Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

'കേരളത്തിൽ കലാരംഗത്തുള്ളവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ആർട്ടിസ്റ്റുകൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നു; മലയാളത്തിന്റെ മരുമകൾ എന്ന സ്‌നേഹത്താൽ ആരും ഇന്നേവരെ മോശമായി ഓൺലൈനിൽ പോലും പെരുമാറിയിട്ടില്ല': ലണ്ടനിലെത്തിയ പാരീസ് ലക്ഷ്മി മനസ് തുറക്കുന്നു

'കേരളത്തിൽ കലാരംഗത്തുള്ളവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ആർട്ടിസ്റ്റുകൾക്ക് അവസരങ്ങൾ ഇല്ലാതാകുന്നു; മലയാളത്തിന്റെ മരുമകൾ എന്ന സ്‌നേഹത്താൽ ആരും ഇന്നേവരെ മോശമായി ഓൺലൈനിൽ പോലും പെരുമാറിയിട്ടില്ല': ലണ്ടനിലെത്തിയ പാരീസ് ലക്ഷ്മി മനസ് തുറക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: ഫ്രഞ്ചുകാരായ അച്ഛന്റെയും അമ്മയുടെയും മകൾ. മിറിയം സൊഫിയ ലക്ഷ്മി ക്വിനിയോ എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലായെന്നു വരില്ല. പക്ഷെ പാരീസ് ലക്ഷ്മി എന്ന് പറഞ്ഞാൽ തിരിച്ചറിയാത്ത മലയാളിയില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കൊണ്ട് ഭാരതീയ കലകളെയും വിശ്വാസങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും മുറുകെ പിടിച്ചു തനി മലയാളിയായല്ല, മലയാളിയെ വെല്ലും വിധം മലയാളക്കരയെ സ്‌നേഹിച്ചു ജീവിക്കുന്ന കേരള നാടിന്റെ മരുമകളായി മാറിയവൾ.

നൃത്തമാണ് ജീവിതമെന്ന തിരിച്ചറിവിൽ കല തേടി കേരളത്തിൽ എത്തിയവൾ. കലയില്ലാതെ ജീവിതമില്ലെന്നു മനസിലാക്കിയപ്പോൾ കഥകളി നടനായ സുനിൽ പള്ളിപ്പുറത്തിനെ ജീവിത പങ്കാളിയായി സ്വീകരിച്ചവൾ. സൗന്ദര്യം തൊലിപ്പുറമേയല്ല മനസിലും ഹൃദയത്തിലുമാണെന്നു മലയാളിയെ പഠിപ്പിക്കാൻ ശ്രമിച്ച നർത്തകിയും അഭിനേത്രിയും. പാരീസ് മലയാളത്തെ സ്‌നേഹിക്കും പോലെ മലയാളികൾ തിരിച്ചും ആ സ്‌നേഹം നൽകുന്നു എന്നതാണ് ഏറ്റവും സവിശേഷം ആയതും. വിഷു ആഘോഷത്തിനും പാരീസിൽ ഉള്ള മാതാപിതാക്കളെ കാണാനുമുള്ള യാത്രയ്ക്കിടയിൽ യുകെ മലയാളികൾക്ക് വിഷുക്കൈ നീട്ടം പോലെ നൃത്താനുഭവം നൽകാൻ ബിർമിങ്ങാം ആർട്‌സ് സെന്ററിൽ എത്തിയ പാരീസ് ലക്ഷ്മി മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ നിന്നും:

കോവിഡിന്റെ ഇരുൾ മാറി കലയുടെ വെളിച്ചം വിതറുന്ന വേദിയിൽ ഇരുന്നാണ് നമ്മൾ സംസാരിക്കുന്നത്. ആ ഇരുണ്ട കാലത്തെ പറ്റി ഓർക്കുമ്പോൾ

സംശയമില്ല, നല്ല പ്രയാസം തന്നെ ആയിരുന്നു. ആദ്യം കാര്യങ്ങൾ പെട്ടെന്ന് നേരെയാകും എന്ന പ്രതീക്ഷ ആയിരുന്നു. പിന്നീട് മനസിലായി കാര്യങ്ങൾ കൈവിടുക ആണെന്ന്. എന്റെ ഡാൻസ് സ്‌കൂൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന ചിന്തയായിരുന്നു പ്രധാനം. പിന്നെ മറ്റു മാർഗം ഇല്ലാതിരുന്നതു കൊണ്ട് ഓൺലൈൻ തുടങ്ങി. എന്നാൽ അത് ഒരു വർഷം കൊണ്ട് എനിക്കും പഠിക്കുന്ന കുട്ടികൾക്കും മടുക്കുന്ന അവസ്ഥയായി. ഒടുവിൽ സാവധാനം നിലച്ചു. ഭാഗ്യത്തിന് കോവിഡ് ഒതുങ്ങുകയും ജീവിതം വീണ്ടും പഴയ നിലയിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ആശ്വാസം ചെറുതല്ല. വീണ്ടും നൃത്തം ചെയ്യാനാകുന്ന ഭാഗ്യം എനിക്ക് മാത്രമല്ല കലാലോകത്തെ ഏവർക്കും മനസ്സിൽ നല്ല നാളുകളുടെ വരവായി എന്ന പ്രതീക്ഷ കൂടിയാണ് നൽകുന്നത്.

എപ്പോഴും തിരക്കിലും ജനങ്ങളുടെ ഇഷ്ടത്തിനും ഇടയിൽ നിന്നിരുന്ന നിങ്ങളൊക്കെ വീടുകളിലേക്ക് ഒതുക്കപ്പെട്ട അനുഭവം എങ്ങനെയാണു തരണം ചെയ്തത്

എല്ലാവരെയും പോലെ ഞാനും പ്രയാസപ്പെട്ടിരുന്നു. കൂടുതൽ പരിശീലനത്തിനും മറ്റുമായി മുഴുകുവാൻ ആണ് ശ്രമിച്ചത്. സോഷ്യൽ മീഡിയ ഉപയോഗവും ഇക്കാലത്തു കൂടി. എന്നാൽ മുഴുവൻ സമയം അതിനായി ചെലവാക്കാനൊന്നും ഞാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. നമ്മളെ അറിയുന്നവരുമായി വേഗത്തിൽ കമ്മ്യുണിക്കേറ്റ് ചെയ്യാനുള്ള ഉപാധി എന്ന നിലയിൽ ഇൻസ്റ്റാഗ്രാം അടക്കം സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തുവാനാണ് ശ്രമിച്ചത്.

പൊതുവെ നടിമാർക്കും മറ്റും അശ്ലീലം കലർന്ന കമന്റുകൾ ഗ്ലാമർ ചിത്രങ്ങൾക്കും മറ്റും ലഭിക്കാറുണ്ടല്ലോ. അത്തരം അനുഭവമുണ്ടോ

(വിടർന്ന ചിരിയോടെ) ഭാഗ്യം എനിക്ക് അത്തരം അനുഭവമില്ല. ആരും തന്നെ അത്തരത്തിൽ എന്നോട് പെരുമാറിയതായി ഓർക്കുന്നില്ല. ഒരു പക്ഷെ നിങ്ങൾ ഒക്കെ പറയുന്നത് പോലെ ഞാൻ മരുമകളും മറ്റൊരു നാട്ടിൽ നിന്നും എത്തിയ വ്യക്തി എന്നതും ഒക്കെ കാരണമായിരിക്കാം. ആ സ്‌നേഹം അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണ് എന്നും ആഗ്രഹം.

നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണോ അതോ കമന്റുകൾ ഒക്കെ കാണാറുണ്ടോ

ശ്രദ്ധിക്കാത്തതല്ല, എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഞാൻ തന്നെയാണ് മാനേജ് ചെയ്യുന്നത്. കമന്റുകൾക്ക് എല്ലായ്‌പ്പോഴും മറുപടി ഒന്നും നൽകാൻ സമയം കിട്ടാറില്ല. അതിനാൽ ആരെന്തു വിമർശിച്ചു പറഞ്ഞാലും വലിയ ഗൗരവത്തിൽ എടുക്കാറുമില്ല.

പലരും കമന്റുകൾക്ക് മറുപടി നൽകി ശ്രദ്ധ പിടിച്ചെടുക്കാറുണ്ട്. അത് മനഃപൂർവം ചെയ്യുന്നതാണോ, അതോ അത്തരം കമന്റുകൾ പ്രതീക്ഷിച്ചാണോ പോസ്റ്റുകൾ ഇടുന്നത്

അറിയില്ല, ഒരു പക്ഷെ അങ്ങനെ ചെയ്യുന്നവരും ഉണ്ടാകാം.

പണ്ട് കണ്ട കേരളവും ഇന്നത്തെ കേരളവും താരതമ്യം ചെയ്യാമോ

എനിക്ക് അന്നും ഇന്നും കേരളം ഇഷ്ടമാണ്. ഭക്ഷണവും വസ്ത്രവും ഉത്സവങ്ങളും ജനങ്ങളും ഒക്കെ ഒരുപോലെ ഇഷ്ടപ്പെടുന്നു. ഇന്നും കേരളത്തോടുള്ള കൊതി മാറിയിട്ടില്ല. എത്ര കണ്ടാലും മതിവരാത്ത സ്ഥലം ആണ് കേരളം. ഓരോ സ്ഥലത്തു പോകുമ്പോഴും അവിടം ഇഷ്ടപ്പെട്ടു പോകും.

കേരളത്തിന് മാറ്റം ഇല്ലെങ്കിലും പുതു തലമുറയ്ക്ക് മാറ്റം ഉണ്ടോ

അത് കുറച്ചു ഉണ്ടെന്നാണ് തോന്നുന്നത്. നൃത്തം പഠിക്കാൻ എത്തുന്നവരിൽ കുറേപ്പേർ എങ്കിലും പാരന്റ്‌സിന്റെ ഇഷ്ടത്തിന് വേണ്ടി വരുന്നവരാണ്. സ്‌കൂൾ, കോളേജ് പഠനം കഴിഞ്ഞു നിർത്തുന്നവരാണ് കൂടുതൽ. അല്ലെങ്കിൽ കല്യാണത്തോടെ നിർത്തും. എന്ത് വന്നാലും ഒരു 24 വയസൊക്കെ കഴിഞ്ഞു നൃത്തം സജീവമാക്കുന്നവർ ഏറെ കുറവാണ്. വിവാഹം കഴിഞ്ഞിട്ടും നൃത്തം തുടരാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. പലപ്പോഴും കുടുംബവുമായുള്ള ബാധ്യതകളാണ് പെൺകുട്ടികളെ നൃത്ത രംഗത്ത് നിന്നും പിന്നോക്കം വലിക്കുന്നത്.

സിനിമയിൽ എത്തിയില്ലെങ്കിൽ കലാലോകത്തു വലിയ പ്രതീക്ഷകൾ ഇല്ലെന്നതാണോ ഇതിനു കാരണം

ചിലപ്പോൾ ആയിരിക്കാം. കേരളത്തിൽ യഥാർത്ഥ കലാപ്രവർത്തകർക്കു പെർഫോം ചെയ്യാൻ അവസരം കുറവാണു. സൂര്യ ഫെസ്റ്റിവൽ പോലെ ഗൗരവമായി പെർഫോം ചെയ്യാൻ സാധിക്കുന്ന എത്ര വേദികൾ ഉണ്ട് കേരളത്തിൽ? ഫെസ്റ്റിവലുകളും മറ്റും ഇതുമായി കൂട്ടി വായിക്കേണ്ട. നമുക്ക് സ്ഥിരം പെർഫോം വേദികൾ വേണം. ടിക്കറ്റ് എടുത്തു ഷോ കാണാൻ കഴിയുന്ന വേദികൾ നമുക്ക് ഉണ്ടാകണം. അവിടെ എന്നും പെർഫോമൻസിനും അവസരം വേണം. മികവുള്ളവർക്കു വളരാൻ അതേ മാർഗമുള്ളൂ. കല സജീവമായി നിൽക്കാൻ അതാവശ്യമാണ്. മധ്യപ്രദേശിലും മറ്റും ഇത്തരം നൂറുകണക്കിന് വേദികൾ ഉണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. സാധാരണക്കാർ ചാനലുകളും മറ്റും നടത്തുന്ന ഷോകൾ വലിയ അവസരം ആണെന്ന് കരുതുന്നവരാണ്.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകളും മറ്റും നന്നേ കഷ്ടപെപ്പടുകയാണ് കേരളത്തിൽ. നല്ല രീതിയിൽ പ്രതിഫലം നൽകാൻ ആരും തയ്യാറല്ല. അവർക്കും ജീവിക്കണ്ടേ? പല ഷോകളിലും പെർഫോം ചെയ്താൽ ആ ദിവസത്തെ വേതനം മാത്രമാണ് നൽകുക. അവർ റിഹേഴ്സലിലും മറ്റും എത്രയോ ദിവസങ്ങൾ ചെലവാക്കുന്നു. അതാരും കാണുന്നില്ല, അർഹിക്കുന്ന അംഗീകാരം നൽകുന്നില്ല. ഈ അവസ്ഥ മാറണം. അതുകൊണ്ടാണ് കോവിഡ് കാലത്തു കലാരംഗത്തുള്ളവർ ഏറ്റവും കഷ്ടപ്പാട് അനുഭവിച്ചത്. ഇന്ന് പെർഫോം ചെയ്യാൻ അവസരം ഇല്ലെങ്കിൽ അവർക്ക് ഇന്ന് വരുമാനം ഇല്ല. സിനിമക്ക് പുറത്തും കലാകാരന്മാരുണ്ട്, അവർക്കും ജീവിതമുണ്ട്. ഇത്തരത്തിൽ ചിന്തിച്ചാൽ കേരളത്തിൽ വലിയ മാറ്റം വേണമെന്ന് ആർക്കും തോന്നാം.

ഭർത്താവിന്റെ വീടായ പള്ളിപ്പുറമാണോ താമസിക്കുന്ന വൈക്കമാണോ കൂടുതൽ ഇഷ്ടം

അങ്ങനെയൊന്നുമില്ല. വൈക്കം പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. ഞങ്ങൾക്ക് എറണാകുളത്ത് ഒരു ഫ്‌ളാറ്റുമുണ്ട്. എല്ലാ സ്ഥലത്തിനും ഓരോ പ്രത്യേകത ഉള്ളതിനാൽ ഓരോയിടവും ഇഷ്ടമാണ്.

കേരളത്തിന്റെ ഇഷ്ടങ്ങൾ പറഞ്ഞപ്പോൾ ഭക്ഷണവും സൂചിപ്പിച്ചു , ഏതാണ് ഇഷ്ട കേരള ഭക്ഷണം

(വലിയ ചിരിയുടെയും അൽപം നാണത്തോടെയും.....) പുട്ടല്ലാതെ മറ്റൊരു ഉത്തരമില്ല. പുട്ടും പഴവും പുട്ടും കടലയും പുട്ടും മുട്ടക്കറിയും എന്നുവേണ്ട എന്തും പുട്ടിനൊപ്പം ഞാൻ ആസ്വദിക്കും. മറ്റു രുചികളും ഇഷ്ടമാണെങ്കിലും പുട്ട് എന്തുകൊണ്ട് ഇങ്ങനെ പിടികൂടി എന്നറിയില്ല. പല രൂപത്തിൽ കിട്ടുന്ന പുട്ടുകളും എന്നെ എന്നും കൊതിപ്പിക്കുകയാണ് .

പുട്ട് അടക്കം ഭക്ഷണം നന്നായി പാകം ചെയ്യുമോ, രുചിയോടെ?

സംശയമെന്താ... ഞാൻ നന്നായി പാചകവും ചെയ്യും. രുചിയുണ്ടോ എന്നത് കഴിക്കുന്നവർ പറയേണ്ടി വരും (പാരീസ് പിന്നെയും ചിരിയിൽ കൂടുതൽ വിശദീകരിക്കണ്ടല്ലോ എന്ന അർത്ഥത്തിൽ വിശദീകരണം ഒളിപ്പിച്ചു)

നൃത്തത്തിലും സിനിമയിലും പുതിയ വിശേഷങ്ങൾ

നൃത്തത്തിൽ ഹിപ് ഹോപ്, ഫ്രീസ്റ്റെയ്ൽ, ഫ്യൂഷൻ എന്നിവയിൽ ഒക്കെ സജീവമായ എനിക്കിപ്പോൾ കന്റംപ്രറി സ്‌റ്റൈൽ രംഗത്തുള്ള ഒരു ട്രൂപ്പിനൊപ്പം പ്രവർത്തിക്കാൻ അവസരം വന്നിരിക്കുകയാണ്. ഞാൻ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. സിനിമയിൽ രാഹുൽ മനോഹർ, നേഹ സക്സേന എന്നിവരൊക്കെ ഒന്നിക്കുന്ന ഒരു മൾട്ടി ടാലന്റ് പ്രോജക്ടിൽ ഭാഗമാണ്, കൂടുതൽ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ഫോർമാറ്റിലാണ് ഇപ്പോൾ ഇന്ത്യൻ സിനിമയുടെ ഊന്നൽ എന്നതിനാൽ മിക്ക ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന സിനിമകളാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

ഫോട്ടോ കടപ്പാട്: ബെറ്റർ ഫ്രെയിംസ് യുകെ, രാജേഷ് നടേപ്പള്ളി, സജു അത്താണി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP