനൈകൾ' എന്ന ചിത്രത്തിലെ പാട്ടിന്റെ റെക്കോർഡിങിനുശേഷം ഒരിക്കൽകൂടി സിതാരയെ തിരിച്ചുവിളിപ്പിച്ച് പാട്ടുപാടിപ്പിച്ചു എന്നു കേട്ടിരുന്നല്ലോ?

ശരിയാണ്. ജി.വി പ്രകാശ് സാറായിരുന്നു അതിന്റെ സംഗീതം. വരികളെഴുതിയത് താമരൈമാമാണ്. വരികൾ പറഞ്ഞു തരുമ്പോൾ ശരിക്കും നമുക്കത് അനുഭവിക്കാൻ കഴിയും. അത്രയ്ക്കും ഡെഡിക്കേറ്റഡ് ആണ്. റെക്കോർഡിങ് സമയത്ത് ഞാനും ജി.വി സാറും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് താമരൈമാം അതുകേട്ടത്. അപ്പോൾ ഒരു വരിയിലെ ഒരു വാക്കിൽ ചെറിയൊരു ഉച്ചാരണ പ്രശ്‌നം തോന്നി. അങ്ങനെയാണ് തിരിച്ചു വിളിപ്പിച്ചത്. അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പമാണ് ആ വരികളിൽ. പറഞ്ഞുതരുന്ന സമയത്ത് വരികളോടുള്ള അടുപ്പം കാരണം മാഡം കരയുമായിരുന്നു. അവർ ആ വരികളെ അത്രയും സ്‌നേഹിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ നൂറുശതമാനം ആത്മാർത്ഥത അതിൽ കാണിച്ചേ പറ്റു. അതുകൊണ്ട് കൂടി തന്നെയായിരിക്കണം ആ പാട്ട് വളരെയധികം അഭിനന്ദിക്കപ്പെട്ടു. വിജയ് ടി.വിയുടെ കഴിഞ്ഞവർഷത്തെ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

  • ഈ ഒരു 'പെർഫെക്ഷനിസംന' മലയാളത്തിൽ കുറവല്ലേ?

എന്നു തോന്നിയിട്ടില്ല.ദൈവാനുഗ്രഹംകൊണ്ട് റഫീഖ് സാറിന്റെയും വയലാർ ശരത്തേട്ടന്റെയും ഒ.എൻ.വി സാറിന്റെയുമെല്ലാം പാട്ടുകൾ പാടാൻ കഴിഞ്ഞിട്ടുണ്ട്. മലയാളം ചെറുപ്പം മുതലേ നമ്മൾ ശീലിക്കുന്നതാണ്. വീട്ടുകാരും ഗുരുനാഥന്മാരുമെല്ലാം എങ്ങനെയാണ് വാക്കുകൾ ഉച്ചരിക്കേണ്ടത് എന്ന് പറഞ്ഞുതരുമല്ലോ. പരമാവധി നന്നായി പാടാൻ തന്നെയാണ് ശ്രമിക്കാറുള്ളത്. തലമുറകളുടെ വ്യത്യാസമില്ലാതെ എല്ലാ സംഗീതസംവിധായകരും അതുതന്നെയാണ് ഉപദേശിക്കാറുള്ളത്. ആരും അത്രയ്ക്ക് അശ്രദ്ധ കാണിക്കാറുണ്ടെന്ന് തോന്നിയിട്ടില്ല.

  • 'വോക്കൽ ആക്ടിങി'നെ കുറിച്ച് ധാരാളം പരാതികൾ ഉണ്ടായിരുന്നല്ലോ. സംഗീതമേഖലയിൽ ഉള്ളവർ പോലും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എങ്ങനെയാണ് അതിനെ നേരിട്ടത്?

എന്നെ സംബന്ധിച്ച് എനിക്കു കിട്ടിയ പാട്ടുകളെല്ലാം ഓരോതരത്തിലായിരുന്നു. ഓരോ ആളുകൾ കംപോസ് ചെയ്യുന്നതായിരിക്കും. ഓരോന്നും വ്യത്യസ്തമായ റേഞ്ചിലായിരിക്കും, സൗണ്ട്‌മോഡുലേഷൻ ആവശ്യപ്പെടുന്നതായിരിക്കും. കുറേപാട്ടുകൾ പാടുമ്പോളാണല്ലോ ഒരു ഗായികയുടെ ശബ്ദം ആളുകൾ അതിൽനിന്നും രൂപപ്പെടുത്തിയെടുക്കുന്നത്. ജാനകിയമ്മയൊക്കെ എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു. അതിൽനിന്നല്ലേ നമ്മൾ ജാനകിയമ്മയുടെ ശബ്ദത്തെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നത്. ഞങ്ങളൊക്കെ തുടക്കക്കാരാണ്. നമ്മുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത് പാട്ടുകൾ വൃത്തിയായി പാടുക. അപ്പോൾ നമ്മൾ പാടേണ്ട പാട്ടുകൾ നമ്മളെ തേടിവരും. ഞാൻ പാടിയാൽ നന്നാകുന്ന പാട്ടുകളും നന്നാകാത്ത പാട്ടുകളും ഉണ്ടല്ലോ..

  • ചില മലയാള സംഗീതസംവിധായകർ മലയാളികളല്ലാത്ത പാട്ടുകാരെകൊണ്ട് പാടിക്കുന്നത് നമ്മുടെ പാട്ടുകാരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നൊരു ആരോപണമുണ്ടല്ലോ. സിതാരക്കെന്തുതോന്നുന്നു?

അതു പണ്ടുമുതലേ ഉണ്ടല്ലോ. ജാനകിയമ്മയും സുശീലാമ്മയും വാണിയമ്മയുമൊന്നും മലയാളികളല്ല. ഇതൊക്കെ കഴിവിനെ അടിസ്ഥാനമാക്കിയിരിക്കും. ശ്രേയാഘോഷാലിനെക്കുറിച്ചാണല്ലോ എല്ലാവരും പറയുന്നത്. അവർ നമ്മുടെ ഇന്ത്യയിലെ ഈ തലമുറ കണ്ടിട്ടുള്ള ഏറ്റവും നല്ല പാട്ടുകാരിൽ ഒരാളാണ്. ഭാഷയുടെ പരിമിതികളില്ലാതെ അത്രയും പെർഫെക്ഷനോടെ പാടുമ്പോൾ അതു കേൾക്കാൻ കഴിയുന്നത് നല്ല കാര്യമല്ലേ. മറ്റു ഭാഷകളിൽ പാടാൻ നമുക്കും അവസരങ്ങൾ കിട്ടുന്നുണ്ട്. അങ്ങനെയാണെങ്കിൽ അവിടെയും പ്രശ്‌നങ്ങൾ ഉണ്ടാകേണ്ടതല്ലേ. സംഗീതത്തിൽ കഴിവുതന്നെയാണ വലിയ കാര്യം. കഴിവില്ലാത്ത ഒരാളെ കൊണ്ടുവന്ന് ഇവിടെ പാടിപ്പിക്കുമെന്നു തോന്നുന്നില്ല.

  • ഏറ്റവും ഇഷ്ടമുള്ളവേദികൾ?

അങ്ങനെ എടുത്തുപറയാൻ പറ്റില്ല. എല്ലാ വേദികളും ഇഷ്ടമാണ്. പ്രത്യേകിച്ച് കോഴിക്കോട്ടെ വേദികൾ. ഗസലുകൾ ചെയ്യാനാണ് കൂടുതൽ താത്പര്യം.

  • ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്താണ് ആഗ്രഹം?

കോഴിക്കോട്ടുതന്നെ ജനിച്ചാൽ മതി. നല്ല പാട്ടുകൾ കേൾക്കാം, നല്ല ഭക്ഷണം കഴിക്കാം(ചിരി),സ്‌നേഹമുള്ള ആളുകളുടെ ഇടയിൽ ജീവിക്കാം. ഒരു പാട്ടുകാരിയാകാൻ കഴിഞ്ഞാൽ കൂടുതൽ സന്തോഷം.

  • ഭർത്താവ് തിരക്കുള്ള ഒരു ഡോക്ടറാണല്ലോ. സിതാരയുടെ സംഗീതത്തെ എത്രത്തോളം സപ്പോർട്ട് ചെയ്യാറുണ്?

സജീഷ് ഒരു ഡോക്ടർ എന്നതിലുപരി, പഠിക്കുന്ന കാലം തൊട്ടേ ഇത്തരം കാര്യങ്ങളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. കോഴിക്കോട് മെഡിക്കൽകോളേജിലാണ് പഠിച്ചത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുണിയൻ ചെയർമാനൊക്കെയായിരുന്നു. ഇത്തരം പരിപാടികളൊക്കെ സംഘടിപ്പിച്ച് പരിചയമുള്ള ആളാണ്. എന്റെ എല്ലാ കാര്യങ്ങളും നന്നായി മനസിലാക്കാൻ കഴിയും. സജീഷിന്റെ ഒഴിവുസമയങ്ങളൊക്കെ എന്റെ പരിപാടികൾക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. ആ രീതിയിൽ വലിയ സപ്പോർട്ട് ആണ്. ഇനി വീട്ടിൽനിന്നാണെങ്കിലും, എനിക്കോർമ വച്ച കാലം മുതൽ ഞാൻ കാണുന്നത് അച്ഛനും അമ്മയും എനിക്കു വേണ്ടി സ്‌ട്രെയിൻ ചെയ്യുന്നതാണ്. മത്സരങ്ങൾക്കു കൊണ്ടു പോകാനും,പ്രാക്ടീസിനു കൊണ്ടുപോകാനുമൊക്കെ. എന്നാൽ എന്നെ ഒരു കാര്യത്തിനും നിർബന്ധിക്കാറില്ലായിരുന്നു. അത്തരം സപ്പോർട്ടൊക്കെ വിവാഹശേഷവും കിട്ടുക എന്നത് വലിയ ഭാഗ്യമാണ്.

  • സെല്ലുലൊയ്ഡിലെ പാട്ടിനു മുമ്പും സിതാര സംഗീതലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു. അംഗീകരിക്കപ്പെടാൻ വൈകിയെന്നു താന്നുന്നുണ്ടോ?

- അയ്യോ ഒരിക്കലുമില്ല. വൈകുന്നതും നേരത്തെയാകുന്നതുമൊന്നുമല്ല കാര്യം(ചിരി). സെല്ലുലോയ്ഡിലെ പാട്ട് എന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. അവാർഡോ അംഗീകാരങ്ങളോ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഈ ഒരു സിനിമയുടെ ഭാഗമാകാനും ഇത്രയും ഭംഗിയുള്ള ഒരു പാട്ടിന് ശബ്ദമാകാനും അവസരം തന്നതിൽ ശ്രീ എം.ജയചന്ദ്രനോടും, ശ്രീ കമലിനോടുമെല്ലാം വലിയ നന്ദിയുണ്ട്.

  • സംസ്ഥാന അവാർഡ് ഉത്തരവാദിത്തങ്ങൾ കൂട്ടിയില്ലേ?

- സംഗീതത്തോട് എന്നും വലിയ ഉത്തരവാദിത്തമുണ്ട്. ഒരു പക്ഷെ, അവാർഡിനുശേഷമായിരിക്കും ആളുകൾ ഞാൻ പാടുന്നത് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ടാകുക. അപ്പോൾ അതു നന്നാക്കാൻ കൂടുതൽ പ്രാക്ടീസ് ചെയ്യുക. അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും സംഗീതത്തോടുള്ള ഉത്തരവാദിത്തം എന്നും കൂടുകയേ ഉള്ളു.

  • ഗായികമാരുടെ സൗന്ദര്യം അവരുടെ പ്രൊഫഷന് ഒരു ഘടകമായി മാറുന്നുണ്ടോ? അത്തരമൊരു പ്രവണത നിലനിൽക്കുന്നതായി കരുതുന്നുണ്ടോ?

- ഇപ്പോൾ സംഗീതം വിഷ്വൽ കൂടിയായല്ലോ. അതുകൊണ്ട് അത്തരം താത്പര്യമുള്ളവർ സൗന്ദര്യം ശ്രദ്ധിക്കുന്നുണ്ടാകാം. ഭംഗിയുള്ള ഒരാളെ കണ്ടാൽ നമ്മളായാലും നോക്കിപ്പോകുമല്ലോ. അത്രയേ ഉള്ളു. പക്ഷെ അതൊക്കെ ഒരു പ്രത്യേക ലെവൽവരെയേ സഹായിക്കു. ഒരേ പോലെയുള്ള കുറേ ആളുകൾ ഉള്ളപ്പോഴായിരിക്കും ഇത്തരം കാര്യങ്ങൾ ഹെൽപ് ചെയ്യുക. അതിനുമപ്പുറത്തേക്ക് സംഗീതം അതിന്റെ സ്പിരിച്വൽ ലെവലിലേക്ക് വളരുമ്പോൾ ഇതൊന്നും ഒരു വിഷയമല്ല. നന്നായി പാടാൻ കഴിയുക എന്നതു തന്നെയാണ് പ്രധാനം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP