Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

കാൽപന്തുകളിയിൽ അനൗൺസറായി തുടങ്ങിയെങ്കിലും പണി പാളി; സഹപാഠിയുടെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തലവര തെളിഞ്ഞു; ഡബ്ബിങ് ആർട്ടിസ്റ്റായി നാലായിരത്തിലധികം പരസ്യങ്ങൾക്ക് മലബാർ ശൈലിയിൽ ശബ്ദം നൽകി; ട്രാഫിക് പൊലീസിന് വേണ്ടി തയ്യാറാക്കിയ ബോധവത്കരണ വീഡിയോ കണ്ടത് അഞ്ച് കോടിയിൽ അധികം ആളുകൾ; കൊറോണ കാലത്തും മലബാർ ശൈലിയിൽ ബോധവത്കരണ വീഡിയോ തയ്യാറാക്കിയ ജുനൈസ് പാണാലി മറുനാടനോട്

കാൽപന്തുകളിയിൽ അനൗൺസറായി തുടങ്ങിയെങ്കിലും പണി പാളി; സഹപാഠിയുടെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തലവര തെളിഞ്ഞു; ഡബ്ബിങ് ആർട്ടിസ്റ്റായി നാലായിരത്തിലധികം പരസ്യങ്ങൾക്ക് മലബാർ ശൈലിയിൽ ശബ്ദം നൽകി; ട്രാഫിക് പൊലീസിന് വേണ്ടി തയ്യാറാക്കിയ ബോധവത്കരണ വീഡിയോ കണ്ടത് അഞ്ച് കോടിയിൽ അധികം ആളുകൾ; കൊറോണ കാലത്തും മലബാർ ശൈലിയിൽ ബോധവത്കരണ വീഡിയോ തയ്യാറാക്കിയ ജുനൈസ് പാണാലി മറുനാടനോട്

ജാസിം മൊയ്തീൻ

മലപ്പുറം: കുതിരവട്ടം പുപ്പുവും മാമുകോയയും പുതിയകാലത്ത് ഹരീഷ്‌കണാരനും നിർമ്മൽ പാലാഴിയും വിനോദ് കോവൂരുമെല്ലാം വഴി മലയാളികൾക്ക് സുപരിചിതമായൊരു വാമൊഴി ഇന്ന് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള മലയാളികളുടെ ഫോണുകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിരിക്കുന്നു. കേരളത്തിനകത്തും പുറത്തും രാജ്യാതിർത്തി കടന്നും മലയാളി ഉള്ളിടത്തെല്ലാം പെട്ടിക്കട മുതൽ സൂപ്പർമാർക്കറ്റുകൾ വരെയുള്ളവയുടെ പരസ്യങ്ങളിൽ ഇന്ന് കേൾക്കുന്നത് പാണാലി ജുനൈസ് എന്ന ഈ മലപ്പുറംകാരന്റെ ശബ്ദമാണ്. ഇതുവരെ നാലായിരത്തിലധികം പരസ്യങ്ങൾക്ക് തന്റെ മലബാർ ശൈലിയിൽ ശബ്ദം നൽകിക്കഴിഞ്ഞു ഈ ഇരുപത്തിമൂന്നുകാരൻ. ഇതിനിടെ കേരളപൊലീസിന് വേണ്ടിയും വിവിധ സംഘടനകൾക്ക് വേണ്ടിയും നിരവധി ബോധവത്കരണ വീഡിയോകൾക്കും ജുനൈസ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ശബ്ദം നൽകി. ജയരാജ് സംവിധാനം ചെയ്ത വീരം, പ്രതാപ് പോത്തൻ നായകനായ പച്ചമാങ്ങ തുടങ്ങി രണ്ട് സിനിമകളുടെ പിന്നണിയിലും ജുനൈസിന്റെ ശബ്ദം ഉപയോഗപ്പെടുത്തി. സിനിമ തന്നെയാണ് ജുനൈസിന്റെ സ്വപ്്നം. ആ സ്വപ്നങ്ങളും കടന്നുവന്ന വഴികളും മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് പാണാലി ജുനെസ്.

ഫുട്ബോൾ അനൗൺസറായി തുടക്കം

ഏതൊരു മലബാറുകാരനെയും പോലെ കാൽപ്പന്ത് കളിയെ നെഞ്ചിലേറ്റിയാണ് ജുനൈസും വളർന്നത്. മലബാറിന്റെ മൈതാനങ്ങളിൽ, നിരത്തുകളിൽ ജീപ്പുകളിൽ കെട്ടിയ കോളാമ്പി സ്പീക്കറുകളിൽ കാണികളെയും കളിക്കാരെയും ത്രസിപ്പിക്കുന്ന ചടുലമായ അനൗൺസ്മെന്റുകളും കമന്ററികളും കേട്ടാണ് കൊണ്ടോട്ടിക്കടുത്ത ജുനൈസിന്റെ ബാല്യവും കഴിഞ്ഞുപോയത്. ഈ അനൗൺസ്മെന്റുകളും കമന്ററികളും കേട്ട് കേട്ട് മനപ്പാഠമാക്കിയ ജുനൈസ് അവയെ അനുകരിച്ച് 2102ൽ തന്റെ പ്ലസ്ടു കാലത്ത് ആദ്യമായി ജീപ്പിൽ അനൗൺസ്മെന്റിന് പോയി. ഇതായിരുന്നു തുടക്കം. പക്ഷെ തുടക്കം തന്നെ പാളിപ്പോയതിനാൽ അന്ന് ആ മേഖലയിൽ തുടരാനായില്ല. പിന്നെ ജുനൈസും പതുക്കെ പിൻവാങ്ങി.

വഴിത്തിരിവായത് സുഹൃത്തിന്റെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ശബ്ദസന്ദേശം

ഫുട്ബോൾ അനൗൺസ്മെന്റ് മേഖലയിൽ വേണ്ടത്ര ശോഭിക്കാനാവാതെ വന്നതോടെ ജുനൈസ് പതുക്കെ ആ മേഖലയിൽ നിന്ന് പിന്മാറിയിരുന്നു. അപ്പോഴും തന്റെ ശബ്ദം എവിടെയെങ്കിലും ഉപയോഗപ്പെടുത്തണമെന്ന ആഗ്രഹം അടങ്ങാതെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2016ൽ കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുമ്പോഴാണ് തന്റെ സഹപാഠിയുടെ വിവാഹത്തിന് വേണ്ടി ഒരു ശബ്ദ സന്ദേശം തയ്യാറാക്കാൻ ജുനൈസിന് അവസരം ലഭിക്കുന്നത്. വധവും വരനുമെല്ലാം ജുനൈസിന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അവർക്ക് ഒരു സമ്മാനമായി ജുനൈസ് തയ്യാറാക്കിയ ആ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. അതോടുകൂടി ജുനൈസിന്റെ സമയവും തെളിഞ്ഞു. ഈ ശബ്ദം സന്ദേശം കേട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരസ്യം ചെയ്യാനായി ആളുകൾ ജുനൈസിനെ തേടിയെത്തി.

നാലായിരത്തിൽ അധികം പരസ്യങ്ങൾക്ക് ശബ്ദം നൽകി

സുഹൃത്തിന്റെ വിവാഹത്തിന് തയ്യാറാക്കിയ ശബ്ദസന്ദേശം കേട്ട് കോഴിക്കോടുള്ള വൈറ്റമിൻ കോർണർ എന്ന സ്ഥാപനമാണ് ആദ്യമായി ജുനൈസിന്റെ ശബ്ദം തേടിയെത്തിയത്. അവരുടെ പുതിയ പരസ്യത്തിൽ ജുനൈസിന്റെ ശബ്ദം ഉൾപ്പെടുത്തുകയും ചെയ്തു. കാതുകളിൽ നിന്ന് കാതുകളിലേക്ക് വൈറ്റമിൻകോർണറിന്റെ പുതിയ പരസ്യം ജുനൈസിന്റെ ശബ്ദത്തിൽ ഒഴുകി. ഇത് സൂപ്പർ ഹിറ്റായതോടെ ആലുവയിലെ ആദാമിന്റെ ചായക്കട എന്ന സ്ഥാപനവും ജുനൈസിന്റെ ശബ്ദം ഉപയോഗപ്പെടുത്തി പരസ്യം ചെയ്തു. ഇതോടെ മലബാറിനപ്പുറം തന്റെ മലബാർ ശൈലിക്ക് പ്രാധാന്യമുണ്ടെന്ന് ജുനൈസ് തിരിച്ചറിഞ്ഞു.പിന്നീടിങ്ങോട്ട് ജുനൈസിന്റെ ശബ്ദത്തിന് വിശ്രമമുണ്ടായിട്ടില്ല. കേരളത്തനകത്തും പുറത്തും രാജ്യത്തിന്റെ അഥിർത്തി കടന്നും വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി ജുനൈസ് തന്റെ മലബാർ ശൈലിയിൽ പരസ്യങ്ങൾ തയ്യാറാക്കി. ഇതിനോടകം നാലായിരത്തിലധികം പരസ്യങ്ങൾക്ക് ജുനൈസ് ശബ്ദം നൽകിക്കഴിഞ്ഞു. പരസ്യം കാണുമ്പോൾ ചാനൽമാറ്റിയിരുന്ന മലയാളി ഇപ്പോൾ ജുനൈസിന്റെ പരസ്യം കേൾക്കാൻ വേണ്ടി യുട്യൂബിൽ തിരയുകയാണ്.

ബോധവത്കരണ വീഡിയോകളും ഹിറ്റ്

പരസ്യങ്ങൾക്കപ്പുറം ജുനൈസ് ശബ്ദം നൽകിയ നിരവധി ബോധവത്കരണ വീഡിയോകളും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റാണ്. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ ബ്രിഡ്ജിന്റെ ശോചനീയാവസ്ഥക്കെതിരെ ജുനൈസ് തയ്യാറാക്കിയ വീഡിയോ ജനങ്ങൾ ഏറ്റെടുത്തു. വർഷങ്ങളായി ഈ പാലത്തിന്റെ ശോചനീയാവസ്ഥക്കെതിരെ കൊടിപിടിച്ച് സമരം നടത്തിയ വിവിധ സംഘടനകൾക്ക് ഉണ്ടാക്കാൻ പറ്റാത്ത പ്രതിഫലനം ജുനൈസിന്റെ ട്രോൾരൂപത്തിലിറക്കിയ വീഡിയോക്ക് ഉണ്ടാക്കാൻ സാധിച്ചു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ അടുത്ത ദിവസം തന്നെ പാലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പാലത്തിന്റെ പുനരുദ്ധാരണ പണികൾ ആരംഭിച്ചു. തന്റെ ചെറിയൊരു വീഡിയോ കാരണം നാട്ടിൽ ഇങ്ങനെയൊരു മാറ്റമുണ്ടായെന്നോർക്കുമ്പോൾ ജുനൈസിന് തന്നെ അത്ഭുതമാണ്. അതിലേറെ സന്തോഷവും. അതിന് ശേഷം ട്രാഫിക് പൊലീസിന് വേണ്ടിയും ജുനൈസ് ബോധവത്കരണ വീഡിയോകൾ ചെയ്തു. ഇപ്പോൾ ലോകത്തെയാകെ ഭീതിയിലാഴ്‌ത്തിയ കൊറോണ വൈറസിനെതിരെയുള്ളൊരു ബോധവത്കരണ വീഡിയോയും ജുനൈസ് തയ്യാറാക്കിയിട്ടുണ്ട്. ട്രാഫിക് പൊലീസിന് വേണ്ടി തയ്യാറാക്കിയ വീഡിയോ 5 കോടിയിലധികം ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇതുവരെ കണ്ടത്. പ്രളയ സമയത്തും ജുനൈസ് സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയോകൾ തയ്യാറാക്കി.

സിനിമയെന്ന സ്വപ്നം

സിനിമയാണ് ജുനൈസിന്റെ ഏറ്റവും വലിയ സ്വ്പനം. ഇതിനിടെ ജയരാജ് സംവിധാനം ചെയ്ത് വീരം എന്ന സിനിമയുടെ ട്രെയിലർ റിലീസിനും പ്രതാപ് പോത്തൻ നായകനായെത്തിയ പച്ചമാങ്ങ എന്ന സിനിമയിലും ജുനൈസിന്റെ ശബ്ദം ഉപയോഗിച്ചു. നേരത്തെ നിരവധി ആൽബങ്ങൾക്ക് വേണ്ടിയും ജുനൈസ് പാട്ടെഴുതിയിരുന്നു. അഭിനയത്തിലും ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ജുനൈസിപ്പോൾ. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പ്രാർത്ഥനയും ജുനൈസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെയുണ്ട്.

കുടുംബം, വിദ്യാഭ്യാസം

കൊണ്ടോട്ടിയിലെ മുണ്ടക്കുളത്തെ പാണാളി മമ്മൂട്ടിയുടേയും ലൈല മൂപ്പന്റെയും മകനായ ജുനൈസും സഹോദരിമാരായ ഷിബുനയും ജുമാന തസ്‌നിയും അടങ്ങുന്നതാണ് കുടുംബം.മുണ്ടക്കുളം എഎംഎൽപി സ്‌കൂൾ,സിഎച്ച്എംകെഎംയുപി സ്‌കൂൾ, എച്ച്ഐഒഎച്ച്എസ് ഒളവട്ടൂർ, കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജുനൈസിന്റെ വിദ്യാഭ്യാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP