Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാംഗ്ലൂർ സ്‌ഫോടന കേസിൽ മദനിയെ കുടുക്കിയത് മനപ്പൂർവം; ഒന്നുകിൽ മദനി, അല്ലെങ്കിൽ അയാളുടെ ഭാര്യയായിരുന്നു ലക്ഷ്യം; പ്രതിയാക്കപ്പെട്ടത് കേരളത്തിലെ ബിജെപിക്കാരുടെ ആവശ്യപ്രകാരം; കർണാടക പൊലീസ് തെളിവുകളെല്ലാം കെട്ടിച്ചമച്ചു: മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവു നേടിക്കൊടുത്ത അഡ്വ. ടോമി സെബാസ്റ്റ്യൻ മറുനാടനോട്

ബാംഗ്ലൂർ സ്‌ഫോടന കേസിൽ മദനിയെ കുടുക്കിയത് മനപ്പൂർവം; ഒന്നുകിൽ മദനി, അല്ലെങ്കിൽ അയാളുടെ ഭാര്യയായിരുന്നു ലക്ഷ്യം; പ്രതിയാക്കപ്പെട്ടത് കേരളത്തിലെ ബിജെപിക്കാരുടെ ആവശ്യപ്രകാരം; കർണാടക പൊലീസ് തെളിവുകളെല്ലാം കെട്ടിച്ചമച്ചു: മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവു നേടിക്കൊടുത്ത അഡ്വ. ടോമി സെബാസ്റ്റ്യൻ മറുനാടനോട്

ബാംഗ്ലൂർ: ബെംഗളുരു സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട് വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് പെരുന്നാൽ ദിനത്തിൽ കേരളത്തിലെത്താനും ആഘോഷിക്കാനും സാധിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നും ഉപാധികളോട് ജാമ്യം ലഭിച്ചതോടെയാണ് മദനിക്ക് കേരളത്തിലെത്താൻ സാധിച്ചത്. അദ്ദേഹത്തിന് കേരളത്തിലെത്താൻ സാധിച്ചത് സീനിയർ അഭിഭാഷകൻ അഡ്വ.ടോമി സെബാസ്റ്റ്യന്റെ മിടുക്കു കൊണ്ടു കൂടിയാണ്. വർഷങ്ങളായി വിചാരണാ തടവുകാരനായി കഴിയുന്ന അബ്ദുൾ നാസർ മദനിക്ക് താൽക്കാലികമായെങ്കിലും ആശ്വാസമായത് ടോമി സെബാസ്റ്റ്യന്റെ ഇടപെടലാണ്. രാജ്യദ്രോഹം എന്ന കുറ്റം ചുമത്തപ്പെട്ട സങ്കീർണ്ണമായ കേസാണ് ബാംഗ്ലൂർ സ്‌ഫോടന കേസ്.

തന്റെ രോഗാവസ്ഥയിലിരിക്കുന്ന മാതാപിതാക്കളെ കാണാൻ കേരളത്തിലേയ്ക്ക് യാത്ര ചെയ്യുവാൻ സുപ്രീംകോടതി വിധി അനുകൂലമായിട്ടും മദനക്ക് ബെംഗളുരു വിമാനത്താവളത്തിൽ യാത്രാതടസം നേരിട്ടു. ഇൻഡിഗോ എയർവേസ് അധികൃതരാണ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് താൽക്കാലിക വിഘാതം സൃഷ്ടിച്ചത്. ഏറെ ദുർഘമായ കേസിൽ മദനിക്ക് എങ്ങനെയാണ് ജാമ്യം ലഭിച്ചത്? ഗാഢമായ പഠനങ്ങൾ ആവശ്യമായിരുന്നു ഈ കേസിന് വേണ്ടിയെന്നാണ് അഡ്വ. ടോമി സെബാസ്റ്റ്യൻ വ്യക്തമാക്കുന്നത്. വെല്ലുവിളികളും ഭീഷണികളും ഏറ്റുവാങ്ങിയേക്കാവുന്ന പ്രമാദമായ ഈ കേസിൽ മദനിയുടെ അഭിഭാഷകൻ എന്ന നിലയിൽ സീനിയർ അഡ്വ.ടോമി സെബാസ്റ്റ്യന് പറയാനുള്ള വ്യക്തമാക്കുന്നു. മദനിയുടെ അഭിഭാഷകനുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്.

  • കർണ്ണാടകയിലെ ക്രിമിനൽ അഭിഭാഷകനായി പേരെടുത്ത കേരളീയനായ താങ്കൾ എങ്ങനെയാണ് മദനിയുടെ കേസ് ഏറ്റെടുക്കുന്നത്?

1998-ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒൻപതു വർഷം വിചാരണത്തടവുകാരനായി ജാമ്യത്തിന് അർഹത പോലും ലഭിക്കാതെ ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് അബ്ദുൾ നാസർ മദനി. ഏറെ വൈകിയാണ് അദ്ദേഹത്തെ കോടതി മോചിപ്പിച്ചത്. മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്ലാമിക് സേവക് സംഘ് മദനി രൂപവത്കരിച്ചു. 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നു കേന്ദ്രസർക്കാർ ഇസ്ലാമിക് സേവക് സംഘ് നിരോധിച്ചു. 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് മദനി രൂപംനൽകി. 'അവർണ്ണന് അധികാരം പീഡിതർക്ക് മോചനം എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം. പിഡിപി യുടെ വളർച്ച മുസ്ലിം ലീഗിനു ഭീഷണിയായി.

അതുപോലെ തന്നെ അദ്ദേഹം ഒരു അനാഥശ്രമം സ്ഥാപിക്കുകയും ഗവൺമെന്റിന്റെ ധനസഹായമൊന്നും സ്വീകരിക്കാതെ ഒരു അനാഥാലയം ആരംഭിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ ഇപ്പോഴും അദ്ദേഹം തുടരുന്നു. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിന് തന്റെ കാൽ നഷ്ടപ്പെട്ടു. പിന്നീട് കൃത്രിമ മരക്കാലുകൾ ഘടിപ്പിച്ചാണ് അദ്ദേഹം ജീവിക്കുന്നത്. ഇങ്ങനെ ജീവിതത്തിൽ നിരവധി ദുരിതങ്ങൾ അനുഭവിച്ച വ്യക്തിയെന്ന നിലയിലാണ് ഞാൻ മദനിയുടെ കേസ് ഏറ്റെടുക്കുന്നത്.

  • ഏത് സാഹചര്യത്തിലായിരുന്നു ബംഗളൂരു സ്‌ഫോടനക്കേസിൽ മദനിയെ പ്രതിചേർക്കുന്നത്? മദനിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടോ?

ഈ കേസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യക്കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുറച്ചുകാലം കസ്റ്റഡിയിൽ വെക്കുകയുമുണ്ടാിയ. അയാൾക്കെതിരെ പ്രത്യേക പൊലീസ് ടീം ജിതേന്ദ്ര എന്ന ഓഫീസറുടെ നേതൃത്വത്തിൽ നിരവധി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇതേ സമയം കാശ്മീരിൽ അഞ്ചു കേരളക്കാർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവം ഉണ്ടായി. കേരളത്തിലും ബാംഗ്ലൂരിലും കേസുകളിൽ പ്രതികളായിരുന്നു ഇവർ. ബംഗളൂരു സ്‌ഫോടന കേസിൽ പടിപടിയായി പ്രതികളെ ചേർത്തുകൊണ്ടേയിരന്നു. ആദ്യത്തെ അഞ്ചു പ്രതികൾക്കെതിരെ കുറച്ചു തെളിവുകൾ ഉണ്ട്. ഈ തെളിവുകൾ ശക്തമാക്കാൻ പൊലീസുകാർ നിരവധി കൃത്രിമ തെളിവുകൾ സൃഷ്ടിക്കുകയാണ് ഉണ്ടായത്. ഇത് പോലെ നിരവധി നിരപരാധികൾ പ്രതി ചേർക്കപ്പെട്ടു.

  • കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനായ ശേഷമാണ് മദനിയും കേസിൽ അകപ്പെട്ടത്. ഇതെങ്ങനെയുണ്ടായി?

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ നിന്നും കുറ്റവിമുക്തനായി പുറത്തുവന്ന മദനി തന്റെ പാർട്ടി ശാക്തീകരിക്കുന്നതിൽ വ്യാപൃതനായിരുന്നു. മുസ്ലിംലീഗായിരുന്നു മദനിയുടെ നേർശത്രു. എന്നാൽ, ബിജെപി ഈ മുസ്ലിംസംഘടനയെ ഇഷ്ടപ്പെട്ടിരുന്നില്ല. മദനിയെ അവർ വെറുത്തു. അയാളുടെ വളർച്ചയിൽ ഇഷ്ടമില്ലാതിരുന്ന കേരളത്തിലെ ബിജെപി വിഭാഗം അന്ന് കർണാടകം ഭരിച്ച ബിജെപി സർക്കാറിന്റെ സഹായത്തോടെ മദനിയെ കേസിൽ കുടുക്കുകയായിരുന്നു.

  • സ്ഫോടനത്തിൽ മദനിക്ക് ബന്ധമുള്ളതായി തെളിവുകൾ പൊലീസിനു ഹാജരാക്കാനായില്ല എന്ന് ഹൈക്കോടതി വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മദനിയ്‌ക്കെതിരെ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് തെളിവുകളാണോ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കുന്നത്?

മദനിയുടെ ഭാര്യയുടെ പേരിലുള്ള ഫോണിൽ മറ്റാരുടെയോ ഫോണിൽ നിന്ന് മദനിയോട് സംസാരിക്കാനായി നസീർ വിളിച്ചു എന്നതാണ് ഒരു തെളിവ്. ഇത് അഭ്യൂഹം മാത്രമാണ്. ഇതിനെ തെളിവായി കണക്കാക്കാൻ കഴിയുകയില്ല. ഇപ്പറഞ്ഞ മൊബൈലിന്റെ ഉടമകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അയാൾ സാക്ഷിയുമല്ല. സർഫറാൻ പ്രോവൈഡർ നൽകുന്ന ഫോൺവിളിയുടെ വിശദാംശങ്ങളും മേൽവിലാസവും കൊണ്ട് നസീർ തന്നെയാണ് മദനിയോട് സംസാരിച്ചത് എന്ന് പറയുന്നത് യുക്തിയല്ല.

മറ്റൊരു തെളിവായി പറയുന്നത് മദനിയുടെ ഭാര്യയുടെ പേരിൽ എറണാകുളത്തുള്ള വാടകവീട്ടിൽ വാടക വാങ്ങാൻ വന്ന വീടുടമയുടെ സഹോദരൻ മദനിയുടെ 'സ്‌ഫോടന ചർച്ചകൾ' മറഞ്ഞു നിന്ന് കേട്ടു എന്നതാണ്. എന്നാൽ വീടുടമയുടെ സഹോദരൻ മാദ്ധ്യമങ്ങളോടും കോടതിയോടും ഇത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ മാസവും യുകെയിലുള്ള വീടുടമയായ സ്ത്രീയ്ക്ക് ബാങ്ക് അക്കൗണ്ടിൽ വാടക നിക്ഷേപിക്കുകയാണ് ചെയ്തിരുന്നതെന്നാണ് അയാൾ വ്യക്തമാക്കിയത്.

ഒറ്റക്കാൽ മാത്രം സ്വാധീനമുള്ള മദനി സോമർപേട്ടിലുള്ള നസീറിന്റെ ഇഞ്ചികൃഷി സ്ഥലത്തിന് സമീപമുള്ള ഒറ്റമുറിയിൽ ഒരു സ്‌കോർപ്പിയോ കാറിൽ പോയി ഇറങ്ങുന്നത് ഒരാൾ കണ്ടുവെന്നുള്ളത് മറ്റൊരു തെളിവ്. ഇങ്ങനെ മൊഴി നൽകിയ ആ സാക്ഷി പ്രസ്തുത സ്ഥലവാസിയും അല്ല. സാക്ഷിമൊഴി കൊടുത്തത് നസീർ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷമാണ്. ബി കാറ്റഗറി സുരക്ഷയുള്ള മദനി എവിടെപ്പോയാലും പൊലീസ് കൂടെപ്പോകണം എന്നാണ് നിയമം. ബി കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ട മദനി എങ്ങനെയാണു പൊലീസിന്റെ സാന്നിധ്യമില്ലാതെ ദൂരെയുള്ള സ്ഥലത്ത് നസീറിനെ കാണാൻ പോയത്?

ഇത്രയും ജനപിന്തുണയുള്ള മദനിക്ക് നസീറിനെ സ്വന്തം സ്ഥലത്ത് വരുത്തി സംസാരിക്കുന്നതിനു പകരം അയാളുടെ ശാരീരിക ബലഹീനതകൾ കണക്കിലെടുക്കാതെ സോമാർപേട്ടിൽ പോയി നസീറിനെ കണ്ടു എന്നത് കെട്ടിച്ചമച്ച കഥയാണ്. ഇത് ഒരു ക്രിമിനൽ അഭിഭാഷകനായ എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. നസീർ മദനിയെ ക്കാണാൻ പോയി എന്നതായിരുന്നെങ്കിൽ അസ്വഭാവികത ഉണ്ടാകുമായിരുന്നില്ല. ഇവർ തമ്മിൽ ഫോൺവിളികൾ ഉണ്ടെന്നു പറയപ്പെടുമ്പോൾ ഇവയൊക്കെ ഫോണിൽക്കൂടെ പറയാനുള്ളതല്ലേ ഉണ്ടായിരുന്നുള്ളൂ?

  • മുകളിൽ പറയുന്ന തെളിവുകൾ അനേകം പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂർ കേസിലെ കുറ്റാരോപിതനെ എങ്ങനെ ബാധിക്കും?

കോയമ്പത്തൂർ കേസിന്റെ സമയത്ത് മദനി ചെറുപ്പക്കാരനായിരുന്നു. അയാൾ അദ്വാനിയെ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് ആരോപണം. അതിന്റെ പ്രതിഫലനമാണ് ജാമ്യം പോലും നിഷേധിച്ചു മദനിയുടെ പേരിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. മതിയായ തെളിവുകൾ ഇല്ലായിരുന്നതുകൊണ്ട് അയാൾ കുറ്റവിമുക്തനായി. എന്നാൽ ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ മദനിയെ മനപ്പൂർവ്വം കുടുക്കിയതാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഒന്നുകിൽ മദനി അല്ലെങ്കിൽ അയാളുടെ ഭാര്യ. രണ്ടിലൊരാളെ ഈ കേസിൽ ഉൾപ്പെടുത്തുമായിരുന്നു. അനേകം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് ഈയവസരത്തിൽ എടുത്തു പറയുകയാണ്.

  • അഭിഭാഷകനെന്ന നിലയിൽ ഏറ്റെടുത്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ട കേസ് ഏതായിരുന്നു? അഭിഭാഷകൻ എന്ന രീതിയിലുള്ള അനുഭവങ്ങൾ എന്തെല്ലാമായിരുന്നു?

പൈസയ്ക്ക് വേണ്ടിയോ പ്രശസ്തിക്കു വേണ്ടിയോ കേസ് ഏറ്റെടുക്കുന്ന സ്വഭാവമില്ലെനിക്ക്. ഒരു കക്ഷിക്ക് പോലും എൻഒസി കൊടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എന്തെങ്കിലും നീതി തോന്നുന്ന കുറ്റാരോപിതർക്ക് വേണ്ടി മാത്രമേ ഞാൻ വാദിക്കാറുള്ളൂ. കോടതിയിൽ കേസുകളുടെ തെളിവുകളെ പരിശോധന നടത്തുന്നത് മാത്രമാണ് ഞങ്ങൾ അഭിഭാഷകർ ചെയ്യുന്നത്. വിധി നിർണ്ണയിക്കാനുള്ള പരമാധികാരം ബഹുമാനപ്പെട്ട കോടതിക്ക് മാത്രമാണ്. ശേഷാദ്രിപുരത്ത് ഗണേശ ലോഡ്ജിൽ ഒരു പെൺകുട്ടി സംശയാസ്പദമായ രീതിയിൽ മരിച്ച കേസാണ് വെല്ലുവിളിയായി തോന്നിയത്. പ്രൊഫഷണൽ എത്തിക്‌സ് കൃത്യമായി പാലിക്കുന്നയാലാണ് ഞാൻ.

  • പബ്ലിസിറ്റി അല്ലെങ്കിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ താല്പര്യം കാണിക്കാത്ത വ്യക്തിയാണ് താങ്കൾ. എന്തുകൊണ്ടാണ് ആൾക്കൂട്ടത്തിൽ നിന്നും വ്യത്യസ്ഥനായിരിക്കാൻ ഇഷ്ടപ്പെടുന്നത്?

കൃത്രിമ പ്രശസ്തി ഞാനിഷ്ടപ്പെടുന്നില്ല. പ്രമാദമായ മറ്റൊരു കേസായിരുന്നു മുത്തപ്പറായിയുടെത്. മുത്തപ്പറായിക്ക് വേണ്ടി ഹാജരായത് ഞാനായിരുന്നു. ആ കേസുകൾ വിജയിച്ചപ്പോൾ എല്ലാ മാദ്ധ്യമങ്ങളും എനിക്ക് വേണ്ടി കാത്തിരുന്നു. എന്നാൽ കേസിന്റെ വിജയം മറ്റാരൊക്കെയോ ആഘോഷിച്ചു. ഗോവർദ്ധന മൂർത്തിയുടെ മേലുള്ള കൊലപാതക്കേസ് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. മൗത്ത് പബ്ലിസിറ്റിയാണ് വേണ്ടത്. എന്റെ കക്ഷികളുടെ കേസിന്റെ വിജയം അവർ തന്നെ മറ്റൊരാളോട് പറയുമ്പോഴാണ് പ്രചാരം എന്ന വാക്കിന്റെ അർത്ഥം പൂർണ്ണം ആകുന്നത്.

  • താങ്കളുടെ വ്യക്തിജീവിതത്തെപ്പറ്റി?

കോട്ടയം ജില്ലയിലാണ് എന്റെ ജനനം. നിരക്ഷരരായ മാതാപിതാക്കളുടെ നാലുമക്കളിൽ ഒരാളാണ് ഞാൻ. എന്റെ പിതാവിന് കൊഴുവനാലിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. മാതാവ് പാലയിൽ കുമ്മന്നൂർ എന്ന സ്ഥലത്ത് മറ്റൊരു ബേക്കറിയും നടത്തിവന്നിരുന്നു. ഇടുക്കി ഡാമിൽ വെള്ളം കവിഞ്ഞോഴുകിയതോടെ അയ്യപ്പൻ കോവിലിലേക്ക് കുടിയേറിയ ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. കുമ്മന്നൂരിലേക്ക് തിരികെയെത്തിയ ഞങ്ങൾക്ക് മൂത്തസഹോദരന്റെ സഹായത്തോടെ ബംഗ്ലൂരിൽ എത്തി. എഞ്ചീനീയറിങ് പഠിക്കാനായിരുന്നു എനിക്കിഷ്ടം.

എന്റെ സഹോദരൻ വാങ്ങിയ ഒരു കാറിന്റെ ഉടമസ്ഥതയെപ്പറ്റി അന്വേഷിക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നു എന്നെ കൈയേറ്റം ചെയ്തു. തിരിച്ചു ആക്രമിച്ച എന്റെ വീട് അവർ പുറത്തു നിന്ന് പൂട്ടിയശേഷം എന്റെ വീട്ടിൽ വ്യാജനോട്ട് അച്ചടിക്കുന്നുവെന്നു പറഞ്ഞു എന്നെയും കുടുംബത്തെയും കള്ളക്കേസിൽ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തു. അന്ന് ഞാൻ ശപഥം ചെയ്തതാണ് ഈ ഇൻസ്‌പെക്ടറിനെ ഒരു പാഠം പഠിപ്പിക്കാൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആകണമെന്ന്. അതിനായി പഠിക്കുകയും ചെയ്തു. എന്നാൽ കുറെ നാളുകൾക്ക് ശേഷം എനിക്കുതോന്നി പ്രതികാരമല്ല വേണ്ടത്. ഇവരെയൊക്കെ നേരിടാൻ ഒരു അഭിഭാഷകൻ ആകുന്നതാണ് ഉചിതമെന്ന്. അതിനു വേണ്ടി പ്രയത്‌നിക്കുകയും വക്കീൽ പരീക്ഷ പാസ്സാകുകയും ചെയ്തു.

ഏതു വെല്ലുവിളികളെയും ഏറ്റെടുത്തു സധൈര്യം മുന്നോട്ടു പോകുന്ന ആരെയും കൂസാത്ത പ്രകൃതം തന്നെയാണ് ഇദ്ദേഹത്തെ ഒരു മികച്ച അഭിഭാഷകൻ ആക്കി തീർക്കുന്നത്. രണ്ടുവട്ടം രാഷ്ട്രപതിയുടെ മെഡൽ നേടിയ ബാബു നോരോണ എന്ന പൊലീസ് ഇൻസ്‌പെക്ടറെ അവാർഡു ലഭിക്കാനിടയായ ഏറ്റുമുട്ടൽ കേസിൽ കുറ്റക്കാരനായി കണ്ടതിനെ നിയമപരമായി നേരിട്ട് പരിഹരിച്ചു ഇൻസ്‌പെക്ടറുടെ സ്ഥാനക്കയറ്റം സംരക്ഷിച്ചതും ഇതേ ടോമി സെബാസ്റ്റ്യൻ തന്നെയാണ്.

ഇദ്ദേഹത്തെ കൂടാതെ മൂന്നു മക്കളും നിയമ ബിരുദധാരികളും കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുമാണ്. എട്ടുനാൾ സന്ദർശനം കഴിഞ്ഞു മ്അദനി ബാംഗ്ലൂരിലേയ്ക്ക് മടങ്ങിയെത്തും. മ്അദനിയുടെ കേസിന്റെ വിധി പറയുന്നത് കോടതിക്ക് വിടാം. അഡ്വ.ടോമി സെബാസ്റ്റ്യൻ പറയും പോലെ തെളിവുകൾ പരിശോധന ചെയ്യപ്പെടുന്ന കോടതിയിലാണ് ജനങ്ങളുടെ വിശ്വാസം. അഭിഭാഷകന്റെ ജീവിതമെന്നത് ഇത്തരം കേസുകൾക്കും അവരുടെ ധിഷണയ്ക്കുമിടയിൽ എപ്പോഴും സംവദിച്ചുകൊണ്ടേയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP