Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ 'ആശാൻ'; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നു

മദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ 'ആശാൻ'; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളത്തിലെ ചില സിനിമകൾ ഇതരഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ പരിമിതി മലയാളത്തിലേത് പോലെ ഏത് കഥാപാത്രത്തെയും അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുന്ന സഹനടന്മാർ ഇല്ലെന്നതാണെന്ന് ഒരു സംവിധായകൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.അ പ്രശംസയ്ക്ക് മലയാളത്തിലെ നടന്മാരെ അർഹരാക്കിയത് മിക്കവർക്കും ഉണ്ടായിരുന്ന നാടകത്തിന്റെ പാരമ്പര്യമാണ്.തിലകൻ, നെടുമുടി വേണു, മുരളി തുടങ്ങി ഈ ലിസ്റ്റ് അതിശയിപ്പിക്കും വിധം നീളുന്നതാണ്.

എന്നാൽ ഇവരുടെയൊക്കെ കാലശേഷം ഈ ഒരു അഭിനയ മികവിന് കോട്ടം തട്ടിയെന്ന് പറയേണ്ടി വരും.എന്നാൽ തനിക്ക് കിട്ടിയ ചുരുക്കം ചില വേഷത്തിലൂടെ ഈ പട്ടികയിലെ പുതിയ കണ്ണിയാകാൻ തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയാണ് പ്രമോദ് വെളിയനാട്.26 വർഷക്കാലത്തെ നാടകത്തിന്റെ പാരമ്പര്യം തന്നെയാണ് പ്രമോദിനും കരുത്താകുന്നത്.നവമാധ്യമങ്ങളിലടക്കം ഇപ്പോഴത്തെ ചർച്ചാവിഷയമായ പ്രമോദ് വെളിയനാട് സിനിമതിക്കിനോട് മനസ്സുതുറക്കുകയാണ്.തന്റെ നാടകയാത്രയെക്കുറിച്ചും സിനിമാ വരവിനെക്കുറിച്ചുമാണ് ആദ്യ അദ്ധ്യായത്തിൽ പ്രമോദ് മനസ്സ് തുറക്കുന്നത്..

അവതാരക: നമസ്‌കാരം ചേട്ട...സിനിമതിക്കിന്റെ അഭിമുഖത്തിലേക്ക് സ്വാഗതം.. പ്രമോദ് വെള്ളിയനാടിനെ പരിചയപ്പെടുത്തി അവതാരക സ്വാഗതം പറയുന്നതിനിടയിൽ പ്രമോദ് വെള്ളിയനാട് ഇടപെടുന്നു

പ്രമോദ്: എന്റെ വീട്ടിലേക്ക് വരുമ്പോ ഞാനല്ലെ സ്വാഗതം പറയേണ്ടത്.. അപ്പൊ ഞാൻ സ്വാഗതം പറയാം അതല്ലേ മര്യാദ.. പ്രേക്ഷകർക്കും അവതാരകയ്ക്കും സ്വാഗതം പറയുന്നു.

26 വർഷമായി നാടകരംഗത്ത്.. അതിനിടയിൽ സിനിമ ചെയ്തിരുന്നോ..ശ്രദ്ധിക്കുന്ന വേഷങ്ങൾ ഇപ്പോൾ ലഭിക്കുന്നുവെന്നേ ഉള്ളോ?

നാടകത്തിനിടയ്ക്ക് സിനിമകൾ ചെയ്തിരുന്നു.പക്ഷെ ചെറിയ വേഷങ്ങളായിരുന്നു. ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണുന്നത്.കളയിലെ ആശാൻ എന്ന വേഷത്തോടെയാണ് സിനിമയിലെ കരിയർ മാറുന്നത്.ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം അതായിരുന്നു.ഇതിന് പിന്നാലെ മികച്ച വേഷങ്ങൾ കിട്ടിത്തുടങ്ങി.അങ്ങിനെ മെച്ചപ്പെട്ട് മെച്ചപ്പെട്ട് സൗദി വെള്ളക്ക വരെ എത്തി.അതിൽ വക്കീലിന്റെ വേഷമായിരുന്നു.വേഷം പറഞ്ഞപ്പോ ഞാൻ തരുൺ മൂർത്തിയോട് സിനിമിയിൽ മിക്കതിലും കൈലിയായിരുന്നു വേഷം.ആദ്യമായാണ് ഒരു വേഷം മാറുന്നത്.പാന്റിട്ടപ്പോഴാകട്ടെ അത് മേശയുടെ അടിയിലും ആയിപ്പോയി എന്നു.

കലാരംഗത്തേക്ക് എത്തിയത് എങ്ങിനെയായിരുന്നു.. പശ്ചാത്തലം ഒന്നു വിശദമാക്കാമോ?

അച്ഛനും മറ്റു ബന്ധുക്കളും ഈ ഭജനയൊക്കെ പാടാൻ പോയിരുന്നു.അത്യാവശ്യം നന്നായി പാടുകയും ചെയ്തിരുന്നു.പക്ഷെ എനിക്ക് അങ്ങിനെ ഒരു കഴിവും ഇല്ലായിരുന്നു.എന്നാലും അഭിനയത്തോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു.അത് മാത്രമായിരുന്നു കൈമുതൽ അല്ലാതെ ഒന്നുമില്ല.അഭിനയം പഠിക്കുകയോ പരിശീലിക്കുകയോ ഒന്നും ചെയ്തിട്ടില്ല.എന്തെങ്കിലും നന്നായി ഞാൻ ചെയ്യുന്നുണ്ടെങ്കിൽ അത് നാടകം തന്ന കരുത്താണ്.കൂടെ അഭിനയിച്ചവരുടെ പിന്തുണയുമാണ്.

പിന്നെ ശരിയാണോ തെറ്റാണോ എന്നറിയില്ല എന്റെ ഒരു കാഴ്‌ച്ചപ്പാടിൽ എനിക്ക് ഒരു കഥാപാത്രം ലഭിച്ചാൽ ഞാൻ ആ കഥാപാത്രത്തിലേക്ക് ഇറങ്ങുകയല്ല മറിച്ച് എന്നിലേക്ക് ആ കാഥാപാത്രത്തെ ഇറക്കുകയാണ്.അയാൾ പ്രമോദാണെങ്കിൽ എങ്ങിനെ ആയിരിക്കും..അങ്ങിനെയാണ് ഞാൻ ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഒരാൾക്ക് അഭിനയം പഠിപ്പിച്ച് കൊടുക്കാനും എനിക്കറിയത്തില്ല.

അഭിനയം ബുദ്ധിമുട്ടേറിയ പണിയാണെന്ന് തോന്നിയിട്ടുണ്ടോ?

അഭിനയം എന്നും ബുദ്ധിമുട്ട് തന്നെ അല്ലെ.ഇപ്പോൾ സ്റ്റേജിലാണെങ്കിൽ ഞങ്ങളും പ്രേക്ഷകരും തമ്മിൽ ഒരു കർട്ടന്റെ വ്യത്യാസമേ ഉള്ളു.അത് ഉയർന്നാൽ അഭിനേതാവും പ്രേക്ഷകനും തമ്മിൽ ഒരു യുദ്ധമാണ്.കണ്ണുകൊണ്ടും ചെവികൊണ്ടും പ്രേക്ഷകൻ നമ്മളെ എയിം ചെയ്യുകയാണ്.ആദ്യത്തെ ഒരു പത്ത് അഞ്ച് മിനുട്ട് മാത്രമെ നമുക്ക് എന്തെങ്കിലും ഇളവ് ലഭിക്കു.അത് കഴിഞ്ഞിട്ടും പ്രക്ഷകർ സ്റ്റേജിൽ പ്രമോദിനെയാണ് കാണുന്നതെങ്കിൽ അവിടെ ഞാൻ പരാജയപ്പെട്ടു.അതല്ല നേരെ തിരിച്ചാണ്.. ചെറിയ സമയം കൊണ്ട് തന്നെ എനിക്ക് കഥാപാത്രമാകാൻ സാധിച്ചാൽ അവിടെ ഞാൻ ജയിച്ചു.

ആ യുദ്ധത്തിന്റെ നാന്ദിയാണ് അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നുവെന്ന അറിയിപ്പൊക്കെ..അതൊക്കെ കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റില്ല.

നാടകത്തിലേക്ക് ഉള്ള വരവിനെക്കുറിച്ച് ഒന്നു പറയാമോ?

കുട്ടിക്കാലം മുതൽക്കെ നാടകം ഇഷ്ടമായിരുന്നു.ചെറിയ രീതിയിലുള്ള എഴുത്തൊക്കെ ഉണ്ടായിരുന്നു.പക്ഷെ നാടകം എഴുത്തിന്റെ തീക്ഷണത മനസിലാക്കിയപ്പോൾ എഴുത്ത് നിർത്തി.നമ്മൾ അത് ചെയ്യുന്നത് തെറ്റാണെന്ന് തോന്നി.അഭയൻ കലവൂർ എന്ന തന്റെ ഗുരുനാഥൻ വഴിയാണ് നാടകത്തിലേക്ക് എത്തുന്നത്.കൊച്ചിൻ നയന എന്ന നാടക ട്രൂപ്പിലാണ് ആദ്യം എത്തുന്നത്.അന്ന് ട്രൂപ്പിന്റെ ഓണർ കയറുപിരിച്ചാണ് നാടകം നടത്താനുള്ള തുക കണ്ടെത്തിയത്.അവരൊന്നും എനിക്കൊരു അവസരം തന്നിട്ടില്ലെങ്കിൽ ഞാൻ നാട്ടിലെ മേസ്തിരി ആയേന.. അത് മാത്രമായിരുന്നു അറിയാവുന്ന പണി.

പഠിപ്പിലൊക്കെ അത്ര മോശമായിരുന്നു.ഞാൻ പ്രീഡിഗ്രി എങ്കിലും എത്തിയത് പ്രമോദ് വി എന്നൊരു സുഹൃത്തുണ്ടായിരുന്നു.അവന്റെ പേപ്പർ വാങ്ങി പകർത്തി എഴുതിയാണ് ഞാൻ പ്രീഡിഗ്രി എത്തിയത്.ഒരോ ആൾക്കാർ പറയുമല്ലോ ഞാൻ ഉപ്പ് മാവ് തിന്നാൻ സ്‌കുളിൽ പോയി എന്നൊക്കെ.. പക്ഷെ ഞാൻ പോയത് അതിനൊന്നുമല്ലായിരുന്നു.എല്ലാ വെള്ളിയാഴ്‌ച്ചയും ഉച്ചയ്ക്ക് നമ്മുടെ കഴിവുകൾ അവതരിപ്പിക്കാൻ ഒരു അരമണിക്കൂർ കിട്ടുമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഞാൻ പോയത്.

100 രൂപയാണ് എനിക്ക് ആദ്യ നാടകത്തിന് ശമ്പളമായി കിട്ടിയത്.അന്നത്തെ കാലത്ത് അത്രമോശമായിരുന്നു നാടകക്കാരുടെ അവസ്ഥ.പക്ഷെ ഇന്ന് അതല്ല.നാടകം എന്ന മൂന്നക്ഷരം കൊണ്ട് മാത്രം ജീവിക്കുന്നവരും ഉണ്ട്.എല്ലാരും അങ്ങിനെ എന്നല്ല.പക്ഷെ നാടകത്തിന് വേണ്ട പരിരക്ഷയും മറ്റുമൊന്നും കിട്ടുന്നില്ല എന്നത് സങ്കടകരമാണ്.രണ്ട് തവണ മാത്രമാണ് ഞാൻ സംസ്ഥാന നാടക പുരസ്‌കാരത്തിന് മത്സരിച്ചത്.അ രണ്ടു തവണയും മികച്ച നടനുള്ള പുരസ്‌കാരം എനിക്ക് കിട്ടി.ആദ്യത്തെ തവണ അവാർഡ് കിട്ടുമ്പോൾ ഞാൻ വീട്ടിനടുത്ത് മേസ്തിരിപ്പണിയിലായിരുന്നു.

നാടകത്തിന്റെ ഇടവേളകളിൽ മേസ്തിരിപ്പണിക്ക് പോകാറുണ്ട്.കുടുംബപരമായി ഞങ്ങൾ ചെയ്തുവന്നിരുന്നത് അതാണ്.കല എനിക്ക് തന്നത് എന്റെ ജീവിതമാണ്.കാരണം ഒരുപാട് കഷ്ടതകൾ തന്നെയായിരുന്നു കുട്ടിക്കാലം.അച്ഛൻ നന്നായി മദ്യപിക്കുമായിരുന്നു.അമ്മയെ നന്നായി ഉപദ്രവിക്കുമായിരുന്നു.പേടിച്ച് അയൽ പക്കത്തെ വീട്ടിലൊക്കെ ഒളിച്ചിരിക്കും.

അതിൽ മനം മടുത്ത് എന്നാൽ നിങ്ങൾ രണ്ടും ജീവിച്ചൊ എന്ന് പറഞ്ഞ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ട്.ഇതൊക്കെയാണെങ്കിലും കലയെയും കലാകാരന്മാരെയും അച്ഛന് ഇഷ്ടമായിരുന്നു.ആ പ്രോത്സാഹനം എനിക്ക് കിട്ടി..അങ്ങിനെ നാടകം കാണാനൊക്കെ അച്ഛൻ പൈസ തരും.എനിക്ക് വേദികൾ കിട്ടാനും ആൾക്കാർ എന്നെ അഭിനന്ദിക്കാനുമൊക്കെ തുടങ്ങിയതോടെ അച്ഛനും എന്റെ നാടകം കാണാനെത്തി.

എന്നൊട് പ്രേക്ഷകർ പറയുന്നതും പെരുമാറുന്നതുമൊക്കെ കണ്ടപ്പോൾ അച്ഛൻ തന്നെ സ്വയം മാറാൻ തീരുമാനിക്കുകയായിരുന്നു.അങ്ങിനെ സ്വസ്ഥമായ ഒരു ജീവിതം ഞങ്ങൾക്ക് കിട്ടി.അതാ ഞാൻ പറഞ്ഞത് കല എനിക്ക് എന്റെ ജീവിതമാണ് തന്നത് എന്ന്.പക്ഷെ അച്ഛൻ എന്നും പറയുന്ന ഒരു കാര്യമുണ്ട് കല എന്നും നിനക്ക് ഭക്ഷണം തരും എന്നു വിചാരിക്കരുത് എന്ന്.നാടകത്തിന്റെ സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ അച്ഛൻ കുറെക്കൂടി മാറി.പിന്നെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട് ഇത്ര നല്ലൊരു മനുഷ്യൻ വേറെ ഇല്ലെന്ന്.പക്ഷെ എന്റെ അനുഭവത്തിൽ നിന്ന് പ്രേക്ഷകരോട് എനിക്ക് ഒന്നേ പറയാനുള്ളു.. പ്രതിസന്ധികൾ അല്ല ജീവിതത്തിന്റെ അവസാനം..എന്റെ മകനോട് പറയാറുണ്ട് വീഴുന്നിടത്തല്ല തോൽക്കുന്നത് വീണിട്ടും എഴുന്നേൽക്കാത്തിടത്താണെന്ന്.

ഒരുപാട് പരിശ്രമിച്ചിട്ടുണ്ടല്ലേ സിനിമയിലേക്കെത്താൻ.. മാറ്റി നിർത്തപ്പെട്ടതായി തോന്നിയിട്ടുണ്ടോ?

പരിശ്രമിക്കാതെ ഒന്നും ആകില്ലലോ.ഒരു ജോലിക്കെത്തിയാൽ ആദ്യം നന്നായി പണിയെടുക്കുക.എന്നിട്ടല്ലേ കാശ് ചോദിക്കേണ്ടത്.അല്ലാതെ ആദ്യമേ കാശല്ലലോ ചോദിക്കുക.നന്നായി പണിയെടുത്താൽ 100 രൂപ കിട്ടേണ്ടിടത്ത് ചിലപ്പൊ 110 കിട്ടും. ആ പത്താണ് നമുക്ക് കിട്ടുന്ന അവാർഡ്.കാശൊക്കെ തരും.പണിയെടുത്താൽ നമുക്ക് കാശു തരാതെ ഉറങ്ങാൻ ദൈവത്തിന് പോലും സാധിക്കില്ല.അതാ എന്റെ കാഴ്‌ച്ചപ്പാട്.

പിന്നെ മാറ്റി നിർത്തപ്പെട്ടിട്ടൊന്നുമില്ല.ഞാൻ മാറി നിന്നിട്ടേ ഉള്ളൂ. കിട്ടയതൊക്ക നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.

ആദ്യ സിനിമയിലേക്ക്?

ഞാൻ കടുത്ത ദൈവ വിശ്വാസി ഒന്നുമല്ല പക്ഷെ നമുക്ക് താങ്ങാവുന്നവരെ അല്ലെങ്കിൽ അങ്ങിനെ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.അങ്ങിനെ ഞാൻ ദൈവതുല്യരായി കാണുന്ന രണ്ട് മനുഷ്യരാണ് ഒന്ന് അഭയൻ കലവൂരും രണ്ട് ഫ്രാൻസിസ് ടി മാവേലിക്കരയും.ഇവരെ രണ്ടുപേരെയും കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ വെളിയനാട് പഞ്ചായത്തിലെ ഏറ്റവും മോശക്കാരനായ ആളായി ഞാൻ മാറിയേനെ.കാരണം നാടൻ പണിയല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു.

അഭിനയവും അറിയാം എന്നല്ല ഈ പറഞ്ഞതിനർത്ഥം മറിച്ച് അവരുടെ കൈയിലെത്തിയപ്പോൾ ആവശ്യാനുസരണം അവരന്നെ മോൾഡ് ചെയ്തെടുക്കുകയായിരുന്നു.പിന്നെ ഒരു ചെറിയ ആഗ്രഹം സുരാജ് വെഞ്ഞാറമുട്, നെടുമുടി വേണു എന്നൊക്കെ പറയുമ്പോലെ എന്റെ നാടിനെയും എന്നിലൂടെ അറിയണം എന്നാണ്.എന്നെ അറിഞ്ഞില്ലേലും പ്രശ്നമില്ല..എന്റെ നാടിനെ അറിഞ്ഞമതി.ഫ്രാൻസിസ് ടി മാവേലിക്കരയാണ് സിനിമയിലേക്കും വഴിതുറക്കുന്നത്.

പിന്നെ നന്ദി പറയേണ്ടത് എന്നെ ഷോർട്ട് ഫിലിമിന് പരിഗണിച്ച സംവിധായകരോടാണ്. ഒരു വലിയ ക്യാമറക്ക് മുന്നിൽ എങ്ങിനെ ചെയ്യണമെന്ന പഠന കളരിയായിരുന്നു എനിക്ക് ഒരോ ഷോർട്ട് ഫിലീമും.പിന്നെ ഒരു നല്ല നടനെ ഉണ്ടാക്കുന്നത് പ്രേക്ഷകൻ കൂടി ആണെന്ന് തോന്നിയിട്ടുണ്ട്.അഭിനയം ഇപ്പോഴും പേടി നാടകത്തിലാണ്.സിനിമയിൽ അത്ര ഭയം തോന്നിയിട്ടില്ല.ഒരിക്കൽ പാളിയാലും ഒരു അവസരം കൂടി ഉണ്ടാകും.പക്ഷെ നാടകത്തിന്റെ ശീലം കൊണ്ടുതന്നെ ഒറ്റ ടേക്കിൽ ശരിയാക്കണമെന്നാണ് വാശി.

ഈ കാരണം കൊണ്ട് തന്നെ ഭീമന്റെ വഴി സെറ്റിൽ എനിക്ക് വീണ പേര് ഒറ്റ ടേക്ക് ജോബി എന്ന. ജോബി എന്നാണ് കഥാപാത്രത്തിന്റെ പേര്.അതും കൂട്ടിച്ചേർത്താണ് ആ പേരിട്ടത്.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP