Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇടതു മുന്നണിയെ തകർത്തത് ശബരിമല തന്നെ; പിന്നോക്കക്കാരുടെ വോട്ടുനേടി അധികാരത്തിൽ വന്ന പിണറായി പ്രീണിപ്പിച്ചത് സവർണ്ണരെയും ന്യൂനപക്ഷങ്ങളെയും മാത്രം; ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി വോട്ടു ചെയ്തത് യുഡിഎഫിനും; പിന്നോക്ക വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി; ആലപ്പുഴയിലെ ആരിഫിന്റെ വിജയത്തിന് കാരണം എസ്എൻഡിപി യോഗം നൽകിയ പിന്തുണയുടെ ബലത്തിൽ മാത്രം; കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മറുനാടനോട് അവലോകനം ചെയ്ത് വെള്ളാപ്പള്ളി

ഇടതു മുന്നണിയെ തകർത്തത് ശബരിമല തന്നെ; പിന്നോക്കക്കാരുടെ വോട്ടുനേടി അധികാരത്തിൽ വന്ന പിണറായി പ്രീണിപ്പിച്ചത് സവർണ്ണരെയും ന്യൂനപക്ഷങ്ങളെയും മാത്രം; ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി വോട്ടു ചെയ്തത് യുഡിഎഫിനും; പിന്നോക്ക വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി; ആലപ്പുഴയിലെ ആരിഫിന്റെ വിജയത്തിന് കാരണം എസ്എൻഡിപി യോഗം നൽകിയ പിന്തുണയുടെ ബലത്തിൽ മാത്രം; കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മറുനാടനോട് അവലോകനം ചെയ്ത് വെള്ളാപ്പള്ളി

എം മനോജ് കുമാർ

തിരുവനന്തപുരം: പിന്നോക്കക്കാരുടെ വോട്ടു നേടിയും പിന്നോക്ക ആഭിമുഖ്യം കാരണവും അധികാരത്തിൽ വന്ന പിണറായി സർക്കാർ ന്യൂനപക്ഷങ്ങളെയും സവർണ വിഭാഗത്തെയും പ്രീണിപ്പിക്കുന്ന നിലപാടുകൾ തുടർച്ചയായി സ്വീകരിച്ചതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഈ വമ്പൻ തിരിച്ചടിക്ക് കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒപ്പം ശബരിമല പ്രശ്‌നവും സിപിഎമ്മിന് തിരിച്ചടിയായി മാറി. സിപിഎം കേരളത്തിൽ തോൽക്കാനുള്ള മുഖ്യ കാരണങ്ങൾ മുന്നോക്ക പ്രീണനവും-ന്യൂനപക്ഷ പ്രീണനവും ശബരിമല പ്രശ്‌നവുമാണെന്നും വെള്ളാപ്പള്ളി മറുനാടൻ മലയാളിയോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കേരളത്തിൽ മൊത്തം അടിപതറി. 19 സീറ്റും ഒറ്റയടിക്ക് നഷ്ടമായത് ഇതിന്റെ ശക്തമായ സൂചന തന്നെയാണ്. സിപിഎമ്മിന്റെ ഇടത് സർക്കാരിന്റെ നയസമീപനങ്ങൾ തന്നെയാണ് ഈ തോൽവിക്ക് വഴിവെച്ചത്.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ പിണറായി സർക്കാർ ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി. എന്നാൽ ന്യൂനപക്ഷ സമുദായങ്ങളോ ഇടതുമുന്നണിക്ക് എതിരെ ഒറ്റക്കെട്ടായി നിന്നു. ന്യൂനപക്ഷങ്ങൾ ഒരേ മനസോടെയാണ് യുഡിഎഫിനെ വരിച്ചത്. ഓൾ ഇന്ത്യാ തലത്തിൽ ന്യൂനപക്ഷങ്ങൾ കൈക്കൊണ്ട നിലപാടായിരുന്നു ഇത്. രാഹുലും സോണിയയും ഇന്ത്യ ഭരിക്കണമെന്നു ന്യൂനപക്ഷങ്ങൾ ആഗ്രഹിച്ചു. കോൺഗ്രസിനെ ജയിപ്പിക്കണമെന്ന പ്രതിജ്ഞയും ന്യൂനപക്ഷങ്ങൾ എടുത്തു. ഈ തീരുമാനം ഇന്ത്യയൊട്ടാകെ നടപ്പിലാക്കണം എന്ന് അവർ ആഗ്രഹിച്ചു. പക്ഷെ തീരുമാനം നടപ്പിലായത് കേരളത്തിൽ മാത്രമാണ്. വടക്കേ ഇന്ത്യയിൽ ഈ തീരുമാനം നടപ്പിലായില്ല. വോട്ടുകൾ എല്ലാം ചിതറിപ്പോയി. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാൽ ഈ കാര്യം വളരെ വ്യക്തമാകും-വെള്ളാപ്പള്ളി പറയുന്നു.

സിപിഎമ്മിന്റെ രാഷ്ട്രീയ തിരിച്ചടിയിൽ ശബരിമല ഒരു പ്രധാന പങ്കു വഹിച്ചു. സിപിഎം അധികാരത്തിൽ വന്നപ്പോൾ ന്യൂനപക്ഷ പ്രീണനത്തിനുള്ള വഴി തേടി. ന്യൂനപക്ഷങ്ങളെ നിരന്തരം പ്രീണിപ്പിച്ചു. ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരെയും പിന്നോക്ക സമുദായത്തിൽപ്പെട്ടവരെയും സംരക്ഷിക്കുന്ന കാര്യത്തിൽ അശ്രദ്ധ വന്നു. ഈ സിപിഎം സമീപനം പിന്നോക്കക്കാരനും പട്ടികവർഗ്ഗക്കാരനും മാനസിക വിഷമമുണ്ടാക്കി. അവർ സിപിഎമ്മിൽ നിന്നും അകന്നു. ആ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. പിന്നോക്ക ആഭിമുഖ്യം കാരണം അധികാരത്തിൽ വന്ന ഇടതുപക്ഷ പ്രസ്ഥാനം അധികാരത്തിൽ വന്ന സമയം മുതൽ ന്യൂനപക്ഷത്തെ കൂടെ നിർത്താനും സവർണ്ണരെ കൂടെ നിർത്താനും തീരുമാനിച്ചപ്പോൾ അടിസ്ഥാന വർഗ്ഗത്തെ അവർ മറന്നുപോയി. ആ മറവി സിപിഎമ്മിന് പലേടത്തും ദോഷകരമായി വന്നു.

ചങ്ങനാശേരി എതിര് നിന്ന് എന്നതുകൊണ്ട് മാത്രം സിപിഎമ്മിന് വലിയ തിരിച്ചടി ലഭിക്കില്ല. അവിടുത്തെ തീരുമാനമൊന്നുമല്ല കേരളത്തിൽ നടപ്പാകാറുള്ളത്. മുസ്ലിംങ്ങൾക്കും സവർണർക്കും വാരിക്കോരിക്കൊടുത്തപ്പോൾ ഇവിടെ അവർണ വിഭാഗക്കാർ ഉള്ളത് സിപിഎമ്മും ഇടത് സർക്കാരും മറന്നുപോയി. അത് തിരിച്ചടിക്കും. സ്വാഭാവികമായ കാര്യമാണിത്. ന്യൂനപക്ഷങ്ങളെയും മുന്നോക്കക്കാരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയാണ് സർക്കാർ കാട്ടിയത്. അതിലൊരുപാട് നിരാശയും പ്രതിഷേധവും കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. ആ വോട്ടുകൾ കേരളത്തിൽ വഴി തിരിഞ്ഞാണ് സഞ്ചരിച്ചത്. ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥി ആരിഫിന് നാലരലക്ഷത്തിനടുപ്പിച്ച് വോട്ടുകിട്ടിയില്ലേ. അത് ആരുടേതാണ്. സിപിഎം ഇത് ഓർക്കണം.

ആരിഫ് ആലപ്പുഴ തോറ്റാൽ മൊട്ടയടിക്കും എന്ന് പറഞ്ഞിരുന്നു. ആരിഫ് തോൽക്കുമെന്ന് ഭയന്നല്ല പിൻവാങ്ങിയത്. മൊട്ടയടിക്കാൻ മാത്രം മുടി എന്റെ തലയിൽ ഇല്ല. പിന്നെ എന്തിനു മൊട്ടയടിക്കണം. മൂന്നു കാര്യങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ പറഞ്ഞിരുന്നു. അത് മൂന്നും തിരഞ്ഞെടുപ്പിന് ശേഷം ശരിയായി വന്നു. അതിൽ പ്രധാനമായ കാര്യം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലാ എന്നായിരുന്നു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യമില്ലെന്ന് മനസിലാക്കിയാണ് ഇത് പറഞ്ഞത്. രണ്ടാമത് ആരിഫ് ആലപ്പുഴ ലോക്‌സഭാ സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞു. അതും ശരിയായി. എസ്എൻഡിപി യോഗം കേരളത്തിൽ പിന്തുണ പ്രഖ്യാപിച്ച ഏക സ്ഥാനാർത്ഥി എ.എം.ആരിഫിന് മാത്രമായിരുന്നു. എസ്എൻഡിപി യോഗം പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ആരിഫ് മാത്രമാണ് കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജയിച്ചു കയറിയത്. മൂന്നാമതായി ഞാൻ പറഞ്ഞത് ഇന്ത്യയിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാകും എന്നാണ്. ഈ മൂന്ന് പ്രവചനങ്ങളും ശരിയായി വന്നിട്ടുണ്ട്.

ബിഡിജെഎസ് ബിജെപിയുമായി കൈകോർക്കുന്നതിൽ എതിര് നിന്നിട്ടില്ല. ബിഡിജെഎസ് എൻഡിഎ വിടണമെന്ന് പറഞ്ഞിട്ടുമില്ല.(വെള്ളാപ്പള്ളി ആവർത്തിച്ച് ആവശ്യപ്പെട്ട ബിഡിജെഎസ് എൻഡിഎ വിടണം എന്നായിരുന്നു. ഈ ആവശ്യത്തിൽ നിന്നുള്ള പിന്മാറ്റമായി ഈ വാക്കുകളെ കാണാം). ബിഡിജെഎസ് എൻഡിഎയുടെ ഭാഗമായി തന്നെ തുടരുന്നുണ്ട്. ബിഡിജെഎസ്-എസ്എൻഡിപിയും രണ്ടും രണ്ടും രണ്ടാണ്. എസ്എൻഡിപിയിൽ എല്ലാ രാഷ്ട്രീയ കക്ഷികളുമുണ്ട്.

ഒരു രാഷ്ട്രീയ കക്ഷിക്കും എതിരായി നിലപാട് സ്വീകരിക്കാറില്ല. കേരളത്തിൽ ഒരു രാഷ്ട്രീയ കക്ഷിക്കും പിന്തുണ പ്രഖ്യാപിച്ചില്ല. ആലപ്പുഴയിൽ മാത്രം ഞങ്ങൾ മാറ്റം വരുത്തി. ആരിഫിന്റെ കാര്യത്തിൽ മാത്രം. ആരിഫ് ആലപ്പുഴയിൽ ജയിക്കുകയും ചെയ്തു. ഈഴവർ ഏറെയുള്ള ചേർത്തലയിലാണ് ആരിഫിന് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത്. എസ്എൻഡിപി പിന്തുണയില്ലെങ്കിൽ ആരിഫ് ആലപ്പുഴയിൽ ജയിക്കില്ലായിരുന്നു. സിപിഎമ്മിന് എസ്എൻഡിപി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇടതുപക്ഷത്തിന്റെ ചില നയത്തോട് യോജിപ്പാണ് പ്രകടിപ്പിച്ചത്. അല്ലാതെ നിരുപാധിക പിന്തുണ നൽകിയിട്ടില്ല. കോൺഗ്രസുകാർ നിരന്തരം ഈഴവ സമുദായത്തെ ആക്ഷേപിച്ചു. ഈഴവർ ആലപ്പുഴയിൽ കോൺഗ്രസിനോട് പ്രതികാരം ചെയ്തു. ഇതാണ് ആരിഫിന്റെ വിജയത്തിൽ കലാശിച്ചത്-വെള്ളാപ്പള്ളി പറയുന്നു.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP