Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202125Saturday

കാൻസർ മൂലം കാൽ മുറിച്ചുമാറ്റിയതാണെന്ന് നന്ദു കൂളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; നന്ദു മഹാദേവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങൾ; ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്; തുറന്നു പറഞ്ഞ് സീമ ജി നായർ

കാൻസർ മൂലം കാൽ മുറിച്ചുമാറ്റിയതാണെന്ന് നന്ദു കൂളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; നന്ദു മഹാദേവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങൾ; ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്; തുറന്നു പറഞ്ഞ് സീമ ജി നായർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശരണ്യ ശശിയേയും നന്ദു മഹാദേവിനേയും പരിചയപ്പെട്ടത് തന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളായിരുന്നുവെന്ന് നടി സീമാ ജി. നായർ. നന്ദുവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങളാണ്. പലതവണ വീണുപോകുമെന്ന് നമ്മൾ കരുതിയിടത്ത് നിന്നൊക്കെ ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്നവർ. അപാരമായ വിൽപവറുള്ള കുട്ടിയാണ് നന്ദു. മരണമെന്ന് പറയുമ്പോൾ എല്ലാവർക്കും ഭയമാണ്. പക്ഷെ അവൻ ചിരിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നുവെന്നും സീമ പറയുന്നു.

മേക്ക് എ വിഷൻ എന്ന സംഘടനയുടെ ഭാഗമായി അറുന്നൂറോളം കുട്ടികളുടെ അന്ത്യാഭിലാഷങ്ങൾ സാധിച്ചുകൊടുത്തത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്. മറ്റുള്ളവർക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടാൻ മടിയില്ലെന്നും സീമ കൂട്ടിച്ചേർക്കുന്നു. ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്. എന്നാൽ അതൊന്നുംകൊണ്ട് ഇത് നിർത്തിപോകാൻ തോന്നിയിട്ടില്ല. എന്നാൽ കൂടെനിൽക്കുന്നവർ അങ്ങനെ ഉപദേശിച്ചിട്ടുണ്ടെന്നും അവർ മറുനാടനോട് പറഞ്ഞു. പ്രമുഖ സിനിമാ- സീരിയൽ താരം സീമാ ജി. നായർ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

നന്ദു മഹാദേവിനെ എങ്ങനെയാണ് പരിചയം?

കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഞാനൊരു പരിപാടിയിൽ പങ്കെടുക്കാൻ മസ്‌കറ്റിൽ പോകുമ്പോൾ അവിടത്തെ എയർപോർട്ടിൽ വച്ചാണ് നന്ദുവിനെ ആദ്യമായി കാണുന്നത്. അന്ന് നന്ദൂട്ടന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് എന്തെങ്കിൽ അപകടത്തിൽ സംഭവിച്ചതാകാം എന്നാണ്. അന്നെനിക്ക് നന്ദൂട്ടനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ നന്ദൂട്ടൻ എന്നോട് ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഫോട്ടോ എടുക്കുമ്പോൾ കാലിനെന്ത് പറ്റിയതാ എന്ന് ഞാൻ ചോദിച്ചു. ക്യാൻസർ വന്നതുകൊണ്ട് മുറിച്ചുമാറ്റിയതാ എന്ന് അവൻ വളരെ കൂളായി പറഞ്ഞു. വളരെ കൂളായിട്ടുള്ള ആ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി. പിന്നീട് അധികമൊന്നും എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല. എന്റെ വണ്ടി വന്നു, ഞാനതിൽ കയറിപ്പോയി. പിറ്റെദിവസം രാവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോൾ അവിടെ നന്ദുവുണ്ട്.

അവൻ അവിടെ വേറൊരു പരിപാടിക്ക് വന്നതായിരുന്നു. അന്നാണ് ഞാൻ നന്ദൂട്ടനോട് ആദ്യമായി ഒരുപാടി സമയം സംസാരിക്കുന്നതും അവന്റെ കഥകളെല്ലാം കേൾക്കുന്നതും. പിന്നീട് ഇടയ്ക്കിടെ അവനെ വിളിക്കുമായിരുന്നു. ഇത്തരത്തിലുള്ള അസുഖങ്ങളൊക്കെ വന്നുകഴിഞ്ഞാൽ രോഗപ്രതിരോധശേഷി കുറയുമെന്നതിനാൽ നമുക്ക് വളരെ സൂക്ഷിച്ചേ അവനെ കാണാൻ പോകാൻ പറ്റുമായിരുന്നുള്ളു. അവനെ കാണാൻ പോകുമ്പോഴൊക്കെ അവൻ ട്രീറ്റ്മെന്റിലുമായിരുന്നു. ശരണ്യയുടെ വീട് പാലുകാച്ചിന് വിളിച്ചെങ്കിലും അവന് വരാൻ കഴിഞ്ഞില്ല. എപ്പോഴും കാണാൻ പറ്റിയില്ലെങ്കിലും ഞങ്ങൾ തമ്മിൽ വലിയ ബോണ്ട് വളർന്നുവന്നു. പിന്നീട് അവൻ എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നപ്പോൾ ഞാൻ ഭക്ഷണമൊക്കെയായി അവനെ കാണാൻ പോകുമായിരുന്നു. അമ്മ യശോദയ്ക്ക് തുല്യമായിട്ടാണ് എന്നെ കാണുന്നതെന്ന് അവൻ അവന്റെ വ്ളോഗിൽ പറഞ്ഞിട്ടുണ്ട്. അന്നത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞ് സുഖമായി തിരിച്ചുപോകുമ്പോൾ ഞാൻ പറഞ്ഞിരുന്നു, അമ്മയേയും അച്ഛനേയുമൊക്കെ കൂട്ടി കുറച്ചുദിവസം വീട്ടിൽ വന്നുനിൽക്കണമെന്ന്.

ശരണ്യയുടെ കാര്യം പറഞ്ഞത് പോലെ അപാരമായ വിൽപവറുള്ള കുട്ടിയാണ് നന്ദു. അതിജീവനത്തിന്റെ രാജകുമാരൻ. മരണമെന്ന് പറയുമ്പോൾ എല്ലാവർക്കും ഭയമാണ്. പക്ഷെ അവൻ ചിരിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നടന്നുപോകുകയായിരുന്നു.

മരണസമയത്ത് നന്ദുവിന്റെ ഒപ്പമുണ്ടായിരുന്നോ?

കോവിഡിന്റെ മൂർധന്യാവസ്ഥയിലാണ് നന്ദുവിനെ വീണ്ടും എംവിആറിൽ അഡ്‌മിറ്റ് ചെയ്യുന്നത്. ഞങ്ങളെയൊന്നും അതിനുള്ളിൽ കയറ്റിരുന്നില്ല. ആശുപത്രിയിൽ നന്ദുവിന്റെ കൂട്ടുകാരനായിരുന്ന ആദർശാണ് എന്നെ വിളിച്ച് നന്ദു പോയി എന്നുപറയുന്നത്.

പ്രശ്നമാണ് എന്ന് നമ്മൾ കരുതിയിരുന്നിടത്ത് നിന്നൊക്കെ ഉയർത്തെഴുന്നേറ്റ്‌വന്നവരാണ് നന്ദുവും ശരണ്യയും. അതുകൊണ്ടുതന്നെ ക്യാൻസറാണെന്ന് അറിയാമെങ്കിലും അവർ തിരിച്ചുവരും എന്ന പ്രതീക്ഷ മനസിൽ എപ്പോഴും ഉണ്ടായിരുന്നു. അവർ ഇത്തരമൊരു അസുഖമുള്ളവരാണ് എന്ന് ചിന്തിക്കാൻ പോലും നമ്മൾ ആഗ്രഹിക്കുന്നില്ല.

ശരണ്യയും നന്ദുവിനേയും പോലെ മരണം കൈവിരലുകളിലൂടെ പോയ വേറെ അനുഭവങ്ങളുണ്ടോ?

ഇഷ്ടം പോലെയുണ്ട്. അന്തർദേശീയതലത്തിൽ പ്രവർത്തിക്കുന്ന മേക്ക് എ വിഷൻ എന്നൊരു സംഘടനയുണ്ട്. ഗുരുതരാവസ്ഥയിൽ മരണാസന്നരായി കിടക്കുന്ന കുഞ്ഞുങ്ങളുടെ അവസാന ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കിക്കൊടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വനിതയിൽ അവരെ പറ്റിയൊരു ലേഖനം വായിച്ചിട്ട് ഞാനൊരുപാട് വികാരധീനയായിപോയി. അവരുടെ ദക്ഷിണേന്ത്യൻ കോർഡിനേറ്ററായ ബിന്ദു നായരെ വിളിച്ച് നിങ്ങൾ കേരളത്തിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നെങ്കിൽ ഞാനത് ഏറ്റെടുത്തുകൊള്ളാം എന്നുപറഞ്ഞു. അങ്ങനെ ഏകദേശം അറുന്നൂറ് കുഞ്ഞുങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചുകൊടുത്തിട്ടുണ്ട്. അക്കൂട്ടത്തിൽ എച്ച്ഐവി ബാധിച്ച കുട്ടികളുണ്ട്, കാൻസർ ബാധിച്ചവരുണ്ട്, ട്യൂമർ വന്നവരുണ്ട്. ഓരോ ആശുപത്രിയിലും പരിപാടികൾ വച്ചാണ് അവിടത്തെ കുട്ടികളുടെ ആഗ്രഹങ്ങളൊക്കെ സാധിച്ചുകൊടുക്കുന്നത്. ആദ്യത്തെ പരിപാടി കഴിഞ്ഞ് ഒരുമാസം തികയുംമുമ്പാണ് അക്കൂട്ടത്തിൽ ആദ്യത്തെ കുഞ്ഞ്, തൃപ്പ്രയാറുള്ള ശുശ്രുത എന്ന നാലുവയസുകാരി മരണപ്പെടുന്നത്. അവളെ ഒരിക്കലും മറക്കാൻ പറ്റില്ല. അവൾ വിസിആർ ആയിരുന്നു ചോദിച്ചത്. സിനിമ കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു. ആ പരിപാടിയിൽ അവൾ അസാധ്യമായി പാടിയ ആ നാലുവരി പാട്ട് ഇപ്പോഴും എന്റെ മനസിലുണ്ട്.

'പണ്ടു പാടിയ പാട്ടിലൊരീണം
ചുണ്ടിൽ മൂളുമ്പോൾ
കൊണ്ടു പോകരുതേ
എൻ മുരളി കൊണ്ടു പോകരുതേ'

കണ്ണൂരിൽ നിന്നുള്ള ഷാരൻ ചോദിച്ചത് കമ്പ്യൂട്ടറായിരുന്നു. പക്ഷെ കമ്പ്യൂട്ടർ ഓപ്പൺ ചെയ്യുന്നതിന് മുമ്പ് അവൻ പോയി. ചോദിച്ച എല്ലാവരുടെയും ആഗ്രഹങ്ങൾ ഒന്നുപോലും ബാക്കി വയ്ക്കാതെ സാധിച്ചുകൊടുത്തിട്ടുണ്ട്. മനസിൽ തങ്ങിനിൽക്കുന്ന മറ്റൊരു പേര് കാക്കനാട്ടെ മുഹമ്മദലിയുടെതാണ്. കടുത്ത മമ്മുക്ക ഫാനാണ് ആള്. മമ്മുക്കയുടെ സിനിമ ഇട്ടുകൊടുത്താൽ മതി അവൻ എല്ലാ വേദനയും മറന്ന് ഇരുന്നുകൊള്ളും. ഞാനവന്റെ വീട്ടിൽ പോയപ്പോഴാണ് സ്വന്തമായി ടിവി ഇല്ലെന്ന് മനസിലാകുന്നത്. അങ്ങെ ഞാനൊരു ടിവി സംഘടിപ്പിച്ച് കൊടുത്തു. അപ്പോഴാണ് അടുത്ത പ്രശ്നം. കേബിളില്ല. വെള്ളിയാഴ്‌ച്ച വൈകുന്നേരം കേബിൾ കണക്ഷൻ കിട്ടി. ശനിയാഴ്‌ച്ച രാവിലെ രാജമാണിക്യം സിനിമ. ആ സിനിമ കണ്ട് ആഹ്ലാദിച്ച അവൻ ഞായറാഴ്‌ച്ച മരിക്കുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട് സാറേ. അതൊന്നും പറഞ്ഞാൽ തീരില്ല.

ഇതിനുള്ള പണം എവിടെനിന്നാണ്?

കൈനീട്ടാൻ ഒരു മടിയുമില്ലല്ലോ. എന്റെ കാര്യത്തിന് ഞാൻ ആരുടെ മുന്നിലും കൈനീട്ടില്ല. പക്ഷെ മറ്റുള്ളവരുടെ കാര്യത്തിന് ആരുടെ മുന്നിലും കൈനീട്ടാൻ മടിയില്ല. ചോദിക്കുകയും ചെയ്യും കിട്ടുകയും ചെയ്യും. ആദ്യത്തെ പരിപാടിക്ക് 20000 രൂപ തന്ന് സഹായിച്ചത് നിർമ്മാതാവ് കൂടിയായ എന്റെ സുഹൃത്ത് ഷമീം പൂവത്തൂരാണ്. അന്ന് സോഷ്യൽ മീഡിയയൊന്നുമില്ല. പരിചയക്കാരെ വിളിച്ചാണ് സഹായങ്ങൾ തേടുന്നത്. നമ്മുടെ നടൻ നന്ദുവൊക്കെ എന്നെകൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ്. ചിലപ്പോഴൊക്കെ അവരെ ബുദ്ധിമുട്ടിക്കുന്നതിൽ വിഷമം തോന്നും. പിന്നെ വിചാരിക്കും എനിക്ക് വേണ്ടിയല്ലല്ലോ എന്ന്.

ഇനി ധൈര്യമായിട്ട് എന്നെയും വിളിക്കാം. കേട്ടോ.

സാറിന്റെ കാര്യത്തിൽ തീരുമാനമായി.

സിനിമാമേഖലയിൽ ആരെയെങ്കിലും ഇത്തരത്തിൽ സഹായിച്ചുണ്ടോ?

രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരുടെ കാര്യം ഞാൻ പറഞ്ഞല്ലോ. പിന്നെ ഒരു പാവപ്പെട്ട ആർട്ടിസ്റ്റിന്റെ വീട് വയ്ക്കുന്നതിന് ഒരുപാട് ഓടിയിട്ടുണ്ട്. പിന്നെ മരിച്ച ഒരു നടന്റെ കുടുംബത്തെ സഹായിക്കാൻ ഞാനും സംവിധായകൻ എകെ സാജൻ ചേട്ടനും മരിച്ചുപോയ അനിൽ മുരളിയും നടൻ സാദിഖും അങ്ങനെ കുറച്ചുപേർ ചേർന്ന് ഫണ്ട് സ്വരൂപിച്ച് കൊടുത്തിട്ടുണ്ട്. പിന്നെ ഒരു നടിക്ക് വീട് വച്ചുകൊടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

തിരസ്‌കരിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

അതേ ഉണ്ടായിട്ടുള്ളു. ഓടിനടന്ന് എല്ലാം ചെയ്തുകഴിയുമ്പോഴേയ്ക്കും പേര് പോലും മറന്നുപോകുന്നവരുണ്ട്. രണ്ട് മാസം മുമ്പ് പോലും നമ്മുടെ സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് നമ്മുടെ ഒരു സുഹൃത്തിന് വീട് വയ്ക്കുന്നതിന് വേണ്ടി ഏറ്റവുമധികം ഓടിയയാളാണ് ഞാൻ. അവസാനം ഗൃഹപ്രവേശനത്തിന് നിലവിളക്കിന് വേണ്ടി പോലും ഓടിയത് ഞാനായിരുന്നു. അതിന് ശേഷം ആ നടി ബിന്ദു രാമകൃഷ്ണനോട് പറഞ്ഞു, സീമയെ ഒരിക്കലും മറക്കാൻ പറ്റില്ലെന്ന്. അപ്പോൾ ബിന്ദുഅമ്മ പറഞ്ഞു, പകരം ഒന്നും ചെയ്തുകൊടുത്തില്ലെങ്കിലും വേണ്ടില്ല, നന്ദികേട് മാത്രം അവളോട് കാണിക്കാതിരുന്നാൽ മതിയെന്ന്. അതുകഴിഞ്ഞ് ഒരു ചാനൽ ഇന്റർവ്യൂവിൽ ഈ നടി പങ്കെടുക്കുകയാണ്. അപ്പോൾ ഞാൻ വീട്ടിലാണ്. ബിന്ദുഅമ്മ എന്നെ വിളിച്ച് ചോദിച്ചു നീ എവിടാണെന്ന്. ഞാൻ വീട്ടിലാണെന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ആ ടിവിയിൽ ഇപ്പോൾ ഒരു പരിപാടി നടക്കുന്നുണ്ട്. ചാനലുകാരെ വിളിച്ച് അതിന്റെ റീടെലികാസ്റ്റിങ് എപ്പോഴാണെന്ന് ചോദിച്ചിട്ട് ഒന്ന് കാണണമെന്ന് പറഞ്ഞു. സങ്കടമുള്ള കാര്യമാണെങ്കിൽ എനിക്ക് കാണണ്ട അമ്മാ എന്ന് ഞാനും പറഞ്ഞു. പക്ഷെ പിന്നീട് ഇന്റർവ്യൂവിൽ അവർ പറഞ്ഞതെന്താണെന്ന് അറിഞ്ഞപ്പോൾ ഞാൻ ബാത്ത് റൂമിൽ കയറി ടാപ്പ് തുറന്നിട്ട് ഒരുപാട് കരഞ്ഞു.

മടുത്ത് നിർത്താൻ തോന്നിയിട്ടില്ലേ?

എനിക്കൊരിക്കലും നിർത്താൻ തോന്നിയിട്ടില്ല. എന്നാൽ എന്റെ ഫ്രണ്ട് സർക്കിളിലുള്ളവരും ബന്ധുക്കളുമൊക്കെ ചോദിക്കാൻ തുടങ്ങി, ഇതൊന്ന് നിർത്തിക്കൂടേന്ന്. കാരണം ഇതൊക്കെ കണ്ടും കേട്ടും അവർക്ക് മടുത്തുതുടങ്ങി. ചില സംഭവങ്ങൾ അറിയുമ്പോൾ അവർക്കൊരുപാട് വിഷമം തോന്നുന്നുണ്ട്. അവർ ചോദിക്കുന്നുണ്ട് നിർത്തിക്കൂടേന്ന്. പിന്നെ ഇതൊക്കെ നിർത്തി സ്വസ്ഥമാകാമെന്ന് ഞാൻ എന്ന് വിചാരിക്കുന്നോ അന്നെനിക്ക് പുതിയ ടാസ്‌ക് കിട്ടും. അതങ്ങനെ തുടർന്ന് പൊയ്ക്കൊണ്ടിരിക്കും.

ശരണ്യയ്ക്ക് ശേഷം എന്താണ് അത്തരത്തിലുള്ള ഒരു ഉത്തരവാദിത്തം ബാക്കിയുള്ളത്?

മണി മായമ്പള്ളി എന്നൊരു നാടകനടനുണ്ട്. ബീനാ ആന്റണിയുടെ ഭർത്താവ് മനോജ് വഴിയാണ് മണി മായമ്പള്ളി ചേട്ടനെ ഞാൻ അറിയുന്നത്. അദ്ദേഹത്തിന്റെ കഥ കേട്ടിട്ട് കഴിഞ്ഞ വെള്ളപ്പൊക്കസമയത്ത് ഞാൻ ഓടി അവിടെ ചെന്നു. ആ സമയത്ത് എന്നെക്കൊണ്ട് കഴിയുന്നതൊക്കെ ഞാൻ ചെയ്തുകൊടുത്തു. ഭയങ്കര സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ. ഇപ്പോൾ ഒന്നരമാസം മുമ്പ് അദ്ദേഹം മരിച്ചു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കിടന്നതാണ്. സൈലന്റ് അറ്റാക്കായിരുന്നു. 75 വയസുള്ള അമ്മയുണ്ട്, പഠിക്കുന്ന രണ്ട് മക്കളുണ്ട്, ഭാര്യയുണ്ട്. പക്ഷെ സാമ്പത്തികസ്ഥിതി ബിഗ് സീറോ ആണ്.

അഞ്ച് പൈസ ബാങ്ക് ബാലൻസില്ല. ഒന്നും ഉണ്ടായിരുന്നില്ല. ഈ അഭിമുഖം കാണുന്ന ഒരുപാട് വലിയ ആൾക്കാരുണ്ടെന്ന് എനിക്കറിയാം. പറ്റുമെങ്കിൽ അവർക്ക് ഒരു കിടപ്പാടം ഉണ്ടാക്കാൻ എന്നെ സഹായിച്ചാൽ നന്നായിരുന്നു. അതുപോലെ തന്നെ വേറൊരു സഹപ്രവർത്തകയുണ്ട്. അമ്മ മാത്രമേ ഉള്ളു. അവരുടെ പേര് ഞാൻ പറയുന്നില്ല. എന്നെ മുന്നിൽ ആദ്യം വന്ന പ്രശ്നം അവരുടെതായിരുന്നു. പിന്നീട് പല വിഷയങ്ങൾ വന്നപ്പോൾ അവരുടെ കാര്യം പെൻഡിങ്ങിലായി പോയതാണ്. ഇവർ രണ്ടുപേരും എന്റെ ഫ്രണ്ട്സ് അല്ല, ഫാമിലി ഫ്രണ്ട്സ് അല്ല, ബന്ധുക്കളല്ല, വലിയ ബന്ധങ്ങളൊന്നുമില്ല. പക്ഷെ അവരെ രണ്ടുപേർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കികൊടുക്കണമെന്നാണ് എന്റെ സ്വപ്നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP