Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകക്കു നേരെയും എനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ല; ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളുമുണ്ട്; ജയിലുകൾ ഇപ്പോളും അടിമ-ഉടമ ബന്ധത്തിൽ തന്നെ; പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി ദേഹ പരിശോധന ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു; കേസ് നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാർ; മവോയിസറ്റ് ഷൈന മറുനാടൻ മലയാളിയോട് പറയുന്നു

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകക്കു നേരെയും എനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ല; ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളുമുണ്ട്; ജയിലുകൾ ഇപ്പോളും അടിമ-ഉടമ ബന്ധത്തിൽ തന്നെ; പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി ദേഹ പരിശോധന ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു; കേസ് നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാർ; മവോയിസറ്റ് ഷൈന മറുനാടൻ മലയാളിയോട് പറയുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയ്ക്കും തനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ലെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന പറയുന്നു. ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളും തനിക്കെതിരെയുണ്ട്. വനിതാ ജയിലുകൾ പൊതുവെ പുരുഷ ജയിലുകളെ അപേക്ഷിച്ച് വളരെ പിന്നോക്കാവസ്ഥയിൽ നിലനിൽക്കുന്ന തടവറകളാണ്. മധ്യകാല ഘട്ടത്തിലെ പോലെ അടിമ-ഉടമ സമ്പ്രദായം അനുസ്മരിപ്പിക്കുന്നതാണ് ജയിലുകളെന്നും ഷൈന പറയുന്നു. മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അവർ.

അജിതക്ക് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ദീർഘകാലം തടവിൽ കഴിയേണ്ടി വന്ന ഒരു സ്ത്രീയാണ് ഞാൻ. കഴിഞ്ഞ നാൽപ്പതു വർഷത്തിനിടയിൽ കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പ്രവർത്തകക്കും ഇത്തരത്തിലൊരു ഭരണകൂട വേട്ട നേരിടേണ്ടി വന്നിട്ടില്ല. മൂന്നര വർഷത്തിന് ശേഷവും ഒരു കേസിൽ പോലും ചാർജ്ജ് ഫ്രെയിം ചെയ്യുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇനിയും കുറ്റപത്രം പോലും സമർപ്പിക്കാത്ത പല കേസുകളും ഉണ്ട്. കറുമത്താംപെട്ടി കേസിൽ 2016 ജനുവരിയിൽ തന്നെ ജാമ്യം ലഭിച്ചുവെങ്കിലും എൻ. എസ്. എ. ചുമത്തപ്പെട്ടിരുന്നതിനാൽ ജാമ്യത്തിറങ്ങാൻ കഴിഞ്ഞില്ല.

2015 ൽ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിൽ കൂടി ആ വർഷം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എൻ. എസ്. എ. തടങ്കൽ തീരുന്നതിനു മുൻപ് തന്നെ ഒന്നിന് പിറകെ ഒന്നായി കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ കേസുകൾ ചുമത്തിയതിനാലാണ് ജയിൽ മോചനം ഇത്രയും വൈകിയത്. ഏറ്റവും അവസാനത്തെ രണ്ടു കേസുകൾ 2018 ലാണ് ഫയൽ ചെയ്തത്. ഈ വർഷം ജൂൺ മാസം ആദ്യം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി പല ജാമ്യക്കാരേയും കോടതി സ്വീകരിക്കാൻ തയ്യാറാവാത്തതിനാലാണ് മോചനം വീണ്ടും നീണ്ടുപോയത്.

സ്ത്രീ ജയിലുകൾ പൊതുവേ പുരുഷ ജയിലുകളെ അപേക്ഷിച്ച് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളാണ്. എല്ലാ ജയിലുകളിലേയും അന്തരീക്ഷം പൊതുവേ മധ്യകാലഘട്ടത്തിലെ അടിമ - ഉടമ ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. തടവുകാരെ സംബന്ധിച്ച് നിത്യ ജീവിതത്തിലെ ഓരോ ചെറിയ ആവശ്യങ്ങൾക്കും ജയിൽ അധികൃതരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ ഇത് രൂക്ഷമാക്കുന്നു. അധികാരികളിൽ നിന്നുള്ള ഏതൊരു ആജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കണമെന്നാണ് ചട്ടം. തടവുകാർക്കിടയിലുള്ള മാനുഷികമായ സഹഭാവവും സൗഹൃദവും കർശനമായി വിലക്കപ്പെട്ടതാണ്. സാധനങ്ങളോ ജോലികളോ പരസ്പരം പങ്കുവെക്കുന്നതും സഹായിക്കുന്നതും ജയിൽ കുറ്റമാണ്. വർഗ്ഗപരവും ജാതിപരവുമായ വേർതിരുവുകളും ജയിലുകളിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ, ശക്തമാണ്.

സാമ്പത്തികമായും ജാതിയമായും അടിത്തട്ടിലുള്ള ആളുകളെ കൂടുതൽ പ്രയാസമേറിയതും മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതുമായ ജോലികൾ ഏൽപ്പിക്കുന്നത് സാധാരണമാണ്. ജയിലിൽ പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി കർശനമായ ദേഹ പരിശോധന നടത്താറുണ്ട്. ഇത് തടവുകാരുടെ ആത്മാഭിമാനത്തെ തകർക്കുന്നതാണ്. അഡ്‌മിഷൻ സമയത്ത് പല ജയിലുകളിലും തടവുകാരെ മർദ്ദിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. തടവുകാരെക്കൊണ്ട് ജയിൽ ജീവനക്കാരുടെ വ്യക്തിപരമായ ജോലികൾ ചെയ്യിക്കുന്നതും സാധാരണമാണ്. ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായ ശകാരവും മർദ്ദനവും അപമാനം ഏൽക്കേണ്ടി വരുന്നു. ഏതെങ്കിലും ഒരാൾ ചെയ്യുന്ന തെറ്റിന് മൊത്തം ആളുകൾ ശിക്ഷയേറ്റു വാങ്ങുന്നതും പതിവാണ്.


രാഷ്ട്രീയ തടവുകാരിയെന്ന നിലയിൽ പലപ്പോഴും മറ്റു തടവുകാരെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളും പെരുമാറ്റവും ലഭിക്കാറുണ്ടെങ്കിലും സാധാരണ തടവുകാരുമായി ഇടപഴകാനുള്ള അവസരങ്ങൾ കർശനമായി നിയ്‌രന്തിച്ചിരുന്നു. പൊതുവായ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നത് അസഹിഷ്ണുതയോടെയാണ് നേരിട്ടിരുന്നത്. നിങ്ങൾ സ്വന്തം പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്ന തരത്തിലുള്ള ഉപദേശങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഗവ. അനുവദിച്ചിട്ടുള്ള പല ആനുകൂല്യങ്ങളും പലപ്പോഴും തടവുകാർക്ക് കൃത്യമായി ലഭ്യമാവാറില്ല. ഉദാഹരത്തിന്, കേരളത്തിൽ ഒരു വിചാരണ തടവുകാരിക്ക് ഒരു മാസം 3 നമ്പറുകളിലേക്കായി 150 രൂപക്ക് ഫോൺ ചെയ്യാൻ അനുമതിയുണ്ടെങ്കിലും പല ജയിലുകളിലും ഇത് പൂർണ്ണമായോ ഭാഗികമായോ നടപ്പാക്കാറില്ല.

കണ്ണൂർ വനിതാ ജയിലിൽ ഒരു മാസം 50 രൂപക്ക് രണ്ടു നമ്പറുകളിലേക്ക് മാത്രമേ ഫോൺ ചെയ്യാൻ അനുവദിക്കുന്നുള്ളൂ. തമിഴ്‌നാട്ടിലാകട്ടെ വനിതാ ജയിലിലെ ഫോൺ ഒന്നര വർഷത്തിലേറെയായി പ്രവർത്തന രഹിതമാണ്, ഒരു ഫോൺ ചെയ്യണമെങ്കിൽ പുരുഷ ജയിലിലെ ജയിലിൽ പോകുവാൻ ജയിൽ അധികൃതരുടെ കനിവിനായി കാത്തിരിക്കണം. ഇത് മൂലം അനുവദിക്കപ്പെട്ട അത്രയും തവണ ഫോൺ ചെയ്യാൻ പലർക്കും സാധിക്കാറില്ല. എഴുത്തുപകരണങ്ങളും മറ്റും ജയിലിൽ അനുവദിക്കപ്പെട്ടതാണെങ്കിലും പരാതിയെഴുതാൻ ഇതുപയോഗിക്കുമോ എന്ന് കരുതി പലപ്പോഴും തടവുകാർക്ക് നിഷേധിക്കപ്പെടാറുണ്ട്.

തടവുജീവിതം ആളുകളെ അവമാനവീകരിക്കുകയും അടിച്ചമർത്തുകയും ചെയ്യും. തടവുകാർക്ക് ആവശ്യമായ വൈദ്യ സഹായം പോലും പലപ്പോഴും ലഭ്യമാവാറില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഡോക്ടർക്കു മാത്രമേ അവകാശമുള്ളൂ എന്നിരിക്കലും ജയിലുകളിൽ മിക്കവാറും ഇതെല്ലാം ചെയ്യുന്നത് പാരാ മെഡിക്കൽ സ്റ്റാഫുകളാണ്. മിക്ക വനിതാ ജയിലുകളിലും ഡോക്ടർമാരോ ആശുപത്രി സൗകര്യങ്ങളോ ഇല്ല. ജയിലിൽ നിന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് കൊണ്ട് പോകുമ്പോൾ തടവുകാർ രോഗം നടിക്കുകയാണ് എന്ന മുൻവിധി നേരിടേണ്ടി വരാറുണ്ട്.

വ്യക്തിപരമായി എനിക്ക് പോലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ആർത്രൈറ്റിസ് മൂലമുള്ള കഠിനമായ സന്ധി വേദനയോടെ ചികിത്സ തേടിയ എന്നോട് ജോലി ചെയ്യാതെ ഇരിക്കുന്നതിനുള്ള കുഴപ്പം മാത്രമാണിതെന്ന് പരിഹസിക്കുകയാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധൻ ചെയ്തത്. എന്നാൽ റൂമറ്റോളജി ഡിപ്പാർട്ട്മെന്റിൽ തുടർന്ന് നടത്തിയ പരിശോധനകളിൽ വാതരോഗം സ്ഥിതീകരിക്കുകയുണ്ടായി. ഇത്തരം സമീപനം തടവുകാരെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇത്യയിൽ തന്നെ ഏറ്റവും കൂടുതൽ തടവുകാർ മരണമടയുന്ന ഒരു ജയിലായി കോയമ്പത്തൂർ സെൻട്രൽ പ്രിസണിനെ മാറ്റി തീർക്കുന്നതിൽ ഇതിലുള്ള പങ്ക് വ്യക്തമാണ്.

ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമാണ് നീതി ലഭ്യമാവുകയെന്ന് ജയിലിൽ പോകുന്ന ഏതൊരാൾക്കും സംശയമുണ്ടാകില്ല. പണം ഇല്ലാത്തതിനാൽ മാത്രം കേസ് കൃത്യമായി നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാരാണ് ജയിലുകളിൽ നരകിച്ചുകൊണ്ടിരിക്കുന്നത്. ദലിതുകൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, മറ്റു പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ് ഇതിൽ 90 ശതമാനവും. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ചെയ്തു പോകുന്ന ചില തെറ്റുകളുടെ പേരിൽ ജീവപര്യന്തം അനുഭവിക്കുന്ന പലരും 15 ഉം 20 ഉം വര്ഷം കഴിഞ്ഞും വിമോചനം കാത്ത് കഴിയുകയാണ്. ഒരു കറക്ഷണൽ ഇന്സ്ടിട്യൂഷൻ (തെറ്റ് തിരുത്തൽ കേന്ദ്രം) എന്ന നിലയിലുള്ള ജയിലിന്റെ പങ്ക് പൂർണമായും ഇല്ലാതാക്കുന്നതാണ് ഈ സമീപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP