Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയും 800 മലയാളി നഴ്‌സുമാരെങ്കിലും ഇറാഖിൽ കുടുങ്ങിക്കിടപ്പുണ്ടാകും; യുദ്ധഭീതിയിലും അവിടെ തുടരുന്നത് ലോണെങ്കിലും അടച്ചു തീർക്കാൻ: നഴ്‌സുമാരെ മോചനത്തെ കുറിച്ച് ജാസ്മിൻ ഷായ്ക്ക് പറയാനുള്ളത്‌

ഇനിയും 800 മലയാളി നഴ്‌സുമാരെങ്കിലും ഇറാഖിൽ കുടുങ്ങിക്കിടപ്പുണ്ടാകും; യുദ്ധഭീതിയിലും അവിടെ തുടരുന്നത് ലോണെങ്കിലും അടച്ചു തീർക്കാൻ: നഴ്‌സുമാരെ മോചനത്തെ കുറിച്ച് ജാസ്മിൻ ഷായ്ക്ക് പറയാനുള്ളത്‌

ഷാജൻ സ്‌കറിയ

മലയാളി നഴ്‌സുമാർ ഭീകരരുടെ പിടിയിൽ ആയ വിവരം വെളിയിൽ വന്ന ഉടൻ കേരള മുഖ്യമന്ത്രി ഡൽഹിയിൽ എത്തി വിദേശകാര്യ മന്ത്രിയെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. നിരവധി തവണ കൂടിക്കാഴ്ച്ച നടത്തി ഒടുവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലിന്റെ ഫലമായി നഴ്‌സുമാരെ കേളത്തിൽ എത്തിച്ചു. ഇങ്ങനെ ഒരു ദിവസം കൊണ്ട് കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഹീറോ പരിവേഷം കിട്ടയതിന് അദ്ദേഹം അർഹിച്ച ആത്മാർത്ഥതയോടെ വിഷയത്തെ സമീപിച്ചതു കൊണ്ടാണ്. കോട്ടയത്തുകാരായ നഴ്‌സുമാരായതു കൊണ്ട് ഇവരുടെ മോചന വിഷയം മുഖ്യമന്ത്രി ആത്മാർത്ഥമായി തന്നെ കൈകാര്യം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ മുഖേനയാണ് നഴ്‌സുമാരുടെ ദുരവസ്ഥ മുഖ്യമന്ത്രി അറിയുന്നത്. തക്കസമയത്ത് ഡൽഹിയിൽ ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നത് നഴ്‌സുമാരുടെ മോചനം വേഗത്തിലാക്കുകയും ചെയ്തു.

അതേസമയം നഴ്‌സുമാരുടെ യഥാർത്ഥ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയ നഴ്‌സിങ് യൂണിയൻ നേതാവ് ജാസ്മിൻ ഷാ തങ്ങളുടെ സഹോദരിമാർ ആശങ്കയോടെ ഫോണിൽ വിളിച്ചറിയിച്ച നിമിഷത്തെ ഓർത്ത് ഇപ്പോൾ നെടുവീർപ്പിടുകയാണ്. മൂന്നു മണിക്കൂറിനധികം ആശുപത്രി വിട്ട് ഒപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി ഉയർത്തി നഴ്‌സുമാരെ മുൾമുനയിൽ നിർത്തിയ സമയത്ത് മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് താനും ഇറാക്കിലെ നഴ്‌സുമാരുടെ വിവരം ലോകത്തെ അറിയിച്ച അജീഷും ഗൗരവാവസ്ഥ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന് ജാസ്മിൻ ഷാ പറയുന്നു.

'നഴ്‌സുമാർ ഒരാഴ്ചയിൽ അധികമായി അവർ ഞങ്ങളെയാണ് ബന്ധപ്പെട്ടിരുന്നത്. യുഎൻഎയുടെ പ്രവർത്തകൻ കൂടിയായ അജീഷ് ഇറാഖിലെ തന്നെ കുർദ്ദിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്. അജീഷ് വഴിയാണ് ഞങ്ങൾ അവരുമായി സംസാരിച്ചിരുന്നത്. ഭീകരർ കസ്റ്റഡിയിൽ എടുത്ത ശേഷം ഭയാശങ്കരായി അവർ ഞങ്ങളെ വിളിച്ചു. ഉടൻ ഇടപെടണം എന്നു പറയാനാണ് രാത്രി വൈകി മുഖ്യയെ വിളിച്ചു. അദ്ദേഹം തിരക്കിലായതിനാലാകാം ഫോണിൽ ലഭിച്ചില്ല. തുടർന്ന് എനിക്കറിയാവുന്ന നിരവധി മാദ്ധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ചു. സിഎൻഎൻ-ഐബിഎൻ കേരളാ ലേഖിക നീതു രഘുകുമാർ വഴി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രിയെ ലൈനിൽ ലഭിച്ചത്. നീതു പറഞ്ഞത് പ്രകാരം പിന്നീട് ഞാൻ വിളിച്ചു കാര്യങ്ങൾ മുഖ്യമന്ത്രിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ നാട്ടിലെത്തിയ 46 പേർ മലയാളികൾക്ക് ഒട്ടും ആശ്വാസം നൽകുന്നില്ലെന്നും കുറഞ്ഞത് 800 മലയാളി നഴ്‌സുമാരെങ്കിലും ഇറാഖിലെ വിവിധ സ്ഥലങ്ങളിൽ ആയി കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് ജാസ്മിൻ ഷാ പറയുന്നത്. 'നമ്മൾ ഇപ്പോൾ നേരിട്ടതിനെക്കാൾ വലിയ പ്രതിസന്ധി വരും ദിവസങ്ങളിൽ ഉണ്ടാകും. കുഴപ്പമില്ലെന്ന് കരുതി പലരും ജോലി സ്ഥലത്ത് തുടരുകയാണ്. തിക്രിത്തിലെ ഒരു ആശുപത്രിയിലെ നഴ്‌സുമാരെ മാത്രമാണ് ഇപ്പോൾ രക്ഷിച്ച് കൊണ്ടുവന്നത്. മൊസൂളിൽ പോലും മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ബാഗ്ദാദിലെ കാര്യം പറയുകയേ വേണ്ട. ഇവരൊക്കെ തിരിച്ച് വരാതെ കഴിയുന്നത് നാട്ടിൽ എത്തിയാൽ ലോൺ അടക്കാൻ പോലും പണമില്ലാതെ വിഷമിക്കും എന്നതു കൊണ്ടാണ്. മാത്രമല്ല ഇവരെ ഇറാഖിൽ എത്തിച്ച റിക്രൂട്ട്‌മെന്റ് ഏജന്റുമാർ വൻ തോതിൽ വാങ്ങിയ കമ്മീഷൻ കാര്യം പുറത്ത് വരുമെന്ന് പേടിയുമുണ്ട്. ഇവിടെ പല വിഭാഗമായിട്ടാണ് പോരാട്ടം നടക്കുന്നത്. ആരും ആരെയും പിടിച്ചടക്കാം. അപ്പോൾ ഇതിലും ഭയാനകമായ കഥകൾ നമുക്ക് കേൾക്കേണ്ടി വരും.' ജാസ്മിൻ ഷാ പറയുന്നു.

ഇറാഖിൽ കുടുങ്ങിക്കിടന്ന മലയാളി നഴ്‌സുമാർ അഭയം തേടി ആദ്യം വിളിച്ചത് മുതൽ അവർ നാട്ടിൽ എത്തിയത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു:

  • ഇറാഖിൽ കുടുങ്ങിയ മലയാളി നഴ്‌സുമാർ എപ്പോഴാണ് നിങ്ങളെ ആദ്യം ബന്ധപ്പെട്ടത്?

യുദ്ധം തുടങ്ങിയ സമയത്ത് ഒട്ടേറെ പേർ ആശങ്കകളോടെ വിളിച്ചിരുന്നു. അന്ന് അവർക്ക് എല്ലാവിധ പിന്തുണയും നൽകിയ ശേഷം രാഷ്ട്രീയ നേതൃത്വവുമായി അവർ നേരിടുന്ന ആശങ്കയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എന്നാൽ അപ്പോൾ തിരിച്ച് വരുന്നതിനെക്കുറിച്ച് അവരാരും ആലോചിച്ചിരുന്നില്ല. ഏഴ് ദിവസം മുമ്പ് ഭീകരർ ത്രിക്രിത്ത് പിടിച്ച സമയത്ത് ആശുപത്രിയിൽ എത്തി ഇവരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് അവർ മുൻ യുഎൻഎ പ്രവർത്തകനും ഇറാഖിലെ കുർദ്ദിസ്ഥാനിൽ കഴിയുന്ന മലയാളിയുമായ അജീഷുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചിരുന്നു. അപ്പോൾ മുതൽ മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അധികൃതരെ അറിയിക്കുകയും ചെയ്തത് യുഎൻഎയുടെ നേതൃത്വത്തിൽ ആയിരുന്നു.

  • ഇവരെ നേരത്തേ ഇങ്ങോട്ട് കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോൾ ഇവർ വരുന്നില്ല എന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നല്ലോ? വരാൻ വിസമ്മതിച്ചതല്ലേ പ്രശ്‌നങ്ങൾ ഇത്രയും വഷളാകാൻ കാരണം?

അത് വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു റിപ്പോർട്ടാണ്. മാതൃഭൂമിയിലോ മറ്റോ ഒരുറിപ്പോർട്ട് ആദ്യം യുദ്ധത്തിൽ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെക്കുറിച്ച് വന്നു. അതിന് അവർ ഉപയോഗിച്ചിരുന്നത് ഗൂഗിൾ ചെയ്‌തെടുത്തതോ എഫ്ബിയിൽ സൂക്ഷിച്ചിരുന്നതോ ആയ ഒരു ചിത്രം ആയിരുന്നു. ഇത് പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ കഴിയുന്ന ബാഗ്ദാദിലെ ഒരുസംഘം നഴ്‌സുമാരുടേതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെ ആശങ്ക ശക്തമാകുകയും അവർ തങ്ങൾക്ക് മടങ്ങേണ്ടെന്ന് എംബസിയിൽ വിളിച്ച് പറയുകയും ആയിരുന്നു. അങ്ങനെ ചെയ്തത് ഇപ്പോൾ രക്ഷിച്ച നഴ്‌സുമാർ ആയിരുന്നില്ല.

  • രണ്ട് ദിവസം മുമ്പ് താങ്കൾ അടക്കം ഉള്ളവർ നഴ്‌സുമാരെ ഉദ്ധരിച്ച് പറഞ്ഞിരുന്നത് അവർ ഭീകരരുടെ കയ്യിൽ അകപ്പെട്ടെന്നും മനുഷ്യക്കച്ചവടമായി ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്നുമൊക്കെയാണ്. എന്നാൽ പെട്ടന്ന് സ്ഥിതിഗതികൾ മാറുകയും ഭീകരർ ആങ്ങളമാരായി മാറുകയും ചെയ്തിരിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നാണ് താങ്കൾക്ക് തോന്നുന്നത്?

ഭീകരർ ആശുപത്രിയിൽ എത്തി ഒഴിയണമെന്ന് പറയുമ്പോൾ അവർ പിന്നെ എങ്ങനെയാണ് കരുതുക. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായ ദിവസം രാത്രി ആണ് എനിക്ക് അജീഷിന്റെ ഫോൺ വരുന്നത്. ഈ നഴ്‌സുമാരിൽ ചിലരും ശ്രമിച്ചു. അവർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മൂന്ന് മണിക്കൂറിനകം ആശുപത്രി ഒഴിഞ്ഞ് ഭീകരുടെ ഒപ്പം പോരാനായിരുന്നു ഉത്തരവ്, തുടർന്നാണ് ഞാൻ മാദ്ധ്യമ പ്രവർത്തകരെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടാൻ ശ്രമിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് സിഎൻഎൻ ലേഖികയുടെ സഹായത്തോടെ മുഖ്യമന്ത്രിയെ കിട്ടുന്നത്. മന്ത്രിസഭ പുനസംഘടന അടക്കമുള്ള കാര്യങ്ങൾക്കായി ആ സമയത്ത് മുഖ്യമന്ത്രി ഡൽഹിയിൽ ആയിരുന്നു. സ്ഥിതിഗതികൾ മോശമാണ് എന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി രംഗത്തിറങ്ങി. വിദേശകാര്യ മന്ത്രാലവും എംബസിയുമായി ചർച്ച നടത്തി. തുടർന്നാണ് ഉറപ്പ് ലഭിച്ചതും നഴ്‌സുമാരെ സുരക്ഷിതമായി മാറ്റിയതും.

  • വെളിപ്പെടുത്താൻ കഴിയാത്ത ചില തീരുമാനങ്ങൾ എടുത്തു എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്?

പിറ്റേദിവസം വരെ ഇവരോട് സമയം ചോദിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനിടയിൽ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം. എന്തായാലും പിറ്റേന്ന് രാവിലെ ധൈര്യമായി പോയ്‌ക്കൊള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ബോംബ് സ്‌ഫോടനം ഉണ്ടായത് എല്ലാവരെയും ഭയപ്പെടുത്തി. എന്നാൽ മൊസൂളിലേക്കുള്ള ആ യാത്രയിൽ തന്നെ നഴ്‌സുമാരുടെ ഭയം മാറി. വഴിയിൽ ഭക്ഷണം വാങ്ങി കൊടുക്കുകയും സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്തു.

  • യുഎൻഎ പ്രതിനിധകളും കേരളത്തിലെ മാദ്ധ്യമങ്ങളുടെ ഏക ആശ്രയവുമായിരുന്ന അജീഷ് പക്ഷെ കാര്യങ്ങളെ കുറിച്ച് യാതൊരു ഗൗരവവും ഇല്ലാത്ത നിലയിൽ ആയിരുന്നല്ലോ ഇന്നലെ സംസാരിച്ചത്. സർക്കാർ പറയുന്നതും അജീഷ് പറയുന്നതും തമ്മിൽ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല?.

ആശുപത്രിയിൽ നിന്നും മൊസോളിലേക്ക് പുറപ്പെട്ട ശേഷം നഴ്‌സുമാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് എംബസിയുടെ നിർദ്ദേശ പ്രകാരമുള്ള സൂക്ഷ്മമായ നീക്കങ്ങൾ ആയിരുന്നു. ഞങ്ങൾക്ക് ആർക്കും എന്താണ് സംഭവിക്കുന്നത് എന്ന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. അതുകൊണ്ടാകും അജീഷും ആശയക്കുഴപ്പത്തിൽ ആയത്. പിന്നെ എടുത്ത് പറയേണ്ട ഒരാൾ എംബസിയിലെ അജയകുമാർ സാറാണ്. ഫോൺ റീച്ചാർജ്ജ് ചെയ്ത് വരെ കൊടുത്താണ് അജയകുമാർ മലയാളി നഴ്‌സുമാർക്ക് രക്ഷകനായി മാറിയത്.

  • ഇപ്പോൾ പുനരധിവാസം ആണല്ലോ പ്രധാന ചർച്ച. ജോലി വാഗ്ദാനങ്ങളും ധാരാളം കേൾക്കുന്നു. എന്ത് പറയുന്നു?

ആശുപത്രി മുതലാളിമാർ ഇപ്പോൾ സൗജന്യമായി പരസ്യത്തിന് ശ്രമിക്കുകയാണ്. ഇവരുടെ ഒക്കെ കേരളത്തിലെ ആശുപത്രികളെ നക്കാപ്പിച്ച മടുത്താണല്ലോ ഈ പാവങ്ങൾ റിസ്‌ക് എടുക്ക് ഇറാഖിന് പോയത്. ഗൾഫിലും മറ്റും സൗജന്യമായി മികച്ച ശമ്പളത്തിൽ ജോലി നൽകുമെന്ന് പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ നല്ലത്. എന്തായാലും കേരളത്തിലെ ആശുപത്രികളിൽ ജോലി നൽകും എന്ന് പറയുന്നത് മണ്ടത്തരം ആണ്. ഇവരെല്ലാം ഇവിടെ ഓരോ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം നിവൃത്തിയില്ലാത്തത് കൊണ്ടാണ് യുദ്ധ ഭൂമിയിൽ പോലും ജോലി തേടി പോയത്. മന്ത്രിമാർ പറയുന്നത് ആത്മാർത്ഥമായാണെങ്കിൽ സർക്കാർ - കോർപ്പറേറ്റീവ് ആശുപത്രികളിൽ ജോലി നൽകട്ടെ.

  • ഏറെകാലമായി യുഎൻഎ പറയുന്ന ബലരാമൻ കമ്മറ്റി റിപ്പോർട്ട് ഇപ്പോൾ പരിഗണിക്കാവുന്നതല്ലേ?

അത് തന്നെയാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്. അൽപ്പം എങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ സർക്കാർ ഇപ്പോൾ ചെയ്യേണ്ടത് ബലരാമൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുകയാണ്. ഇതുവഴി മാന്യമായ ശമ്പളവും ഇവിടെ ഉറപ്പ് വരും. അങ്ങനെ എങ്കിൽ റിസ്‌ക് എടുത്ത് പലരും ഇത്തരം സ്ഥലങ്ങളിൽ ജോലിക്ക് പോകുകയില്ല. തൊഴിൽ വകുപ്പ് കാണിക്കുന്നതിന്റെ നൂറിൽ ഒന്ന് ആത്മാർത്ഥത ആരോഗ്യ വകുപ്പ് കാണിക്കുന്നില്ല. ഇതുവരെ റിപ്പോർട്ട് ചർച്ച ചെത്തു പോലും എടുത്തില്ല. ഈ പൊഴിക്കുന്നത് മുതലക്കണ്ണീർ അല്ലെങ്കിൽ സർക്കാർ ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത് നടപ്പാക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP