Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേർച്ചപ്പണം കൊണ്ട് വ്യഭിചരിക്കുന്ന കാളക്കത്തനാർമാർ ഇനി ഉണ്ടാവരുത്; ഇവരെ പിതാവെ, തിരുമേനി എന്നൊന്നും വിളിക്കരുത്; ക്രിസ്തുവിനും വിശ്വാസികൾക്കുമിടയിൽ ഇടനിലക്കാർ വേണ്ട; ക്രിസ്തുവിന്റെ വാക്കുകൾ ഉൾകൊണ്ടാൽ പള്ളിയിൽ പോകേണ്ട കാര്യമില്ല; യേശു പറഞ്ഞതും ഗീതയിൽ കൃഷ്ണൻ പറഞ്ഞതും ഒന്നുതന്നെ; സനാതന സംസ്‌ക്കാരം ലോകത്തിന്റെ സംസ്‌കാരമാകും: സാമുവൽ കൂടൽ മറുനാടൻ 'ഷൂട്ട് അറ്റ് സൈറ്റിൽ'

നേർച്ചപ്പണം കൊണ്ട് വ്യഭിചരിക്കുന്ന കാളക്കത്തനാർമാർ ഇനി ഉണ്ടാവരുത്; ഇവരെ പിതാവെ, തിരുമേനി എന്നൊന്നും വിളിക്കരുത്; ക്രിസ്തുവിനും വിശ്വാസികൾക്കുമിടയിൽ ഇടനിലക്കാർ വേണ്ട; ക്രിസ്തുവിന്റെ വാക്കുകൾ ഉൾകൊണ്ടാൽ പള്ളിയിൽ പോകേണ്ട കാര്യമില്ല; യേശു പറഞ്ഞതും ഗീതയിൽ കൃഷ്ണൻ പറഞ്ഞതും ഒന്നുതന്നെ; സനാതന സംസ്‌ക്കാരം ലോകത്തിന്റെ സംസ്‌കാരമാകും: സാമുവൽ കൂടൽ മറുനാടൻ 'ഷൂട്ട് അറ്റ് സൈറ്റിൽ'

എം റിജു

തിരുവനന്തപുരം: 'എന്തിനാണ് ക്രിസ്തുവിനും അൽമായർക്കും ഇടയിൽ സഭയും കത്തനാരും? ക്രിസ്തു ഇവരെ വെള്ളയടിച്ച കുഴിമാടങ്ങൾ എന്നാണ് വിളിച്ചത്. പള്ളിയിൽ പോകരുത് എന്നാണ് കർത്താവ് പറഞ്ഞത്. തന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി ജീവിക്കുന്ന, സഭയെയും പുരോഹിതന്മാരെയും തകർക്കാനായി കർത്താവ് തന്നെ കണ്ടെത്തിയ മാർഗങ്ങളായിരിക്കാം വിവിധ ക്രൈസ്തവ സഭകളിൽ ഇപ്പോൾ ഉയരുന്ന ലൈംഗിക വിവാദമടക്കമുള്ള കാര്യങ്ങൾ. പിന്നെ വ്യഭിചാരികളായ അച്ചന്മാരെ പിതാവെ, തിരുമേനി എന്നൊന്നും വിളിക്കരുത്. കന്യകാത്വം നഷ്ടപ്പെട്ടവരെ കന്യാസ്ത്രീയെന്ന് എന്തിന് വിളിക്കണം'- ഈ പൊള്ളുന്ന വാക്കുകൾ സാമുവൽ കൂടലിന്റെതാണ്. എഴുത്തുകാരനും ഗാനരചയിതാവുമായ അദ്ദേഹം ഇപ്പോൾ യൂട്യൂബ് പ്രഭാഷണങ്ങളിലൂടെയാക്കെ കടുത്ത സഭാ വിമർശകനായാണ് അറിയപ്പെടുന്നത്. കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭയപ്പെടുത്തി നടത്തിയ ലൈംഗിക പീഡനമടക്കമുള്ള നിരവധി പ്രശ്‌നങ്ങൾ കേരളത്തിലെയും സഭകളെ വേട്ടയാടുമ്പോൾ, മറുനാടൻ ടിവിയുടെ പ്രത്യക അഭിമുഖ പരിപാടിയായ 'ഷൂട്ട് അറ്റ് സൈറ്റിൽ' സാമുവൽ കൂടൽ മനസ്സുതുറക്കുന്നു.

ക്രൈസ്തവ സഭകൾ ഇന്ന് പൂർണമായും കച്ചവടവത്ക്കരിക്കപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. യേശുവിനെ എങ്ങനെയെങ്കിലും വിറ്റ് കാശാക്കാനാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള ദൈവശിക്ഷ തന്നെയാണ് ഇപ്പോൾ അനുഭവിക്കുന്നത്. യാതാരു വെളിവുമില്ലാത്തവരാണ് ക്രിസ്തുവിന്റെ പേരിലുള്ള അത്ഭുത രോഗശുശ്രൂഷയൊക്കെ നടത്തുന്നത്. പക്ഷേ പുതിയ മാർപ്പാപ്പയിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും സാമുവൽ കൂടൽ പറയുന്നു. പഴയനിയമം കാലഹരണപ്പെട്ടുവെന്നും ബൈബിളിന്റെ ചിലഭാഗങ്ങൾ റദ്ദാക്കണമന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ടുതന്നെ സഭയിലെ പല പ്രമുഖരും അദ്ദേഹത്തിന് എതിരുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ മതം മരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പള്ളികൾ പലതും ബാറുകളും പബ്ബുകളും ആവുകയാണ്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാണ് ഇതെല്ലൊം. പക്ഷേ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് മതം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്.-സാമുവൽ കൂടൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കൂടലുമായള്ള വിശദമായ അഭിമുഖത്തിലേക്ക്...

  • താങ്കൾ പ്രഭാഷണങ്ങളിലൊക്കെ യേശുവിനൊപ്പമാണെന്നും, സഭക്ക് എതിരാണെന്നും പറയുന്നു, കാരണം?

കാരണം യേശുമാത്രമാണ് നമുക്കുവേണ്ടി കുരിശിലേറിയത്. അല്ലാതെ ഒരു കത്തനാരും കർദിനാളും പോപ്പുമെന്നും പാതിരിയൊന്നും കുരിശിലേറിയിട്ടില്ല. അവരൊക്കെ നമ്മുടെ ഭക്തിയെ ചോർത്തി അത് കാശാക്കി, ആ കാശുകൊണ്ട് കാശുകൊണ്ട് സുഖിച്ച് വാഴുന്ന സുഖിമാന്മാരാണ്.

  • തിരുമേനിയെന്ന് വിളിക്കാൻ പാടില്ല, ജാതിവ്യവസ്ഥ ഇപ്പോഴും ക്രിസ്റ്റാനിറ്റിയിൽ നിന്ന് മാറിയിട്ടില്ല, എന്നൊക്കെ കെവിൻ കൊലപാതകത്തിന്റെ സമയത്തൊക്കെ പ്രതികരണം നടത്തിയിരുന്നു?

ക്രിസ്തുവിന്റെ ഉത്തരവാണ് ഒരാളെയും തിരുമേനിയെന്ന് വിളിക്കരുതെന്ന്. മത്തായി സുവിശേഷത്തിൽ വെണ്ടക്കാ അക്ഷരത്തിൽ പറയുന്നു. നിങ്ങൾ ഒരാളെയും പിതാവ് എന്ന് വിളിക്കരുത്. വ്യഭിചരിക്കരുത് എന്ന് പറഞ്ഞ പോലെ തന്നെയാണ്. മത്തായി 23: 9ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അച്ചോ, പിതാവേ എന്നൊക്കെ വിളിക്കാൻ ക്രിസ്തു നിഷേധികൾക്കേ കഴിയൂ. കർത്താവിന്റെ ഉത്തരവ് പാലിക്കാൻ കഴിയാത്ത ഇവന്മാർ ക്രിസ്താനികൾ അല്ല. ആണെങ്കിൽ ആദ്യം വിലക്കുക ഈ വിളിയാണ്. ഇപ്പോഴത്തെ സഭയിൽ ക്രിസ്തീയതയില്ല.

  • ജാതീയത പൗരോഹിത്യത്തിന്റെ സൃഷ്ടിയാണോ?

ക്രിസ്തുവിന്റെ കാലം കഴിഞ്ഞ് അപ്പോസ്തലന്മാരുടെ കാലം വന്നപ്പോഴൊന്നും ഒരു ജാതിയും ഇല്ലായിരുന്നു. ഏക കടുംബം പോലെ സ്വത്ത് പങ്കുവച്ചാണ് അന്ന് കഴിഞ്ഞിരുന്നത്. ക്രിസ്തുവിന് നാല് നൂറ്റാണ്ടിനുശഷം റോമ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ആണ് എഴുത്തുകാരെ വെച്ച് കുത്തിക്കുറിപ്പിച്ച് ബൈബിൾ ഉണ്ടാക്കിയത്. അതാണ് ഇപ്പോഴത്തെ മാർപ്പാപ്പ പറയുന്നത്. ഇത് മൊത്തം മിസ്റ്റേക്കാണെന്നും കുത്തിക്കെട്ടണമെന്നും. ഉൽപ്പത്തി കഥ ശരിയല്ല. മജീഷ്യൻ വടികൊണ്ട് ഒണ്ടാവട്ടെ ഒണ്ടാവട്ടെ എന്ന് പറഞ്ഞാൽ ഉണ്ടാവുന്നതല്ല ഈ പ്രപഞ്ചം.
ആറും ദിവസം പണിയെടുത്ത് ഏഴാം ദിവസം ദൈവം വിശ്രമിച്ചുവെന്ന് വന്നാൽ ദൈവത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല എന്നല്ലേ വരിക.
ദൈവം വിശ്രമിച്ചാൽ ഈ ചൈതന്യം നിന്നുപോയാൽ ഈ സൗരയൂഥം അനങ്ങുമോ.അവൻ ഉറങ്ങുന്നില്ല. അവൻ അനാദിയാണ്‌.
.

  • ക്രൈസ്തവ സഭപിരിച്ചുവിടണം.ക്രിസതുവല്ലാതെ വേറൊരു ഇടനിലക്കാൻ വേണ്ട എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ?

അതെ.അതാണ് യാഥാർഥ്യം. നിങ്ങൾ കപടഭക്തിക്കാരെപ്പോലെ ആവരുതെന്നാണ് യേശു പറഞ്ഞത്. പള്ളിയിൽ പോകരുത്. പ്രാർത്ഥിക്കുരുത്. നിന്റെ ഉള്ളിലുള്ള ദൈവത്തോട് തന്നെയാണ് പ്രാർത്ഥിക്കേണ്ടത്. മോശയുടെ പത്ത് കൽപ്പനകളിൽ ഒന്നാമത്തെ കൽപ്പന.ഞാൻ ഒഴികെ അന്യദൈവങ്ങൾ നിങ്ങൾക്ക് ഉണ്ടാകരവുത് എന്നാണ്.ഞാനെന്ന ബോധവും ദൈവവും ഒന്നാകുന്ന അവസ്ഥ.അഹം ബ്രഹ്മാസ്മി.

  • മതം ഒരു വ്യവസായമായിപ്പോയില്ലേ, പ്രത്യേകിച്ച് കേരളത്തിൽ

വ്യവസായമോ. വ്യവസായത്തിൽ സത്യസന്ധതവേണം. ഇതിലോ. പത്തുരുപ കൊടുത്താൽ പരിപ്പുവടകിട്ടും.പക്ഷേ പള്ളീപ്പോയാൽ ഒന്നും കിട്ടുന്നില്ലല്ലോ. സ്വർഗരാജ്യം ഇവന്റെ കൈയിലാണോ. സ്വർഗരാജ്യത്തിൽ ആളെകയറ്റാൻ ദൈവം ഇവൻെ ഓഡർലിയാണോ. ഇവന്മാർ പറയും പിതാവേ ഇവനെ നിന്റെ വലതുഭാഗത്ത് ഇരുത്തണേ. നീതിമാന്മാരുടെ കൂട്ടത്തിൽ ഇരുത്തേണമോ. അപ്പോൾ ഞാൻ ഒരു മെത്രാനോടുചോദിച്ചു. ദൈവത്തിന്റെ ഇടതുഭാഗം കാലിയല്ലേ.ഇടതുഭാഗം നിങ്ങളുടെ തന്തമാരെ ഇരുത്താനാണോ? സർവ വ്യാപിയായ ദൈവമെന്ന ഈ ചൈതന്യത്തെ ഇടവും വലവും തിരിക്കുന്ന ഇവരൊക്കെ എത്ര പോഴന്മാരാണ്.

  • കുമ്പസാര പീഡനമടക്കമുള്ള വിവാദങ്ങൾ സഭക്ക് തീരാത്ത നാണക്കേടല്ലെ ഉണ്ടാക്കിയത്?

നാണമുള്ളവനേ നാണക്കേടുള്ളൂ. പിന്നെ ഈ പീഡനങ്ങളൊക്കെ എന്നുമുണ്ട്. എന്റെ ബാല്യത്തിൽ കൂടൽ പള്ളി കൂദാശക്ക് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് അച്ചൻ ഒരുത്തിയുടെ കുടെ ഉറങ്ങിയത് വിവാദമായി. നാട്ടുകാർ പരാതിപ്പെട്ടിട്ടും അന്ന് അയാളെ മാറ്റിയില്ല. ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടി ഉണ്ടായിരുന്നെങ്കിൽ ഈ കാളക്കത്തനാർമാർ ഇങ്ങനെ ചെയ്യില്ലായിരുന്നു. അശുദ്ധനെ വിശുദ്ധനാക്കി കുർബാനചൊല്ലിക്കുകൂ. അതാണ് ഇപ്പോൾ നടക്കുന്നത്.

  • ഇത് ലോകവ്യാപകമായ പ്രശ്നമാണല്ലോ. ബാലപീഡനമടക്കമുള്ള വിഷയങ്ങളിൽ മാർപ്പാപ്പമാർ മാപ്പുപറയുകളും കോടികൾ നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടിവന്നിട്ടില്ലേ?

കർദിനാൾമാരുടെയും ബിഷപ്പിന്റെയും കത്തനാർമാരുടെയുമൊക്കെ പീഡനങ്ങളുടെ ഫലമായി മാർപ്പാപ്പക്ക് മാപ്പ് പറയാനും കേസ് പറയാനുമേ നേരമുള്ളൂ.ബെനഡിക്റ്റ് മാർപ്പാപ്പ രാജിവെച്ചത് ഇതിന്റെ നാണക്കേടുകൊണ്ടാണ്. ഇപ്പോഴത്തെ മാർപ്പാപ്പ നല്ലവനാണ്. ഇങ്ങനെ പോയാൽ അങ്ങേർ രാജിവെക്കും. ഇല്ലെങ്കിൽ അങ്ങോരെ ഇവർ തട്ടും. ബൈബിൾ കുത്തിക്കെട്ടണമെന്ന് പറഞ്ഞല്ലോ. റോമിൽ പണ്ട് കുത്തിക്കെട്ടിയ പുസ്തകം ശരിയല്ല എന്ന് പറഞ്ഞല്ലോ. ഉൽപ്പത്തി പുസതകം പുള്ളി വലിച്ചുകീറിയല്ലോ. പുള്ളി ടോട്ടലായിട്ട് ബൈബിളിന് എതിരാണ്.

പിന്നെ ഇത്രകാലം ഇവർ പ്രവർത്തിച്ചിട്ടും നിന്നെപോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കാൻ കഴിയുന്ന ഒരാളെ കാണിച്ചുതരാൻ കഴിയുമോ. രണ്ടായിരം കൊല്ലം പ്രവർത്തിച്ചിട്ടും ഒരു പുട്ടിനെ ഉണ്ടാക്കാൻ കഴിയാത്ത ഈ വ്യവസായം വേസ്റ്റ് അല്ലേ. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിലൊക്കെ പള്ളികൾ അടച്ചുപൂട്ടുകയാണ്.പലതും ഡാൻസുബാറുകളും പബ്ബുകളുമായ മാറിക്കഴിഞ്ഞു. അതേ അവസ്ഥ ഇവിടെയും വരും.

  •  ഇങ്ങനെയുള്ള ലൈംഗിക അരാജകത്വത്തിന്റെ സൈക്കോളജിയെന്താണ്? ഓർത്തഡോക്‌സ് സഭയിലെ പുരോഹിതർ വിവാഹം കഴിച്ചവരുമാണെല്ലോ?

പലപ്പോഴും ഇത് പുരോഹിതരുടെ മാറ്റം കുറ്റമല്ല. അവരെ സത്രീകൾ വശത്താക്കുന്ന അനുഭവവും ഉണ്ട്. വൈദികനാവുമ്പോൾ രഹസ്യം ഒരിക്കലും പുറത്തുവരില്ലെന്നാണ് ഇവർ കരുതുന്നത്. മറ്റുള്ളവരാവുമ്പോൾ വെള്ളമടിക്കുമ്പോഴും മറ്റും വിവരം പുറത്തുവിടും. കാറും വീടും കുദാശചെയ്യുന്ന പോലുള്ള ഒരു വിശുദ്ധമായ കർമ്മമാണ് ഇതും. വൈദികരുടെ പീഡനങ്ങളുടെ വിവരങ്ങൾ പണ്ടു മുതലേ ഉണ്ട്. പക്ഷേ അന്ന് സോഷ്യൽ മീഡിയയൊന്നും സജീവമല്ലാത്തതിനാൽ ഒരു വിവരവും പുറത്തുവരാറില്ല. മാധ്യമങ്ങൾ സഭയെ പേടിച്ച് വാർത്ത മുക്കുകയും ചെയ്യും. മനോരമയൊക്കെ പണ്ട് അച്ചന്മാർക്കെതിരായ ഒരു വാർത്തയും കൊടുക്കാറില്ല. പക്ഷേ ഇന്ന് അത് നടപ്പില്ല.

പണ്ടുകാലത്തെ കൊടിയ ദാരിദ്ര്യമായിരുന്നു അച്ചന്മാരെയും കന്യാസ്ത്രീകളെയും ഇത്രയേറെ സൃഷ്ടിച്ചത്. അഞ്ചും ആറും മക്കളുള്ളവർ ഒന്നിനെ നേർച്ചപുത്രനായി മാറ്റിവെക്കുമായിരുന്നു. അങ്ങനെ ഒരാളാണ് ഞാൻ. അച്ചോ പിതാവെ എന്ന വിളിപോലെ തന്നെ ഉപേക്ഷിക്കേണ്ടതാണ് കന്യാസ്ത്രീയെന്ന വിളിയും. ഒരു പുരുഷനെ അറിഞ്ഞാൽ അവർ പിന്നെ കന്യകയല്ല. ആ വിളിയേ തെറ്റാണ്. 13 വട്ടം പീഡീപ്പിച്ചാൽ പിന്നെങ്ങനെയാണ് കന്യകയാവുന്നത്. സ്‌കൂളുകളിൽ പഠിപ്പിക്കാം അതിന്റെ കാശ് പള്ളിക്ക് കിട്ടും. ചർച്ചിന്റെ വളർച്ചക്കുവേണ്ടി ഉതകുന്നു വെറും ബലിമൃഗങ്ങളാണ് കന്യാസ്ത്രീകൾ.

  • ഈ അവസ്ഥയിൽ ക്രൈസ്തവ സഭകളോട് അങ്ങേക്ക് നൽകാനുള്ള ഉപദേശം എന്താണ്?

സഭ പിരിച്ചുവിടുക. പള്ളിയിൽ പോകാതിരിക്കുക. അപ്പോൾ കർത്താവിന്റെ പദ്ധതി നടപ്പാകും. ഫറോവന്റെ മനസ്സിനെ യഹോവ കഠിനപ്പെടുത്തിയതുപോലെ കത്തനാർമാരുടെ മനസ്സിനെ ദൈവം കഠിനപ്പെടുത്തുകയാണ് ഉണ്ടായത്. വൈദികത അശുദ്ധമാണെന്ന് അപ്പോൾ സാധാരണക്കാരണ് മനസ്സിലാവും. അപ്പോൾ പള്ളികളിൽ ആരും പോകാതെ കർത്തവിന്റെ വാക്കുകൾ നടപ്പാവും. നേർച്ചപ്പണംകൊണ്ടുള്ള വ്യഭിചാരം ഇനി നടക്കരുത്. ഇപ്പോൾ നടക്കുന്ന കോപ്രായങ്ങളൊന്നും ക്രിസ്തു പറഞ്ഞതല്ല. അല്ലെങ്കിൽ അത് ബൈബിളിൽ എവിടെയാണ് പറയണം. രണ്ടരക്കോടിയുടെ മെഴ്സിഡസ് കാർ ആണ് പള്ളികൂടത്തിൽ പോകാത്ത കത്തനാർക്കൊക്കെയുള്ളത്. നിങ്ങൾ അറിയാത്തിടത്തോളം കാലം ഈ വിമർശനം ഉയരും. നിന്റെ നേർച്ചപ്പണം കൊണ്ടാണ് ഈ കാളക്കത്തനാർമാർ വ്യഭിചരിക്കുന്നതെന്ന് ഓർക്കണം. സഭയെ വിമർശിച്ചതിന്റെ പേരിൽ എനിക്ക് പലതവണ വധഭീഷണി ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു വൈദികന്റെ നിർദ്ദേശപ്രകാരം ഒരുസംഘം രാത്രി വീട്ടിലെത്തിയിരുന്നു. എന്നാൽ കൊന്നോളൂവെന്ന് ശാന്തമായ ഇരുന്നതോടെ അവർ പിന്മാറി. എന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കേണ്ടെന്നും ദഹിപ്പിക്കണമെന്നും എഴുതിവെച്ചിട്ടുണ്ട്. എന്നെ തെമ്മാടിക്കുഴിയിൽ അടക്കാൻ നിനക്ക് കഴിയില്ല. നിന്റെ പ്രാർത്ഥനകൊണ്ട് കിട്ടുന്ന സ്വർഗരാജ്യവും എനിക്ക് വേണ്ട.

  • ഇപ്പോൾ താങ്കൾ ഹിന്ദുമത ഗ്രന്ഥങ്ങളിലേക്കും ഭാരതീയ പൈതൃകത്തിലേക്കും കൂടുതൽ ആഴത്തിൽ പോകുന്നുണ്ടല്ലോ.വിമർശകർ അതും എടുത്തുകാട്ടുന്നുണ്ട്.

അതിൽ എന്താണ് തെറ്റ്. വിവേകാനന്ദന്റെ ജ്ഞാനയോഗത്തിലൂടെയാണ് ഞാൻ ഗീതയിലെത്തിയത്. ഗീത വായിച്ച് അമ്പരന്നുപോയി. ഇതാ കൃഷ്ണൻ പറഞ്ഞതും ക്രിസ്തുപറഞ്ഞതും ഒന്നുതന്നെ. പിന്നെ ഉപനിഷത്തുക്കൾ തേടിപ്പിടിച്ചു വായിച്ചു. അപ്പോഴാണ് ഇന്ത്യൻ ആത്മീയ ദർശനങ്ങൾ പൂർണമായും മനസ്സിലായത്. ഒരുകാര്യം ഉറപ്പാണ് ഇനിയുള്ളകാലം സനാതന സംസ്‌ക്കാരത്തിന്റെതാണ്. അതിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യവരും. സത്യം ശിവം സുന്ദരം എന്ന ഭാരതീയ ദർശനം ലോകം കീഴടക്കും. മൊത്തം അമ്പതുവർഷംകൊണ്ട് ഈ പ്ലാനറ്റ് സനാതന സംസ്‌ക്കാരമാവും. അന്ന് യൂറോപ്പ് ആയിരക്കും ഈ സംസ്‌ക്കാരത്തിന്റെ കേന്ദ്രം. ആധുനികശാസ്ത്രം എത്രതന്നെ മുന്നോട്ടുപോയാലും അത് ഇന്ത്യൻ വേദാന്തശാസ്ത്രത്തോളം വരില്ല. അനന്യനായ ദൈവത്തെ,നിന്നിലെ ഞാനെന്നബോധമായ ദൈവത്തെ തേടി അധികം നടക്കേണ്ടതില്ല.അത് നിന്റെ ഉള്ളിൽ തന്നെയുണ്ട്.നിന്നിലെ ബോധചൈതന്യമാണ് ദൈവം. ആ തിരച്ചറിവിലാണ് ഞാനിപ്പോൾ

  • എങ്ങനെയാണ് ഗാനരചനയിലേക്ക് എത്തിപ്പെട്ടത്?

അച്ചനാവാൻ പോവുന്നവന് എന്തിന് സരിഗമ എന്നായിരുന്നു വീട്ടുകാരുടെ ചോദ്യം.പക്ഷേ എനിക്ക് പാടണമായിരുന്നു. സിനിമാപ്പാട്ടുകളുടെ പാരഡിപോലെ ഭക്തിഗാനങ്ങളായാണ് ആദ്യം എഴുതിയത്. ക്രമേണെ അത് ശ്രദ്ധിക്കപ്പെട്ടു. സ്തുതിഗാനങ്ങൾ ആയിരത്തോളം എഴുതിയിട്ടുണ്ട്. യേശുദാസ് അടക്കമുള്ള പ്രമുഖർ എനിക്കുവേണ്ടി പാടി. ഇനി മേലാൽ എഴുതില്ല.കാരണം ദൈവം സ്തുതിക്കപ്പെടണ്ടവൻ അല്ല.ദൈവം ശപിക്കപ്പെടേണ്ടവനും അല്ല. ദൈവം പ്രപഞ്ചശക്തിയാണ്. ആ പുംഗ സ്വഭാവും നിനക്കും മെത്രാനുമാണുള്ളത്. ദൈവത്തിന് കോപിക്കാൻ കഴിയില്ല. ദൈവം സ്‌നേഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP