Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യാനാണ് ആഗ്രഹം; അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കും; 'താക്കോലിൽ' ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ മറുനാടനോട്

ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യാനാണ് ആഗ്രഹം; അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കും; 'താക്കോലിൽ' ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്: ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: മുഖവുര ആവശ്യമില്ലാത്ത സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. അഞ്ചാം വയസുമുതൽ സംഗീതമഭ്യസിച്ച് തുടങ്ങിയതാണ് ജയചന്ദ്രൻ. പിന്നീട് സംഗീത രംഗത്ത് ജയചന്ദ്രന് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. ഈ സംഗീതസപര്യയിൽ ഒട്ടനവധി ഹിറ്റുകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, കെ രാഘവന്മാഷ്, രവീന്ദ്രൻ, ജോൺസൺ തുടങ്ങിയവർ അടക്കി ഭരിച്ച മലയാളത്തിലെ സംഗീതലോകത്തെ ഇപ്പോൾ നയിക്കുന്നത് എം.ജയചന്ദ്രനടക്കമുള്ള പ്രതിഭാധനരുടെ നിരയാണ്. ജയചന്ദ്രൻ ഈണം പകർന്ന നിവേദ്യത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഒരൊറ്റ ഗാനം കാലമേറെ കഴിഞ്ഞിട്ടും മലയാളി മറന്നിട്ടില്ല. ഗൗരീശങ്കരം, കഥാവശേഷൻ, പെരുമഴക്കാലം, നിവേദ്യം, മാടമ്പി, കരയിലേക്കൊരു കടൽദൂരം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനു മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരങ്ങൾ വിവിധ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലൂടെ 2015-ലെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന സിനിമയുടെ സംഗീത സംവിധാനത്തിന്റെ പണിപ്പുരയിലാണ് എം.ജയചന്ദ്രൻ ഇപ്പോൾ. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ജയചന്ദ്രൻ ഒരുമിച്ച് നിർവഹിക്കുന്നു എന്ന പ്രത്യേകതയും താക്കോലിനുണ്ട്. താക്കോൽ സിനിമയെക്കുറിച്ച്, താക്കോലിലെ ഗാനങ്ങളെക്കുറിച്ച് ജയചന്ദ്രൻ മറുനാടൻ മലയാളിയോട് സംസാരിച്ചു. അഭിമുഖത്തിലേക്ക്:

  • തികച്ചും ക്രിസ്ത്യൻ പശ്ചാത്തലമുള്ള സിനിമയാണ് താക്കോൽ? എന്താണ് താക്കോൽ സംഗീത സംവിധാനം ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളി?

കേവലം ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമ മാത്രമല്ല താക്കോൽ. അത് മനസിന്റെ വിഹ്വലതയുടെ കഥയാണിത്. പല ആൾക്കാരുടെ മരണങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങിനെയാണ് കൊണ്ടു പോകുന്നത് എന്നാണ് താക്കോലിന്റെ കഥയിൽ അന്തർലീനമായിരിക്കുന്നത്. താക്കോലിന് അതിന്റെതായ ഒരു ഹിസ്റ്ററിയുണ്ട്. കഥയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല. സിനിമയാണ് കാണേണ്ടത്. ക്രിസ്ത്യൻ മിഷണറീസിന്റെ. അവരുടെ പശ്ചാത്തലത്തിൽ ഉള്ളിലുള്ള ചില കാര്യങ്ങളാണ്, വിധേയത്വത്തിന്റെ കഥയാണ് താക്കോൽ. കിരൺ ഒരു പാട് വർഷം മുൻപുള്ള എന്റെ ഒരു സുഹൃത്താണ്. കിരൺ ആണ് ഡയറക്ടർ. ഷാജി കൈലാസേട്ടനാണ് പ്രൊഡ്യൂസർ.

ഒരു പാട് രീതിയിൽ എനിക്ക് വളരെ വേണ്ടപ്പെട്ടവരുടെ ഒരു കൂട്ടായ്മയാണ് താക്കോൽ. അതുകൊണ്ട് തന്നെ അത് ചാലഞ്ചിങ് ആണ്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. ഇതിൽ പക്ഷെ ഓതന്റിക് ആയിട്ടുള്ള, സംഗീത ശൈലിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പാട്ടിന്റെ ഈണങ്ങളും പശ്ചാത്തല സംഗീതവും, വളരെ പ്രധാനപ്പെട്ടതാണ് ഈ സിനിമയിലെ പശ്ചാത്തല സംഗീതം. വളരെ വ്യത്യസ്തമായ രീതിയിൽ ഈ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇൻ ടോട്ടാലിട്ടി ഒരു മ്യൂസിക്കൽ സിനിമ കൂടിയാണ് താക്കോൽ എന്ന സിനിമ.

  • പ്രേക്ഷകർ കാത്തിരിക്കുന്ന ഗാനങ്ങളാണോ താക്കോലിൽ നിന്നും വരാൻ പോകുന്നത്?

ഒരു സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ ഉണ്ടാക്കുമ്പോൾ ആ സിനിമയോട് നീതി പുലർത്തണം എന്നാണ് നമ്പർ വൺ ആയിട്ടുള്ള ചാലഞ്ച്. മ്യൂസിക് കമ്പോസർ എന്ന രീതിയിൽ ഉള്ള ചലഞ്ച്. കമേഴ്‌സ്യൽ സിനിമയിൽ തീർച്ചയായും ഈ പാട്ടുകൾ ചിലതെങ്കിലും ആളുകൾ പാടി നടക്കണം എന്ന കാഴ്ചപ്പാട് കൂടിയുണ്ട്. താക്കോലിന് സംബന്ധിച്ച് അത്തരം കാഴ്ചപ്പാടുകളെക്കാൾ കൂടുതൽ സിനിമയിലെ കഥാതന്തുവായിട്ടും അതിന്റെ പശ്ചാത്തലമായിട്ടും അത് വിവരിക്കുന്ന മനസിന്റെതായിടുള്ള ചുവടുകളും ഒക്കെ ഒരു ബ്യൂട്ടി അല്ലെങ്കിൽ ആംമ്പിയൻസ് ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. അപ്പോൾ അതിനാണ് കൂടുതൽ വെയിറ്റേജ് കൊടുത്തിരിക്കുന്നത്. തീർച്ചയായും ആളുകൾ മൂളി നടക്കുന്ന പാട്ടുകൾ ആണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ തീർച്ചയായും ആളുകളുടെ മനസ്സിൽ തീർത്തും വ്യത്യസ്തമായിട്ടുള്ള ഒരു ഇപാക്റ്റ് ക്രിയേറ്റ് ചെയ്യുന്ന പാട്ടുകളാണ് താക്കോലിലുള്ളത്.

  • ഭാവാത്മകയ്ക്കാണോ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്?

ഈ സിനിമയുടെ ഭാവം വേറെയാണ്. സ്ഥിരമായി കേൾക്കുന്ന രീതിയിൽ വ്യത്യസ്ഥമായി വേറിട്ട ഭാവതലങ്ങൾ ആണ് താക്കോലിന് ഉള്ളത്.അത് ഒരേ സമയം അറ്റച്ചാഡും ഡിറ്റാച്ച്ഡും ആണ്. ഈ പാട്ടുകൾ അറ്റാച്ച്ഡ് ആണെന്ന് തോന്നാം അതേസമയം ഡിറ്റാച്ച്ഡും ആണെന്ന് തോന്നാം. രണ്ടു സങ്കൽപ്പങ്ങളും ഒരുമിക്കുന്നത് ആണ് താക്കോൽ എന്ന് പറഞ്ഞാൽ. ലൈഫിൽ നമ്മൾ അറ്റാച്ച്ഡ് ഡിറ്റാച്ച്ഡും ആകുകയും ചെയ്യുന്ന കാര്യങ്ങൾ വളരെ ബ്യൂട്ടിഫുൾ ആയി പ്ലേ ചെയ്തിരിക്കുകയാണ് കിരൺ ഈ സിനിമയിൽ.

  • സിനിമയുടെ കഥാലോകത്ത് കൂടിയുള്ള ഒരു സംഗീത യാത്രയാണോ താക്കോലിലെ പാട്ടുകൾ?

തീർച്ചയായും. പാട്ടുകൾ ഈ സിനിമയിൽ നിന്നും മാറ്റിവയ്ക്കാൻ കഴിയില്ല. സംഗീതം കൊണ്ട് സിനിമയെ കൂട്ടിക്കെട്ടുന്ന രീതിയാണ് കിരൺ അവലംബിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ എനിക്ക് അത് രസകരമായി തോന്നി. പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയും ഈ മൂന്നു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാൽ അത് മാറി നിൽക്കാത്ത രീതിയിലാണ് സിനിമയിൽ നിലകൊള്ളുന്നത്.

  • റഫീക്ക് അഹമ്മദ്, പ്രഭാ വർമ്മ, സതീഷ് (മാതാ അമൃതാനന്ദമയിയുടെ സഹോദരൻ) ഇവരാണ് ഗാനങ്ങൾ രചിച്ചത്? എന്താണ് ഗാനരചനയെക്കുറിച്ച് പറയുന്നത്?

സതീഷിന്റെ രചന വളരെ വ്യത്യസ്തമായ ഒരനുഭവമാണ്. മരിഭായിയിൽ ജലം എന്ന പാട്ടാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതിൽ ചില ചിന്തകൾ, അത് ചിന്തയിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ അത് ഈസിയല്ല. പ്രത്യേകിച്ചും വരികളിൽ കൊണ്ടുവരിക എന്ന് പറഞ്ഞാൽ. സതീഷ് ജി വളരെ മനോഹരമായി അത് ചെയ്തിട്ടുണ്ട്. ഇമോഷണൽ ആയ രണ്ടു സോങ്ങ്‌സ് ആണ് റഫീഖ്ജി എഴുതിയിരിക്കുന്നത്. അതിൽ കവിതയുടെ സൗന്ദര്യമുണ്ട്. അത് ഈ പശ്ചാത്തലവുമായി ഒട്ടിച്ചേർന്നു നിൽക്കുന്ന രീതിയിലാണ്. അതാണ് പറഞ്ഞത് ഇമോഷണൽ ആയിട്ടുള്ള സോംഗ്. പ്രഭാവർമ്മ ഒരു സാർ പാട്ട് എഴുതിയിട്ടുണ്ട്. അത് വാക്കുകളിൽ സൗന്ദര്യം തുളുമ്പുന്ന ഗാനമാണ്. വെറുതെ എഴുതി വയ്ക്കുകയല്ല. അത് വാക്കുകൾ പെറുക്കി വയ്ക്കുകയാണ്.അത് കഥയുമായി അടർത്താൻ പറ്റാത്തതാണ്.

സംഗീത സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. താക്കോലിൽ പശ്ചാത്തല സംഗീതവും ചെയ്യുന്നു?

പാട്ടുകൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുള്ള കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത്. എന്റെ കരിയറിൽ പശ്ചാത്തല സംഗീതത്തിന്റെ നേരം വരുമ്പോൾ, ഞാൻ ഏതെങ്കിലും പാട്ട് ചെയ്യുകയാണെങ്കിൽ അതിനകത്തോട്ടു കൂടുതൽ താത്പര്യം ഉള്ളതിനാൽ പശ്ചാത്തല സംഗീതം ചെയ്യാതിരുന്ന ഒരു കാലഘട്ടമുണ്ട്. ഇപ്പോൾ ഞാൻ നിർബന്ധമായും പറയാറുണ്ട്. ഞാൻ സംഗീത സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ തന്നെ പശ്ചാത്തല സംഗീതവും ചെയ്യുമെന്ന്. അപ്പോഴാണ് എല്ലാം എന്റെ കോൺട്രിബ്യുഷൻ ആയി വരുന്നത്. അല്ലെങ്കിൽ മോരും മുതിരയും പോലെ സംഗീതവും പശ്ചാത്തല സംഗീതവും രണ്ടും വേറിട്ട് നിൽക്കുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. താക്കോലിൽ നേരെ വിപരീതമായി ഈ രണ്ടു കാര്യങ്ങൾ ഒന്നിച്ച് വന്നതുകൊണ്ട് പാട്ടുകളും പശ്ചാത്തല സംഗീതവും കഥാതന്തുവും കഥ പറയുന്ന രീതിയും ആയിട്ട് ഒന്നിച്ച് കല്യാണം കഴിച്ചത് പോലെ ഒന്നിച്ച് ഇരിക്കുന്നുണ്ട്. അപ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.

  • വരികൾ എഴുതിയിട്ട് സംഗീതം നൽകുകയാണോ അതോ സംഗീതം നൽകിയിട്ട് വരികൾ എഴുതി വാങ്ങുകയാണോ ചെയ്തത്?

രണ്ടു രീതിയിലും വർക്ക് ചെയ്തിട്ടുണ്ട്. വരികൾ എഴുതി സംഗീതം ചെയ്തിട്ടുണ്ട്. സംഗീതം ചെയ്ത് വരികൾ എഴുതിയിട്ടുണ്ട്. പ്രഭാവർമ്മ സാറിന്റെ കാര്യത്തിൽ ആദ്യം വരികൾ എഴുതി പിന്നെ ചില ഭാഗങ്ങളിൽ ട്യൂണിട്ട് എഴുതി അങ്ങിനെ രണ്ടുംപേരും അങ്ങോട്ടും ഒരു ഗിവൺ ടേക്ക് എന്ന പോലെയാണ്. റഫീക്ക്ജിയുടെയും ഇതുപോലെ തന്നെയാണ്. എനിക്ക് പാട്ടുകൾ അങ്ങിനെ ചെയ്യുന്നതാണ് ഇഷ്ടം. ട്യൂൺ ഇട്ട് എഴുതുന്ന സംഗീതത്തിനു കുറെ കുഴപ്പങ്ങൾ ഉണ്ട്. വരികൾ നമുക്ക് തന്നിട്ട് അതിനു ട്യൂണിടുമ്പോൾ അതിനു വരുന്ന പ്രശ്‌നം എന്ന് പറയുമ്പോൾ അത് ഒരു വൃത്തത്തിൽ മാത്രമാവുകയാണ്. ഇതിന്റെ സംഗമം ആകുമ്പോൾ ട്യൂൺ ഇടുകയും വരികൾ എഴുതുകയും അങ്ങോട്ടുമിങ്ങോട്ടും ഡിസ്‌കസ് ചെയ്യുകയും, ചിലത് വരികൾ വരും. ഏതാണ് ആദ്യം വരുക എന്ന് അറിയാൻ കഴിയാത്ത രീതിയിൽ ഒരു ഡിസ്‌കഷന്റെ രീതിയിൽ പ്രപഞ്ചത്തിലൂടെ രണ്ടുപേരും സംവിധായകനും കൂടെയിരുന്നു അങ്ങിനെ ഒക്കെ വർക്ക് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ പാട്ടുകൾ എല്ലാം ആ രീതിയിൽ ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP