Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്‌ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്

യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്‌ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായികയെന്ന പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് സംഗീതാധ്യാപികയുടെ നിറസാന്നിദ്ധ്യത്തിലേക്ക് കടന്ന ലതികടീച്ചർ, കാൽനൂറ്റാണ്ടിനു ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുന്നു. മലയാളികളുടെ മനസിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു പിടി മനോഹരഗാനങ്ങൾ സമ്മാനിച്ച ഗായിക ലതിക ടീച്ചർ. ലതിക ടീച്ചർ ശബ്ദം നൽകിയ ഗാനങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ചുരുക്കമെന്നുള്ളത് അതിശയോക്തിയാകാനിടയില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ പുതിയ അലകൾ സൃഷ്ടിച്ച ഒട്ടേറ ഗാനങ്ങൾക്ക് ശബ്ദം നൽകിയ ലതിക ടീച്ചർ പിന്നീട് സംഗീത അദ്ധ്യാപികയായി മാറി.

കാതോട് കാതോരം സിനിമയിലെ ' കാതോട് കാതോരം......, ദേവദൂതർ പാടി..., നീയെൻ സർഗസൗന്ദര്യമേ... ', ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലെ ' പൂ വേണം പൂപ്പടവേണം.....' ചിലമ്പ് സിനിമയിലെ ' താരും തളിരും പൂവിട്ടു.....' എന്നീ ഗാനങ്ങൾ മതി ലതികടീച്ചറുടെ സ്വരമാധുരി മലയാളിയുടെ സംഗീതാഭിരുചിയെ എത്രത്തോളം സ്വാധീനിച്ചു എന്ന് മനസിലാക്കാൻ. ലതിക ടീച്ചറിന്റെ ശബ്ദമാധുരി തന്റെ സിനിമകൾക്ക് അലങ്കാരമെന്ന് തിരിച്ചറിഞ്ഞ്, അവർക്ക് വേണ്ടി നല്ല ഗാനങ്ങൾ മാറ്റി വച്ചിരുന്ന ഭരതന്റെ കാലത്തിൽ നിന്നും അദ്ധ്യാപികയിലേക്കും അവിടെ നിന്ന് വീണ്ടും ചലച്ചിത്രപിന്നണിയിലേക്ക് തിരിച്ചെത്തുന്ന ലതിക ടീച്ചർ ' മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.

  • മലയാള സിനിമാചരിത്രത്തിൽ സുവർണനൂലിൽ എഴുതിയ ഒട്ടേറെ ഗാനങ്ങളാണ് ലതിക ടീച്ചർ പാടിയത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ചലച്ചിത്ര പിന്നണിരംഗത്ത് നിന്നും സംഗീതാധ്യാപികയിലേക്കുള്ള മാറ്റം?

ചലച്ചിത്രലോകം ഒരു മായാലോകമാണ്. അതിൽ നിന്ന് ജീവിതം നേടിയവരും നഷ്ടപ്പെടുത്തിയവരും ഒരുപാടുണ്ട്. സിനിമയിലെ പേരും പെരുമയും എപ്പോഴും നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല. അതു കൊണ്ടാണ് ചലച്ചിത്രപിന്നണി ഗായികയായി തിളങ്ങി നിന്നപ്പോൾ തന്നെ സിനിമലോകത്തിന്റെ യാഥാർഥ്യം മനസിലാക്കി സംഗീത അദ്ധ്യാപികയായയത്. അങ്ങനെയൊരു മാറ്റം ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികളുടെ സ്‌നേഹവും ശിഷ്യസമ്പത്തെന്ന വലിയൊരു ധനവും നേടിയാണ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ കോളേജിൽ നിന്നും പടിയിറങ്ങിയത്.

  • ഒരു ഗായിക എന്ന നിലയിൽ തിരിഞ്ഞു നോക്കുമ്പോൾ?

ഗാനമേളകളിൽ നിറഞ്ഞു നിന്നിരുന്ന എനിക്ക് ആദ്യമായി പാടാൻ അവസരം ലഭിച്ചത് ദാസേട്ടെനൊപ്പമായിരുന്നു. 1976ൽ അഭിനന്ദനം എന്ന ചിത്രത്തിലെ ' പുഷ്പതലത്തിൽ നീ വീണുറങ്ങി.....' ഈ പാട്ടിലൂടെയായിരുന്നു മലയാള ചലച്ചിത്രലോകത്തേക്കുള്ള എന്റെ വരവ്. ഈ പാട്ട് പാടിയതിനു ശേഷം ദാസേട്ടൻ പറഞ്ഞു. ' പാട്ട് പാടാൻ കഴിവുണ്ട്. അതുകൊണ്ട് ശാസ്ത്രീയമായി സംഗീതം പഠിക്കണം ' ദാസേട്ടന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ച ഞാൻ ഒന്നാം റാങ്കോടെയാണ് സംഗീതപഠനം പൂർത്തിയാക്കിയത്. ദാസേട്ടന് ഗുരുദക്ഷിണയായി നൽകിയത് ആ സർട്ടിഫിക്കറ്റ് ആയിരുന്നു. പിന്നെ രവീന്ദ്രൻ മാഷിന്റെയും ഔസേപ്പച്ചന്റെയും ആദ്യ ചലച്ചിത്രഗാനങ്ങൾക്ക് വേണ്ടി പാടാൻ കഴിഞ്ഞതും ഭാഗ്യമായിട്ടാണ് കരുതുന്നത്. 1979ൽ രവീന്ദ്‌രന്മാഷ് ആദ്യമായി സംഗീതസംവിധാനം ചെയ്ത ' ചൂള ' എന്ന സിനിമയിലാണ് അവസരം ലഭിച്ചത്. ഔസേപ്പച്ചൻ ആദ്യമായി സംഗീതസംവിധായകനായ ' കാതോട് കാതോരം ' സിനിമയിലെ ഗാനങ്ങളാണ് എന്റെ ജീവിതത്തിൽ പുതിയ അലകൾ സൃഷ്ടിച്ചത്. എസ്‌പി.വെങ്കിടേഷ് സംഗീതസംവിധായകനായ ' രാജാവിന്റെ മകനിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. കൂടാതെ മലയാളചലച്ചിത്ര ലോകത്തെ എക്കാലത്തെയും ഹിറ്റുകളായ വൈശാലിയിലെ ദും ദും ദും ദുന്ദുഭിനാദം......., അമരത്തിലെ , വെങ്കലം തുടങ്ങിയ സിനിമകളിലും പാടാൻ കഴിഞ്ഞു. ശ്രീകൃഷ്ണപരുന്തിലെ ഏറെ പ്രശസ്തമായ ' നിലാവിന്റെ പൂങ്കാവിൽ....' എന്ന ഗാനം എനിക്ക് വലിയൊരു വഴിത്തിരിവുകളിലൊന്നായിരുന്നു. അമരത്തിലെ 'പുലരേ പൂങ്കോടിയിൽ...,' വെങ്കലത്തിലെ 'ഒത്തിരി ഒത്തിരി മോഹങ്ങൾ കതിരിട്ട...' പോലുള്ള ഗാനങ്ങൾ. വന്ദനത്തിലെ പ്രശസ്തമായ 'ലാലാ ലാലാ...' എന്ന തീം സോങും അമരത്തിലെ 'ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിയും...' എന്ന പ്രാർത്ഥനാ ഗാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

  • മലയാള സിനിമയിലെ ഇപ്പോഴുള്ള ചലച്ചിത്രഗാനങ്ങളെ കുറിച്ച്?

ചലച്ചിത്ര രംഗത്തുള്ളവരെല്ലാം നല്ല ടാലന്റ് ഉള്ളവരാണ്. എന്നാൽ പലപ്പോഴും സ്വാതന്ത്യമില്ലായ്മ ഗായകർക്കും എഴുത്തുകാർക്കും വെല്ലുവിളിയാണ്. ഞാനൊക്ക പഴയ തലമുറയിൽ പെട്ടതു കൊണ്ടായിരിക്കും പഴയ ഗാനങ്ങളോടുള്ള താൽപര്യം. മലയാള സിനിമയിൽ വളരെ അപൂർവമായിട്ടാണ് നല്ല ഗാനങ്ങൾ വരുന്നത്. നല്ല ഗാനങ്ങൾ എന്ന് ഞാൻ ഉദ്ദേശിച്ചത് മനസിൽ തങ്ങി നിൽക്കുന്ന, മൂളിപ്പാട്ട് പാടണമെന്ന് തോന്നിയാൽ അറിയാതെ ചുണ്ടിലേക്ക് ഒഴുകിയെത്തുന്ന ഗാനങ്ങൾ.

  • ഇപ്പോൾ ഗായകർക്കും എഴുത്തുകാർക്കും സ്വാതന്ത്ര്യമില്ലന്നാണോ?

സ്വാതന്ത്യം ഇല്ല എന്ന് തീർത്ത് പറയാൻ കഴിയില്ലെങ്കിലും ആ സ്വാതന്ത്യത്തിന് ചില പരിമിതികൾ ഉണ്ട്. പണ്ട് ഗാനങ്ങളെഴുതിയ ശേഷമാണ് അതിന്റെ ട്യൂൺ നിശ്ചയിക്കുന്നത്. ഇന്ന് ട്യൂണിനനുസരിച്ച് ഗാനങ്ങൾ എഴുതുന്ന സാഹചര്യമാണ് കൂടുതലും അനുവർത്തിക്കുന്നത്. ഗായകർക്കും ഗാനരചയിതാക്കൾക്കും അതിന്റേതായ സ്വാതന്ത്ര്യം അനുവദിച്ചാൽ മലയാള സിനിമയിലേക്ക് ചലച്ചിത്ര ഗാനങ്ങളുടെ സുവർണ വീണ്ടും കടന്നുവരും.

  • അന്യഭാഷ ഗായകരുടെ സ്വാധീനം മലയാള സിനിമഗാനശാഖയെ എങ്ങനെ സ്വാധീനിക്കുന്നു?

സംഗീതവും മലയാളവും നന്നായി വഴങ്ങുന്ന, കഴിവുള്ള ഒട്ടേറ ഗായകരും ഗായികമാരുള്ള നാടാണ് കേരളം. അങ്ങനെയുള്ള നമ്മുടെ ചലച്ചിത്രലോകത്തിൽ അന്യഭാഷഗായകരെ കൊണ്ടു പാടിക്കുന്നതിൽ ഒരു പരിധി വരെം എനിക്കു വിയോജിപ്പാണ്. ചലച്ചിത്രത്തിന്റെ സാഹചര്യം അങ്ങനെയുള്ളതാണെങ്കിൽ അന്യഭാഷഗായകരെ ചിലപ്പോൾ ഒഴിവാക്കാനാവില്ല. പുതിയ തലമുറയിൽ പെട്ട കഴിവുള്ള നിരവധി പ്രതിഭകൾ പലപ്പോഴും അവസരം ലഭിക്കാതെ പോകുന്നുണ്ട്. അവർക്ക് അവസരം ലഭിച്ചെങ്കിൽ മാത്രമെ അവരുടെ കഴിവുകൾ മനസിലാക്കാൻ കഴിയൂ. തന്നെയുമല്ല വൻതുക പ്രതിഫലം വാങ്ങിയാണ് പല അന്യഭാഷാഗായകരും മലയാള സിനിമയിൽ പാടാൻ വരുന്നത്. ഇത് ഒഴിവാക്കിയാൽ പ്രൊഡ്യൂസർക്കും ലാഭമാണ്.

  • മലയാളി എന്നും മനസിൽ സൂക്ഷിക്കുന്ന ഒരു പിടി ഗാനങ്ങൾക്ക് ജീവൻ നൽകിയ ലതിക ടീച്ചറെ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന് തോന്നിയിട്ടുണ്ടോ?

അദ്ധ്യാപികയാവാനായത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് കാണുന്നത്. ഗായിക എന്ന നിലയിൽ ഭാഗ്യമില്ലെന്ന് പലരും പറയാറുണ്ടെങ്കിലും സ്വയം ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്ന് സന്തോഷത്തോടെ തന്നെ പറയും. മലയാളത്തിലെ എക്കാലയത്തെയും മികച്ച ഗാനങ്ങളിൽ ചിലത് തന്റെ പേരിൽ ആണെന്നുള്ള സന്തോഷവും സംതൃപ്തിയുമുണ്ട്. എന്നാൽ ചലച്ചിത്രമേഖലയിലെ അവാർഡുകൾ പലപ്പോഴും അർഹർക്ക് കിട്ടാറില്ല എന്നത് സത്യം തന്നെയാണ്. മികച്ച പാട്ടുകൾ പാടിയിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നൊരു പരിഭവം ഇല്ലാതില്ല.

  • അദ്ധ്യാപികയിൽ നിന്ന് വീണ്ടും സിനിമയിലേക്ക്?

മാർച്ചിലാണ് കോളേജിൽ നിന്ന് റിട്ടയർ ചെയ്തത്. രണ്ടു സിനിമകളിൽ പാടി. ഷൂട്ടിങ് പുരോഗമിക്കുന്ന ' സൂര്യഭദ്രം ', മലയാളത്തിലെ ആദ്യ ചലച്ചിത്ര നടി പി.കെ.റോസിയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിലുമാണ് പാടിയത്. ന്യൂ ജെനറേഷൻ സിനിമകളുടെ കാലമാണ്. എങ്കിലും ശുദ്ധമായ സംഗീതം ഏതു ജനറേഷനും ആസ്വദിക്കാൻ കഴിയുമെന്ന സംശയമില്ലാത്ത കാര്യമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP