Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡു കാലത്തെ ബ്ലാക്ക്മാൻ എപ്പിഡെമിക് ഹിസ്റ്റീരിയയോ? ഒരു വൻ ദുരന്തത്തിന്റെ അവസരത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം താഴോട്ടു പോകുക സ്വാഭാവികം; 2010 നെൽസൺ മണ്ടേല ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം 1980ൽ ജയിലിൽവെച്ച് മരിച്ചുവെന്ന് കൂട്ട പ്രചാരണം വന്നു; ഇല്ലാത്ത വൈറസിന്റെ പേരിൽ തൊഴിലാളികൾ ആശുപത്രിയിലായ ജൂൺബക്ക് എപ്പിഡെമിക്കും പ്രതിഫലിപ്പിക്കുന്നത് സമാനമായ മാനസികാവസ്ഥ; ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് മറുനാടൻ മലയാളിയുമായി സംവദിക്കുന്നു

കോവിഡു കാലത്തെ ബ്ലാക്ക്മാൻ എപ്പിഡെമിക് ഹിസ്റ്റീരിയയോ? ഒരു വൻ ദുരന്തത്തിന്റെ അവസരത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം താഴോട്ടു പോകുക സ്വാഭാവികം; 2010 നെൽസൺ മണ്ടേല ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം 1980ൽ ജയിലിൽവെച്ച് മരിച്ചുവെന്ന് കൂട്ട പ്രചാരണം വന്നു; ഇല്ലാത്ത വൈറസിന്റെ പേരിൽ തൊഴിലാളികൾ ആശുപത്രിയിലായ ജൂൺബക്ക് എപ്പിഡെമിക്കും പ്രതിഫലിപ്പിക്കുന്നത് സമാനമായ മാനസികാവസ്ഥ; ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് മറുനാടൻ മലയാളിയുമായി സംവദിക്കുന്നു

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്. മറ്റ് വിനോദങ്ങൾക്കൊന്നും സാഹചര്യമില്ലാതെ വീടുകളിൽ തന്നെ കഴിയുന്നവർ, ഏതെങ്കിലും തരത്തിൽ ക്വാറന്റെയിനിലിരിക്കുന്നവർ ഇവർക്കിടയിലൊക്കെ ഇപ്പോൾ വിവിധ തരത്തിൽ ഭീതിയുളവാക്കുന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 
ബ്ലാക്ക്മാൻ പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ. ഇതിന്റെ പിന്നിലെ മനഃശാസ്ത്രമെന്ത്, ചരിത്രത്തിലെ ഇത്തരം വാർത്തകൾ എന്തൊക്കെയാണ്, ജനങ്ങളിൽ ഇത് ഏത് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മറുനാടൻ മലയാളിയോട് വീശദീകരിക്കുകയാണ് ശാസ്ത്ര പ്രഭാഷകനും എഴുത്തകാരനും കൽപറ്റ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്.

മാസ്സ് ഹിസ്റ്റീരിയ/ എപ്പിഡെമിക് ഹിസ്റ്റീരിയ

ഒരു പകർച്ചവ്യാധിയുടെയോ, പ്രകൃതിദുരന്തത്തിന്റെയോ അവസരത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ ആളുകളിൽ പരിഭ്രാന്തി പരത്തുന്ന രീതിയിൽ തെറ്റായ വാർത്തകൾ പെട്ടെന്ന് പ്രചരിപ്പിക്കപ്പെടുക, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ വിചിത്രമായി പെരുമാറുക, അല്ലെങ്കിൽ ഇല്ലാത്ത ഒരസുഖം ഉണ്ടെന്ന് കുറെ ആളുകളെ വിശ്വസിപ്പിക്കുക എന്നിട്ട് അതിനനുസരിച്ച് പെരുമാറുകയോ ചെയ്യുന്ന ഈ അവസ്ഥയെ സൈക്യാട്രിയിൽ വിളിക്കുന്നത് മാസ്ഹിസ്റ്റീരിയ അല്ലെങ്കിൽ എപ്പിഡെമിക് ഹിസ്റ്റീരിയ എന്നാണ്. തെറ്റായ ധാരണകളോ മാനസിക വിഭ്രാന്തിയോ വലിയൊരു കൂട്ടം ആളുകളിലേക്ക് പെട്ടെന്ന് ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്നതാണിത്. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇതിനെ കുറിച്ചുള്ള വാർത്തകൾ ജനങ്ങളിൽ പെട്ടെന്ന് പടർന്ന് പിടിക്കും. ഇത് പകർച്ചവ്യാധിയുടെ സമയത്ത് മാത്രമല്ല മറ്റ് നിരവധി അവസരങ്ങളിലും ഇത്തരത്തിൽ ജനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്ന കാലത്ത് ഇതുപോലുള്ള വാർത്തകളുണ്ടായിട്ടുണ്ട്.

ജനങ്ങളുടെ മാനസിക അവസ്ഥയെ മുതലെടുക്കുന്നു

ഒരു പ്രതിസന്ധിയിലകപ്പെട്ട ജനങ്ങൾക്ക് പ്രശ്‌നങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് വളരെ കുറവായിരിക്കും. അതുപോലെ തന്നെ വളരെ ശാന്തമായി ആ പ്രതിസന്ധിയോട് പ്രതികരിക്കാനുള്ള കഴിവും കുറവായിരിക്കും. അത്തരത്തിലുള്ള ജനങ്ങൾക്ക് അമിത ഉത്കണ്ഠയുടെ ലക്ഷണങ്ങൾ, വിഷാദം, മാനസിക പിരിമുറുക്കം എന്നിവയുണ്ടാകും. അതുകൊണ്ട് തന്നെ പ്രതിസന്ധിയനുഭവിക്കുന്ന ആ സമൂഹത്തിന് ഒരു കാര്യത്തെ യാഥാർത്ഥ്യബോധത്തോടുകൂടി അഭിമുഖീകരിക്കാനുള്ള കഴിവ് പരിമിതമായിരിക്കും. ആ സമയത്താണ് ആളുകളിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ നിർമ്മിക്കുക, ഒരു കൂട്ടം ആളുകൾ വിചിത്രമായി പെരുമാറുക, പുതിയ തരം രോഗങ്ങളെ കുറിച്ച് പ്രചരിപ്പിക്കുക, നിലവിലുള്ള രോഗത്തിന് പുതിയ ലക്ഷണങ്ങളുണ്ടെന്നതുപോലെ പെരുമാറുകയും പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ യഥാർത്ഥ്യബോധത്തോടുകൂടി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള മനുഷ്യന്റെ പരിമിതമായ കഴിവിനെ മുതലെടുത്താണ് ഇത്തരം പ്രചരണങ്ങൾക്ക് വ്യാപ്തി ലഭിക്കുന്നത്.

ജൂൺബക്ക് എപ്പിഡെമിക് 1962, മണ്ടേല എഫക്ട്

ചരിത്രത്തിൽ മാസ്സ്ഹിസ്റ്റീരിയുടെ ഏറ്റവും വലിയൊരു ഉദാഹരണമാണ് 'ജൂൺബക്ക് എപ്പിഡെമിക് 1962ഉം, മണ്ടേല എഫക്ടും'. 1962ൽ അമേരിക്കയിലെ ഒരു വസ്ത്രശാലയിൽ നടന്ന സംഭവമാണ് ജൂൺബക്ക് എപ്പിഡെമിക് . ഈ ടെക്‌സ്റ്റൈൽ ഫാക്ടറിയിലെ 60 ജീവനക്കാർക്ക് ഒരു വൈറസ് രോഗം ബാധിച്ചതുപോലെ അവർ പെരുമാറാൻ തുടങ്ങി. ഇതിന്റെ ഭാഗമായി ഈ 60 പേർക്കും തലചുറ്റൽ, ഛർദ്ദി തുടങ്ങി നിരവധി ലക്ഷണങ്ങളും അവർ പ്രകടിപ്പിക്കാൻ തുടങ്ങി. അവിടെയുള്ള മൂട്ടകളിൽ നിന്ന് ഒരു വൈറസ് അവരിലേക്ക് പ്രവേശിച്ചതായിട്ടാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. പക്ഷെ നിരവധി ശാസ്ത്രജ്ഞന്മാരും ആരോഗ്യ വിദഗ്ധരും ഫാക്ടറിയിലെത്തി പരിശോധിച്ചിട്ടും അവിടെ അങ്ങനെയൊരു വൈറസ് വ്യാപനം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ തൊഴിലാളികളെല്ലാം ഈ ലക്ഷണങ്ങൾ ഉള്ളതുപോലെ പെരുമാറുകയും ചെയ്തു. എങ്ങനെയാണ് ഈ വൈറസ് മൂട്ടകളിൽ നിന്ന് വന്നതെന്ന് തൊഴിലാളികളിൽ ആർക്കും വിശദീകരിക്കാനും കഴിഞ്ഞില്ല. മൂട്ടകളിൽ നിന്നാണ് വൈറസ് വരുന്നതെന്ന് എന്നകാര്യം എങ്ങനെ മനസ്സിലായി എന്നതിനും അത് പറഞ്ഞ തൊഴിലാളികൾക്ക് അറിവുണ്ടായിരുന്നില്ല. പക്ഷെ കുറെ കാലം അവർ അത് തന്നെ വിശ്വസിച്ചു കൊണ്ടിരുന്നു.

മാസ്ഹിസ്റ്റീരിയയുടെ മറ്റൊരു ഉദാഹരണമാണ് മണ്ടേല എഫക്ട്. എൺപതുകളിൽ ജയിലിലടക്കപ്പെടുകയും പിന്നീട് തൊണ്ണൂറിൽ ജയിൽ മോചിതനാകുകയും 2013 വരെ ജീവിച്ചിരിക്കുകയും ചെയ്ത ലോക നേതാവാണ് നെൽസൺ മണ്ടേല. എന്നാൽ അദ്ദേഹത്തെ കുറിച്ച് 2010ൽ ലോകമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഒരു വലിയ വാർത്ത പ്രചരിച്ചു. അദ്ദേഹം 1980ൽ ജയിലിൽ വെച്ച് തന്നെ മരണപ്പെട്ടിരുന്നു എന്നും ജയിലിൽ വെച്ച് തന്നെ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തിയിരുന്നു എന്നുമായിരുന്ന ആ വാർത്ത. അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന്റെ ചിത്രങ്ങൾ അന്ന് തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു എന്നും വാർത്തകൾ പ്രചരിച്ചു. ഇപ്പോഴുള്ളത് യഥാർത്ഥ മണ്ടേലയല്ലെന്നും വാർത്തകൾ വന്നു. നിരവധിയാളുകൾ അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ ടിവിയിലൂടെ കണ്ടിരുന്നതായി മൊഴികൊടുക്കാനും തുടങ്ങി. പത്രങ്ങളിൽ അതിന്റെ വാർത്തകൾ വായിച്ചിരുന്നതായി നിരവധിയാളുകൾ പറഞ്ഞുതുടങ്ങി. ആ വാർത്തകൾ പിന്നീട് മാധ്യമങ്ങൾ പൂഴ്‌ത്തിയതാണെന്നും നെൽസൺ മണ്ടേല യഥാർഥത്തിൽ എൺപതിൽ ജയിലിൽ വെച്ച് മരിച്ചിരുന്നതായും വലിയൊരു വിഭാഗം ആളുകൾ വിശ്വസിച്ചു. പക്ഷെ ഈ വാർത്തകൾ പുറത്ത് വന്ന 2010ൽ നെൽസൺ മണ്ടേല ജീവനോടെയുണ്ടായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ഒരു കൂട്ടം ആളുകൾ അദ്ദേഹം മരിച്ചതായി വിശ്വസിക്കുകയും ചെയ്തു. ഇതായിരുന്നു മണ്ടേല എഫക്ട്. പിന്നാട് 2013ലാണ് മണ്ടേല മരിക്കുന്നത്.

ഒരാളുടെ തെറ്റിദ്ധാരണ ഒരു കൂട്ടം ആളുകൾക്കിടയിൽ പ്രചാരം നേടുന്നത്

മണ്ടേല എഫക്ടിലും ജൂൺബക്ക് എപ്പിഡെമികിലും എല്ലാം സംഭവിച്ചിട്ടുള്ളതു തന്നെയാണ്  ബ്ലാക്ക്മാൻ കഥകളിലും സംഭവിച്ചിട്ടുള്ളത്. ഒരു വ്യക്തിക്കുണ്ടായ തെറ്റിദ്ധാരണ കുറെയധികം ആളുകളിലേക്ക് പെട്ടെന്ന് പടരുകയാണ് ചെയ്തത്. ആളുകൾ അതിനനുസരിച്ച് പെരുമാറാനും തുടങ്ങി. നിലവിൽ ലോക്ഡൗൺ കാരണം എല്ലായിടത്തും നിശ്ശബ്ദതയാണ്. ഈ അവസരത്തിൽ ഏതെങ്കിലും തരത്തിൽ മാനസിക വിഭ്രാന്തിയുള്ള ഒരാളിന് തോന്നിയ മിഥ്യബോധം അയാൾ ഒരാളോട് പറയുകയും അതൊരു കൂട്ടം ആളുകളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ തന്നെ ഇതോടൊപ്പം വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. കുന്ദംകുളത്തെ സംഭവത്തിൽ ആ ചിത്രങ്ങളും വീഡിയോകളുമെല്ലാം വ്യാജമായിരുന്നു എന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
എന്നാൽ അത് വ്യാജമാണ് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്ന ഒരു മാനസികാവസ്ഥ ജനങ്ങൾക്കുണ്ട്. തമാശക്ക് നമ്മൾ അത്തരക്കാരെ കേശവന്മാമൻ എന്നൊക്കെ വിളിക്കാറുണ്ട്. അവരെ സംബന്ധിച്ച് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ അവർക്കൊരു സ്വയം ഐഡന്റിറ്റി ലഭിക്കുന്നു എന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നവരാണ്. ഇതുപോലുള്ള പ്രതസന്ധി ഘട്ടങ്ങളിൽ ഇത്തരം മാനസികാവസ്ഥയുള്ളവർ വളരെ ആക്ടീവായി ഈ വാർത്തകൾ പ്രചരിപ്പിച്ച് അവർ തിരിച്ചറിയപ്പെടുന്നതിൽ ആനന്ദം കണ്ടെത്തും. ഇവർ തന്നെയാണ് മാസ്ഹിസ്റ്റീരയുടെ വ്യാപനത്തിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്.

ആധികാരികമായതിനെ മാത്രം ആശ്രയിക്കുക, ടെൻഷൻ കുറക്കുക

ഇപ്പോൾ കൊവിഡ് 19നിന്റെ ഈ ഘട്ടത്തിൽ ആളുകൾ വളരെയേറെ ഭീതിയിലാണ്. പലരും ജന്മനാ തന്നെ അമിത ഉത്കണ്ഠയും വിഷാദവുമൊക്കെ ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഇതുപോലൊരു പ്രതിസന്ധി ഘട്ടം വരുമ്പോൾ ടെൻഷൻ കൂടാനുള്ള സാഹചര്യം കൂടുതലാണ്. ആ സമയത്ത് ഇത്തരം കിംവദന്തികൾ സമൂഹത്തിലേക്ക് പ്രചരിക്കപ്പെടുമ്പോൾ മാസ്ഹിസ്റ്റീരയുടെ വ്യാപനം വലിയതോതിൽ വർദ്ധിക്കും. ഇതോടെ കാര്യങ്ങൾ തിരിച്ചറിയാനും അനുഭവ
വേദ്യമാക്കാനുമുള്ള ഒരു വലിയ സമൂഹത്തിന്റെ കഴിവിനെ ഇത് പ്രതികൂലമായി ബാധിച്ചുതുടങ്ങും. ഇതോടെ ആ സമൂഹത്തിന് മുന്നിൽ ഇത്തരം കിംവദന്തികൾ ചിത്രങ്ങളായും വാർത്തകളായും കറങ്ങിത്തുടങ്ങും. ഇതിനെ മറികടക്കാൻ നമ്മൾ ചെയ്യേണ്ടത് കൃത്യമായി ആധികാരകമായ സോഴ്‌സുകളിൽ നിന്ന് വരുന്ന വാർത്തകൾക്ക് മാത്രം ചെവികൊടുക്കുക. ലോകാരോഗ്യ സംഘടനയുടെയും സർക്കാറുകളുടെയും അറിയിപ്പുകളെ മാത്രം ആശ്രയിക്കുക. അതുപോലെ തന്നെ ആധികാരികമല്ലാത്ത വാർത്തകൾ സോഷ്യൽമീഡിയ വഴി നമ്മൾ പ്രചരിപ്പിക്കുകയില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

അതുപോലെ തന്നെ ലോക്ഡൗൺ കാരണം വീട്ടിലിരിക്കുന്ന ആളുകളും ക്വാറന്റെയിനിലിരിക്കുന്ന ആളുകളും അവരുടെ മാനസിക സമ്മർദ്ദം കുറക്കാനുള്ള ജോലികളിൽ ഏർപ്പെടുക. അതിന് പ്രധാനമായും ചെയ്യേണ്ടത് തുടർച്ചയായി മാധ്യമങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ നിന്ന് അൽപം മാറി നിൽക്കുക. പകരം പുസ്തകം വായിക്കുക, ചെറിയ കരകൗശല വസ്തുക്കളുടെ നിർമ്മാണം നടത്തുകയും ചെയ്യുക. പരമാവധി ചെറിയ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക - ഡോ ജോസ്റ്റിൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP