Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിപ്പിന് വിരാമമായി; എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന മെയ് നാല് മുതൽ; പൊതുമേഖലാ ഇൻഷുറൻസ് ഭീമന് മൂല്യം കണക്കാക്കിയിരിക്കുന്നത് ആറ് ലക്ഷം കോടി; യുദ്ധ പശ്ചാത്തലത്തിൽ വെട്ടിക്കുറച്ച ഐപിഒ 21,000 കോടിയുടേതും

കാത്തിരിപ്പിന് വിരാമമായി; എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പന മെയ് നാല് മുതൽ; പൊതുമേഖലാ ഇൻഷുറൻസ് ഭീമന് മൂല്യം കണക്കാക്കിയിരിക്കുന്നത് ആറ് ലക്ഷം കോടി; യുദ്ധ പശ്ചാത്തലത്തിൽ വെട്ടിക്കുറച്ച ഐപിഒ 21,000 കോടിയുടേതും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായി ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ പ്രാഥമിക ഓഹരി വിൽപ്പന അടുത്ത മാസം നടക്കും.ഐപിഒ മെയ്‌ 4ന് ആരംഭിച്ച് മെയ്‌ 9ന് ക്ലോസ് ചെയ്യുമെന്ന് റിപ്പോർട്ട്. 21,000 കോടി രൂപയുടേതാണ് ഐപിഒ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു. എൽഐസിയിൽ കേന്ദ്രസർക്കാരിനുള്ള 5 ശതമാനം ഓഹരി വിൽക്കാനുള്ള തീരുമാനം 3.5 ശതമാനമായാണ് കുറച്ചത്. എൽഐസിക്ക് 6 ലക്ഷം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

എൽഐസിയുടെ ഐപിഒ വലുപ്പം കുറയ്ക്കുന്നതായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 60,000 കോടി രൂപയുടെ ഇഷ്യൂ സൈസ് ആണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. വിപണിയിലെ നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്താണ് ഇഷ്യൂ സൈസ് കുറച്ചത്.
ഇഷ്യൂ സൈസ് കുറയുന്നത് ഓഹരി വില കുറച്ചേക്കാം എന്നതിനാൽ എൽഐസിയുടെ ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. പോളിസി ഉടമകൾക്കും എൽഐസി ജീവനക്കാർക്കും ഇളവുകളോടെ ഓഹരികൾ ലഭിക്കും. 29 കോടി പോളിസി ഉടമകളിൽ താൽപ്പര്യമുള്ളവർക്ക് ഐപിഒയിൽ പങ്കാളികളാകാം. ഡീമാറ്റ് അക്കൗണ്ട് ഇതിന് ആവശ്യമാണ്. ഇഷ്യുവിന്റെ 10 ശതമാനമാണ് പോളിസി ഉടമകൾക്കായി നീക്കിവച്ചിരിക്കുന്നത്. അഞ്ച് ശതമാനം ഓഹരികൾ എൽഐസി ജീവനക്കാർക്കായും നീക്കി വെച്ചിട്ടുണ്ട്.

ഈ രണ്ട് വിഭാഗങ്ങളിലെയും നിക്ഷേപകർക്ക് ഓഹരി വിലയിൽ ഇളവുകൾ ലഭിക്കും. 35 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിട്ടുണ്ട്, 50 ശതമാനം ഓഹരികൾ യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കും 15 ശതമാനം ഓഹരികൾ സ്ഥാപനേതര നിക്ഷേപകർക്കുമായി നീക്കി വെച്ചിട്ടുണ്ട്. വിദേശ സ്ഥാപന നിക്ഷേപകർക്കും ഓഹരി വിൽപ്പനയിൽ പങ്കെടുക്കാം.

1956ൽ അഞ്ച് കോടി മൂലധനത്തിൽ തുടങ്ങിയ എൽഐസിക്ക് നിലവിൽ 38 ലക്ഷം കോടിയുടെ ആസ്തിയുണ്ട്. കേന്ദ്രസർക്കാരിന്റെ പൊതുമുതൽ വിറ്റഴിക്കൽ നടപടിയുടെ ഭാഗമായാണ് എൽഐസിയും വിൽക്കുന്നത്. വിദേശനിക്ഷേപകരെ ആകർഷിക്കാൻ സർക്കാർ നീക്കം തുടങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോളിസി ഉടമകൾക്ക് അഞ്ചുമുതൽ പത്ത് ശതമാനംവരെ ഓഹരി സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഓഹരി എടുക്കണമെങ്കിൽ എൽഐസി പോളിസി പാൻകാർഡുമായി ബന്ധിപ്പിക്കണം. ഡീമാറ്റ് അക്കൗണ്ടും തുറക്കണം. എൽഐസി വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP