Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാദാപുരം പീഡനത്തിൽ അറസ്റ്റിലായ മതപഠന വിദ്യാർത്ഥികൾ നിരപരാധികൾ; പെൺകുഞ്ഞിന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം: ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം മാനേജർ മുനീർ സഖാഫി മറുനാടനോട് പറഞ്ഞ കാര്യങ്ങൾ

നാദാപുരം പീഡനത്തിൽ അറസ്റ്റിലായ മതപഠന വിദ്യാർത്ഥികൾ നിരപരാധികൾ; പെൺകുഞ്ഞിന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം: ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം മാനേജർ മുനീർ സഖാഫി മറുനാടനോട് പറഞ്ഞ കാര്യങ്ങൾ

എം പി റാഫി

കോഴിക്കോട്: നാദാപുരത്തെ എൽകെജി വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാർത്തയെ തുടർന്നുണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും, പ്രതിയെന്ന് ആദ്യം പറയുകയും പിന്നെ അല്ലെന്ന് പറയുകയും ചെയ്ത മുനീർ ഇങ്ങനെ നിരവധി പേർ ഈ സംഭവത്തിന്റെ ദുരിതം പേറേണ്ടി വന്നു. ഏറ്റവും ഒടുവിൽ പീഡനത്തിന് ഇരയായ കുട്ടിയെ അവഹേളിക്കും വിധം പ്രസംഗം നടത്തിയ പേരോട് അബ്ദുർ റഹ്മാൻ സഖാഫിക്കെതിരെ പൊലീസ് കേസും ചുമത്തി. ഇങ്ങനെ നിരവധി വിവാദങ്ങൾക്ക് നടുവിലാണ് നാദാപുരം ദാറുൽ ഹുദാ സ്‌കൂൾ. ഈ പ്രശ്‌നം വഷളാക്കിയത് ചില സ്ഥാപിത താൽപ്പര്യക്കാരാണെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് വാദിക്കുന്നത്. വിശദമായ അന്വേഷണം നടത്തി പുറത്തുകൊണ്ടു വരണമെന്നും മാനേജ്‌മെന്റ് പറയുന്നു.

വിവാദം പുറത്തായതിനു ശേഷം പ്രതിക്കൂട്ടിൽ നിൽക്കുകയാണ് മാനേജ്‌മെന്റ് അധികൃതർ. സംഭവത്തിൽ ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പറയാനുള്ളത് മറ്റൊരു കഥയാണ്. സംഭവത്തെക്കുറിച്ച് നാദാപുരം ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം മാനേജറായ ഓർക്കാട്ടേരി മുനീർ സഖാഫി മറുനാടൻ മലയാളി ലേഖകൻ എം പി റാഫിയോട് പറഞ്ഞത് ഇങ്ങനെയാണ്:

ഈ കഴിഞ്ഞ ഏഴാം തിയ്യതിയാണ് ഞങ്ങൾ ആദ്യമായി ഈ വിഷയം അറിയുന്നത്. കുട്ടിയുടെ ഉമ്മയാണ് വെള്ളിയാഴ്ച രാവിലെ എന്നെ വിളിച്ച് ഈ വിഷയം പറയുന്നത്. അതായത് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ ഒമ്പതാം ദിവസമാണിത്. ഉമ്മ പറയുന്നത്, കുട്ടിക്ക് കുറച്ച് ദിവസമായി പനിയും മൂത്രമൊഴിക്കുമ്പോ വേദനയുമുണ്ട്. ഇത് കണ്ടപ്പൊ കുട്ടിയുടെ ഉമ്മ തന്നെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. അവിടന്ന് യൂറിൻ ടെസ്റ്റ് നടത്തിയതിന് ശേഷം ഡോക്ടർ പറഞ്ഞത് മൂത്രത്തിൽ പഴുപ്പുണ്ടെന്നുമായിരുന്നു. മൂന്ന് ദിവസം അവിടത്ത് മരുന്ന് കഴിച്ചിട്ട് മാറാതെ വന്നപ്പോൾ തലശ്ശേരിയിലെ സിദ്ദീഖ് ഡോക്ടറെ കാണിച്ചു. വീണ്ടും യൂറിൻ ടെസ്റ്റ് ചെയ്തതിന് ശേഷം ഈ ഡോക്ടർ പറഞ്ഞത് മൂത്രത്തിൽ പഴുപ്പൊന്നുമില്ല വേറെന്തോ പ്രശ്‌നമാണ് എന്നാണ:് ഉമ്മയുടെ വിവരണം. വീണ്ടും മരുന്ന് കഴിച്ചിട്ടും സുഖം പോരാതെ വന്നപ്പോഴാണ് ഈ ഉമ്മയ്ക്ക് പല സംശയവും തോന്നുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറാം തിയ്യതി വ്യാഴാഴ്‌ച്ച രാത്രി ഉമ്മ കുട്ടിയോട് നിർബന്ധിച്ച് ചോദിച്ചു. അതായത് എന്നോട് വിളിച്ച് ഇത് പറയുന്നതിന്റെ തലേദിവസം. ഉമ്മ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞതുകൊള്ളി കൊണ്ട് കുത്തിപ്പോയതാണ്, പിന്നെ പറഞ്ഞു കുറ്റിയുടെ മുകളിൽ ഇരുന്നതാണ് എന്നൊക്കെ. ഈ പറഞ്ഞതെല്ലാം എന്റെ മൊബൈൽ കേന്ദ്രീകരിച്ച് പരിശോധിച്ചാൽ അറിയാവുന്നതാണ്. പിന്നെ ഉമ്മ വടികൊണ്ട് അടിച്ചപ്പോഴാണ് കുട്ടി സത്യം പറയുന്നത് ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയത്തിലെ കെ.ജി സെക്ഷന്റെ അടുത്തുള്ള ബാത്ത്‌റൂമിൽ ഒരു പാന്റും ഷർട്ടും ഇട്ട ആൾ കുട്ടിയെ പീഡിപ്പിച്ചെന്നുമാണ്. ഇത്രയും ഫോണിൽ സംസാരിച്ചപ്പോഴേ വിഷയത്തിന്റെ ഗൗരവം മനസിലായി.

വെള്ളിയാഴ്ച രാവിലെ തന്നെ ഞാനും കെ ജി സെക്ഷനിലെ ഹെഡ് ശശീന്ദ്രൻ മാഷും കൂടെ വേറൊരധ്യാപകനും കൂടി ആകുട്ടിയുടെ വീട്ടിലേക്ക് പോയി. രാവിലെ 9.40നാണ് ഞങ്ങളവിടെ എത്തുന്നത്, മോളെ ഞങ്ങൾ കണ്ടു. കുട്ടി നല്ല എനർജിയിൽ ആയിരുന്നു ഞങ്ങൾ കണ്ടപ്പോൾ. അവിടെ കുട്ടിയുടെ ഉമ്മയും വല്യുമ്മയും അമ്മാവനും ഉണ്ടായിരുന്നു. പിതാവ് ഇസ്മാഈൽ ഈ സമയത്ത് ഖത്തറിലാണ്. ഉമ്മയാണ് സംസാരിക്കുന്നത് ഇടയ്ക്ക് വല്ല്യുമ്മയും ഇടപെടുന്നുണ്ടായിരുന്നു. നേരത്തെ ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ ആവർത്തിക്കുകയും വിശദീകരിക്കുകയുമാണ് അവർ ചെയ്തത്. ഞാൻ കുട്ടിയോട് അയാളുടെ ഷർട്ടിന്റെ കളറും വേഷത്തെ പറ്റിയുമെല്ലാം ചോദിച്ചപ്പോൾ കുട്ടിപറഞ്ഞത് പാന്റും ഷർട്ടുമാണ് വേഷമെന്നും സ്‌കൂൾ യൂണിഫോമാണ് ധരിച്ചെതെന്നുമാണ്. ഞങ്ങൾക്ക് മാനസികമായി നല്ല വിഷമമുണ്ടായി ആസമയത്ത.് കാരണം നമ്മുടെ സ്ഥാപനത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം നമ്മളറിയുന്നത്. മാത്രമല്ല ഇത് നടന്ന് എട്ട് ദിവസം കഴിഞ്ഞാണല്ലോ രക്ഷിതാവും ഞങ്ങളുമെല്ലാം അറിയുന്നത്. അതും ഉമ്മയുടെ കടുത്ത ചോദ്യം ചെയ്യലിലൂടെയാണ് കുട്ടി പറഞ്ഞത്. കൂടാതെ ഈ കുട്ടിയോടൊപ്പം എപ്പോഴുമുണ്ടാകുന്ന ഇവരുടെ അയൽവാസിയും കുടുംബ സുഹൃത്തിന്റെ മകളുമായ മറ്റൊരു കുട്ടിയുണ്ട്. ആ കുട്ടിയെയും പരാതിക്കാരിയായ കുട്ടിയേയും രക്ഷിതാക്കളോടൊപ്പം സ്‌കൂളിലേക്ക് വരാൻ പറഞ്ഞായിരുന്നു ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്. ഇതനുസരിച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം ഇവർ സ്‌കൂളിലേക്ക് എത്തുകയും ചെയ്തു. ഈ കുട്ടിയുടെ ക്ലാസ് ചാർജുള്ള അദ്ധ്യാപികയെയാണ് ഈ കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയാൻ ഏൽപിച്ചിരുന്നത്. ടീച്ചർ ഒരുപാട് സമയം സംസാരിച്ച ശേഷം കുട്ടി ആവർത്തിച്ചു പറഞ്ഞ കാര്യം ഇതായിരുന്നു, ഇരയായ കുട്ടി ബാത്ത്‌റൂമിനകത്തും ഈ കുട്ടിയെ കാത്തു നിൽക്കുകയായിരുന്നു കൂട്ടുകാരി പുറത്ത് അപ്പോഴാണ് ഒരു പാന്റും ഷർട്ടും ധരിച്ച ഒരാൾ വന്നിട്ട് പുറത്തുള്ള കുട്ടിക്ക് മിഠായി നൽകുന്നത്. പക്ഷെ, ആ കുട്ടി മിഠായി തട്ടി ക്ലാസിലേക്ക് പോയി. പിന്നീട് ഇരയാക്കപ്പെട്ട കുട്ടിയെയും കാത്ത് കൂട്ടുകാരി ക്ലാസിൽ ഇരിക്കുകയാണുണ്ടായത് എന്നായിരുന്നു ക്ലാസ് ടീച്ചറോട് കുട്ടികൾ പറഞ്ഞിരുന്നത്.

ഏഴാം തിയ്യതി ഒമ്പത് മണിക്ക് കുട്ടിയുടെ അമ്മാവന്റെ ഫോണിൽ നിന്നും കുട്ടിയുടെ ഉമ്മ വിളിച്ചതിന്റെ വിശദാംശം പരിശോദിച്ചാൽ ഇപ്പോൾ പൊലീസിൽ നൽകിയ മൊഴിയുടെയും ആദ്യം പറഞ്ഞിരുന്നതിന്റെയും വൈരുദ്ധ്യം മനസിലാകും. വെള്ളിയാഴ്ച കുട്ടി സ്‌കൂളിൽ വന്നസമയത്ത് കുട്ടി പറഞ്ഞിരുന്നത് സ്‌കൂൾ യൂണിഫോം ധരിച്ച ആളാണെന്നായിരുന്നു. ഇത് സ്ഥിരീകരിച്ച് കൊണ്ട് ഉദാഹരണമായി ഒരു യൂണിഫോം ധരിച്ച കുട്ടിയുടെ വേഷവും ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളിൽ വന്നവരിൽ കുട്ടിയുടെ ഉപ്പയുടെ സ്ഥാനത്ത് നിന്ന് സംസാരിച്ചതും ഇടപെട്ടതുമെല്ലാം ചാത്തോത്ത് ഹമീദ് ഹാജി എന്ന ആളായിരുന്നു. ഇയാൾ മുഖേന കുട്ടിയുടെ ഉപ്പ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഇതനുസരിച്ച് വിഷയമേ പുറത്തറിയരുതെന്നും കുട്ടിയുടെ ഭാവിയാണെന്നുമൊക്കെ ഉപ്പയുടെ പ്രത്യേക നിർദ്ദേശമായിരുന്നു. ഞങ്ങൾ അന്ന് തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞപ്പോൾ ഇത് പുറത്തറിയുന്ന വിഷമമോർത്ത് അത് കുട്ടിയുടെ അമ്മാവനും കൂടെയുള്ളവരും ഏറ്റെടുക്കുകയാണ് ചെയ്തത്.

കുട്ടിയെ ഉപദ്രവിച്ചത് പാന്റും ഷർട്ടും ധരിച്ച ആളാണെന്നും സ്‌കൂൾ യൂണിഫോം ആണ് വേഷമെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ കരുതിയത് ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയുള്ള കുട്ടികളാകുമെന്ന ധാരണയിലായിരുന്നു. ഇതനുസരിച്ച് ഞങ്ങൾ കുട്ടികളിൽ ഒരു പരിശോധന നടത്തിയിരുന്നു. അന്ന് രാത്രി കുട്ടിയുടെ ഉപ്പയുടെ ജ്യേഷ്ടൻ നാട്ടിലെ ഉത്തരവാദപ്പെട്ട പത്തിൽ താഴെ വരുന്ന കുറച്ചാളുകളും കൂടി ഇവിടെ വന്ന് പറഞ്ഞത് ഈ വിഷയം പുറത്തേക്ക് പോകരുതെന്നും കുറ്റം ചെയ്ത വിദ്യാർത്ഥിയെ നിങ്ങൾ തന്നെ കണ്ടെത്തണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. കുട്ടികളുടെ പരേഡ് വേണ്ടെന്നും സ്‌കൂളിലെ മുഴുവൻ ആൺകുട്ടികളുടെയും ഫോട്ടോയെടുത്ത് പരിശോധിച്ച് തിരിച്ചറിയാമെന്നുള്ള ഫോർമുല വെയ്ക്കുന്നതും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും വന്ന ഇവരായിരുന്നു. അടുത്ത ദിവസം രണ്ടാം ശനി, ഇവിടെ ക്ലാസ് ലീവായിരുന്നു. അന്ന് ഞങ്ങളെല്ലാം ഇവിടെയെത്തി സ്‌കൂളിലെ കുട്ടികളുടെ ഐഡി കാർഡിനുവേണ്ടി തയ്യാറാക്കിയ ഫോട്ടോയും വിവരങ്ങളും ഇത് പ്രിന്റ് ചെയ്ത സ്ഥലത്തു നിന്നും ഞങ്ങൾ ശേഖരിച്ചിരുന്നു. അപ്പോഴാണ് കഴിഞ്ഞ ദിവസം വന്ന കുട്ടിയുടെ ഭാഗത്തു നിന്നുള്ള ആളുകളും മറ്റു ചില ആളുകളും കൂടി സ്ഥാപനത്തിലേക്ക് വരുന്നത്. ഇത്തവണ ഇവരുടെ ഭാവത്തിലെല്ലാം നല്ല മാറ്റമുണ്ടായിരുന്നു. ഇവർ നേരെ പോകുന്നത് ഇംഗ്ലീഷ് മീഡിയത്തിനടുത്തുള്ള അനാഥ അഗഥി മന്ദിരത്തിലേക്കാണ്. അവർ വ്യക്തമായി ആസൂത്രണം ചെയ്ത് നേരം പുലർന്നപ്പോൾ ഇവിടെയാണ് പ്രതികളെന്ന് കുട്ടിപറഞ്ഞതായാണ് വന്നത്. പിന്നീട് ഇവർ പറയുന്നത് വളരെ അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. ഇവർ പറഞ്ഞത് രണ്ട് വെള്ള വസ്ത്രധാരികൾ ചേർന്ന് ഒരാൾ പിടിച്ചു വെയ്ക്കുകയും മറ്റൊരാൾ കുട്ടിയെ പീഡിപ്പിക്കുകയുമാണ് ചെയ്തതെന്നുമായിരുന്നു.

ഇവർ സ്ഥാപനത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചതോടെ അവരുടെ കൂട്ടത്തിൽ തന്നെയുള്ള ആളുകൾ പറഞ്ഞിരുന്നത് തിങ്കളാഴ്ചയോടെ ഫോട്ടോ പരിശോധിച്ച് കണ്ടെത്താമെന്ന് പറഞ്ഞല്ലേ നമ്മൾ കഴിഞ്ഞ ദിവസം പിരിഞ്ഞിരുന്നതെന്നാണ്. ഇതനുസരിച്ച് ഇവർ പിരിഞ്ഞു പോയി. പിന്നീട് ഞായറാഴ്ച കുട്ടിയുടെ വല്ല്യുമ്മ വിളിച്ച് പറഞ്ഞത് എന്റെ മകളെ നാലാളുകൾ ചേർന്നാണ് പീഡിപ്പിച്ചതെന്നും രണ്ടു പേർ ബൈക്കിൽ പോയെന്നുമാണ് പറഞ്ഞത്. പിന്നീട് ഞങ്ങൾക്ക് കുട്ടിയോട് സംസാരിക്കാൻ സാധിച്ചില്ല. അതാണ് കൂടുതൽ ഞങ്ങളെ സംശയിപ്പിക്കുന്നത്. ഇതിനിടയിലായിരുന്നു പെട്ടെന്ന് സ്ഥാപനം അടച്ചു പൂട്ടണം എന്നൊക്കെ പറഞ്ഞ് സ്ഥാപനത്തിനെതിരിൽ ചില ആളുകൾ വരുന്നത്. പിന്നീട് വളരെ പ്രകോപിതരായികൊണ്ടാണ് കുട്ടിയുടെ ആളുകളെന്ന് പറഞ്ഞ് പലരും തിങ്കളാഴ്ച ഇവിടെ വന്ന് ആളെകിട്ടിയോ എന്ന് ചോദിച്ച് പ്രശ്‌നമുണ്ടാക്കിയത് അപ്പോൾ ഞങ്ങൾ പറഞ്ഞത് ഇത് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ ഞങ്ങൾ പൊലീസിൽ പരാതി കൊടുക്കുകയാണെന്ന് അവരോട് പറഞ്ഞു. പിന്നീട് അവർ വളരെ പ്രകോപിതരായി സ്ഥാപനം പൂട്ടിക്കുമെന്ന് പറഞ്ഞായിരുന്നു ഇവിടെ നിന്നും ഇറങ്ങിയത്. അവർ ഞങ്ങൾക്ക് രേഖാമൂലം പരാതി ഞങ്ങൾക്ക് നൽകിയതുമില്ല ഞങ്ങൾ നിയമ നടപടിക്കൊരുങ്ങിയപ്പോൾ ഇവർ അതിന് തടസം നിൽക്കുകയുമാണുണ്ടായത്. പിന്നീട് ഇങ്ങനെയൊരു സാഹചര്യം വന്നപ്പൊ നേരത്തെ എഴുതി തയ്യാറാക്കിയ പരാതിയുമായി തിങ്കളാഴ്ച തന്നെ ഞങ്ങൾ പൊലീസിനു സമർപ്പിച്ചു.

തിങ്കളാഴ്ച ആയപ്പേഴേക്ക് സംഭവം നടന്ന് 11 ദിവസം കഴിഞ്ഞിരുന്നു. ഞങ്ങൾ പരാതി നൽകിയ ദിവസം തന്നെ കുട്ടിയുടെ വീട്ടുകാരും പരാതി നൽകിയിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഇവിടെ പൊലീസ് മഫ്തിയിലെത്തി അഗഥി മന്ദിരത്തിലെത്തി കുറച്ച് കുട്ടികളെ മാത്രം ഫോക്കസ് ചെയ്ത് സംസാരിച്ച ശേഷം ഫോട്ടോയും എടുത്ത് അവർ തിരിച്ചു പോയി. പിന്നീട് ചൊവ്വാഴ്ച രാവിലെ പതിവ് പോലെ ക്ലാസ് നടന്നു. ഈ സമയത്ത് രാവിലെ ഗെയ്റ്റിനു സമീപം ഏതാനും ആളുകൾ പുറത്ത് സമരം ചെയ്യുന്നുണ്ടായിരുന്നു. ഇവരെല്ലാം തന്നെ ലീഗുകാരും എസ്‌കെഎസ്എസ്എഫുകാരുമാണ്. ഇതിൽ എല്ലാ ലീഗുകാരും ഉണ്ടായിരുന്നില്ല. അതിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഈ പറയപ്പെട്ട ആളുകളായിരുന്നു. അന്നു തന്നെ ഉച്ചയോടെ നാദാപുരം സി.ഐ സുരേഷ്‌കുമാറും സംഘവും ഇവിടെയെത്തി. മൂന്ന് മതപഠന വിദ്യാർത്ഥികളെയും പാചകക്കാരെയും സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു. ഇതനുസരിച്ച് വൈകീട്ട് ആറു പേരെയും ഞങ്ങൾ സ്റ്റേഷനിലേക്ക് വിട്ടു. അന്ന് രാത്രിയോടെ തന്നെ പാചകക്കാരെ വിട്ടയച്ചു. രാത്രിയായിട്ടും കുട്ടികൾ തിരിച്ചെത്തുന്നില്ല അപ്പോൾ ഞങ്ങൾ സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ കുറച്ചു കൂടി ചോദ്യം ചെയ്യാനുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഭയാനകമായ ഒരു സംഭവമാണ് ഞങ്ങൾ കാണുന്നത്. ഈ മൂന്ന് വിദ്യാർത്ഥികളുടെയും ഫോട്ടോ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് സിഐ ഓഫീസിൽ നിന്നുള്ളതാണെന്ന് ഉറപ്പാണ് അവിടത്തെ പശ്ചാത്തലമാണെന്ന് വ്യക്തമാണ്. പൊലീസുകാർ കൈമാറാതെ ഈ ഫോട്ടോ എങ്ങിനെയാണ് പുറത്ത് പ്രചരിച്ചത്? ഇതിലെ രണ്ടു പേരുടെ അറസ്റ്റ് അടുത്ത ശനിയാഴ്ചയാണ് രേഖപ്പെടുത്തിയത്. പിന്നെ എങ്ങിനെയാണ് ഈ മൂന്ന് പേരും പ്രതികളാണെന്ന് പ്രചരിക്കുന്നത്.

ഇതിൽ വെറുതെ വിട്ട തിരുവനന്തപുരം സ്വദേശി ഫിറോസിനെ ഇത് മാനസികമായി പിടികൂടിയിട്ടുണ്ട്. ഫോട്ടോയുടെ പേരിൽ ക്ലാസിൽ പോലും പോകാൻ പറ്റുന്നില്ല. കല്ലാച്ചി കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് ഫിറോസ്. ഇവരെ സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ വെള്ള വസ്ത്രം ധരിക്കാൻ വേണ്ടി പ്രത്യേകം പറഞ്ഞിരുന്നു. ആ ഫോട്ടായാണ് ചൊവ്വാഴ്ച പ്രചരിപ്പിച്ചിരുന്നത്. ഇതിന്റെ പിന്നിൽ ഞങ്ങളുടെ സ്ഥാപനത്തെയും പ്രസ്ഥാനത്തെയും തകർക്കുകയെന്ന സക്ഷ്യമാണുള്ളത്. മാത്രമല്ല പ്രതികളെ തിരിച്ചറിയാൻ ഇരയായ കുട്ടിയെ കൊണ്ടു വന്നപ്പോൾ കുട്ടിൽ ഇതിൽ പാന്റ്‌സ് ധരിച്ചവരെയാണ് സൂക്ഷിച്ച് നോക്കിയിരുന്നത്. മാത്രമല്ല എല്ലാവരെയും കുട്ടി തൊട്ടിരുന്നെന്നും വെറുതെ വിട്ടവർ തന്നെ പറയുന്നു. എന്താണ് ഇതിനെല്ലാം അർത്ഥം. കുട്ടിയെ വ്യക്തമായി പറഞ്ഞ് പഠിപ്പിച്ചു എന്നതാണ്. ഈ ഒരു നാടകത്തിൽ പൊലീസിന് വലിയ പങ്കുണ്ട് ഇതിന് തിരക്കഥ തയ്യാറാക്കിയവർ ആരെന്നും വ്യക്തമാണ്. കുട്ടി ആദ്യം തൊട്ട് ഒന്നാം പ്രതിയായി ചൂണ്ടിക്കാട്ടിയത് ഈ ഫിറോസിനെയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ഫിറോസ് ഈ ദിവസം സംഭവം നടക്കുന്ന സമയം നാല് കിലോ മീറ്റർ അകലെയാണെന്ന് തെളിയുന്നത്. ഈ കാരണത്താലാണ് ഒന്നാം പ്രതിയായി ചൂണ്ടിക്കാണിച്ച ആളെ വെറുതെ വിടുന്നത്. മാത്രമല്ല ഈ കുട്ടി തിരിച്ചറിഞ്ഞു എന്നുള്ളത് മാത്രമാണ് ഇതിലെ തെളിവ് എന്ന് പറയുന്നത്.

വ്യാഴാഴ്‌ച്ചയായിരുന്നു ബസ് ക്ലീനർ മുനീറിനെ ഇവിടെ വന്ന് പൊലീസുകാർ കൂട്ടികൊണ്ടുപോകുന്നത്. വളരെ സൗഹാർദപരമായിട്ടായിരുന്നു അന്ന് ഇവിടത്തെ ബസ് ജീവനക്കാരനായ കണ്ണൂർ സ്വദേശി മുനീറിനെ കൊണ്ടുപോകുന്നത്. വ്യാഴാഴ്‌ച്ച രാത്രി മുനീറടക്കമുള്ള ഞങ്ങളുടെ സ്ഥാപനത്തിലെ നാലു പേർക്കും ഭക്ഷണവുമായി ഞങ്ങൾ പോയി. അന്ന് ഡി.വൈ.എസ്‌പി ഞങ്ങളോട് പറഞ്ഞിരുന്നത് ഈ കുട്ടികളെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് മനസാക്ഷിക്കുത്തുണ്ട് ഈ കുട്ടികൾ നിരപരാധികളാണെന്ന്. കുട്ടികൾ തന്നെ പൊലീസിനോട് ചോദിച്ചിരുന്നു ഞങ്ങൾക്ക് നാളെ പോകാൻ പറ്റുമോ എന്ന്, അപ്പോഴും പൊലീസ് പറഞ്ഞിരുന്നത് പ്രതി നിങ്ങളല്ല കണ്ണൂര്കാരൻ മുനീറാണെന്നാണ് നിങ്ങൾക്ക് നാളെ പോകാമെന്നും പറഞ്ഞതായി സന്തോഷത്തിൽ തന്നെ കുട്ടികൾ ഞങ്ങളോട് പറഞ്ഞിരുന്നു. മുനീർ പ്രതിയാണെന്ന വാർത്ത ചാനലിലൂടെ പ്രചരിച്ചപ്പോൾ നിരവധി ആളുകൾ സി.ഐ ഓഫിസിലേക്കെത്തി. ഇതിൽ മുസ്ലിംലീഗന്റെയും ബിജെപിയുടെയും സിപിഎമ്മിന്റെയും ആളുകൾ ഉണ്ടായിരുന്നു. എംഎ‍ൽഎമാരായ ലതികയും, വിജയനും ഉണ്ടായിരുന്നു. രാത്രിയോടെ മുനീർ കുറ്റം സമ്മതിച്ചെന്നായിരുന്നു അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഞങ്ങൾക്ക് ഇവർക്കെതിരായി വേർതിരിവില്ല. എൽകെജി കുട്ടിയും മുനീറും അനാഥകുട്ടികളും ഞങ്ങൾക്ക് ഒരുപോലെയാണ് അവരെല്ലാം ഞങ്ങളുടെ സ്ഥാപനത്തിലുള്ളവരാണ്.

മനോരമ അടക്കമുള്ള പത്രങ്ങളിൽ വെള്ളിയാഴ്ച രാവിലെ തന്നെ ഈ കുട്ടികളെ അറസ്റ്റ് ചെയ്‌തെന്നാണ്. വെള്ളിയാഴ്ചത്തെ ജനക്കൂട്ടമെല്ലാം അടങ്ങിയ ശേഷം നിങ്ങളെ വിട്ടയക്കാം എന്ന് പറഞ്ഞ പൊലീസിന് മാറ്റം സംഭവിക്കുന്നത് ഒരു രാത്രി കൊണ്ടാണ്. ആൾകൂട്ടവും സമരവും ഉണ്ടായാൽ എങ്ങിനെയാണ് പ്രതി പ്രതിയല്ലാതാകുന്നതും നിരപരാധികൾ പ്രതിയാകുന്നതും എന്നാണ് ഞങ്ങൾക്ക് ചോദിക്കാനുള്ളത്. വ്യാഴാഴ്‌ച്ച രാത്രി പൊലീസുകാർ സമരക്കാരുമായി സംസാരിച്ചിരുന്നു. അപ്പോഴും പൊലീസ് പറഞ്ഞത് യഥാർത്ഥ പ്രതിയെ സംരക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്, ഇതിന്റെ ദോശം നിരപരാധികൾക്കാണെന്നും പറഞ്ഞിരുന്നു. ഒരു വെടി വെയ്‌പ്പിന്റെ സാഹചര്യമുണ്ടായപ്പോഴാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നും അറിയുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുനീറിനെ വിടുകയും ചെയ്തു.

വെള്ളിയാഴ്ച ഇതിനു പുറമെ തിരിച്ചറിയൽ പരേഡിനായി പത്തു കുട്ടികളെ കൊണ്ടു പോയിരുന്നു. ആ കുട്ടികളും പറയുന്നത് ഇവരെയെല്ലാം കുട്ടി തൊട്ടു എന്നായിരുന്നു. ഇപ്പോൾ നിരപരാധികളായ രണ്ടുപേരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു എന്നത് കെട്ടിച്ചമച്ചത് മാത്രമാണ്. വിശദമായൊരു അന്വേഷണം നടന്നാൽ ഇത് കണ്ടെത്തുമെന്നതിൽ സംശയമില്ല. ഇപ്പോൾ കുട്ടിയുടെ പിതാവിനെ സ്വാധീനിച്ചെന്നൊക്കെ അയാൾ ചാനലിൽ പറയുന്നുണ്ട്. ഇപ്പോൾ ചാനലിൽ സംസാരിക്കുക എന്നത് അയാളുടെ ഹരമായി മാറിയിട്ടുണ്ട്. കുട്ടിയുടെ ഭാവിയോ മറ്റൊ ഒന്നും ഇവർ നോക്കുന്നില്ല. പുനരന്വേഷണം നടത്തിയാൽ കേസിന്റെ യാഥാർത്ഥ്യം അറിയാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ റിമാൻഡ് ചെയ്ത ഷംസു എന്ന വിദ്യാർത്ഥി അനാഥനാണ് വാടക വീട്ടിലാണ് കുടംബത്തിന്റെ താമസം.

ഈ കോമ്പൗണ്ടിൽ രണ്ട് സ്ഥാപനങ്ങളാണുള്ളത് ഒന്ന് സി.ബി.എസ്.ഇ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. മറ്റൊന്ന് ഓർഫനേജ് കൺട്രൂൾ ബോർഡിനു കീഴിലുള്ള അനാഥ അഗഥി മന്ദിരമാണ്. ഇവിടെ 1220 കുട്ടികൾ പത്താം ക്ലാസ് വരെയായി പഠിക്കുന്നുണ്ട്. വർഷങ്ങളായി നൂറ് ശതമാനം വിജയത്തോയെയാണ് ഇവിടെനിന്നും കുട്ടികൾ പത്താം തരം കഴിഞ്ഞു പോകുന്നത്. ഈ സ്ഥാപനത്തിലെ നാലര വയസുള്ള കുട്ടിക്ക് ഇങ്ങനെ സംഭവിച്ചു അത് ഞങ്ങളുടെയും പ്രശ്‌നമാണ്. ഇതനുസരിച്ച് പൊലീസ് ആവശ്യപ്പെട്ടവരെയെല്ലാം ഞങ്ങൾ വിട്ടുകൊടുത്തു. അതിൽ ഞങ്ങൾക്ക് പരാതിയില്ല, ഇവിടെ പൊലീസ് തന്നെ ഇവർ നിരപരാധികളാണെന്നും പത്രമാദ്ധ്യാമങ്ങളിൽ നിരപരാധികളായി വാർത്ത വരികയും ചെയ്തു. പൊലീസിന്റെ ചിത്രത്തിലെ ഏറ്റവും കളങ്കത നിറഞ്ഞ അദ്ധ്യായമായിപ്പോകും ഈ കുട്ടികളെ അറസ്റ്റ് ചെയ്താലെന്ന് പറയുകയും ചെയ്ത പൊലീസ് അടുത്ത ദിവസം അവരെ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇതുമൂലം ഞങ്ങൾക്ക് രണ്ടു വേദനയാണ് ഒന്ന് എൽ.കെ.ജി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടതും ഇത്തരത്തിലുള്ള പ്രയാസം കുട്ടിക്ക് നേരിട്ടതിൽ അങ്ങേയറ്റം വിഷമം തന്നെയാണ് അതുപോലെ തന്നെ ഞങ്ങളുടെ അഗഥി മന്ദിരത്തിൽ നിന്നുള്ള നിരപരാധികളായ കുട്ടികളെ സംരക്ഷിക്കേണ്ട ബാധ്യതയും ഞങ്ങൾക്കുണ്ട്. ഞങ്ങൾ അന്വേഷണത്തെ പേടിക്കുന്നു എങ്കിൽ കുട്ടികളെ വിട്ടുകൊടുക്കുമായിരുന്നോ.. ഞങ്ങൾ ഒരു രക്ഷിതാവിനെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. രക്ഷിതാക്കൾ തന്നെ ഈ വിഷയം അറിയുന്നത് 9 ദിവസം കഴിഞ്ഞാണ്.

ആ പ്രദേശത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ സ്ഥാപനം. പക്ഷെ ഇപ്പോൾ നന്മയുടെ വളർച്ചയിൽ അസൂയയുള്ള ചിലരാണ് ഞങ്ങൽക്കെതിരിൽ തിരിയുന്നത്. ഞങ്ങൽ മൂല്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരും നലകൊള്ളുന്നവരുമാണ്. നിരപരാധികളുടെ വിഷയത്തിൽ മാദ്ധ്യമങ്ങൾ കണ്ണുതുറക്കണമെന്ന് മാത്രമെ ഞങ്ങൽക്ക് പറയാനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP